ഇന്ത്യൻ ബ്രാൻറുകൾ ലോക വിപണിയിൽ ചിഴേയ്സ് അടിക്കുമ്പോൾ കേരളം വിറ്റ് തിന്നുന്നു

ഇന്ത്യൻ നിർമ്മിത സിംഗിൾ മാൾട്ട് വിസ്കി ബ്രാൻഡായ ‘ഇന്ത്രി’ ഇതര ലോക ബ്രൻ്റുകളുടെ സമനില തെറ്റിക്കുന്നു. ഓഗസ്റ്റിൽ സാൻ ഫ്രാൻസിസ്കോയിൽ നടന്ന വിസ്കി ഓഫ് എ വേൾഡ് അവാർഡിൽ ഇന്ത്രി പ്രശസ്ത ബ്രാൻ്റുകളെ കടത്തി വെട്ടി. ബ്ലൈൻഡ് ടേസ്റ്റിംഗിൽ ഇന്ദ്രിയുടെ $421 ദീപാവലി കളക്ടർ പതിപ്പാണ് പതഞ്ഞ് കയറിയത്. സ്കോട്ടിഷ്, യുഎസ് എതിരാളികളെ പിന്തള്ളി ‘ബെസ്റ്റ് ഇൻ ഷോ’ അംഗീകാരം സ്വന്തമാക്കി.

തൊഴിലാളികൾ കാച്ചിയ നാടൻ വിസ്കി

ബർബണും വീഞ്ഞും സംഭരിക്കാൻ ഉപയോഗിച്ചിരുന്ന ഓക്ക് പീസുകൾ സംഘടിപ്പിച്ചായിരുന്നു തുടക്കം. ഡൽഹിക്കടുത്തുള്ള ഒരു ഡിസ്റ്റിലറിയിൽ ഇവ ക്രമീകരിച്ചു കൊണ്ടാണ് വാഷ് മൂപ്പിച്ചത്. ഒരു കൂട്ടം തൊഴിലാളികളുടെ ആശയമായിരുന്നു ഇത്. പ്രതിദിനം ഏകദേശം 10,000 കുപ്പികളാണ് ഇന്ത്യൻ സിംഗിൾ മാൾട്ട് ഇന്ദ്രി എന്ന പേരിൽ വിപണിയിലെത്തിച്ചിരുന്നത്. ആ നാടൻ ബ്രാൻഡാണ് ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി ഇന്ന് മാറിയിരിക്കുന്നത്.


അടുത്തകാലത്ത് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ അവർ വാറ്റുന്ന മഹുവ പൂവിൽ നിന്നും അതേ പേരിലുള്ള മദ്യ ഇനം ബ്രാൻ്റു ചെയ്യുന്നതിന് അനുമതി നൽകിയിരുന്നു. ആദിവാസി മേഖലകളിൽ ഏറ്റവും വലിയ വ്യവസായ വികസന പ്രതീക്ഷയായിരുന്ന ഈ ഇനം പക്ഷെ അബ്കാരി കുത്തകളുടെ സ്വാധീനത്തിൽ പ്രഖ്യാപന ഘട്ടത്തിൽ തന്നെയാണ്. ഉത്തരേന്ത്യയിലെ ആദിവാസികളുടെ ജീവിത വൃക്ഷമായാണ് മഹുവ അറിയപ്പെടുന്നത്.

ശ്രീലങ്കയും ഫിലിപ്പൈൻസും എല്ലാം നാളികേരത്തിൽ നിന്നും മികച്ച മദ്യം ഉല്പാദിപ്പിക്കുന്നു എങ്കിലും ഇന്ത്യയിൽ ഇതും പ്രതിരോധത്തിലാണ്. കേരള സർക്കാർ സമാനമായ മദ്യനയം പ്രഖ്യാപിച്ചു എങ്കിലും മുന്നോട്ട് കൊണ്ടു പോകാൻ ശേഷിയില്ലാത്ത സാഹചര്യത്തിലാണ്.



ഇന്ത്രിയുടെ രഹസ്യം കൈക്കലാക്കിയിരിക്കുന്നത് 1953 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന പിക്കാഡിലി കമ്പനിയാണ്. ഇന്ദ്രി നിർമ്മാതാക്കളായ പിക്കാഡിലി ഡിസ്റ്റിലറീസ് തങ്ങളുടെ നിർമ്മാണം 2025 ഓടെ പ്രതിദിനം 66% വർദ്ധിപ്പിച്ചുകൊണ്ട്, 20,000 ലിറ്ററാക്കി (5,300 ഗാലൻ) ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിൽപ്പനയുടെ 30% വിദേശ മാർക്കറ്റിൽ എത്തുമെന്ന് സ്ഥാപകൻ സിദ്ധാർത്ഥ ശർമ്മ വ്യക്തമാക്കുന്നു.

വിസ്കിയുടെ ഉപഭോക്താവെന്ന നിലയിൽ നിന്നും നിർമ്മാതാവിലേക്ക് ഇന്ത്യ വരുമ്പോൾ, അതിലെ മുഖ്യ പങ്കായ സിംഗിൾ മാൾട്ടുകൾ രാജ്യത്തിന്റെ 33 ബില്യൺ ഡോളർ സ്പിരിറ്റ് വിപണിയ്ക്കാണ് കരുത്തേകുന്നത്. ഫ്രാൻസിലെ പെർനോഡ് റിക്കാർഡ് നിർമ്മിച്ച ഗ്ലെൻലിവെറ്റ്, ബ്രിട്ടനിലെ ഡിയാജിയോയുടെ ടാലിസ്കർ തുടങ്ങിയ ആഗോള ബ്രാൻഡുകളാണ് ഇപ്പോൾ മത്സര രംഗത്ത് ഉള്ളത്. ഇന്ദ്രി, അമൃത്, റാഡിക്കോ ഖൈതാൻ്റെ രാംപൂർ എന്നിവ ഇവർക്ക് ഭീഷണിയായി ഉയരുന്ന പേരുകളാണ്.

കാട്ടുവള്ളികൾ ചേർത്ത കേരളത്തിൻ്റെ പട്ടച്ചാരായം

മദ്യവിൽപ്പനയിൽ ബിയറിൻ്റെ ആധിപത്യം നിലനിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ പ്രധാനമായും വിസ്കി ഉപയോഗിക്കുന്ന രാജ്യമാണ്. കൊവിഡ് 19 കാലത്ത് പുതിയ ബ്രാൻഡുകൾ പരീക്ഷിച്ച മദ്യ ഉപഭോക്താക്കൾ ഈ മാർക്കറ്റിനെ ഉയർത്തുകയായിരുന്നു. ഈ ഘട്ടത്തിൽ ഇന്ത്യൻ നിർമമിതികൾ ആഗോള അവാർഡുകൾ, വർദ്ധിച്ച സമൃദ്ധി എന്നിവയിലൂടെ വിസ്കി ലാൻഡ്‌സ്‌കേപ്പിനെ പിടിച്ചുകുലുക്കിയതായി വ്യവസായ എക്‌സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും വ്യക്തമാക്കുന്നു.

കേരളത്തിൽ പലതരത്തിൽ നാടൻ ഇനങ്ങൾ നിലനിന്നിരുന്നു. ഇവ പ്രാദേശിക അറിവുകൾ എന്ന നിലയ്ക്ക് സംരക്ഷിക്കപ്പെടേണ്ടതിന് പകരം അബ്കാരി രാഷ്ട്രീയ ബന്ധങ്ങളിൽ കുറ്റം ചാർത്തപ്പെട്ട് പുറത്താവുകയായിരുന്നു. ആഗോള വിപണിയിൽ പ്രിയം നേടാവുന്ന ഇനമാണ് പട്ടച്ചാരായം എന്ന പേരിൽ ഇറങ്ങിയിരുന്നത്. രണ്ട് തരം കാട്ടുവള്ളികളാണ് ഇതിലെ ഫെർമൻ്റേഷന് വേണ്ടി അഭിപ്രേരകങ്ങളായും ടേസ്റ്റ് നിശ്ചിയിക്കുന്നതിനും ഉപയോഗിക്കപ്പെട്ടിരുന്നത്. പക്ഷെ നാട്ടിൽ ഏറ്റവും മോശമായും നിയമ വിരുദ്ധമായും ഉൽപാദിപ്പിക്കുന്ന ഇനങ്ങളിലേക്ക് പട്ടച്ചാരായത്തെയും സമീകരിച്ച് സാമാന്യവൽക്കരിച്ച് അബ്കാരി ലോബിയുടെ രാസ സ്പിരിറ്റുകൾ രംഗം കയ്യടക്കുകയായിരുന്നു.

മുതലാളിമാർക്ക് ഉൽപാദിപ്പിക്കാം വളരാം

അംബാനിക്കും അദാനിക്കും നഡാറിനുമൊപ്പം ഇന്ത്യയിലെ ബില്ല്യണര്‍ പട്ടികയില്‍ ഇന്ത്യക്കാരനായ ഡോ. ലളിത് ഖൈത്താൻ എന്ന മദ്യവ്യവസായി സ്ഥാനം പിടിച്ചതാണ് ഈ രംഗത്തെ പുതിയ വാർത്ത. ലോകത്തെ ‘ത്രീ കോമ ക്ലബ്ബില്‍’ പുതിയതായി ഇടം നേടിയിരിക്കുകയാണ് ഉത്തർ പ്രദേശുകാരനായ ഈ മാർവാഡി വ്യവസായി. കഴിഞ്ഞ ദിവസം ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലാണ് ലിക്കര്‍ മാഗ്നേറ്റും റാഡിക്കോ ഖൈത്താൻ കമ്പനി ചെയര്‍മാനുമായ ലളിത് ഖൈത്താൻ ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരന്മാരാടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മാജിക് മൊമന്റ്‌സ് വോഡ്കയ്ക്കും 8 പി.എം വിസ്‌കിക്കും ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡിക്കുമെല്ലാം പിന്നിലുള്ള റാഡിക്കോ ഖൈത്താന്റെ ഉടമയാണ്.

ലോകത്ത് അതിവേഗം വളരുന്ന മദ്യവിപണികളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ ഈ മദ്യ ഉപഭോഗ പ്രവണതയില്‍ നിന്ന് പണം ഉണ്ടാക്കുന്നതാവട്ടെ റാഡിക്കോ ഖൈത്താനും യുണൈറ്റഡ് ബ്രൂവറീസ് ഖോഡേയ് ഇന്ത്യയുമടക്കമുള്ള വന്‍കിട കമ്പനികളാണ്. കോടിക്കണക്കിന് രൂപയുടെ വിറ്റുവരവാണ് ഇത്തരം മദ്യകമ്പനികള്‍ ഓരോ വര്‍ഷവും സ്വന്തമാക്കുന്നത്. മദ്യവിപണിയിലെ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച മുതലാക്കിക്കൊണ്ടാണ് ലളിത് ഖൈത്താൻ ബില്യണര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 380 മില്ല്യണ്‍ ഡോളറാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡോ.ലളിത് ഖൈത്താൻ ചെയര്‍മാനായ റാഡിക്കോ ഖയ്താന്റെ വരുമാനം.

1943ല്‍ സ്ഥാപിക്കപ്പെട്ട രാംപുര്‍ ഡിസ്റ്റിലറി ആന്റ് കെമിക്കല്‍ കമ്പനിയാണ് പിന്നീട് റാഡികോ ഖൈത്താൻ ആയി മാറിയത്. ഉത്തര്‍പ്രദേശിലാണ് കമ്പനി ആസ്ഥാനം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന രാംപുര്‍ ഡിസ്റ്റിലറിയെ 1972ല്‍ വെറും 16 ലക്ഷത്തിനാണ് ലളിത് ഖൈത്താന്റെ പിതാവ് ജി.എന്‍ ഖൈത്താൻ വാങ്ങിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച മദ്യം ഉല്പാദിപ്പിക്കുന്ന ഗോത്ര വർഗ്ഗ വിഭാഗ ജനതകൾ എല്ലാം ജീവിതം മുന്നോട്ട് നയിക്കാനാവാതെ തളരുകയും ഭീകരവാദി അക്രമി മുദ്രകൾ ഏറ്റുവാങ്ങി തളരുകയുമാണ്.

കേരളത്തിന് പഴികേൾക്കുന്ന മദ്യ വില്പനയല്ല, ടൂറിസം പോലെ ഉല്പാദനമാണ് പുതുമാർഗ്ഗം

സ്‌കോട്ട്‌ലൻഡിലെ പഴക്കമുള്ള സിംഗിൾ മാൾട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആഗോള ബ്രാൻഡുകൾ വിസ്‌കി വിപണിയിൽ കുതിച്ചുയരാൻ ഇന്ന് കണ്ണുവെക്കുന്നത് ഇന്ത്യൻ വിസ്‌കി ബ്രാൻഡുകളിലേക്കാണ്. ബോളിവുഡ് താരങ്ങൾക്കും ഇന്ത്യൻ സംഗീതത്തിനുമൊപ്പം, ദുബായിലേക്കും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് കൊണ്ട് പെർനോഡ് അതിന്റെ ഇന്ത്യ സിംഗിൾ മാൾട്ടായ $48 ലോഞ്ചിറ്റ്യൂഡ് 77 കഴിഞ്ഞ ദിവസം പുറത്തിറക്കിയതും ഇതിന്റെ ഭാഗമാണ്. സംഗിൾ മാൾട്ട് വിസ്കി വിപണിയിൽ  അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ കഴിഞ്ഞുവെന്ന് പെർനോഡ് ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കാർത്തിക് മൊഹീന്ദ്ര പറഞ്ഞു.

കേരളത്തിൽ ധാന്യങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന മദ്യം നേരത്തെ തന്നെ നാടൻ പാരമ്പര്യത്തിൻ്റെ ഭാഗമായുണ്ട്. വിവിധയിനം അപൂർവ്വ നെല്ലിനങ്ങൾ ഇതിന് ഉപയോഗിച്ച് രുചി വ്യത്യാസങ്ങൾ അനുഭവിപ്പിച്ചിരുന്നു. നെല്ലിക്ക, നാളികേരം, തുടങ്ങിയ വസ്തുക്കളിൽ നിന്നും കേരളത്തിൻ്റെ തനത് സുഗന്ധ വ്യഞ്ജനങ്ങളുടെ രുചിയിൽ നിർമ്മിതികൾ ഉണ്ടായിരുന്നു. നാടൻ കള്ള് ഉപയോഗിച്ച് ബ്ലൻഡ് ചെയ്തവയും ഉണ്ടായിരുന്നു. റമ്മിൻ്റെ ഉറവിടം തന്നെയും ആയുർവേദത്തിലെ അരിഷ്ടങ്ങളുടെ രഹസ്യത്തിൽ നിന്നാണെന്ന ഒരു അവകാശവാദവും നിലനിൽക്കുന്നു എന്നാൽ ഇതിനെ കുറിച്ച് എന്തെങ്കിലും അന്താരാഷ്ട്ര വിപണി അധിഷ്ഠിത പഠനമോ ഗവേഷണമോ എവിടെയും പ്രോത്സാഹിപ്പിക്കപ്പെട്ടില്ല.

പെർനോഡിന്റെ വലിയ എതിരാളിയായ ഡിയാജിയോ കഴിഞ്ഞ വർഷം അതിന്റെ ആദ്യത്തെ ഇന്ത്യൻ സിംഗിൾ മാൾട്ടായ ഗോദവാൻ പുറത്തിറക്കി. വംശനാശഭീഷണി നേരിടുന്ന ഒരു വലിയ ഇന്ത്യൻ പക്ഷിയുടെ പേരിലാണ് ഈ ബ്രാൻഡ് അറിയപ്പെടുന്നത്. യു എസ്  ഉൾപ്പെടെ അഞ്ച് വിദേശ വിപണികളിലാണ് ഇന്ന് ഗോദവാൻ പോപ്പുലറായി മാറിയിരിക്കുന്നത്.

2021-22ൽ 144% ഉയർച്ച കൈവരിച്ച ഇന്ത്യൻ സിംഗിൾ മാൾട്ടുകൾ  സ്കോച്ചിന്റെ 32% വളർച്ചയെയാണ് മറികടന്നതെന്ന് ഐഡബ്ല്യു എസ് ആർ ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2027 വരെയുള്ള കാലയളവിൽ സ്കോച്ചിനെ അപേക്ഷിച്ച് ഇന്ത്യൻ മാൾട്ടുകളുടെ ഉപഭോഗം 13% വളർച്ച കൈവരിക്കുമെന്നും ഇവർ പ്രവചിക്കുന്നു. നിലവിൽ ഇത് 8% ആണ്.

ദാവൂദ് ഇബ്രാഹിം വിഷബാധയേററ് ആശുപത്രിയിൽ

0

അധോലോക കുറ്റവാളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമിനെ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് വിവരം. കടുത്ത വിഷബാധ ഏറ്റുവെന്നാണ് വാർത്ത.

ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്കുപ്രവേശനം. ദാവൂദിന് വിഷബാധയേറ്റതായി സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ കുടുബങ്ങളുടെ ഭാഗത്തു നിന്നോ ആശുപത്രിയിൽ നിന്നോ സ്ഥിരീകരണമുണ്ടായിട്ടില്ല.

കറാച്ചിയിലെ അബ്ദുള്ള ഖാസി ബാബ ദര്‍ഗയ്ക്ക് പിറകിലെ റഹിംഫക്കിക്ക് സമീപം പ്രതിരോധ മേഖലയിലാണ് ദാവൂദിന്റെ താമസമെന്ന് സഹോദരി ഹസീന പാര്‍ക്കറുടെ മകന്‍ അലി ഷാ പാര്‍ക്കര്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ വീണ്ടും വിവാഹം കഴിച്ചതായും ഇയാള്‍ മൊഴിനല്‍കിയിരുന്നു. ദാവൂദ്-മയ്സാബിന്‍ ദമ്പതിമാര്‍ക്ക് മഹ്രൂഖ്, മെഹ്റിന്‍, മസിയ എന്നീ മൂന്ന് പെണ്‍മക്കളും മോഹിന്‍ നവാസ് എന്ന മകനുമാണുള്ളത്. മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദാണ് മഹ്രൂഖിന്റെ ഭര്‍ത്താവ്. ദാവൂദിന് നാല് സഹോദരന്മാരും നാല് സഹോദരികളുമാണുള്ളത്.

ഗവർണർ നേരിട്ടെത്തി അഴിപ്പിച്ചു, എസ് എഫ് ഐക്കാർ വീണ്ടും കെട്ടി, പിന്നിൽ മുഖ്യമന്ത്രിയെന്ന് ഗവർണർ

0

സർക്കാരും ഭരണപക്ഷ സംഘടനകളുമായുള്ള ഏറ്റുമുട്ടലിന് നേരിട്ട് ഇറങ്ങി ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നിന്നും ചരിത്രത്തിൽ ഇതുവരെ കാണാത്ത നടപടികളുമായി ഗവർണർ എത്തിയപ്പോൾ എതിർ രാഷ്ട്രീയവും ചടുലമാവുന്ന കാഴ്ചയാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ട് ഞായറാഴ്ച രാത്രി ഗവര്‍ണര്‍ അഴിപ്പിച്ചു. രാത്രി ഏഴോടെയാണിത്. എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമാണ് രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയത്.

മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും എസ്.പിക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി.

ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്ന ഭീഷണി മുഴക്കി. അങ്ങനെ ചെയ്താല്‍ നിങ്ങളായിരിക്കും അതിന്റെ ഉത്തരവാദി എന്നും എസ്.പിതന്നെ ബാനര്‍ നീക്കണമെന്നും ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പോലീസ് ബാനറുകള്‍ നീക്കിയത്.

വീണ്ടും കെട്ടി കോലവും കത്തിച്ചു

പോലീസ് നീക്കിയതിന് തൊട്ടുപിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ വീണ്ടും കെട്ടി. ഗവര്‍ണറുടെ കോലവും കത്തിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എംആര്‍ ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടായി.

നാടകീയ സംഭവങ്ങള്‍ക്കിടെ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഗസ്റ്റ് ഹൗസിലേക്ക് നേരിട്ടെത്തുകയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഗവര്‍ണര്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണിത്. തങ്ങളുടെ ഒരു ബാനര്‍ നീക്കിയാല്‍ പകരം നൂറ് ബാനര്‍ ഉയര്‍ത്തുമെന്ന വെല്ലുവിളി നേരത്തെ എസ്എഫ്‌ഐ നേതാക്കള്‍ മുഴക്കിയിരുന്നു. ഇടതക്കമുള്ളവയാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ഉയര്‍ത്തിയ ബാനര്‍ അടക്കമുള്ളവയാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് പോലീസ് നീക്കിയത്.

സർക്കാരിനെതിരെ പത്രക്കുറിപ്പുമായി രാജ്ഭവൻ

കേരളത്തിലെ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്ന് ആരോപിച്ച് രാജ്ഭവന്‍ പത്രക്കുറിപ്പ് ഇറക്കി.

ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനു നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി ആണെന്നും രാജ്ഭവന്‍ ആരോപിച്ചു. ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നില്ലെന്നും കേരളത്തിലെ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നുമാണ് രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കടുപ്പിച്ച് മുഖ്യമന്ത്രിയും

അസാധാരണ വാര്‍ത്താക്കുറിപ്പിറങ്ങിയതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ്  ഖാനെന്തറിയാം?.മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി?.എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.നായനാരെയും കെ. കരുണാകരന്‍റെയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല.

ഗവര്‍ണറെ  ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്.

പത്രക്കുറിപ്പ് ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമെന്ന് എം വി ഗോവിന്ദൻ

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദന്‍ പറഞ്ഞു. 

‘സര്‍വകലാശാലകളില്‍ ആര്‍എസ്എസ്, സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവര്‍ണറുടെ ശ്രമം. സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിത്. ഇതിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്.’ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിര്‍ക്കാനെന്നവണ്ണം ചാന്‍സിലര്‍ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെ എംവി ഗോവിന്ദന്‍ പറഞ്ഞു. 

 ‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍’  കണ്ണൂരിന് എതിരായ പരമാർശം ഏറ്റുപിടിച്ച് മുഹമ്മദ് റിയാസും

‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍’ എന്നു പറയാൻ ഞങ്ങള്‍ക്കറിയാത്തതല്ലെന്നും ഗവർണറുടെ പദവിയെ ബഹുമാനിക്കുന്നതുകൊണ്ടാണ് അത് പറയാത്തതെന്നും മന്ത്രി മുഹമ്മദ് റിയാസ്. ‘ഐ നോ ദി ബ്ലഡി ഹിസ്റ്ററി ഓഫ് കണ്ണൂര്‍’ എന്ന ഗവർണറുടെ വാക്കുകൾ ഏറ്റുപിടിച്ചായിരുന്നു പ്രതിഷേധം.

കണ്ണൂരിന്റെ ചരിത്രം. കണ്ണൂരിന്റെ ചരിത്രം അത്ര മോശമാണോ. കോളനിവിരുദ്ധ പോരാട്ടം നടത്തി ഒട്ടനവധി പേര്‍ രക്തസാക്ഷിയായ മണ്ണാണ് കണ്ണൂര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച മണ്ണാണ് കണ്ണൂര്‍. എത്രയെത്ര പോരാട്ടങ്ങള്‍ കണ്ണൂരില്‍ നടന്നു. എന്നാല്‍ മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാനെന്താണ് കണ്ണൂരിനോടും കേരളത്തോടുമിത്ര വിദ്വേഷം എന്ന് റിയാസ് ചോദിച്ചു

മംഗലാപുരം കേന്ദ്രീകരിച്ച് ആര്‍.എസ്.എസ്. കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ വേണ്ടി ആദ്യം തിരഞ്ഞെടുത്ത പ്രദേശം ഇതേ കണ്ണൂരാണ്. 1970 ഡിസംബറില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ്. കണ്ണൂരിലെ തലശ്ശേരിയെ തിരഞ്ഞെടുത്തു. അന്ന് കുപ്രചരണങ്ങളുടെ ഭാഗമായി ഒരു മുസ്ലീം പള്ളി ആക്രമിക്കപ്പെടാന്‍ പോയി സി.പി.എം. നേതാവ് യു.കെ. കുഞ്ഞിരാമന്‍ ചിലര്‍ക്കൊപ്പം പള്ളിക്ക് കാവലിരുന്നു. നീ മാപ്പിളയുടെ സന്തതിയെന്ന് പറഞ്ഞ് യു.കെ. കുഞ്ഞിരാമനെ ആര്‍.എസ്.എസുകാര്‍ വകവരുത്തി. അവിടെ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെ കലാപം നടത്തരുതെന്നും മതസാഹോദര്യത്തോടു കൂടി നിലകൊള്ളണമെന്നും പറഞ്ഞ് ഒരു കറുത്ത ജീപ്പില്‍ ചുവന്ന പതാകയുമായി ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ ഒരു അനൗണ്‍സ്‌മെന്റ് വാഹനം പോയി.

ഞങ്ങളുടെ ജീവന്‍ പോയാലും തലശ്ശേരിയുടെ മണ്ണില്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുമെന്ന് ആഹ്വാനം ചെയ്തു. അതിനു നേതൃത്വം കൊടുത്ത ചെറുപ്പക്കാരന്‍ ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. കണ്ണൂരുള്‍പ്പടെ കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെ ചരിത്രം മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം. നിങ്ങളിരിക്കുന്ന പദവി കൊണ്ടാണ് നിങ്ങളെ ബഹുമാനിക്കുന്നത്. നിങ്ങളുപയോഗിക്കുന്ന അതേ വാക്കുപയോഗിച്ച് നിങ്ങളെയും തിരിച്ചു പറയാന്‍ ഞങ്ങള്‍ക്കറിയാം. ‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍’ എന്നു പറയാൻ ഞങ്ങള്‍ക്കറിയാത്തതല്ല. നിങ്ങളിരിക്കുന്ന പദവിയെ ഞങ്ങള്‍ ബഹുമാനിക്കുന്നതു കൊണ്ടാണ് പറയാത്തത്.-മന്ത്രി പറഞ്ഞു.

ആയുധ ഫാക്ടറിയിൽ സ്ഫോടനം, ഒമ്പത് പേർ വെന്തു മരിച്ചു, ജനക്കൂട്ടം ഫാക്ടറി ഉപരോധിച്ചു

മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെ ബസാർഗാവിലെ സോളാർ ഇൻഡസ്ട്രീസ് ഫാക്ടറിയുടെ കാസ്റ്റ് ബൂസ്റ്റർ യൂണിറ്റിലാണ് രാവിലെ ഒമ്പത് മണിയോടെ സ്‌ഫോടനം ഉണ്ടായത്. ഖനന സ്ഫോടനത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് ഫാക്ടറിയിൽ നിർമ്മിച്ചിരുന്നതെന്ന് പിടിഐ വൃത്തങ്ങൾ അറിയിച്ചു.

സ്‌ഫോടനം നടക്കുമ്പോൾ സ്‌ഫോടകവസ്തുക്കൾ പൊതിയുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു.

സ്‌ഫോടനത്തെ തുടർന്ന്, നാട്ടുകാരും ഫാക്ടറി തൊഴിലാളികളുടെ ബന്ധുക്കളും അടങ്ങുന്ന 200ഓളം പേരടങ്ങുന്ന ജനക്കൂട്ടം ഫാക്ടറിയുടെ പ്രവേശന കവാടം തടയുകയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തതു. അപകടത്തിൽ രോഷവും സങ്കടവും പ്രകടിപ്പിച്ച അവർ, മൃതദേഹങ്ങൾ കാണുന്നതിന് പരിസരത്തേക്ക് പ്രവേശനം ആവശ്യപ്പെട്ടു. എങ്കിലും അനുവദിച്ചില്ല. പിന്നീട് പൊലിസ് എത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും ഫാക്ടറിക്ക് പുറത്ത് അമരാവതി-നാഗ്പൂർ റോഡും ഉപരോധിച്ചു.

രാവിലെ 9 മണിയോടെ സ്‌ഫോടനം നടന്ന പരിസരത്ത് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇപ്പോഴും ഉണ്ടെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

സ്‌ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അപകടം ദൗർഭാഗ്യകരമാണെന്നും ഒമ്പത് പേരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനത്തിൽ കാലതാമസം നേരിട്ടിട്ടില്ലെന്ന് നാഗ്പൂർ ജില്ലാ കളക്ടർ വിപിൻ ഇടങ്കർ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

“ഫാക്‌ടറി സ്‌ഫോടക വസ്തുക്കളും ഡ്രോണുകളും നിർമ്മിക്കുന്നതിൽ വ്യാപൃതമായതിനാൽ, റെസ്‌ക്യൂ ടീമുകളുമായുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഭരണകൂടത്തിന് നിരവധി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ട ഉത്തവാദിത്തം ഉണ്ടായിരുന്നു എന്ന് രക്ഷാ പ്രവർത്തനം താമസിച്ചതിനെ ന്യായീകരിച്ചു.

നിരത്തിലിറങ്ങി ഉത്തരവുകളുമായി ഗവർണർ പിന്നെയും എസ് എഫ് ഐക്ക് നേരെ

0

കാലിക്കറ്റ്‌ സർവകലാശാലയിൽ  എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടി. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ഒരു കുടുംബത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗവർണർ ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി നടപടി നിർദ്ദേശിച്ചത്.  ബാനറുകൾ അഴിച്ചു മാറ്റത്തതിലുള്ള അതൃപ്തി പൊലീസിനോട് പ്രകടിപ്പിച്ചു. തുടർന്ന് രാജ്യസഭാ സെക്രട്ടറിയെ ഫോണിൽ വിളിച്ചു വി സിയോട് വിശദീകരണം തേടാൻ  നിർദേശിച്ചത്.

 ‘ചാൻസലർ ഗോ ബാക്ക്’ബാനറുകളും ബോർഡുകളും കറുപ്പിലാണ്. ‘സംഘി ചാൻസലർ വാപസ് ജാ’ ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നിങ്ങനെയാണ് ബാനറുകൾ.

ഗവണർ ആർ എസ് എസ് നിർദ്ദേശം അനുസരിച്ച് പെരുമാറുന്നു എന്ന് മുഖ്യമന്ത്രി

ഇതിനിടെ ഗവർണർ ആർഎസ്എസ് നിർദേശം അനുസരിച്ച് പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവർണറുടെ നടപടി പ്രതിഷേധങ്ങൾ വിളിച്ചുവരുത്തുന്നു.ഗവർണർ എന്തൊക്കെയോ പറയുന്നു. പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്രത്തിന്റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി ഗവർണർ നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ​ഗവർണർ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലാണ്. പ്രതിഷേധക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 നിയമസഭ തീരുമാനിച്ചിട്ടും ചാന്‍സിലര്‍ പദവിയില്‍ കടിച്ചു തൂങ്ങുന്ന ഗവര്‍ണര്‍, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സുരക്ഷയില്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി പി രാജീവ് വിമര്‍ശിച്ചു. പേരക്കുട്ടികളുടെ പ്രായമുള്ളവരെ വെല്ലുവിളിക്കുന്ന ഗവര്‍ണര്‍ സ്വന്തം പ്രായം നോക്കണമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. എസ് എഫ് ഐ ഇന്ന് പ്രതിഷേധം ഒഴിവാക്കിയെങ്കിലും കനത്ത സുരക്ഷയിലാണ് സര്‍വകലാശാല.

കോവിഡ് വകഭേദം സംസ്ഥാനത്ത് നാല് മരണം, വലിയ ആശങ്ക തിരികെ

0

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആശങ്കയായി ഉയരുന്നു. രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള 1492 കേസുകളില്‍ 1324 കേസുകളും കേരളമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത് നാല് കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആശങ്ക വീണ്ടും പിടിമുറുക്കകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടക്കുന്നത് കേരളത്തിലാണ് കൃത്യമായ പരിശോധനകൾ നടക്കുന്നത്. കോവിഡ് ജാഗ്രത കൈവെടിയരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

കോഴിക്കോട് കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജെഎൻ.1 കോവിഡ് (covid 19) വകഭേദം

കേരളത്തിൽ ജെഎൻ.1 കോവിഡ് (covid 19) വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ബിഎ.2.86ന്റെ പിൻഗാമിയായ ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദം കേരളത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയതായി ഇന്ത്യ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം (INSACOG)ആണ് സ്ഥിരീകരിച്ചത്.

പുതിയ കോവിഡ്-19 ഭീഷണി തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു മൾട്ടി ലബോറട്ടറി, മൾട്ടി ഏജൻസി, പാൻ-ഇന്ത്യ നെറ്റ്‌വർക്കാണ് INSACOG.അതിവേഗം പടരുന്ന വൈറസാണിതെന്നും ഇതിന്റെ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും  INSACOGനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ ആശങ്ക വേണ്ട എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.


ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതായി നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്ക് ഫോഴ്സിന്റെ സഹ ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു. “കേരളത്തിൽ ഉൾപ്പെടെ ആളുകളിൽ കൊവിഡ വ്യാപിക്കുന്നുണ്ട്. എന്നാൽ, രോഗത്തിന്റെ ഗുരുതരാവസ്ഥ പഴയ പോലെ തന്നെയാണ്. ജീനോം സീക്വൻസിങ് പ്രകാരം എല്ലാ പ്രദേശങ്ങളിലും പടർന്ന് പിടിക്കാവുന്ന താരത്തിലുള്ള വൈറസാണിത്.

2023 ഏപ്രിലിൽ ‘XBB’ കോവിഡ് വൈറസ് വകഭേദം ഇത്തരത്തിൽ പടരുന്നതായിരുന്നു. ഡിസംബറിൽ നടത്തിയ ജീനോം സീക്വൻസിങ്ങിൽ കേരളത്തിലാണ് ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. 
അതിവേഗം പടരുന്നതും ഗുരുതരമായി രോഗപ്രതിരോധ ശേഷിയെ തകർക്കുന്നതുമായ ഒരു കോവിഡ് 19 വകഭേദമാണിതെന്ന് രാജീവ് ജയദേവൻ കൂട്ടിച്ചേർത്തു. “മുൻകാല വകഭേദങ്ങളിൽ വ്യത്യസ്തമാണ് ഈ വകഭേദം. നേരത്തെ കോവിഡ് ബാധിച്ചവരെയും കോവിഡ് വാക്സിൻ എടുത്തവരേയും ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദം ബാധിക്കും. നിരവധി പടിഞ്ഞാറൻ രാജ്യങ്ങളിൽ ഈ വകഭേദം അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ശിശുക്ഷേമ സമിതി നവമാധ്യമ പുരസ്‌കാരം അഞ്ജന ശശിക്ക്

0

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രഥമ കെ.എം ബഷീര്‍ സ്മാരക നവമാധ്യമ പുരസ്‌കാരം പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ അഞ്ജന ശശിക്ക്. വിഷാദം, നൈരാശ്യം, പഠന പ്രശ്നങ്ങൾ, ഡിജിറ്റല്‍ അടിമത്വം എന്നിങ്ങനെ കുട്ടികളെ സ്വയം ഹത്യയിലേക്ക് നയിക്കുന്ന വർത്തമാന കാല പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണ പഠന പരമ്പരയാണ് അവാർഡിന് പരിഗണിച്ചത്.

കുട്ടികളെ സംബന്ധിച്ച മികച്ച ടെലിവിഷന്‍ പരിപാടിയ്ക്കുള്ള ശിശുക്ഷേമ സമിതിയുടെ പ്രത്യേക പുരസ്‌കാരം യുവ പത്രപ്രവർത്തക പി.ആര്യക്ക് ലഭിച്ചു. ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത പഠിക്കുന്ന പരമ്പരയാണ് അവാർഡിന് പരിഗണിച്ചത്. ഇരുവരും ഇപ്പോൾ മാതൃഭൂയിൽ പത്രപ്രവർത്തകരാണ്.

ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച ടെലിവിഷൻ പരിപാടിക്കുള്ള  ടി എൻ ഗോപകുമാർ സ്മാരക അവാർഡ് മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടൻ്റായി ജോലി ചെയ്യുന്ന പ്രശാന്ത് ആർ നായർക്ക് ലഭിച്ചു.

ശിശുക്ഷേമ സമിതിയുടെ എന്‍.നരേന്ദ്രസ്മാരക പ്രത്യേക പുരസ്കാരം മാധ്യമം കറസ്പോണ്ടന്‍റ് അനിരു അശോകന് ലഭിച്ചു. 2022ലെ സംസ്ഥാന സ്കൂള്‍ കായികമേളയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയ്ക്കാണ് അവാർഡ്.

കുട്ടികളെ സംബന്ധിച്ച മികച്ച പത്രവാര്‍ത്തയ്ക്കുള്ള അവാര്‍ഡ് ദേശാഭിമാനിയിൽ ചീഫ് സബ് എഡിറ്ററായിരിക്കുന്ന റഷീദ് ആനപ്പുറത്തിനു ലഭിച്ചു. ദീപിക ദിനപത്രം പാലക്കാട് ബ്യൂറോചീഫ് ആയി പ്രവർത്തിക്കുന്ന എം.വി. വസന്തിനാണ് പ്രത്യേക പുരസ്കാരം. വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ്, മികച്ച വാര്‍ത്താചിത്രം കെ.ബി.സിബു (മലയാള മനോരമ) നേടി.

പുരസ്ക്കാരങ്ങള്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച രാവിലെ പതിനൊന്ന്മണിക്ക് ശിശുക്ഷേമ സമിതി അങ്കണത്തില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.

ഇത്തവണ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികളുടെ മികച്ച റിപ്പോര്‍ട്ടിംഗിനും സമഗ്ര കവറേജിനുമുള്ള മാധ്യമ പുരസ്ക്കാരങ്ങളും അന്ന് സ്പീക്കര്‍ വിതരണം ചെയ്യും.

കെ.ഇ. ഇസ്മയിലിൻ്റെ പ്രസ്താവന തള്ളി മന്ത്രി പി. പ്രസാദ്

0

ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാക്കിയതിൽ കെ.ഇ. ഇസ്മയിലിൻ്റെ എതിർ പ്രസ്താവന തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിന്‍മുറക്കാരെ ആരും ശുപാര്‍ശ ചെയ്തതല്ല എന്നാണ് വിശദീകരണം.

പിന്തുടര്‍ച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ.ഇ. ഇസ്മയിലിന്റെ പരാമര്‍ശം.

അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയടക്കമാണ് ബിനോയ് വിശ്വത്തെ ചുമതല ഏല്‍പ്പിക്കാൻ തീരുമാനിച്ചത്. അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പ്രസാദ് പറഞ്ഞു.

ഇസ്മയില്‍ ഈ രീതിയില്‍ പ്രതികരിച്ചതിന്റെ കാരണം വ്യക്തമല്ല. കാനം കത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു പാര്‍ട്ടി ഘടകത്തിനായിരിക്കും. പാര്‍ട്ടി സംഘടനാരീതിയനുസരിച്ച് അത് പൊതുജന സമക്ഷം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും പി. പ്രസാദ് പറഞ്ഞു.

ശസ്ത്രക്രിയയെത്തുടര്‍ന്ന് മൂന്നുമാസം വിശ്രമം വേണമെന്ന് കാനം ആവശ്യപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.പി. സുനീറും ഇ. ചന്ദ്രശേഖരനും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ചേര്‍ന്ന കൂട്ടായ നേതൃത്വമായിരിക്കും പാര്‍ട്ടിക്കെന്നായിരുന്നു ഔദ്യോഗിക വിശദീകരണം വന്നിരുന്നത്.

അവധിക്കുള്ള കാനത്തിൻ്റെ കത്തില്‍ ബിനോയ് വിശ്വത്തിന് തനിക്ക് പകരം ചുമതലനല്‍കാമെന്ന് നിര്‍ദേശിച്ചതായാണ് അന്ന് വാര്‍ത്തകൾ ഉണ്ടായത്. കാനം പകരക്കാരനെ നിര്‍ദേശിച്ചുവെന്ന തരത്തിലായി ഇത്. ഈ കത്തിന്റെ ശരിതെറ്റുകളാണ് ഇസ്മയില്‍ ചോദ്യംചെയ്തത്. പകരക്കാരനെ നിര്‍ദേശിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യക്തമാക്കി. അങ്ങിനെ കത്തുകളെ പിന്തടരുന്നത് പാർട്ടി രീതിയല്ല എന്നും സൂചിപ്പിച്ചു.

‘വികസനം മുടക്കു മന്ത്രി, തറവാട്ട് സ്വത്തിൽ നിന്നല്ല കേരളം പണം ചോദിച്ചത്’ വി.മുരളീധരന് എതിരെ റിയാസ്

0

കേന്ദ്രമന്ത്രി വി. മുരളീധരനെ സംസ്ഥാന വികസനം മുടക്കു മന്ത്രി എന്ന് വിശേഷിപ്പിച്ച് പി.എ. മുഹമ്മദ് റിയാസ്. കേരളം പണം ചോദിച്ചത് മുരളീധരന്റെ തറവാട്ട് സ്വത്തിൽനിന്നല്ല എന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.

അവകാശപ്പെട്ട പണമാണ് ചോദിച്ചത്. ജനിച്ചുവളർന്ന നാട് നശിച്ചുകാണാനുള്ള വികൃത മനസ്സായി മുരളീധരന്റെ മനസ്സ് മാറിയെന്നതാണ് യാഥാർത്ഥ്യം. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അ​ദ്ദേഹത്തിന്റെ നിലപാട് എന്താണ്. ഏതെങ്കിലും ഒരു വികസന പ്രവർത്തനത്തോട് കേന്ദ്രമന്ത്രിയെന്ന നിലയിൽ സഹകരിച്ചിട്ടില്ല. മാത്രമല്ല അത് മുടക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് കേരള സംസ്ഥാന വികസന മുടക്കുമന്ത്രിയെന്ന് വിശേഷിപ്പിക്കുന്നത്. അത് ജനങ്ങൾ പൊതുവേ പറയുന്ന കാര്യമാണ് എന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ റെയിൽവേ സ്റ്റേഷനിൽ വെച്ച് നാട്ടുകാർ പിടികൂടി, കുട്ടിയെ രക്ഷപെടുത്തി

കഞ്ചിക്കോട് മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ് പോലീസ് പിടിയിലായത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കഞ്ചിക്കോടുനിന്ന് കുട്ടിയുമായി സെന്തില്‍കുമാര്‍ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ സംശയം തോന്നിയ ഡ്രൈവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമമാണെന്ന് വ്യക്തമായത്. പിന്നീട് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

ഇതിനിടെ വൈക്കത്ത് സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയ 13-കാരനെ കാണാതായതായി പരാതി. വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകന്‍ അഥിനാ(13)നെയാണ് കാണാതായത്. രാത്രി ഏഴരയോടെ സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി മടങ്ങുന്നതിനിടയിലാണ് കാണാതാവുന്നത്. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.