“സംഘ പരിവാറിലും കൊള്ളാവുന്നവരുണ്ട്” സെനറ്റ് നിയമനത്തിൽ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ

0

സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റിയെന്ന ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ട്ടിയാണ്. സംഘപരിവാറിലും കൊള്ളാവുന്നവർ ഉണ്ട് കെ സുധാകരൻ പറഞ്ഞു.

രാഷ്ട്രീയം തിരിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവര്‍ ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട് അവര്‍ യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാല്‍ അതിനെതിരെ ശബ്ദിക്കും. ഇതിന് ഇനിയും ഒരാഴ്ച എടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

‘അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണം? സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെട്ടതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലല്ലോ? അവരില്‍ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം? അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവെച്ചുപോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനയാണ് എതിര്‍ക്കുക. കോണ്‍ഗ്രസില്‍ എല്ലാവരേയും വെക്കാന്‍ പറ്റില്ല, പറ്റുന്നവരെ എടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവര്‍ണറുടെ ഉത്തരവാദിത്തം. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം’, സുധാകരന്‍ പറഞ്ഞു.

ഗവർണറെക്കാൾ എതിർക്കപ്പെടേണ്ടത് സംസ്ഥാന സർക്കാരിനെയെന്ന് ചെന്നിത്തല

ഗവര്‍ണറേക്കാള്‍ കുടുതല്‍ എതിര്‍ക്കപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയെ വിശ്വസിച്ച് ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ് പങ്കുചേരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട ആളാണ് ഞാന്‍. അന്ന് ഏറ്റവും ശക്തമായ ഗവര്‍ണറെ പിന്തുണച്ചത് മുഖ്യമന്ത്രിയായിരുന്നു.

ഗവര്‍ണറെ പിന്‍വലിക്കണമെന്ന എന്റെ പ്രമേയത്തെ തള്ളിക്കളയാന്‍ വേണ്ടി വലിയ കഠിനാധ്വാനം ചെയ്ത ആളാണ്. ഇവിടെ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. ഗവര്‍ണറുടെ നയങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നുണ്ട്. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. കാവിവത്കരണത്തെ എതിര്‍ക്കുമ്പോള്‍ ചുവപ്പുവത്കരണം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.

ഞങ്ങള്‍ രണ്ടിനെയും എതിര്‍ക്കുകയാണ്. ഇത് രണ്ടും ശരിയല്ല. ഞങ്ങള്‍ക്ക് ഗവര്‍ണറെ പിന്തുണക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയെയും പിന്തുണക്കേണ്ട ആവശ്യവുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നു എന്നത് കൊണ്ട് സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കാനല്ല ശ്രമിക്കുന്നത് ചെന്നിത്തല ശബരിമലയിൽ പ്രതികരിച്ചു.

പാർലമെൻ്റിൽ വീണ്ടും സസ്പെൻഷൻ നടപടി, 141 എം പിമാർ പുറത്ത്

സുരക്ഷാ വിഴ്ചയിലെ പ്രതികരണം ആവശ്യപ്പെട്ട 49 പ്രതിപക്ഷ എം.പിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിക്കും സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം 141 പ്രതിപക്ഷ എം.പിമാരാണ് സസ്‌പെന്‍ഷനിലായത്.

ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് സഭയിൽ പ്രക്ഷോഭം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു. പക്ഷെ ഇംഗ്ലീഷ് മാധ്യമങ്ങൾക്കും വിദേശ പത്രങ്ങൾക്കും അഭിമുഖം നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രി സഭയിൽ ഇതു സംബന്ധിച്ച് മിണ്ടാൻ തയാറായില്ല. ഇതോടെയാണ് പ്രതിപക്ഷം പ്രകോപിതരായത്.

സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15-ന് പാര്‍ലമെന്റില്‍ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

പാർലമെൻ്റിൽ നിന്നും എം പി മാരെ പുറത്താക്കി റെക്കോഡിട്ട് സർക്കാർ, പ്രതിഷേധിച്ച 92 പേർക്ക് സസ്പെൻഷൻ

പാർലമെന്‍റിൽ പ്രതിഷേധ ശബ്ദം ഉയർത്തിയ പ്രതിപക്ഷ എം പിമാർക്കെതിരെ കൂട്ട നടപടി തുടരുന്നു. പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയ്ക്ക് എതിരായി പ്രതിഷേധിച്ച 78 പേരെ ഇന്ന് സസ്പെൻ്റ് ചെയ്തു. പാർലമെൻ്റിനെ ബിജെപി ഹെഡ് ഓഫീസായി കരുതിയാണ് സർക്കാർ നീക്കമെന്ന് എം പിമാർ പ്രതികരിച്ചു.

പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായാണ് 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നത്. ഇന്ന് ആദ്യം ലോക് സഭയില്‍  33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയില്‍ 45  എം പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി. 

കോൺഗ്രസിന്‍റെ ലോക്സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍. മൂന്ന് മാസത്തേക്ക് സസ്പെന്‍ഷനിലായവര്‍ക്കെതിരായ തുടര്‍നടപടി എത്തിക്സ് കമ്മിറ്റി തീരുമാനിക്കും. 

കേരളത്തിൽ നിന്നുള്ള നിരവധി എം പിമാർക്കും ഇന്ന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ജെബി മേത്തർ, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ എന്നിവരാണ് ഇന്ന് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ.

സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലിനോടും, ഹിന്ദി ദിനപത്രത്തോടും സംസാരിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം കൂടുതല്‍ ശക്തമാക്കി. സുരക്ഷ വീഴ്ചയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാര്‍ അവകാശപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയുമാണ് ഇന്ന് പിരിയേണ്ടി വന്നു. സി ആര്‍ പി സി, ഐ പി സി, എവിഡന്‍സ് ആക്ട് എന്നിവയില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോഴാണ് എം പിമാര്‍ പ്രതിഷേധം തുടര്‍ന്നത്. പ്രതിപക്ഷത്തെ കൂട്ടത്തോടെ പുറത്താക്കുമ്പോള്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള അവസരം കൂടി സര്‍ക്കാരിന് കൈവരികയാണ് എന്ന അവസരം മുതലെടുത്തു.

മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമന്‍റിനോട് ഉത്തരവാദിത്വമില്ലെന്നും ഖാർഗെ ചൂണ്ടികാട്ടി.

ജനാധിപത്യത്തിന്മേലുള്ള ഗുരുതരമായ ആക്രമണമെന്നാണ് എം പിമാർക്കെതിരായ കൂട്ട സസ്പെൻഷൻ നടപടിയെക്കുറിച്ച് സി പി എം പ്രതികരിച്ചത്. പ്രാതിനിധ്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും എല്ലാ പ്രതിപക്ഷ എം പിമാരുടെയും സസ്പെന്‍ഷൻ ഉടൻ പിന്‍വലിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. കൂട്ട സസ്പെന്‍ഷൻ നടത്തി ബി ജെ പിയും അമിത് ഷായും പാർലമെന്‍റ് സുരക്ഷിത കേന്ദ്രമാക്കിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചത്. അമിത് ഷായുടേത് വിയോജിപ്പുകളെ നിശബ്ദമാക്കുന്ന മാസ്റ്റർ സ്ട്രോക്കാണെന്നും, ഇനി അലോസരമില്ലാതെ അമിത് ഷായ്ക്ക് പ്രസ്താവന നടത്തി കളിക്കാമെന്നും ടി എം സി പരിഹസിച്ചു.

ചൊവ്വാഴ്ച എഐഎസ്എഫ് പഠിപ്പ് മുടക്കും

0

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എഐഎസ്എഫ് പഠിപ്പുമുടക്കും. ക്രിസ്മസ് പരീക്ഷ നടക്കുന്നതിനാല്‍ പരീക്ഷാ കേന്ദ്രങ്ങളെ പഠിപ്പുമുടക്കില്‍നിന്ന് ഒഴിവാക്കും.

സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു എഐഎസ്എഫിന്റെ മാര്‍ച്ച്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ലാത്തിവീശിയ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് സമരാഹ്വാനം.

അരവിന്ദ് കെജ്‌രിവാളിനെതിരെ വിണ്ടും ഇ.ഡി, ഹാജരാവാൻ നൊട്ടീസ് നൽകി

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വീണ്ടും സമന്‍സ് അയച്ചു.

നേരത്തേ നവംബര്‍ രണ്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി കെജ്‌രിവാളിനോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇ.ഡിയുടെ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല.

ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിലില്‍ ഇതേ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അരവിന്ദ് കെജ്‌രിവാളിനെയും ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് വച്ച് ഒമ്പതുമണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

തന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചതായി ചോദ്യം ചെയ്യലിന് ശേഷം കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. മോശം രാഷ്ട്രീയമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി ഷെയ്ഖ് ഹസ്സൻ ഖാൻ

0

അൻ്റാർട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന്‍. എവറസ്റ്റും കിളിമഞ്ചാരോയും ഉള്‍പ്പടെയുള്ള പര്‍വതങ്ങള്‍ ഹസ്സന്‍ ഖാന്‍ കീഴടക്കിയിരുന്നു. ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് ആശംസ അർപ്പിച്ചു കൊണ്ട് കുറിച്ചു.

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേക്ഷണ ദൗത്യത്തിലാണ് ഷെയ്ഖ് ഹസ്സന്‍ ഖാന്‍. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനാണ്.

വിഷം തുപ്പരുത്… ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തും ബാനർ സമരം

0

മിസ്റ്റര്‍ ചാന്‍സലര്‍, ഇവിടെ വിഷം തുപ്പരുത് എന്നുള്‍പ്പെടെ എഴുതിയ ബാനറുകളാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉയര്‍ത്തിയത്.

കറുത്ത നിറമുള്ള തുണികളിലാണ് എല്ലാ ബാനറുകളും. ക്യാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. തുടര്‍ന്ന് പ്രകടനമായി സര്‍വ്വകലാശാലാ ആസ്ഥാനത്തെത്തിയ വിദ്യാര്‍ഥികള്‍ കവാടത്തില്‍ ബാനര്‍ കെട്ടി.

തലസ്ഥാനത്തെ മറ്റു കോളേജുകളിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധം വ്യാപകമാക്കി.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരിപാടികള്‍ക്ക് ശേഷം ഗവർണർ തിരുവനന്തപുരത്ത് എത്തുന്നതിന് മുന്നോടിയായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.

‘അടിയന്തരാവസ്ഥയെ ഭയന്നിട്ടില്ല, പിന്നെയാണോ ആരിഫ് ഖാനെ. SANGHI CHANCELLOR QUIT KERALA’ എന്നും ആവശ്യപ്പെടുന്നു.

പ്രതിഷേധകരെ വെട്ടിച്ച് നേരത്തെ മടങ്ങി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ സെമിനാറില്‍ പങ്കെടുത്ത് ഗവർണർ നേരെ കരിപ്പൂരിലെ വിമാനത്താവളത്തിലേക്ക് മടങ്ങി. സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി. ദേശീയ പാത ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിയത്. ആറെ കാലോടെ ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തി.

കോവിഡും കേരള വിരുദ്ധ പ്രചാരണത്തിന്, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

0

കേരളത്തിൽ കോവിഡ് കേസുകളുടെ പേരിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ശ്രമമമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗികളടെ എണ്ണവും മരണവും ചൂണ്ടികാട്ടി ഭീതി ഉയർത്താനാണ് ശ്രമം. കേരളത്തിലെ പരിശോധനാ സമ്പ്രദായങ്ങളുടെ കൃത്യതയും ആരോഗ്യവകുപ്പിൻ്റെ ജാഗ്രതയും മൂലം കണ്ടെത്തുന്ന കേസുകൾ ഭീതതമായി അവതരിപ്പിക്കയാണ്.

തീർത്തും തെറ്റായ കാര്യമാണ് പ്രചരിപ്പിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. നവംബർ മാസത്തിൽ തന്നെ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധനവ് കണ്ടിരുന്നു. ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി. സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കാൻ മന്ത്രിതല യോഗത്തിൽ അന്നുതന്നെ തീരുമാനിച്ചു. നവംബർ മുതൽ ഹോൾ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു വരുന്നു. അതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ വീട്ടിൽ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. ഇത് ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ കേരള വിരുദ്ധ പ്രചാരണം.

അതേസമയം കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെഎൻ 1 ഉണ്ടെന്ന് സിംഗപ്പൂർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അർത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്.

കേരളത്തിൽ ഇത് ഇവിടെ തന്നെ പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത. കേരളത്തിലെ സംവിധാനങ്ങളുടെ മികവു കൊണ്ടും ജാഗ്രത കൊണ്ടുമാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. ഇപ്പോഴുമിത് നിരീക്ഷിക്കുന്നുണ്ട്.

മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കോവിഡ് മൂലം മാത്രം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയവരാണ്. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണം. മന്ത്രി പറഞ്ഞു.

പുല്ലരിയാൻ പോയ യുവാവിനെ കൊന്ന് തിന്ന കടുവ കൂട്ടിലായി, കൊല്ലാതെ വിടരുതെന്ന് നാട്ടുകാർ

0

പ്രജീഷിനെ കൊന്ന് പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് നരഭോജിക്കടുവ കൂട്ടിലായത്. കൂടല്ലൂര്‍ കോളനിയില്‍ സ്ഥാപിച്ച ആദ്യത്തെ കൂട്ടിലാണ് WWL 45 (വയനാട് വൈല്‍ഡ് ലൈഫ് 45) എന്ന് പേരുള്ള കടുവ കുടുങ്ങിയത്. പ്രജീഷിനെ കൊന്ന സ്ഥലത്തിന് സമീപമാണ് ഇത്.

കടുവ കൂട്ടില്‍ പെട്ട വിവരം പുറത്തറിഞ്ഞതോടെ പ്രജീഷിനെ കൊന്നുതിന്ന കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. കൂട്ടില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കടുവ കെണിയിലായത്. കൂട്ടില്‍ ഇരയായി കെട്ടിയ ആടിന് വെള്ളം കൊടുക്കാന്‍ പോയ വാച്ചര്‍മാരാണ് കടുവയെ നേരില്‍ കണ്ടത്. മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ കടുവ തിരിഞ്ഞതോടെ കൂടിന്റെ വാതില്‍ അടയുകയായിരുന്നു. മയക്കു വെടി വെക്കുക അല്ലെങ്കിൽ കൂട്ടിലാക്കുക ഇവ സാധ്യമായില്ലെങ്കിൽ മാത്രം കൊല്ലുക എന്നായിരുന്നു വനം വകുപ്പ് സമീപനം.

കൊല്ലാതെ മറ്റൊരു ഒത്തുതീർപ്പിനില്ലെന്ന് തൊഴിലാളികളടക്കമുള്ള നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പത്തുദിവസമായി പണിക്ക് പോലും പറ്റാതെ ഇരിക്കുകയാണ് തങ്ങളെന്നും കടുവ കൂട്ടിലാണ് എന്ന് പറഞ്ഞിട്ടുകാര്യമില്ലെന്നും ജനങ്ങൾ വ്യക്തമാക്കുന്നു. തദ്ദേശ ജനപ്രതിനിധികളും നാട്ടുകാർക്കൊപ്പം പ്രതിഷേധ രം​ഗത്തുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കടുവയുമായുള്ള വനംവകുപ്പിന്റെ വാഹനം പുറത്തുപോകാനാവാത്ത സ്ഥിതിയിലാണ്.

കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടിക്കാൻ ഇതുവരെയായി വലിയ രീതിയിലുള്ള തെരച്ചിലായിരുന്നു വനംവകുപ്പ് നടത്തിയിരുന്നത്. നാലു കൂടുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രി മുതല്‍ പുലരുവോളം തെരച്ചിലും നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ക്യാമറ സ്ഥാപിച്ചും ഡ്രോണ്‍ പറത്തിയും വ്യാപക തെരച്ചില്‍ നടത്തിയും കുങ്കിയാനകളെ എത്തിച്ചുമെല്ലാം ദൗത്യം തുടര്‍ന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണിപ്പോള്‍ കടുവ കൂട്ടിലായിരിക്കുന്നത്. കൂട്ടിലായ കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കായിരിക്കും കൊണ്ടുപോവുക. ഇവിടെ എത്തിച്ചശേഷം കടുവയെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. ഇതിനുശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. 

ഡിസംബർ ഒമ്പതിനാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് 36കാരനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയത്. പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്.

ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടേണ്ട സാഹചര്യം – മുഖ്യമന്ത്രി

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടി വരുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്ന ആള്‍ പ്രതിഷേധക്കാര്‍ക്കുനേരെ പാഞ്ഞടുക്കുന്ന സ്ഥിതി രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്തതാണ്. അതാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പറഞ്ഞത്

‘ഏതെല്ലാം കഠിനപദങ്ങളാണ് ആ ചെറുപ്പക്കാര്‍ക്ക് നേരെ ഉപയോഗിച്ചത്. ക്രിമിനല്‍സ്, ബ്ലഡി റാസ്‌കല്‍സ് അങ്ങനെ ഏതെല്ലാം തരത്തിലാണ് വിശേഷിപ്പിച്ചത്. ഇതാണോ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടത്. ആ തരത്തില്‍ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നത സ്ഥാനം. തെറ്റായ കാര്യങ്ങളുണ്ടെങ്കില്‍ നോക്കാന്‍ നിയമപരിപാലനത്തിലുള്ള ഉദ്യോഗസ്ഥരുണ്ടല്ലോ. എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയില്‍ അദ്ദേഹം എത്തിയിരിക്കുകയാണ്.

വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്നത് മാത്രമല്ല ഒരു നാടിനെ തന്നെ ആക്ഷേപിച്ചിരിക്കുന്ന നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ചിലെ കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കാന്‍ പുറപ്പെടുന്നതും കാണുന്നതുണ്ട്. അവരുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുക അല്ല ഉദ്ദേശ്യമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തിരുത്തിക്കാനുള്ള ഇടപെടല്‍ വേണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്’

സാധാരണ ഒരു ഗവര്‍ണറെ കുറിച്ച് ഇങ്ങനെയൊന്നും പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഇങ്ങനെയുള്ള മാനസികാവസ്ഥയില്‍ എത്തിയാല്‍ എന്ത് ചെയ്യും. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറെ അപമാനിക്കുന്ന ബാനറുകള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിലാണ് ഉയര്‍ത്തിയതെന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ ഉന്നയിച്ചിരുന്നു.

‘വേറെ എന്തോ ഉദ്ദേശം അദ്ദേഹത്തിനുണ്ട്. നാട്ടിലാകെ ഒരു വല്ലാത്ത അന്തരീക്ഷം വന്നിരിക്കുന്നുവെന്ന് ഒരു പ്രതീതി ഉണ്ടാക്കണം. ആ പ്രതീതി സൃഷ്ടിക്കാന്‍ അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് പ്രചാരണം നടത്തുകയാണ്.

ഇതുപോലെ ഒരു വ്യക്തിയെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്കാണ് കഴിയുക. മുരളീധരനെ (കേന്ദ്രമന്ത്രി വി. മുരളീധരന്‍) പോലുള്ള അപൂര്‍വ്വം ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. സാധാരണനിലയെല്ലാം വിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആളാണ്. സംഭവങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ നടപടികള്‍ സ്വീകരിക്കും. ഗവര്‍ണര്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിക്കേണ്ടതായിട്ട് വരും. പ്രധാനമന്ത്രിയും പ്രസിഡന്റുമുണ്ട്. ആര്‍ക്കൊക്കെ കത്തയക്കണമെന്ന് ആലോചിക്കും’ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.