കോൺഗ്രസ് അധ്യക്ഷൻ തീരുമാനമായില്ല; ഗെലോട്ടിനെതിരെ ജി 23 നേതാക്കൾ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള തീരുമാനം നീളും.സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ ഇരുവരും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്ത മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

കുടംബത്തിന് പുറത്തു നിന്നൊരാള്‍ ഈ സാഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും ചില നേതാക്കള്‍ മുന്നോട്ട് വക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ഭിന്നതയാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ നീളാന്‍ കാരണം. അശോക് ഗലോട്ടിൻറെ പേര് ഉയർന്നെങ്കിലും എതിർത്ത് മത്സരിക്കും എന്നാണ് ജി 23 ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.. ഞായറാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം തീരുമാനിക്കും

ഷാരൂഖ് ഖാനെ വെല്ലുവിളിച്ച് ലിഗറുമായ് വിജയ് ദേവരകൊണ്ട

0

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

‘ബോളിവുഡിലെ അവസാനത്തെ താരമാണ് താൻ എന്ന് ഷാറൂഖ് ഖാൻ പറഞ്ഞു. എങ്കിൽ ഷാറൂഖിന് തെറ്റി, നിങ്ങൾ അവസാനത്തെ സൂപ്പർ സ്റ്റാറല്ല,

നിങ്ങളിൽ നിന്ന് രാജപദവി തട്ടിയെടുക്കാൻ ഞാൻ വരുന്നു എന്നാണ് പുതിയ സിനിമയുടെ റിലീസ് ബ്രെയ്ക്കിൽ വിജയ് ദേവരകൊണ്ട അവകാശപ്പെട്ടത്. ഷാറൂഖിന് ചെയ്യാൻ കഴിയുന്നത് എനിക്ക് എന്തുകൊണ്ട് കഴിയില്ല?’ ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ട ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

പക്ഷെ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ഷാരൂഖ് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

തെന്നിന്ത്യയിലെ ഹിറ്റ് താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ദേവരകൊണ്ട നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രമായ ‘ലിഗർ’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുമ്പേ ഇത്തരം പ്രസ്താവനകൾ ബോളിവുഡ് പ്രേക്ഷകരുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് ടോളിവുഡിന് വെളിയിലേക്ക് വിജയ് ദേവരകൊണ്ട ശ്രദ്ധ നേടിയെടുത്തത്. വന്‍ ബോക്സ് ഓഫീസ് വിജയവുമായിരുന്നു ചിത്രം. പിന്നാലെയെത്തിയ ഗീതാ ഗോവിന്ദം, ടാക്സിവാല എന്നീ ചിത്രങ്ങളും വിജയങ്ങളായി. തെലുങ്ക് യുവനായകന്മാരില്‍ മുന്‍ നിരയിലുള്ള ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് ലിഗർ

അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി ഭാഷാന്തരം ചെയ്ത് ഇറക്കിയിട്ടുണ്ട്.

ലിഗർ പുറത്താവുമോ

ചിത്രം തങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും വിജയ് ദേവരകൊണ്ടയുടെ ശാരീരികമായ മേക്കോവറിനപ്പുറം ചിത്രത്തില്‍ മികവിന്‍റെ അടയാളങ്ങള്‍ ഇല്ലെന്നും ഒരു വിഭാഗം പറയുമ്പോള്‍ ചിത്രം എല്ലാവരെയും നിരാശരാക്കില്ലെന്ന് മറ്റൊരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു. ട്വിറ്റര്‍ റിവ്യൂസ് വിശ്വസിക്കരുതെന്നാണ് വിജയ് ദേവരകൊണ്ട ആരാധകര്‍ പറയുന്നത്. 

സൈബർ സുരക്ഷയിൽ കേരള പൊലീസ് ഒരുക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം

0

സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ​ഗ്രാന്റ് ഹയാത്തിൽ വച്ച് സെപ്റ്റംബർ 23, 24 തീയതികളിൽ നടക്കുന്ന കോൺഫറിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൺസിലേക്കുമുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്.

സൈബർ രം​ഗത്ത് വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിം​ഗ്, സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീരക്കുന്നതിനുമായുള്ള പരിശീലനങ്ങളും ഈ ദിവസങ്ങളിലെ കോൺഫറൺസിനോട് അനുബന്ധിച്ച് നൽകുകയും ചെയ്യും. വിദ്യാർത്ഥികൾ, സ്വകാര്യ വ്യക്തികൾ, കോപ്പറേറ്റുകൾ തുടങ്ങിയ വിഭാ​ഗക്കാർക്ക് വേണ്ടിയുള്ള രജിസ്ട്രേഷനുകൾ തുടരുകയാണ്. രജിസ്ട്രേഷന് വേണ്ടി https://india.c0c0n.org/2022/registration സന്ദ​ർശിക്കാം.

ഡൽഹി സർക്കാരിനെ താഴെ ഇറക്കാൻ 800 കോടി; ഉറവിടം വെളിപ്പെടുത്തണമെന്ന് ബി ജെ പിയോട് കെജരിവാൾ

ഡൽഹി സർക്കാരിനെ താഴെ ഇറക്കാൻ ബി.ജെ.പി. 800 കോടി മാറ്റിവെച്ചിരിക്കുന്നു എന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 40 എം.എൽ.എമാർക്ക് 20 കോടി വീതം നൽകി വിലയ്ക്ക് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം എന്നും കെജ്‌രിവാള്‍ ആരോപിച്ചു.

“ഡൽഹി സർക്കാരിനെ വീഴ്ത്താൻ അവർ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എൽ.എമാർക്കും 20 കോടിയാണ് വില. രാജ്യം തീർച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം. സർക്കാർ സ്ഥിരപ്പെട്ടതാണ്. ഡൽഹിയിലെ നല്ല പ്രവർത്തനങ്ങൾ തുടരും.” കെജ്‌രിവാള്‍ ട്വിറ്ററിൽ കുറിച്ചു.

70 അംഗ ഡൽഹി നിയമസഭയിൽ 62 എംഎൽഎമാരാണ് എ.എ.പിയ്ക്കുള്ളത്. ബി.ജെ.പിയ്ക്ക് 8 എം.എൽ.എമാരും. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ ഇ.ഡി-സി.ബി.ഐ കുരുക്കുമുറുക്കിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ എ.എ.പി അടിയന്തര യോഗം വിളിച്ചു. ആകെയുള്ള 62 എ.എ.പി. എം.എൽ.എമാരിൽ 53 പേർ യോഗത്തിനെത്തി. സ്പീക്കർ ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്തുള്ള എട്ട് എം.എൽ.എമാർ വിട്ടു നിൽക്കാനുള്ള കാരണം നേതൃത്വത്തെ അറിയിച്ചു. ഒരു എം.എൽ.എ. ഇ.ഡി കേസിൽ പെട്ട് ജയിലിലാണ്. യോഗശേഷം കെജ്രിവാളിന്റെ നേതൃത്വത്തിൽ എം.എൽ.എമാർ രാജ്ഘട്ടിലെത്തി.

അതേസമയം, കൂറുമാറാന്‍ പണം വാഗ്ദാനം നല്‍കിയെന്ന ആരോപണം ബി.ജെ.പി നിഷേധിക്കുന്നുണ്ട്. പക്ഷെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ.എ.പി. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ഒടുവില്‍ ഗുജറാത്തിലേക്കും അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയ പദ്ധതികള്‍ക്ക്‌ തുടക്കമിടുമ്പോള്‍ അത് ബി.ജെ.പി നേതൃത്വത്തേ പേടിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ എ.എ.പി ഇതിനിടെ നടത്തിയ പല രാഷ്ട്രീയ പരിപാടികളിലും വലിയ ജനകീയ പങ്കാളിത്തമുണ്ടെന്നതാണ് ബിജെപി-യെ ആശങ്കയിലാക്കുന്നത്.

10,000 -ൽ താഴെ വിലയിൽ ഗൂഗിൾ ഫോൺ; ജിയോയുടെ 5G പ്രഖ്യാപനം ഉടൻ

0

ഓഗസ്റ്റ് 29 ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങ് ഫൈവ് ജി വിപ്ലവത്തിൻ്റെ വരവ് അറിയിക്കും. വിര്‍ച്വല്‍ ഇവന്റായാണ് പരിപാടി നടത്തുക. കമ്പനിയുടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ പതിവായി നടക്കാറുള്ളതിനാല്‍ ഇത്തവണ 5ജിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫൈവ് ജി പ്രഖ്യാപനം മാത്രമല്ല ഇതര സേവന ദാതാക്കളെ ഞെട്ടിക്കുന്ന തരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രഖ്യാപനവും ഇതോടെ പ്രതീക്ഷിക്കുന്നു. 2016 ൽ 4ജി ആരംഭിച്ചപ്പോൾ എക്കാലത്തെയും മികച്ച ഓഫറാണ് ജിയോ വെച്ചത്. ക്രമേണ ഇവ പിൻവലിച്ചു എങ്കിലും അത് ആഘോഷമായാണ് വിപണിയിൽ സ്വീകരിക്കപ്പെട്ടത്.

10,000 ൽ താഴെ വിലയിൽ 5 ജി ഫോൺ

ഗൂഗിളുമായി ചേര്‍ന്നായിരിക്കും ഈ വിലകുറഞ്ഞ 5ജി ഫോണ്‍ അവതരിപ്പിക്കുക.

എച്ച്ഡി പ്ലസ് ക്വാളിറ്റിയുള്ള 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌ക്രീന്‍ ആയിരിക്കും ജിയോഫോണ്‍ 5ജിയ്ക്ക്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും.

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 5ജി പ്രൊസസറില്‍ 4ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയുണ്ടാവും

ജിയോ ആപ്പുകളും ഗൂഗിള്‍ പ്ലേ സേവനങ്ങളുമുള്ള പ്രഗതി ഓഎസ് ആയിരിക്കും ഇതിലുണ്ടാവുക.

5000 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ടാവും. യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ആയിരിക്കും.

13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 എംപി മാക്രോ ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനം ഉണ്ടാവും.

സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഓള്‍വേയ്‌സ് ഓണ്‍ ഗൂഗിള്‍ അസിസ്റ്റന്റ്, റീഡ് എലൗഡ് ഡെക്‌സ്റ്റ്, ഇന്‍സ്റ്റന്റ് ട്രാന്‍സ് ലേഷന്‍, ഗൂഗിള്‍ ട്രാന്‍സിലേറ്റ് തുടങ്ങിയ സൗകര്യങ്ങളും ഫോണിലുണ്ടാവും.

വിപണിയിലെ മത്സരം നിശ്ചയിക്കാൻ ഒരുക്കം

അടുത്തിടെ കഴിഞ്ഞ 5ജി ലേലത്തില്‍ ഏറ്റവും കൂടുതല്‍ സ്‌പെക്ട്രം സ്വന്തമാക്കിയ സ്ഥാപനമാണ് റിലയന്‍സ് ജിയോ. മറ്റേത് കമ്പനിയേക്കാളും കൂടുതല്‍ തുക ജിയോ ഇതിനായി മുടക്കിയിട്ടുണ്ട്. ഇക്കാരണം കൊണ്ടു തന്നെ രാജ്യത്തെ 5ജി മേഖലയില്‍ ശക്തമായ സാന്നിധ്യമായിരിക്കും ജിയോ.

ഡെല്‍ഹി, ബെംഗളുരു, ചണ്ഡീഗഢ്, ഗാന്ധിനഗര്‍, അഹമ്മദാബാദ്, ഗുഡ്ഗാവ്, മുംബൈ, പുനെ, ഹൈദരാബാദ്, ചെന്നൈ, ജാംനഗര്‍, കൊല്‍കത്ത, ലഖ്‌നൗ ഉള്‍പ്പടെ 13 നഗരങ്ങളില്‍ ജിയോ 5ജി സേവനം ആരംഭിക്കുമെന്നാണ് വിവരം.

ഇതോടൊപ്പം കമ്പനിയുടെ 5ജി ഫോണായ ജിയോഫോണ്‍ 5ജിയും പുറത്തിറക്കിയേക്കും

സ്വത്ത് തട്ടാൻ മാസങ്ങളോളം അമ്മയ്ക്ക് എലിവിഷം നൽകി, കൊലപാതക കുറ്റത്തിൽ മകൾ അറസ്റ്റിൽ

സ്വത്തിന് വേണ്ടി മകള്‍ അമ്മയെ ദിവസങ്ങളോളം ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതായി കേസ്. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശിയായ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മണി(58) ആണ് മരിച്ചത്. മകള്‍ ഇന്ദുലേഖ(40)യെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ പതിനെട്ടാം തീയതിയാണ് രുഗ്മണിയെ അവശനിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആന്തരിക അവയവങ്ങൾക്ക് കേട് പറ്റിയ നിലയിലായിരുന്നു.

മകൾ ഇന്ദുലേഖ തന്നെയാണ് രുഗ്മണിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യവിഷബാധയേറ്റുവെന്നായിരുന്നു പറഞ്ഞത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ കരളില്‍ നീര്‍ക്കെട്ട് കണ്ടെത്തി. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് കുന്നംകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗാവസ്ഥ തുടർന്നതിനാൽ പിന്നീട് തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ശരീരത്തിൽ വിഷാംശം കണ്ടെത്തിയത് കേസിന് വഴിത്തിരിവായി


തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തി. എങ്കിലും ഒഗസ്റ്റ് 23ന് രാവിലെ ആറരയോടെ രുഗ്മണി മരണപ്പെട്ടു. എന്നാൽ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷത്തിൻ്റെ സാന്നിധ്യം കണ്ടെത്തി.

ഇതോടെ സംഭവത്തിൽ സംശയം ഉണർന്നു. മകളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത തോന്നിയ പിതാവ് ചന്ദ്രന്‍ സംശയം പൊലീസിനോട് തുറന്ന് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിച്ചു.

കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണത്തില്‍ ഗുളികകള്‍ കലര്‍ത്തി നല്‍കാറുണ്ടെന്ന് മൊഴി നൽകി. ഇതാകാം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് സൂചന. അവസാനം ചായയില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയതും കരുതിക്കൂട്ടിയാണ്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ട് അമ്മയോട് കയര്‍ക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സ്വത്ത് നല്‍കാന്‍ തയാറാകാതെ വന്നതോടെ കൊലപാതകത്തിനുള്ള കരുക്കള്‍ നീക്കി എന്നാണ് കണ്ടെത്തൽ. ചന്ദ്രനും രുഗ്മണിക്കും ഇന്ദുലേഖയെ കൂടാതെ മറ്റൊരു മകളുണ്ട്.

ഇവര്‍ തൃശൂര്‍ അഞ്ഞൂരാണ് താമസിക്കുന്നത്. ഇന്ദുലേഖയുടെ ഭര്‍ത്താവ് പ്രവാസിയാണ്. കഴിഞ്ഞ പതിനേഴാം തീയതിയാണ് നാട്ടിലെത്തിയത്. എട്ട് ലക്ഷത്തോളം രൂപയുടെ ബാധ്യത ഇന്ദുലേഖയ്ക്കുണ്ട്. ഇത് വീട്ടാനായി പിതാവ് ചന്ദ്രന്റെ പേരിലുള്ള സ്ഥലം പണയപ്പെടുത്താനായിരുന്നു ശ്രമം. ഇതിന് അമ്മ സമ്മതിക്കാതെ വരുമെന്നതാണ് കൊലയ്ക്കുള്ള ആസൂത്രണത്തിന് കാരണം എന്നാണ് കേസ്.

അച്ഛന്‍ ചന്ദ്രനും സമാനമായരീതിയില്‍ ഗുളികള്‍ കലര്‍ത്തി നല്‍കിയിരുന്നതായും മൊഴിയുണ്ട്. ശരീരത്തെ ബാധിക്കുന്ന വിഷം ഏതൊക്കെയെന്ന് ഫോണില്‍ ഇന്ദുലേഖ സേര്‍ച്ച് ചെയ്തതിന്റെ ഹിസ്റ്ററിയും പൊലീസ് കണ്ടെത്തി.

കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം സേതുവിൻ്റെ ചേക്കൂട്ടിക്ക്

0

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022ലെ ബാലസാഹിത്യ പുരസ്‌കാരം സേതുവിന്. ചേക്കൂട്ടി എന്ന കുട്ടികൾക്കായുള്ള നോവലിനാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാ കൃഷ്ണന്‍, ഡോ. കെ ജയകുമാര്‍, യുകെ കുമാരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

അനഘ ജെ കോലത്തിനാണ് യുവ പുരസ്കാരം. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജോയ് വാഴയില്‍, ഡോ. കെ മുത്തുലക്ഷ്മി, ഡോ. കെഎം അനില്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

സർവകലാശാല നിയമ ഭേദഗതി അവതരിപ്പിച്ചു; ഏത് നിയമം വന്നാലും ബന്ധു നിയമനം തടയുമെന്ന് ഗവർണർ

ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. സർവകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു

സർവകലാശാലകളുടെ നിയമനിർമ്മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് നിയമമന്ത്രി പി.രാജീവ് പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു. സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് തടസവാദം. സംസ്ഥാന സർവകലാശാലകൾ യുജിസി ചട്ടങ്ങൾ അനുസരിക്കണമെന്നത് നിർബന്ധമല്ല. മാർഗ നിർദേശക സ്വഭാവം മാത്രമാണ്. നിയമ ഭേദഗതിക്ക് നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.

തുടർന്ന് ബിൽ അവതരണത്തിന് നിയമ പ്രശ്‍നം ഇല്ലെന്നു സ്പീക്കർ റൂളിംഗ് നല്‍കി. പ്രതിപക്ഷത്തിന്റ തടസ വാദങ്ങൾ സ്പീക്കര്‍ തള്ളി.

എന്താണ് മാറ്റം

നിയമഭേദഗതിയനുസരിച്ച് വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാരിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം.

ഏതു നിയമം വന്നാലും ബന്ധു നിയമനം തടയും – ഗവർണർ

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍. ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. വി സി മുഖേനെ നിയമനങ്ങൾ അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു

കാമുകനൊപ്പം പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞു വീണു മരിച്ചു

കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു.

അങ്കമാലി പാറക്കടവ് വട്ടപ്പമ്പ് കൊച്ചു ത്രേസ്യ എന്ന പി എം സിപ്സിയാണ് (50) ആണ് മരിച്ചത്. പളളിമുക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

കേസിലെ രണ്ടാം പ്രതിയാണ് സിപ്സി. ജോണ്‍ ബിനോയി ഡിക്രൂസ് ആണ് ഒന്നാം പ്രതി. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു. ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാടിനെ ഞെട്ടിച്ച കൊലപാതകം

2022 മാർച്ചിലാണ് സംഭവം നടക്കുന്നത്. അങ്കമാലി സ്വദേശിനി സിപ്‌സിയും കാമുകൻ ജോൺ ബിനോയ് ഡിക്രൂസും ദമ്പതിമാരാണെന്ന് പറഞ്ഞ് കലൂരിലെ ഹോട്ടലിൽ മുറിയെടുത്തു. മാർച്ച് ഏഴിന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സിപ്സി റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവർ ജീവനക്കാരോട് പറഞ്ഞു. ഉടൻതന്നെ കുഞ്ഞിനെ മുറിയിൽനിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവർക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞതെന്ന് പിന്നീട് സിപ്‌സി പൊലീസിന് മൊഴി നൽകി. എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തൻറെ സൂഹൃത്താണ്. മകൻ സജീവൻറെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപ്‌സി പറഞ്ഞത്.

പൊലീസ് പറഞ്ഞപ്പോഴാണ് തൻറെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്‌സി പറഞ്ഞിരുന്നു.

കേസിൽ ഒന്നാം പ്രതി ബിനോയ് ആണ്. രണ്ടാം പ്രതിയാണ് സിപ്‌സി. സിപ്സി നേരത്തെ തന്നെ വിവിധ കേസുകളിൽ പ്രതിയായിരുന്നു. പൊലീസ് ഗുണ്ടാ ലിസ്റ്റിലും ഉണ്ടായിരുന്നു.

പ്ലസ് വൺ മൂന്നാം അലോട്മെൻ്റ്; വ്യാഴാഴ്ച കൂടി പ്രവേശനം നേടാം

0

പ്ലസ് വൺ മൂന്നാം അലോട്മെന്റിലെ പ്രവേശന നടപടികൾ നീട്ടി. ഓഗസ്റ്റ് 25 ന് 5 മണി വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചു മണി വരെയാണ് സമയം നൽകിയിരുന്നത്. പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.

ക്ലാസുകൾ 25 വ്യാഴാഴ്ച തന്നെ തുടങ്ങും

മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ അവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ആദ്യ രണ്ട് അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചില്ലെങ്കില്‍ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.

അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മുഖ്യ അലോട്ട്മെന്റുകളില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കാം അപേക്ഷിക്കാന്‍ അവസരമുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലം പ്രവേശനം ലഭിക്കാതെ പോയവര്‍ക്കും പുതുക്കിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് നടത്തും