തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായുണ്ടായ കേസിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല വകുപ്പുകൾ നിർദ്ദേശിക്കയും ഉണ്ടായി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഐപിസി 124 വകുപ്പ് ചുമത്തണമെന്നാണ് ആവശ്യപ്പെട്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ട വകുപ്പ് പോലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയത്.
ഗവര്‍ണര്‍ക്കൊപ്പം ഇന്നലെ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും.
ആദ്യ തവണ എംഎല്‍എ ആയി എത്തിയ വ്യക്തിയാണ് ഭജന്‍ലാല്‍ ശര്‍മ. ബിജെപിയുടെ രാജസ്ഥാനിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോര്‍ കമ്മിറ്റി അംഗമായിരുന്നു. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ഭജന്‍ലാല്‍ ശര്‍മയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ വസുന്ധര രാജെ പക്ഷം രംഗത്തെതിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
മുഖമന്ത്രിപദത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടായിരുന്ന മുന്‍നിര നേതാക്കളെ തള്ളി പുതിയൊരു നേതാവിനെ അവതരിപ്പിച്ച ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലും ശൈലി ബിജെപി രാജസ്ഥാനിലും ആവര്‍ത്തിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് വസന്ധര രാജെ സന്ധ രംഗത്തുണ്ടായിരുന്നു. മൂന്നാമൂഴം ഇവർക്കു നൽകുന്നതിൽ പാർട്ടിക്ക് താത്പര്യം ഇല്ലായിരുന്നു.
ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദിയാകുമാരി ജയ്പുര്‍നഗരത്തില്‍ തന്നെയുള്ള വിധാധര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ആയത്. മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ ദുദു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.
എൽ.പി., യു.പി. അധ്യാപക വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇതോടൊപ്പം 35 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും.
2024 ജനുവരി 31 വരെ അപേക്ഷിക്കാൻ സമയം നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി LSGI വിജ്ഞാപനം 29 ന്
ബ്ലോക് പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറി തസ്തികകൾ സംയോജിപ്പിച്ചാണ് ഇത്തവണ വിജ്ഞാപനം വരിക. ബിരുദമാണ് അടിസ്ഥാന യോഗ്യത.
പൊലീസ് സിവിൽ ഓഫീസർ സ്ത്രീയും പുരുഷനും
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സിവിൽ പൊലീസ് ഓഫീസർ, വുമൺ പൊലീസ് ഓഫീസർ, ഓഫീസ് അറ്റൻ്റൻഡ്- സെക്രട്ടേറിയറ്റ്/ പിഎസ്.സി, തസ്തികകളിലേക്കും വിജ്ഞാപനം ഈ മാസം അവസാനം വരും. ഈ വർഷം പ്രയാപരിധി കഴിയുന്നവർക്ക് ഇത്രയും തസ്തികകളിലേക്ക് അവസരം ലഭിക്കും.
നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് എൽ.പി., യു.പി. അധ്യാപക വിജ്ഞാപനം വരുന്നത്.
സംസ്ഥാന അധ്യാപക യോഗ്യതാപരീക്ഷയ്ക്ക് (കെ-ടെറ്റ്) തത്തുല്യമായി കേന്ദ്ര അധ്യാപക യോഗ്യതാപരീക്ഷ (സി-ടെറ്റ്) അംഗീകരിക്കുന്നതിലെ സാങ്കേതികതടസ്സങ്ങൾ കാരണം എൽ.പി., യു.പി. അധ്യാപകരുടെയും വിവിധ ഭാഷാധ്യാപകരുടെയും (ഫുൾടൈം-പാർട്ട്‌ടൈം) വിജ്ഞാപനങ്ങൾ പി.എസ്.സി. മാറ്റിവെച്ചിരിക്കുകയായിരുന്നു.
ഈ മാസം വിജ്ഞാപനം വന്നില്ലെങ്കിൽ ഈ വർഷം പ്രായപരിധി പിന്നിടുന്നവർക്ക് അവസരം നഷ്ടപ്പെടുമായിരുന്നു. എൽ.പി., യു.പി. അധ്യാപകരുടേത് ഉൾപ്പെടെ യോഗം അംഗീകരിച്ച 35 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനം 30-ന് പ്രസിദ്ധീകരിക്കും. വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ, റീഡർ, പട്ടികജാതി വികസനവകുപ്പിൽ നഴ്‌സറി സ്കൂൾ ടീച്ചർ, എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ്, എൽ.ഡി. ടൈപ്പിസ്റ്റ് തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു പ്രധാന തസ്തികകൾ.
ലോക അത്‌ലറ്റിക്‌സിലെ 2023-ലെ പുരുഷ കായിക താരമായി അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ നോഹ ലൈല്‍സ്. മികച്ച ട്രാക്ക് അത്‌ലറ്റായാണ് ലൈല്‍സിനെ തിരഞ്ഞെടുത്തത്. മികച്ച ഫീല്‍ഡ് അത്‌ലറ്റ് സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസാണ്.
കെനിയയുടെ ദീര്‍ഘദൂര ഓട്ടക്കാരി ഫെയ്ത്ത് കിപ്യോഗണാണ് മികച്ച വനിതാ ട്രാക്ക് താരം.
ലോക അത്‌ലറ്റിക്‌സില്‍ 100, 200 മീറ്ററുകളില്‍ ചാമ്പ്യനായതും സ്വര്‍ണം നേടിയ യു.എസ്.എ.യുടെ റിലേ ടീമിലും അംഗമായതും ഉള്‍പ്പെടെ മൂന്ന് സ്വര്‍ണനേട്ടം കൊയ്തതിന്റെ അടിസ്ഥാനത്തിലാണ് ലൈല്‍സിനെ പരിഗണിച്ചത്. പോള്‍വാള്‍ട്ടില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മത്സരങ്ങളില്‍ തന്റെതന്നെ പേരിലുള്ള ലോകറെക്കോഡ് മാറ്റിക്കുറിച്ചതാണ് അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസിനെ പുരസ്‌കാരാര്‍ഹനാക്കിയത്.
മധ്യ, ദീര്‍ഘദൂര ഓട്ടത്തില്‍ മൂന്ന് ലോകറെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ചത് കിപ്യോഗണക്കും നേട്ടമായി. 2023-ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1,500, 5000 മീറ്ററുകളിലാണ് ലോകറെക്കോഡ് നേട്ടം. വെനസ്വേലയുടെ ട്രിപ്പിള്‍ ജമ്പര്‍ യൂലിമര്‍ റോജാസാണ് മികച്ച വനിതാ ഫീല്‍ഡ് അത്‌ലറ്റ്. ട്രിപ്പിള്‍ ജമ്പില്‍ നാലാംതവണയും ലോകചാമ്പ്യനായത് പരിഗണിച്ചാണ് അവാര്‍ഡ് നേട്ടം.
അഞ്ചുപേരുള്‍പ്പെട്ട അന്തിമ പട്ടികയില്‍ ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര ഉള്‍പ്പെട്ടിരുന്നു. ലോക അത്‌ലറ്റിക്‌സിലും ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണവും ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനവും നേടിയത് പരിഗണിച്ചാണ് നീരജിനെ പുരുഷവിഭാഗത്തില്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
തിങ്കളാഴ്ച ഫ്രാന്‍സിലെ മൊണാക്കോയിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ലോക അത്‌ലറ്റിക്‌സ് കൗണ്‍സിലും വേള്‍ഡ് അത്‌ലറ്റിക്‌സ് ഫാമിലിയും ആരാധകരും ചേര്‍ന്ന് നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിക്കുന്നത്. വോട്ടിങ് ഒക്ടോബര്‍ 28-ന് പൂര്‍ത്തിയായിരുന്നു. 20 ലക്ഷത്തോളം പേരാണ് വോട്ട് ചെയ്തത്.
പ്രപഞ്ചോത്പത്തിക്കും മുൻപ് ഉണ്ടായത് എന്ന് കരുതുന്ന തമോഗർത്തം കണ്ടെത്തി. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന തമോഗർത്തമാണിതെന്ന് നാസ. 13.7 ബില്യൺ കോടി വർഷം പഴക്കമുള്ള ബ്ലാക് ഹോൾ ജെയിസ് വെബ് ദൂരദർശിനിയിലൂടെയാണ് കണ്ടെത്തിയത്.
കേംബ്രിജ് സർവകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ പ്രൊഫസർ റോബർട്ടോ മയോലിനോയും സംഘവുമാണ് നിരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്.
സൂര്യൻ്റെ പത്ത് ലക്ഷം മടങ്ങ്
സൂര്യൻ്റെ ഏകദേശം പത്തുലക്ഷം മടങ്ങ് പിണ്ഡമുണ്ട്. തമോഗർത്തത്തിന് ഇത്രയധികം വലുപ്പമുണ്ടായതെങ്ങനെയെന്നതിൽ ശാസ്ത്രജ്ഞർ ഇനിയും നിഗമനത്തിൽ എത്തിയിട്ടില്ല. ജി.എൻ.-ഇസെഡ്-11 എന്ന മേഖലയിൽ സ്ഥിതിചെയ്യുന്ന തമോഗർത്തത്തിന് മഞ്ഞുവീഴ്ചയും നക്ഷത്രങ്ങളുടെയും മറ്റ് ബഹിരാകാശവസ്തുക്കളുടെയും ലയനത്തിലൂടെയും വലുപ്പം വെച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
നക്ഷത്രങ്ങൾ അവയുടെ പരിണാമദശയുടെ അവസാന കാലം ഊർജം സൃഷ്ടിക്കാനുള്ള കഴിവു നഷ്ടപ്പെട്ട് ഗുരുത്വാകർഷണത്താൽ ചുരുങ്ങും. ഈ അവസ്ഥയിൽ പിണ്ഡം കുറഞ്ഞ് തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ ആയി മാറും. തമോഗർത്തങ്ങൾ പ്രകാശം കടത്തിവിടില്ല. ആയതിനാൽ ചുറ്റും കറങ്ങുന്ന വാതകങ്ങളും പൊടികളും ചേർന്നുള്ള പ്രഭാ വലയമാണ് കാണാനാവുക.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഷ്ട്രീയ ബലാബലം കൈവിട്ടു. കാര്‍ തടഞ്ഞ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെ പുറത്തിറങ്ങിയ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഗുണ്ടകളാണ് ഇവരെന്ന് ആക്രോശിച്ചു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിശേഷിപ്പിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്ന് പറഞ്ഞു. തന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുകയാണ് ചെയ്തത് എന്നും ആരോപിച്ചു.
‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. സംസ്ഥാനത്തെ യൂണിവേഴ്സിറ്റുകളിൽ സംഘപരിവാർ അജണ്ട നടത്താൻ ഗവർണർ ശ്രമിക്കുന്നയെന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിലായി ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.
യൂണിവേഴ്‌സിറ്റി കോളജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറി. ഇതിനിടെ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ ക്ഷുഭിതനായി റോഡിലിറങ്ങിയത്. വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേർക്ക് ശകാരവും തുടങ്ങി.
നിസ്സഹായമായിപ്പോയ പൊലീസ് ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിയ്ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ച് പോലീസുകാരേയും അദ്ദേഹം ശകാരിച്ചു.
പോലീസുകാര്‍ എല്ലാവരും കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു. പാവപ്പെട്ട അവര്‍ എന്തുചെയ്യാനാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഞാന്‍ കാറില്‍നിന്നും ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാരെ ജീപ്പില്‍ കയറ്റി അവിടെനിന്നും മാറ്റുകയാണ് പോലീസുകാര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ഇത്തരത്തില്‍ ആരെങ്കിലും വരാന്‍ പോലീസുകാര്‍ അനുവദിക്കുമോ. അതിവിടെ നടക്കുമോ എന്നായിരുന്നു ഗവർണറുടെ ചോദ്യം.
എന്നെ കായികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി പ്രതിഷേധക്കാരെ അയച്ചതാണ്. ഗുണ്ടകളാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നു. ഇവരുടെ ഗുണ്ടാരാജ് തുടരാന്‍ അനുവദിക്കില്ല എന്ന മുന്നറിയിപ്പും ഗവർണർ നൽകി.
ഭരണഘടനാ സംവിധാനങ്ങള്‍ തകരുന്നതും അനുവദിക്കാനാകില്ല. ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാവാം. അതിന് കായികമായി തന്നെ അക്രമിക്കാനുള്ള ഗൂഢാലോചനയാണോ മുഖ്യമന്ത്രി നടത്തേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു.
എസ് എഫ് ഐ പ്രവർത്തകർ കസ്റ്റഡിയിൽ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്ന് സ്ഥലത്തായി കരിങ്കൊടി വീശി പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാളയത്ത് ഗവര്‍ണറുടെ വാഹനത്തിൽ അടിച്ചടക്കം പ്രതിഷേധിച്ച് ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് വസ്തുതാ റിപ്പോർട്ട് തയ്യാറാക്കാനാണ് എഡിജിപിയുടെ നിർദേശം.
രമേശ് ചെന്നിത്തല
കേരളത്തിലെ ഭരണതലവന് പോലും പുറത്തിറങ്ങാനാവാത്ത രീതിയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളേയും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായിയുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഗവര്‍ണറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിയിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായിപ്പോയി. ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാര്‍ഗ്ഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണംകെട്ട രീതി ഒരു സര്‍ക്കാരിനും ചേര്‍ന്നതല്ല. സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ ക്രമസമാധാനനിലയും പൂര്‍ണ്ണമായും തകര്‍ന്നു.
വി ഡി സതീശൻ
ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമിനലുകളെ അയച്ചുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറെ തുടര്‍ച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഔദ്യോഗിക വാഹനത്തില്‍വന്ന് ഇടിച്ചെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.
ആദിവാസിനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണുദേവ് സായിയെ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതിന് പിന്നാലെ മധ്യപ്രദേശിലും നിരീക്ഷകരെ ഞെട്ടിച്ച് ബി.ജെ.പി. വ്യവസായിയും ജനസമാജികനുമായ മോഹന്‍ യാദവ് മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകും. കഴിഞ്ഞ സർക്കാരിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു.
മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതില്‍ വരുത്തിയ കാലതാമസം നിരവധി അഭ്യൂഹങ്ങള്‍ക്കാണിടയാക്കിയിരുന്നത്. എന്നാല്‍ ഛത്തീസ്ഗഢില്‍ ഞായറാഴ്ചയും മധ്യപ്രദേശില്‍ തിങ്കളാഴ്ചയും നിയമസഭാകക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുകയുണ്ടായി. ചൊവ്വാഴ്ച രാജസ്ഥാനില്‍ യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച രണ്ട് സംസ്ഥാനങ്ങളിലും സാധ്യതാ പട്ടികയിലൊന്നും ഇടംപിടിക്കാതിരുന്ന നേതാക്കളെയാണ് മുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങളിൽ കേന്ദ്ര നേതൃത്വം പിടിമുറുക്കുന്നു
കേന്ദ്രമന്ത്രി നരേന്ദർ സിംഗ് തോമർ മധ്യപ്രദേശ് സ്പീക്കറാകും. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. സംസ്ഥാനങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം പിടിമുറുക്കുന്നതിന്‍റെ സൂചനയാണ് പ്രബല നേതാക്കളെ ഒഴിവാക്കിയുള്ള നിയമനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ഭരണ നേതൃത്വം തന്നെ ഇടത്തരം നേതാക്കളെ മുന്നിൽ നിർത്തി ഭരണം നിയന്ത്രിക്കും. നോമിനികളെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്ന് മോദി ഷാ നേതൃത്വം നടത്തുന്ന നീക്കം പാർട്ടി വൃത്തങ്ങളിലും ഞെട്ടലാവുകയാണ്. ആർ എസ് എസ് പിന്തുണയുള്ള നേതാവിനെയുമാണ് മധ്യപ്രദേശിൽ മുഖ്യ സ്ഥാനത്തേക്ക് ഉയർത്തിയത്.
മധ്യപ്രദേശിൽ ശിവരാജ് ചൌഹാൻ വീണു
മധ്യപ്രദേശില്‍ ഇത്തവണ അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നില്‍ ശിവരാജ് സിങ്ചൗഹാനാണെന്ന വാദം മുഖ്യമന്ത്രി പദത്തിലേക്ക് സ്വീകരിക്കപ്പെട്ടില്ല. അഞ്ചാം ഊഴത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു.
കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്ര സിങ് തോമര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു. ഒബിസി വിഭാഗക്കാരെ പരിഗണിക്കുമ്പോള്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചത്തിയ മറ്റൊരു നേതാവ് പ്രഹ്ലാദ് സിങ് പട്ടേലായിരുന്നു മുന്‍നിരയില്‍. എന്നാല്‍ എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ട് മോഹന്‍ യാദവിനെയാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. ‘എന്നെ പോലുള്ള ഒരു എളിയ പ്രവര്‍ത്തകന് ഇത്തരത്തിലുള്ള വലിയ ഉത്തരവാദിത്തം നല്‍കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. ‘മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോഹന്‍ യാദവ് പ്രതികരിച്ചു.
ദേശീയ നേതൃത്വം നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് നിയമസഭാ കക്ഷിയോഗങ്ങള്‍ നടന്നുവരുന്നത്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കാര്യമായ എതിര്‍പ്പുകള്‍ പ്രകടമാകാതെ തന്നെ നീക്കങ്ങള്‍ നടത്താന്‍ ബിജെപി ദേശീയ നേതൃത്വത്തിനായെങ്കിലും രാജസ്ഥാനില്‍ സ്ഥിതിയെന്താകുമെന്നാണ് അറിയാനുള്ളത്.
പുതുമുഖങ്ങള്‍ തന്നെ വരണമെന്ന നിലപാട് രാജസ്ഥാനില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ വസുന്ധര രാജയ്ക്ക് മാറിനില്‍ക്കേണ്ടിവരും. രണ്ടിടത്തും പുതുമുഖങ്ങളെ തിരഞ്ഞെടുത്തുത്തതിനാല്‍ രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയുടെ വിലപേശല്‍ നടക്കില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജസ്ഥാനില്‍ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് നിരീക്ഷകരായി എത്തുക. രാജ്യസഭാംഗം സരോജ് പാണ്ഡെ, ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ സംഘത്തിലുള്ള മറ്റുള്ളവര്‍.
58-കാരനായ മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിനില്‍ നിന്നുള്ള എംഎല്‍എയാണ്. ഇത് മൂന്നാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2013-ലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. 2018 ദക്ഷിണ ഉജ്ജയിനില്‍ നിന്ന് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ നേതാവിനൊപ്പം അറിയപ്പെടുന്ന വ്യവസായിയുമാണ് മോഹന്‍ യാദവ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 230ല്‍ 163 സീറ്റുകള്‍ നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്.
കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരില്‍ അട്ടിമറി നടക്കുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മഹാരാഷ്ട്ര മോഡലിൽ തകർക്കും എന്നാണ് അവകാശം. സംസ്ഥാനത്തെ ഒരു ഉന്നത മന്ത്രി ബിജെപി കേന്ദ്ര നേതൃത്വവുമായി ഇതിനോടകം ചര്‍ച്ച നടത്തിയെന്നും ഇതിന് പിൻബലമായി അവകാശപ്പെട്ടു.
ഹസ്സനില്‍ പത്രസമ്മേളനത്തിലാണ് അവകാശവാദം. 50-60 എംഎല്‍എമാരുമായി പുറത്ത് വരുമെന്നാണ് ഒരു മന്ത്രി ബിജെപി നേതൃത്വത്തിന് ഉറപ്പ് നല്‍കിയതെന്ന് കുമാരസ്വാമി ഇതിന് പിൻബലമായി പറഞ്ഞു.
‘ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ചേരാനുള്ള അപേക്ഷയുമായി ഒരു മന്ത്രി കേന്ദ്രത്തിലെ നേതാക്കളുടെ അടുത്തേക്ക് പോയി. 50-60 എം.എല്‍.എ.മാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ ചേരാന്‍ ആറ് മാസത്തേക്ക് സാവകാശം ഈ മന്ത്രി തേടിയിട്ടുണ്ട്’ കുമാരസ്വാമി പറഞ്ഞു. മന്ത്രിയുടെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ സംഭവിച്ചതിന് സമാനമായത് ഇവിടെയും സംഭവിക്കാം. കോൺഗ്രസിൽ ഒരാളും പാര്‍ട്ടിയോട് പ്രതിബദ്ധതയോ കൂറോ ഉള്ളവരല്ല. വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമാണ് അവര്‍ നോക്കുന്നത്. രാഷ്ട്രീയത്തില്‍ ഇത് എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൻ്റെ പരാമർശങ്ങൾക്ക് എതിരെ സംവിധായകൻ ഡോ. ബിജു കടുത്ത ഭാഷയിൽ രംഗത്ത് എത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ തനിക്കും അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിനുമെതിരെ രഞ്ജിത് നടത്തിയ മോശം പരാമർശങ്ങൾക്കെതിരെയാണ് ഡോ. ബിജു ഫെയ്സ്ബുക്കിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകൻ ശ്രീ രഞ്ജിത്തിന് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ബിജു നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
രഞ്ജിത്ത് പറഞ്ഞത്
ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്തു. അതിനു തിയറ്ററിൽ ആളുകൾ കയറിയില്ല. അതേ സമയം മറ്റൊരു സംവിധായകന്റെ സിനിമ തിയറ്ററിൽ വന്നു. അതിന് നല്ല ആൾ ത്തിരക്ക് ആയിരുന്നു. ആ സിനിമയ്ക്ക് തിയേറ്ററിൽ ആൾ വന്നു. ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു. ഇനി അടുത്ത സംസ്ഥാന അവാർഡിൽ ചിലപ്പോൾ ആ സിനിമയ്ക്ക് അവാർഡുകളും കിട്ടും. അപ്പോൾ തിയേറ്ററിൽ ആൾ വരികയും അവാർഡുകൾ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു. ഇവിടെയാണ് ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടത്. തിയേറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടർ ബിജുവിനെല്ലാം എന്ത് റെലവൻസ് ആണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.
തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ താൻ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറയുഞ്ഞത്. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെപ്പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെപ്പറ്റിയും പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല. എന്ന് പറഞ്ഞു കൊണ്ടാണ് ഡോ. ബിജു തുടരുന്നത്.
ഡോ. ബിജു പറഞ്ഞത്
“വിവിധ ലോകരാജ്യങ്ങളിൽ നിന്നായി ഈ മേളയിൽ പ്രദർശിപ്പിക്കുന്ന നിരവധി സിനിമകളുണ്ട്. ലോകത്തെ പ്രധാന ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകൾ ഇവിടെ മേളയിൽ കാണിക്കുന്നത് . അല്ലാതെ ആ സിനിമകൾ അവിടങ്ങളിൽ തിയേറ്ററുകളിൽ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങൾ ആണല്ലോ കേരളാ സർക്കാരിന്റെ ചലച്ചിത്രമേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നുണ്ട്.”
“ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ താങ്കൾക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ. അതിങ്ങനെ ആയിരുന്നു എന്റെ റെലവൻസ് തീരുമാനിക്കുന്നത് മിസ്റ്റർ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി, സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാൻ താങ്കൾക്കു പേഴ്‌സണൽ മെസ്സേജ് അയച്ചത്. “മറു വാക്കുകൾക്ക് നന്ദി ” എന്നും പിന്നീട് “മതി നിർത്തിക്കോ ” എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കൾ മറുപടി ആയി നൽകിയത്. മതി നിർത്തിക്കോ എന്ന ആജ്ഞ അനുസരിക്കാൻ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കൾക്ക് ഞാൻ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്.”
താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വെച്ചാൽ മതി. എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പ്. തിയറ്ററിൽ ആളെക്കൂട്ടാൻ വേണ്ടി മാത്രം സിനിമ എടുക്കാൻ യാതൊരു ഉദ്ദേശവും പണ്ടും ഇപ്പോഴും ഇനിയും ഇല്ലാത്ത ഒരു ചലച്ചിത്ര സംവിധായകനാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ബിജു കുറിപ്പ് അവസാനിപ്പിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി തടയാനാവില്ലെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെൻ്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഢ് നിരീക്ഷിച്ചു. ജമ്മു കശ്മീരില്‍ 2024 സെപ്റ്റംബര്‍ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാനം ശരിവെക്കുന്ന വിധി പ്രസ്താവത്തിലാണ് കോടതി നിർദേശം. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.
ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയതാണ് അഞ്ചംഗ ഭരണഘടനാബെഞ്ച്.
നിയമസഭ പിരിച്ചു വിട്ടതിൽ ഇടപെടാനാവില്ല
നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ല. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനപരമോ, 370ാം അനുച്ഛേദം സ്ഥിരമോ താൽക്കാലികമോ, നിയമസഭാ പിരിച്ചുവിട്ടത് നിയമപരമോ, രണ്ടായി വിഭജിച്ചത് ശരിയോ എന്നീ വിഷയങ്ങളാണ് കോടതി പരിശോധിച്ചത്.
മുന്ന് വിധികൾ, രണ്ട് ജഡ്ജിമാർ പ്രത്യേക വിധി നൽകി
മൂന്ന് വിധികളാണ് ഉണ്ടായത്. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധികളെഴുതി. ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഈ വിധിയോട് യോജിച്ചത്.
സഞ്ജയ് കിഷന്‍ കൗളും സഞ്ജീവ് ഖന്നയും പ്രത്യേക വിധികളെഴുതിയത്. വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല.
ദീര്‍ഘകാലം കേന്ദ്രഭരണ പ്രദേശമായി ജമ്മു കശ്മീര്‍ തുടരാന്‍ അനുവദിക്കില്ലെന്ന പരാമര്‍ശവും ചീഫ് ജസ്റ്റിസ് നടത്തി. ഇതോടെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാർ ഉറപ്പ് നൽകി.
2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്തര ദിവസമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അഞ്ചര ദിവസവും. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രമണ്യം, രാജീവ് ധവാന്‍, സഫര്‍ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം നിരത്തിയത്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹര്‍ജിക്കാര്‍ ചോദ്യംചെയ്തിരുന്നു.
ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയുടെ കാലാവധി 1957-ല്‍ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം, 1957-നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന വാദവുമുണ്ട്. എന്നാല്‍, 370-ാം വകുപ്പ് ഭരണഘടനയില്‍ താത്കാലിക വകുപ്പായാണ് ഉള്‍ക്കൊള്ളിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.
വിധി വരുന്നതിന് മുമ്പ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചര്‍ച്ചയായി.ചില യുദ്ധങ്ങള്‍ തോല്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നായിരുന്നു അത്. വരും തലമുറയ്ക്ക് മനസിലാക്കാന്‍ വേണ്ടി അസ്വസ്ഥമായ വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും കപില്‍ സിബല്‍ കുറിച്ചു.
പ്രതീക്ഷപകരുന്ന വിധിയെന്ന് പ്രധാനമന്ത്രി
ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപിടിക്കുന്നതാണ് വിധി. പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണിതെന്നും മോദി പറഞ്ഞു.
നിരാശാജനകമെന്ന് പ്രതിപക്ഷം
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ചു പ്രതിപക്ഷം. സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നും എന്നാൽ ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രതികരിച്ചു. സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നായിരുന്നു ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദിൻ്റെയും പ്രതികരണം.
ശ്യാമപ്രസാദ് മുഖർജിയുടെ ആശയം
കഴിഞ്ഞ ആഴ്ച ആദ്യം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീരിന്റെ പദവി സംബന്ധിച്ച ബില്ലിന്റെ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തിന് മറുപടി പറയവേ, ഒരു പഴയ ജനസംഘം മുദ്രാവാക്യം ആവർത്തിച്ചു: “ഏക് ദേശ് മേ ദോ വിധാൻ, ദോ പ്രധാൻ ഔർ ദോ നിഷാൻ നഹിൻ ഹോ സക്തേ.” (ഒരു രാജ്യത്ത്, രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകകളും ഉണ്ടാകില്ല) എന്നതായിരുന്നു ആ മുദ്രാവാക്യം.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി അസാധുവാക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ, ബിജെപിയുടെ ആശയപരമായ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടാൻ ഷാ ശ്രമിച്ചു – അത് ബി ജെ പിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘ് കാലം മുതലുള്ളതായിരുന്നു- ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനുമായി സമ്പൂർണ്ണ സംയോജിപ്പിക്കുകയെന്നത്. ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ രാഷ്ട്രീയ ആശയം നിറവേറ്റുന്നതിനാണ് 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി സൗഗത റോയി പറഞ്ഞതിനോട് പ്രതികരിക്കവെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്.
രണ്ട് വർഷം ഇൻ്റർനെറ്റ് തടഞ്ഞു, സംസ്ഥാന അധികാരങ്ങൾ വാഗ്ദാനത്തിൽ നിർത്തി
370-ാം അനുച്ഛേദം റദ്ദാക്കുന്നതിന് മുന്നോടിയായി കടുത്ത നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കിയത്. നിയമഭേദഗതികള്‍ കൊണ്ടുവരുന്നതിന് തലേദിവസം തന്നെ ജമ്മു കശ്മീര്‍- ലഡാക് മേഖലകളില്‍ ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം പൂര്‍ണമായി വിച്ഛേദിച്ചിരുന്നു. പിന്നീട് രണ്ടുവര്‍ഷത്തോളം സമയമെടുത്താണ് ഇന്റര്‍നെറ്റ് ബന്ധം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചത്.
നിയമഭേദഗതിയുടെ ഭാഗമായി കശ്മീര്‍ താഴ്വര മുഴുവനായി സൈനിക നിയന്ത്രണത്തിലാക്കി. നടപടിക്ക് മുന്നോടിയായി എണ്ണായിരത്തോളം അര്‍ധസൈനികരടക്കം അമ്പതിനായിരം സൈനികരെ ജമ്മു കശ്മീരില്‍ നിയോഗിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരെയും സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് എന്നിവരെയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. നടപടിയുടെ ഭാഗമായി അയ്യായിരത്തോളം പേരെ തടവില്‍ പാര്‍പ്പിച്ചതായാണ് പ്രതിപക്ഷം ആരോപിച്ചത്.
പ്രത്യേകപദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള കനത്ത പ്രതിഷേധങ്ങളെ നേരിടുന്നതിനായിരുന്നു ഇത്തരം നടപടികള്‍. ജനാധിപത്യവിരുദ്ധമായ ഇത്തരം കടുത്ത നടപടികള്‍ ജമ്മുകശ്മീരിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും കടുത്ത പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാത്ത, രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെയും കശ്മീരി ജനതയുടെ വികാരങ്ങളെയും കണക്കിലെടുക്കാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നതായിരുന്നു പ്രധാന വിമര്‍ശനം.
പ്രത്യേകപദവി എടുത്തുകളഞ്ഞുകൊണ്ട് മുന്നോട്ടുവെച്ച കാര്യങ്ങളില്‍ എത്രത്തോളം മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട് എന്നതും ഇപ്പോഴത്തെ കോടതിവിധിയുടെ സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. നാലുവര്‍ഷത്തിനു ശേഷവും ജമ്മുകശ്മീരിന് സംസ്ഥാന പദവിയുള്ള കേന്ദ്രഭരണ പ്രദേശം എന്ന പദവി ലഭ്യമായിട്ടില്ല. വാഗ്ദാനം ചെയ്തിരുന്നതുപോലെ തിരഞ്ഞെടുപ്പ് നടത്താനും കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ല.
ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്നും എന്നാല്‍ സംസ്ഥാന പദവി തിരികെ നല്‍കുന്നതിന് കുറച്ചുകൂടി സമയമെടുക്കുമെന്നുമാണ് കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതിനെ നേരത്തെതന്നെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. 2024 സെപ്തംബര്‍ 30-നകം ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇപ്പോൾ വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.