സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു. വടക്കൻ ഗാസയിലാണ് സംഭവം.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനിടെ പിടിയിലായ നൂറോളം പേര്‍ ഇപ്പോഴും ഗാസയില്‍ ബന്ദികളായി തുടരുന്നുണ്ട്. ഗാസയിലെ ഷെജയ്യയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സംഘമാണ് മൂവരേയും കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു.
കൊല്ലപ്പെട്ട ബന്ദികളായ മൂന്ന് പേരേയും ഇസ്രയേലിലെത്തിച്ചിട്ടുണ്ട്. ഇസ്രയേല്‍ സൈന്യത്തിനെതിരെ ചാവേറാക്രമണം അടക്കം ഒട്ടേറെ ഭീഷണികള്‍ നേരിട്ടിരുന്ന ഒരു പ്രദേശത്തുവെച്ചാണ് അബദ്ധത്തിലുള്ള വെടിവെയ്പ്പുണ്ടായതെന്ന് ഐഡിഎഫ് വാക്താവ് റിയര്‍ അഡ്മിറല്‍ റിയല്‍ ഹഗാരി സംഭവത്തെ ന്യായീകരിച്ചു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സൈന്യം ഏറ്റെടുക്കുന്നതായും അദ്ദേഹം അറിയിച്ചു.
വടക്കന്‍ ഗാസയിലെ ഷെജയ്യ ഹമാസിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ നേരത്തെ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം ഒമ്പത് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ബന്ദികള്‍ സ്വന്തം സൈനികരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രേയേലില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഗാസയില്‍ വെടിനിര്‍ത്താന്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലിനുമേല്‍ സമ്മര്‍ദംചെലുത്തിവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
വ്യാഴാഴ്ച ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സ്‌പെയിന്‍, ബെല്‍ജിയം, അയര്‍ലന്‍ഡ്, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ ആവശ്യമുന്നയിച്ചിരുന്നു. ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളുടെ തീവ്രതകുറയ്ക്കാനും സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാനും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു. ആക്രമണം തുടരുന്നത് ക്രൂരതയാണെന്ന് തുറന്നടിക്കയും ചെയ്തു. വെടിനിര്‍ത്തല്‍, ബന്ദിമോചനം എന്നിവയ്ക്കുള്ള സാധ്യതകള്‍ തേടി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇസ്രയേലിലെത്തുകയും ചെയ്തിട്ടുണ്ട്.
ഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവിധ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം.
അവസരങ്ങൾ; വിവിധ ട്രേഡുകളിലായി 3093 പേരെയാണ് തിരഞ്ഞെടുക്കുക.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://rrcnr.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും വിരലടയാളവും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.
ട്രേഡുകൾ: മെക്കാനിക്കൽ/ ഡീസൽ, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, കാർപ്പെന്റർ, എം.എം.വി., ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി.ആൻഡ്.ജി)/ വെൽഡർ സ്ട്രക്ചറൽ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, ടർണർ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്‌മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, ട്രിമ്മർ, ഇലക്‌ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വയർമാൻ, റിവെറ്റർ, ബ്ലാക്ക് സ്മിത്ത്, കോപ്പാ, വെൽഡർ/ ഗ്യാസ് ആൻഡ് ഇലക്‌ട്രിക്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, പ്ലെയിറ്റ് ഫിറ്റർ, ജനറൽ ഫിറ്റർ, സ്ലിങ്ങർ, എം.ഡബ്ല്യു.ഡി. ഫിറ്റർ, പൈപ്പ് ഫിറ്റർ, മെക്കാനിക് മോട്ടാർ വെഹിക്കിൾ. ഓരോ ട്രേഡിലെയും സംവരണ വിഹിതം ഉൾപ്പെടെ ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./ എസ്.സി.വി.ടി.) പ്രായം: 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാ ക്കുക.
ഫീസ്: വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവെന്റ്‌സിനുള്ള പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജില്ലാതല വിജ്ഞാപനമാണ്. നാല് വർഷത്തിനുശേഷമാണ് ഈ തസ്തികയിലേക്ക് വിജ്ഞാപനം വരുന്നത്.
ഇത്തവണ ഒറ്റപരീക്ഷ എഴുതിയാൽ മതി
എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
യോഗ്യത: ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ല. ഏഴാം ക്ലാസ് ജയമാണ് യോഗ്യത. കൃഷിവകുപ്പിൽ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഉൾപ്പെടെ 46 തസ്തികകൾക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം റുസ്യുകെ ഹാമാഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ഈവില്‍ ഡസ് നോട്ട് എക്‌സിസ്റ്റ് ‘ സ്വന്തമാക്കി. വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം വൃദ്ധദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ സണ്‍ഡേ സിനിമയുടെ സംവിധായകന്‍ ഷോക്കിര്‍ കോലികോവ് സ്വന്തമാക്കി. കൂടാതെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കോലികോവിന്റെ സണ്‍ഡേയ്ക്കാണ്. ഉസ്ബെക്കിസ്ഥാന്‍ സംവിധായകനായ കോലികോവിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് സണ്‍ഡേ.
മലയാള ചിത്രം ‘തടവ്’ സംവിധാനം ചെയ്ത ഫാസില്‍ റസാഖിനാണ് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം. മേളയിലെ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരവും തടവ് കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ട’ത്തിനാണ്.
മികച്ച നവാഗത ഇന്ത്യന്‍ സംവിധായകനുള്ള പുരസ്‌കാരം കെര്‍വാള്‍ ചിത്രത്തിൻ്റെ സംവിധായകൻ ഉത്തം കമാട്ടി നേടി. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ സംവിധായക ശ്രുതി ശരണ്യത്തിനു ലഭിച്ചു.
മിഗുവേല്‍ ഹെര്‍ണാണ്ടസും മാരിയോ മാര്‍ട്ടിനും ശബ്ദ രൂപകല്‍പ്പന ചെയ്ത മെക്‌സിക്കന്‍ ചിത്രം ഓള്‍ ദി സൈലന്‍സ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം ലഭിച്ചു. ലിലിയാന വില്ലസെനര്‍, മിഗുവേല്‍ ഹെര്‍ണാണ്ടസ്, മാരിയോ മാര്‍ട്ടിന്‍ കോമ്പസ് എന്നിവര്‍ ശബ്ദ രൂപകല്‍പന ചെയ്ത മെക്‌സിക്കന്‍ ചിത്രം ഓള്‍ ദി സൈലന്‍സ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം നേടി.
സിനിമാരംഗത്ത് സംവിധായകര്‍ക്കു നല്‍കുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി. മികച്ച അന്താരാഷ്ട്ര ചിത്രമായി പ്രിന്‍സണ്‍ ഇന്‍ ദ ആന്‍ഡസ് തിരഞ്ഞെടുക്കപ്പെട്ടു. സത്യത്തിനും സ്നേഹത്തിനും നന്മക്കും മാത്രമേ മാനവരാശിയെ രക്ഷിക്കാനാകുവെന്ന് മറുപടി പ്രസംഗത്തിൽ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു. ഇവയുടെ നിലനിൽപ്പിനെ നിരാകരിക്കാൻ പാടില്ല. ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിന് ജീവിതത്തിൽ ഇടമുണ്ടന്നും കലയ്ക്ക് അതിലുപരി പ്രാധാന്യമുണ്ടെന്നും സനൂസി വ്യക്തമാക്കി.
20 ലക്ഷമാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് സമ്മാനത്തുകയായി നല്‍കുന്നത്. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
ഏഴു രാപകലുകള്‍ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകള്‍ക്കാണ് ഇന്ന് തിരശ്ശീല വീണത്. വിവധ രാജ്യങ്ങളില്‍ നിന്നുള്ള 172 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയായി.
മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ അരീക്കോട്- മഞ്ചേരി പാതയില്‍ ചെട്ടിയങ്ങാടിയിലാണ് അപകടം.
ഓട്ടോ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് പുതുപ്പറമ്പില്‍ അബ്ദുല്‍മജീദ് (58), മഞ്ചേരി കിഴക്കേത്തല കരിമ്പുള്ളകത്ത് ഹമീദിന്റെ ഭാര്യ മുഹ്സിന(35), സഹോദരിയും കരുവാരക്കുണ്ട് ഐലാശ്ശേരി വെള്ളയൂരിലെ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ തസ്നി (33), തസ്നിയുടെ മക്കളായ റിന്‍ഷ ഫാത്തിമ (12), റൈഹ ഫാത്തിമ (നാല്) എന്നിവരാണ് മരിച്ചത്.
മുഹ്സിനയുടെ മക്കളായ ഹസ ഫാത്തിമ (ആറ്), മുഹമ്മദ് നിഷാദ് (11), മുഹമ്മദ് അഹ്സന്‍ (നാല്), തസ്നിയുടെ മകന്‍ മുഹമ്മദ് റയാന്‍ (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ബസിലെ ആര്‍ക്കും പരിക്കില്ല. കുട്ടികളടക്കം ഒന്‍പതുപേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. അബ്ദുല്‍ മജീദും തസ്നിയും റിന്‍ഷാ ഫാത്തിമയും സംഭവസ്ഥലത്തുവെച്ചും മുഹ്സിനയും റൈഹ ഫാത്തിമയും മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയിലുമാണ് മരിച്ചത്.
മഞ്ചേരി കിഴക്കെത്തലയില്‍നിന്ന് പൂല്ലൂരിലുള്ള ഉമ്മയുടെ വീട്ടിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്നു കുടുംബം. വിദേശത്തുനിന്ന് രണ്ടുദിവസം മുന്‍പ് നാട്ടിലെത്തിയ തസ്നി കഴിഞ്ഞദിവസം മാതാപിതാക്കളെ കാണാന്‍ മഞ്ചേരിയിലെ വീട്ടിലെത്തിയതാണ്. ഇവിടെനിന്ന് വല്യുമ്മയുടെ പുല്ലൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു.
കര്‍ണാടകയിലെ ഹൊസൂരില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. അപകട കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയിലേക്ക് കൊണ്ടുവന്നതായിരുന്നു ഇയാളെ. തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയില്‍വെച്ചാണ് പ്രതി ട്രെയിനിൽ നിന്നും ചാടിയത്.
മകളെ കൊന്നു, അമ്മയെ വെട്ടി
2023 ജൂണ്‍ ഏഴിന് വൈകിട്ട് ഏഴരയോടെയാണ് ഇയാള്‍ സ്വന്തം മകളായ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയേയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ശ്രീമഹേഷ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. നേരത്തേ മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
നക്ഷത്രയെ കൊലപ്പെടുത്തുന്നതിന് ഒന്നരവര്‍ഷം മുൻപ് ഇയാളുടെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനര്‍വിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറുമായി ശ്രീമഹേഷിന് വിവാഹാലോചന നടത്തിയിരുന്നെങ്കിലും മഹേഷിന്റെ സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു.
ഹാദിയ കേസിൽ നടപടികൾ അവസാനിപ്പിച്ചതായി ഹൈക്കോടതി. മകളെ ഏതാനും ആഴ്ചചകളായി കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകനാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹാദിയയെ വാർത്തകളിൽ എത്തിച്ച ഈ ഹർജിയിലാണ് നടപടികൾ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചത്.
കേസ് പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഹാദിയ പുനർവിവാഹിതയായ ശേഷം തിരുവനന്തപുരത്ത് താമസിച്ചു വരികയാണെന്നുള്ള റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഹാദിയ നിയമവിരുദ്ധമായ തടങ്കലിലല്ല എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. താൻ ആരുടേയും തടങ്കലിലല്ല കഴിയുന്നതെന്ന ഹാദിയയുടെ മൊഴിയും പൊലിസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഹാദിയയെ കാണാനില്ലെന്ന കേസിലെ നടപടികൾ അവസാനിപ്പിച്ചതായി കോടതി അറിയിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മകളെ കാണാനില്ലെന്നും മലപ്പുറം സ്വദേശിനി സൈനബ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഹാദിയയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പിതാവ് അശോകന്റെ പരാതി. ഇത് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി അശോകൻ ഹൈക്കോടതിയെ സമീപിച്ചത്.
വൈക്കം സ്വദേശിനിയായ ഹാദിയ തമിഴ്നാട്ടിൽ വിദ്യാർത്ഥി ആയിരിക്കേയാണ് മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തുകൊണ്ട് വാർത്തകളിൽ നിറയുന്നത്.ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങളാൽ മാസങ്ങളോളം വിവാദങ്ങളുടെ നിഴലിലായിരുന്ന ഹാദിയയുടെ വിവാഹം. ഹൈക്കോടതിയിൽ ഹായിയയ്ക്ക് എതിരായി വന്ന വിധി വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഹാദിയയുടെ ഇഷ്ടം ശരിവെക്കുകയായിരുന്നു.
സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. 15 അംഗ കമ്മിറ്റിയിൽ ഒൻപത് പേർ യോഗത്തിൽ പങ്കെടുത്തു.
ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലപാട് വ്യക്തമാക്കാനാവാതെ സാംസ്കാരിക വകുപ്പ് മന്ത്രി
കൈ വിടാനും സ്വീകരിക്കാനും പറ്റാത്ത അവസ്ഥയിലാണ് വിഷയത്തിൽ സാസ്കാരിക വകുപ്പ് മന്ത്രി നിലപാട് തുടരുന്നത്. നിയമസഭാ സമ്മേളനകാലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്ന് വകുപ്പ് മന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ലെന്നും താൻ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയതെന്നടക്കമുളള പരാമർശങ്ങളും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് നടത്തിയിരുന്നു
ചലച്ചിത്ര അക്കാദമിയില്‍ വ്യക്തികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി ഇതിനിടെ അഭിപ്രായപ്പെട്ടിരുന്നു. അക്കാദമിയില്‍ രഞ്ജിത്തിനെതിരെ പടയൊരുക്കമൊന്നുമില്ലെന്നും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വന്നാല്‍ വിട്ടിവീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്രഅക്കാദമിയുടെ ചരിത്രത്തിലെ അപൂർവസംഭവം
ജനറൽകൗൺസിൽ അംഗങ്ങളായ സംവിധായകൻ മനോജ് കാന, സി.പി.ഐ. പ്രതിനിധി എൻ. അരുൺ, മമ്മി സെഞ്ച്വറി മുഹമ്മദ് കുഞ്ഞ്, പ്രകാശ് ശ്രീധർ എന്നിവർ ചേർന്നാണ് രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയത്. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന വേദിയിൽത്തന്നെ ചെയർമാനെതിരേ സമാന്തരയോഗം ചേരുന്നതും അദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതും ചലച്ചിത്രഅക്കാദമിയുടെ ചരിത്രത്തിലെ അപൂർവസംഭവം. ജനറൽകൗൺസിൽ അംഗമായ കുക്കു പരമേശ്വനും ചെയർമാൻ രഞ്ജിത്തും കഴിഞ്ഞദിവസം ഇടഞ്ഞിരുന്നു.
രഞ്ജിത്തിനോട് നേരിട്ടുകണ്ട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. സംവിധായകൻ ഡോ. ബിജുവിനെയും നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിച്ചതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണംതേടിയത്.
അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു, സംവിധായകരെ അവഹേളിച്ചു പ്രശ്നങ്ങൾ പല തലത്തിൽ
തിയേറ്ററിൽ ആളുകയറാത്ത സിനിമകളെടുക്കുന്ന സംവിധായകനാണ് ഡോ. ബിജുവെന്നും എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നും അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞിരുന്നു. കേരളത്തിനും ഇന്ത്യക്കുമപ്പുറം സിനിമാലോകം ഉണ്ടെന്നുപോലും അറിയാത്ത രഞ്ജിത്തിനോട് സഹതാപം മാത്രമെന്നും മാടമ്പിത്തരവും ആജ്ഞാപിക്കലും കൈയിൽവെച്ചാൽ മതിയെന്നും ഡോ. ബിജുവും തിരിച്ചടിച്ചു.
നേരത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ആരോപണം ഉന്നയിച്ചിരുന്നു
ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാമെന്ന് രഞ്ജിത്ത് പ്രതികരിച്ചിരുന്നു. രഞ്ജിത്തിൻ്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും സോഷ്യൽ മീഡിയ ഉൾപ്പെടെ ചർച്ചാവേദികളിൽ വിവാദമായിരുന്നു. എന്നാൽ ഒരു പ്രമുഖ പത്രം ഉൾപ്പെടെ രഞ്ജിത്തിന് ഒപ്പം നിന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ് വേളയിൽ ഈ പത്രം രഞ്ജിത്തിൻ്റെ പേര് സ്ഥാനാർഥിത്വത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്നു. എന്നാൽ ശക്തമായ അഭിപ്രായ രൂപീകരണം ഉണ്ടായതോടെ പിൻവലിയുകയായിരുന്നു.
ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല
“അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്‍റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ വളരെ മോശമായ രീതിയില്‍ മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അവരവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഉണ്ടാകാം. അതിനെ പുച്ഛിച്ച് തള്ളുന്ന സമീപനം ആണ് രഞ്ജിത്തിന്‍റേത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല. ചലച്ചിത്ര അക്കാദമി ആണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോൾ ഞങ്ങൾ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഇത്തരത്തിലുള്ള ധിക്കാരപരമായ നടപടിയും കള്ളത്തരങ്ങളും ആണ് രഞ്ജിത്ത് പറയുന്നത്. സര്‍ക്കാരിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ഞങ്ങൾ ആർക്കും എതിരല്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഒന്നുകിൽ രഞ്ജിത് തന്റെ പരാമർശങ്ങൾ തിരുത്തണം. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം”, എന്നും മനോജ് കാന പറഞ്ഞു.
അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്സിക്യുട്ടീവ് മെമ്പര്‍മാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയര്‍മാന്‍ അല്ലെന്നും അതേററ്റിയും ചെര്‍മാന്‍ അല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാല്‍ ചെയര്‍മാന്‍റെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
രാജിവെക്കില്ല, ഉറച്ച് രഞ്ജിത്ത്
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍സ നിലവില്‍ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുമെന്ന് രഞ്ജിത്ത് അറിയിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെയാണ് ഉള്‍പ്പെടുത്തുക. ചെയര്‍മാന്‍ സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് രഞ്ജിത്ത് പറഞ്ഞു.
സംരക്ഷിക്കുന്നത് മന്ത്രിയെന്ന് വിനയൻ
സാംസ്കാരികമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ് രഞ്ജിത്ത് കയറൂരി വിട്ടതുപോലെ സംസാരിക്കുന്നതെന്ന് സംവിധായകൻ വിനയൻ. രഞ്ജിത്ത് മാനസികനില ഒന്നു പരിശോധിക്കണമെന്നും അല്ലാതെ ഇങ്ങനെയുള്ള വർത്തമാനമൊക്കെ പറയാൻപറ്റുമോ എന്നറിയില്ലെന്നും വിനയൻ പറഞ്ഞു.
ഡോ. ബിജു ആളുകയറാത്ത സിനിമയുടെ സംവിധായകനാണെന്ന് പറയുമ്പോൾ മന്ത്രിയോട് ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുകയാണ്. രഞ്ജിത്തിനോട് ചോദിക്കുന്നില്ല. അദ്ദേഹം മറുപടിയും പറയില്ല. അരവിന്ദനേയും അടൂർ ഗോപാലകൃഷ്ണനേയും ഷാജി എൻ കരുണിനേയുംപോലെ നൂറ് ദിവസം ഓടാത്ത സിനിമകൾ എടുക്കുന്നവർ ഇത്തരത്തിൽ പരിഹസിക്കപ്പെടേണ്ടവരാണോ എന്നും വിനയൻ ചോദിച്ചു.
രഞ്ജിത്ത് അദ്ദേഹത്തിനിഷ്ടപ്പെടാത്ത, വിദ്വേഷമുള്ള വ്യക്തികളെയെല്ലാം അധിക്ഷേപിക്കാനാണോ ചലച്ചിത്ര അക്കാദമി ചെയർമാന്റെ കസേര ഉപയോഗിക്കേണ്ടതെന്ന് മന്ത്രി പറയണം. സംസ്ഥാന പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് വ്യക്തമായ തെളിവുകളോടെ പരാതി കൊടുത്തപ്പോൾ രഞ്ജിത്ത് അങ്ങനെയൊന്നും ചെയ്യില്ല, അദ്ദേഹം ഇതിഹാസമാണെന്നുപറഞ്ഞ മന്ത്രിയാണ് ഈ പരിതസ്ഥിതിക്ക് ഉത്തരവാദിയെന്നും വിനയൻ പറഞ്ഞു.
വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്.
മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്ന ആവശ്യം കോടിതി സ്വീകരിച്ചില്ല.
കൊല്ലം തേവലക്കരയിൽ വയോധികയെ മരുമകള്‍ മഞ്ജു മർദ്ദിക്കുന്ന ദൃശ്യം പുറത്തായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 80 വയസുള്ള ഏലിയാമ്മ വർഗീസിനെ മരുമകളായ മഞ്ജു തള്ളിത്താഴെയിട്ട് അടിവയറ്റിൽ ചവിട്ടുകയും അടിക്കുകയും ചെയ്തു എന്നാണ് കേസ്. കമ്പി വടികൊണ്ടുള്ള ആക്രമണത്തിൽ കൈക്ക് പരിക്കേറ്റു. ഭക്ഷണം നൽകാതെ വീടിന് പുറത്താക്കി എന്നിങ്ങനെയാണ് പരാതികൾ.
നാലുമാസം മുന്‍പ് വൃദ്ധയ്ക്ക് മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഇതിനുശേഷവും മരുമകള്‍ വയോധികയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കസേരയിലിരുന്ന വയോധികയെ മരുമകള്‍ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിക്കാണാം. മകന്‍ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മര്‍ദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
സ്വന്തം ഭർത്താവ് ജെയ്സിനേയും പല തവണ മഞ്ജു മോൾ മർദ്ദിച്ചതായി എലിയാമ്മ പറഞ്ഞു. ഡബിൾ എം എ ക്കാരിയും ഹയർ സെക്കൻഡറി അധ്യാപികയുമാണ് മഞ്ജുമോൾ തോമസ്. സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് മഞ്ജുമോളുടെ ഭർത്താവ് ജെയ്സ്. മെഡിക്കൽ ഓൺലൈൻ മേഖലയിൽ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.
വയോധികയായ ഏലിയാമ്മ ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട്. എഞ്ചിനിയറായിരുന്നു ഇവരുടെ ഭർത്താവ്. ഇരുവരുടേയും സമ്പന്ന കുടുംബമാണ്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവി ഒരാഴ്ചയ്ക്കക്കം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിട്ടിരുന്നു. വധശ്രമം, മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമം. കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ നവീകരണത്തിന് തുടക്കമായി. ടെന്‍ഡർ നടപടികൾ പൂർത്തിയാക്കിയ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമനിര്‍മാണാനുമതി ലഭിച്ചു.
46 ഏക്കര്‍ വിസ്തൃതിയിലാണ് 445.95 കോടി രൂപ ചിലവ് കണക്കാക്കിയ വികസന പദ്ധതി വരുന്നത്. ‘എയര്‍ കോണ്‍കോഴ്സ്’ എന്ന ആകാശ ഇടനാഴി ഉൾപ്പെടുന്നതാണ് പദ്ധതി. 48 മീറ്റര്‍ വീതിയിലാണ് കോണ്‍കോഴ്സ് വരുന്നത്. സ്റ്റേഷന് പുറത്ത് കൂടി പ്ലാറ്റ് ഫോമുകൾക്ക് മുകളിലൂടെ ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന ഇടനാഴിയാണ് ഇത്. സ്റ്റാളുകളും ഓഫീസുകളും എല്ലാം ഇടനാഴിക്ക് അകത്ത് തന്നെ ഉണ്ടാവും.
air concourse model
ഇതിനായി നിലവിലെ അഞ്ചുമീറ്റര്‍ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ക്കുപകരം 12 മീറ്റര്‍ വീതിയിലുള്ള രണ്ട് പുതിയ ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവര്‍ബ്രിഡ്ജുകളില്‍നിന്നും കോണ്‍കോഴ്‌സില്‍നിന്നും സ്‌കൈവാക്ക് സൗകര്യമുണ്ടാവും. സ്റ്റേഷന് മുകളിലൂടെ പാർക്കിങ് സ്ഥലത്തേക്ക് നടന്ന് എത്താം.
ഓഫീസുകളും ക്വാർട്ടേഴ്സുകളും മാറും
നിലവിലെ മുഴുവന്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ടവറുകളിലായി ബഹുനില ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കും. ആദ്യഘട്ടത്തില്‍ നാല് പ്ലാറ്റ്ഫോമുകള്‍ നിര്‍മിക്കും. കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി ഒരേസമയം 1100 കാറുകള്‍ക്കും 2500 ഇരുചക്രവാഹനങ്ങള്‍ക്കും 100 ബസുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യമൊരുക്കും.
പടിഞ്ഞാറുഭാഗത്ത് 4.2 ഏക്കറില്‍ വാണിജ്യകേന്ദ്രം വരും. പുതിയ സ്റ്റേഷനില്‍ പ്രവേശനത്തിനും പുറത്തേക്കിറങ്ങാനും പ്രത്യേക കവാടങ്ങളായിരിക്കും. മള്‍ട്ടിപ്ലക്‌സ്, മികച്ച ഓഫീസ് സ്‌പേസ്, രാജ്യാന്തര നിലവാരമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളുള്ള വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാവും. ഫ്രാന്‍സിസ് റോഡില്‍നിന്ന് നിലവിലെ നാലാമത്തെ പ്ലാറ്റ്‌ഫോം ഭാഗത്തേക്ക് നേരിട്ട് പ്രവേശനം സാധ്യമാവും.
നിര്‍ദിഷ്ട മെട്രോസ്റ്റേഷനെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് നിലവിൽ വരുന്ന ടെര്‍മിനലിലേക്ക് വഴിയും വിഭാവനം ചെയ്യുന്നുണ്ട്.
മുംബൈ അന്ധേരി ഗൊരേഗാവ് നിന്നുള്ള നിര്‍മാണക്കമ്പനിയായ വൈ.എഫ്.സി.യുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് നിര്‍മാണക്കരാര്‍ എടുത്തിരിക്കുന്നത്. ഡല്‍ഹി മെട്രോറെയില്‍ അടക്കം വന്‍കിടപദ്ധതികള്‍ പൂര്‍ത്തീകരിച്ച കമ്പനിയാണ് വൈ.എഫ്.സി. സേലം ആസ്ഥാനമായുള്ള റാങ്ക് പ്രോജക്ട്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡാണ് കെട്ടിടനിര്‍മാണത്തിന് വൈ.എഫ്.സി.യുമായി സഹകരിക്കുന്നത്. മൂന്നുവര്‍ഷമാണ് നിര്‍മാണക്കാലാവധി.