നടി പ്രവീണയുടെ നഗ്ന ചിത്രങ്ങൾ നെറ്റിൽ, ജാമ്യത്തിലറങ്ങി കുറ്റ കൃത്യം തുടരുന്ന പ്രതിക്കെതിരെ നടപടിയില്ല

കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്ന് നടി പ്രവീണ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതിയെ ഒരു തവണ അറസ്റ്റ് ചെയ്തു. എന്നാൽ ജാമ്യത്തിൽ വിട്ടയച്ച ഇയാൾ കുറ്റകൃത്യം ഇപ്പോഴും ആവർത്തിക്കുകയാണ്. ‘സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങി. ഫലമില്ല ആറ് വർഷത്തോളമായി ഇങ്ങനെ തുടരുകയാണ്.

കുടുംബത്തെയും വെറുതെ വിടാതെ

തൻ്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ കുരുക്കിൽ നിന്നും രക്ഷയില്ലേ എന്ന പരമ്പരയിലാണ് നിസ്സഹായത നടി വെളിപ്പെടുത്തിയത്.  

“എന്റെയും എന്റെ വീട്ടുകാരുടെയും മോർ‌ഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ, വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. ക്രിമിനൽ ആയ യുവാവ് സ്വയം കണ്ട് ആസ്വ​ദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്”, എന്ന് പ്രവീണ പറയുന്നു. 

തമിഴ്നാട് സ്വദേശിയായ ഭാ​ഗ്യരാജ് ആണ് ഈ കുറ്റകൃത്യത്തിന് പിന്നിൽ അറസ്റ്റിലായത്. ദില്ലിയിൽ സ്ഥിരതാമസമായ ഇയാളെ ഒരു തവണ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ശേഷവും  പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴുയന്ന ഇയാൾ ഇതുതന്നെ ആവർത്തിക്കുക ആണെന്നും പ്രവീണ പറയുന്നു.

പ്രവീണയുടെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തിൽ ഇയാൾ ദുരുപയോ​ഗം ചെയ്തു. മോളുടെ ഇൻസ്റ്റയിൽ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാ​ഗ് ചെയ്യും. അധ്യാപകരെ വച്ച് മോശമായ രീതിയിൽ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു. 

കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂം. എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിക്കുന്നു. ‘സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങി. ആറ് വർഷത്തോളമായി ഇങ്ങനെ. ഈ കുറ്റകൃത്യം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുയാണെ’ന്നും പ്രവീണ പരാതിപ്പെട്ടു

അതിസുരക്ഷാ നമ്പർ പ്ലേറ്റ്, പഴയ വാഹന ഉടമകൾക്ക് പുതിയ ചിലവാകും

പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. വ്യാജ നമ്പർ പ്ലേറ്റുകൾ വ്യാപകമാവുന്നതായുള്ള പരാതി ഉയർന്നതിന് പിന്നാലെയാണ് വകുപ്പ് ഉണർന്നെഴുന്നേറ്റത്. ഗതാഗത കമ്മിഷണറേറ്റില്‍നിന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി.

കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനികള്‍ക്ക് പ്രവര്‍ത്തനമാനദണ്ഡം നിശ്ചയിച്ചാകും നമ്പർ പ്ലേറ്റ് നിർമ്മാണ ചുമതല നൽകുക. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷയ്ക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ 2019 ഏപ്രില്‍മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ ഇവയിലുള്ള പരിശോധന നാമമാത്രമായിരുന്നു. ക്യാമറ സംവിധാനങ്ങളിൽ വ്യാജ പ്ലേറ്റുകൾ കണ്ടെത്താൻ സംവിധാനമില്ലാത്തതും വിനയായി.

കേരളത്തിൽ ഈ നമ്പർ പ്ലേറ്റ് നിർമ്മിക്കാൻ അനുമതി ലഭിച്ച ഒറ്റ ഏജൻസിയും ഇല്ല

പുതിയ വാഹനങ്ങള്‍ക്ക് വാഹനനിര്‍മാതാക്കളും പഴയതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കേണ്ടത്. 18 കമ്പനികള്‍ കേന്ദ്രാനുമതി നേടിയിട്ടുണ്ട്. ഇവയ്ക്ക് സംസ്ഥാനം പ്രവര്‍ത്തനാനുമതി നല്‍കണം. 2023 മേയില്‍ പഴയവാഹനങ്ങള്‍ക്കും മൂന്നുമാസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പഴയ വാഹനങ്ങളെ നിയമത്തിന് പുറത്ത് നിർത്തിയത് പരിഗണിച്ചില്ല

2001-ല്‍ ഇത് സംബന്ധിച്ച് നിയമ ഭേദഗതി വരുത്തിയിരുന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് പ്രാരംഭ ഘട്ടത്തില്‍ നടപ്പാക്കിയത്. പിന്നീട് 2019-ല്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്താണ് പുതുതായി നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്.

എന്താണ് സവിശേഷത

നിശ്ചിത വലിപ്പത്തിലും അക്ഷരത്തിലും നിറത്തിലുമാണ് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഒരുങ്ങുന്നത്. ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റിലാണ് നമ്പര്‍ പ്ലേറ്റ് നിര്‍മിക്കുന്നത്. ഇത് ടെസ്റ്റിങ്ങ് ഏജന്‍സി അംഗീകരിച്ച് AIS:159:2019 മാനദണ്ഡം പാലിക്കുന്നവയുമായിരിക്കും. പ്ലേറ്റിന്റെ നാല് വശങ്ങളും റൗണ്ട് ചെയ്യുന്നതിനൊപ്പം എംബസ്ഡ് ബോര്‍ഡറും നല്‍കുന്നുണ്ട്. വ്യാജ പ്ലേറ്റുകള്‍ തടയുന്നതിനായി 20ഃ20 എം.എം സൈസുള്ളതും അശോകചക്രം ആലേഖനം ചെയ്തിട്ടുള്ളതമായി ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ ഇടത് ഭാഗത്ത് പതിപ്പിക്കും.

നമ്പര്‍ പ്ലേറ്റിന്റെ ഇടത് ഭാഗത്ത് താഴെയായി 10 അക്കങ്ങളുള്ള ലേസര്‍ ബ്രാന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കും. നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ 45 ഡിഗ്രി ചെരുവില്‍ ഇന്ത്യ എന്നെഴുതിയ ഹോട്ട് സ്റ്റാമ്പിങ്ങ് ഫിലീമും നല്‍കുന്നുണ്ട്. പ്ലേറ്റിന്റെ ഇടത് വശത്ത് നടുവിലായി IND എന്ന നീല നിറത്തില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഊരി മാറ്റാന്‍ കഴിയാത്തതും, ഊരിയാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്‌നാപ്പ് ലോക്കിങ്ങ് സിസ്റ്റത്തിലാണ് ഘടിപ്പിക്കുക. നമ്പര്‍ പ്ലേറ്റുകള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം ഗ്യാരണ്ടിയുമുണ്ട്. ഇവ പുനരുപയോഗിക്കാന്‍ കഴിയില്ല. ഇരു നമ്പര്‍ പ്ലേറ്റുകള്‍ക്കും പ്രത്യേക സീരിയല്‍ നമ്പറും ഉണ്ടാകും. ഇതിന്റെ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും.

ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് അരവിന്ദ് വെട്ടിക്കൽ അറസ്റ്റിൽ

സർക്കാർ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലൽ (29) ആണ് അറസ്റ്റിലായത്. കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ ജോലി വാഗാദനം നൽകി തട്ടിപ്പ് നടത്തിയ കേസിലാണ് കന്റോണ്‍മെൻ്റ് പോലീസ് അറസ്റ്റു ചെയ്തത്.

സംഘടിത തട്ടിപ്പ്, പരാതിയുമായി കൂടുതൽ പേർ

ആരോഗ്യവകുപ്പിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ നിയമനത്തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പണം നഷ്ടമായെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരേയാണ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ഇയാള്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘത്തിനെതിരേ അഞ്ചുപേര്‍ പോലീസിന് ഇതുവരെ മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍നിന്ന് 50,000 രൂപ മുതല്‍ 1.60 ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നും മൊഴികളിലുണ്ട്.

ആദ്യ പരാതി നൽകിയത് ആരോഗ്യ വകുപ്പ്

കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണം തട്ടിയ സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. എം.പി. ക്വാട്ടയില്‍ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് തസ്തികയില്‍ ജോലി തരപ്പെടുത്തിനല്‍കാമെന്ന് പറഞ്ഞ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയില്‍നിന്ന് 50,000 രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും കൈമാറി. തുടര്‍ന്ന് ഈ ഉത്തരവുമായി യുവതി ആശുപത്രിയില്‍ ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടത്. എന്നാല്‍, യുവതി സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല. അതിനിടെ, അരവിന്ദ് വെട്ടിക്കല്‍ കൈമാറിയ വ്യാജ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാജ ഉത്തരവ് നിര്‍മിച്ചത് അരവിന്ദ് വെട്ടിക്കലാണെന്ന് കണ്ടെത്തിയ പോലീസ് സംഘം പത്തനംതിട്ടയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വേറെയും നേതാക്കൾ സംഘത്തിൽ

ഇല്ലാത്ത തസ്തികയുടെ പേരിലാണ് അരവിന്ദ് വെട്ടിക്കല്‍ പണം തട്ടിയതെന്നും ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ ഉത്തരവും വ്യാജസീലും ഇയാള്‍ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍പേരുണ്ടെന്നും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിനുകൂടി പങ്കുള്ളതായും സംശയിക്കുന്നു.

എം.പി. ക്വാട്ടയില്‍ റിസപ്ഷനിസ്റ്റ് നിയമനം നല്‍കാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് നല്‍കിയ വാഗ്ദാനം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് അരവിന്ദിനെ അറസ്റ്റു ചെയ്തത്. ജനുവരി 17-ന് ജോലിക്കു ഹാജരാകണമെന്നു കാണിച്ച് കത്തും കൈമാറി.

അരവിന്ദ് പറഞ്ഞതു പ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൈമാറിയ കത്തിന്റെ പകര്‍പ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരാതി നല്‍കിയത്.

“ഗോമൂത്ര സംസ്ഥാനങ്ങൾ” ഉത്തരേന്ത്യൻ ബെൽറ്റിന് എതിരെ നടത്തിയ ആക്ഷേപഹാസ്യം പിൻവലിച്ച് ഡിഎംകെ എംപി

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് വിശേഷിപ്പിച്ച വാക്ക് പിൻവലിച്ച് ഡി.എം.കെ. എം.പി. ഡി.എന്‍.വി. സെന്തില്‍കുമാര്‍. ഇതര സംസ്ഥാനങ്ങളെ മാനിക്കാതെ പ്രയോഗിച്ചത് അനുചിതമായിപ്പോയി തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും സെൻന്തിൽ കുമാർ പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ലമെന്റിലാണ് സെന്തില്‍ കുമാര്‍ ഈ പരാമര്‍ശം നടത്തിയത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ‘ഗോമൂത്ര സംസ്ഥാനങ്ങള്‍’ എന്ന് വിശേഷിപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് സെന്തില്‍ കുമാര്‍ തുറന്നടിച്ചത്.

ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡി.എം.കെയ്ക്ക് ഉടന്‍ മനസിലാകും

ബി.ജെ.പി. ഈ അവസരം മുതലാക്കി രംഗത്തുവന്നു. രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡി.എം.കെയ്ക്ക് നന്നായി അറിയാമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡി.എം.കെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.

‘അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അനുചിതമായ രീതിയില്‍ ഞാനൊരു വാക്ക് ഉപയോഗിച്ചു. അത് ഉപയോഗിച്ചത് ദുരുദ്ദേശപരമായല്ല. തെറ്റായ അര്‍ഥത്തില്‍ അത് പ്രചരിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.’ -സെന്തില്‍കുമാര്‍ എക്‌സില്‍ കുറിച്ചു.

നാളത്തെ ഇന്ത്യ മുന്നണി യോഗം മാറ്റി, തോൽവിക്ക് പിന്നാലെ മുന്നറിയിപ്പും വിയോജിപ്പുമായി ചർച്ചകൾ കൊഴുക്കുന്നു

കോൺഗ്രസ്  അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡിസംബർ ആറിന് വിളിച്ച ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളുടെ യോഗം ഒഴിവാക്കുമെന്ന് മറ്റ് ഭൂരിപക്ഷം പാർട്ടികളിലെയും  നേതാക്കൾ അറിയിച്ചതിനെത്തുടർന്ന്  കോൺഗ്രസ് യോഗം മാറ്റിവച്ചു.

എല്ലാവർക്കും സൗകര്യപ്രദമായ തീയതിയിൽ ഇന്ത്യ സഖ്യകക്ഷികളുടെ യോഗം ഡിസംബർ മൂന്നാം വാരത്തിലേക്ക് വീണ്ടും ഷെഡ്യൂൾ ചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു.

ഡിസംബർ 22 വരെ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സഭാ നേതാക്കളുടെ യോഗം  നാളെ (ഡിസംബർ 6) മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേരും.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡിസംബർ ആറ് മുതൽ ഡിസംബർ 11 വരെ വടക്കൻ ബംഗാൾ സന്ദർശിക്കുന്നതിനാൽ  യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് തിങ്കളാഴ്ച അറിയിച്ചിരുന്നു. മൈചോങ് ചുഴലിക്കാറ്റും കനത്ത മഴയും കാരണം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിനാൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. അതേസമയം, ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ആരോഗ്യനില മോശമായതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവിനും യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന്  പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഹിന്ദി ഹൃദയഭൂമിയായ ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് നേരിട്ട ദയനീയ പരാജയം, അതിൽ കോൺഗ്രസ് നിലപാടിനോട് വിയോജിച്ച് കൊണ്ട് അഖിലേഷ് യാദവും മമത ബാനർജിയും ശക്തമായ സന്ദേശം നൽകിക്കൊണ്ട്, സഖ്യകക്ഷികളുമായി ഇന്ത്യ ബ്ലോക്കിലെ  അസംതൃപ്തി വെളിപ്പെടുത്തി.

“അബ് പരിണാം ആ ഗയാ ഹേ തോ അഹങ്കാർ ഭീ ഖതം ഹോ ഗയാ. ആനേ വാലേ സമയ് മേ ഫിർ റസ്ത നിക് ലേഗാ (ഇപ്പോൾ ഫലം പുറത്തുവന്നതോടെ ഈഗോയും അവസാനിച്ചു. വരും ദിവസങ്ങളിൽ, ഒരു പുതിയ വഴി കണ്ടെത്തും) ,എന്ന്  തിങ്കളാഴ്ച നടന്ന ഒരു പരിപാടിയിൽ കോൺഗ്രസിന്റെ പേര് പരാമർശിക്കാതെ അഖിലേഷ് യാദവ് പറഞ്ഞു.

മധ്യപ്രദേശിൽ എസ് പിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം കടുത്ത പ്രതിസന്ധിയിലായി. “ഇന്ത്യ സഖ്യം ലോകസഭയിലേക്ക് മാത്രമാണെന്ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പിനിടെ ഞാൻ മനസ്സിലാക്കി. ചോദ്യം വിശ്വാസ്യതയെ കുറിച്ചാണ്. കോൺഗ്രസ് ഇങ്ങനെ പെരുമാറിയാൽ ആരു കൂടെ നിൽക്കും?” അദ്ദേഹം ചോദിച്ചു.

സീറ്റ് പങ്കിടാൻ സമ്മതിച്ചിരുന്നെങ്കിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിക്കുമായിരുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. “ഇന്ത്യ പാർട്ടികൾ ചില വോട്ടുകൾ വെട്ടിക്കുറച്ചു, ഇതാണ് സത്യം. സീറ്റ് പങ്കിടൽ ക്രമീകരണം ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. വോട്ട് വിഭജനം കാരണമാണ് അവർ (കോൺഗ്രസ്) തോറ്റത്,” മമത പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാ മുന്നണിയടെ പ്രവർത്തനം സ്തംഭിപ്പിച്ച് കോൺഗ്രസ് സമീപനത്തോടുള്ള അമർഷം  ഇന്ത്യൻ ബ്ലോക്കിൽ തിളച്ചുമറിയുകയാണ്. ജൂണിൽ രൂപീകൃതമായതിന് ശേഷം സഖ്യം നേടിയെടുത്ത ശക്തിക്ക്  ഈ നീക്കം തടസ്സമായി. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ചർച്ചകളിൽ മേൽക്കൈ ലഭിക്കുമെന്ന പ്രതീക്ഷയിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനുള്ള പ്രാദേശിക പാർട്ടികളുടെ ശ്രമങ്ങളെ കോൺഗ്രസ് നിസ്സഹരിച്ചതായി  സഖ്യകക്ഷികൾക്കിടയിൽ ഫലം വരുന്നതി് മുമ്പ് തന്നെ  അഭിപ്രായമുയർന്നിരുന്നു. ഫലപ്രഖ്യാപനത്തോടെ അത് രൂക്ഷമായി.

‘ഇത് കോൺഗ്രസിന്റെ പരാജയമാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംഭവിച്ചതിൽ ഖേദമുണ്ട്. ഇത് ഇന്ത്യാ ബ്ലോക്കിന്റെ തോൽവിയല്ല. ഇപ്പോൾ ആറാം തീയതി വിളിച്ചിരിക്കുന്ന യോഗം നേരത്തെ വിളിക്കേണ്ടതായിരുന്നു. കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുമായിരുന്ന ഇന്ത്യൻ ബ്ലോക്കിലെ പാർട്ടികളെ അവർ വിശ്വാസത്തിലെടുക്കണമായിരുന്നു,” ജനതാദൾ (യുണൈറ്റഡ്) മുതിർന്ന് നേതാവ് കെ സി ത്യാഗി, നാല് സംസ്ഥാനങ്ങളിലെ ഫലം വന്നതിന് തൊട്ടുപിന്നാലെ  ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

കോൺഗ്രസിന്റെ തോൽവി, ബിജെപിയുടെ വിജയഗാഥയേക്കാൾ കോൺഗ്രസിന്റെ പരാജയമാണെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് കുനാൽ ഘോഷ് പറഞ്ഞു. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ നേതൃത്വം നൽകാൻ കഴിയുന്ന പാർട്ടിയാണ് ടിഎംസിയെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റിൽ അദ്ദേഹം അന്ന് തന്നെ വ്യക്തമാക്കി.

ഇന്ത്യൻ ബ്ലോക്കിലെ ഘടകകക്ഷികളുമായി കോൺഗ്രസ് കുറച്ച് സീറ്റുകൾ പങ്കിട്ടിരുന്നെങ്കിൽ മധ്യപ്രദേശ് ഫലത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സഖ്യകക്ഷികളോടുള്ള കോൺഗ്രസ് വീക്ഷണം പുനഃപരിശോധിക്കണമെന്നും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയുമായി  സീറ്റ് പങ്കിടുന്നതിനെ എതിർത്തത് കമൽനാഥാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന 10-12 സീറ്റുകൾ ഉൾപ്പെടെ ചില മേഖലകളിൽ അദ്ദേഹത്തിന്റെ (അഖിലേഷിന്റെ) പാർട്ടിക്ക് നല്ല പിന്തുണയുണ്ട്,”ഫലപ്രഖ്യാപനത്തിന് പിന്നാലെ  സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട്  പറഞ്ഞു.

നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള, സഞ്ജയ്  റൗത്തിന്റെ വീക്ഷണങ്ങളെ പിന്തുണച്ചു ഭാവിയിലും “ഇന്ത്യ സഖ്യത്തിന്റെ സ്ഥിതി” ഇങ്ങനെ തുടർന്നാൽ അതിനെ “രക്ഷിക്കാൻ കഴിയില്ല” എന്ന് പറഞ്ഞു. മധ്യപ്രദേശിലെ സ്ഥിതിഗതികൾ മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അഖിലേഷ് യാദവിന് അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നൽകിയിരുന്നെങ്കിൽ അവർക്ക് എന്ത് നഷ്ടമാകുമായിരുന്നു? ഒമർ അബ്ദുള്ള അന്ന് തന്നെ ചോദിച്ചിരുന്നു. 

കശ്മീരിലെ സോജില ചുരത്തിൽ കാർ കൊക്കയിൽ വീണു. 4 മലയാളികൾ മരിച്ചു

ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 മലയാളികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. ‌മനോജ്, രജീഷ്, അരുൺ എന്നിവർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

എസ് എഫ് ഐ പ്രവർത്തകർ രാജ്ഭവൻ വളയും, ബുധനാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം

എസ്.എഫ്.ഐ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസ്. വത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. ഗവർണർ സർവകലാശാലകളെ തകർക്കുന്നു. എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തി ബുധനാഴ്ച എസ്.എഫ്.ഐ രാജ്ഭവൻ വളയുന്നതിൻ്റെ ഭാഗമായാണ് പഠിപ്പ് മുടക്കം.

യാതൊരു മാനദണ്ഡവും പാലിക്കാതെ ആർ.എസ്.എസ് അനുകൂലികളെ നിയമിക്കുകയാണ് ഗവർണറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ അഭിപ്രായപ്പെട്ടു. സമരത്തിൻ്റെ ഭാഗമായി വ്യാപകമായി എസ്.എഫ്.ഐ നാളെ പഠിപ്പുമുടക്കുമെന്നും പി.എം.ആർഷോ അറിയിച്ചു.

കെ.സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നും കെ.എസ്.യുവിനും എം.എസ്.എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി.എം.ആർഷോ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഗവർണറെന്നും സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണെന്നും എസ്.എഫ്.ഐ പറഞ്ഞു

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശത്തിന് വിരുദ്ധമായ അഭിപ്രായമാണ് എസ്.എഫ്.ഐ ക്കുള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം പറഞ്ഞതെന്നും ആർഷോ പ്രതികരിച്ചു.

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് സൂപ്പർ താരങ്ങളും, ചെന്നൈയിൽ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും പുറത്തെത്തിച്ച് രക്ഷാസേന

പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ എട്ടു പേരാണ് മരിച്ചത്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളില്‍ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച രാവിലെ 8.30-ഓടെ ചെന്നൈയിൽനിന്ന് 90 കിലോ മീറ്റർ അകലെവെച്ചാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു. പ്രത്യേക തരം മണൽ ആയതിനാൽ വെള്ളം പെട്ടെന്ന് ഭൂമിയിലേക്ക് ഇറങ്ങിപ്പോകില്ല. ഒവുചാലുകളിലൂടെ കടലിൽ എത്താൻ സമയം എടുക്കും. കൂവം നദി മാത്രമാണ് കടലിലേക്ക് വെള്ളം തള്ളുന്നത്. കടൽ പ്രക്ഷുധമായതോടെ ഇതുവഴി കരയിലേക്ക് കടൽ വെള്ളം ഇരച്ചു കയറുന്ന സാഹചര്യമായിരുന്നു.

എല്ലാ വിഭാഗം ജനങ്ങളും അനുഭവിച്ച ദുരിതം

നിസ്സഹായത വിവരിച്ച് സൂപ്പർ താരങ്ങൾ

ചൊവ്വാഴ്ച ഉച്ചയോടെ തന്റെ ദുരിതം വിവരിക്കുന്ന പോസ്റ്റ് വിഷ്ണു വിശാൽ എക്സിൽ പങ്കുവെച്ചിരുന്നു. ‘‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കാരപ്പാക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിന്റെ ടെറസിനു മുകളിൽ ഒരു മൂലയിൽ മാത്രമാണ് ഫോണിന് സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോവുകയാണ്.’’ എന്നാണ് വിഷ്ണു കുറിച്ചത്.

ഈ പോസ്റ്റിട്ട് ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞതോടെ തന്നെ ഫയർഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തിയ കാര്യംകൂടി വിഷ്ണു വിശാൽ അറിയിച്ചു. ഇതിനൊപ്പം വിഷ്ണു പങ്കുവെച്ച ചിത്രങ്ങളിൽ ആമിർ ഖാനുമുണ്ടായിരുന്നു. ഇതോടെയാണ് ആമിറും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരിലുണ്ടായിരുന്നെന്ന് പുറംലോകമറിഞ്ഞത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കാരപ്പാക്കത്ത് ആണ് താമസം.

‘‘ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനകം മൂന്ന് ബോട്ടുകൾ പ്രവർത്തിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനം അഭിനന്ദനാർഹമാണ്. അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി.’’–വിഷ്ണു വിശാൽ കുറിച്ചു.

ചെന്നൈയിൽ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാർട്മെന്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹയും വെളിപ്പെടുത്തിയിരുന്നു. താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. പുറത്തിറങ്ങാൻ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നുമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറഞ്ഞത്. പിന്നീട് തന്നെയും കുടുംബത്തേയും രക്ഷപ്പെടുത്തിയ വിവരവും അവർ പങ്കുവെച്ചു.

തൊഴുലുറപ്പ് പദ്ധതിക്കായി കേരളത്തിന് ഇനി ഒന്നും നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി

0

തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. പാർലമെന്റിൽ ശശി തരൂർ, കണിമൊഴി, സുധീപ് ബന്ദോപധ്യായ എന്നീ എം.പി.മാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിന് പണം നൽകാനില്ല. തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും നൽകി. 2020-21 ൽ 4286.77 കോടി രൂപയും 2021-22 ൽ 3551.93 കോടിയും 2022-23 ൽ 3818.43 കോടി രൂപയും നൽകിയതായി കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളിലെ സേവന നിഷേധം ഓൺലൈനായി പരാതിപ്പെടാം, 10 ദിവസത്തിനകം നടപടി ഉറപ്പ് നൽകി മന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളിലെ സേവനനിഷേധം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി. കുറ്റക്കാര്‍ക്കെതിരേ നടപടി വരും. കെട്ടിടനിര്‍മാണത്തിന് പെര്‍മിറ്റോ നമ്പരോ ലൈസന്‍സോ കിട്ടാത്തത് ഉൾപ്പെടെ പരാതികൾ എന്തായാലും ഇനി പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കാം. 10 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു

ഇതിനായി പ്രത്യേക അധികാരമുള്ള ത്രിതല സമിതികള്‍ പരിശോധന തുടങ്ങി. ഇനിമുതല്‍ ഓംബുഡ്‌സ്മാനോ കളക്ടര്‍ക്കോ മന്ത്രിയ്‌ക്കോ പരാതി നല്‍കി കാത്തിരിക്കേണ്ടി വരില്ല. അഴിമതിമുക്തവും സമയബന്ധിതവുമായ സേവനത്തിന് ഉദ്യോഗസ്ഥതലത്തിലെ നിരീക്ഷണം ഫലപ്രദമാകുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പൊതുജന സേവന സംവിധാനമായി സമിതികള്‍ മാറും. ഓണ്‍ലൈനായി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനന മരണ സർട്ടിഫിക്കറ്റ് ആയാലും വീട്ട് നമ്പർ ആയാലും


ത്രിതല അദാലത്ത് സമിതികളാണ് പരിശോധന നടത്തുന്നത്. തുടക്കത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ്, പൂര്‍ത്തീകരണം, നിര്‍മാണത്തിലെ നിയമലംഘനങ്ങള്‍, ക്രമവത്കരണം, നമ്പറിങ്, ലൈസന്‍സുകള്‍, ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയിലെ പരാതികള്‍. adalat.lsgkerala.gov.in എന്ന വിലാസത്തില്‍ മൊബൈല്‍ ഫോണിലൂടെ പരാതി നല്‍കാം. സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പത്രവാര്‍ത്തകളിലെ പരാതിയില്‍ സ്വമേധയാ നടപടി. ഉദാഹരണം-കോട്ടയം മാഞ്ഞൂര്‍ ഷാജിമോന്‍ ജോര്‍ജിന്റെ കേസ്. ഒരാള്‍ക്ക് നിയമവിരുദ്ധമായി സഹായം കിട്ടിയെങ്കില്‍ ആര്‍ക്കും പരാതിപ്പെടാം.

തീര്‍പ്പാക്കുന്നത് ഇങ്ങനെ
ഉദ്യോഗസ്ഥരോട് ചട്ടപ്പടി റിപ്പോര്‍ട്ട് തേടില്ല. സമിതി നേരിട്ടുപരിശോധിക്കും. പരാതിക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഹിയറിങ് ഓണ്‍ലൈനില്‍. 10 ദിവസത്തിനകം തീര്‍പ്പ്. അടുത്ത 10 ദിവസത്തിനകം തീരുമാനം നടപ്പാക്കിയെന്നു സമിതി ഉറപ്പാക്കും. തുടര്‍പരിശോധന വേണ്ടിവന്നാല്‍ 10 ദിവസംകൂടി വൈകുമെന്നുമാത്രം. പരാതിയുടെയും തീര്‍പ്പിന്റെയും വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ വരും.

തീര്‍പ്പാക്കാന്‍ മൂന്നുസമിതികള്‍
പഞ്ചായത്ത്,മുന്‍സിപ്പല്‍ തലത്തിലെ പരാതികള്‍ തീര്‍പ്പാക്കാന്‍ ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍ കണ്‍വീനറായ ഉപജില്ലാതല അദാലത്ത് സമിതി. ഇവിടെ തീരാത്തതും കോര്‍പ്പറേഷനുകളിലേയും ജില്ലാ ജോയിന്റ് ഡയറക്ടര്‍ അധ്യക്ഷനും അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍വീനറുമായ ജില്ലാതല സമിതിപരിഗണിക്കും. ജില്ലയിലും തീര്‍പ്പാകാത്തവ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനസമിതിയിലേയ്ക്ക്.

സമിതിയുടെ അധികാരങ്ങള്‍
തദ്ദേശസ്ഥാപനങ്ങളിലെ ഏതുരേഖയും എപ്പോള്‍ വേണമെങ്കിലും നേരിട്ടും വിളിച്ചുവരുത്തിയും പരിശോധിക്കാം. ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് അച്ചടക്കനടപടി ശുപാര്‍ശ ചെയ്യും. ചട്ടങ്ങളിലെ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്താല്‍ നിയമഭേദഗതി സര്‍ക്കാര്‍ പരിഗണിക്കും.
മെയ്മുതല്‍ നവംബര്‍ പകുതിവരെകിട്ടിയത് 1259 പരാതികള്ളാണ്. ഇതിൽ 1060 പരാതികൾ തീര്‍പ്പാക്കി. ഹിയറിങിന്-199. മെയിലെ സിറ്റിങ്ങില്‍ ലഭിച്ച 152 പരാതികളില്‍ 96 എണ്ണവും അന്നുതന്നെ പരിഹരിച്ചിരുന്നു എന്നും മന്ത്രി അറിയിച്ചു.