വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കടുവ കൊന്നു തിന്നു, നിസ്സഹായരായി അധികാരികൾ

വ​യ​നാ​ട്ടി​ൽ കർഷക യുവാവിനെ ക​ടു​വ ആ​ക്ര​മിച്ച് കൊന്നു. വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്ര​ജീ​ഷി​നെ (ച​ക്കാ​യി-36) ആ​ണ് ക​ടു​വ കൊ​ന്ന് തിന്നത്. ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ പു​ല്ല​രി​യാ​ന്‍ പോ​യ​താ​യി​രു​ന്നു പ്ര​ജീ​ഷ്.

വൈ​കുന്നേരമായിട്ടും കാ​ണാ​താ​യ​തോ​ടെ മാ​താ​വ് അ​യ​ല്‍വാ​സി​ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും ചേർന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ടു​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നതായി തിരച്ചിലിനിടെ കണ്ടെത്തി. പക്ഷെ ആൾക്കൂട്ടം അടുത്തതോടെ കാ​ട്ടി​ലേ​ക്ക് മ​റ​ഞ്ഞു.

ഇ​ട​തു തു​ട​യു​ടെ​ ഒരു ഭാഗം കടുവ കടിച്ചെടുത്തു. ത​ല​യു​ടെ​യും ഭാ​ഗ​ങ്ങ​ൾ ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​ല​ക്ട​റും ഡി.​എ​ഫ്.​ഒ​യും സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. ക​ടു​വ​യെ വെ​ടി​വെ​ച്ചു​കൊ​ല്ല​ണ​മെ​ന്നും ആ​വ​ശ്യം ഉന്നയിച്ചു. പക്ഷെ ഫലം ഉണ്ടായില്ല.

പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​നാ​ണ് പ്ര​ജീ​ഷ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ഷ്, ജി​ഷ.

വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി വയനാട്ടില്‍ ജീവന്‍ നഷ്ടമാകുന്നത്.

നേരത്തെ പലപ്പോഴായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് ജനങ്ങളെ ഭീഷണിയാലാക്കിയിരുന്നു. അമ്പലവയലില്‍ ഉള്‍പ്പെടെ കടുവയിറങ്ങിയ സംഭവത്തില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

കേന്ദ്രസർക്കാരിന് പിറകെ അലഹബാദ് ഹൈക്കോടതിയും, 18 തികഞ്ഞാൽ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന് വിധി

ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന വിചിത്ര വിധിയുമായി അലഹാബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ പീഡനവും ലൈംഗിക ആക്രമണവും നടത്തിയെന്നാരോപിച്ച് പെൺകുട്ടി നല്‍കിയ കേസില്‍ ഭര്‍ത്താവിനെ ഹൈക്കോടതി കുറ്റമുക്തനാക്കുകയും ചെയ്തു. ഈ വിധിന്യായത്തിലാണ് കോടതിയുടെ വിചിത്ര പരാമര്‍ശം.

ഭര്‍തൃബലാത്സംഗം ഇന്ത്യയില്‍ ഇതുവരെ കുറ്റകരമാക്കിയിട്ടില്ലെന്നതാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര ഇതിന് പശ്ചാത്തലമായി വിവരിച്ചത്.ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നും അലഹാബാദ് ഹൈക്കോടതി ഇതിന് ന്യായമായി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് 18 വയസോ അതില്‍ കൂടുതലോ ആണെങ്കില്‍ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാന്‍ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നതുവരെ അത് അങ്ങനെ തന്നെ തുടരുമെന്നും ഹൈക്കോടതി എടുത്തു പറയുകയും ചെയ്തു.

ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഈ വര്‍ഷം ആദ്യംസുപ്രീം കോടതി പരിഗണിച്ചിരുന്നു. ഭര്‍തൃബലാത്സംഗം കുറ്റകരമാക്കുന്നത് ‘സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

377-ാം വകുപ്പ് പ്രകാരമുള്ള ‘പ്രകൃതിവിരുദ്ധ പീഡന’ത്തിന് വൈവാഹിക ബന്ധത്തില്‍ സ്ഥാനമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ഉണ്ടായിരുന്നു. ഇത് അലഹാബാദ് ഹൈക്കോടതി പ്രത്യേകം ചൂണ്ടികാണിക്കുകയും ചെയ്തു.

വിവാഹജീവിതം ദുരിതപൂര്‍ണ്ണമാണെന്നും വാക്കുകള്‍ കൊണ്ടും ശാരീരികമായും ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുകയുമാണെന്നായിരുന്നു ഭാര്യയുടെ പരാതി. ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു.

കൊൽക്കത്ത ഹൈക്കോടതിയെ സുപ്രീം കോടതി വിമർശിച്ചതിന് പിന്നാലെ

രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക ആവശ്യങ്ങളെ നിയന്ത്രിക്കണമെന്ന കല്‍ക്കട്ട ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സുപ്രീം കോടതി കടുത്ത വിമർശനം നടത്തിയിരുന്നു. പരാമര്‍ശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതും ആവശ്യമില്ലാത്തതുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജഡ്ജിമാര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധിന്യായത്തില്‍ എഴുതരുതെന്നും സുപ്രീം കോടതി നി‍ർദ്ദേശിച്ചിരുന്നു. പഴഞ്ചൻ ചിന്താഗതികളെ പിന്തുടരുന്ന സാഹചര്യം തുടരുന്ന സാഹചര്യമാണ് വിമർശനത്തിന് ഇടയാക്കിയത്.

ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുണ്ട്. ഇതിന്റെ ലംഘനമാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ച സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും മറ്റ് എതിര്‍ കക്ഷികള്‍ക്കും നോട്ടീസയച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയോ എന്ന് അറിയിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദ്ദേശം.

പോക്‌സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം ലൈംഗിക ആവശ്യങ്ങളെ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് ഒപ്പമെന്ന് പി സി ജോർജ്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് ഒപ്പമായിരിക്കും താനും പാർട്ടിയുമെന്ന് പി സി ജോർജ്. എന്‍.ഡി.എ. മുന്നണിയുമായി ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയമായിരിക്കും കേരള ജനപക്ഷം (സെക്യുലര്‍) സ്വീകരിക്കുക എന്നും വ്യക്തമാക്കി. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

വര്‍ക്കിങ് ചെയര്‍മാന്‍ ഇ.കെ. ഹസ്സന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാന്‍ പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ലോകത്തിനും രാജ്യത്തിനും ഒരു പോലെ സ്വീകാരനായ, ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കുകയും ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യതാല്പര്യങ്ങള്‍ക്ക് ഉത്തമമെന്ന് യോഗം വിലയിരുത്തിയതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍.ഡി.എ. മുന്നണി നേതൃത്വവുമായോ ബി.ജെ.പി. നേതൃത്വവുമായോ ഇത് സംബന്ധിച്ചു ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. അതിനായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് ബി.ജെ.പി, എന്‍.ഡി.എ. നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് പി.സി. ജോര്‍ജ്, ഇ.കെ. ഹസ്സന്‍കുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്, നിഷ എം.എസ്, പി.വി. വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ അഞ്ചംഗകമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും പാര്‍ട്ടി അറിയിച്ചു.

കാര്‍ഷിക മേഖലയില്‍ മോഡി സര്‍ക്കാര്‍ വലിയ വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എന്നും പിസി ജോര്‍ജ് പറഞ്ഞു.

അഡ്വ.ഷൈജോ ഹസൻ, സെബി പറമുണ്ട, ജോൺസൺ കൊച്ചുപറമ്പിൽ,ജോർജ് വടക്കൻ,പ്രൊഫ. ജോസഫ് ടി ജോസ്,പി.എം.വത്സരാജ്, സജി എസ് തെക്കേൽ,ബാബു എബ്രഹാം,ബെൻസി വർഗീസ്,ഇ.ഒ.ജോൺ ബീനാമ്മ ഫ്രാൻസിസ്, സുരേഷ് പലപ്പൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ഞാനിവിടെ തന്നെയുണ്ടെന്ന് പറഞ്ഞ് ഹാദിയ വീണ്ടും കേസുമായി പിതാവ്

മകളെക്കുറിച്ച് വിവരമില്ലെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട്, സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മതപരിവര്‍ത്തനകേസിലെ ഹാദിയ (അഖില)യുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ വീണ്ടും ഹൈക്കോടതിയില്‍. മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും പുതിയ വാദം കൂടി ഹേബിയസ് കോര്‍പസ് ഹര്‍ജിയിൽ അശോകന്‍ ആരോപിക്കുന്നു.

ഹാദിയയെ പിന്തുടരുന്ന മതങ്ങളും അവരുടെ രാഷ്ട്രീയവും

ഇസ്‌ലാം മതത്തിൽ ആകൃഷ്ടയായി ആ മതം  സ്വീകരിച്ച വിദ്യാർഥിനിയാണ് ഹാദിയ എന്ന അഖില. ഇവർ പിന്നീട്, ഷെഫിൻ ജഹാൻ എന്ന യുവാവുമായി നിയമപരമായി വിവാഹ ബന്ധത്തിലായി. ഇതിനെതിരെ ഹാദിയയുടെ അച്ഛൻ കെ എം അശോകൻ ഹർജി നൽകിയതോടെയായിരുന്നു 2017ൽ ഹാദിയ എന്ന യുവ ഡോക്ടർ ശ്രദ്ധാകേന്ദ്രമായത്.

ഇപ്പോൾ അശോകൻ നൽകിയ പരാതിയിലൂടെ ഹാദിയ വീണ്ടും വാർത്തകളിലേക്ക് തിരിച്ചെത്തുകയാണ്. ഹാദിയയും ഷെഫിൻ ജഹാനും തമ്മിൽ നിയമപരമായി വേർപിരിഞ്ഞിട്ടുണ്ട്. മാത്രമല്ല ഹാദിയ വീണ്ടും വിവാഹിതയാവുകയും ചെയ്തു. ഇതിന് ശേഷമാണ് പുതിയ കേസുമായി പിതാവ് എത്തുന്നത്.

ഹോമിയോ ഡോക്ടറായ ഹാദിയ മീഡിയാ വണ്‍ ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ  താനും ഷെഫിൻ ജഹാനും തമ്മിലുള്ള ബന്ധം നിയമപരമായി വേർപിരിഞ്ഞതായും, സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വ്യക്തിയെ വിവാഹം ചെയ്തു ജീവിക്കുകയാണെന്നും വ്യക്തമാക്കി. “വിവാഹബന്ധത്തിൽ ഏർപ്പെടാനും അതിൽ നിന്നും പിരിയാനും വീണ്ടും വിവാഹിതരാകാനും ഭരണഘടന എല്ലാവർക്കും അവകാശം നൽകിയിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ ഒരു സാധാരണ കാര്യവുമാണ്. എന്നാൽ, എന്റെ കാര്യത്തിൽ സമൂഹം എന്തിനാണ് ഇങ്ങനെ ഇടപെടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള മുതിർന്ന ആളാണ് ഞാൻ. ഞാനും ഷെഫിൻ ജഹാനുമായുള്ള വിവാഹം തുടരാൻ കഴിയാതെ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് തീരുമാനമെടുത്ത് അതിൽ നിന്ന് മാറി. എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ വിവാഹം കഴിച്ചു. ഞാൻ സന്തോഷവതിയാണ്, ഇപ്പോഴും മുസ്‌ലിമായി ജീവിക്കുന്നു.” തന്‍റെ മാതാപിതാക്കൾക്കും പുനർവിവാഹത്തെക്കുറിച്ച് അറിയാമെന്നും അവർ ആ അഭിമുഖത്തിൽ പറഞ്ഞു.

മകളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് വൈക്കം സ്വദേശിയായ പിതാവ് കെ എം അശോകൻ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഈ വാർത്ത വന്നതിന് പിന്നാലെ തന്നെ ഹാദിയയുടെ ടെലിവിഷൻ അഭിമുഖവും വന്നു. ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.

അഭിമുഖത്തിൽ തന്റെ അച്ഛൻ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അറിയില്ലെന്ന് ഹാദിയ പറഞ്ഞു. അച്ഛനെ സംഘപരിവാർ ഒരു ടൂൾ ആയി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച ഹാദിയ, അച്ഛൻ അതിന് നിന്നുകൊടുക്കുന്നതാണ് സങ്കടകരമെന്നും പറഞ്ഞു. “ഞാനൊരു മുസ്‌ലിമാണ്, മുസ്‌ലിമാകാനാണ് ഞാനിത്രയും കാലം നിന്നിട്ടുള്ളത്. മുസ്‌ലിം ആയ ശേഷമാണ് വിവാഹിതയായത്” എന്നും അഭിമുഖത്തിൽ ഹാദിയ വ്യക്തമാക്കുന്നുണ്ട്. തന്റെ പുതിയ ജീവിത പങ്കാളിയെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അത് തങ്ങളുടെ സ്വകാര്യ ജീവിതമാണെന്നും അവർ പറഞ്ഞു. 

മലപ്പുറം ജില്ലയിൽ ഒരു ക്ലിനിക്ക് നടത്തിവരികയായിരുന്നു ഹാദിയ. വിവാഹമോചിതയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറി.

കോട്ടയത്തെ ഈഴവ കുടുംബത്തിൽ കെ എം അഖില എന്ന പേരിൽ ജനിച്ച ഹാദിയ തമിഴ്‌നാട്ടിൽ മെഡിസിൻ പഠിക്കുമ്പോഴാണ് ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്നത്. പിന്നീട്, അവർ ആ  വിശ്വാസം സ്വീകരിച്ചു. അതിന് ശേഷം ഗൾഫിൽ ജോലി ചെയ്തിരുന്ന ഷെഫിൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തു.

കോടതിയും അങ്കലാപ്പിലായ കേസ്

ഇവരുടെ വിവാഹത്തെ ചോദ്യം ചെയ്ത് ഹാദിയയുടെ അച്ഛൻ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കോടതി വിവാഹം അസാധുവാക്കുകയും മാതാപിതാക്കൾക്ക് ഹാദിയയുടെ കസ്റ്റഡി അനുവദിക്കുകയും ചെയ്തത് സംസ്ഥാനത്ത് വലിയ ചർച്ചയ്ക്കും വിദ്വേഷ, വ്യാജ ക്യാംപെയിനുകൾക്കും കാരണമായി. മാസങ്ങളോളം പൊലീസ് സംരക്ഷണത്തിലാണ് ഹാദിയ താമസിച്ചിരുന്നത്.

2018 മാർച്ചിൽ, അവരുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ഹാദിയയുടെ അവകാശം സംരക്ഷിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷെഫിൻ ജഹാനും ഹാദിയയും വീണ്ടും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഹൈക്കോടതി വിധിക്കെതിരെ  ഷെഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടിയെടുത്തത്. തന്റെ മകളെ “തീവ്രവാദി”യുമായി പോകാൻ അനുവദിക്കാനാവില്ലെന്ന് ആരോപിച്ച് അശോകനും കേസിൽ കക്ഷി ചേർന്നിരുന്നു.

എൻ ഐ എ അന്വേഷിച്ച വിവാഹം

ഇസ്‌ലാം മതം സ്വീകരിക്കാൻ ഹാദിയയെ ആരെങ്കിലും നിർബന്ധിച്ചോ എന്ന കാര്യം ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും ഡി വൈ ചന്ദ്രചൂഡും അടങ്ങുന്ന മൂന്നംഗ സുപ്രീം കോടതി ബെഞ്ച് എൻഐഎയ്ക്ക് അനുമതി നൽകിയിരുന്നു

തന്റെ മകൾ ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിനാിയായ എ എസ് സൈനബ അടക്കമുള്ളവർ ചേർന്ന്  തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച്  ഹാദിയയുടെ അച്ഛന്‍ കെ എം അശോകൻ ഹൈക്കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹേബിയസ് കോർപ്പസ് ഹർജികൾ പരിഗണിക്കുന്ന ബെഞ്ച് ചൊവ്വാഴ്ച ഈ കേസ് പരിഗണിക്കും. 

ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ശേഷം ഹാദിയ  മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് നടത്തുകയായിരുന്നു. കുറച്ചുകാലമായി മകളെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ലെന്നും പലപ്പോഴും ഫോണ്‍ സ്വിച്ച്ഡ് ഓഫുമായിരുന്നു. ഡിസംബർ മൂന്നിന് മലപ്പുറത്തെ ക്ലിനിക്കിൽ എത്തിയപ്പോൾ അത് അടഞ്ഞ് കിടക്കുകയായിരുന്നു. ഒന്നും അറിയില്ലെന്നാണ് അയൽവാസികൾ പറഞ്ഞത്. തടവിൽ നിന്ന് മകളെ മോചിപ്പിച്ച് തന്റെ കുടെ വിടാൻ ഉത്തരാവാകണമെന്നാണ് അശോകൻ ഉന്നയിച്ച ആവശ്യം.

യുട്യൂബിൽ വന്ന ഹാദിയയുടെ വീഡിയോ അഭിമുഖം

ആദ്യത്തെ ആക്ഷൻ ത്രില്ലർ ആദ്യമായി ഗർഭം ധരിച്ച സമയത്തായിരുന്നെന്ന് ആലിയ ഭട്ട്, വീഡിയോ വൈറൽ

ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലര്‍ ‘ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ആലിയ ഭട്ടിന്റെ ഹോളിവുഡ് അരങ്ങേറ്റം. ഗാല്‍ ഗഡോട്ട്, ജെയ്മി ഡോര്‍മന്‍ എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിൽ കെയ ധവാൻ എന്ന ഇന്ത്യൻ പെൺകുട്ടിയായിട്ടാണ് ആലിയ എത്തിയത്. 

അന്നത്തെ ആദ്യം എന്നതിൽ താൻ ആദ്യമായി ഗർഭം ധരിച്ച സമയത്തുമായിരുന്നു ഷൂട്ടിങ് എന്നും അവർ വെളിപ്പെടുത്തുന്നു. ആദ്യത്തെ ഇംഗ്ലീഷ് സിനിമയും ആദ്യത്തെ വെടിയുതിർക്കുന്ന സിനിമയും എന്നതു മാത്രമല്ല. പല ഷോട്ടുകളിലും ഇത് മേക്കപ്പിൽ മറയ്ക്കാനും ശ്രമിച്ചതായി കാണാം.

പ്രധാന ആക്ഷൻ രംഗങ്ങളിൽ എല്ലാം തനിച്ചാണ് അഭിനയിച്ചത്. ആകാശത്തിലെ സംഘട്ടന രംഗങ്ങൾ വരെ ഇങ്ങനെ ചിത്രീകരിച്ചു.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ അവരുടെ സംഭാഷണത്തോടെ ഇപ്പോൾ വൈറലായിരിക്കയാണ്. റാഹയെ ഗർഭം ധരിച്ച സമയത്തായിരുന്നു ആലിയ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുത്തത്. 

ഷബ്നയുടെ മരണം, ഉമ്മയെ ബാപ്പയുടെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നെന്ന് മകൾ

ഓർക്കാട്ടേരിയിൽ ഭർത്താവിൻ്റെ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഷബ്ന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ. ഉമ്മയെ തൻ്റെ ബപ്പയുടെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൾ വെളിപ്പെടുത്തി.

പിതാവിൻ്റെ അമ്മാവൻ ഹനീഫ അമ്മയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. മാതാവിനെ രക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു. എങ്കിലും ആരും ശ്രമിച്ചില്ല. മാതാവിന് മാനസികരോഗം ഉണ്ടെന്ന് വരുത്താൻ ശ്രമം നടന്നെന്നും മകൾ പറഞ്ഞു.

തിങ്കളാഴ്ചയാണ് ഷബ്ന ഭർത്താവിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്.

ഭർത്താവിൻ്റെ അമ്മാവൻ ഹനീഫ കസ്റ്റഡിയിൽ

സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഓർക്കാട്ടേരി സ്വദേശി ഹനീഫയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.

യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഭർത്താവ് വിദേശത്തു നിന്ന് എത്തുന്നതിന്റെ തലേ ദിവസമാണ് അമ്മയ്‌ക്കൊപ്പം ഷബ്ന ഭർതൃവീട്ടിലെത്തിയത്. മാതാവ് മടങ്ങിയ ശേഷം ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷബ്‌ന സ്വന്തം വീട്ടിൽ അറിയിച്ചിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു വീട്ടുകാരെ വിവരം അറിയിച്ചതെന്ന ഗുരുതര ആരോപണവും ഉണ്ട്. പത്ത് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം

ദളിതർക്കും ആദിവാസികൾക്കും എതിരെ ഏറ്റവും അധികം അതിക്രമങ്ങൾ നടക്കുന്നത് യു.പി.യിൽ

ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിലെന്ന് സർക്കാർ കണക്കുകൾ. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ ഡാറ്റ പ്രകാരം ദളിതർക്കും ആദിവാസികൾക്കുമെതിരെ കഴിഞ്ഞ വർഷം ഏറ്റവുമധികം അതിക്രമങ്ങൾ നടന്നത് ഉത്തർ പ്രദേശിലാണ്. രണ്ടാം സ്ഥാനത്ത് രാജസ്ഥാൻ ആണ്. മൂന്നാം സ്ഥാനത്ത് മധ്യപ്രദേശ്.

അതിക്രമങ്ങൾ ഏറ്റവും അധികം ഹിന്ദി ഹൃദയഭൂമിയിൽ

കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 57,428 കുറ്റകൃത്യങ്ങളാണ് ദളിതർക്കെതിരെ നടന്നത്. ഇതിൽ ഉത്തർ പ്രദേശിൽ മാത്രം 15,368 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമതുള്ള രാജസ്ഥാനിൽ 8,752 കുറ്റകൃത്യങ്ങളും മധ്യപ്രദേശിൽ 7,733 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തു. നാലാം സ്ഥാനത്തുള്ള ബീഹാറിൽ റിപ്പോർട്ട് ചെയ്തത് 6,509 കേസുകളാണ്.

ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മധ്യപ്രദേശ് ആണ് ഒന്നാമത്. 2979 കുറ്റകൃത്യങ്ങൾ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാൻ (2521), ഒഡീഷ (773) എന്നീ സംസ്ഥാനങ്ങൾ അടുത്ത സ്ഥാനങ്ങളിലുണ്ട്.

ദലിത് പീഡനങ്ങളിൽ വർഷങ്ങളായി മുന്നിൽ

കഴിഞ്ഞ അഞ്ച് വർഷത്തിനകം- 2018 മുതൽ 1.9 ലക്ഷം കേസുകളാണ് ദളിത് ആക്രമണങ്ങളിൽ റിജിസ്ത്ര് ചെയ്യപ്പെട്ടത്. ഇതിൽ തന്നെ 49, 613 കേസുകളും ഉത്തർ പ്രദേശിലാണ്. 11,924 in 2018, 11,829 in 2019, 12,714 in 2020, and 13,146 in 2021 എന്നിങ്ങനെയാണ് നാലു വർഷത്തെ കണക്ക്. ബി എസ് പി എംപി ഗിരീഷ് ചന്ദ്രയുടെ ചോദ്യത്തിന് ഉത്തരമായി നാഷണൽ ക്രൈം റോക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര പാർലമൻ്റിൽ വെളിപ്പെടുത്തിയതാണ് ഇത്.

ദലിതുകൾക്ക് എതിരായ ആതിക്രമങ്ങളിൽ ഇനിയും 70,818 കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ദളിതുകൾക്ക് എതിരായ അതിക്രമങ്ങളിൽ ശിക്ഷിക്കപ്പട്ടത് 27,754 പേർ മാത്രമാണ്. ആദിവാസികൾക്ക് എതിരായ അതിക്രമങ്ങളിൽ 4.6 ശതമാനം വർധനവും ഉണ്ടായി. ഇവയെല്ലാം ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട കേസുകൾ മാത്രമാണ്.

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ കുടുംബത്തെ കുട്ടിയെ പാർപ്പിച്ച വീട്ടിൽ എത്തിച്ച് തെളിവെടുത്തു

ഒയൂരിൽ ആറുവയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിൽ പ്രതികളെ തെളിവെടുപ്പിനായി അവരുടെ ചാത്തന്നൂരിലെ എത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടു വന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ വീട്ടുമുറ്റത്തുതന്നെ ഉണ്ട്. സംഭവത്തിന് ശേഷം കാർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാറിനുള്ളിൽനിന്ന് നിർണായക തെളിവുകൾ ലഭിക്കുമോ എന്നാണ് പരിശോധന നടത്തുന്നത്. കുട്ടിക്ക് ഏതെങ്കിലും തരത്തിൽ ലഹരി മരുന്നുകൾ നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനയും നടക്കുന്നുണ്ട്.

പാരിപ്പള്ളിയിലേക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയ ഒയൂരിലെ സ്ഥലത്തേക്കും പ്രതികളെ പോലീസ് കൊണ്ടുപോയി. ഇവരെ പിടികൂടിയ തെന്മലയ്ക്കും തെങ്കാശിക്കും ഇടയിലുള്ള ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

സൂര്യൻ്റെ ആദ്യത്തെ ഡിസ്ക് ഇമേജ് പകർത്തി ആദിത്യ L1

0

പൂര്‍ണ വൃത്താകൃതിയിൽ തെളിയുന്ന സൂര്യൻ്റെ അള്‍ട്രാവയലറ്റ് ഡിസ്ക് ചിത്രങ്ങള്‍ പകര്‍ത്തി ഇന്ത്യയുടെ ആദിത്യ എല്‍-1. സൂര്യൻ്റെ 200 മുതല്‍ 400 nm വരെ തരംഗദൈര്‍ഘ്യമുള്ള ആദ്യത്തെ പൂര്‍ണ വൃത്ത ചിത്രമാണ് സാധ്യമാക്കിയത്. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (സ്യൂട്ട്) പേലോഡ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ ഒരുക്കിയത്.

സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

സ്യൂട്ട് അടക്കം ഏഴ് പേലോഡുകളാണ് ആദിത്യ എല്‍-1 ലുള്ളത്. സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റേയും അള്‍ട്രാ വയലറ്റ് ചിത്രം പകര്‍ത്തുന്നതിന് വേണ്ടിയാണ് സ്യൂട്ട് ഉപയോഗിക്കുന്നത്. പുറത്തുവിടുന്ന പ്രകാശോര്‍ജ്ജത്തിലെ മാറ്റങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയാണിത്.

ഇതിന് മുമ്പ് സോളാര്‍ വിന്‍ഡ് അയണ്‍ സ്‌പെക്ട്രോമീറ്റര്‍ (സ്വിസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (അസ്‌പെക്‌സ്) എന്നിവ ഡിസംബര്‍ ആറിന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കഴിഞ്ഞമാസം, ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ സൗരജ്വാലകളുടെ ഹൈ എനര്‍ജി എക്‌സ് റേ ചിത്രം പകര്‍ത്തിയിരുന്നു.

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ-എല്‍1 വിക്ഷേപിച്ചത്. വിശദ വിവരങ്ങൾ ഈ ലിങ്കിൽ https://isro.gov.in/Aditya_L1_SUIT.html…

ഷാരൂഖ് ഖാൻ പറഞ്ഞു “ഹടാവോ ഇസ്‌കോ” ബോളിവുഡിൻ്റെ രക്ഷകനെന്ന് അനുരാഗ് കശ്യപ്

കൊറോണയ്ക്ക് ശേഷം തകർന്ന് അടിഞ്ഞു പോയ ബോളിവുഡിന് പ്രതീക്ഷ നൽകിയത് ഷരൂഖ് ഖാൻ ചിത്രങ്ങളാണ്. ശാപ മോചനം നൽകി എന്നാണ് സംവിധായകൻ അനുരാഗ് കശ്യപ് ഇതിനെ വിശേഷിപ്പിക്കുന്നതും.

“ഈ വർഷത്തെ ഏറ്റവും അവിസ്മരണീയ നിമിഷം പത്താൻ  ശാപം തകർത്തതു തന്നെയാണ് . ബോളിവുഡിൽ ഒരു ശാപമുണ്ടായിരുന്നു, ഷാരൂഖ് ഖാൻ വന്ന്, ‘ ഹടാവോ ഇസ്‌കോ’ (അത് നീക്കം ചെയ്യുക) എന്ന് പറഞ്ഞ് അത് അങ്ങ് നീക്കി. അതായിരുന്നു നിർണായക നിമിഷം,” അനുരാഗ് പറഞ്ഞു.

കോടികൾ ചെലവിട്ട് നിർമ്മിച്ച സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പോലും വെള്ളിത്തിരയിൽ കൂപ്പുകുത്തിയ സാഹചര്യമായിരുന്നു ബോളിവുഡിൽ. എന്നാൽ ഈ വർഷം എത്തിയ രണ്ട് ഷാരൂഖ് ചിത്രങ്ങൾ വമ്പൻ വിജയങ്ങളാണ് ബോളിവുഡിന് സമ്മാനിച്ചത്. 1000 കോടിക്ക് മുകളിലാണ് ഈ ചിത്രങ്ങൾ ആഗോള ബോക്‌സ്​ ഓഫീസിൽ നിന്ന് നേടിയത്.കഴിഞ്ഞ ദിവസം ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ബോളിവുഡിന്റെ ശാപം നീക്കിയതിന്റെ ക്രെഡിറ്റ് ഷാരൂഖിനു നൽകിയത്.

ഈ വർഷത്തെ, ബോളിവുഡ് ബോക്‌സ് ഓഫീസ് പ്രകടനങ്ങളെ കുറിച്ച് അനുരാഗ് കശ്യപ് പിങ്ക്‌വില്ലയുമായുള്ള അഭിമുഖത്തിൽ സംസാരിച്ചിരുന്നു, “ഇത് വളരെ നല്ല ഒരു കാര്യമാണ്. വിതരണക്കാരും, സ്റ്റുഡിയോകളും എല്ലാവരും സന്തുഷ്ടരാണ്. ബോളിവുഡിന്റെ ശാപം നീങ്ങി, ഇത് വളരെ നല്ല വാർത്തയാണ്. അവർ സന്തുഷ്ടരായിരിക്കുമ്പോൾ, എന്റെ പ്രോജക്റ്റുകൾ പച്ചപിടിക്കുമെന്ന് എനിക്കറിയാം.” എന്നായിരുന്നു തുടർന്നുള്ള വാക്കുകൾ.

പത്താനെ കൂടാതെ, ഈ വർഷം പുറത്തിറങ്ങിയ ജവാൻ, ഗദർ 2, റോക്കി ഔർ റാണി കി പ്രേം കഹാനി, 12-ത് ഫെയിൽ, ഹിറ്റുകളും ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കി.

അനുരാഗ് കശ്യപ് തന്റെ വരാനിരിക്കുന്ന കെന്നഡി എന്ന ചിത്രത്തിന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ്. രാഹുൽ ഭട്ടും സണ്ണി ലിയോണും അഭിനയിച്ച ഈ  ഹിന്ദി ത്രില്ലർ ചിത്രം, കാൻസ് 2023 ചലച്ചിത്ര മേളയിലെ പ്രദർശനത്തിൽ നിറഞ്ഞ കയ്യടി നേടിയിരുന്നു.