വയനാട്ടിൽ വീണ്ടും കടുവ ഭീതി, തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നു, തിന്നാനായി അടുത്ത ദിവസവും എത്തി

0

സുൽത്താൻ ബത്തേരിക്കടുത്ത് സിസിയിൽ തൊഴുത്തിൽ കയറി കിടാവിനെ പിടിച്ച കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. കൊന്നിട്ട ശേഷം വനത്തിലേക്ക് മറഞ്ഞ കടുവ അടുത്ത ദിവസം ഭക്ഷിക്കാനായി വീണ്ടും എത്തുകയായിരുന്നു.

ഇരയെ പിടിച്ച ശേഷം മാറി പോയി പിന്നീട് ഭക്ഷിക്കുന്നതാണ് കടുവയുടെ രീതി. ഇത് ലക്ഷ്യമാക്കി തൊഴുത്തിൽ കാമറ സ്ഥാപിച്ചു. രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞു

വനം വകുപ്പിന്‍റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ എത്തിയ കടുവ, കിടാവിന്‍റെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു മടങ്ങി. കടുവയുടെ പ്രായവും മറ്റു വിശദാംശങ്ങളും വനം വകുപ്പ് ശേഖരിച്ചുവരികയാണ്. 

ജനങ്ങൾക്കിടയിൽ പരക്കെ ഭീതി പരക്കുന്ന സാഹചര്യമാണ്.

ബിരുദ വിദ്യാർഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം

കോളേജ്/സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-’24 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

യോഗ്യത ഹയർ സെക്കൻഡറി/വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരാവണം. ഏതെങ്കിലും റഗുലർ ബിരുദ കോഴ്‌സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. നേരത്തെ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് 50 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ടെങ്കിൽ പുതുക്കാനും ഈ അവസരം ഉപയോഗിക്കാം.

കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമാ കോഴ്‌സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അർഹതയുണ്ടാവില്ല. റെഗുലർ കോഴ്സിന് പഠിക്കുന്നവരാവണം

പ്രായം 18-നും 25-നും മധ്യേ. നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in വഴി അപേക്ഷ സമർപ്പിക്കാം.

അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾ: www.collegiateedu.kerala.gov.inwww.dcescholarship.kerala.gov.in എന്നീ സംസ്ഥാന സർക്കാർ സൈറ്റുകളിലും ലഭ്യമാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന സ്കോളർഷിപ്പാണ്.

82000 അവസരം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 82,000 ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു. സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കും ബാക്കി 50% ആൺകുട്ടികൾക്കും നീക്കിവച്ചിരിക്കുന്നു.

ബിരുദത്തിന്റെ ആദ്യ മൂന്ന് വർഷത്തെ വാർഷിക സ്‌കോളർഷിപ്പ് തുക 10,000 രൂപ.
5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ കാര്യത്തിൽ (പ്രൊഫഷണൽ സ്റ്റഡീസ്), 4-ഉം 5-ഉം വർഷത്തെ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 20,000 രൂപ നൽകും.

സംഗീതകാരൻ റാഷിദ് ഖാൻ അത്യാസന്ന നിലയിൽ

0

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതകാരൻ റാഷിദ് ഖാൻ അത്യസന്ന നിലയിൽ. പ്രോസ്റ്ററേറ്റ് കാൻസറിന് ചികിത്സയിലായിരുന്ന ഉസ്താദ് ഖാൻ അമിത രക്ത സമ്മർദ്ദം മൂലം അത്യാസന്ന നിലയിലാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിൽ തുടരുകയാണ് ഇപ്പോൾ.

ചികിത്സയ്ക്ക് ഇടയിൽ സ്ട്രോക്ക് കൂടി വന്നതാണ് നിലവഷളാക്കിയത് എന്നാണ് റിപ്പോർട്ട്. 55 വയസാണ്. ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള ക്ലാസിക്കൽ സംഗീത പ്രതിഭയാണ്. രാംപൂർ സഹസ്വാൻ ഖരാന ഗായകിയിലെ പാട്ടുകാരനാണ്. ഈ ഖരാനയുടെ സ്ഥാപകനായ മെഹബൂബ് ഖാൻ്റെ മകൻ ഇനായത് ഹുസൈൻ ഖാൻ്റെ പേരമകനാണ്. രാംപൂർ-സഹസ്വാൻ ഗായകി ഗ്വാളിയോർ ഖരാനയുമായി ബന്ധപ്പെട്ട് ഭാവതലങ്ങൾക്ക് പ്രാധാന്യം നൽകി രൂപപ്പെട്ട് വന്നതാണ്. റാഷിദ് ഖാൻ്റെ ആലാപനത്തെ ഇത് ജനപ്രിയവുമാക്കി തീർത്തു.

ശുദ്ധ ക്ലാസിക്കൽ മുതൽ സിനിമ വരെ

ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മരുമകൻ കൂടിയായ റാഷിദ് ഖാൻ കുട്ടിക്കാലം മുതൽ അദ്ദേഹത്തിന്റെ കീഴിലാണ് സംഗീതം അഭ്യസിച്ചത്. 11 വയസു മുതൽ കച്ചേരി അവതരിപ്പിക്കുന്നു. ബംഗാളിയിൽ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ബോളിവിഡിൽ tore bina mohe chain nahi, ayoge jab tum തുടങ്ങിയ ഗാനങ്ങളിലൂടെയും ശ്രദ്ധേയനായി. മൈ നെയിം ഈസ് ഖാൻ, കാദംബരി, ജബ് വി മെറ്റ്, തുടങ്ങിയ ചിത്രങ്ങളിലെ ആലാനം ഇദ്ദേഹത്തെ ജനപ്രിയ ഗായകനുമാക്കി.

ഇദ്ദേഹത്തിൻ്റെ വിളംബിത കാലത്തിലുള്ള ഖയാൽ ആലാപന ശൈലി ആരാധകർക്ക് ഇടയിൽ പ്രശസ്തമാണ്. 1988 ൽ പ്രശസ്ത സംഗീതകാരൻ ഭീം സെൻ ജോഷി ഇദ്ദേഹത്തെ ഇന്ത്യൻ വായ്പാട്ട് സംഗീതത്തിലെ വാഗ്ദാനം എന്ന് വിശേഷിപ്പക്കയുണ്ടായി. വിളംബിത-മധ്യ കാലങ്ങളിൽ, ഗാംഭീര്യസ്വരത്തിൽ, സങ്കീർണമായ താളഘടനയോടെ അവതരിപ്പിയ്ക്കപ്പെടുന്ന കൃതികളാണ് ഇദ്ദേഹം പിന്തുടരുന്ന രാംപൂർ സഹസ്വാൻ ഖരാനയുടെ സവിശേഷതയായി വിവരിക്കപ്പെടുന്നത്.

 റാഷിദ് ഖാൻ്റെ രാഗവിസ്താരങ്ങളിൽ വൈകാരികതയുടെ പല തലങ്ങൾ ഉള്ളതായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ : “ചിലപ്പോൾ ആലാപനത്തിൽ ആയിരിയ്ക്കും വൈകാരികതയുടെ അതിസ്പർശം കടന്നു വരുന്നത്, ചിലപ്പോൾ ബന്ദിഷ് പാടുമ്പോൾ ആയിരിയ്ക്കും, ചിലപ്പോൾ കവിതയുടെ വരികൾക്ക് അർത്ഥം നൽകാനായിട്ടായിരിയ്ക്കാം”. ഈ വൈകാരിക ഘടകം ഹിന്ദുസ്ഥാനി സംഗീതത്തെ ജനങ്ങൾക്ക് ഇടയിലേക്ക് അടുപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവനയായി കരുതപ്പെടുന്നു.

1968 ൽ ഉത്തർ പ്രദേശിലെ ബദായൂൺ പ്രദേശത്താണ് ജനിച്ചത്. പശ്ചിമ ബംഗാളിലാണ് താമസം. 2006 ൽ പത്മശ്രീ ലഭിച്ചു. 15 വർഷങ്ങൾക്ക് ശേഷം 2022 ൽ പത്മഭൂഷൻ പുരസ്കാരവും സമ്മാനിച്ചു.

ഭാര്യ ജോയിറ്റ ബസു ഖാൻ, മക്കൾ സുഹ, ഷഹോണ, അർമാൻ. മുന്നു പേരും ഗായകരാണ്.

ചോദിച്ചത് അഛൻ്റെ സ്വത്തല്ലെന്ന് ഉദയനിധി സ്റ്റാലിൻ, പ്രളയ സഹായം നിഷേധിച്ചതിന് പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമനുമായി വാക് പോര്

പ്രളയദുരിതം നേരിടുന്ന തമിഴ്‌നാടിന് കേന്ദ്ര സഹായം നിഷേധിച്ചതിന് പിന്നാലെ ഡി.എം.കെ. നേതാവും സംസ്ഥാന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പരസ്പരം അഛനെ വിളിച്ച് പോര്.

പ്രളയത്തെ തുടർന്നുണ്ടായ ദുരിതങ്ങൾക്ക് കേന്ദ്രസഹായം ചോദിച്ച തമിഴ്‌നാടിനെ അധിക്ഷേപിക്കുന്ന വാക്കുകളിലാണ് തുടക്ക. കേന്ദ്രം എ.ടി.എം. അല്ലെന്നാണ് നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കിയത്. കേന്ദ്രമന്ത്രിയുടെ അച്ഛന്റെ സ്വത്തില്‍നിന്നല്ല പണം ചോദിച്ചതെന്ന് ഉദയനിധി കടുത്ത മറുപടി നൽകി. ജനങ്ങളടച്ച നികുതിയില്‍നിന്ന് അര്‍ഹിക്കുന്ന വിഹിതമാണ് ചോദിച്ചതെന്ന് വിശദീകരിച്ചു.

മറുപടിയില്‍ ഉദയനിധിയുടെ ഭാഷയെ വിമര്‍ശിച്ച നിര്‍മലാ സീതാരാമന്‍, ഇങ്ങനെ സംസാരിക്കുന്നവര്‍ ഇന്നിരിക്കുന്ന സ്ഥാനത്ത് എത്തിയത് അവരുടെ അച്ഛന്റെ സ്വത്തുകൊണ്ടാണെന്ന് പറയാമോ എന്ന് തിരിച്ച് ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഒരു ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സാഹിത്യത്തിലെ സംഭാവനകളുടെ പേരില്‍ അറിയപ്പെട്ട ഒരാളുടെ കൊച്ചുമകനാണ് ഇങ്ങനെ സംസാരിക്കുന്നത്. എന്ന് മുത്തഛനെ ഓർമ്മപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തില്‍ അച്ഛന്റെ സ്വത്തുക്കളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് അദ്ദേഹം മനസിലാക്കണമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

മറുപടി രാഷ്ട്രീയമായാണ് ഉദയനിധി പിന്നീട് വിശദീകരിച്ചത്. ചില ആളുകളോട് പെരിയാറിനെപ്പോലെ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ഇത്. ഇത്തരം ആളുകളോട് ഏത് തരത്തില്‍ സംസാരിക്കണമെന്ന് പരിയാറും അണ്ണാദുരൈയും കരുണാനിധിയും സ്റ്റാലിനും പഠിപ്പിച്ചു തന്നിട്ടുണ്ട്. ചിലരോട് അണ്ണാദുരൈയ്യെപ്പോലെയും മറ്റുചിലരോട് കരുണാനിധിയെപ്പോലെയും സംസാരിക്കണം. ചിലരോട് സ്റ്റാലിനെപ്പോലെയും സംസാരിക്കണം. എന്നാല്‍, ചില പ്രത്യേക വ്യക്തികളോട് പെരിയാറിന്റെ ഭാഷയില്‍ തന്നെ പ്രതികരിക്കണമെന്നും ഉദയനിധി പരാമർശത്തിൽ ഉറച്ചു നിന്നു.

തമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു

0

പ്രമുഖ തമിഴ് ഹാസ്യ നടൻ ബോണ്ട മണി (60) അന്തരിച്ചു. ശ്രീലങ്കയിലെ മാന്നാർ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനു താൻ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.

വർഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വടിവേലുവിനൊപ്പമായിരുന്നു ബോണ്ട മണി വെള്ളിത്തിരയിൽ തിളങ്ങിയത്. അദ്ദേഹവും മണിക്ക് സാമ്പത്തിക സഹായവുമായെത്തിയിരുന്നു. വാ വരലാം വാ’ എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ചെറിയ വേഷങ്ങളിൽ തിളങ്ങിയ നടൻ ഹാസ്യ റോളുകളിലൂടെയണ് പ്രശസ്തനാകുന്നത്. സുന്ദര ട്രാവൽസ്, മറുദമല, വിന്നർ, വേലായുധം, സില്ല തുടങ്ങിയ ചിത്രങ്ങളിൽ പ്രശംസ നേടി.

അയ്യാ, സുന്ദര ട്രാവൽസ്, സച്ചിൻ, മഴൈ, ആറ്, മരുതമലൈ, വിന്നർ, വേലായുധം, രാജാധിരാജ തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായി.

മാലതിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.

പ്രതിഷേധങ്ങളിൽ മാനം പോയി, ബ്രിജ്ഭൂഷൻ ബിനാമി കമ്മിറ്റി സർക്കാർ പിരിച്ചു വിട്ടു

ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ബി.ജെ.പി. എം.പിയും ഗുസ്തിഫെഡറേഷൻ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണല്‍ ശരണ്‍ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ബിനാമി കമ്മിറ്റി പിരിച്ചു വിട്ടു. കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പുതുതായി അധികാരം പിടിച്ച ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കേന്ദ്ര സർക്കാർ തന്നെ പിരിച്ചുവിടുകയായിരുന്നു. ദേശീയമത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചുവെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. നിലവിലെ നേതൃത്വം പഴയ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്‌പോര്‍ട്‌സ് മന്ത്രാലയം ഇപ്പോൾ കണ്ടെത്തിയതായി പറയുന്നു. ഇത് സ്‌പോര്‍ട്‌സ് കോഡിന്റെ ലംഘനമാണ്. മുന്‍ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍നിന്നാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താരങ്ങള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിക്കുന്ന ഇടങ്ങളാണ് ഇതെന്നും ഇക്കാര്യം നിലവില്‍ കോടതി പരിഗണനയിലാണെന്നും കായിക മന്ത്രാലയം കാരണം വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിന് മുന്നിൽ അപമാനിതമായ ശേഷം തീരുമാനം

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്‌രംഗ് പുണിയ പദ്മശ്രീ തിരിച്ചുനല്‍കിയിരുന്നു. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കുറ്റാരോപിതനായ ബി.ജെ.പി. എം.പിയും ഗുസ്തിഫെഡറേഷൻ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണല്‍ ശരണ്‍ സിങ്ങിനെ സംരക്ഷിക്കുന്നതിന് കാരണമായി പലവിധ ചർച്ചകൾ ഉയർന്നിരുന്നു. 14 താരങ്ങൾ തുടക്കത്തിൽ ഇയാളുടെ ലൈംഗിക ആക്രമണങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണിയും സമ്മർദ്ദവും പ്രയോഗിച്ച് എതിർ നീക്കങ്ങളെ അടിച്ചമർത്തുകയായിരുന്നു. പിന്നീട് രാജി വെച്ചു എങ്കിലും ബിനാമിയെ വാഴിച്ച് വീണ്ടും എത്താൻ അവസരവും നൽകി.

കോൺഗ്രസ് മാർച്ചിനിടെ സംഘർഷം, ജലപീരങ്കി; കെ സുധാകരൻ ആശുപത്രിയിൽ, വി ഡി സതീശൻ പ്രസംഗം പാതിവഴി നിർത്തി

0

പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. മാർച്ചിനിടെ നവകേരള സദസിന്‍റെ ബാനറുകൾ കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറുമുണ്ടായി.

പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാർച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കം മുതിർന്ന നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി. 

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് തുടർച്ചയായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. കെ സുധാകരനും എം എം ഹസ്സനും ഉൾപ്പെടെയുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ജെബി മേത്തർ എംപി തുടങ്ങിയവരും ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ച് എത്തി പ്രതിഷേധിക്കുകയാണ്.

നവംബർ 18-ന് കാസർകോട് നിന്നാണ് മന്ത്രിസഭയൊന്നാകെ ഒറ്റബസിൽ യാത്രചെയ്ത് നവകേരളസദസ്സിന് തുടക്കമിട്ടത്. ഒരുമാസത്തിലേറെനീണ്ട പരിപാടി ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് പ്രതിഷേധം.

“പ്രതിപക്ഷ നേതാവിൻ്റെ കസേരയിലെ സീറ്റ് ബുക്കിങ് ടവൽ” – വി ഡി സതീശൻ്റെ ‘മൂക്കാതെ പഴുത്ത’ പ്രയോഗത്തിനെതിരെ മന്ത്രി റിയാസ്

0

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ താൻപ്രമാണിത്തത്തിൻ്റെ ആൾരൂപമാണെന്ന് വിമർശിച്ചു. സതീശൻ പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം റിയാസിനെതിരെ പരിഹാസവുമായി സതീശൻ രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിയാസിൻ്റെ വിമർശനമുണ്ടായത്. 

കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്നായിരുന്നു സതീശന്റെ പരാമർശം. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

രാഷ്ട്രീയ പാർട്ടികളിൽ ഊർജം പകർന്ന് നവകേരള യാത്രയ്ക് ഇന്ന് സമാപനം

0

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്.

കേരളത്തിൽ ആദ്യം ഇങ്ങനെ ഒരു യാത്ര

സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്. പരാതി പരിഹാര സംവിധാനം പ്രഖ്യാപിച്ചിരുന്നു. 140 മണ്ഡലങ്ങളിലേയും പര്യടനം മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പുതിയ അനുഭവ പാഠങ്ങൾ പകരുന്നതായി. കേരളത്തിൽ ആദ്യമായിരുന്നു മുഴുവൻ മന്ത്രിമാരും ജനങ്ങളിലേക്ക് എത്തിയ ഇത്തരം ഒരു യാത്ര.

ഒപ്പം പ്രതിപക്ഷ കക്ഷികൾക്ക് സ്വന്തം അണികളുടെ ഊർജസ്വലത വീണ്ടെടുക്കാനുള്ള അവസരവും ഇത് നൽകി. യാത്ര രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചത്. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് എന്ന റിപ്പോർട്ടിലാണ് മാധ്യമങ്ങൾ ആദ്യ ദിനങ്ങൾ ആഘോഷിച്ചത്. പക്ഷെ ബസ് നിരത്തിൽ ഇറങ്ങിയതോടെ ആഡംബര പൊലിമകൾ വാടി. എങ്കിലും മാധ്യമങ്ങൾക്ക് തുടർ ദിനങ്ങൾ വൻ അവസരങ്ങൾ നൽകി.

സ്കോർ ചെയ്യാൻ പക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും

ഒരു ഭാഗത്ത് സർക്കാരിൻ്റെ പ്രചാരണവും മറുഭാഗത്ത് ഭരണ പക്ഷം സ്കോർ ചെയ്യുന്നത് തടയാനുള്ള പ്രതിപക്ഷത്തിൻ്റെ പ്രതിഷേധവും ശക്തിയായതോടെ മാധ്യമങ്ങളുടെ വ്യൂവർഷിപ്പ് സ്കോറും ഉയർന്നു. മൊത്തത്തിൽ കക്ഷി രാഷ്ട്രീയ പ്രവർത്തന രംഗത്ത് ഇത് ഊർജ തരംഗം ഉയർത്തി. കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾക്ക് ചെറിയ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. എങ്കിലും വിമർശനങ്ങളുമായി അവരും യാത്രയ്ക്ക് ഒപ്പം സജീവമായി.

ലോക് സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയ കേരളത്തിന് ഉണർവും വീര്യവും നൽകിയാണ് നവകേരള സദസ് സമാപിക്കുന്നത്. വിവാദങ്ങളും വാക്ക് പോരും കൊണ്ട് യാത്ര ശബ്ദായനമാക്കാൻ കഴിഞ്ഞു. പക്ഷെ, സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി എന്ന് പരിശോധനയ്ക്കുള്ള അവസരം ബഹളങ്ങൾക്ക് ഇടയിൽ പ്രതിപക്ഷം മറന്നു പോയ സാഹചര്യമായി.

വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചു, അധ്യാപികയുടെ അശ്രദ്ധയ്ക്ക് 3000 രൂപ പിഴ

0

പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ച് എഴുതാൻ ഇടയായ സംഭവത്തിൽ ഇൻവിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴ. അധ്യാപകയുടെ അശ്രദ്ധ പരിഗണിച്ചാണ് നടപടി. വിദ്യാർഥിയുടെ പരീക്ഷാ ഫലം പ്രസിധീകരിക്കുന്നതിൽ ഇത് കാലതാമസത്തിന് ഇടയാക്കിയിരുന്നു.

ആലപ്പുഴയിലെ ഹയർ സെക്കൻഡറി അധ്യാപികയ്ക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പിഴ വിധിച്ചത്. മനഃപൂർവം തെറ്റുവരുത്തിയിട്ടില്ലെന്ന് അധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. വിദ്യാർഥികളുടെ റജിസ്റ്റർ നമ്പറും പേപ്പറുകളും ഒത്തു നോക്കിയാണ് അവരെ കൊണ്ട് ഹാജർ റജിസ്റ്ററിൽ ഒപ്പ് വെയ്പ്പിക്കുന്നത്. ഈ സമയത്ത് സംഭവിച്ച അശ്രദ്ധയാണ് എന്നാണ് വിലയിരുത്തൽ.

കഴിഞ്ഞവർഷം ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത്. വീഴ്ച വിദ്യാർഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.

എന്നാൽ ഇതിനെ നിസ്സാരവീഴ്ച എന്ന് വിശേഷിപ്പിച്ച് അധ്യാപക സംഘടന രംഗത്ത് എത്തി. അധ്യാപകരിൽനിന്നും ആയിരക്കണക്കിന് രൂപ പിഴയീടാക്കി സാമ്പത്തികപ്രതിസന്ധി നേരിടുന്ന സർക്കാരിനെ സഹായിക്കാൻ ഉദ്യോഗസ്ഥർ രാജഭക്തി കാണിക്കുകയാണെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു.

വിദ്യാർഥികൾ റജിസ്റ്റർ നമ്പർ തെറ്റായി രേഖപ്പെടുത്തുന്നത് പതിവാണെന്ന് അധ്യാപകർ പറയുന്നു. പരീക്ഷയുടെ പരിഭ്രത്തിലും തിടുക്കത്തിലും ചിലർക്ക് അശ്രദ്ധ പിണയുന്നു. ചില വിദ്യാലയങ്ങൾ ഇത് പരിഗണിച്ച് പരിശീലനത്തിനായി മോക് ടെസ്റ്റുകൾ നൽകാറുണ്ട്.