പോലീസ് കേസെടുക്കുന്നത് അവരുടെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോലീസ് നടപടി തെറ്റാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് ഊഹത്തിൻ്റെ അടിസ്ഥാനത്തിലാണ്. സാധാരണ മാധ്യമപ്രവര്‍ത്തനം ഗൂഢാലോചന അല്ല. അതില്‍ നിന്ന് മാറിപ്പോകുമ്പോഴാണ് ഗൂഢാലോചന ആകുന്നത്. ഗൂഢാലോചന അല്ല എന്ന് തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കിക്കോളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളയാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിന് തുടർച്ചയായി മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസടുത്ത സംഭവത്തില്‍ പ്രതികരിക്കയായിരുന്നു മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
‘മാധ്യപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനമായി നടത്തണം. അതിന് ആരും ഇവിടെ തടസ്സമുണ്ടാക്കുന്നില്ല. പോലീസ് കേസെടുത്തിരിക്കുന്നത് ഗൂഢാലോചനയുടെ പേരിലാണ്. ഞാനത് പരിശോധിക്കേണ്ട കാര്യമില്ല. പോലീസ് പറയുന്നതില്‍ എനിക്ക് വിശ്വാസക്കുറവില്ല. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ട്. ഒച്ച ഉയര്‍ത്തി കാര്യം നടത്താമെന്ന് ആരും കരുതേണ്ട’ മുഖ്യമന്ത്രി വ്യക്തമാക്കി.
അടി അടി എന്നു പറയുന്ന പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും മുഖ്യമന്ത്രി വിമർശനമുയർത്തി.
‘അടിക്കും അടിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു നേതാവിനെ ഇതിന് മുമ്പ് കേരളത്തിന്റെ ചരിത്രത്തില്‍ കണ്ടിട്ടുണ്ടോ. സംയമനം പാലിക്കാന്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോഴും അടി അടി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. മാധ്യമങ്ങള്‍ അത് കാണുന്നില്ലേ.
വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ പരാമർശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.
ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചതായി കാണേണ്ട. ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സര്‍ക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങള്‍ അവര്‍ പറയുന്നു. അതില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1600 രൂപയാക്കി നല്‍കുന്നത് ആരും പറഞ്ഞിട്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്മശ്രീ മടക്കിനല്‍കാനുള്ള തീരുമാനത്തില്‍നിന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയയെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ സമ്മർദ്ദ തന്ത്രം. പുരസ്കാരം തിരികെനൽകാനുള്ള തീരുമാനം ബജ്‌രംഗ് പുനിയ അറിയിച്ചതോടെ അദ്ദേഹവുമായി സംസാരിക്കയാണ് എന്ന് മന്ത്രാലയം വ്യക്തമാക്കി.
പദ്മശ്രീ മടക്കിനല്‍കാനുള്ള തീരുമാനത്തില്‍നിന്ന് ബജ്‌രംഗ് പുനിയയെ പിന്തിരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ന്യായമായ രീതിയിലും ജനാധിപത്യപരമായുമാണ് നടന്നതെന്നും കായികമന്ത്രാലയം അറിയിച്ചു.
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് പദ്മശ്രീ മടക്കിനല്‍കാന്‍ ബജ്‌രംഗ് പുനിയയെ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും കത്ത് എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 2019-ലാണ് ബജ്‌രംഗ് പുനിയക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്.
സംസ്ഥാനത്ത് ഇഷ്ടമുള്ളത് കഴിക്കാനും ധരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
“ഹിജാബ് നിരോധനം നിലവിലില്ല. നിങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസ്സപ്പെടുത്തണം?,” അദ്ദേഹം പറഞ്ഞു.
ഇഷ്ടമുള്ളത് ധരിക്കുകയും കഴിക്കുകയും ചെയ്യുക. എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും, നിങ്ങൾ ഇഷ്ടമുള്ളത് നിങ്ങൾ കഴിക്കൂ. ഞാൻ മുണ്ട് ധരിക്കുന്നു, നിങ്ങൾ പാന്റും ഷർട്ടും ധരിക്കുന്നു. അതിൽ എന്താണ് തെറ്റ്?”, അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. നിരോധനത്തിനെതിരെ നിരവധി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. കേസ് സുപ്രീം കോടതിയിൽ എത്തിയെങ്കിലും ഭിന്നവിധിയാണുണ്ടായത്
”ബ്രിജ് ഭൂഷണിന്റെ ബിസിനസ് പങ്കാളിയും അടുത്ത അനുയായിയുമായ ആളാണ് റസ്ലിങ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്. ഈ സാഹചര്യത്തില്‍ ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പട്ട ഗുസ്തി ഉപേക്ഷിക്കുന്നു.
നാല്‍പതുദിവസമാണ് ഡല്‍ഹിയുടെ തെരുവില്‍ ഇരുന്നും ഉറങ്ങിയും നീതിക്കായി ഞങ്ങള്‍ പോരാടിയത്. ഇനിയും പോരാട്ടം തുടരും.”
പൊട്ടിക്കരഞ്ഞുകൊണ്ട് നീല നിറമുള്ള തന്റെ ബൂട്ടുകള്‍ മേശപ്പുറത്തുവെച്ച് ഇന്ത്യയുടെ അഭിമാനതാരം സാക്ഷി മാലിക് പറഞ്ഞു.
2023 ജനുവരിയിലാണ് വിവാദം പ്രക്ഷോഭമായി രൂപംമാറിയത്. ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ.) പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് എം.പി.ക്കെതിരെ വനിതാ ഗുസ്തിതാരങ്ങള്‍ ലൈംഗികാതിക്രമം ആരോപിച്ചതോടെയാണ് സംഭവത്തിന് തുടക്കമിടുന്നത്. സമ്മതമില്ലാതെ സ്വകാര്യഭാഗങ്ങളില്‍ തൊടുക, പിന്തുടരുക, ഭീഷണിപ്പെടുത്തുക, പ്രൊഫഷണല്‍ സഹായത്തിന് പകരമായി ‘ലൈംഗിക ആനുകൂല്യങ്ങള്‍’ ആവശ്യപ്പെടുക തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നതും പ്രധാന ആരോപണമായിരുന്നു. കുറഞ്ഞത് 15 ലൈംഗിക പീഡനസംഭവങ്ങളാണ് പരാതിയില്‍ ഉള്‍പ്പെട്ടിരുന്നത്. ഭൂഷണിന്റെ പ്രവൃത്തികള്‍ തങ്ങളില്‍ വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് പരാതിക്കാരായ ഗുസ്തിക്കാര്‍ പറഞ്ഞു. ഭൂഷണിന്റെ കണ്ണില്‍ ഒറ്റയ്ക്ക് പെടാതിരിക്കാനായി വനിതാ ഗുസ്തിതാരങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടമായി പോകുന്ന സ്ഥിതിപോലുമുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. താനുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനുള്ള ശ്രമത്തെ എതിര്‍ത്തതിനാല്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റ് ട്രയല്‍സില്‍നിന്ന് ഒഴിവാക്കുമെന്ന് ഭൂഷണ്‍ തന്നെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിലൊരാള്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ആക്രമണം പേടികൊണ്ടാണ് ഇതുവരെ പുറത്തുപറയാതിരുന്നതെന്ന് താരങ്ങള്‍ ആരോപിച്ചു. 2012 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ റെസ്റ്റോറന്റിലും ഡബ്ല്യു.എഫ്.ഐ. ഓഫീസിലും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ടൂര്‍ണമെന്റുകളിലുമുണ്ടായ സംഭവങ്ങളാണ് ആരോപണത്തിലുള്ളത്.
ഭൂഷണെ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തുനിന്നുമാറ്റണമെന്നും ശിക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ താരങ്ങള്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ലൈംഗികാതിക്രമത്തിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഭൂഷണെതിരേ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യുമെന്നും ഗുസ്തിക്കാര്‍ പറഞ്ഞു. ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്രങ് പുനിയ, രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേത്രിയായ വിനേഷ് ഫോഗട്ട്, റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ആദ്യ വനിത അന്‍ഷു മാലിക് എന്നിവരായിരുന്നു പ്രതിഷേധത്തിന്റെ മുഖങ്ങള്‍. മുപ്പതോളം ഗുസ്തിതാരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 18-ന് കായികമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു.
സംഭവം പുറത്തുവന്നതോടെ കായികതാരങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടേറെ ആളുകളെത്തി. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന അവസ്ഥ വന്നതോടെ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി. എന്നാല്‍, അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ഒടുവിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ല. ഹരിയാണ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ഗുസ്തിക്കാരും പിന്തുണയുമായി എത്തിയിരുന്നു. എന്നിരുന്നാലും, പ്രതിഷേധത്തിന് പിന്തുണയുമായി രാഷ്ട്രീയവിഭാഗങ്ങള്‍ എത്തിയെങ്കിലും പ്രതിഷേധം രാഷ്ട്രീയവത്കരിക്കില്ല എന്ന നിലപാട് ഗുസ്തി താരങ്ങള്‍ ആവര്‍ത്തിച്ചു. പ്രതിഷേധം നീണ്ടതോടെ ബി.ജെ.പി. അംഗവും മുന്‍ ഗുസ്തി താരവുമായ ബബിത ഫോഗട്ട് ഗുസ്തിക്കാരെ കണ്ട് സര്‍ക്കാരിനോട് സംസാരിക്കാമെന്ന് ഉറപ്പുപറഞ്ഞു. സര്‍ക്കാരിലും സമ്മര്‍ദം വന്നുതുടങ്ങിയ സാഹചര്യത്തില്‍ അന്വേഷണം നടക്കുമെന്ന് കായികമന്ത്രി നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഗുസ്തിതാരങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒളിമ്പിക് അസോസിയേഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ഒളിമ്പിക് മെഡല്‍ ജേതാവും എം.പി.യുമായ മേരി കോമിന്റെ നേതൃത്വത്തില്‍ ജനുവരി 20-ന് ഏഴംഗ സമിതി രൂപവത്കരിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ ആരോപണങ്ങളെല്ലാം ഗുസ്തി ഫെഡറേഷന്‍ നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം അതുവരെ നടന്നിട്ടില്ലെന്ന് ഫെഡറേഷന്‍ വിശദീകരണം നല്‍കി. ഇതേദിവസം തന്നെ ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ തത്സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ടുദിവസത്തിനുശേഷം സര്‍ക്കാരിന്റെ കീഴില്‍ മേരികോം തന്നെ നേതൃത്വം നല്‍കുന്ന അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു. ഈ സംഘത്തിന് നാലാഴ്ചയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്.
ഫെബ്രുവരി 13-ന് കമ്മിറ്റിയുടെ സമയം രണ്ടാഴ്ചത്തേക്കുകൂടി നീട്ടിക്കൊടുത്തുകൊണ്ട് ഉത്തരവായി. അപ്പോഴും ആരോപണം നേരിടുന്ന പ്രതി പുറത്തുതന്നെയായിരുന്നു. ഏപ്രില്‍ 16-ന് ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് മേയ് 7-ന് നടത്താന്‍ തീരുമാനിച്ചുള്ള അറിയിപ്പുവന്നു. എന്നാല്‍ താനിനി മത്സരത്തിനില്ല എന്ന് ബ്രിജ് ഭൂഷണ്‍ അറിയിച്ചു. അപ്പോഴും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.
രണ്ടാംഘട്ട പ്രതിഷേധം ബ്രിജ് ഭൂഷണെതിരെ നടപടിയൊന്നുമാവാത്തതിനാല്‍ ഏപ്രില്‍ 23-ന് വീണ്ടും സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, പുനിയ എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രക്ഷോഭം ആരംഭിച്ചു. ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം പുനരാരംഭിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലീസും സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ ചുമത്തിയെങ്കിലും രാഷ്ട്രീയക്കളരിയില്‍ ശക്തനായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. ആരോപണം അന്വേഷിക്കുന്ന കമ്മറ്റിക്കുമുമ്പില്‍ 12 പേര്‍ മൊഴി കൊടുത്തു. അതില്‍ ഏഴുപേര്‍ ബ്രിജ് ഭൂഷണെതിരെ പ്രത്യേകം കേസ് നല്‍കി. എന്നാല്‍, ഇതില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍പോലും ഡല്‍ഹി പോലീസ് തയ്യാറായില്ല.
സമ്മര്‍ദങ്ങളെ തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തുവന്നു. ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം യഥാവിധി രൂപവത്കരിക്കേണ്ട ആന്തരിക പരാതി സമിതിയുടെ അഭാവം മേല്‍നോട്ട സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്നാണെന്ന് ഏപ്രില്‍ 24-ന് കായികമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഡബ്ല്യു.എഫ്.ഐ.യുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ‘അസാധുവായും’ മന്ത്രാലയം പ്രഖ്യാപിച്ചു. പാനല്‍ രൂപവത്കരിച്ച് 45 ദിവസത്തിനുള്ളില്‍ ഡബ്ല്യു.എഫ്.ഐ. തിരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവില്‍ ഡബ്ല്യു.എഫ്.ഐ. പ്രവര്‍ത്തിപ്പിക്കാനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിക്കാനും ഐ.ഒ.എ. പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് അയച്ച കത്തില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന് മൂന്നംഗപാനല്‍ നിലവില്‍വന്നു.
അതിനിടെ ഏപ്രില്‍ 25-ന് സിങ്ങിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിങ്ങിനെതിരായ ലൈംഗികാരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി വിലയിരുത്തുകയും വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കുകയും ചെയ്തു.
മേയ് 3- ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സോമനാഥ് ഭാരതി അനുയായികളുമായി അനുവാദമില്ലാതെ പ്രതിഷേധ സ്ഥലത്ത് എത്തിയതായി ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസും അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബജ്രംഗ് പുനിയ, വിനേഷ്, സംഗീത, ദുഷ്യന്ത് ഫോഗട്ട്, രാഹുല്‍ യാദവ് എന്നിവരെ പോലീസ് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി വന്നു. മദ്യപിച്ചെത്തിയ ഒരു പോലീസുകാരന്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീതാ ഫോഗട്ട് എന്നിവരോട് മോശമായി പെരുമാറിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. സ്ഥലത്ത് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധ സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും കനത്ത ബാരിക്കേഡുകളിട്ട് പോലീസ് അടച്ചുപൂട്ടി.
ഭൂഷണിന്റെ മൊഴികളും വനിതാ ഗുസ്തിക്കാരുടെ മൊഴികളും ചേര്‍ന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നല്‍കി. ഭൂഷണെ എസ്.ഐ.ടി. രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും തനിക്കെതിരെയുള്ള എല്ലാ കേസുകളും അദ്ദേഹം നിഷേധിച്ചു. അതിനിടെ മൊഴി രേഖപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അവളുടെ പിതാവിന്റെ സമ്മര്‍ദം കാരണം കേസ് പിന്‍വലിച്ചു.
2023 മേയ് 28-ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ന്യൂഡല്‍ഹിയിലെ ന്യൂ പാര്‍ലമെന്റ് ഹൗസില്‍ ഒരു വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രതിഷേധക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഉദ്ഘാടന സ്ഥലത്തേക്ക് മാര്‍ച്ച് ചെയ്യരുതെന്ന് പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കി. ഗുസ്തിക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഖാപ് നേതാക്കളെയും കര്‍ഷകരെയും മാര്‍ച്ചില്‍ ചേരുന്നത് തടയാന്‍ പോലീസ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. നിരവധി കര്‍ഷകനേതാക്കളെയും അവരുടെ അനുഭാവികളെയും അതിര്‍ത്തികളില്‍നിന്ന് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാര്‍ പുതിയ പാര്‍ലമെന്റ് ഹൗസിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോള്‍ അവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ഡല്‍ഹി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. അറസ്റ്റുചെയ്ത ഗുസ്തിക്കാരെ പോലീസ് ബസ്സുകളില്‍ കയറ്റി വിവിധ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. 109 പ്രതിഷേധക്കാര്‍ ഉള്‍പ്പെടെ 700 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, കലാപമുണ്ടാക്കിയതിനും ഡ്യൂട്ടി നിര്‍വഹിക്കുന്ന പൊതുപ്രവര്‍ത്തകരെ തടസ്സപ്പെടുത്തിയതിനുമായിരുന്നു കേസ്. അതോടെ ലോകശ്രദ്ധ ഇന്ത്യന്‍ ഗുസ്തിക്കാരിലേക്ക് തിരിഞ്ഞു. ഗുസ്തിക്കാരെ പിടികൂടി താത്കാലികമായി തടങ്കലില്‍ വച്ചതിനെ അന്താരാഷ്ട്ര കായികസംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ശക്തമായി അപലപിക്കുകയും ഭൂഷണിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, അതുകഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടായില്ല. തങ്ങള്‍ക്ക് ലഭിച്ച ഒളിമ്പിക് മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. അതിനായി ഒരുങ്ങിയെങ്കിലും കര്‍ഷകസംഘടനയുടെ ഇടപെടലിനെത്തുടര്‍ന്ന് അവര്‍ അതില്‍നിന്നും പിന്‍മാറുകയായിരുന്നു. അതേസമയം ഗുസ്തി താരങ്ങളുടെ ഒളിമ്പിക് മെഡലുകള്‍ക്ക് 15 രൂപയുടെ വിലയേ ഉള്ളുവെന്ന് ബ്രിജ് ഭൂഷണ്‍ പ്രസ്താവനയിറക്കിയത് താരങ്ങളെ വീണ്ടും പ്രകോപിപ്പിച്ചു. പ്രക്ഷോഭം തുടരുന്നതിനിടയില്‍ ജൂണ്‍ 7-ന് കായികമന്ത്രിയുമായി വീണ്ടും ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തി. കേസന്വേഷിച്ച് കുറ്റപത്രം ജൂണ്‍ 15-ന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപ്രകാരം ലൈംഗികാതിക്രമം, അറിയാതെ പിന്തുടരല്‍, ആക്രമണം, സ്ത്രീക്കെതിരേ കൈയേറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തി ബ്രിജ് ഭൂഷണെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം നല്‍കി. എന്നാല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസ് നിലനില്‍ക്കാനാവശ്യമായ തെളിവുകളില്ലെന്നും പോക്‌സോ ചുമത്താനാവില്ലെന്നും പോലീസ് അറിയിച്ചു. ഈ കേസ് പിന്‍വലിക്കാന്‍ പട്യാല കോടതിയില്‍ പോലീസ് ഹര്‍ജിയും നല്‍കി.
ബ്രിജ് ഭൂഷണെതിരേയുള്ള കുറ്റപത്രത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ താരങ്ങള്‍ക്ക് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് തുടര്‍സമരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു താരങ്ങള്‍. തെരുവിലറങ്ങിയ സമരം മാത്രമേ അവസാനിപ്പിക്കുന്നുള്ളുവെന്നും നിയമപരമായി കോടതിയില്‍ പോരാട്ടം തുടരുമെന്നും അവര്‍ പരസ്യമായി അറിയിച്ചിരുന്നു. ഒരു വലിയ ശക്തിയോട് ഏറ്റുമുട്ടുമ്പോഴും വിജയപ്രതീക്ഷയ്ക്ക് അപ്പുറം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ആഗ്രഹമാണ് അവരെ മുന്നോട്ടുനയിച്ചത്. ലോകം മുഴുവന്‍ സ്ത്രീ സുരക്ഷയും ലിംഗ സമത്വവും ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു കാലത്ത് സ്വന്തം രാജ്യത്തിനുവേണ്ടി മത്സരിക്കുന്ന കായികതാരങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഇന്ത്യ മുറവിളികൂട്ടുന്നത് ലജ്ജാവഹം തന്നെയാണ്. അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിനായി മെഡല്‍ വാരിക്കൂട്ടിയവരുടെ വാക്കുകള്‍ക്ക് ഒരു രാജ്യം എത്രത്തോളം ചെവി കൊടുക്കുന്നു എന്നതിനും ഇന്ത്യയില്‍ സ്ത്രീ സുരക്ഷയ്ക്ക് മുകളിലാണോ വ്യക്തിതാത്പര്യങ്ങള്‍ എന്നതിനും ഉത്തരമായിരിക്കും വരുംദിവസങ്ങളില്‍ ബ്രിജ് ഭൂഷണ് നേരെയുണ്ടാകുന്ന ഓരോ നടപടിയുമെന്ന് ഗുസ്തി താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പിലൂടെ വീണ്ടും താരങ്ങളും അവരുടെ അഭിമാനവും തോറ്റുുപോയിരിക്കുന്നു.
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ്. നിർമ്മിത ബുദ്ധിയെ ആശ്രയിക്കുന്ന പുതിയ ഒ എസ് വരുന്നതോടെ ഹാർഡ് വെയറുകളും കളയേണ്ടി വരും. വിൻഡോസ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടറുകളും ലാപ് ടോപ്പുകളും ടാബുകളും എല്ലാം ലോകത്തിൻ്റെ മുന്നിൽ പുതിയ ഒരു മാലിന്യ പ്രശ്നം ഉയർത്തും. മൈക്രോ സോഫ്ട് പോലുള്ള കമ്പനികളാവട്ടെ ബിസിനസ്സിൽ പുതിയ ആഗോള തറമുഖങ്ങൾ തുറക്കും.
കമ്പ്യൂട്ടർ മാലിന്യം വൻ വിപത്താവും
വിൻഡോസ് പിന്തുണ പിൻവലിച്ചാൽ തന്നെ 24 കോടി പേഴ്‌സണല്‍ കംപ്യൂട്ടറുകൾക്ക് കമ്പനിയുടെ സാങ്കേതിക പിന്തുണ ലഭിക്കാതാവും. ഒറിജിനൽ വിൻഡോസ് ഉപയോഗിക്കുന്നവരുടെ കണക്കാണിത്. എല്ലാം കൂടി ചേരുമ്പോൾ വലിയ രീതിയില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍. ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇത് 3 20,000 കാറുകള്‍ക്ക് തുല്യമാണ്.
ഓപ്പറേറ്റിങ് സിസ്റ്റം ക്രിത്രിമ ബുദ്ധിക്ക് വഴിമാറും
2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള പിന്തുണ നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. ഇത് വളരെ വലിയ ഒരു ബിസിനസ് സ്റ്റെപ്പാണ്. ലോകത്തിലെ കമ്പ്യൂട്ടറുകൾ എല്ലാം തന്നെ മാറ്റേണ്ട സാഹചര്യമാവും. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ്. ഇത് മന്ദഗതിയിലുള്ള പിസി വിപണിയെ ഉയര്‍ത്തിയേക്കുമെന്നാണ് കമ്പനികൾ കരുതുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് ഇത് വൻ തിരിച്ചടിയാവും.
പഴഞ്ചൻ ഓ എസ് മതി എങ്കിൽ പഴയ കമ്പ്യൂട്ടറുമായി ഇരിക്കാം. എന്നാൽ അപ്ഡേഷന് ഓരോ വർഷവും കാശ് നൽകേണ്ടി വരും. 2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ അതിന് വാര്‍ഷിക നിരക്ക് ഇടാക്കും. ഇത് എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഒഎസ് പിന്തുണ അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്‌ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്ന് കനാലിസ് പറയുന്നു.
മാറാൻ നിർബന്ധിതമാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും
അപ്ഡേഷൻ നിരക്ക് കൂടുതലാണെങ്കില്‍ പുതിയ പിസികളിലേക്ക് മാറുന്നതായിരിക്കും ലാഭകരം. സ്വാഭാവികമായും ആളുകള്‍ പുതിയ സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന കംപ്യൂട്ടറുകളിലേക്ക് മാറാനാണ് സാധ്യത. ഇത് ഉപേക്ഷിക്കപ്പെടുന്ന പഴയ പിസികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയാക്കും. വിന്‍ഡോസ് 10 നുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ചുള്ള അഭിപ്രായത്തോട് മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.
ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. ഇന്ന് വൈകിട്ട് അഞ്ചുവരെ 66000ത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നിന്നും അപ്പാച്ചിമേട് വരെ തീര്‍ത്ഥാടകരുടെ വരി നീളുകയാണ്. തിരക്ക് വര്‍ധിച്ചതോടെ പമ്പയില്‍നിന്നും തീര്‍ത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.
വാഹന അപടകങ്ങളിൽ രണ്ട് മരണം
എരുമേലി / മുണ്ടക്കയം ∙ ശബരിമലപാതകളിൽ 3 വാഹന അപകടങ്ങളിൽ 2 മരണം. 23 പേർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം. കണ്ണിമല, കണമല, എരുത്വാപ്പുഴ ഇറക്കം എന്നിവിടങ്ങളിലാണ് അപകടങ്ങൾ. മുണ്ടക്കയം – എരുമേലി റോഡിൽ മഞ്ഞളരുവിക്കു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ തീർഥാടക വാഹനത്തിൽ ഇടിച്ച് മഞ്ഞളരുവി പാലയ്ക്കൽ ജോർജി (വർഗീസ്) ന്റെ മകൻ ജെഫിൻ (17), കൂടെ ഉണ്ടായിരുന്ന, വടക്കേൽ പരേതനായ തോമസിന്റെ മകൻ നോബിൾ (17) എന്നിവരാണു മരിച്ചത്.
കണമല അട്ടിവളവിൽ ലോഡുമായി ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി എതിരെ വന്ന തീർഥാടക ബസിലും കെഎസ്ആർടിസി ബസിലും ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. എരുത്വാപ്പുഴ ഇറക്കത്തിൽ മിനി വാൻ നിയന്ത്രണംവിട്ട് തിട്ടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഈ അപകടത്തിൽ ആർക്കും പരുക്കില്ല.
ഇതിനിടെ സ്വാമിമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് 13 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ ഒരാളെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കര – പുല്ലുമേട് റോഡിൽ ശങ്കരഗിരി വളവിൽ ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്. മധുരയിൽ നിന്ന് എത്തിയ തീർഥാടകസംഘമാണ് അപകടത്തിൽപെട്ടത്.
ഡ്രൈവർ ഉൾപ്പെടെ 26 പേരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരും ചെങ്കര പ്രദേശത്തെ ഡ്രൈവർമാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ചെങ്കരയിലെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ നിന്നു മണികണ്ഠൻ എന്നയാളെ പരുക്കു ഗുരുതരമായതിനാൽ സ്വദേശമായ മധുരയിലേക്കു മാറ്റുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ജാമ്യം അനുവദിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു. ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ട്.
ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ടാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് നീട്ടിവെച്ചത്.
ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പൊലീസിനെ വിമര്‍ശിച്ചതിന്‍റെ പ്രതികാരമാണ് തന്‍റെ അറസ്റ്റെന്നും വാദം ഉന്നയിച്ചു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായുമാണ് റുവൈസിൻ്റെ ജാമ്യാപേക്ഷയിലെ വാദം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമന രീതി മാറ്റുന്ന ബില്ല് കൂടി പാസാക്കിയതിന് പിന്നാലെയാണ് ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നത്. നാളെ വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പേ തന്നെ ലക്ഷ്യം പൂർത്തിയാക്കി പിരിയുകയാണ്.
ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും. ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ കൂടി പാസാക്കിയാവും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിയുന്നത്. 146 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍റ് ചെയ്ത ശേഷം സർക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കിയാണ് ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയാൻ തീരുമാനിച്ചത്.
സർക്കാരിന്‍റെ ശുപാര്‍ശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ രാഷ്ട്രപതി നിയമിക്കുന്ന രീതി നേരത്തെ സുപ്രീകോടതി റദ്ദാക്കിയിരുന്നു.പകരം പ്രധാനമന്ത്രി,സുപ്രീംകോടതി ചീഫ് ജസ്റ്റിസ്,ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ട സമിതി നിയമന നടത്തണമെന്നാണ് ഭരണഘടന ബെഞ്ച് വിധിച്ചത്. ഇത് മറികടക്കാനുള്ള ബില്ലാണ് ഇന്ന് ലോക്സഭയും കടന്നത്.
പ്രധാനമന്ത്രി നിയമമന്ത്രി ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് കമ്മീഷണർമാരെ നിയമിക്കാനാണ് ബില്ലിലെ വ്യവസ്ഥ.സി്ആർപിസി , ഐപിസി എന്നിവ മാറ്റി എഴുതാനുള്ള ബില്ലുകള്‍ പാസാക്കാനും സർക്കാരിന് കഴിഞ്ഞു.സുപ്രധാനമായ ടെലികോം നിയമഭേദഗതിയും ഈ സമ്മേളനത്തില്‍ പാസായി. എതിർപക്ഷത്തെ പുറത്താക്കി ബില്ലുകള്‍ പാസാക്കിയ സർക്കാർ നടപടി നിയമതർക്കത്തതിൽ എത്താം.
ഇതിനിടെ, ഇന്ന് മൂന്ന് എംപിമാരെ കൂടി ലോക്സഭയില്‍ നിന്ന് സസ്പന്‍റ് ചെയ്തു. ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ കോണ്‍ഗ്രസ് എംപിമാരെയാണ് സസ്പെന്‍റ് ചെയ്തത്. ഇതോടെ ലോക്സഭയില്‍നിന്ന് മാത്രം സസ്പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 100 ആയി. ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമായി ആകെ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 146 ആയി. സസ്പെൻറ് ചെയ്യപ്പെട്ട എംപിമാർ ഇന്ന് പാര്‍ലമെൻറ് വളപ്പില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. നാളെ ദില്ലിയിലെ ജന്തർ മന്ദറില്‍ ഇന്ത്യ സഖ്യ നേതാക്കളും എംപിമാരും ധർണ നടത്തും.
ജാതി സെൻസസിൽ നിലപാട് എടുക്കാനാവാതെ ആർ എസ് എസ് നേതൃത്വം. ബി.ജെ.പി.യുടെ മത രാഷ്ട്രീയത്തിലും ഹിന്ദത്വ ധ്രുവീകരണത്തിലും വിള്ളല്‍ വീഴ്ത്തുന്ന നീക്കവുമായി പ്രതിപക്ഷ കക്ഷികൾ ജാതി സെൻസസ് ഏറ്റെടുത്തിരിക്കയാണ്. അതിനെ നേരിടുക എന്ന വെല്ലുവിളിയാണ് ആർ എസ് എസ് നിലപാടിനെ ആശയ കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. ജാതി സെൻസസ് തത്വത്തിൽ അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഇതിനെ എങ്ങിനെ നേരിടും എന്നതിലെ ആശയ കുഴപ്പമാണ് പ്രകടമാവുന്നത്.
സാമൂഹിക അസമത്വം കൂട്ടാനേ ജാതിസെന്‍സസ് വഴിവെക്കൂ എന്നാണ് ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയിരുന്നത്. നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തിയ മഹാരാഷ്ട്രയിലെ ബി.ജെ.പി., ശിവസേന-ഷിന്ദേ വിഭാഗം ജനപ്രതിനിധികളോട് സംഘടനയുടെ വിദര്‍ഭ യൂണിറ്റ് അധ്യക്ഷൻ ശ്രീധര്‍ ഖാഡ്‌ഗെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജാതിസെന്‍സസിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ അവരോട് സംവാദത്തിന് തയ്യാറാണെന്നും ഖാഡ്‌ഗെ അന്ന് പറഞ്ഞിരുന്നു.
എന്നാൽ ആര്‍.എസ്.എസ്. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ ഇതിനെ ഇന്നലെ തിരുത്തി. ജാതി സെന്‍സസ് നടപ്പാക്കുമ്പോള്‍ സാമൂഹിക ഐക്യം തകരുന്നില്ലെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പാക്കണം. സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉന്നമനമാകണം സെന്‍സസുകൊണ്ട് ലക്ഷ്യമിടുന്നതെന്നും സുനില്‍ അംബേദ്കര്‍ എക്‌സില്‍ പുതിയതായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പുതിയ രാഷ്ട്രീയ പോരാട്ട മുഖം തുറക്കുമ്പോൾ ആർ എസ് എസിനും ജാതി രാഷ്ട്രീയത്തിൻ്റെ ചൂട് ഏൽക്കുകയാണ്. ശാസ്ത്രീയമായ ഏത് നടപടികളേയും സ്വീകരിക്കുമെന്നാണ് പുതിയ പ്രസ്താവന. ഇതിലെ ശാത്രീയത എന്ന ഉപാധി എന്തെന്നത് വ്യക്തമാണെങ്കിലും.തിരഞ്ഞെടുപ്പ് വിജയം മാത്രം മുന്നില്‍കണ്ട് ജാതി സെന്‍സസ് നടപ്പാക്കരുത് എന്ന വിശദീകരണമാണ് നൽകുന്നത്. ഹിന്ദു സമൂഹത്തിലെ അസമത്വത്തെ അഭിസംബോധന ചെയ്യാനാവണം ജാതി സെന്‍സസെന്നും പറയുന്നു. എന്നാൽ കൃത്യമായും ഇത് ആർ എസ് എസ് ആശയഗതിയിൽ നിൽക്കുന്നതല്ല.
ജാതിസെന്‍സസിനോട് ബി.ജെ.പി.ക്ക് എതിര്‍പ്പില്ലെന്ന് കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. ഇത് പക്ഷെ വിവാദം ശമിപ്പിച്ച് പിൻമാറാനുള്ള അവസരം തുറന്നില്ല. ആർ എസ് എസ് നിലപാട് ഈ സമയത്ത് വ്യക്തമായിരുന്നു. മുന്നോക്ക ജാതികളുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന് മർമ്മ പ്രധാനമാണ്. രാഷ്ട്രീയ രംഗത്ത് അങ്ങിനെ പലതും പറയും എന്നാണ് നേതൃത്വം ഇതിനെ വിശദീകരിച്ചത്.
ബിഹാർ തുറന്നിട്ട ഭൂതം
2023 ഒക്ടോബർ 2-ന് ബീഹാർ സംസ്ഥാന സർക്കാർ പുറത്തുവിട്ട ജാതി സെൻസസ് റിപ്പോർട്ട് ഇന്ത്യയുടെ സാമൂഹ്യഘടനയെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും നിർണയിക്കുന്നതിൽ ജാതിബന്ധങ്ങൾക്കുള്ള പങ്കിനെയും സ്വാധീനത്തെയുമാണ് പുറത്തുകൊണ്ടുവന്നത്. 1930-കളിൽ ബ്രിട്ടീഷ് സർക്കാരാണ് ജാതി സെൻസസ് നടത്തിയിട്ടുള്ളത്.
2011-ലെ സെൻസസ് കോളത്തിൽ ജാതി ഉണ്ടായിരുന്നുവെങ്കിലും അതനുസരിച്ചുള്ള സർവ്വേ വിവരങ്ങളൊന്നും സെൻസസ് റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്നിരുന്നില്ല. ബീഹാർ സർക്കാരിന്റെ ജാതി സെൻസസ് പ്രകാരം ജനസംഖ്യയിൽ 85 ശതമാനത്തോളം പിന്നോക്ക പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരാണ്.
ബാക്കിവരുന്ന 15% ആണ് മേൽജാതികളെന്ന് പറയുന്നത്. ഇന്ത്യയുടെ നിർണ്ണായകമായ ഭരണനിർവ്വഹണ സംവിധാനങ്ങളിലെ താക്കോൽ സ്ഥാനങ്ങളിലെല്ലാം ഈ 15% വരുന്ന സവർണജാതിക്കാരാണ് മഹാഭൂരിപക്ഷവും. കണക്കുപറഞ്ഞാൽ 98 ശതമാനത്തോളം. ഭരണനിർവ്വഹണത്തിന്റെ താക്കോൽ സ്ഥാനങ്ങളിലിരിക്കുന്നത് ബ്രാഹ്മണ-ത്രൈവർണിക വിഭാഗത്തിൽപ്പെട്ടവരാണ്. സവർണ മതദേശീയതയെ രാജ്യവ്യാപകമായി ഇത്തരം കണക്കുകൾ പുറത്ത് വന്നാൽ അത് അട്ടിമറിക്കും. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇത് വലിയ നെഞ്ചിടിപ്പാണ്. വി പി സിംഗ് പരീക്ഷിച്ച രാഷ്ട്രീയവും അനുഭവമായി മുന്നിലുണ്ട്.
ജാതി രാഷ്ട്രീയം പറയുന്നത്
ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹൈന്ദവതാ വാദത്തെയാണ് നിതീഷ്‌കുമാറും പ്രതിപക്ഷമുന്നണിയും ജാതി സെൻസസിനെ ദേശീയരാഷ്ട്രീയ അജണ്ടയിലേക്ക് കൊണ്ടുവന്ന് വെല്ലുവിളിച്ചിരിക്കുന്നത്. സനാതനധർമ്മങ്ങളെയും ഭൂതകാല മഹിമകളെയും സംബന്ധിച്ച വാചകമടികളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഹിന്ദുത്വ യഥാർത്ഥത്തിൽ ജാതിഭീകരതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്. അത് ന്യൂനപക്ഷങ്ങളെ മാത്രമല്ല ഹിന്ദുതമതത്തിൽ ഉൾപ്പെടുന്നവരെന്ന് ഗണിക്കുന്ന മഹാഭൂരിപക്ഷം പിന്നോക്ക ദളിത് സമൂഹങ്ങളെയും രാജ്യമെമ്പാടും വേട്ടയാടുകയും വർണാശ്രമധർമ്മങ്ങളെ പുനരുജ്ജീവിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്ന നിലപാടാണ് അവതരിപ്പിക്കപ്പെടുന്നത്.
ഇന്ത്യ മുന്നണി പറയുമ്പോഴും കോൺഗ്രസിലും പുകയുന്ന ജാതി സ്പിരിറ്റ്
ശ്രീധര്‍ ഖാഡ്‌ഗെയുടെ നിലപാട് ചര്‍ച്ചയായതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ജാതി സെന്‍സസിനെ എതിര്‍ക്കുന്നവര്‍ സമ്പത്തിന്റെയും അവസരങ്ങളുടെയും നീതിയുക്തമായ വിതരണത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചൂണ്ടിക്കാട്ടി.
പക്ഷെ, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും ഹിമാചല്‍പ്രദേശിലും ജാതി സെന്‍സസ് വിഷയത്തില്‍ അഭിപ്രായഭിന്നതയുണ്ടായത് വാർത്തയായിരുന്നു. പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുംമുമ്പ് പാര്‍ട്ടിയിലെ ആശയക്കുഴപ്പം പ്രകടമായി വന്നു. ഇരുസംസ്ഥാനങ്ങളിലും ഒരുവിഭാഗം നേതാക്കള്‍ ജാതിസെന്‍സസിനെ അനുകൂലിക്കുന്നില്ല.
ലൈംഗിക പീഡനകേസുകൾക്കും താരങ്ങളുടെ സഹന സമരത്തിനും പുല്ലുവില
പീഡന കേസുകൾക്കും സമരങ്ങൾക്കും ഇടയിലും ഉരുക്കു പോലെ സംരക്ഷിക്കപ്പെട്ട ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഒരു വിജയം കൂടി. ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി ഉറ്റ അനുയായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തു. ഈ സ്ഥാനത്തേക്ക് ചരിത്രത്തിൽ ആദ്യമായി മത്സരത്തിന് സന്നദ്ധയായി എത്തിയ വനിത അനിത ഷിയോറയെയാണ് പരാജയപ്പെടുത്തിയത്.
ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ഏറ്റവും വിശ്വസ്തനാണ് സഞ്ജയ് സിങ്. വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ ഒളിമ്പിക് ഭവനിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെയാണ് പരാജയപ്പെടുത്തിയാണ് ജയം. സമരത്തിന് നേതൃത്വം നൽകിയ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നവരുടെ പിന്തുണയിലായിരുന്നു അനിതയുടെ മത്സരം.
47 വോട്ടുകളില്‍ 40 വോട്ടും നേടിയാണ് അദ്ദേഹം വിജയിച്ചത്. മുന്‍ ഗുസ്തി താരവും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹന്‍ യാദവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോല്‍വി ഏറ്റുവാങ്ങി. ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പ്. 15 സ്ഥാനങ്ങളിലേക്ക് മത്സരം നടന്നു.
കേസുകൾക്കും താരങ്ങളുടെ കണ്ണുനീരിനും പുല്ലു വില ബ്രിജ് ഭൂഷൺ ഇനി പിൻസീറ്റിൽ
ഇതോടെ ഗുസ്തി ഫെഡറേഷന് രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും. ഓഗസ്റ്റിനകം തിരഞ്ഞെടുപ്പ് നടത്താതിരുന്നതിനാല്‍ രാജ്യാന്തര റെസ്ലിങ് സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് (ഡബ്ല്യൂ.യു.യു.) ഡബ്ല്യൂ.എഫ്.ഐ.യെ വിലക്കിയിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബ്രിജ് ഭൂഷൻ്റെ അനുയായി തിരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ഇനി ഗുസ്തി രംഗത്ത് തുടരില്ലെന്ന് സാക്ഷി മാലിക് നേരത്തെ പ്രസ്താവിച്ചിരുന്നു.
ഫെഡറേഷന്റെ മുന്‍ തലവനും ബി.ജെ.പി. എം.പി.യുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളെ കാര്യമാക്കാതെ താരങ്ങളെ സമരത്തിലേക്ക് നയിച്ചത് വലിയ വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരങ്ങൾ ഭീഷണിയും ഭിന്നിപ്പും സൃഷ്ടിച്ച് ഇല്ലാതാക്കി എന്ന പരാതിയും വാർത്തകളിൽ നിറഞ്ഞിരുന്നു.
പ്രസിഡന്റ് സ്ഥാനത്തെ ബ്രിജ് ഭൂഷന്റെ 12 വര്‍ഷത്തെ വാഴ്ചയ്ക്ക് അവസാനമിടാൻ ഈ സമരം കാരണമായി എങ്കിലും പിൻസീറ്റിൽ വീണ്ടും എത്തുകയാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന കേസ് നിലനിൽക്കയാണ്. ഇവയിൽ പോക്സോ കേസ് വരെ ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിപ്പിച്ചു.
ബ്രിജ് ഭൂഷന്റെ കുടുംബാംഗങ്ങളെയോ സഹായികളെയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കിയ മുന്‍നിര ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ ബ്രിജ് ഭൂഷന്റെ മകന്‍ പ്രതീകും മരുമകന്‍ വിശാല്‍ സിങ്ങും മത്സരിക്കാന്‍ സാധിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ അടുപ്പക്കാരനെന്ന് പറയപ്പെടുന്ന സഞ്ജയ് സിങ്ങാണ് പിന്‍ഗാമിയായെത്തുന്നത്.