കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി, അന്വേഷണത്തിന് ഉത്തരവ്

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച കേസില്‍ അതിജീവിതയ്ക്ക് വിജയം. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തണം. അന്വേഷണം നടത്താന്‍ പോലീസ് അടക്കം ഏത് ഏജന്‍സിയുടെയും സഹായം തേടാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരുമാസത്തിനുള്ളില്‍ എറണാകുളം സെഷന്‍സ് കോടതി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പരാതിയുണ്ടെങ്കില്‍ ഒരു മാസത്തിനു ശേഷം നടിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

കേസിന്റെ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു് കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ വാദം. കേസില്‍ പോലീസ് അന്വേഷണം എന്ന ആവശ്യം നീതിനിര്‍വഹണത്തിലുള്ള ഇടപെടലാകുമോ എന്നതടക്കമുളള വിഷയം കോടതി പരിശോധിച്ചിരുന്നു. 

മെമ്മറി കാര്‍ഡ് അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി നടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ബാബുവിന്റേതാണ് വിധി.

രാത്രിയിലാണ് രണ്ടു തവണയും കാര്‍ഡ് പരിശോധിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നടി അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നായിരുന്നു നടിയുടെ ആവശ്യം. എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാന്‍ നീക്കമല്ലെന്നും നടി കോടതിയില്‍ വ്യക്തമാക്കി. മെമ്മറി കാര്‍ഡ് വിവോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നുമായിരുന്നു നടിയുടെ ആവശ്യം.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിൽ മാറ്റം, ജോര്‍ജ് ആലഞ്ചേരി പുറത്ത്

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിൽ നിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തേക്ക്. രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലി നാളുകളായി നിലനിന്ന ഭിന്നതയ്‌ക്കൊടുവിലാണ് നപടപടി. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക.

സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നടത്തിയത്‌.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്

”മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19ന് പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. സ്ഥാനമൊഴിയണമെന്ന ആഗ്രഹം അംഗീകരിക്കുന്നതിന് അഭ്യർഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുൻപ്, സിറോ മലബാർ സഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.

2021 നവംബർ 15ന് വീണ്ടും പരിശുദ്ധ പിതാവിന് രാജി സമർപ്പിച്ചു. ഒരു വർഷത്തിനുശേഷം മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തിൽനിന്ന് വിരമിക്കാൻ അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്നേ ദിവസം പ്രാബല്യത്തിൽ വരുന്ന വിധം സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്,” രാജി പ്രഖ്യാപിച്ചുകൊണ്ട് ജോർജ് ആലഞ്ചേരി പറഞ്ഞു.

സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയും നല്‍കിയിട്ടുണ്ട്.

2011-ലാണ് സിറോ മലബാർ സഭ അധ്യക്ഷനായി ജോ‍‍‍ര്‍ജ് ആലഞ്ചേരി ചുമതലയേല്‍ക്കുന്നത്. മേജ‍ര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് എന്ന പേരിലായിരിക്കും ജോ‍ര്‍ജ് ആലഞ്ചേരി ഇനി അറിയപ്പെടുക.

ഭൂമിപ്രശ്നം ആരാധാനാ തർക്കം…….

എറണാകുളം – അങ്കമാലി അടക്കം സഭയുടെ മുഴുവൻ രൂപതകളിലും ഏകീകൃത കുർബാന ക്രമം ഡിസംബർ 25 മുതല്‍ നടപ്പാക്കണമെന്നാണ് വത്തിക്കാന്റെ തീരുമാനം. വത്തിക്കാന്റെ തീരുമാനം നടപ്പാക്കാൻ കഴിയാതിരുന്നതാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവരോട് അതൃപ്തിക്ക് ഇടയാക്കിയത്. സിറോ മലബാർ സിനഡിനെതിരെയും വത്തിക്കാന് അസംതൃപ്തിയുണ്ട്. സിനഡ് ആവശ്യപ്പെട്ടതിനാലാണ് ആർച്ച് ബിഷപ് സിറിൽ വാസിലിനെ വത്തിക്കാൻ പൊന്തിഫിക്കൽ ഡെലിഗേറ്റാക്കി അയച്ചത്.

എന്നാൽ ഡെലിഗേറ്റിന് ഒരു സഹായവും സിനഡോ സഭാ തലവനോ അഡ്മിനിസ്‌ട്രേറ്ററോ നൽകിയില്ലെന്നാണ് വത്തിക്കാൻ ചൂണ്ടിക്കാട്ടുന്നത്. ഡെലിഗേറ്റ് നടപടിയെടുത്ത് തുടങ്ങിയതോടെ ഏകീകൃത കുർബാന ക്രമത്തിലേക്ക് വിമത വിഭാഗം മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഡെലിഗേറ്റിനെ അപ്രസക്തനാക്കി സിനഡ് കമ്മീഷൻ രൂപീകരിച്ച് വിമതരുമായി ചർച്ച നടത്തിയതും ഡെലിഗേറ്റിനെ മറികടന്ന് റിപ്പോർട്ടുകൾ വത്തിക്കാനിൽ സമർപ്പിച്ചതും വത്തിക്കാൻ കാര്യാലയങ്ങളെ ചൊടിപ്പിച്ചിരുന്നു.

പൊന്തിഫിക്കൽ ഡെലിഗേറ്റിനെ അക്രമാസക്തമായ ജനക്കൂട്ടത്തിന് നടുവിലേക്ക് വിട്ടുകൊടുത്തതും ഡെലിഗേറ്റിനെ നിയമനടപടികളിലേക്ക് വലിച്ചിഴക്കാൻ അവസരം ഒരുക്കിയതും സിനഡിന്റെ വീഴ്ചയാണെന്ന് വത്തിക്കാൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സിറോ മലബാർ സഭ സിനഡ് തന്നെ താൽകാലികമായി മരവിപ്പിച്ചേക്കും. ഇതിനൊപ്പം എറണാകുളം – അങ്കമാലിക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നൽകുകയും ക്രിസ്മസ് കുർബാനയോടെ അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാനുമാണ് വത്തിക്കാൻ തീരുമാനം.

ഇൻ്റലിജൻസ് ബ്യൂറോയിൽ ഓഫീസറാവാം, 995 ഒഴിവുകൾ

ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II/ എക്സിക്യുട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 995 ഒഴിവുണ്ട്. ജനറല്‍- 377, ഇ.ഡബ്ല്യു.എസ്.- 129, ഒ.ബി.സി.- 222, എസ്.സി.- 134, എസ്.ടി.- 133 എന്നിങ്ങനെയാണ് ഒഴിവ്.

നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിക്കുന്ന പ്രകാരം രാജ്യത്ത് എവിടെയുമാവാം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.

ശമ്പളം: 44,904- 1,42,400 രൂപ.


യോഗ്യത: ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായം: 18-27 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.- 40) അപേക്ഷിക്കാം.

വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. അര്‍ഹരായ കായികതാരങ്ങള്‍ക്ക് അഞ്ചുവയസ്സുവരെ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും നിശ്ചയിക്കുക.

ഫീസ്: പ്രോസസിങ് ഫീസായ 450 രൂപ എല്ലാ ഉദ്യോഗാര്‍ഥികളും അടയ്ക്കണം. ജനറല്‍, ഇ.ഡബ്ല്യു.എസ്. ഒ.ബി.സി. വിഭാഗങ്ങളില്‍പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ ഇതിനുപുറമേ പരീക്ഷാഫീസായ 100 രൂപയും അടയ്ക്കണം. ഓണ്‍ലൈനായും ജനറേറ്റ് ചെയ്ത എസ്.ബി.ഐ. ചലാന്‍ മുഖേന ഓഫ്ലൈനായും ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ 150 മാര്‍ക്കിനും (ഒന്നാംഘട്ടം 100, രണ്ടാംഘട്ടം 50) അഭിമുഖം 100 മാര്‍ക്കിനുമായിരിക്കും.

എഴുത്തുപരീക്ഷയ്ക്ക് അഞ്ച് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റാനാവില്ല. 100 മാര്‍ക്കിനുള്ള ഒന്നാംഘട്ട പരീക്ഷയില്‍ ജനറല്‍, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ 35 മാര്‍ക്ക് നേടണം. എസ്.സി., എസ്.ടി.- 33, ഒ.ബി.സി.- 34 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങള്‍ക്കുവേണ്ട മിനിമം മാര്‍ക്ക്.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.inwww.ncs.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബര്‍ 15.

ഡോക്ടർ ഷഹാനയുടെ മരണം, സ്ത്രീധന പീഡനത്തിന് കേരള മെഡിക്കൽ പോസ്റ്റ് ഗ്ര്വാജുവേറ്റ് അസോസിയേഷൻ മുൻ പ്രസിഡൻ്റ് റുവൈസ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ വിഭാഗം പിജി വിദ്യാർത്ഥിയായിരുന്ന യുവ ഡോക്ടര്‍ ഷഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ട പിജി അസോസിയേഷൻ മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഷഹ്‌നയുടെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ബന്ധുക്കളുടെ പരാതിയില്‍ ഡോ. റുവൈസിനെ പോലീസ്‌ ഇന്നലെ പ്രതിചേര്‍ത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തത്. ഇയാളെ നേരത്തെ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.

ആത്മഹത്യാപ്രേരണാ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ, ഫോണിലെ വിവരങ്ങളെല്ലാം ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. ഈ ഫോൺ പോലീസ് സൈബർ സെല്ലിന് കൈമാറും. ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് റുവൈസിനെ കസ്റ്റഡിയിലെടുക്കുന്നത്.

വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷഹനയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസ് തന്നെയാണ് ഇങ്ങോട്ടുവന്നതെന്ന് കുടുംബം വ്യക്തമാക്കി. ഇരുവര്‍ക്കും ഇഷ്ടമുള്ളതിനാല്‍ കുടുംബവും സമ്മതിച്ചു. എന്നാല്‍, 150 പവനും ബി.എം.ഡബ്യൂ കാറും ഉള്‍പ്പെടെ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയാതിരുന്നതോടെ ഷഹനയുമായുള്ള ബന്ധത്തില്‍നിന്ന് ഇയാള്‍ പിന്മാറി. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനാല്‍ ബാപ്പ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് ഇയാള്‍ ഷഹനയോട് പറഞ്ഞതെന്നും ഇതോടെ ഷഹന കടുത്ത മാനസികവിഷമത്തിലായെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍നിന്നാണ് ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി തന്നെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധനനിയമം ഉള്‍പ്പെടെ ചുമത്തി ഇയാള്‍ക്കെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരുന്നു

സ്ത്രീധനം ചോദിച്ചാൽ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്കാവണം- മുഖ്യമന്ത്രി

സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം ചെയ്യൂവെന്ന് പറഞ്ഞാൽ താൻ പോടോയെന്ന് പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് യുവഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നവകേരള സദസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വത്തോടൊപ്പം ശക്തമായ നടപടികളും സ്വീകരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വിസ്മയയുടെ മരണത്തിലടക്കം ശക്തമായ നടപടികളാണ് ഉണ്ടായത്. സ്ത്രീധനത്തിനെതിരേ ശക്തമായ പൊതുബോധം ഉണ്ടാക്കി കൊണ്ടുവരാൻ സമൂഹത്തിന് കഴിഞ്ഞാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം തെളിഞ്ഞാൽ എംബിബിഎസ് ബിരുദം റദ്ദാക്കും

ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ്‌ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ വ്യക്‌തമാക്കി.

സ്‌ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്‌തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്ത് തന്നെ എല്ലാ വിദ്യാർഥികളിലിൽ നിന്നും സത്യവാങ്‌മൂലം വാങ്ങാറുണ്ടെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.

സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍- വത്തിക്കാൻ നിലപാട് തള്ളി മെത്രാൻ സമിതി

മാർപാപ്പയെയും വത്തിക്കാൻ സിനഡിനെയും തള്ളി കേരളാ കത്തോലിക്കാ മെത്രാൻ സമിതി. സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം എന്നിവയിൽ ഏര്‍പ്പെടുന്നവരോട് യാതൊരു വിവേചനവും സ്വീകരിക്കേണ്ടതില്ല എന്ന വത്തിക്കാന്‍ നിലപാടാണ് തള്ളിയത്.

ഡിസംബര്‍ 4,5,6 തീയതികളിലായി പാലാരിവട്ടത്ത് ചേർന്ന സമ്മേളനത്തിലെ വാർത്താ കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ വഴിതെറ്റിക്കുന്ന വഴികൾ

സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്‌മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും സമ്മേളനം വിലയിരുത്തി. ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവപുതുതലമുറയെ വഴിതെറ്റിക്കുന്നവയാണെന്നും മെത്രാന്‍ സമിതി കുറ്റപ്പെടുത്തി.

സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും അതിവേഗം മാറിവരുന്നസാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ ഗൗരവത്തോടെ കാണണമെന്ന് മെത്രാന്‍സമിതി വിലയിരുത്തി.

ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജെ ബി കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഴുവനായിതന്നെ പരസ്യമാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സഭാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.

കേരളത്തിലെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ അനുസരിച്ച് 1970 നു മുമ്പ് കൈവശം വച്ച് കൃഷി ചെയ്തിരുന്ന കൃഷിഭൂമികള്‍ക്ക് ലഭിച്ചിരുന്ന ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനായി 2020 ല്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് അടിയന്തരമായി റദ്ദ് ചെയ്ത് കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാകണമെന്ന് കെ.സി.ബി.സി. ആവശ്യപ്പെട്ടു. ഭൂപരിഷ്‌ക്കരണ നിയമത്തിലെ 72കെ വകുപ്പ് പ്രകാരം കര്‍ഷകരായ ഉടമകള്‍ക്ക് ലഭിച്ച പട്ടയസമാനമായ ക്രയസര്‍ട്ടിഫിക്കറ്റിനെ 2019 ല്‍ സുപ്രീംകോടതി ഉടമസ്ഥാവകാശരേഖയായി അംഗീകരിച്ചിരുന്നു. ഇത് മറികടക്കാനായി 1971 ലെ വനം നിയമത്തിലെ മൂന്നാം വകുപ്പ് 50 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാന്‍ 2020 മേയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകരെ അനധികൃത കുടിയേറ്റക്കാരായിക്കരുതി നടപടികള്‍ എടുക്കുന്ന വനം വകുപ്പ് ഗുരുതരമായ കര്‍ഷക ദ്രോഹമാണ് നടത്തുന്നത്. ഈ ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള പരിശ്രമത്തില്‍നിന്ന് പിന്‍മാറണമെന്ന് സർക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

സ്വകാര്യത വിപുലപ്പെടുത്തി മെറ്റ ,ഫെയ്സ്ബുക്ക് മെസഞ്ചറിൽ ഡിഫോൾട്ട് end-to-end encryption അവതരിപ്പിച്ചു

സോഷ്യൽ മീഡിയ ബിസിനസ്സിലും സ്വകാര്യത വലിയ കാര്യം തന്നെയെന്ന് അവസാനം അംഗീകിച്ച് മെറ്റ. ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ പുതിയ ഡിഫോൾട്ട് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചർ അവതരിപ്പിച്ചു. വർഷങ്ങളുടെ പ്രയത്നത്തിന് ശേഷമാണ് ഇത് സാധ്യമാകുന്നതെന്നും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു എന്നുമാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

2016ൽ ആണ് മെറ്റ ആദ്യമായി മെസഞ്ചറില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെസഞ്ചർ ഉപഭോക്താക്കള്‍ക്ക് കോളുകളും ഗ്രൂപ്പ് ചാറ്റുകളും എന്റ് ടു എന്റ് എന്‍ക്രിപഷന്‍ അവരുടെ ഇഷ്ടാനുസരണം മാറ്റം വരുത്താനുള്ള ഓപ്ഷൻ മെറ്റ നൽകിയിരുന്നു. എന്നാൽ ഡിഫോൾട്ട് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചർ ഇപ്പോഴാണ് ഉപഭോക്താക്കൾക്കായി മെറ്റ അവതരിപ്പിക്കുന്നത്.

പുതിയ ഡിഫോൾട്ട് എൻക്രിപ്റ്റ് ചാറ്റിലും കസ്റ്റം ചാറ്റ് ഇമോജികള്‍, ചാറ്റ് തീം തുടങ്ങിയ പഴയ ഫീച്ചറുകളും ലഭ്യമാകും. എന്നാൽ മെസഞ്ചറിലെ എല്ലാ ചാറ്റുകളും ഡിഫോൾട്ട് എൻക്രിപ്ഷനിലേക്ക് മാറുന്നതിന് സമയമെടുക്കുമെന്നും മെസഞ്ചർ മേധാവി ലോറിഡാന ക്രിസൻ പറഞ്ഞു.

സ്വകാര്യ ചാറ്റുകൾ ഡിഫോൾട്ട് എൻക്രിപ്റ്റിലേക്ക് മാറിയെങ്കിലും ഗ്രൂപ്പ് മെസഞ്ചർ ചാറ്റുകൾക്കുള്ള എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇപ്പോഴും ‘ഓപ്റ്റ് ഇൻ’ ഓപ്ഷനിലാണുള്ളത്. മെറ്റയുടെ കീഴിലുള്ള മറ്റൊരു സമൂഹമാധ്യമമായ ഇൻസ്റാഗ്രാമിലും ചാറ്റ് ഇതുവരെ ഡിഫോൾട്ടായി എൻക്രിപ്റ്റ് ചെയ്തിട്ടില്ല.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fzuck%2Fposts%2Fpfbid0VxvEbchrdCepUqUQfjHNjyovYTGSyhxnEiekktfkrXLcuETAH26dThGRgzNd5fhSl&show_text=true&width=500

മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, സ്ത്രീധന പീഡനത്തിന് സഹപാഠിക്ക് എതിരെ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ യുവാവിനെ പ്രതി ചേർത്തു.

കൂടെ പഠിച്ച ഡോ. ഇ.എ. റുവൈസിനെതിരെയാണ് നടപടി. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി.

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാല്‍ സുഹൃത്തായ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നായിരുന്നു മരണ സമയത്ത് എഴുതി വെച്ച കുറിപ്പ്.

ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തുവെന്ന് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴിയും നൽകി.

വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിച്ചതില്‍ റുവൈസിന്റെ കുംടുംബത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കും. സംഭവത്തിന് പിന്നാലെ റുവൈയ്‌സിനെ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് കെ.എം.പി.ജി.എ സംഘടന അറിയിച്ചു.

ഷഹ്നയും റുവൈയ്‌സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതുപോര കാര്‍ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല.

ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറി. ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിയിരുന്നു.

തുടക്കത്തിൽ പ്രതിയുടെ വിവരങ്ങൾ പൊലീസ് മറച്ചു വെച്ചിരുന്നു

ക്ഷണിച്ചു വരുത്തിയ പരിപാടി റദ്ദാക്കി, സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചയച്ച് ഫറൂഖ് കോളജ്

സിനിമാ ചര്‍ച്ചയ്ക്കായി കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ജിയോ ബേബി.

കോഴിക്കോട് ഫാറൂഖ്‌ കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് പരിപാടിയിലേക്ക് ക്ഷണിച്ചു വരുത്തി. നഗരത്തിൽ എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന കാരണമാണ് പിന്നീട് വിശദീകരിക്കപ്പെട്ടത്. സ്റ്റുഡന്റ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും മനസിലാക്കി.

താന്‍ അപമാനിതനായെന്നും ഈ വിഷയത്തിൽ നിയമപരമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകന്റെ വാക്കുകൾ

‘നമസ്‌കാരം, ഞാന്‍ ജിയോ ബേബി, എനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാനിവിടെ വന്നത്. ഡിസംബര്‍ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന സബ്ടില്‍ പൊളിറ്റിക്‌സ് ഓഫ് പ്രസന്റ് ഡേ മലയാള സിനിമ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവര്‍ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തിയതി രാവിലെ ഞാന്‍ കോഴിക്കോടെത്തി. കോഴിക്കോട് എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ഈ പരിപാടി അവര്‍ റദ്ദാക്കിയെന്ന്. ഇത് കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവര്‍ക്കും വളരെ വേദനയുണ്ടായി. പക്ഷേ എന്താണ് കാരണം എന്നു ചോദിക്കുമ്പോള്‍ വ്യക്തമായൊരു ഉത്തരവും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്ന്‌ മാറ്റിവയ്ക്കാന്‍ കാരണമെന്തെന്ന് അറിയാന്‍ കോളജ് പ്രിന്‍സിപ്പാളിന് ഞാനൊരു മെയില്‍ അയച്ചു. എന്താണ് എന്നെ മാറ്റി നിര്‍ത്തുവാനുള്ള കാരണമെന്ന്. വാട്ട്‌സാപ്പിലും ബന്ധപ്പെട്ടു. പക്ഷേ ഇതുവരെ മറുപടിയില്ല. അതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് ശേഷം ഫാറൂഖ് കോളജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഒരു കത്ത് ഈ എനിക്ക് ലഭിക്കുകയുണ്ടായി. അത് ഫോര്‍വേര്‍ഡ് ചെയ്ത് എനിക്ക് കിട്ടിയതാണ്.

ഫാറൂഖ് കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023-ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂണിയന്‍ സഹകരിക്കുന്നതല്ല. എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്‌നമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ട് ആ പരിപാടി കാന്‍സല്‍ ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. കോഴിക്കോട് വരെ യാത്ര ചെയ്ത് തിരിച്ചുവരണമെങ്കില്‍ ഒരു ദിവസം വേണം. ഇത്രയും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കാളൊക്കെ ഉപരിയായി ഞാന്‍ അപമാനിതനായിട്ടുണ്ട്.

അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം ചെയ്തില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്’- ജിയോ ബേബി പറഞ്ഞു

അന്താരാഷ്ട്ര മത്സരങ്ങളിൽ 190 ഗോളുകൾ നേടിയ വനിതാ താരം ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ ബൂട്ടഴിക്കുമ്പോൾ ലോകം…..

0

331 അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നായി 190 ഗോളുകള്‍ അടിച്ചുകൂട്ടി ലോക ഫുട്‌ബോളിലെ ടോപ് സ്‌കോററാണ് കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍. നാല്പതാമത്തെ വയസിൽ അവർ ബൂട്ട് അഴിക്കയാണ്.

റൊണാള്‍ഡോ നസാരിയോയുടെയും തിയറി ഹെന്റിയുടെയുമെല്ലാം കാലംതൊട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുടെയും കാലം തൊട്ട് അവർ കളിക്കളത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവർ അവസാനമായി ബൂട്ടണിഞ്ഞു.

ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കോവറിലെ ബി.സി പ്ലേസ് എന്ന സ്റ്റേഡിയത്തിലായിരുന്നു ഇവർക്കായുള്ള ഫെയർവെൽ മത്സരം.  ഓസ്‌ട്രേലിയ വനിതാ ടീമുകള്‍ തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിന് വേദിയുടെ പേരുതന്നെ ഇവരുടെ പേരിലാക്കി. ലോക ഫുട്‌ബോളിലെ ടോപ് സ്‌കോററുടെ അവസാന മത്സരമെന്ന നിലയിലും അവര്‍ അവസാനമായി ബൂട്ടണിഞ്ഞ പുല്‍മൈതാനമെന്ന നിലയിലും ഇവിടെ ചിരിത്രത്തിലം ഇടം നേടി.

റൊണാൾഡോയ്ക്കും മെസ്സിക്കും മേലെ, മെയ്‌സ ജബാറയും മാർത്തയും പിന്നാലെ


205 കളികളില്‍ നിന്നായി 128 ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. 180 കളികളില്‍ നിന്ന് 106 ഗോളുകളാണ് മെസ്സിയുടെ നേട്ടം. നിലവില്‍ കളിക്കുന്നവരില്‍ സിന്‍ക്ലയര്‍ക്ക് പിന്നിലുള്ളത് ജോര്‍ദാന്റെ വനിതാ താരം മെയ്‌സ ജബാറയാണ്. എന്നാല്‍ 133 ഗോളുകളുമായി സിന്‍ക്ലയറേക്കാള്‍ 57 ഗോളുകള്‍ പിന്നിലാണവര്‍. മാര്‍ത്തയ്ക്ക് ആകട്ടെ 115 ഗോളുകളാണുള്ളത്.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച കാനഡ, വിടവാങ്ങല്‍ മത്സരം ഗംഭീരമാക്കി. ബി.സി പ്ലേസ് സ്‌റ്റേഡിയം പേരുമാറ്റി ‘ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ പ്ലേസ്’ എന്നാക്കി. കഴിഞ്ഞ ഒക്ടോബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സിന്‍ക്ലയറുടെ അവസാന മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് 48,112 കാണികളാണ്. മത്സരത്തിന്റെ 58-ാം മിനിറ്റില്‍ 23 വര്‍ഷക്കാലം നീണ്ട ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച് സിന്‍ക്ലയര്‍ മടങ്ങി.

കാനഡ വനിതാ ടീമിനൊപ്പം ഒരു ഒളിമ്പിക് സ്വര്‍ണവും രണ്ട് വെങ്കലവും നേടിയ താരം 14 തവണയാണ് കാനഡയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം നേടിയത്. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടിയ താരം കൂടിയാണ് സിന്‍ക്ലയര്‍.

ക്രിസ്റ്റിയാനോ, ബ്രസീല്‍ വനിതാ താരം മാര്‍ത്ത എന്നിവര്‍ മാത്രമാണ് ഈ റെക്കോഡില്‍ സിന്‍ക്ലയര്‍ക്കൊപ്പമുള്ളത്. 2003 (യുഎസ്), 2007 (ചൈന), 2011 (ജര്‍മനി), 2015 (കാനഡ), 2019 (ഫ്രാന്‍സ്), 2023 (ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്) ലോകകപ്പുകളില്‍ കളിച്ചു. 2008 (ബെയ്ജിങ്), 2012 (ലണ്ടന്‍), 2016 (റിയോ), 2020 (ടോക്യോ) ഒളിമ്പിക്‌സുകളിലും കളിച്ചു.

2012 ഒളിമ്പിക്സില്‍ ആറു ഗോള്‍ നേടിയതോടെ ഒരു ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. 2005, 2006, 2007, 2008, 2010, 2012, 2016 വര്‍ഷങ്ങളിലായി ഏഴു തവണ ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. മികച്ച വനിതാ അത്‌ലറ്റിനു നല്‍കുന്ന ബോബീസ് റോസന്‍ഫെഡ് അവാര്‍ഡ് രണ്ടുതവണ നേടിയിട്ടുണ്ട്.

2021-ല്‍ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെട്ടു.

മ്യാൻമാറിൽ നിന്നും പാവപ്പെട്ട യുവാക്കളെ എത്തിച്ച് വൃക്ക കച്ചവടം, അപ്പോളോ ആശുപത്രിയിലെ ഉന്നത ഡോക്ടർമാർക്കെതിരെ ആരോപണം

0

ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റിനെ കുറിച്ചുള്ള വാർത്തകളിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി സമിതി രൂപവത്കരിച്ചതായി ഡൽഹി ആരോ​ഗ്യ സെക്രട്ടറി അറിയിച്ചു. വൃക്കദാതാക്കളുടേയും രോ​ഗികളുടേയും വിവരങ്ങൾ ശേഖരിക്കയാണ് ആദ്യഘട്ടം ചെയ്യുന്നത്. ഇതിനായി ആശുപത്രി അധികൃതരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനാണ് (NOTTO) സംഭവത്തിൽ ഡല്‍ഹി സര്‍ക്കാരിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. നോട്ടോ ഡയറക്ടർ ഡോ. അനിൽ കുമാർ ഇതു സംബന്ധിച്ച് കത്ത് നൽകി.

മ്യാൻമാറിൽ നിന്നും നിസ്സഹായരായ യുവാക്കളെ എത്തിച്ച് കച്ചവടം

ഡിസംബർ മൂന്നിന് ദ ടെലി​ഗ്രാഫ് പുറത്തുവിട്ട വാർത്തയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. മ്യാന്മറിൽ നിന്നുള്ള യുവാക്കളെ ഡൽഹിയിലെത്തിച്ച് പണം നൽകി അവയവദാനത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. സമ്പന്നരായ ബർമീസ് രോ​ഗികൾക്കാണ് അവയവം കെെമാറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പട്ടാള ഭരണത്തിനും ആഭ്യന്തര കലഹത്തിനും ഇടയിൽ നിസ്സഹായതയിലാണ് മ്യാൻമാറിലെ ജനം. ഇതിനിടെ റോഹിൻഗ്യൻ മേഖലയിൽ ലോകത്തിലെ ഏറ്റവും ക്രൂരമായ വംശീയ ആക്രമണങ്ങളും തുടരുന്നു. ബംഗ്ലാദേശിൽ മാത്രം ഏഴ് ലക്ഷത്തോളം അഭയാർത്ഥികൾ എത്തിയിട്ടുണ്ട്. ഇതിനിടയിലാണ് നിസ്സഹായരായ യുവാക്കളെ ലക്ഷ്യം വെച്ചുള്ള അവയവക്കടത്ത് മാഫിയ പ്രവർത്തിക്കുന്നത്.

ഇന്ത്യൻ നിയമ പ്രകാരം അവയവ മാറ്റത്തിന് പരിമിതിയുണ്ട് എങ്കിലും വിദേശികൾക്ക് തന്നെയാണ് കൈമാറ്റം നടത്തുന്നത്. കുടുംബ രേഖകളിലും തിരിച്ചറിൽ രേഖകളിലും കൃത്രിമത്വം കാട്ടിയാണ് കൈ മാറ്റത്തിന് നിയമ പ്രാബല്യം നേടുന്നത്.

ഏഷ്യയിൽ മുഴുവൻ ബ്രാഞ്ചുകളുള്ള ആശുപത്രി ശൃംഖലയാണ് അപ്പോളോ. ഇവരുടെ ഡൽഹി ബ്രാഞ്ചിന് കീഴിലാണ് ഇപ്പോൾ ആരോപണം ഉയർന്ന തരത്തിൽ കൈമാറ്റം നടക്കുന്നത്. വർഷത്തിൽ 1200 കിഡ്നി മാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രി ശൃഖലയാണ്. ബ്രിട്ടനിൽ നിന്നുവരെ ഇവിടെ ഇത്തരം സർജറിക്കായി രോഗികൾ എത്തുന്നു.

മെഡിസിൻ രംഗത്ത് പത്മശ്രീ ബഹുമതിക്ക് അർഹനായ ഡോ സന്ദീപ് ഗുലേറിയയാണ് അപ്പോളോയിൽ കിഡ്നി സർജറി വിഭാഗത്തെ നയിക്കുന്നത്. വാർത്ത അടിസ്ഥാന രഹിതമാണ് എന്നാണ് ഇദ്ദേഹം ടെലഗ്രാഫിനോട് പ്രതികരിച്ചത്. അപ്പോളോ ആശുപത്രിയിൽ ഒരു മ്യാൻമാർ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.

ഡൽഹിയിൽ 2016 ലും തട്ടിപ്പ് സംബന്ധിച്ച് സമാനമായ വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ഇന്ത്യൻ നിയമം അനുസരിച്ച് അടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമേ വൃക്ക സ്വീകരിക്കാൻ അനുവാദമുള്ളൂ. മ്യാൻമാറിലും സമാനമായ നിയമം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വന്‍ തുക കൈമാറി സാധാരണക്കാരെ കേന്ദ്രീകരിച്ച് കുടുംബ രേഖകളിൽ ക്രിത്രമത്വം കാണിച്ച് അവയവതട്ടിപ്പുകള്‍ നടക്കുന്നത്. ഡൽഹി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചാണ് നിലിവിൽ ആരോപണം ഉയർന്നിരിക്കുന്നത്. വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

കഴിഞ്ഞ വർഷം ജൂണിൽ സമാനമായ ആരോപണത്തിൽ 10 പേർ ഉൾപ്പെടുന്ന റാക്കറ്റിനെ പൊലീസ് പിടികൂടിയിരുന്നു. ഇതിൽ മൂന്നു ഡോക്ടർമാരും ഉൾപ്പെട്ടു.

ടെലഗ്രാം വാർത്തയുടെ ലിങ്ക് Revealed: Global private hospital group embroiled in ‘cash for kidneys’ racket