ഗോത്രവർഗ്ഗ നേതാവ് മുഖ്യമന്ത്രി പദവിയിലേക്ക്, ബി.ജെ.പി തന്ത്രങ്ങൾക്ക് മുന്നിൽ ഉള്ളിലിരിപ്പ് ചോദ്യം ചെയ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ

ഛത്തീസ്ഗഡിൽ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾക്ക് മുന്നിൽ ഒരു ചോദ്യം മുന്നോട്ട് വെക്കുകയാണ് ബി ജെ പി ചെയ്യുന്നത്.

കുങ്കുരി മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ സിറ്റിം​ഗ് എംഎൽഎയായ യു ഡി മിഞ്ചിനെ 25,541 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിഷ്ണു ദേവ് സായ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 87,604 വോട്ടുകളാണ് വിഷ്ണു ദേവ് സായിക്ക് ലഭിച്ചത്.

ഈ ജയം മാത്രമല്ല ബി ജെ പി അദ്ദേഹത്തിലൂടെ നേടിയത്. ഈ തിരഞ്ഞെ‌ടുപ്പിൽ ആദിവാസി ഭൂരിപക്ഷ മേഖലകളിൽ ബിജെപി ശക്തമായ സ്വാധീനം ഉണ്ടാക്കി.. പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത 29 മണ്ഡലങ്ങളിൽ 17ലും ബിജെപിയാണ് ജയിച്ചത്. ദലിത് പിന്നോക്ക രാഷ്ട്രീയം പറയുന്ന ഒരു പാർട്ടിയെയും ജനങ്ങൾക്ക് വിശ്വാസത്തിൽ എടുക്കാൻ കഴുയുന്ന സാഹചര്യം ഉണ്ടായില്ല.

ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ബാഗിയ ഗ്രാമത്തിൽ 1964 ഫെബ്രുവരി 21 നാണ് വിഷ്ണു ദേവ് സായി ജനിച്ചത്. ഛത്തീസ്ഗഡിലെ കൻവാർ ഗോത്രത്തിൽപെട്ടയാളാണ് വിഷ്ണു ദേവ് സായ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കർഷകനായിരുന്നു. സ്വന്തം ഗ്രാമമായ ബാഗിയയിൽ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ പ്രവേശനം.1999, 2004, 2009, 2014 വർഷങ്ങളിൽ റായ്ഗഡ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ലോക്‌സഭയിലേക്ക് വിഷ്ണു ദേവ് സായ് തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസ്, ഇടത് പാർട്ടകിൾ എല്ലാം ആദിവാസി വിഭാഗത്തിൽ നിന്നും നേതാക്കളെ ഉയർത്തി കൊണ്ടു വരുന്നതിൽ വിമുഖത കാണിച്ചപ്പോൾ ബി ജെ പി അവസരം കണ്ടെത്തി. ദലിത് ആദിവാസി വിരുദ്ധത അടിസ്ഥാന പ്രമാണങ്ങളിൽ തന്നെ ഉണ്ടെന്ന് പറയുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തിൽ എങ്കിലും അവർക്ക് അവസരം നൽകി.

അവിഭക്ത മധ്യപ്രദേശിലെ തപ്കര മണ്ഡലത്തിൽ നിന്ന് 1990 ലും 1993 ലും തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സായി വിജയിച്ചിരുന്നു. 2006 മുതൽ 2010 വരെയും പിന്നീട് 2014 ൽ ഇടക്കാലത്തേക്കും ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി. 2020 മുതൽ 2022 വരെയും വിഷ്ണു ദേവ് സായിയായിരുന്നു ബിജെപിയുടെ ഛത്തീസ്​ഗഡ് അദ്ധ്യക്ഷൻ.

ഒന്നാം മോദി സർക്കാരിൽ സ്റ്റീൽ, ഖനി, തൊഴിൽ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു വിഷ്ണു ദേവ് സായ്. ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാറാം ലോക്സഭയിലെ അംഗവുമായിരുന്നു വിഷ്ണു ദേവ് സായ്.

വടക്കൻ ഛത്തീസ്ഗഡിലെ കുങ്കുരിയിൽ നിന്ന് വിഷ്ണുദേവ് സായി മുഖ്യമന്ത്രിയാകുമ്പോൾ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഒപ്പമുണ്ടാകുക, വിഷ്ണു ശർമ്മയും അരുൺ സാവോയും. സ്പീക്കറായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത് 2003 മുതൽ 2018 വരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന രമൺ സിംഗിനെയാണ് എന്ന ഞെട്ടിക്കുന്ന വ്യത്യാസവുമുണ്ട്. പദവികൾക്ക് അപ്പുറം കയറി നിൽക്കുന്ന പ്രായോഗിക രാഷ്ട്രീയമാണ് നയിക്കുന്നത്.

മായാവതിക്ക് മടുത്തോ, അനന്തരവനെ പിൻഗാമിയായി പ്രഖ്യാപിച്ചു

0

ലക്‌നൗവില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപനം നടത്തിയത്. അനന്തരവന്‍ ആകാശ് ആനന്ദ് ആയിരിക്കും തൻ്റെ രാഷ്ട്രീയ പിന്‍ഗാമി എന്നവർ പറഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖ മുഖങ്ങളെ മായാവതിയുടെ പ്രഖ്യാപനം ഉലച്ചുവോ. എന്താണ് പിന്നിൽ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ.

ആരാണ് നിശ്ശബ്ദയാക്കിയത്

മായവതിക്ക് മുന്‍പും പിന്‍പും രാജ്യത്ത് ദളിത് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാല്‍, നാലു തവണ മുഖ്യമന്ത്രി പദത്തിലെത്തിയത് മായാവതി മാത്രമായിരുന്നു

2017ന് ശേഷം മായാവതിയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് താഴേക്കാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായിരുന്ന മായാവതി, മോദി യുഗത്തില്‍ അപ്രസക്തമാക്കപ്പെട്ട നിലയിലാണ്. തുടരെയുള്ള തിരഞ്ഞെടുപ്പ് തോല്‍വികളും സംഘടന രംഗത്തെ സ്ഥിരതയില്ലായ്മയും മായാവതിയേയും ബിഎസ്പി എന്ന പ്രതീക്ഷയെയും തളര്‍ത്തി. നരേന്ദ്ര മോഡിയുടെ ശക്തയായ വിമർശകയായിരുന്നു മയാവതി. പിന്നീട് നിലപാടുകള്‍ മയപ്പെടുത്തേണ്ടി വന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി സഹകരിക്കാനും മായാവതിക്ക് കഴിഞ്ഞില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്കും ബിജെപിക്കും ഒപ്പമല്ല തങ്ങളെന്ന് മായാവതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പുകളില്‍ നിരന്തരം തിരിച്ചടികൾ ഏറ്റുവാങ്ങി രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് പാർട്ടി. 2022ന് ശേഷം മായാവതി തുടരുന്ന രാഷ്ട്രീയ മൗനം ഏതു ഭീഷണിയുടെ പേരിലാണ് എന്ന ചോദ്യമാണ് ഉയരുന്നത്. 2024ലേക്കുള്ള ചര്‍ച്ചകളില്‍ എവിടേയും ബിഎസ്പിയും മായാവതിയുമില്ല. മായാവതി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണോ എന്ന ചോദ്യവും ഉയരുകയാണ്.

അതുവരെ ദളിത് ജനതയുടെ മുഖമായി നിന്ന മായാവതി, ബഹുജന്‍ മുദ്രാവാക്യം അവസാനിപ്പിച്ച് സാര്‍വ ജന്‍ മുദ്രാവാക്യമുയര്‍ത്തി. അംബേദ്കര്‍, കാന്‍ഷി റാം ചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന മായവതി ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് നിലപാടുകള്‍ മയപ്പെടുത്തിയത് അടിപതറിച്ചു.

ആകാശ് ആനന്ദ്

ലണ്ടനില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി മടങ്ങിവന്ന ആകാശ്, 22-ാം വയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 2017ല്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മായാവതി നടത്തിയ റാലിയില്‍ ആകാശ് ആനന്ദ് ആദ്യമായി രാഷ്ട്രീയ രംഗത്ത് പ്രത്യക്ഷപ്പെട്ടു. അഖിലേഷ് യാദവിനും മായാവതിക്കുമൊപ്പം വേദി പങ്കിട്ട ആകാശ് ആനന്ദിന് അന്ന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.

മായാവതിയുടെ സഹോദരനും ബിഎസ്പി ദേശീയ വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാറിന്റെ മകനാണ് 28കാരനായ ആകാശ് ആനന്ദ്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടം ആകാശിന് ആയിരുന്നു. 

 ബാബാ സാഹേബ് അംബേദ്കറിന്റെ കാഴ്പ്പാടുകള്‍ പിന്തുടരുന്നയാളാണ് താന്‍ എന്നാണ് ആകാശ് സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പറയുന്നു ആകാശ്. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണ് ആകാശിന് നല്‍കിയിരിക്കുന്നത്. ഈ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയിലും ഉത്തരാഖണ്ഡിലും മായാവതിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും ബിഎസ്പി കളത്തിലിറങ്ങുക.

ആരെയോ പേടിക്കുന്നു

കാന്‍ഷി റാമിന്റെ അനുയായിയായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മായാവതി, ബിഎസ്പിയുടെ പ്രധാന മുഖമായി മാറിയത് മിന്നല്‍ വേഗത്തിലായിരുന്നു. കുമാരി മായവതി ദാസില്‍ നിന്നും ‘ബഹന്‍ ജി’ റോളിലേക്ക് മായാവതി അതിവേഗം നടന്നെത്തി. മായാവതിയുടെ വളര്‌ച്ചൊക്കൊപ്പം, 1984ല്‍ അംബേദ്കറൈറ്റ് ആദര്‍ശങ്ങളുമായി കാന്‍ഷി റാം ആരംഭിച്ച ബിഎസ്പിയും കുതിച്ചു.

ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ മായാവതിയും ബിഎസ്പിയും വന്‍ ചലമുണ്ടാക്കിയ കാലമുണ്ടായിരുന്നു. തിരഞ്ഞെടുപ്പു രംഗത്ത് തോറ്റുകൊണ്ടായിരുന്നു മായാവതിയുടെ തുടക്കം. 1984ല്‍ കൈരാനയില്‍ നിന്ന് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. 1986ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്ന് ജയിച്ചു. 1995ലും 1997ലും 2002ലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായെങ്കിലും അഞ്ചുവര്‍ഷം തികച്ച് ഭരിക്കാന്‍ മായാവതിക്കായില്ല. ഇവിടെനിന്നാണ്, ദളിത്-ബ്രാഹമണ വോട്ടുകള്‍ ഏകീകരിച്ച് 2007ല്‍ മായാവതി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയത്. 403 അംഗ നിയമസഭയില്‍ മായാവതിയുടെ ബിഎസ്പി 206 സീറ്റ് നേടി കൂറ്റന്‍ വിജയം സ്വന്തമാക്കി.

നിനച്ചിരിക്കാതെ പതനം, നിലപാടുകൾ സ്വയം അറിയാതെ

2014ല്‍ നരേന്ദ്ര മോദി പ്രഭാവത്തില്‍ ബിഎസ്പി കടപുഴകി. യുപിയില്‍ 80 സീറ്റില്‍ മത്സരിച്ച ബിഎസ്പി സംപൂജ്യരായി. അതുവരെ കണ്ട സ്വപ്‌നങ്ങളെല്ലാം തകര്‍ന്ന മായാവതി, തിരിച്ചുവരവിന് കോപ്പുകൂട്ടുന്നതിനിടെ പിന്നേയും തിരിച്ചടി നേരിട്ടു. 2017 നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ മത്സരിച്ച ബിഎസ്പി വെറും 19 സീറ്റിലൊതുങ്ങി. 1995ലെ ഒറ്റവര്‍ഷം മാത്രം നീണ്ടുനിന്ന സഖ്യത്തിന് ശേഷം 2019ല്‍ എസ്പിയുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായത് തന്നെ നിലനില്‍പ്പിനെ കുറിച്ചുള്ള ഭയത്തെ തുടര്‍ന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 10 സീറ്റായിരുന്നു ബിഎസ്പിയുടെ സമ്പാദ്യം. ഇതോടെ സഖ്യം പിരിഞ്ഞു. 2022ല്‍ ഉത്തര്‍പ്രദേശ് നിമസഭയില്‍ ബിഎസ്പിക്ക് ആകെ കിട്ടിയത് ഒരു സീറ്റാണ്. 2006ല്‍ 206 സീറ്റ് നേടി അധികാര കസേരയിലിരുന്ന ബിഎസ്പി, 16 വര്‍ഷം കൊണ്ട് യുപിയില്‍ ഒന്നുമല്ലാതായി.


ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

0

സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു.
ഡിസംബർ 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു. 

പാർട്ടി അർപ്പിച്ച കർത്തവ്യം കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കും. 

ബിനോയിയെ സെക്രട്ടറിയാക്കുന്നതിനാണ് സംസ്ഥാനഘടകത്തിലും മുൻതൂക്കം ഉണ്ടായിരുന്നത്. ആറുമാസത്തിനകം അദ്ദേഹം എം.പി. കാലാവധി പൂർത്തിയാക്കും. കാനത്തിന്റെ ആഗ്രഹംകൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് സംസ്ഥാന ഘടകത്തിന്റെ ചുമതല നൽകിയത്. ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നല്‍കണമെന്ന് നേരത്തെ ചികിത്സയ്ക്കുവേണ്ടി അവധിക്ക് അപേക്ഷിച്ച സമയത്ത് കാനം രാജേന്ദ്രന്‍ സിപിഐ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച് സെക്രട്ടറിസ്ഥാനത്തേക്ക് മറ്റൊരുപേര് ഉയർന്നില്ല.

 2006-11 കാലയളവില്‍ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു ബിനോയ് വിശ്വം.

ശബരിമലയിൽ ദർശന സമയം കൂട്ടി

0

തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമലയിൽ രാത്രി അരമണിക്കൂർ കൂടി ദർശന സമയം ദീർഘിപ്പിച്ചു. രാത്രി പതിനൊന്നരയ്ക്കാവും ഇനി നട അടക്കുക. ഇതോടെ ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ദീർഘിപ്പിച്ചിരിക്കയാണ്.

ആദ്യം ഒരു മണിക്കൂർ ആണ് കൂട്ടിയത്. ഉച്ചക്ക് 3 മണിക്ക് തന്നെ നട തുറക്കും. ഒന്നര മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18.5 മണിക്കൂർ ഭക്തർക്ക് ദർശനത്തിനായി ലഭിക്കും. 

പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് വാദിക്കുന്നുണ്ട്. സ്പോട്ട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യം. വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയത് നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും എത്തിയിരിക്കയാണ്. എരുമേലി നിലയ്ക്കൽ റൂട്ടില്‍ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്.

വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ജീവനൊടുക്കി

വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് 54-കാരി ജീവനൊടുക്കി. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതിയാണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവടി ബീരാൻ(58) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച വെെകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

നാട്ടുകാർ എത്തിയപ്പോൾ ബീരാൻ ചന്ദ്രമതിയുടെ വീട്ടിലെ മുറിയിലെ ബെഡിൽ വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു. ചന്ദ്രമതിയെ വീടിൻ്റെ പുറകുവശത്ത് തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ചന്ദ്രമതി കുറച്ചുകാലമായി ഒറ്റക്കാണ് താമസം. രണ്ടു മക്കളുണ്ട്. ഭർത്താവ് നേരത്തെ ഉപേക്ഷിച്ച് പോയതാണ്. ചന്ദ്രമതിയും ബീരാനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് സൂചന.

ഞായറാഴ്ച ഉച്ചയോടെയാണ് ബീരാൻ പഴേരിയിൽ ചന്ദ്രമതിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുക​ളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കടുവയെ വെടിവെച്ച് കൊല്ലാൻ അനുമതി

0

വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഇറക്കി.

മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്നാണ് വ്യക്തമാക്കുന്നത്. കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡി.എഫ്.ഒ. തേടിയിരുന്നു. കണ്ണൂര്‍ സി.സി.എഫ്.വഴിയാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ശനിയാഴ്ച രാത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

യുവാവിനെ കടുവ കൊന്നുതിന്നതിന് പിന്നാലെ നാട്ടുകാര്‍ മണിക്കൂറുകളോളം മൃതദേഹം സ്ഥലത്തുനിന്നുമാറ്റാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. ജനത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്കെത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമെല്ലാം ഒന്നടങ്കം ഈ ആവശ്യമുന്നയിച്ചു. ബത്തേരി താലൂക്ക്് ആശുപത്രിയില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉപവാസവും നടത്തി. ഉത്തരവ് വൈകിയാല്‍ ദേശീയപാത ഉപരോധിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.

നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. കന്നുകാലികളെ കടുവ ആക്രമിച്ചിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റ് കടുവയുടെ താവളമാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. 600 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള എസ്റ്റേറ്റ് ആണിത്. കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനെതിരെ നാട്ടുകാര്‍ പലതവണ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

യുവാവിനെ കടുവ കൊന്നതറിഞ്ഞ് കുഴഞ്ഞു വീണ കർഷകൻ മരിച്ചു

കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല ​കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്.

ഇന്നലെ വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്ര​ജീ​ഷി​നെ (ച​ക്കാ​യി-36) ക​ടു​വ കടിച്ചുതിന്ന് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണപ്പെട്ടത്.

ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ പു​ല്ല​രി​യാ​ന്‍ പോ​യപ്പോഴാണ്​ പ്ര​ജീ​ഷിനെ കടുവ കൊന്നത്. വൈ​കുന്നേരമായിട്ടും തിരിച്ചുവരുന്നത് കാ​ണാ​താ​യ​തോ​ടെ മാ​താ​വ് അ​യ​ല്‍വാ​സി​ക​ളോ​ട് വി​വ​രം പ​റ​യുകയായിരുന്നു. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും അ​യ​ൽ​വാ​സി​യും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കന്നുകാലികളെ വളർത്തി ഉപജീവനം കഴിച്ചിരുന്ന കുടുംബത്തിലെ ആശ്രമായ യുവാവാണ്.

ക​ടു​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​രെ ക​ണ്ട​തോ​ടെ കാ​ട്ടി​ലേ​ക്ക് മ​റ​ഞ്ഞു. ഇ​ട​തു തു​ട​യു​ടെ​യും ത​ല​യു​ടെ​യും ഭാ​ഗ​ങ്ങ​ൾ ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം. പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​നാ​ണ് പ്ര​ജീ​ഷ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ഷ്, ജി​ഷ.

പ്രജീഷിനെ കൊന്നിട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി, കൂട്ടിലടയ്ക്കും വരെ മൃതദേഹം ഏറ്റു വാങ്ങില്ലെന്ന് നാട്ടുകാർ

0

സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്.

കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കടുവയെ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങാതെ ബോഡി വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും. ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും താലൂക്ക് ആശുപത്രി മോർച്ചറിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്. 

ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

ടൈർഗ ഫണ്ടുകൾ എവിടെ പോകുന്നു, മനുഷ്യ സുരക്ഷ പരിധിയിൽ ഇല്ലെ

2015 ഫെബ്രുവരി 10ന് നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തി കുന്നിൽ ഭാസ്‌കരൻ എന്ന അറുപത്തിയാറുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതേവർഷം ജൂലൈയിൽ കുറിച്യാട് വനഗ്രാമത്തിൽ ബാബുരാജ് എന്ന ഇരുപത്തിമൂന്നുകാരൻ, നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വനം വകുപ്പ് വാച്ചർ, കക്കേരി കോളനിയിലെ ബസവ എന്ന 44കാരൻ എന്നിവരും കൊല്ലപ്പെട്ടു. 2019 ഡിസംബർ 24ന് ബത്തേരി, പച്ചാടി, കാട്ടുനായ്ക്കർ കോളനിയിലെ 60 കാരനായ ജഡയൻ എന്ന മാസ്തിയും കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2020 ജൂൺ 16ന് ബസവൻ കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ എന്ന യുവാവും കടുവക്കിരയായി.

ഈ വർഷം ഇത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി പന്ത്രണ്ടിന് പുതുശ്ശേരി വെള്ളാനംകുന്ന് പള്ളിപ്പുറത്ത് തോമസ് എന്ന അൻപതുകാരൻ മരിച്ചിരുന്നു. ഇപ്പോൾ മുപ്പത്തിയാറ് വയസ്സുള്ള ക്ഷീരകർഷകൻ പ്രതീഷും. മുപ്പത് വർഷം കൊണ്ട് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 116 പേരെന്നാണ് കണക്ക്.

വെടിവെച്ച് കൊല്ലണം – ജോസ് കെ മാണി

സുൽത്താൻ ബത്തേരിയിൽ ഒരാളെ കൊല്ലുകയും മനുഷ്യ മാംസം ഭക്ഷിക്കുകയും മനുഷ്യച്ചോര രുചിക്കുകയും ചെയ്ത നരഭോജിയായ കടുവയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. ഈ കടുവയെ മയക്കുവെടി വെച്ച് പിടിച്ച് മറ്റൊരു വനമേഖലയിൽ വിട്ടാൽ തൊട്ടടുത്ത ജനവാസ മേഖലയിൽ മനുഷ്യ മാംസം തേടി വീണ്ടുമെത്തുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി

“ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്” അമ്മാവൻ ഹിനീഫയുടെ ഭീഷണി, പിന്നാലെ മർദ്ദനം

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്. കയർക്കരുത് എന്ന് അമ്മാവൻ ഭീഷണിപ്പെടുത്തുന്നു. തുടർന്ന് മർദ്ദിക്കാൻ ഓങ്ങുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

ഷബ്നയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ്. ഷബ്ന ജീവനൊടുക്കുന്ന തിങ്കളാഴ്ച ഭർതൃവീട്ടുകാർ ഷബ്നയെ ചീത്ത വിളിക്കുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്  ഷബ്ന തന്നെ ഫോണിൽ എടുത്ത വീഡിയോയാണിത്. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്.

ഇതിന് പിന്നാലെയാണ് ഭർത്താവിന്‍റെ അമ്മാവൻ ഹനീഫയുടെ വിചിത്രമായ കല്പനകൾ. ഇയാൾ കുടുംബത്തിൽ കയറി യുവതിയെ ആൺ എന്ന അധികാരം പ്രയോഗിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കയും ചെയ്യുകയാണ്. ഈ സംഭവത്തിന് പിന്നാലെയാണ്  ഷബ്ന ജീവനൊടുക്കിയത്. വീഡിയോയില്‍ ഷബ്നയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ്  ഹനീഫ സംസാരിക്കുന്നത്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

ഷബ്‌നയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചെന്ന് വിഡിയോയില്‍ ഷബ്‌ന സൂചിപ്പിക്കുന്നുണ്ട്. താന്‍ ഈ വീട്ടില്‍ നിന്ന് പോകണമെങ്കില്‍ അത് തന്റെ ഭര്‍ത്താവ് പറയട്ടേ എന്നാണ് ഷബ്‌ന ബന്ധുവിനോട് പറയുന്നത്. താന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നും തല്ലുന്നെങ്കില്‍ തല്ലിക്കോ എന്നും ഷബ്‌ന പറയുന്നു.  

ഷബ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭർത്താവിന്‍റെ മാതാപിതാക്കൾ, സഹോദരി എന്നിവരെ ഉടൻ പൊലീസ് ചോദ്യം ചെയ്യും. ഷബ്ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഷബ്നയെ മർദിച്ച ഹനീഫയെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. ഷബ്ന മുറിയിൽ കയറി വാതിൽ അടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്ന ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. 

കുടകിൽ മലയാളി ദമ്പതികളും കുഞ്ഞും മരിച്ച നിലയിൽ

0

കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന്  ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയിൽ റിസോർട്ട് ജീവനക്കാർ കണ്ടത്.

വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലും കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.  

കോഴിക്കോട്- കൊച്ചി- ഗൾഫ് റൂട്ടിൽ കപ്പൽ സർവ്വീസ് സാധ്യത തെളിയുന്നു

0

കാലങ്ങളായുളള കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് കൊച്ചി തുറമുഖങ്ങളിൽ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള കപ്പൽ സർവ്വീസിന് സാധ്യത തെളിയുന്നു. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസിയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വീസ്. ഇത് സംബന്ധിച്ച ഹൈബി ഈഡന്‍ എം.പി.യുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി സര്‍ബാനന്ദ് സോനോവാൾ മറുപടി നൽകി.

യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെണ്ടർ നടപടിക്രമങ്ങള്‍ക്ക് തടസ്സമില്ലെന്ന് അദ്ദേഹം അറിയിച്ചു. കപ്പല്‍ സര്‍വീസിന് കേരള മാരിടൈം ബോര്‍ഡും നോര്‍ക്ക റൂട്സും വഴിയാവും ടെണ്ടർ ക്ഷണിക്കുക. സര്‍വീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികള്‍, സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് താത്പര്യപത്രം നൽകാം.

ദീർഘകാലമായുള്ള ആവശ്യമാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവ്വീസ്. ബേപ്പൂരിൽ പ്രതാപം നഷ്ടമായ തുറമുഖത്തെ ഇതിന് വേണ്ടി പ്രയോജനപ്പെടുത്താം എന്ന കണ്ടെത്തൽ ഉണ്ടായിരുന്നു. ഏറ്റവും അധികം ഗൾഫ് യാത്രികർ ഉള്ളതും മലബാറിൽ നിന്നാണ്. എന്നാൽ ഈ ആവശ്യങ്ങൾ ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും അപ്പുറം കടക്കാറില്ല. വൻ സാമ്പത്തിക താത്പര്യങ്ങളും ഇതിന് വിനയായി തീർന്നിട്ടുണ്ട്. അടുത്ത കാലത്തായി കേരള സർക്കാരും കപ്പൽ സർവ്വീസ് എന്ന ആവശ്യത്തിനായി ശക്തമായി രംഗത്ത് വന്നു.

വിമാനടിക്കറ്റ് ചാര്‍ജിനത്തില്‍ വന്‍തുക നല്‍കിയാണ് ഇപ്പോള്‍ പ്രവാസികള്‍ കേരളത്തിലെത്തുന്നത്. വിമാനടിക്കറ്റിന്റെ മൂന്നിലൊരുഭാഗംമാത്രമേ കപ്പലിന് വരുകയുള്ളൂ. വിമാനത്തില്‍ കൊണ്ടുവരുന്ന ലെഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാനും കഴിയും.