രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദി വെടിയേറ്റ് മരിച്ചു

രാഷ്ട്രീയ രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദി കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ നാലാംഗ സംഘം സുഖ്ദേവ് സിങ്ങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ജയ്പൂരിലെ ശ്യാം നഗറിലെ വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്.

വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും പരിക്കേറ്റതായി രാജസ്ഥാൻ ഡി.ജി.പി ഉമേഷ് മിശ്ര പറഞ്ഞു. നെഞ്ചിലും തലയിലും വെടിയേറ്റ സുഖ്ദേവ് സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

2015ൽ കർണിസേനയിൽ നിന്ന് വേർപിരിഞ്ഞ സുഖ്ദേവ് സിങ് സ്വന്തം സംഘടന രൂപീകരിക്കുകയായിരുന്നു. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ രണ്ടു സംഘടനകളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.

പദ്മാവത് സിനിമയ്ക്കെതിരെ സുഖ്ദേവ് സിങ് ഗോഗ മേദിയുടെ നേതൃത്വത്തിൽ രാജസ്ഥാനിൽ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് അക്കാലത്ത് സുഖ്ദേവിന്റെ നേതൃത്വത്തിൽ നടന്നത്.

റാണി പദ്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ചരിത്രം വളച്ചൊടിച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് രജ്പുത് കര്‍ണിസേന വിഭാഗം പദ്മാവതിനെതിരെ പ്രതിഷേധവും നിരോധനവും നടത്തിയത്. പലയിടത്തും കര്‍ണിസേന വലിയ തോതിലുള്ള അക്രമങ്ങള്‍ അഴിച്ചുവിടുകയും സിനിമയെ എതിര്‍ക്കാത്തവരെ അക്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് സുഖ്ദേവ് സിങ് ഈ നിലപാടിൽ നിന്ന് മാറി. സിനിമയ്ക്ക് അനുകൂലമായി പ്രസ്താവന ഇറക്കി. സംഘടനയിലെ വിരുദ്ധ നിലപാടുകൾ ഈ ഘട്ടത്തിലും ചർച്ചയായി.

രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ രജ്പുത്ത് വോട്ടുകൾ ഏകീകരിച്ച സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ഭവർ സിങിന് കഴിഞ്ഞ ഓഗസ്റ്റിൽ ഉദയ്പൂർൽ വെച്ച് വെടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. സപ്തംബറിൽ മധ്യപ്രദേശിൽ ജില്ലാ നേതാവ് രോഹിത് സിങ് രജ്പുത്ത് എന്ന യുവാവ് കുത്തേറ്റു മരിച്ച സംഭവവും ഉണ്ടായി.

ബോളിവുഡ് ചിത്രം പൃഥ്വിരാജിന്‍റെ (Prithviraj) റിലീസ് നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണി സേന (Karni Sena) രംഗത്ത് എത്തിയിരുന്നു. ചരിത്രപുരുഷനും ഹിന്ദു രാജാവുമായിരുന്ന അപഹേളിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കര്‍ണി സേന ആരോപിച്ചിരുന്നു. ചിത്രത്തിലെ നായികയായ മാനുഷി ഛില്ലാറിന്‍റെ വസ്ത്രധാരണത്തേക്കുറിച്ചും കടുത്ത പ്രയോഗങ്ങൾ നടത്തി.

നിഖാബ് നിരോധിക്കുന്നതിനോട് തനിക്കെതിർപ്പില്ലെന്നും എന്നാൽ അതിനൊപ്പം ‘ഗൂംഘട്ട്’ നിരോധനവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കവി ജാവേദ് അക്തറിന് കർണിസേനയുടെ ഭീഷണി ഉണ്ടായിരുന്നു. വീട്ടിൽ കയറി ആക്രമിക്കുമെന്നും കണ്ണ് ചൂഴ്‌നെന്നെടുക്കുകയും നാവ് പിഴുതെടുക്കുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.

ഉത്തരേന്ത്യൻ നാടുകളിൽ ചില ജാതിവിഭാഗങ്ങൾ ധരിക്കുന്ന മുഖാവരണമാണ് ഗൂംഘട്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് കർണി സേന മഹാരാഷ്ട്ര വിങ് പ്രസിഡണ്ട് ജീവൻ സിങ് സോളങ്കി അയച്ച വീഡിയോയിലാണ് ഈ ഭീഷണി പരസ്യമായി ഉയർത്തിയത്. മൂന്നു ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾക്ക് തയ്യാറാകണമെന്നും ജീവൻ സിങ് വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് അരിയുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര കര്‍ണി സേന മേധാവി അജയ് സെംഗര്‍ രംഗത്ത് എത്തിയിരുന്നു. താണ്ഡവ് വെബ് സീരീസിനെതിരെയാണ് അജയ് സെംഗര്‍ രംഗത്തെത്തിയത്. ഇതിനെല്ലാം ഇടയിലാണ് കൊലപാതകങ്ങളും ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

യു.കെ.യിൽ പഠനവും കുടിയേറ്റവും നിയന്ത്രിക്കുന്നു, പുതിയ വിസ നിയമം അവതരിപ്പിച്ചു

വിസ നിയമങ്ങൾ കടുപ്പിച്ച് യു കെ. രാജ്യത്ത് ജോലിയുടെയും പഠനത്തിൻ്റെയും ഭാഗമായി കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് നീക്കം. ആളുകൾ കുടിയേറുന്നത് കുറയ്ക്കാൻ നിയമം വേണമെന്ന് ടോറി പാർട്ടിയിൽ നിന്നുള്ള എംപിമാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.

ഇതിനു തുടർച്ചയായി പ്രധാനമന്ത്രി ഋഷി സുനക് പുതിയ വിസ നിയമങ്ങൾ അവതരിപ്പിച്ചു. മിനിമം സാലറിയുൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത നിയന്ത്രണമുണ്ട്. പുതിയ മാറ്റങ്ങൾ മൂന്നു ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ്‌ കരുതുന്നത്.

ജനാധിപത്യവും സ്വാതന്ത്രവും തേടി

മറ്റു രാജ്യങ്ങളിൽ നിന്ന് ആളുകൾ കുടിയേറുന്നതിന്റെ നിരക്ക് വളരെ കൂടുതലായിരുന്നു, അത് നിയന്ത്രിക്കാൻ താൻ നിർബന്ധിതനായതാണെന്നാണ് ഋഷി സുനക് പറയുന്നത്. ജാതി മതം വർഗ്ഗീയത പ്രാചീനമായ ആചാര വിശ്വാസ നിയന്ത്രണങ്ങൾ എന്നിവയിൽ നിന്നെല്ലാം പുതു തലമുറയ്ക്ക് ഉള്ള മനം മടുപ്പ് യുറേപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിപ്പിച്ചിരിക്കയാണ്. ഒന്നാം കിട രാജ്യങ്ങളിലേക്ക് എത്തുക കടുത്ത മത്സരമാണ്. ഇടത്തരം രാജ്യങ്ങളിലേക്ക് കടക്കുക എന്നതാണ് ഇതിന് പകരമായി ചെയ്യുന്നത്.

മനം മടുത്ത് യുവ തലമുറ

വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട രാജ്യങ്ങളാണ് കാനഡ, യു.കെ, യു.എസ്.എ, ജര്‍മ്മനി എന്നിവ. ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇതിനോടകം വിദേശ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടി രാജ്യം വിട്ടത്. ഇതില്‍ തന്നെ കാനഡ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യമാണ് യു.കെ. 2021 ലെ സെന്‍സസ് പ്രകാരം യു.കെ, വെയില്‍സ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

യു.കെയില്‍ ഈ വര്‍ഷത്തെ അധ്യായന വര്‍ഷം ഈ മാസത്തോടെ ആരംഭിക്കും. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കും. എന്നാല്‍ വിസ വേഗത്തില്‍ ലഭിക്കാനായി കൂടുതല്‍ പണം നല്‍കിയിട്ട് പോലും കാര്യമുണ്ടായില്ലെന്ന സങ്കടമാണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പങ്കുവെയ്ക്കുന്നത്.

ഗൾഫ് മേഖലയിലേക്ക് ഒഴുകിയിരുന്ന പുതുതലമുറ ഇപ്പോൾ അമേരിക്കയും യൂറോപ്പുമാണ് ലക്ഷ്യം വെക്കുന്നത്. വ്യവസായികൾ മാത്രമാണ് ഇതര രാജ്യങ്ങളിലേക്ക് എത്തുന്നത്. ഇതാവട്ടെ വിഭവങ്ങളിലും ബിസിനസ് സാധ്യകളിലും കണ്ണുവെച്ചാണ്. തെഴിൽ അന്വേഷിച്ചുള്ള യാത്ര കുടിയേറ്റം തന്നെയായാണ് ക്രമേണ മാറുന്നത്.

ആളുകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഏറ്റവും വലിയ നിയന്ത്രണമാണ് തങ്ങൾ വരുത്തിയത് എന്നാണ് ഋഷി സുനക് സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്.

പ്രധാന മാറ്റങ്ങൾ

1. ജോലിക്കോ പഠിക്കാനോ യുകെയിൽ വരുന്നവരുടെ കൂടെ ഡിപെൻഡന്റ്സ് ആയി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

2. ശമ്പള പരിധി നിശ്ചയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറുന്നവർക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചു. ആ പരിധിക്കു മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമേ ഇനി മുതൽ യുകെയിലേക്ക് ജോലിക്ക് വരാൻ സാധിക്കുകയുള്ളു. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്ന യുകെ പൗരരായവർക്കും ശമ്പള പരിധി നിശ്ചയിക്കും. മറ്റുരാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ശമ്പള പരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടാക്കി വർധിപ്പിച്ചു.

3. ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന ഹെൽത്ത് കെയർ വിസയിലും നിയന്ത്രണങ്ങൾ കൊണ്ടുവരും. മറ്റു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യമേഖലയിൽ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികൾ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളിൽ നിന്ന് സ്‌പോൺസർഷിപ്പ് സ്വീകരിക്കാൻ സാധിക്കുകയുള്ളു.

4. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളിൽ ശമ്പള പരിധിയിൽ 20 ശതമാനം ഇളവുനൽകുന്നത് എടുത്ത് മാറ്റി. ആളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.

5. വിദ്യാർഥികളുടെ ഡിപെൻഡന്റ്സ് ആയി കുടുംബാംഗങ്ങൾ വരുന്നതിനും യുകെ നിയന്ത്രണമേർപ്പെടുത്തി. ഇത് കുടിയേറുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുമെന്നു കരുതുന്നു. 2023 സെപ്റ്റംബർ മാസം വരെ 153,000 വിസകൾ ഇത്തരത്തിൽ കുടുംബാംഗങ്ങൾക്ക് നൽകിയതായാണ് കണക്ക്.

യുകെയിൽ ജോലിചെയ്യാനോ ജീവിക്കാനോ ആഗ്രഹിക്കുന്നവർ സ്വയം പര്യാപ്തതയുള്ളവരായിരിക്കണമെന്നും രാജ്യത്തിന് ബാധ്യതയാകരുതെന്നുമാണ് പുതിയ നിയമങ്ങളിലൂടെ ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നത് . ഈ നിയമമാറ്റത്തിലൂടെ ഇത്രയുംകാലം ഭരിച്ച കൺസെർവേറ്റിവ് സർക്കാർ പരാജയം അംഗീകരിക്കുകയാണെന്ന വിമർശനവുമായി ലേബർ പാർട്ടിയിൽ നിന്നുള്ള ആഭ്യന്തര വകുപ്പ് വക്താവ് യെറ്റെ കൂപ്പർ രംഗത്തെത്തിയത് നിയമത്തിന് രാഷ്ട്രീയ മാനങ്ങളും നൽകുന്നു.

യു.കെ. അതിസമ്പന്നർ കൈ ഒഴിയുന്നു

10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യു.കെ.യില്‍നിന്ന് ദുബായിലേക്ക് കുടിയേറിയതായി റിപ്പോര്‍ട്ടുകൾ ചൂണ്ടി കാട്ടുന്നു. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 250-ലേറെ കോടീശ്വരന്‍മാര്‍ ഈ വര്‍ഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ പഠനറിപ്പോര്‍ട്ട് പറയുന്നു.

10 ലക്ഷം ഡോളറോ അതില്‍ക്കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തിയാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പഠനം നടത്തിയത്.

ബ്രിട്ടനിലെ കോടീശ്വരന്മാര്‍ യു.എ.ഇ.യിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് ഗവേഷണമേധാവി ആന്‍ഡ്രൂ അമോയില്‍സ് പറയുന്നു. ദുബായില്‍ ലഭിക്കുന്ന സവിശേഷമായ സാമ്പത്തികസേവനങ്ങള്‍, ആരോഗ്യപരിരക്ഷ, എണ്ണയും പ്രകൃതിവാതകവും, റിയല്‍ എസ്റ്റേറ്റ്, ടെക്‌നോളജി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവയാണ് വിദേശികളെ ആകര്‍ഷിക്കുന്ന മേഖലകള്‍.

ആഗോള ഹൈടെക് നഗരമായി ദുബായ് മാറിയെന്നതും അതിസമ്പന്നരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നികുതിനിരക്കുകളാണ് യു.എ.ഇ.യിലുള്ളതെന്ന് ആന്‍ഡ്രൂ അമോയില്‍സ് ചൂണ്ടിക്കാട്ടി. ഉയര്‍ന്ന നിലവാരത്തിലുള്ള ആതുരാലയങ്ങളുമുണ്ട്. ഒട്ടേറെ വിദേശികളും നഗരത്തില്‍ ചികിത്സതേടുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാല്‍ ദുബായ് ഒരു സുരക്ഷിത താവളമാണ്.

മാത്രമല്ല മനോഹരമായ ബീച്ചുകളും ഇവിടെയുണ്ടെന്നും ആന്‍ഡ്രൂ അമോയില്‍സ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ യു.കെ.യില്‍നിന്ന് ഏറ്റവുമധികംപേര്‍ പോയത് പാരീസിലേക്കാണ്. 300 പേര്‍. മൊണാക്കോ (250), ദുബായ് (250), ആംസ്റ്റര്‍ഡാം (200), സിഡ്നി (200) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

പ്രാക്ടിക്കൽ എക്സാമിനിടെ പെൺകുട്ടിയെ ആക്രമിച്ച അധ്യാപകന് ഏഴുവർഷം തടവ്

ഹയർസെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയെ കടന്നുപിടിച്ച് മാനഭംഗം നടത്തിയ കേസിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന് ഏഴുവർഷം കഠിനതടവും അരലക്ഷംരൂപ പിഴയും.

മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയർ അധ്യാപകനായ അഞ്ചുപുരയിൽ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.

2023 ഫെബ്രുവരി 22-ന് ആണ് സംഭവം. ഇയാൾ മറ്റൊരു സ്കൂളിൽ പരീക്ഷയുടെ ഇൻവിജിലേറ്ററായി എത്തിയതായിരുന്നു. പ്രാക്ടിക്കലിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു. അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ശിവൻ ചോടോത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണ്ണായക വിവരം നൽകിയ അജ്ഞാത സ്ത്രീ

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടുന്നതിന് സഹായകമായ നിർണായകവിവരം നൽകിയത് ഒരു സ്ത്രീയുടെ ജാഗ്രതയും അന്വേഷണ മനസും. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണമാണ് ഇവർ പിന്തുടർന്നത്.

ഇതിലെ വാട്സാപ്പിൽ വന്ന ശബ്ദവും തൻ്റെ കൈവശമുള്ള ഒരു ഓഡിയോ ക്ലിപ്പും തമ്മിൽ സാമ്യം തോന്നിയതോടെ ഇവർ സ്വന്തം നിലയ്ക്ക് അവ താരതമ്യം ചെയ്തു. കണ്ണനല്ലൂരിലുള്ള പൊതുപ്രവർത്തകനായ സമദിന് ഇവ കൈമാറി ഉറപ്പ് വരുത്തി. ഇരുപതിനായിരം രൂപ ഒരു സ്ത്രീ മററ് ഒരു വ്യക്തിയോട് കടം ചോദിക്കുന്നതാണ് അവരുടെ കയ്യിലുണ്ടായിരുന്ന ക്ലിപ്പ്. സമദ് വഴി ഇത് കണ്ണനല്ലൂർ ഇൻസ്പെക്ടറായിരുന്ന യു.പി.വിപിൻകുമാറിന് അയച്ചുകൊടുത്തു.

വിപിൻകുമാർ ഇപ്പോൾ അയിരൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറാണ്. ഈ വനിതയും സമദും വിപിൻകുമാറുമാണ് തുടർന്നുള്ള നിർണായ നീക്കങ്ങളിലേക്ക് നയിച്ച ഘടകമായത്. വിപിൻകുമാറിനു കൂടി സാമ്യം ബോധ്യപ്പെട്ടതോടെ ഈ വനിത കേസിലെ പ്രതി പദ്‌മകുമാറിന്റെ ഭാര്യ അനിതയുടെ ഫെയ്‌സ്ബുക്കിലെ പ്രൊഫൈൽ ചിത്രം സംഘടിപ്പിച്ച് കൊടുത്തു.

കമ്മ്യൂണിറ്റി പൊലീസിങ് സ്വാർത്ഥകമായ അന്വേഷണം

രേഖാചിത്രവുമായി ഫേസ് ബുക്ക് ചിത്രങ്ങൾക്കും സാമ്യമുണ്ടായിരുന്നു. പ്രത്യേകിച്ച് മൂക്കിന്റെ നീളം. പ്രതികൾ കുട്ടിയെ വിട്ടയച്ചശേഷം കുട്ടിയുടെ സഹായത്തോടെ തയ്യാറാക്കിയ മൂന്നു പ്രതികളുടെ രേഖാചിത്രങ്ങൾ പുറത്തു വന്നയുടൻ ഇതേ വനിത പദ്‌മകുമാറിന്റെയും ഭാര്യ അനിതയുടെയും മകൾ അനുപമയുടെയും ചിത്രങ്ങൾ സമദ് മുഖേന അയച്ചുകൊടുത്തു. ചാത്തന്നൂരിലെ ഇവരുടെ വീടിനെ സംബന്ധിച്ച വിവരങ്ങളും സമദ് കൈമാറി. വിപിൻകുമാർ കൊല്ലത്തെ ഷാഡോ പോലീസിന് വിവരം കൈമാറി.

പോലീസെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. അന്വേഷിക്കുന്ന തരത്തിലെ കാർ മറ്റൊരു നമ്പർ പ്ലേറ്റോടുകൂടി അവിടെയുണ്ടായിരുന്നു. പദ്‌മകുമാറിന്റെ ഫോൺ നമ്പർ ലഭ്യമാക്കി. പോലീസ് പരിശോധിച്ചപ്പോൾ ലൊക്കേഷൻ തമിഴ്നാടാണെന്നു കണ്ടു. ആറുവയസ്സുകാരിയുടെ നിരീക്ഷണപാടവവും പ്രതികളെ തിരിച്ചറിയാൻ സഹായകമായി. അനുപമയുടെ വട്ടക്കണ്ണട, അനുപമയെ വീട്ടിൽ മാതാപിതാക്കൾ ‘ഇക്രു’ എന്നു വിളിക്കുന്നത്, നായയെ വീട്ടിനുള്ളിൽ വളർത്തുന്നത് വീട്ടിൽ കാർട്ടൂൺ കാണിച്ചത്, ഇവയെല്ലാം കുട്ടി പൊലീസിന് വിവരിച്ച് നൽകിയിരുന്നു.

പദ്മകുമാറിൻ്റെ ഫാം ഹൌസ് ചുറ്റിപ്പറ്റിയും ദുരൂഹ സംഭവങ്ങൾ

പ്രതി പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും നേരേ ആക്രമണമുണ്ടായി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്‌കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവര്‍ മര്‍ദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം ഇരുവരേയും ഉപേക്ഷിച്ച് സംഘം മടങ്ങി. പിന്നീട് അതുവഴി സ്‌കൂട്ടറില്‍ പോയ ഒരു സ്ത്രീയാണ് പ്രദേശത്തെ വാര്‍ഡ് മെംബറെ വിവരമറിയിച്ചത്. വാര്‍ഡ് മെംബര്‍ എത്തിയശേഷം ഇരുവരേയും നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. 

പദ്മകുമാറിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകീട്ട് ഷാജിയെ ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണ്‍ ചെയ്ത ആളുടെ പേരുള്‍പ്പെടെ വ്യക്തമാക്കി രാത്രിതന്നെ പരവൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ഇവർ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ് ക്രൈബ്രാഞ്ച് ആണ് ഇപ്പോൾ അന്വേഷിക്കുന്നത്. കേസിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന നിമഗനം ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് മുതിരുകയാണ്. വൻ സാമ്പത്തിക ശൃംഖല ഇതിന് പിന്നിൽ ഉണ്ടെന്ന നിലയിൽ ആരോപണങ്ങൾ വന്നിരുന്നു.

മറ്റ് കുട്ടികളെയും ലക്ഷ്യം വെച്ചു

പദ്മകുമാര്‍ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പോലീസിനു ലഭിച്ചു.

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പദ്മകുമാര്‍ വിശദമായി പഠിച്ചിരുന്നു. ശേഖരിച്ച വിവരങ്ങൾ ഡയറിയില്‍ ഓരോ പേജിലായി ഡയഗ്രം രൂപത്തില്‍ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പദ്മകുമാര്‍ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു.

ചെന്നൈ നഗരം വെള്ളത്തിൽ, ഭക്ഷണം പോലും കിട്ടാതെ ജനം

കനത്ത മഴയിൽ ചെന്നൈ നഗരം മുങ്ങി. പ്രധാന റോഡുകൾ എല്ലാം വെള്ളത്തിലാണ്. സുരക്ഷ കരുതി പുറത്തിറങ്ങുത് വിലക്കി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ജനങ്ങൾ ഭക്ഷണത്തിന് പോലും ബുദ്ധമുട്ടുകയാണ്.

പ്രളയദുരിതത്തിൽ മരണം അഞ്ചായി. മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച അർധരാത്രിവരെ മഴ ശക്തമായി തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

വേളാച്ചേരിയിൽ കെട്ടിടം തകർന്നാണ് മൂന്നുപേർ മരിച്ചത്. രാവിലെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

ചെന്നൈയിൽ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറിയനിലയിലാണ്. ഒറ്റപ്പെട്ട് താമസിക്കുന്ന പലരും ഭക്ഷണത്തിനടക്കം പ്രയാസപ്പെടുകയാണ്. ഭക്ഷണ പാനീയ കടകൾക്ക് പുറമെ പലവ്യഞ്ജന സാധനങ്ങൾ പോലും കിട്ടാനില്ല. കേരത്തിൽ നിന്നുള്ളത് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട ജോലി ചെയ്യുന്നവർ പ്രതിസന്ധിയിലാണ്.

ഇനിയും എത്രത്തോളം വെള്ളം ഉയരും എന്നതിൽ വ്യക്തതയില്ല. രാത്രിയിലും മഴ ശക്തിയാർജ്ജിച്ചാൽ വെള്ളം ഇനിയും ഉയർന്നേക്കാം. മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് നൽകിയിട്ടുണ്ട്.

റെയിൽവേ ട്രാക്കുകളിലും വിമാനത്താവളങ്ങളിലും യാത്രാമാർഗങ്ങൾ നിലച്ചു. ചെന്നൈയിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി. വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിവരെ വിമാനത്താവളം അടച്ചിട്ടു. നേരത്തെതന്നെ വിവിധ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചിട്ടത്. റോഡുകളും വെള്ളക്കെട്ടിലായതോടെ വാഹനങ്ങൾക്കും നിരത്തിലിറങ്ങാൻ സാധിക്കാതെയായി.

മിഷോങ് ചുഴലിക്കാറ്റ് നിലവിൽ ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കൻ തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ചെന്നൈയിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള നോർക്ക പബ്ലിക് ഹെൽപ്പ് ലൈൻ നമ്പറുകൾ: 9176681818, 9444054222, 9790578608, 9840402784, 9444467522,

ചിന്നക്കനാലിലെ 364.39 ഹെക്ടർ സംരക്ഷിത വനമാക്കാനുള്ള ഉത്തരവ് പിൻവലിച്ചു

0

ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിജ്ഞാപനം സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി വനം വകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചു. ജനകീയ പ്രക്ഷോഭം ക്ഷണിച്ചു വരുത്തിയ നടപടി ആയിരുന്നു. എച്ച്.എൻ.എല്ലിന് പാട്ടത്തിന് നൽകിയതും പാപ്പാത്തിച്ചോലയിൽ കയ്യേറ്റം ഒഴിപ്പിച്ചതും സൂര്യനെല്ലി ഭാഗത്തെ സ്‌ഥലവും ഉൾപ്പെടെ ആണ് റീസർവ് വനം ആക്കാൻ തീരുമാനിച്ചത്. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനു മുന്നോടിയയുള്ള നടപടികൾ പൂർത്തിയാക്കാൻ ആണ് ഉത്തരവ് ഇറക്കിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഗ്രാമത്തിൽ ഇറങ്ങില്ലെന്ന് എം എൽ എ എം എം മണി തന്നെയും സർക്കാർ നടപടിക്ക് എതിരെ രംഗത്ത് വന്നിരുന്നു.

സർക്കാർ നീക്കം ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക്  തിരിച്ചടിയാകും എന്ന് ആശങ്കഉണ്ടായതോടെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. 1996 ഡിസംബർ 12 ന് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള ഭൂമി വന സംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര മാർഗ രേഖ വന്നാലും സെറ്റിൽമെൻ്റ് ഓഫീസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും യോഗം വിലയിരുത്തി. കളക്ടര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.  

മണിപ്പൂരിൽ 13 പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ തെങ്നോപാൽ ജില്ലയിൽ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസി പിടിഐ ഉദ്ദരിച്ചാണ് ഇത. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്.

സുരക്ഷാസേന സ്ഥലത്തെത്തിയപ്പോൾ 13 മൃത​ദേഹങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മൃത​ദേഹങ്ങൾക്കരികിൽ ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടവർ ലെയ്തു ഗ്രാമത്തിൽ നിന്നുള്ളവരല്ല.

മരണപ്പെട്ടവരുടെ വിവരങ്ങൾ പോലീസോ സേനയൊ സ്ഥിരീകരിച്ചിട്ടില്ല. മെയ് മൂന്നുമുതൽ മണിപ്പൂരിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 200 അധികം പേർ കൊല്ലപ്പെടുകയും 50000-ഓളം പേർ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. വിഭാഗീയ രാഷ്ട്രീയത്തിന് പിന്നാലെയാണ് സമാധാനത്തിലേക്ക് വന്ന സംസ്ഥാനം കുരുതിക്കളമായത്.

ബിരുദധാരികൾക്ക് എസ്ബിഐയിൽ അവസരം, 5447 ഒഴിവ് കേരളത്തിൽ 250

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികയിലെ 5,447 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളവും ലക്ഷദ്വീപുമുള്‍പ്പെടുന്ന തിരുവനന്തപുരം സര്‍ക്കിളില്‍ 250 ഒഴിവാണുള്ളത്. എസ്.സി., എസ്.ടി. 167 ബാക്ക് ലോഗ് ഒഴിവുകളുണ്ട്. പ്രവൃത്തി പരിചയം ആവശ്യമാണ്.

  • യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. മെഡിക്കല്‍, എന്‍ജിനീയറിങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകളും പരിഗണിക്കും.
  • ശമ്പള സ്‌കെയില്‍: 36,000-63,840 രൂപ.
  • പ്രവൃത്തിപരിചയം: ബിരുദം നേടിയശേഷം ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കിലോ റീജണല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയിരിക്കണം.
  • പ്രായം: 31.10.2023-ന് 21-30 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍-10 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി.-13 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

അപേക്ഷിക്കുന്നത് ഏത് സര്‍ക്കിളിലേക്കാണോ ആ സര്‍ക്കിളിലെ പ്രാദേശികഭാഷ (തിരുവനന്തപുരം സര്‍ക്കിളിലേക്ക് മലയാളം) അറിഞ്ഞിരിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാഷാപരിജ്ഞാനം പരിശോധിക്കുന്നതിനുള്ള പരീക്ഷയുണ്ടാവും. എന്നാല്‍, പത്താംതലത്തിലോ പന്ത്രണ്ടാംതലത്തിലോ ഈ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചവര്‍ ഇതെഴുതേണ്ടതില്ല.

ഫീസ്: 750 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമല്ല). ഓണ്‍ലൈനായി അടയ്ക്കണം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, സ്‌ക്രീനിങ്, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷ ഒബ്ജക്ടീവ് ടെസ്റ്റും ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റും ഉള്‍പ്പെടുന്നതാണ്. 120 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം. 120 ചോദ്യങ്ങളുണ്ടാവും.

ഇംഗ്ലീഷ് ഭാഷ (30 മാര്‍ക്ക്), ബാങ്കിങ് നോളജ് (40 മാര്‍ക്ക്), ജനറല്‍ അവയര്‍നെസ്/ഇക്കോണമി (30 മാര്‍ക്ക്), കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് (20 മാര്‍ക്ക്) എന്നിവയാണ് വിഷയങ്ങള്‍. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്കില്ല. ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ 50 മാര്‍ക്കിനായിരിക്കും. 30 മിനിറ്റായിരിക്കും സമയം. ഇംഗ്ലീഷ് ഭാഷയിലെ (ലെറ്റര്‍ റൈറ്റിങ് ആന്‍ഡ് എസ്സേ) പരിജ്ഞാനം പരിശോധിക്കുന്ന പരീക്ഷയായിരിക്കുമിത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ലക്ഷദ്വീപില്‍ കവരത്തിയിലും കേന്ദ്രങ്ങളുണ്ടാവും.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://sbi.co.in-ല്‍. അവസാന തീയതി: ഡിസംബര്‍ 12.

“ജനങ്ങള്‍ കൂടിയാല്‍ ഈ നാലും മൂന്ന് ഏഴ് ഫോറസ്റ്റുകാര്‍ എന്ത് ചെയ്യാനാണ്” വനഭൂമി പ്രഖ്യാപനത്തിനെതിരെ എം എം മണി

ഇടുക്കി ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ച നടപടിയിൽ കടുത്ത എതിർപ്പുമായി ഉടുമ്പന്‍ചോല എം.എല്‍.എ. എം.എം. മണി. നോട്ടിഫിക്കേഷന്‍ ഒക്കെ ഇറക്കിയവരുടെ പോക്കറ്റില്‍ വെച്ചുകൊണ്ട് ഇരിക്കുകയേ ഉള്ളൂ. അത് കൊണ്ട് ഇങ്ങോട്ട് വന്നാല്‍ എന്തായിരിക്കും പിന്നെ ഇവിടെ നടക്കാന്‍ പോകുന്നതെന്ന് ഞാന്‍ പിന്നെ പ്രത്യേകിച്ചൊന്നും പറയേണ്ട കാര്യമില്ല. വിജ്ഞാപനം അംഗീകരിക്കില്ലെന്നും പിന്‍വലിക്കണമെന്നും പറഞ്ഞു.

നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ട് അവിടെ തിരുവനന്തപുരത്ത് ഇരുന്നാല്‍ ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും എം.എ. മണി പറഞ്ഞു. ഒരു നോട്ടിഫിക്കേഷനും ഞങ്ങള്‍ അംഗീകരിക്കുന്ന വിഷയമില്ല. എന്ന് മാത്രമല്ല, മേലില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഫോറസ്റ്റുകാര്‍ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതാണ് വരാന്‍ പോകുന്നത്. ഇവിടുത്തെ ജനങ്ങള്‍ കൂടിയാല്‍ ഈ നാലും മൂന്ന് ഏഴ് ഫോറസ്റ്റുകാര്‍ എന്ത് ചെയ്യാനാണ്. ഒന്നും ചെയ്യാന്‍ പറ്റില്ല. ഒരു വിട്ടുവീഴ്ചയില്ലാതെ ഫോറസ്റ്റുകാരുടെ അതിക്രമങ്ങള്‍ക്കെതിരേ പോരാടണം. പൊരുതണമെന്നാണ് പറയാനുള്ളത്, മണി കൂട്ടിച്ചേര്‍ത്തു.

വനമൊക്കെ സംരക്ഷിക്കട്ടെ, അതിനൊന്നും ഇവിടെ തര്‍ക്കമില്ല. പക്ഷേ ജനവാസമുള്ള മേഖലയില്‍ കയറി കളിക്കാന്‍ വന്നാല്‍ ഞങ്ങള്‍ ഇല്ലാത്ത കളി, ജനങ്ങളെ അണിനിരത്തി കളിക്കും. അപ്പോള്‍ പിന്നെ ബുദ്ധിമുട്ടുണ്ടാകും. പലര്‍ക്കും വീട്ടില്‍ പോകാന്‍ കഴിയാതെ വരും. പല വിഷമങ്ങളാണ് വരാന്‍ പോകുന്നത്. ആ വിഷമമെല്ലാം ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ലല്ലോ. അത് കൊണ്ട് നോട്ടിഫിക്കേഷന്‍ ഒക്കെ പിന്‍വലിച്ച് ഇങ്ങോട്ട് തിരിഞ്ഞുനോക്കാതിരിക്കുന്നത് നിങ്ങള്‍ക്ക് നല്ലത് എന്നും മണി പറഞ്ഞു.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്, തുടരന്വേഷണം ക്രൈംബ്രാഞ്ചിന്

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൻ്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് ചുമതല.

കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസിൽ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.