വോട്ട് കുറഞ്ഞില്ല, കോൺഗ്രസിന് പക്ഷെ സീറ്റുകൾ കൈവിട്ടു പോയി, എന്താണാ കണക്ക്

കോണ്‍ഗ്രസിന് വോട്ടിങ് ശതമാനത്തില്‍ കാര്യമായ ഇടിവ് വന്നിട്ടില്ല. പക്ഷെ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം കാത്തിരുന്ന അവസരം കൈവിട്ടു പോയി. സീറ്റുകൾ കുത്തനെ കുറഞ്ഞു. ജനങ്ങൾ പഴത് പോലെ ഒക്കെ കൂടെ നിന്നുട്ടും വിജയമാക്കാൻ ശേഷിയില്ലാതെ പോയി.

2018-ല്‍ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ശക്തിയായിരുന്ന കോണ്‍ഗ്രസ് 2023 ആയപ്പോൾ ഒരിടത്തും അധികാരം നിലനിര്‍ത്താനാവാതെ കുത്തഴിഞ്ഞു. ഇത്തവണ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടുകളാണ് കുറവ് വന്നിട്ടുള്ളൂ. മാത്രമല്ല രാജസ്ഥാനില്‍ വോട്ടുകള്‍ വര്‍ധിച്ചിട്ടും 31 സീറ്റുകള്‍ നഷ്ടമായി.

മധ്യപ്രദേശില്‍ 2018-ല്‍ 40.89 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് 114 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2023 ൽ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ 0.49 ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം 66-ലേക്ക് ചുരുങ്ങി

41.02 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 48.55 ആയി ഉയർന്നിട്ടുണ്ട് . ഇത് കൃത്യമായ വിജയമാക്കി. 109-ല്‍ നിന്ന് 163 സീറ്റുകളിലേക്ക് സ്കോർ ചെയ്യാൻ സഹായിച്ചു.

മധ്യപ്രദേശില്‍ അപ്രത്യക്ഷമായത് ചെറുപാർട്ടികളാണ്. ബഹുജന്‍ സമാജ്‍വാദി പാർട്ടിക്ക് 2018-ല്‍ 19 ലക്ഷത്തിലധികം (5.01 ശതമാനം) വോട്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇത് 14.59 (3.40 ശതമാനം) ലക്ഷമായി ചുരുങ്ങി. 2018-ല്‍ അഞ്ച് ലക്ഷത്തോളം വോട്ടുനേടിയ സമാജ്‌വാദി പാർട്ടിക്ക് ഇത്തവണ ലഭിച്ചത് 1.97 ലക്ഷം മാത്രവും.

ഛത്തീസ്ഗഢില്‍ 2018-ല്‍ കോണ്‍ഗ്രസ് 43 ശതമാനം വോട്ട് വിഹിതത്തോടെ 68 സീറ്റുകളാണ് പിടിച്ചത്. 2023 ആയപ്പോൾ വോട്ട് വിഹിതം 0.77 ശതമാനം മാത്രമാണ് കുറഞ്ഞത്. പക്ഷെ 33 സീറ്റുകളും അധികാരവും കോണ്‍ഗ്രസ് കൈവിട്ടു.

33 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി 46.27 ശതമാനത്തിലേക്കെത്തി. 15 സീറ്റില്‍ നിന്ന് 55 സീറ്റുകളിലേക്കും ഉയർന്നു. ഇവരൊന്നും കവർന്നത് കോൺഗ്രസ് വോട്ടുകളല്ല.

ഛത്തീസ്ഗഡിൽ ബഹുജന്‍ സമാജ്‌വാദി പാർട്ടിക്കും (ബിഎസ്‌പി) ജനതാ കോണ്‍ഗ്രസ് ഛത്തീസ്‌ഗഡിനുമാണ് (ജെസിസി) ബിജെപി മുന്നേറ്റത്തില്‍ തിരിച്ചടിയുണ്ടായത്. 2018-ല്‍ ജെസിസി നേടിയത് 7.6 ശതമാനം വോട്ടാണ്, ഇത്തവണയത് 1.23 ശതമാനമായി കുറഞ്ഞു. ബിഎസ്‌പി 3.9 ശതമാനം വോട്ടുവിഹിതം 2.05-ലേക്കും വീണു.

രാജസ്ഥാനില്‍ 2018-നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം വർധിച്ചതായി കാണാം. 39.30 ശതമാനമായിരുന്നത് 39.53 ആയി. 38.08 ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 41.69 ശതമാനത്തിലേക്കെത്തി. ഇവിടെയും പക്ഷെ കോണ്‍ഗ്രസിന് നഷ്ടമായത് 31 സീറ്റുകളാണ്. ബിജെപി 42 സീറ്റും അധികമായി സ്വന്തമാക്കി.

കോണ്‍ഗ്രസിന് സീറ്റ് വ്യത്യാസത്തിലുണ്ടായ ഇടിവ് വോട്ടുവിഹിതത്തില്‍ പ്രത്യക്ഷമല്ല. 2018-ല്‍ 39.30 ശതമാനം വോട്ടുനേടിയ കോണ്‍ഗ്രസിന് ഇത്തവണ 39.53 ആയി ഉയർത്താനുമായിട്ടുണ്ട്. ഭരണം നഷ്ടമായിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ അടിത്തറ രാജസ്ഥാനില്‍ സുരക്ഷിതമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

തിരിച്ചറിയുമോ കാരണങ്ങൾ

ചെറുപാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതിൽ പരാജയമായിരുന്നു. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ല. ശാസ്ത്രീയമായ കണക്കു കൂട്ടലുകളും ആസൂത്രണവും പ്രയോഗവും ഇല്ലായിരുന്നു.

ജയറാം രമേഷ് പറഞ്ഞ കണക്കും കഥയും

ഛത്തീസ്ഗഢ്: ബി.ജെ.പി 46.3 %, കോൺഗ്രസ് 42.2 %. മധ്യപ്രദേശ്: ബി.ജെ.പി 48.6 %, കോൺഗ്രസ് 40.4 %, രാജസ്ഥാൻ: ബി.ജെ.പി 41.7 %, കോൺഗ്രസ് 39.5 %

20 വർഷം മുമ്പും കോൺഗ്രസ് സമാന പ്രതിസന്ധി നേരിട്ടിരുന്നെന്ന് ഇന്നലെ ജയറാം രമേഷ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. 20 വർഷം മുമ്പ് മൂന്ന് സംസ്ഥാനങ്ങളിൽ പരാജയപ്പെടുകയും ഡൽഹിയിൽ മാത്രം വിജയിക്കുകയും ചെയ്ത സാഹര്യമുണ്ടായിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും കോൺഗ്രസ് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു വേണ്ടി തയാറെടുക്കുകയാണ് –

എല്ലായിടത്തും വോട്ട് വിഹിതം ഉയർത്തി ബി ജെ പി

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിജയത്തോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പന്ത്രണ്ടായി ഉയർന്നു, മറുവശത്ത് മൂന്നിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങുകയും ചെയ്തു. മധ്യപ്രദേശ് മാറ്റി നിർത്തിയാല്‍ കോണ്‍ഗ്രസും ബിജെപിയും നമ്മിലുള്ള വോട്ടുവിഹിതത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. എന്നാൽ ബി ജെ പി വോട്ടുകൾ വർധിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്.

തെലങ്കാനയിൽ കോൺഗ്രസ്

ബിആർഎസിന് സീറ്റുകള്‍ മാത്രമല്ല വോട്ട് വിഹിതവും ഇടഞ്ഞു പോയിട്ടുണ്ട്. 2018-ല്‍ 46.9 ആയിരുന്നു ബിആർഎസിന്റെ വോട്ടുവിഹിതം, ഇത്തവണയിത് 37.35-ലേക്ക് വീണു.

കോണ്‍ഗ്രസ് തെലങ്കാനയില്‍ തങ്ങളുടെ വേരുറപ്പിച്ചതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2018-ല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 28.4 ശതമാനം മാത്രമായിരുന്നു, എന്നാല്‍ 2023-ല്‍ ഇത് 39.40 ശതമാനമായി വർധിച്ചു. 11 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മിസോറാമിൽ വൻ ലീഡുമായി പുതിയ രാഷ്ട്രീയ പാർട്ടി

മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫിന് വന്‍തിരിച്ചടി നല്‍കി പുതിയ പാര്‍ട്ടിയായ സെഡ്.പി.എം (Zoram People’s Movement) മുന്നേറുന്നു. 40 സീറ്റുകളില്‍ 27 ഇടത്തും സെഡ്.പി.എമ്മാണ് നിലവില്‍ മുന്നില്‍. ഭരണകക്ഷിയായ എം.എന്‍.എഫ്. ഒമ്പതിടത്ത് മാത്രമാണ് മുന്നിലുള്ളത്.

2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി വന്‍ ലീഡോടെയാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് രണ്ടും ബി.ജെ.പി. ഒന്നും സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടിയത്. എന്നാൽ അതിനിടെ മിസോറമില്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കും ബി.ജെ.പിയെന്ന് സംസ്ഥാന പ്രസിഡന്റ് വാന്‍ലാല്‍മുക പ്രഖ്യാപിച്ചു.

മിസോറമില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് വോട്ടെണ്ണലിന് മുന്‍പുതന്നെ സെഡ്.പി.എം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ഡുഹോമ പ്രഖ്യാപിച്ചിരുന്നു. സേര്‍ഛിപില്‍നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ലാല്‍ഡുഹോമയാണ് സെഡ്.പി.എമ്മിന്റെ സ്ഥാപകന്‍. ആറ് പ്രാദേശികപ്പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്താണ് സെഡ്.പി.എം. സ്ഥാപിച്ചത്. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി, 2018 മിസോറം തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെക്കാള്‍ മുന്നിലെത്തി. 2019-ലാണ് രാഷ്ട്രീയപ്പാര്‍ട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. 1987 ൽ സംസ്ഥാന പദവി നേടയ മുതൽ കോൺഗ്രസും എംഎൻഎഫുമാണ് ഇവിടെ അധികരാം കയ്യാളിയിരുന്നത്.

മൂന്നു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി കോൺഗ്രസ്, ബിജെപി 12 ഇടത്ത് തനിച്ച്

രാജ്യത്ത് ബിജെപി തനിച്ച് ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് ഫലത്തോടെ 12 ആയി ഉയർന്നു. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ ബി.ജെ.പി. നേരിട്ട് ഭരണം കയ്യാളുന്നു.

ഈ തിരഞ്ഞെടുപ്പ് ഘട്ടത്തോടെ മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തി. രാജസ്ഥാനും ചത്തീസ്ഗഢും കോണ്‍ഗ്രസില്‍നിന്ന് കൈക്കലാക്കി. ഇതോടെ 12 സംസ്ഥാനങ്ങള്‍. ഒപ്പം മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം എന്നീ നാലു സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണിയുമാണ് ഭരിക്കുന്നത്. 16 സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയായി ബി ജെ പി

രാജ്യത്തെ രണ്ടാമത്തെ വലിയ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഭരണം മൂന്നു സംസ്ഥാനങ്ങളില്‍ ഒതുങ്ങി. കര്‍ണാടക, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിലവില്‍ ഭരണമുള്ളത്. ചത്തീസ്ഗഢും രാജസ്ഥാനും ‘കൈ’വിട്ടതോടെയാണ് ഈ കണക്ക്. ബി.ആര്‍.എസിനെ തകര്‍ത്ത് അധികാത്തിലേക്കെത്തിയ തെലങ്കാനയാണ് ആശ്വാസ തുരുത്ത്. ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഭരണമുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസ്. തമിഴ്‌നാട്ടില്‍ ഡി.എം.കെയ്‌ക്കൊപ്പം സംഖ്യമുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗമല്ല.

2024-ല്‍ സിക്കിം, അരുണാചല്‍പ്രദേശ്, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.

പഞ്ചാബിലും ഡല്‍ഹിയിലും ഭരണമുള്ള ആംആദ്മിയാണ് രാജ്യത്തെ മൂന്നാമത്തെ വലിയ ദേശീയ പാര്‍ട്ടി. ബി.ജെ.പി, കോണ്‍ഗ്രസ്, ആംആദ്മി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), സി.പി.എം, നാഷണൽ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) എന്നിങ്ങനെ നിലവില്‍ ആറ് ദേശീയപാര്‍ട്ടികളാണുള്ളത്.

കൈക്കൂലി കയ്യോടെ പിടിച്ചതോടെ തമിഴ്നാട് വിജിലൻസിനെതിരെ മോഷണ പരാതിയുമായി ഇ ഡി

എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ കൈക്കൂല കേസിൽ അകപ്പെടുകയും ഒരാളെ കയ്യോടെ പിടികൂടുകയും ചെയ്തതോടെ തമിഴ്നാട്ടിൽ ഇഡിയും വിജിലൻസും നേർക്കു നേർ. ഇഡി ഓഫീസിലെ റെയ്ഡ് നിയമവിരുദ്ധവും ദുഷ്ടലാക്കൊടെ ഉള്ളതുമാണെന്ന് ഇഡി തിരിച്ചടിച്ചു. പല പ്രധാന കേസുകളുടെയും ഫയൽ മോഷ്ടിച്ചുതായി വരെ ആരോപണം ഉയർത്തി.

കേസ് രേഖകൾ ഫോണിൽ പകർത്തി. ഈ സാഹചര്യത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. തമിഴ്നാട് ഡിജിപിക്ക് ഇഡി രേഖമൂലം പരാതി നൽകി. സുപ്രധാന കേസുകളുടെ അന്വേഷണം ആട്ടിമറിക്കാൻ ശ്രമമെന്നാണ് പരാതി. 

കൈക്കൂലി കേസിൽ കഴിഞ്ഞ ദിവസം, ഇഡി ഉദ്യോഗസ്ഥനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥനുമൊത്ത് മധുര ഇഡി ഓഫിസിൽ പരിശോധനയും നടത്തി. ഡിണ്ടിഗൽ മധുര ദേശീയപാതയിൽ രാവിലെ 9 മണിക്കാണ് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരി പിടിയിലായത്. ഡിണ്ടിഗൽ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പഴായിരുന്നു അറസ്റ്റ്.

ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് 31 ലക്ഷം രൂപ കൈപറ്റിയതിന് പിന്നാലെ വിജിലൻസ് സംഘമെത്തി തിവാരിയെ അറസ്റ്റുചെയ്തു. പിന്നാലെ ഇയാളുടെ വീട്ടിലും മധുരയിലെ ഇഡി സബ് സോണൽ ഓഫീസിലും പരിശോധനയും നടത്തി.അടുത്തിടെ ഇഡി റെയ്ഡ് നേരിട്ട മണൽ കോൺട്രാക്ടര്‍മാരോടും ഇയാളും മറ്റ് ചില ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടതായും വ്യാപകമായ പരാതി ഉയർന്നിരുന്നു.

പ്രമുഖ ചിന്തകൻ എം കുഞ്ഞാമൻ മരിച്ചു

പ്രശസ്ത ചിന്തകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു. ശ്രീകാര്യം ചെമ്പഴന്തി റോഡില്‍ വെഞ്ചവോട് ശ്രീനഗര്‍ ഹൗസ് നമ്പര്‍ 3-ലാണ് താമസിച്ചിരുന്നത്. ഈ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ രോഹിണി ചികിത്സക്കായി മലപ്പുറത്തായിരുന്നു. ജന്മദിനത്തിൽ തന്നെയാണ് ജീവൻ വെടിഞ്ഞത്

സുഹൃത്ത് കെ.എം ഷാജഹാനോട് ഞായറാഴ്ച കാണണമെന്ന് കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കെ.എം ഷാജഹാന്‍ വീട്ടിലെത്തി. അപ്പോഴാണ് മര ണ വിവിരം അറിയുന്നത്. വീട്ടിലെത്തിയ ഷാജഹാൻ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളെ വിവരം അറിയിച്ചു. അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.

വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. ഏറെനാളായി ആഗ്രഹിച്ചതാണ്. ഞാന്‍ പോകുന്നു. മറ്റാര്‍ക്കും പങ്കില്ല. എഴുതിയ കുറിപ്പ് വീട്ടിനുള്ളില്‍നിന്ന് പോലീസ് കണ്ടെടുത്തു. ഞായറാഴ്ച കുഞ്ഞാമന്റെ ജന്മദിനമായിരുന്നു.

അവസാനമായി സോഷ്യൽ മീഡിയ വഴി കൈമാറിയ വാക്കുകൾ

‘Of course, Marx said: ”Essence of existence is human freedom.” But the problem with a well-fed , well caged slave is that he/she may not even realise the reality. Towards the end of slavery in America, many slaves themselves wanted slavery to continue. That was the irony of the situation.’

ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവ് നായയുമായി മല്ലിടേണ്ടിവന്നതിനെക്കുറിച്ച് കുഞ്ഞാമന്‍ ആത്മകഥയായ എതിരില്‍ എഴുതുന്നുണ്ട്. എംഎയ്ക്ക് പഠിക്കുമ്പോള്‍ പ്രണയം തോന്നിയ പെണ്‍കുട്ടി ‘ആ ബെഗ്ഗറോ’ എന്ന് തന്നെക്കുറിച്ച് ഒരു സ്‌നേഹിതനോട് പറഞ്ഞത് കേൾക്കേണ്ടി വന്നതും വിവരിക്കുന്നുണ്ട്. ”We celebrate victory, but we learn from failures” എന്നാണ് ഇതിനെ മറികടന്നു കൊണ്ട് അദ്ദേഹം കുറിച്ചത്.

സമൂഹത്തില്‍ മാറ്റംവരുന്നത് പരാജിതനിലൂടെയാണെന്നും വിജയിയിലൂടെയല്ലെന്നും വാദിച്ചു. വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണമാവാം. പക്ഷേ, നിയമനിര്‍മ്മാണ സഭകളിലേക്ക് കീഴാളര്‍ വരേണ്ടത് സംവരണത്തിലൂടെയല്ലെന്നും രാഷ്ട്രീയത്തിലൂടെ തന്നെയായിരിക്കണമെന്നും അഭിപ്രായപ്പെട്ടു. സ്ഥാപിത ഇടത്പക്ഷ താല്‍പര്യങ്ങള്‍ക്ക് ഒപ്പം നിൽക്കാത്ത ചിന്തകനായിരുന്നു.

വ്യത്യസ്തമായ വഴിവെട്ടിയ ചിന്തകൻ

കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്. ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്നു. സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമാണ്.

പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം. കുഞ്ഞാമന്‍ ജനിച്ചത്. മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനാണ്. വാടാനംകുറിശ്ശി എല്‍.പി. സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതല്‍ എം.എ. വരെ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലായിരുന്നു പഠനം.

മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് 1974-ലാണ് അദ്ദേഹം എം.എ. റാങ്ക് നേടുന്നത്. എം.എയ്ക്ക് ശേഷം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ‘കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെ കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തില്‍ ഗവേഷണം. പിന്നീട് ‘ഇന്ത്യയിലെ സംസ്ഥാനതല ആസുത്രണം’ എന്ന വിഷയത്തില്‍ കുസാറ്റില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കി.

1979 മുതല്‍ 2006 വരെ കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനായി. ഒന്നരവര്‍ഷത്തോളം യു.ജി.സി. അംഗവുമായിരുന്നു. 2006-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് രാജിവെച്ചശേഷമാണ് അദ്ദേഹം തുല്‍ജാപൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായത്.

കേരളത്തിലെ വികസനപ്രതിസന്ധി, എതിര് (ആത്മകഥ), സ്‌റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഗ്ലോബലൈസേഷന്‍: എ സബാള്‍ട്ടേണ്‍ പെര്‍സ്‌പെക്ടീവ്, എകണോമിക് ഡെവലപ്പ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ചേഞ്ച്, ഡെവലപ്പ്‌മെന്റ് ഓഫ് ട്രൈബല്‍ എക്കണോമി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

എതിരിന് ലഭിച്ച പുരസ്കരം നിരസിച്ചു

2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു. അധികാരത്തെ ചോദ്യംചെയ്യലാണ് ശരിയായ രാഷ്ട്രീയമെന്ന കാഴ്ചപ്പാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ജീവിതമായിരുന്നു. അംബദ്കറുടെ അടിസ്ഥാനപരമായ അജണ്ട അധികാരത്തെ ചോദ്യംചെയ്യലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ വിശുദ്ധ പശുക്കളില്ല. ചോദ്യങ്ങളില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ മരണമായിരിക്കും എന്നും അഭിപ്രായപ്പെട്ട ചിന്തകനാണ്.

കുഞ്ഞാമന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രീകാര്യം പോലീസ് കേസെടുത്തു. ഭാര്യ: ഡോ. രോഹിണി. മകള്‍: അഞ്ജന (അമേരിക്ക).

പഠാനെയും ജവാനെയും മറികടന്ന് വെള്ളിത്തിരയിൽ രൺബീർ കപൂറിൻ്റെ ആനിമൽ

ബോക്‌സ് ഓഫീസിൽ 100 ​​കോടി രൂപ പിന്നിട്ട് രൺബീർ കപൂർ ചിത്രം ആനിമൽ. സച്ച്നിൽക്കിൻ്റെ ആദ്യകാല കണക്കുകൾ പ്രകാരം, ചിത്രം ശനിയാഴ്ച 66 കോടി രൂപ നേടി. അതോടെ മൊത്തം ആഭ്യന്തര കളക്ഷൻ 129.80 കോടി രൂപയായി. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് നൂറു കോടി തികച്ചത്.

വെള്ളിയാഴ്ച ബോക്‌സ് ഓഫീസിൽ 63.8 കോടി രൂപ നേടി, ഷാരൂഖിന്റെ ‘പത്താന്റെ’ ആദ്യ ദിന കളക്ഷനായ 54 കോടിയെ മറി കടന്നു. എന്നാൽ രണ്ടാം ദിവസം 70.50 കോടി നേടിയ ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷനെ മറികടക്കാൻ ‘ആനിമലിനു’ കഴിഞ്ഞില്ല.

ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ അഭിപ്രായത്തിൽ ‘ആനിമൽ’ ലോകമെമ്പാടുമായി 230 കോടി രൂപ നേടിയിട്ടുണ്ട്. “2 ദിവസങ്ങൾക്കുള്ളിൽ, ആനിമൽ വേൾഡ് വൈഡ് ബോക്‌സ് ഓഫീസിൽ 230 കോടി രൂപ നേടി,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 സന്ദീപ് റെഡ്ഡി വംഗെ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ-ബുക്കിങ്ങ് കളക്ഷനുകൾ തന്നെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ  വെളിപ്പെടുത്തിയിരുന്നു. 

 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലിൽ മൂന്നിടത്തും ഭരണം പിടിച്ച് ബിജെപി

തെലങ്കാനയിൽ ബിആർഎസിനെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ, രാജസ്ഥാനിലും ഛത്തീസ്ഗഡിലും ജനം അവരെ കൈവിട്ടു. മധ്യപ്രദേശിൽ സ്വന്തം നില മെച്ചപ്പെടുത്തി മൂന്നിൽ രണ്ട് ഭൂരിപക്ഷ മികവോടെയാണ് ബിജെപി തുടർച്ച നേടിയത്.

തെലങ്കാനയിൽ ഹാട്രിക് വിജയം പ്രതീക്ഷിച്ചെത്തിയ കെടിആറിന്റെ ബിആർഎസിന്റെ അടിത്തറയിളക്കുന്ന മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. കോൺഗ്രസ് 70, ബിആർഎസ് 38, ബിജെപി 8, എഐഎംഐഎ 3 എന്നിങ്ങനെയാണ് സീറ്റ് നില.   മുതിർന്ന കോൺഗ്രസ് നേതാവ് രേവന്ദ് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. അദ്ദേഹം അൽപ്പസമയത്തിനകം മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

ജയിച്ചു കയറിയ മൂന്നു സംസ്ഥാനത്തും മുഖ്യമന്ത്രിമാരെ മുന്നിൽ നിർത്താതെയാണ് ബി ജ പി പ്രചാരണം നടത്തിയത്. നരേന്ദ്ര മോഡിയും അമിത് ഷായുമായിരുന്നു പ്രചാരണത്തിലെ ഫോക്കസ്. ബി ജെ പി രാഷ്ട്രീയത്തിൻ്റെ തന്നെ ഭാവി മാറ്റിയേക്കാവുന്ന സൂചകങ്ങളായും ഈ ഫലം ആയി തീരുന്നുണ്ട്.

മധ്യപ്രദേശിൽ ബിജെപി ഭരണം നിലനിർത്തിയെങ്കിലും മുഖ്യമന്ത്രിക്കസേരയിൽ ഇളക്കംതട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപി മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൌഹാന് പകരക്കാരൻ വന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് റാലികളിൽ മോദിയും അമിത് ഷായും താരങ്ങളായപ്പോൾ ശിവ് രാജ് സിങ്ങ് ചൌഹാൻ അൽപ്പം പിന്നോട്ടടിച്ച നിലയിലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ശിവ് രാജ് സിങ്ങ് ചൌഹാൻ.

ചുവന്ന ചതുഷ്കോണം

ഡല്‍ഹി കേന്ദ്രത്തില്‍ നരേന്ദ്രമോദിയേയും ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യോഗി ആദിത്യനാഥിനേയും രാജസ്ഥാനിലെ ജയ്പൂരില്‍ യോഗിയുടെ രാജസ്ഥാന്‍ പതിപ്പായ മഹാന്ത് ബാലാക്‌നാഥിനേയും കൂട്ടിയിണക്കി പ്രദേശത്തെ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനീച്ച് വോട്ടുറപ്പിക്കലായിരുന്നു ബിജെപിയുടെ ഗോള്‍ഡന്‍ ട്രയാങ്കില്‍ തന്ത്രം.

അജ്മീര്‍, ഭരത്പൂര്‍, ബിക്കാനീര്‍, ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, ഉദയ്പൂര്‍ എന്നിവയാണ് രാജസ്ഥാനിലെ സുപ്രധാനമായ ഏഴ് രാഷ്ട്രീയ സ്‌പോട്ടുകള്‍. ഭരത്പൂര്‍, ജയ്പൂര്‍ ഡിവിഷനുകളിലെ മിക്കവാറും എല്ലാ ജില്ലകളും ഉത്തര്‍പ്രദേശിന്റെയും ഹരിയാനയുടെയും അതിര്‍ത്തിയിലാണ്. 2018ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും യഥാക്രമം 99, 73 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഭരത്പൂര്‍, ജയ്പൂര്‍ ഡിവിഷനുകളിലെ സീറ്റുകള്‍ മാറ്റിയാല്‍ കോണ്‍ഗ്രസ്-ബിജെപി സീറ്റുകള്‍ യഥാക്രമം 57, 62 എന്നിങ്ങനെയാകുന്നു. അതായത് ഈ കിഴക്കന്‍ ഭാഗങ്ങളില്‍ അടിപതറിയാല്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരുമെന്ന് ബിജെപി കണക്കുകൂട്ടി.

ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് തര്‍ക്കം കൂടി ഉടലെടുത്തത് ബിജെപിയ്ക്ക് അനുകൂലഘടകമായി. എങ്കിലും അതിന്റെ മാത്രം ഫലംകൊയ്ത് ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ ബിജെപി ഒരുക്കമായിരുന്നില്ല. ബാലാക്‌നാഥ് അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന ഒരു പ്രതീതി ബിജെപി സൃഷ്ടിക്കാന്‍ തുടങ്ങി. യാദവ് ജാതിയില്‍പ്പെട്ട അദ്ദേഹത്തെ ഒരു പ്രമുഖ മതനേതാവെന്ന നിലയിലാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്. ശക്തനായ ഹിന്ദുനേതാവെന്ന് പ്രചാരണം നല്‍കുമെന്നും രാജസ്ഥാനില്‍ സമാധാനം ഉറപ്പിക്കാന്‍ കരുത്തനാണ് അദ്ദേഹമെന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ രാജസ്ഥാന്റെ യോഗി ആദിത്യനാഥാക്കി.

ബാലാക്‌നാഥിനെ ഉയര്‍ത്തിക്കാട്ടുന്നതോടെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടൽ. കിഴക്കന്‍ രാജസ്ഥാനില്‍ ഇത് ബിജെപിയ്ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്തു. ഈ മൂന്ന് പോയിന്റുകളും ഇത്തരത്തില്‍ ഒരുപോലെ കരുത്തുറ്റതായാല്‍ സേഫ് സോണായി ഈ ഭാഗം മാറുമെന്ന ബിജെപി തന്ത്രം കൂടിയാണ് വിജയിക്കുന്നത്.

തമ്മിലടി തീർക്കാനാവാതെ

മധ്യപ്രദേശിൽ കോൺഗ്രസ് ഭരണത്തിലെത്തിയാൽ ഉടൻ ജാതി സെൻസസ് നടത്തുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. രാജ്യത്തെ ഒബിസിക്കാർക്കും ഗോത്രവർഗക്കാർക്കും അവരുടെ അവകാശങ്ങൾ കൃത്യമായി നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു.

2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാൻ ഇന്ത്യ മുന്നണി മുന്നോട്ട് വെച്ച സുപ്രധാന പ്രചാരണായുധമായിരുന്നു ജാതി സെൻസസ്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്നും അതനുസരിച്ച് സംവരണം സാധ്യമാക്കണമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ച് ആവശ്യപ്പെട്ടതും ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭ തിരഞ്ഞെടുപ്പുകളിലും ഇതേ ആയുധം തന്നെയാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ കോൺഗ്രസിലെ തമ്മിലടിയെ മറികടക്കാൻ ജാതി സെൻസസിനായില്ല 

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി യോഗം വിളിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതയില്‍ ആറാം തീയതി യോഗം ചേരും.

അതിനിടെ, തെലങ്കാനയില്‍ വിജയിച്ച എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്. ഹൈദരബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ എംഎല്‍എമാരെ കൊണ്ടുപോകാനായി ബസുകള്‍ എത്തിച്ചു. 

തെലങ്കാന കൊണ്ട് കോൺഗ്രസ് പിടിച്ചു നിന്നു, ഹിന്ദിഹൃദയ ഭൂമിയിൽ മൂന്നു സംസ്ഥാനങ്ങളിലും ബി ജെ പി മുന്നേറ്റം

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറ്റം. ഇന്ത്യ സംഖ്യം ഇനിയും ഉരുത്തിരിഞ്ഞില്ലെന്ന സൂചനകളോടെ കോൺഗ്രസ് പ്രതീക്ഷകൾക്ക് തിരിച്ചടി. ദക്ഷിണേന്ത്യയിൽ മാത്രമാണ് വോട്ടർമാർ ആനുകൂല്യം കാണിച്ചിട്ടുള്ളത്.

തെലങ്കാനയിൽ ബിആർഎസിനെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ, രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം അവരെ കൈവിട്ടു. മധ്യപ്രദേശിൽ സ്വന്തം നില മെച്ചപ്പെടുത്തി മികച്ച വിജയം നേടാനായി. ബിജെപി ഇതോടെ ഹിന്ദി ഭൂമിയിൽ കരുത്ത് ചോരാതെ നിൽക്കുന്ന കാഴ്ചയാണ്.

മധ്യപ്രദേശിൽ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ബിജെപി നേടിയത്. ഇതിന് മുമ്പ് 165 സീറ്റ് വരെ നേടിയ ചരിത്രമുള്ള ബിജെപി 162 സീറ്റുകളിൽ വരെ ലീഡ് തുടരുകയാണ്. മധ്യപ്രദേശില്‍ ആകെയുള്ളത് 230 സീറ്റുകളാണ്. ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും വിജയാഹ്ളാദം പങ്കുവച്ചു.

രാജസ്ഥാനിൽ കോൺഗ്രസിന് പതിവ് ദൌർബല്യങ്ങളെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി വോട്ട് കേന്ദ്രീകരണത്തെ ദുർബലപ്പെടുത്തി. ജനങ്ങളെയും മടുപ്പിച്ചു. 199 സീറ്റുകളിൽ 114 സീറ്റുകളിൽ ബിജെപി ലീഡ് തുടരുമ്പോൾ 64 ഇടത്ത് കോൺഗ്രസ് ലീഡ് തുടരുകയാണ്. ബിഎസ്‌പി രണ്ടും മറ്റുള്ളവർ 18 ഇടത്തും ലീഡ് നേടി.

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നിൽ

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലിടങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലില്‍, ആദ്യ ഫലസൂചനകൾ പുറത്തു വന്നു.

മധ്യപ്രദേശില്‍ 230 സീറ്റുകളിലെയും രാജസ്ഥാനില്‍ 199 സീറ്റുകളിലെയും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ജനവിധിയാണ് ഇന്ന് അറിയുക.

തെക്ക് തെലങ്കാനയിൽ കോൺഗ്രസ്

ഭരണവിരുദ്ധ വികാരം വീശിയടിച്ച തെലങ്കാനയിൽ ആദ്യ ഫല സൂചനകളിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. ബിആർഎസിനെ പിന്നിലാക്കി കേവലഭൂരിപക്ഷവും മറികടന്നാണ് കോൺഗ്രസിന്റെ കുതിപ്പ്. കോൺഗ്രസ് 70, ബിആർഎസ് 37, ബിജെപി 8, എഐഎംഐഎം 3, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് ലീഡ് നില. കെ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് ദേശീയതലത്തിലേക്ക് രാഷ്ട്രീയം വ്യാപിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ബിആർഎസ് എന്ന് പാർട്ടിയെ പുനർനാമകരണം ചെയ്തത്.  

ചത്തീസ്ഗഡിൽ

ഛത്തീസ്ഗഡിൽ വാശിയേറിയ മത്സരമാണ് നടന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. 46 ഇടത്ത് കോൺഗ്രസും 42 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. ബി എസ് പി, മറ്റുള്ളവർ എന്നിവർക്കൊന്നും ആർക്കും ലീഡ് നേടാനായിട്ടില്ല. തുല്യമായി മാറിമറുയുന്ന ലീഡാണ് ഇവിടെ രണ്ടാം ഘട്ടത്തിൽ കാണുന്നത്.

രാജസ്ഥാനിൽ കലഹത്തിൽ കടപുഴകി കോൺഗ്രസ്

രാജസ്ഥാനിൽ ബിജെപി വ്യക്തമായ ലീഡുമായി മുന്നേറ്റം തുടങ്ങി. ബിജെപി 110, കോൺഗ്രസ് 75, മറ്റുള്ളവർ 12, ബി എസ് പി 2 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. അശോക് ഗെഹ്ലോട്ടിനും കൂട്ടർക്കും ഭരണം നഷ്ടമാകുമോയെന്ന കടുത്ത ആശങ്കയിൽ പാർട്ടി കേന്ദ്രങ്ങൾ. വലിയ തിരിച്ചുവരവുകളൊന്നും സംഭവിച്ചെങ്കിൽ നിലവിലെ സാഹചര്യത്തിൽ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫലശ്രുതി

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ആദ്യ ട്രെൻഡുകൾ കടുത്ത മത്സരത്തിന്റെ സൂചനയാണ് നൽകുന്നത്. തെലങ്കാനയിൽ കോൺഗ്രസിന് മുൻതൂക്കമുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ്സ്, അവരുടെ ചില വലിയ നേതാക്കൾ എന്നിവരുടെ ഭാവി തീരുമാനിക്കുന്നതാണ്  ഞായറാഴ്ചത്തെ ഫലങ്ങൾ.

പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബിജെപിയും കോൺഗ്രസും തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്. കഴിഞ്ഞ വർഷം ഗുജറാത്തിലും ത്രിപുരയിലും വിജയിച്ചെങ്കിലും കർണാടകയിലും ഹിമാചൽ പ്രദേശിലും പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവർക്ക് അനുകൂലമായ മുന്നേറ്റം സൃഷ്ടിക്കാൻ വിജയങ്ങൾ ആവശ്യമാണ്. മറുവശത്ത്, ‘ഇന്ത്യാ’ ബ്ലോക്കിലെ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസിന് മുൻതൂക്കം നൽകുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ വിജയം കാണാൻ ഉള്ള തീവ്രശ്രമത്തിലായിരുന്നു.

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിൻ്റെ കണ്ടെത്തലിലെ യുക്തി ചോദ്യം ചെയ്ത് കെ ബി ഗണേഷ് കുമാർ

അഞ്ച് കോടിയുടെ കടം തീർക്കാൻ ഒരു സാധാരണക്കാരൻ്റെ ആറുവയസ്സായ മകളെ തട്ടിക്കൊണ്ട് പോകുമോ. അങ്ങിനെ തട്ടിക്കൊണ്ട് പോയാലും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇത്രയും വലിയ കേസിൽ അകപ്പെടുമോ. അതിൽ ഭാര്യയേയും മകളെയും കൂടെ കൂട്ടുമോ. പലിശ അടയ്ക്കാൻ പോലും തികയാത്ത ഈ തുകയ്ക്ക് എന്തിനാണ് ഇത്രയും വലിയ കുറ്റ കൃത്യം നടത്തിയത്. കെ ബി ഗണേഷ് കുമാർ എം എൽ എ ഈ കേസിൽ പൊലീസ് നിഗമനത്തിന് എതിരെ പറയാതെ പറയുന്നത് കേസിലെ കടുത്ത വൈരുദ്ധ്യങ്ങളാണ്. നഴ്സിങ് പരീക്ഷാ തട്ടിപ്പ് സംഘങ്ങളുടെ കോടികളുടെ ഇടപാട് ഈ കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ പുറത്ത് വന്നിരുന്നു.
പരീക്ഷാ പേപ്പർ ചോർത്തി നൽകുന്ന റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ കൂട്ടായ്മകളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് ഇതോടെ പുറത്തായി. ഇവയെ ഒന്നും തൊടാതെയാണ് കേസ് രൂപപ്പെട്ട് വന്നിട്ടുള്ളത്. എങ്കിൽ പോലും സാധാരണ യുക്തിയിൽ ദഹിക്കാൻ പറ്റാത്തതാണ് പൊലീസ് വിശദീകരണം എന്നാണ് ഗണേഷ് കുമാർ എം എൽ എയുടെ തുറന്നു പറച്ചിലിലെ ഉള്ളടക്കം.

വാർത്ത

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതി പദ്മകുമാറിന്റെ മൊഴിയില്‍ വിശ്വാസമില്ലെന്ന് കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിയുടെ മൊഴിയില്‍ എനിക്ക് വിശ്വാസമില്ല. അഞ്ചുകോടിയുടെ കടം തീര്‍ക്കാന്‍ സാധാരണക്കാരനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസനീയമല്ല. 10 ലക്ഷം കൊണ്ട് പ്രതിയ്ക്ക് പലിശ അടയ്ക്കാന്‍ കൂടി സാധിക്കില്ല. മീഡിയയിലൂടെ ഈ സംഭവം പുറത്തുവന്നില്ലായിരുന്നുവെങ്കില്‍ കുടുംബം ഭയന്ന് ആ കാശ് കൊടുത്തേനേ. മീഡിയയും പോലീസും നാട്ടുകാരും കൈകോര്‍ത്തതോടെ അവരുടെ പദ്ധതിയെല്ലാം പൊളിഞ്ഞു. പക്ഷേ അവര്‍ നാടിനെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തിക്കളഞ്ഞു.’- ഗണേശ് കുമാര്‍ തുടരുന്നു

പ്രതിയും കൂട്ടരും ആസൂത്രണം ചെയ്ത പ്ലാന്‍ ശുദ്ധമണ്ടത്തരമാണെന്നും കേരളാ പോലീസ് ഏതുകേസും പെട്ടെന്ന് തന്നെ തെളിയിക്കുമെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടു. ‘പ്രതി ആസൂത്രണം ചെയ്തതാണ് ഈ പ്ലാന്‍ എന്നത് ശുദ്ധ മണ്ടത്തരമാണ്. പ്രതി എന്‍ജിനിയറിങ് ബിരുദധാരിയാണ്. എന്നിട്ടും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയ മണ്ടത്തരമാണ്. പ്രതിയുടെ ഭാര്യയാണ് പദ്ധതി തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയ്ക്ക് തൂക്കുകയര്‍ ശിക്ഷ ലഭിച്ചവിവരമൊന്നും ഇവരറിഞ്ഞില്ലേ? ‘ എന്നും ഗണേശ് കുമാര്‍ പൊലീസ് നിഗമനത്തെ പരിഹസിച്ചു.

സ്വന്തമായി ആവശ്യത്തിന് സ്വത്തുള്ള വ്യക്തിയാണ്. എന്നിട്ടും എന്തിനാണ് പ്രതി ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ നടത്തുന്നതെന്ന് വിശദീകരിക്കേണ്ടതുണ്ട്. ഗണേശ് കുമാര്‍ ചൂണ്ടി കാണിച്ചു. ‘കടബാധ്യത തീര്‍ക്കാന്‍ പ്രതിയ്ക്ക് വീടുവിറ്റാല്‍ മതി. വേറെയും ആസ്തികളുണ്ടെന്ന് കേള്‍ക്കുന്നുമുണ്ട്. അതെല്ലാം വിറ്റ് കടം വീട്ടിയാല്‍പ്പോരേ? എന്തിനാണ് കുഞ്ഞിനോട് ക്രൂരത കാണിക്കുന്നത്? ഇനി എങ്ങനെ അവര്‍ക്ക് ജീവിക്കാനാകും? കല്യാണപ്രായമായ ഒരു മകളുണ്ട് പ്രതിയ്ക്ക്. മകള്‍ക്ക് നല്ലൊരു ജീവിതം ഇനി കിട്ടുമോ? ആ കുട്ടിയുടെ ഭാവി അവര്‍ നശിപ്പിക്കുമായിരുന്നോ.

നമ്മുടെ നാട്ടില്‍ എന്ത് കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെട്ടും. അതില്‍ സംശയം വേണ്ട. 20 വര്‍ഷം വരെ പഴക്കമുള്ള കേസ് കേരള പോലീസ് തെളിയിച്ചിട്ടുണ്ട്. പണം സമ്പാദിക്കാനോ കടം തീര്‍ക്കാനോ എളുപ്പവഴികളില്ല. പണം ഇരട്ടിപ്പിക്കുന്നതിനായി ഓടുന്ന നിരവധി മണ്ടന്മാരുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അധ്വാനിക്കാതെ പണം നേടാനാവില്ല.’ ഗണേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി പറഞ്ഞത് 

അനുപമ പദ്മൻ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ മാസം 3.8 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പദ്മകുമാറിൻ്റെ മകൾ അനുപമയ്ക്ക് വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ അനുപമയുടെ ചാനലിന് പണം ലഭിക്കുന്നത് നിന്നു. ചാനല്‍ വീണ്ടും മൊണെറ്റൈസ് ചെയ്യാന്‍ മൂന്ന് മാസം കഴിയുമെന്ന സാഹചര്യം വന്നു. അനുപമ ആദ്യം പദ്ധതി എതിര്‍ത്തുവെങ്കിലും വരുമാനം നിലച്ച സാഹചര്യത്തില്‍ കൃത്യം നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി അനുപമയും കൃത്യത്തിനായുള്ള ആസൂത്രണത്തില്‍ സജീവമായിരുന്നു.

കോവിഡിനു ശേഷം കുടുംബത്തിന് കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടായി. കടങ്ങള്‍ വര്‍ദ്ധിച്ചു. സാമ്പത്തികപ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് ഒരു വര്‍ഷമായുള്ള ആസൂത്രണത്തിനൊടുവിലാണ് പദ്ധതി തയ്യാറാക്കുന്നത്. അഞ്ചുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാര്‍ അവകാശപ്പെടുന്നത്. ആറു കോടിയുടെ ആസ്തിയുള്ളതില്‍ മുഴുവന് പണയത്തിലാണ്. പെട്ടെന്ന് ബാധ്യത തീര്‍ക്കാന്‍ പത്തുലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. പലരേയും പണം ചോദിച്ച് സമീപിച്ചിരുന്നു. അത് ലഭിക്കാതിരുന്നപ്പോഴാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. പദ്മകുമാറും കുടുംബവും ചേര്‍ന്ന് ഒരു വര്‍ഷമായി പ്ലാന്‍ ചെയ്ത കൃത്യം.

പോലീസിന്റെ നീക്കങ്ങളെയും ഏതൊക്കെ രീതിയില്‍ കേസ് തെളിയിക്കാമെന്നും മനസ്സിലാക്കി. അതെല്ലാം ഒഴിവാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയത്. ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് പോകുന്ന കുട്ടികളെയായിരുന്നു ഇവർ ലക്ഷ്യം വെച്ചത്.

പൊലീസ് വിശദീകരണം, മറ്റൊരു ഭാഷ്യം

ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ബുദ്ധികേന്ദ്രം പദ്മകുമാറിന്റെ ഭാര്യ അനിതാകുമാരിയാണെന്ന് സംശയിക്കുന്നതായി എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍. ഒരുവര്‍ഷമായി പ്രതികള്‍ ഇത്തരത്തിലുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായും ഒന്നരമാസം മുന്‍പാണ് ഈ പദ്ധതി എത്രയുംവേഗം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും എ.ഡി.ജി.പി. പൂയപ്പള്ളി പോലീസ് സ്‌റ്റേഷനില്‍വച്ച്‌ മാധ്യമങ്ങളോട് പറഞ്ഞു.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ കേസില്‍ പങ്കുള്ളൂവെന്നാണ് കണ്ടെത്തല്‍.

സംഭവത്തിന് പിന്നില്‍ ‘ഒരുപെണ്‍ബുദ്ധി’ ആണെന്നായിരുന്നു എ.ഡി.ജി.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അനിതാകുമാരിയാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരുവര്‍ഷം മുന്‍പേ പ്രതികള്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പദ്മകുമാറിന്റെ അമ്മയും മകള്‍ അനുപമയും ഇതിനെ എതിര്‍ത്തിരുന്നു. ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാന്‍പാടില്ലെന്ന് പറഞ്ഞാണ് അമ്മ എതിര്‍ത്തത്. എന്നാല്‍ ജൂണ്‍ 28-ന് അമ്മ മരിച്ചു. മകള്‍ അനുപമയ്ക്ക് യൂട്യൂബില്‍നിന്ന് 3.8 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെ മാസവരുമാനമുണ്ടായിരുന്നു. ജൂലായ് മാസത്തില്‍ അനുപമയുടെ യൂട്യൂബ് ചാനല്‍ ഡീമോണിറ്റൈസ്ഡ് ആയി. വരുമാനം നിലച്ചു. വരുമാനം നിലച്ചതോടെ അനുപമയും കടുത്ത നിരാശയിലായി. ഇതോടെയാണ് ഈ പെണ്‍കുട്ടിയും പദ്ധതിയില്‍ പങ്കാളികളായതെന്നും എ.ഡി.ജി.പി. പറഞ്ഞു.

അനുപമ ബി.എസ്.എസി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ചേര്‍ന്നിരുന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. എല്‍.എല്‍.ബി.ക്ക് ചേര്‍ന്ന് പഠിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. അസ്സലായി ഇംഗ്ലീഷ് കൈകാര്യംചെയ്യുന്നയാളാണ് ഈ പെണ്‍കുട്ടി. ഇതിനിടെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബില്‍നിന്ന് വരുമാനം വന്നപ്പോള്‍ പൂര്‍ണമായും അതിലേക്ക് പോയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന് ശേഷം പദ്കുമാറിനുണ്ടായ വലിയ സാമ്പത്തികപ്രശ്‌നങ്ങളാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കാരണമായതെന്നാണ് പ്രതികളുടെ മൊഴി. അഞ്ചുകോടിയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാര്‍ പോലീസിനോട് പറഞ്ഞത്. ആറുകോടിയുടെ ആസ്തികളുണ്ടെങ്കിലും ഇതെല്ലാം പണയത്തിലാണ്. പലയിടങ്ങളില്‍നിന്നായി ഇയാള്‍ വായ്പയെടുത്തിരുന്നു. ഇതിന്റെ പെട്ടെന്നുള്ള ചില തിരിച്ചടവുകള്‍ തീര്‍ക്കാനാണ് പത്തുലക്ഷം രൂപ ആവശ്യമായി വന്നത്. ഈ തുക പലരോടും ചോദിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാമെന്ന പദ്ധതിയിട്ടതെന്നും എ.ഡി.ജി.പി. പറഞ്ഞു.