രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിൽ സവർണ പ്രാതിനിധ്യം 75.69 ശതമാനം, വനിതകൾ വെറും 13.5 ശതമാനം

2018 മുതല്‍ 2023വരെ രാജ്യത്തെ ഹൈക്കോടതികളില്‍ നിയമിതരായ ജഡ്ജിമാരില്‍ 75.69 ശതമാനവും സവർണ ജാതികളിൽ നിന്നുള്ളവരെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ഈ അഞ്ചുവര്‍ഷത്തിനിടെ 650 ഹൈക്കോടതി ജഡ്ജിമാരാണ് നിയമിതരായത്. ഇതുപ്രകാരമുള്ള ശതമാന കണക്കിലാണ് ഞെട്ടിക്കുന്ന അന്തരം വ്യക്തമാവുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തെ നിയമനങ്ങളിൽ 492പേരും സവർണ ജാതികളിലെ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. 23പേര്‍ മാത്രമണ് പട്ടികവിഭാഗങ്ങളില്‍ നിന്നുള്ളത്. 10 പേര്‍ പട്ടിക വര്‍ഗത്തില്‍പ്പെട്ട ജഡ്ജിമാരും 76 പേര്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും 36പേര്‍ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരുമാണ്.

3.54 ശതമാനമാണ് പട്ടിക വിഭാഗം ജഡ്ജിമാരുള്ളത്. 1.54 ശതമാനമാണ് പട്ടികവര്‍ഗത്തില്‍ നിന്നുള്ള ജഡ്ജിമാര്‍. ഒബിസി വിഭാഗത്തിലുള്ള ജഡ്ജിമാരുടെ ശതമാനം വെറും 11.7 ആണ്. മതന്യൂനപക്ഷങ്ങളുടെ ശതമാന കണക്ക് 5.54 ആണ്. ഇവയെല്ലാം കൂടി ചേര്‍ത്ത് 22.4 ശതമാനമാണ് ആകെയുള്ളത്. 13 ജഡ്ജിമാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും കേന്ദ്രം പറയുന്നു.

ഏറ്റവും പിന്നോക്കം വനിതകൾ

സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ മറുപടി നല്‍കിയത്. സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി 824 ജഡ്ജിമാരാണുള്ളത്. ഇതില്‍ 111 പേര്‍ മാത്രമാണ് വനിതാ ജഡ്ജിമാര്‍. ആകെ ജഡ്ജിമാരുടെ 13.5 ശതമാനം മാത്രമാണ് വനിതാ ജഡ്ജിമാരുള്ളത്. സുപ്രീംകോടതിയില്‍ ആകെയുള്ള 34 ജഡ്ജിമാരില്‍ മൂന്നുപേര്‍ മാത്രമാണ് വനിതകള്‍. 108 വനിതാ ജഡ്ജിമാരാണ് ഹൈക്കോടതികളിലുള്ളത്. ഇതില്‍ അഞ്ച് വനിതാ ജഡ്ജിമാര്‍ കേരള ഹൈക്കോടതിയിലുണ്ട്.

ജഡ്ജി നിയമനങ്ങള്‍ക്കുള്ള പ്രൊപ്പോസലുകള്‍ അയയ്ക്കുമ്പോള്‍, പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, മതന്യൂനപക്ഷങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് അഭ്യര്‍ഥിക്കുന്നതായാണ് കേന്ദ്ര നിയമമന്ത്രി വിശദീകരിച്ചത്.

യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ നടത്തിയത് വൻ വെട്ടിപ്പ്, പൊലീസ് ചോദ്യം ചെയ്യുന്നു

 നിയമന തട്ടിപ്പ് കേസിൽ യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ കൂടുതൽ പരാതികൾ. ചോദ്യം ചെയ്യാനായി പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആരോ​ഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിരവധിപേർ പരാതിയുമായി പൊലീസിനെ സമീപിച്ചു. 

വ്യാജ തിരിച്ചറിയല്‍കാര്‍ഡ് നിര്‍മാണത്തില്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിന് ഇരുട്ടടിയായാണ് ഉയര്‍ന്ന നേതാവിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുന്നത്.

എം പി ക്വാട്ടയിൽ ജോലി വാഗ്ദാനം

പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ എം.പി ക്വാട്ടയിൽ തൊഴിൽ അവസരം ഉണ്ടെന്നാണ് അരവിന്ദ് തട്ടിപ്പിന് ഇരയായവരെ വിശ്വസിപ്പിച്ചത്.

പത്തനംതിട്ട, കോഴഞ്ചേരി ആശുപത്രികളിലും ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി. നഴ്സിം​ഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുളള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയിൽ നിന്ന് 80,000 രൂപ തട്ടിയെന്നാണ് അരവിന്ദ് വെട്ടിക്കലിനെതിരെ ഏറ്റവും ഒടുവിൽ പുറത്തുവന്ന പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ  ആറന്മുള പൊലീസാണ് കേസെടുത്തത്. 

പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.

പത്തനംതിട്ട സ്വദേശിയായ യുവതിക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപയാണ് അരവിന്ദ് വാങ്ങിയത്. കോഴ‌ഞ്ചേരി ആശുപത്രിക്ക് മുന്നിൽ വച്ച് വ്യാജ നിയമന ഉത്തരവും നൽകി. ഈ ഉത്തരവിന്‍റെ ഒരു പകർപ്പ് അരവിന്ദ് ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്ന പദവി ഉപയോഗിച്ചാണ് വിശ്വാസ്യത നേടിയത്. ആരോഗ്യവകുപ്പിൽ നിയമനത്തിന്  എംപി ക്വാട്ടയുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

എംപി ക്വോട്ടയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമനം നൽകാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് നൽകിയ വാഗ്ദാനം. ജനുവരി 17ന് ജോലിക്കു ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. ഇതുപ്രകാരം ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.

തട്ടിപ്പിന് ഇരയായവർ നിശ്ശബ്ദമായി, ആരോഗ്യ വകുപ്പ് തന്നെ പരാതിയുമായി എത്തി

തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി വ്യാജ ഉത്തരവ് പ്രചരിപ്പിക്കുകയും വിഷയം ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഡയറക്ടറേറ്റിലെ സെക്‌‍ഷൻ ഓഫിസറുടെ പേരിൽ വ്യാജ ലെറ്റർപാഡ് തയാറാക്കിയാണ് തട്ടിപ്പു നടത്തിയത്.

ബെവ്ക്കോയിൽ നിയമനം വാദ്ഗാനം ചെയ്ത് കായംകുളം സ്വദേശിയായ ദമ്പതി കളിൽ നിന്നും ഒന്നര ലക്ഷമാണ് അരവിന്ദ് വാങ്ങിയത്. ആറൻമുള, തിരുവല്ല, കരുവാറ്റ സ്വദേശികളാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.

നഴ്സിംഗ് സീറ്റ് വാദ്ഗാനം ചെയ്തും അരവിന്ദ് തട്ടിപ്പ് നടത്തിയതായുള്ള രേഖകള്‍ പൊലീസിന് ലഭിച്ചു. പാലയിലുള്ള ഒരാള്‍ വഴിയാണ് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങിയെന്നാണ് വിവരം. തൊഴിൽ തട്ടിപ്പിന് ഇരയായവർ പലരും നാണക്കേട് ഭയന്ന് പരാതിപ്പെടാൻ മടിക്കുകയാണ്. പണം നൽകി തൊഴിൽ നേടാൻ ശ്രമിച്ചു എന്ന പ്രശ്നവും ഇതിലുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

0

സി പി ഐ നേതാവ് കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. പ്രമേഹത്തെ തുടർന്ന് കാലിന് ശസ്ക്രിയ നടത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായത്.

1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു.

1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തിയതാണ് കാനം. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.

 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. തുടർന്ന് പൂർണമായും സംഘടനാരംഗത്തേക്ക് മാറി. 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തി.

 ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത് നാണക്കേടായി, മുഖമറ നീക്കി താലിബാൻ വിദേശകാര്യ മന്ത്രി

0

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചത് ലോകത്തിനും ജനങ്ങൾക്കും മുന്നിൽ നാണക്കേടായെന്ന് താലിബാന്‍റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്. കാബൂളില്‍നിന്ന് സംപ്രേഷണം ചെയ്യുന്ന അഫ്ഗാന്‍ ന്യൂസ് ചാനലായ ടോളോ ന്യൂസ് ആണ് പ്രസ്താവന പുറത്ത് വിട്ടത്.

വിദ്യാഭ്യാസമില്ലാത്ത സമൂഹം ഇരുളടഞ്ഞതാവും

പെണ്‍കുട്ടികള്‍ക്ക് ഗ്രേഡ് 6-ന് ശേഷമുള്ള ക്ലാസുകള്‍ പുനരാരംഭിക്കണം. വിദ്യാഭ്യാസമില്ലാത്ത സമൂഹം ഇരുളടഞ്ഞതാണെന്നും ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കവേ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് പറഞ്ഞു.

“വിദ്യാഭ്യാസം നേടുക എന്നത് ഓരോരുത്തരുടേയും അവകാശമാണ്. ഓരോത്തര്‍ക്കും പ്രകൃത്യാ ലഭിക്കുന്ന അവകാശമാണത്. ആ അവകാശത്തെ മറ്റൊരാള്‍ക്ക് എത്തരത്തിലാണ് നിഷേധിക്കാനാകുക? ആ അവകാശത്തെ ആരെങ്കിലും ലംഘിക്കുകയാണെങ്കില്‍ അത് അഫ്ഗാനിസ്താനിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് സമാനമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാതായനങ്ങള്‍ എല്ലാവര്‍ക്കുമായി വീണ്ടും തുറക്കാന്‍ ശ്രമിക്കൂ. നമ്മുടെ അയല്‍രാജ്യങ്ങളും ലോകരാഷ്ട്രങ്ങളുമായി നമുക്കുള്ള ഏക പ്രശ്‌നമെന്നത് വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ളതാണ്. രാജ്യവും ജനങ്ങളും നമ്മളില്‍നിന്ന് അകലുന്നതും വെറുക്കുന്നതും വിദ്യാഭ്യാസത്തെ പ്രതിയാണ്”, സ്റ്റാനിക്‌സായ് പറഞ്ഞു.

മതവിദ്യാഭ്യാസത്തിനും നിലവാരമില്ല

രാജ്യത്തെ മതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നല്‍കിവരുന്ന അധ്യായനത്തിന് മതിയായ നിലവാരമില്ലെന്ന് താലിബാന്‍ നിയുക്ത വിദ്യാഭ്യാസമന്ത്രി ഹബീബുള്ള ആഘ അടുത്തിടെ വിമര്‍ശനമുന്നയിച്ചത് ചർച്ചയായിരുന്നു. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനുള്ള നടപടികളില്‍ ശ്രദ്ധ ചെലുത്തണമെന്ന് താലിബാനോടും മതപണ്ഡിതന്‍മാരോടും ആഘ ആവശ്യപ്പെടുകയും ചെയ്തു.

താലിബാന്റെ മിനിസ്ട്രി ഓഫ് ബോര്‍ഡേഴ്‌സ് ആന്‍ഡ് ട്രൈബല്‍ അഫയേഴ്‌സാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരുന്നു ചടങ്ങ്.

വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായ വിദൂര മേഖലകളിലെ യുവാക്കള്‍ ഇതിനോടകം സ്‌കൂളുകളില്‍ പ്രവേശനം നേടിയതായി താലിബാന്‍ നിയുക്ത ബോര്‍ഡേഴ്‌സ് ആന്‍ഡ് ട്രൈബല്‍ അഫയേഴ്‌സ് മന്ത്രി നൂറുള്ള നൂറി പറഞ്ഞു. മതപരമായ വിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും തമ്മില്‍ ഒരുതരത്തിലുള്ള അന്തരമില്ലെന്നും നൂറുള്ള നൂറി അവകാശപ്പെട്ടു. “അന്തരമുണ്ടെന്നുള്ള ആരോപണം വാസ്തവമല്ല. ഇസ്ലാമിക് എമിറേറ്റിന്റെ ഭരണത്തിൻകീഴില്‍ വിദ്യാഭ്യാസം നല്‍കിവരുന്നുണ്ട്. മുന്‍കാലത്ത് അത്തരത്തിലരു സംവിധാനമുണ്ടായിരുന്നില്ല”, നൂറുള്ള നൂറി പറഞ്ഞു.

താലിബാന്‍ അധികാരത്തിലെത്തിയതിനുപിന്നാലെ അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികള്‍ക്ക് ഗ്രേഡ് 6 വരെയുള്ള വിദ്യാഭ്യാസത്തിനുമാത്രമാണ് അനുമതി.

അടുത്ത രണ്ട് അധ്യയന വർഷത്തിനകം 10 വരെയുള്ള സ്കൂൾ പാഠപുസ്തകങ്ങൾ മുഴുവനായി മാറും

 കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2024 ജൂണെടെ മാറും.
2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2025 ജൂണിലും പരിഷ്‌കരിക്കും. 2025 ആവുന്നതോടെ സ്കൂൾ പാഠപുസ്തകങ്ങൾ എല്ലാം പുതിയതാവും.

അടുത്ത അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുട്ടികള്‍ക്ക് പുസ്തകം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രം ഒഴുവാക്കിയ പാഠഭാഗങ്ങള്‍ കേരളം പ്രത്യേകം തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ പാഠപുസ്തകളില്‍ നിന്ന് ഇന്ത്യ എന്ന പദം കളയില്ല. ദേശീയ വിദ്യാഭ്യാസ നയം അതേപടി കേരളത്തില്‍ നടപ്പാക്കില്ല, സംസ്ഥാനത്തിന് യോജിച്ചവിധമായിരിക്കും പരിഷ്കാരം എന്നും മന്ത്രി പറഞ്ഞു.

ബിരുദമുണ്ടോ, ഇംഗ്ലീഷ് ഭാഷാ ട്രെയിനറാവാം

അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നര്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക് (NSQF) അംഗീകാരമുള്ള ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഇംഗ്ലീഷ്/സോഫറ്റ് സ്‌കില്‍ പരിശീലകരാകാന്‍ കഴിയും.

കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള നിലവില്‍ കേരളത്തില്‍ ലഭ്യമായ കോഴ്‌സാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നര്‍. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (NCVET)സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഏതെങ്കിലും ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമാണ് യോഗ്യത. 30 പേര്‍ക്കാണ് പ്രവേശനം. ഫീസ്: 12500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9656043142,7994497989

മഹുവ മൊയ്ത്രയെ പാർലമെൻ്റിൽ നിന്നും പുറത്താക്കി

ചോദ്യത്തിന് കോഴവാങ്ങി എന്നപേരിൽ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് എതിരായ നീക്കത്തിന് പരിസമാപ്തി. മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെൻ്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന് തുടർച്ചയായാണ് പുറത്താക്കൽ നടത്തിയത്.

മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മിറ്റി നേരത്തെ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് മുൻനിർത്തി പ്രമേയം അവതരിപ്പിച്ച് പാസാക്കിയാണ് ലോക്‌സഭാ അംഗത്വത്തിൽ നിന്ന് മെഹുവയെ പുറത്താക്കിയത്.

എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പ്രതിപക്ഷം ലോക്സഭയിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയതോടെയാണ് പുറത്താക്കൽ പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോൾ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. ഇന്ത്യ സംഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി. പ്രതിഷേധം കനത്തതോടെ ലോക്സഭ രണ്ട് മണിവരെ നി‍ര്‍ത്തിവെച്ചിരുന്നു.  

എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിരുന്നുവെന്ന നിലപാടാണ് സ്പീക്കർ എടുത്തത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

അദാനി ബന്ധത്തെ കുറിച്ച് നിരന്തരം ചോദ്യം ചോദിച്ച മഹുവ

പാര്‍ലമെന്റിൽ ഭയമില്ലാതെ മോദിക്കെതിരെ അടക്കം രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ശ്രദ്ധേയായിരുന്നു എംപിയായ മഹുവ മൊയ്ത്ര. ഇവരെ പൂട്ടാനുളള ബിജെപി ശ്രമങ്ങളാണ് ഇപ്പോൾ വിജയം കണ്ടത്.

അദാനിക്കെതിരെ നിരന്തരം ചോദ്യം ഉയർത്തുന്നതിലെ പകയാണ് നീക്കത്തിന് പിന്നിലെന്നാണ് മഹുവ മൊയ്ത്രയുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. താൻ പോരാടുമെന്നാണ് മഹുവ മൊയ്ത്ര ഇന്ന് പ്രതികരിച്ചത്. ‘വസ്ത്രാക്ഷേപമാണ് നടത്തുന്നത്. ഇനി മഹാഭാരത യുദ്ധം കാണാമെന്നും മഹുവ മൊയ്ത്ര പാര്‍ലമെന്‍റിലേയ്ക്ക് കയറും മുമ്പ് പറഞ്ഞിരുന്നു.

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും വീണാ വിജയനും ഹൈകോടതി നൊട്ടീസ്

മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പെടെ 12 പേര്‍ക്ക്‌ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്‌.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കാണ് ഹൈക്കോടതി നോട്ടീസ്.

ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ രേഖയിലെ നിരീക്ഷണങ്ങൾ ഉയർത്തി കാട്ടിയാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിലായിരുന്നു ആദ്യം ഹർജി നൽകിയത്. എന്നാൽ ഹർജി തള്ളി. തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു.

തുടർന്ന് കേസ് നിലനിൽക്കുമോ എന്ന് അന്വേഷിക്കുന്നതിനായി അമികസ്ക്യൂരിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ്ക്യൂരിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി

സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കി സംവിധായകന്‍ ജിയോ ബേബിയെ അപമാനിച്ച സംഭവത്തില്‍ മന്ത്രി ആര്‍. ബിന്ദു. ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ആര്‍.ബിന്ദു വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിലപാട് അറിയിച്ചത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. എന്തുകൊണ്ട് തന്നെ പരിപാടി റദ്ദാക്കിയെന്നതിനുള്ള ഉത്തരം തനിക്ക് കിട്ടണമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പരിപാടിയിൽ നിന്ന് സംവിധായകൻ ജിയോ ബേബിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോർഡിനേറ്ററായ അധ്യാപകൻ മൻസൂർ അലി പദവിയിൽ നിന്ന് രാജി വെച്ചിരുന്നു. അടുത്ത ദിവസം കോളജിൽ ഒരു ചടങ്ങിൽ എത്താൻ ഏറ്റിരുന്ന എഴുത്തുകാരി ഖദീജ മുംതസ് പരിപാടി റദ്ദാക്കിയാതായി പ്രഖ്യാപിച്ചിരുന്നു.

ജിയോ ബേബിക്ക് പിന്തുണയുമായി എസ്. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് പി. എം ആർഷോ രംഗത്ത് എത്തിയിരുന്നു. എസ് എഫ് ഐ നേതൃത്വം നൽകുന്ന മടപ്പള്ളി കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റിൽ ഡിസംബർ 8 ന് സംവിധായകൻ ജിയോ ബേബി പങ്കെടുക്കും എന്നുമറിയിച്ചു.

മമ്മൂട്ടി നായകനായുള്ള കാതൽ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ സിനിമകളുടെ സംവിധായകനാണ് ജിയോ ബേബി. ക്ഷണിക്കപ്പെട്ട വ്യക്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ആശയങ്ങളോടുള്ള ശക്തമായി വിയോജിപ്പ് ഉള്ളത് കൊണ്ടാണ് യൂണിയൻ പരിപാടിയുമായി സഹകരിക്കില്ലെന്നും പങ്കെടുക്കില്ലെന്നും അറിയിച്ചത്. ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു യൂണിയൻ വിശദീകരണം.

നിലപാടുകളുടെ പേരിൽ നേരത്തെയും വേട്ട നേരിട്ട സംവിധായകൻ

ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ സിനിമ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വവർഗ്ഗാനുരാഗം ചർച്ച ചെയ്യുന്ന “സീക്രട്ട് മൈൻഡ്സ് ”  എന്ന ഹ്രസ്വചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ബാംഗ്ലൂരിലെ ക്വീർ എൽജിബിടി ഫിലിം ഫെസ്റ്റിവൽ, ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ഇടങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. ഷോർട്ട് ഫിലിം വിവാദമായതിനെ തുടർന്ന് ജിയോ ബേബിയെയും മറ്റ് നാല് വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് പുറത്താക്കി. ഈ അനുഭവത്തിന്റെ തുടർച്ചയാണ് ഇപ്പോൾ അദ്ദേഹം നേരിടേണ്ടി വന്ന വിവേചനം.

മന്ത്രി ആര്‍.ബിന്ദുവിന്റെ കുറിപ്പ്

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാല്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു.ഇപ്പോള്‍ ”കാതല്‍” എന്ന സിനിമ ഈ സമൂഹത്തില്‍ ഒരു വിഭാഗം മനുഷ്യര്‍- സ്വവര്‍ഗ്ഗലൈംഗികആഭിമുഖ്യമുള്ളവര്‍ അനുഭവിക്കുന്ന ആന്തരികസംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നു. അവരും മനുഷ്യര്‍ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂര്‍ണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.പക്ഷേ, പിന്നീട് കോളേജ് യൂണിയന്‍ ഇടപെട്ട് പരിപാടി ക്യാന്‍സല്‍ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.

യഹോവസാക്ഷികളുടെ പ്രാർഥനാ ഹാളിൽ ബോംബ് വെച്ച സംഭവത്തിൽ ഒരാൾ കൂടി മരിച്ചു, പൊലിഞ്ഞത് എട്ട് ജീവനുകൾ

കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ അട്ടിമറി സ്ഫോടനത്തിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആക്രമണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി.

ഇവരുടെ ഭർത്താവ് ജോൺ ചികിത്സയിലിരിക്കെ അഞ്ചുദിവസം മുന്‍പാണ് മരിച്ചത്. റിട്ട. വില്ലേജ് ഓഫീസറാണ്. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്.

പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ (55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53), മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ (24), പ്രവീണിന്റെ അമ്മ സാലി (റീന-45), സഹോദരി ലിബ്ന (12), ആലുവ മുട്ടം ജവാഹര്‍ നഗര്‍ ഗണപതിപ്ലാക്കല്‍ വീട്ടില്‍ മോളി ജോയ് (61) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കൊരട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തി. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നും ഇത്തരം യാഥാസ്ഥിതിക വിശ്വാസ ഗ്രൂപ്പുകളോടുള്ള പക മൂലമാണ് അക്രമം നടത്തിയതെന്നും മൊഴി നൽകുകയും ചെയ്തിരുന്നു.

വീട്ടിൽ വെച്ചാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ യൂട്യൂബ് നോക്കി പഠിച്ചു. സ്ഫോടനത്തിന്റെ തലേദിവസം ബോംബ് നിർമ്മിച്ചു. പുലർച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടിൽ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കൺവൻഷൻ സെന്ററിലെ പ്രാർത്ഥനാ ഹാളിലെത്തി. സ്കൂട്ടറിലാണ് എത്തിയത്. കസേരകൾക്കിടയിലാണ് ബോംബ് വെച്ചത്. നാല് റിമോട്ടുകൾ വാങ്ങിയിരുന്നു അതിൽ രണ്ടെണ്ണം മാത്രമാണ് ഉപയോ​ഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്.

ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇതാണ് തീപിടുത്തവും പൊള്ളലും ഉണ്ടാക്കിയത്.

സ്ഫോടനം നടക്കവെ ഡൊമിനിക് മാർ‌ട്ടിന്റെ ഭാര്യമാതാവും സഹോദര ഭാര്യയും കൺവൻഷൻ സെന്ററിലുണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഡൊമിനിക് മാർട്ടിന്റെ ഭാര്യ മിനിയുടെ മൊഴിയിലാണ് ഇക്കാര്യമുളളത്. കൊച്ചി എളംകുളം സ്വദേശിയാണ് ഡൊമിനിക് മാർട്ടിൻ. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിവസമാണ് സ്ഫോടനമുണ്ടായത്.