യൂണിയൻ മസിൽ പവറിന് സ്റ്റേ, മെഡിക്കൽ കോളിജ് ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടെ നിന്ന നഴ്സിനെ സ്ഥലം മാറ്റിയത് തടഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളിജ് ഐ.സി.യു.വിൽ രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പംനിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ. രാഷ്ട്രീയ പിൻബലത്തിൽ നടത്തിയ പ്രതികാര നടപടിയിലാണ് കോടതി ഇടപെടൽ.

അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലാണ് സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയുടെ സ്ഥലംമാറ്റം തടഞ്ഞു. സ്ഥലമാറ്റം രണ്ടു മാസത്തേക്ക് നടപ്പാക്കരുതെന്നും അനിതയുടെ ഭാഗം കേള്‍ക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.

കോടതി ഉത്തരവുമായി വന്നിട്ടും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറകാതിരുന്നത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. അനിത പ്രിന്‍സിപ്പാളിന്റെ ഓഫിസിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് അനിതയെ സ്ഥലം മാറ്റിയത്.

കഴിഞ്ഞ മാര്‍ച്ച് 18-ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ പാതിമയക്കത്തില്‍ കിടക്കവെ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എം.എം. ശശീന്ദ്രന്‍ പീഡിപ്പിച്ചത്. ആശുപത്രിജീവനക്കാര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചകാര്യം അതിജീവിത അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ അനിതയോട് പറയുകയും അവര്‍ സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തിരുന്നു. അന്വേഷണകമ്മിറ്റിക്ക് മുമ്പാകെ അതിജീവിതയ്ക്ക് അനുകൂലമായി അനിത മൊഴിനല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഇക്കാര്യത്തില്‍ ഭരണാനുകൂലസംഘടനാ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച് അനിത പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രന്‍സിപ്പല്‍ നിയോഗിച്ച സമിതി അന്വേഷണം നടത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല. യൂണിയൻ മസിൽ പവറിൽ നടന്ന സ്ഥലം മാറ്റത്തിലാണ് ഇപ്പോൾ കോടതിയുടെ സ്റ്റേ.

എസ് എഫ് ഐ സ്ഥാനാർഥിക്ക് വിജയം, കേരള വർമ്മ കോളിജിലെ വോട്ട് ഹൈക്കോടതി നിർദ്ദേശ പ്രകാരം വീണ്ടും എണ്ണി തിട്ടപ്പെടുത്തി

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ട്‌ വീണ്ടും എണ്ണി തിട്ടപ്പെടുത്തി. വെല്ലുവിളികൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലും എസ്.എഫ്.ഐക്ക് വിജയം. മൂന്ന് വോട്ടിനാണ് ജയിച്ചത്. എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍ 892 വോട്ട് നേടി കോളജ് യൂണിയന്‍ ചെയര്‍മാനാകും .കെ.എസ്.യു സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന്‌ 889 വോട്ടാണ് ലഭിച്ചത്‌.

കേരളവര്‍മ കോളേജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി കെ.എസ്. അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചെയര്‍മാന്‍ സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ നിയമവ്യവസ്ഥ കര്‍ശനമായി പാലിച്ച് വീണ്ടും എണ്ണാനും ജസ്റ്റിസ് ടി.ആര്‍. രവി ഉത്തരവിട്ടിരുന്നു.

നേരത്തെ കൗണ്ടിങ്ങില്‍ കെ.എസ്.യു. സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാല്‍, കെ.എസ്.യു. ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. ഉന്നതങ്ങളില്‍നിന്നുള്ള ഫോണ്‍വിളിയെ തുടർന്ന് വീണ്ടും വോട്ട് എണ്ണൽ നടത്തി എന്ന് പരാതി ഉയർന്നു. അട്ടിമറി ശ്രമമാരോപിച്ച് കെ.എസ്.യു പരാതിപ്പെട്ടു. മാധ്യമങ്ങളും കെ എസ് യുവിന് ഒപ്പം കാമ്പയിൻ നടത്തി.

വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. രണ്ടാമത് എണ്ണിയപ്പോള്‍ മൂന്നുവോട്ടിന് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി അനിരുദ്ധന് ജയിച്ചിരുന്നു. ഇതോടെ കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്‌കരിച്ചു. പിന്നീട് രാത്രി 12 മണിയോടെ അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതും തിരഞ്ഞെടുപ്പ് നടപടികള്‍ കോടതി കയറിയതും.

നവകേരള സദസിൽ നഗരസഭാ മുൻ അധ്യക്ഷയും, പാർട്ടി പുറത്താക്കിയ വനിതയെന്ന് മുസ്ലീം ലീഗ്

നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് മുൻ ചെയർ പേഴ്സൺ സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു.

കോൺഗ്രസിലെ മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിനൊപ്പമാണ് നില്‍ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുബൈദയെ പുറത്താക്കിയതെന്നും നേതൃത്വം അറിയിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെ നടന്നത്.

ഇന്ത്യൻ രാഷ്ട്രീയം മാറുമോ, നാല് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെ

അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലിടങ്ങളിലെ വോട്ടെണ്ണൽ ഡിസംബർ മൂന്ന് നാളെ അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ഫലമാണ് നാളെ അറിയാനാകുക.

മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിൽ ഞായറാഴ്ച പ്രാർത്ഥനയടക്കമുള്ള ചടങ്ങുകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് ഏക്സിറ്റ് പോളുകൾ മൂൻതൂക്കം നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും മുൻതൂക്കം നൽകുന്നു. 

ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി പിടിയിൽ, മധുര സബ്സോണൽ ഓഫീസിൽ തമിഴ്നാട് വിജലൻസ് റെയിഡ്

ഇ.ഡി ഉദ്യോഗസ്ഥന്‍ 20 ലക്ഷം രൂപയുടെ കൈക്കൂലി പണവുമായി അറസ്റ്റിലായതിനു പിന്നാലെ മധുരയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ പോലീസ്‌ പരിശോധന നടത്തി. മധുരയിലെ ഇ ഡി സബ് സോണല്‍ ഓഫീലായിരുന്നു റെയിഡ്. തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ (ഡി.വി.എ.സി) വിഭാഗമാണ് ഓഫീസ് റെയിഡ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിവരെ പരിശോധന തുടർന്നു. ഡി.വി.എ.സി ഉദ്യോഗസ്ഥര്‍ എത്തുന്നതിനുമുമ്പുതന്നെ സി.ആര്‍.പി.എഫ് സംഘം കേന്ദ്ര ഓഫീസിനുമുന്നില്‍ നിലയുറപ്പിച്ചതും ആശങ്കാകുലമായ നാടകീയത ഉയർത്തി. അഴിമതിനിരോധന നിയമപ്രകാരം എടുത്ത കേസിലാണ് അന്വേഷണം. ഒരേ സമയം തന്നെ ദിണ്ടിഗലിലുള്ള ഉദ്യോഗസ്ഥൻ്റെ വീട്ടിലും പരിശോധന നടത്തി.

ഒഫീഷ്യൽ ബോർഡു വെച്ച് 20 ലക്ഷം രൂപയുമായി

മധുര സബ് സോണല്‍ ഓഫീലെ അങ്കിത് തിവാരി എന്ന ഇഡി ഉദ്യോഗസ്ഥനാണ് 20 ലക്ഷം രൂപ കൈക്കുലി വാങ്ങിയ പണവുമായി വെള്ളിയാഴ്ച പിടിയിലായത്. കേന്ദ്ര സര്‍ക്കാര്‍ സ്റ്റിക്കര്‍ പതിച്ച മധ്യപ്രദേശ് രജിസ്ട്രേഷനുള്ള കാറിലായിരുന്നു കൈക്കൂലി പണം കടത്തിയത്. ദിണ്ടിക്കല്‍-മധുര ദേശീയപാതയില്‍ വാഹനപരിശോധന്ക്കിടെ തമിഴ്നാട് പോലീസും വിജിലന്‍സും ചേര്‍ന്ന് ഇത് കണ്ടെത്തി കേസ് എടുത്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ സബ് സോണൽ ഓഫീസിൽ തന്നെ എത്തി പരിശോധന നടത്തിയത്.

കാറിലുണ്ടായിരുന്ന അങ്കിത് തിവാരിയെ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി സംശയം ഉയർത്തി. പരിശോധനക്കിടെ തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് ഇയാള്‍ ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന് മനസ്സിലായത്. ദിണ്ടിക്കലിലെ ഒരു ഡോക്ടറില്‍നിന്ന് വാങ്ങിയ കൈക്കൂലിയാണ് 20 ലക്ഷം രൂപയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. രേഖകളും മൊബൈല്‍ ഫോണും പരിശോധിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ നേരത്തെയും പരാതി

ദിണ്ടിക്കല്‍ ജില്ലയില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ വ്യവസായികളില്‍ നിന്നും മററുമായി കൈക്കൂലി വാങ്ങുന്നതായി ഡി.വി.എ.സി.ക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും പണം വാങ്ങിക്കുന്ന തന്ത്രമായിരുന്നു. അങ്കിത് തിവാരിയും ഇയാളുടെ ഒപ്പമുള്ള ഇഡി ഉദ്യോഗസ്ഥരും സമാനരീതിയില്‍ കൈക്കൂലി വാങ്ങിയിരുന്നതായി ഡി.വി.എ.സി കണ്ടെത്തിയിട്ടുണ്ട്.

ഇ ഡി ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പരിശോധനകളിൽ രാഷ്ട്രീയം കടന്നെത്തിയതോടെ വ്യാപകമായ ചർച്ച ഉയരുകയാണ്. ഇതിനിടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യപരമായ ഫെഡറൽ ബന്ധങ്ങളിലും ബലാബലം കടന്നെത്തുന്ന സാഹചര്യവും ആശങ്കയായി. മറ്റാരില്‍നിന്നെല്ലാം ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അങ്കിത് തിവാരിയെ കൂടാതെ മറ്റ് ഏതെല്ലാം ഇഡി ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും തുടർന്നും അന്വേഷിക്കുന്നതായാണ് ഡി.വി.എ.സി. വ്യക്തമാക്കിയിട്ടുള്ളത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തമിഴ്‌നാട് സര്‍ക്കാരുമായി നിരന്തരം ഏററുമുട്ടുന്ന കാഴ്ചയാണ്. ജോലിക്ക് കോഴ വാങ്ങിയ കേസില്‍ തമിഴ്‌നാട് വൈദ്യുതി- എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയേയും സഹോദരന്‍ അശോക് കുമാറിനേയും ഇഡി അറസ്റ്റുചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉന്നതവിഭ്യാസമന്ത്രി കെ. പൊന്‍മുടിയുടെയും അദ്ദേഹത്തിന്റെ മകനും എം.പിയുമായ ഗൗതം സിഗാമണിയുടെയും വീടുകളിലും ഇഡി റെയ്ഡ് നടത്തി. ഇത്തരം രാഷ്ട്രീയ കളികൾക്ക് എതിരെ മുന്നറിയിപ്പ് നൽകി ബി.ജെ.പി.ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്ത് എത്തിയിരുന്നു.

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ, ദമ്പതിമാർ മകളെയും ഉൾപ്പെടുത്തി ചെയ്ത കുറ്റകൃത്യം

കൊല്ലം ഓയൂരില്‍ ആറുവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്ച രാവിലെ പൂയപ്പള്ളി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മെഡിക്കല്‍ പരിശോധനയ്ക്കുശേഷം ഇവരെ തെളിവെടുപ്പിന് പൂയപ്പള്ളിയില്‍ എത്തിക്കും. അമ്മയ്ക്കും മകൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘമെത്തിയിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തിക ബാധ്യത വന്നു പെട്ടിരുന്നു. ഇത് മറികടക്കാന്‍ തട്ടിക്കൊണ്ടുപോയി വിലപേശി പണം കൈപ്പറ്റുക എന്നതായിരുന്നു ഉദ്ദേശമെന്നാണ് പോലീസ് നിഗമനം പുറത്തു വന്നിട്ടുള്ളത്.

പത്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. 1993 ൽ ടി കെ എം എഞ്ചിനിയറിംഗ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ. മകൾ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ്. 

പത്മകുമാർ തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നായിരുന്നു എന്ന് മൊഴി നൽകിയിരുന്നു. ഇത് കേസ് വഴിതിരിച്ചുവിടാനാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. മകളുടെ നേഴ്‌സിങ് അഡ്മിഷനുവേണ്ടി ആറുവയസ്സുകാരിയുടെ പിതാവിന് അഞ്ചുലക്ഷം രൂപ നല്‍കിരുന്നു. അഡ്മിഷന്‍ ലഭിക്കാതായതോടെ പണം തിരികെ വാങ്ങാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു അദ്യമൊഴി.

ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയിൽ പത്മകുമാറും സംഘവും ഭീഷണി കത്ത് നൽകിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ സഹോദരൻ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളിൽ തന്നെ വീണു. ഇവിടെ മുതലാണ് പത്മകുമാറിന്റെ പ്ലാനുകൾ പാളിത്തുടങ്ങിയത്.

കുട്ടിയുടെ പിതാവിനെയും മാതാവിനെയും ബന്ധപ്പെട്ട് വിലപേശാൻ ഫോൺ ഉപയോഗിക്കേണ്ടി വന്നു. കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവൻ സംഭവമറിഞ്ഞെന്ന് വ്യക്തമായി. ഇനി രക്ഷയില്ലെന്നും ഭയന്നു. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. 

പത്മകുമാറിനെ ആറുവയസ്സുകാരി തിരിച്ചറിഞ്ഞു, തട്ടിക്കൊണ്ടുപോയി പാർപ്പിച്ച വീടും കണ്ടെത്തി

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിന് സമീപമുള്ള ചിറക്കരയിലാണ് ഓടിട്ട വീടുള്ളത്. ഡിവൈഎസ്പിയും വനിതാ സിപിഒയും കുട്ടിയെ കൂടുതല്‍ ചിത്രങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്.

പത്മകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ ചിത്രം ഓയൂരിലെ ആറു വയസുകാരിയെ കാണിച്ചെങ്കിലും ചിത്രം കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. കസ്റ്റഡിയിലെടുത്തവരുടെ കളര്‍ ചിത്രം വീണ്ടും കുട്ടിയേയും സഹോദരനേയും പൊലീസ് കാണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ആറു വയസ്സുകാരിയുടെ വീട്ടിലെത്തിയാണ് കുട്ടിയെ ഫോട്ടോ കാണിച്ചത്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുട്ടിയുടെ വീട്ടിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടിയുമായി സംസാരിക്കുകയാണ്. രാവിലെ പിതാവിന്റെ മൊഴിയെടുക്കാന്‍ എത്തിയ അന്വേഷണസംഘമാണ് വീണ്ടും കുട്ടിയുടെ വീട്ടിലെത്തിയത്.

ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിച്ചുനല്‍കിയ ലാപ്‌ടോപ്പിന്റെ ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് സൂചന. കൂടാതെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.

ഖലിസ്ഥാൻ നേതാവിനെ വധിക്കാൻ ഏർപ്പെടുത്തിയത് ഗുജറാത്തിൽ നിന്നുളള ക്രിമിനലിനെ, കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ നാടകീയ നീക്കങ്ങൾ

0

ന്യൂയോർക്കിൽ കഴിയുന്ന ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ ‘ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ’ ഗൂഢാലോചന നടത്തിയതായി യു എസ് നീതിന്യായ വകുപ്പ്. പന്നൂനെ വധിക്കാൻ ഒരാളെ കണ്ടെത്തുന്നതിന് മയക്കുമരുന്ന്, ആയുധക്കടത്ത് കേസുകളിൽ പ്രതിയായ നിഖിൽ ഗുപ്തയെന്ന വ്യക്തിയെയാണ് ‘ഇന്ത്യൻ ഉദ്യോഗസ്ഥൻ’ നിയോഗിച്ചതെന്നും അമേരിക്കൻ നീതിന്യായ വകുപ്പ് ആരോപിച്ചു. ഇതിന് ആധാരമായ ഇലക്ട്രോണിക് തെളിവുകൾ ഉണ്ടെന്നും അധികൃതർ അവകാശപ്പെട്ടു. നവംബർ 29ന് ന്യൂയോർക്കിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ വഴി വെളിപ്പെട്ട വിവരങ്ങൾ

യുഎസിൽ ഒരു സിഖ് വിഘടനവാദിയെ കൊല്ലാനുള്ള ഗൂഢാലോചന, അമേരിക്കൻ ഏജൻസികൾ തകർത്തുവെന്ന് അടുത്തിടെ ഒരു ഡെമോക്രാറ്റ് അംഗം പറഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഭവങ്ങൾ പുറത്തുവരുന്നത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങൾ നേരത്തെ ഇന്ത്യ നിഷേധിച്ചിരുന്നു. എന്നാൽ അമേരിക്കയിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ തങ്ങൾ പറഞ്ഞ കാര്യങ്ങളെ അടിവരയിടുന്നതാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാനഡയുടെ വാദത്തെ അടിവരയിടുന്ന തരത്തിൽ നിജ്ജർ തങ്ങളുടെ ‘ഹിറ്റ് ലിസ്റ്റിൽ’ ഉണ്ടായിരുന്നതായി സിസി-1, നിഖിൽ ഗുപ്തയോട് പറഞ്ഞതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഇന്ത്യ ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

യുഎസ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രത്തിൽ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത ‘ഇന്ത്യൻ ഉദ്യോഗസ്ഥനെ’ സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് മുഴുവൻ പദ്ധതികൾക്കും പിന്നിലെന്നാണ് ആരോപണം. ഇയാള്‍ സി ആർ പി എഫ് മുൻ ഉദ്യോഗസ്ഥനാണെന്നും നിലവിൽ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇന്റലിജൻസ് എന്നീ ഉത്തരവാദിത്തങ്ങളുള്ള ‘സീനിയർ ഫീൽഡ് ഓഫീസർ’ ആന്നെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളതെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ക്വട്ടേഷൻ ഏല്പിച്ചത് യു എസ് ഏജൻസി ചാരനെ

ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ ന്യൂയോർക്കിൽ ഒരു കൊലയാളിയെ ഏർപ്പെടുത്തുകയായിരുന്നു നിഖിൽ ഗുപ്തയുടെ ജോലി. അതിന്റെ ഭാഗമായി ഒരുലക്ഷം ഡോളറിന്റെ കൊട്ടേഷൻ ന്യൂയോർക്കിലുള്ള കൊലയാളിക്ക് നൽകാനും നിഖിൽ പദ്ധതിയിട്ടിരുന്നു. എന്നാൽ നിഖിൽ ഗുപ്ത കണ്ടെത്തിയ കൊലയാളി യു എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിൻസ്‌ട്രേഷന്റെ അണ്ടർകവർ ഏജന്റായിരുന്നു. ഇതോടെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന പുറത്തുവരുന്നത്.

നിലവിൽ നിഖിൽ ഗുപ്ത ചെക് അധികൃതരുടെ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാനുള്ള നടപടിയിലാണ് ഇരുരാജ്യങ്ങളും. വാടകക്കൊല, അതിനുള്ള ഗൂഢാലോചന എന്നിങ്ങനെ പരമാവധി 20 വര്ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്.

ഒന്നിൽ അധികം പേരെ ലക്ഷ്യം വെച്ചു

ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ്  ഗുർപത്വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന്  യുഎസ് ആരോപിച്ച ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയുടെ പട്ടികയിൽ ഒന്നിലധികം ടാർഗറ്റുകളുണ്ടെന്ന്  ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് മാൻഹട്ടൻ കോടതിയില്‍ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

ആരോപണവിധേയമായ ഗൂഢാലോചനയിൽ ആസൂത്രണം മുതൽ ഗതാഗതമുള്‍പടെ മറ്റു കാര്യങ്ങള്‍ (ലോജിസ്റ്റിക്സ്) ക്രമീകരിക്കുന്നത് വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു,. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിനെ മുഖംമൂടി ധരിച്ച തോക്കുധാരികൾ ജൂൺ 18-ന് കൊലപ്പെടുത്തിയ സംഭവത്തെയും  ഇതിൽ പരാമർശിക്കുന്നു.

കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, ഇന്ത്യൻ ഉദ്യോഗസ്ഥൻ കാലിഫോർണിയയിൽ നിർവീര്യമാക്കാൻ ആഗ്രഹിച്ച മറ്റൊരു ടാർഗറ്റുമുണ്ടെന്നുള്ള സൂചനയുണ്ട്.

ഗുജറാത്തിൽ ക്രിമിനൽ കേസ് നേരിടുന്ന ലഹരി മരുന്ന്, ആയുധ ഇടപാടുകാരൻ നിഖിൽ ഗുപ്തയെ മെയ് മാസത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഇതിനായി നിയോഗിച്ചതാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

നിഖിൽ ഗുപ്ത യുഎസിലെ ഒരു “ക്രിമിനൽ അസോസിയേറ്റ്” മായി ബന്ധപ്പെട്ടു. “സിഎസ്” എന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ആ വ്യക്തി യുഎസ് ഫെഡറൽ ഏജൻസിയുടെ സോഴ്സായിരുന്നു. യുഎസ് രഹസ്യാന്വേഷണ ഏജന്റായ ഒരു “വാടകക്കൊലയാളിയുമായി” “സിഎസ്” ഗുപ്തയെ ബന്ധപ്പെടുത്തി.  കുറ്റപത്രത്തിൽ ഈ ഏജന്റിനെ “യുസി” എന്നും പരാമർശിക്കുന്നു.

“സിഎസുമായും യുസിയുമായും നിഖിൽഗുപ്ത നടത്തിയ  ആശയവിനിമയത്തിനിടയിൽ, ഇന്ത്യയിൽ നിന്നുള്ള കൊലപാതക ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുന്ന സഹ-ഗൂഢാലോചനക്കാർക്ക് വിപുലമായ സംവിധാനങ്ങളുണ്ടെന്നും ഗൂഢാലോചനയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഗുപ്ത ആവർത്തിച്ച് ഊന്നിപ്പറഞ്ഞു,” എന്ന് കുറ്റപത്രത്തിൽ പറയുന്നു.

വീഡിയോ സഹിതം ചോർത്തി

“2023 ജൂൺ 12-നോ അതിനടുത്തോ, ഒരു കോൺഫറൻസ് റൂമിലാണെന്ന് തോന്നിക്കുന്ന നിലയിൽ നിഖിൽ ഗുപ്തയിൽ നിന്ന് യുസിക്ക് ഒരു വീഡിയോ കോൾ ലഭിച്ചു. കോളിനിടയിൽ, ഗുപ്തയ്‌ക്കൊപ്പം ഒരു കോൺഫറൻസ് ടേബിളിന് ചുറ്റും ഇരുന്നു, ബിസിനസ്സ് വസ്ത്രം ധരിച്ചിരുന്ന മുറിയിലെ മറ്റ് മൂന്ന് പുരുഷന്മാർക്ക് നേരെ ഗുപ്ത ക്യാമറ തിരിച്ചു. ഗുപ്ത തന്റെ നേരെ ക്യാമറ തിരിച്ചപ്പോൾ, അദ്ദേഹം യുസിയോട് പറഞ്ഞു, ‘ഞങ്ങൾ എല്ലാവരും നിങ്ങളിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.” വാടകക്കൊലയാളിയെന്ന്  കരുതപ്പെടുന്നയാളും ഗുപ്തയും തമ്മിലുള്ള ഒരു വീഡിയോ കോൾ വിശദമായി വിവരിച്ചുകൊണ്ട്, കുറ്റപത്രം പറഞ്ഞു,

ജൂൺ 18-ന് കാനഡയിൽ നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, കുറ്റപത്രത്തിൽ സിസി-1 എന്ന് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ, കാറിലുള്ള നിജ്ജാറിന്റെ മൃതദേഹത്തിന്റെ വീഡിയോ നിഖിൽ ഗുപ്തയ്‌ക്കൊപ്പം  പങ്കിട്ടു, അത് ഉടൻ തന്നെ സിഎസ്, യുസി എന്നിവർക്കും നൽകി. ജൂൺ 19 ന്, നിഖിൽ ഗുപ്ത യുസിയോട് പറഞ്ഞു, നിജ്ജാർ ലക്ഷ്യങ്ങളിലൊന്നായിരുന്നു, മൂന്നാമത്തെയോ നാലാമത്തെയോ ആയിരുന്നു, പക്ഷേ വിഷമിക്കേണ്ട (കാരണം) ഞങ്ങൾക്ക് വളരെയധികം ലക്ഷ്യങ്ങളുണ്ട്. 

ജൂൺ 20-ന് ഇന്ത്യൻ ഉദ്യോഗസ്ഥൻ, ഗുപ്തയ്ക്ക് പന്നൂനെക്കുറിച്ച് വന്ന ഒരു വാർത്താ അയച്ചതിനെ തുടര്‍ന്ന് “ഇപ്പോൾ മുൻഗണന” എന്ന സന്ദേശവും അയച്ചു. പന്നൂനെ കൊല്ലാൻ “അവസരം കണ്ടെത്താനും” “വേഗത്തിൽ ചെയ്യാനും” ഗുപ്ത സിഎസിന് നിർദ്ദേശം നൽകി. “29ന് (ജൂൺ) മുമ്പ് കാനഡയിൽ മൂന്നും ”പന്നൂനും  ഉൾപ്പടെ നാല് ജോലികൾ പൂർത്തിയാക്കണമെന്ന് നിഖിൽ ഗുപ്ത പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.

കുറ്റപത്രം അനുസരിച്ച്, പന്നൂന്റെ കൊലപാതകത്തിന് ശേഷം, തന്റെ “കൂട്ടാളികൾ” സി.എസിനും യു.സിക്കും കൊല്ലാൻ കൂടുതൽ ഇരകളെ നൽകുമെന്ന് സി.എസിനെയും യു.സിയെയും നിഖിൽ ഗുപ്ത അറിയിച്ചിരുന്നു.

2023 ജൂൺ 9-ന്, “ഇരയുടെ (പന്നൂൻ) കൊലപാതകം യുസിയുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ഒരു സംഭാഷണത്തിനിടെ ഗുപ്ത സിഎസിനോട് പറഞ്ഞു, കാരണം ‘ഞങ്ങൾ കൂടുതൽ,കൂടുതൽ വലിയ ജോലി, എല്ലാ മാസവും കൂടുതൽ ജോലി, എല്ലാ മാസവും 2-3 ജോലി നൽകും,” എന്ന് പറഞ്ഞു.

നിജ്ജാർ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ്, ഗുപ്തയും കൂട്ടാളികളും തമ്മിൽ കൈമാറിയ വിവരങ്ങൾ അനുസരിച്ച് നിജ്ജാറിന്റെ ആസന്നമായ കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സൂചന നൽകുന്നു.

കുറ്റപത്രം അനുസരിച്ച്, ജൂൺ 12 ന്, കാനഡയിൽ ഒരു “വലിയ ടാർഗറ്റ്” ഉണ്ടെന്ന് നിഖിൽ ഗുപ്ത സിഎസിനോട് പറഞ്ഞു. ജൂൺ 14 ന്, ഗുപ്ത സി എസ്സി ന് സന്ദേശം അയച്ചു, “ഞങ്ങൾക്ക് കാനഡയിലും ഒരു നല്ല ടീം ആവശ്യമാണ്, നാളെ ഞാൻ നിങ്ങൾക്ക് വിശദാംശങ്ങൾ പങ്കിടാം”. അടുത്ത ദിവസം, കനേഡിയൻ ടാർഗറ്റിനെക്കുറിച്ച് താൻ ഇപ്പോഴും “വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന്” ഗുപ്ത സിഎസിനെ അറിയിച്ചു.

ജൂൺ 16 ന്, സിഎസുമായുള്ള മറ്റൊരു കോളിൽ, നിഖിൽ ഗുപ്ത അവരോട് പറഞ്ഞു, “ഞങ്ങൾ അവരുടെ ജോലി ചെയ്യുന്നു സഹോദരാ. ഞങ്ങൾ അവരുടെ ന്യൂയോർക്കിലെയും കാനഡയിലെയും ജോലി ചെയ്യുന്നു.”

“അസംബന്ധം,” “ഗൂഢോദ്ദേശ്യം”

കനേഡിയൻ സുരക്ഷാ ഏജൻസികൾ “ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാരും കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങൾ സജീവമായി പിന്തുടരുകയാണെന്ന്” എന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്തംബറിൽ  പാർലമെന്റിൽ പ്രസ്താവിച്ചത്. ഇതിനെ  “അസംബന്ധം,” “ഗൂഢോദ്ദേശ്യം” എന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന്, പന്നൂൻ ഇപ്പോൾ ജാഗരൂകരായിരിക്കുമെന്നതിനാൽ, കൊലയാളികളെന്ന് കരുതപ്പെടുന്നവരോട് ജാഗ്രത പാലിക്കണമെന്ന് നിഖിൽ ഗുപ്ത മുന്നറിയിപ്പ് നൽകിയിരുന്നു.

“നമ്മുക്ക് എപ്പോൾ വേണമെങ്കിലും മുന്നോട്ട് പോകാം…, ഇന്നോ, നാളെയോ- കഴിയുന്നത്ര നേരത്തെ ആകാം. (യുസി) ഈ ജോലി പൂർത്തിയാക്കണം, സഹോദരാ… അദ്ദേഹം (റ്റാർഗറ്റ്) തനിച്ചല്ലെങ്കിൽ, (അദ്ദേഹത്തോടൊപ്പം മീറ്റിംഗിലോ മറ്റെന്തെങ്കിലുമോ) രണ്ട് പേര്‍ ഉണ്ടെങ്കിൽ… എല്ലാവരേയും തട്ടിയേക്കൂ,, എല്ലാവരെയും തട്ടിയേക്കൂ,” ഗുപ്ത സിഎസിനോട് പറഞ്ഞതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ജൂൺ 22-ന് പന്നൂൻ വീട്ടിലില്ലെന്നും “തനിക്ക് ബോസിൽ നിന്ന് സന്ദേശം ലഭിച്ചു”വെന്നും ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗുപ്തയ്ക്ക് സന്ദേശം അയച്ചു. പന്നൂൻ വീട്ടിലുണ്ടോയെന്ന്  അന്വേഷിക്കാൻ കൊലയാളികളോട് പറയണമെന്നും സ്ഥിരീകരിച്ചാൽ “മുന്നോട്ട് പോകാം” എന്ന് ഉദ്യോഗസ്ഥൻ സിഎസിനോട് പറഞ്ഞു.

ഈ “ജോലി”ക്കായി മെയ് ആറി ന് ഇന്ത്യൻ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്തയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പകരം ഗുജറാത്തിൽ അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ കേസ് “നോക്കിക്കൊള്ളാം” എന്നുമാണ് വാഗ്ദാനമെന്നും കുറ്റപത്രത്തിൽ പറയുന്നു. മെയ് 12 ന്, കേസ് “ഏറ്റെടുത്ത”തായി അദ്ദേഹം ഗുപ്തയെ അറിയിച്ചു.

കുറ്റപത്രം അനുസരിച്ച്, ഉദ്യോഗസ്ഥനും ഗുപ്തയും ഇംഗ്ലീഷിൽ ആണ് സംസാരിച്ചിരുന്നത്. ഇടയ്ക്കു ചില സ്പാനിഷ് പദങ്ങൾ ഉപയോഗിച്ചും സംഭാഷണങ്ങൾ നടത്തിയിരുന്നു. എൻക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷനുകളിലൂടെ അവർ ചാറ്റ് ചെയ്യുകയും കോളുകൾ ചെയ്യുകയും ചെയ്തു. “ടാർഗെറ്റിന്റെ” ലൊക്കേഷന്റെയും എവിടെയാണെന്നതിന്റെയും ജിയോ ടാഗ് ചെയ്‌ത ചിത്രങ്ങൾ അയയ്‌ക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗുപ്തയ്ക്ക് ഒരു ജിപിഎസ് ആപ്ലിക്കേഷൻ നൽകിയിരിന്നു.

നിഖിൽ ഗുപ്തയുമായി ബന്ധപ്പെട്ടതിന് തൊട്ടുപിന്നാലെ, തനിക്ക് “ന്യൂയോർക്കിൽ ഒരു ടാർഗറ്റുണ്ടെന്നും“ “കാലിഫോർണിയയിൽ” മറ്റൊരു ടാർഗറ്റുണ്ടെന്നും ഉദ്യോഗസ്ഥൻ സന്ദേശം അയച്ചിരുന്നു. എന്നാൽ, കുറ്റപത്രത്തിൽ കാലിഫോർണിയ ടാർഗറ്റിന്റെ  കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

“CC-1 (ഇന്ത്യൻ ഉദ്യോഗസ്ഥൻ) ഉപയോഗിച്ച ടെലിഫോൺ നമ്പറിന് ഒരു ഇന്ത്യാ കോഡ് ഉണ്ട്, ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡാറ്റയെ അടിസ്ഥാനമാക്കി, കൊലപാതകത്തിന്റെ ആസൂത്രണ സമയത്ത്  നിരവധി അവസരങ്ങളിൽ ന്യൂഡൽഹിയുടെ സമീപത്ത് നിന്ന്  ഇന്റർനെറ്റ് ആക്സസ് ചെയ്ത ഒരു ഇമെയിൽ അക്കൗണ്ടിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യൻ ഗവൺമെന്റ് ഏജൻസിക്ക് വേണ്ടി പ്രസക്തമായ കാലയളവിൽ CC-1 ജോലി ചെയ്തിരുന്നു ,” എന്നും കുറ്റപത്രത്തിൽ പറയുന്നു.

ഒരു ലക്ഷം ഡോളറിൻ്റെ കരാർ

പേയ്‌മെന്റുകളുടെ വിശദാംശങ്ങൾ സിഎസ് ആവശ്യപ്പെട്ടതിന് ശേഷം, 150,000 ഡോളർ നൽകാൻ താൻ തയ്യാറാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു, “ജോലിയുടെ ഗുണനിലവാരം അനുസരിച്ച് ഓഫർ കൂടുതൽ ഉയരും… അത് എത്രയും വേഗം പൂർത്തിയാക്കിയാൽ,” എന്നും കുറ്റപത്രത്തിൽ പറയുന്നു.

സി എസ്  100,000 യു എസ് ഡോളർ ആവശ്യപ്പെട്ടു, അത് ഇന്ത്യൻ ഉദ്യോഗസ്ഥൻ സമ്മതിച്ചു. ജോലി വേഗത്തിൽ പൂർത്തിയാക്കാൻ ഗുപ്ത സിഎസിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. ജൂൺ നാലിന്, “ഈ ജോലി വിജയകരമായി പൂർത്തിയാക്കിയാൽ” സി‌എസിനെ കാണാൻ “മേധാവിയെ കൊണ്ടുവരുമെന്ന്” നിഖിൽ ഗുപ്ത സി‌എസിനോട് വാഗ്ദാനം ചെയ്തു.

കുറ്റപത്രം അനുസരിച്ച്, കൊലപാതകത്തിനുള്ള അഡ്വാൻസ് 25,000 യുഎസ് ഡോളറായി കൊലയാളികൾ നിശ്ചയിച്ചിരുന്നു. ജൂൺ അഞ്ചിന്, ഗുപ്ത CC-1 നോട് “അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക്‌ ഡീലർ വഴി 25,000  അവിടെ ക്രമീകരിക്കാൻ കഴിയുമോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.

ജൂൺ  ഒമ്പതിന്, 15,000 യുഎസ് ഡോളറിന്റെ പേയ്‌മെന്റ് ഇന്ത്യൻ ഉദ്യോഗസ്ഥന്റെ ഒരു സഹപ്രവർത്തകൻ (അസോസിയേറ്റ്) ഏർപ്പാട് ചെയ്തു. കൊലയാളിയെന്ന് കരുതപ്പെടുന്നയാളെ  കാറിൽ വെച്ച് (അസോസിയേറ്റ്) കാണുകയും പണം കൈമാറുകയും ചെയ്തു. പണം കൈമാറിയതിന്റെ ഫോട്ടോയും കുറ്റപത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്.

ഇന്ത്യയെ വെല്ലുവിളിച്ചും ഭീഷണിയ മുഴക്കിയും ഭീകരത

നിമവിരുദ്ധ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ സ്വയം പ്രഖ്യാപിത ജനറൽ കൗൺസൽ ആണ് ഗുർപത്വന്ത് സിങ് പന്നൂ. എയർ ഇന്ത്യക്കെതിരെ നടത്തിയ ഭീഷണി കാനഡയിലും എയർ ഇന്ത്യ സർവീസ് നടത്തുന്ന മറ്റ് രാജ്യങ്ങളിലും വലിയ സുരക്ഷ ക്രമീകരണങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിവെച്ചിരുന്നു.

നവംബർ 19ന് ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുമെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പന്നു ഭീഷണപ്പെടുത്തിയിരുന്നു.

”നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് സിഖ് ജനതയോട് ആവശ്യപ്പെടുകയാണ്. ആഗോള ഉപരോധം ഉണ്ടാകും. എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും” -പന്നു പറയുന്നു. ഇന്ദിര ഗാന്ധി വിമാനത്താവളത്തിന്‍റെ പേര് മാറ്റുമെന്നും പന്നു ഭീഷണി സന്ദേശത്തിൽ അവകാശപ്പെട്ടു. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ തങ്ങൾ പകരം ചോദിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു.

2019 മുതൽ തന്നെ എൻ.ഐ.എ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുർപത്‍വന്ത് സിങ് പന്നു. 2019ലാണ് പന്നുവിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. 2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻ.ഐ.എ കോടതി പന്നുവിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദമ്പതിമാരും മകളും ഉൾപ്പെടുന്ന കുടുംബത്തെ ചോദ്യം ചെയ്യുന്നു

കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെ അടൂര്‍ എ.ആര്‍. ക്യാമ്പിൽ പൊലീസ് ചോദ്യം ചെയ്യുന്നു.

ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. അമ്മയും മകളുമായ രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

പൊലീസ് നിരീക്ഷണത്തിന് കീഴിൽ ഒളിച്ചോട്ടം

കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.

ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. പദ്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞ് കഴിഞ്ഞതെന്നതടക്കമുള്ള വിവരങ്ങളും പോലീസ് ഉറപ്പ് വരുത്തേണ്ടതുണ്ട്.

മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിൽ

കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. 

പത്മകുമാറിന് കേബിൾ ടിവി ബിസിനസ് ആയിരുന്നു. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യ അനിതയാണ്. ഇവർ ഒരു ഫാം നടത്തുന്നതായും വിവരമുണ്ട്. ഇവർക്ക് രണ്ട് കാറുകളുണ്ട്. 

ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജകടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ക്ക് കൊല്ലം നഗരത്തില്‍ കഴിഞ്ഞു. ആദ്യ അഞ്ച് ലക്ഷം രൂപയും പിന്നാലെ പത്ത് ലക്ഷം രൂപയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എൽ.ഡി.ക്ലാർക്ക് വിജ്ഞാപനമായി, വരാനിരിക്കുന്നത് ഒരു ലക്ഷത്തിലധികം ഒഴിവുകൾ

ഒരു ലക്ഷത്തിലേറെ ജീവനക്കാരാണ് വരും വര്‍ഷങ്ങളില്‍ സംസ്ഥാന സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കുന്നത്‌. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ ഡി ക്ലാർക്ക് വിജ്ഞാപനം- 2024 പുറപ്പെടുവിച്ച സാഹചര്യത്തിൽ സർക്കാർ ജോലി കാത്തിരിക്കുന്നവർക്ക് ഇത് വമ്പൻ അവസരമാണ്. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനവും വരാനിരിക്കയാണ്. ഇത്തവണ നേട്ടം വലുതാണ്. പ്രിലിംസ് പരീക്ഷയുടെ അനിശ്ചിതത്വവും ഒഴിവായി.

1.10 ലക്ഷം ജീവനക്കാരാണ് 2023 മുതല്‍ 2027 വരെയുള്ള അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നത്. 2023-ല്‍ 21,000, 2024-ല്‍ 21,600, 2025-ല്‍ 22,185, 2026-ല്‍ 23424, 2027-ല്‍ 23714 എന്നിങ്ങനെയാണ് വിരമിക്കുന്നവരുടെ എണ്ണം. ഇതിന്റെ ഫലമായുണ്ടാകുന്ന ഒഴിവുകളില്‍ 50 ശതമാനത്തോളം എല്‍.ഡി. ക്ലാര്‍ക്ക് തസ്തികകളിലാണ് പ്രതിഫലിക്കുക.

മറ്റൊരു തസ്തികയിലുമില്ലാത്തത്ര നിയമനം, മികച്ച പ്രമോഷന്‍ സാധ്യതകള്‍ എന്നിവയെല്ലാം എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയ്ക്ക് മാത്രമുള്ള ആകര്‍ഷണമാണ്. ജനകീയ സാഹചര്യം ഉള്ളതാണ് ക്ലർക്ക് മാരുടെ ജോലി സാഹചര്യം, സവിശേഷ അധികാരങ്ങള്‍, മികച്ച ശമ്പളഘടന എന്നിവയും ഈ തസ്തികയെ പ്രിയപ്പെട്ടതാക്കുന്നു.

ഉയര്‍ന്ന യോഗ്യതകള്‍ നേടിയിട്ടുള്ളവര്‍ക്ക് ഉന്നതമായ തസ്തികകളിലേക്ക് എളുപ്പത്തില്‍ മാറാനുമാവും. വില്ലേജ് ഓഫീസര്‍, സബ് രജിസ്ട്രാര്‍, അസിസ്റ്റന്റ് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവയെല്ലാം എല്‍.ഡി. ക്ലാര്‍ക്കിന്റെ പ്രൊമോഷന്‍ തസ്തികകളാണ്. ചിട്ടയായ പഠനവും പരിശീലവും കൊണ്ട് ഏത് ഒരു ഉദ്യോഗാർഥിക്കും കയ്യടക്കാവുന്ന ലക്ഷ്യമാണ്.

റവന്യൂ, പഞ്ചായത്ത്, കൃഷി, വിദ്യാഭ്യാസം, വ്യവസായം, രജിസ്ട്രേഷന്‍, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ വകുപ്പുകളിലൊക്കെ നിര്‍ണായകമായ ജോലികള്‍ നിര്‍വഹിക്കുന്നത് എല്‍.ഡി. ക്ലാര്‍ക്കുമാരാണ്. കേരളത്തില്‍ 110 ഓളം സര്‍ക്കാര്‍ വകുപ്പുകളുണ്ട്. ഇവയില്‍ ക്ലാര്‍ക്ക് തസ്തികയില്ലാത്ത വകുപ്പുകള്‍ ഇല്ലെന്ന് പറയാം. കാര്യക്ഷമതയുള്ളവരും പ്രാപ്തിയുള്ളവരുമായവര്‍ ഈ ഉദ്യോഗത്തിലെത്തേണ്ടത് സര്‍ക്കാര്‍ സംവിധാനത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമാണ്.

ക്ലാര്‍ക്ക് തസ്തികയിലെ പ്രമോഷൻ സാധ്യതയും ഉയർന്നതാണ്. – എല്‍.ഡി. ക്ലാര്‍ക്ക്-സീനിയര്‍ ക്ലാര്‍ക്ക്-ഹെഡ്ക്ലാര്‍ക്ക്-ജൂനിയര്‍ സൂപ്രണ്ട്-സീനിയര്‍ സൂപ്രണ്ട്-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ഓഫീസര്‍. വിവിധ വകുപ്പുകളില്‍ നിശ്ചിത യോഗ്യതയുള്ള എല്‍.ഡി. ക്ലാര്‍ക്കുമാര്‍ക്ക് മറ്റ് ഉയര്‍ന്ന തസ്തികകളിലേക്ക് മാറാനുള്ള അവസരവുമുണ്ട്.

പഞ്ചായത്ത് വകുപ്പില്‍ ജോലി ലഭിക്കുന്ന എല്‍.ഡി.സി.ക്ക് ബിരുദം യോഗ്യതയുള്ള പക്ഷം അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് മാറാനാവും. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഉയരാനുമാകും. സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്നവരില്‍ എച്ച്.ഡി.സി.യോഗ്യതയുള്ളവര്‍ക്ക് ഇന്‍സ്‌പെക്ടര്‍ പദവിയിലേക്ക് മാറാം. അതുപോലെതന്നെ പോലീസ് വകുപ്പിലെ എല്‍.ഡി. ക്ലാര്‍ക്കിന് എസ്.ഐ. തസ്തികയിലേക്കും യോഗ്യതകളുള്ള പക്ഷം മാറാനാവും


എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിലെ ഇപ്പോഴത്തെ ശമ്പളം 26,500-60,700 എന്ന സ്‌കെയിലിലാണ്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ഡി.എ. ഏഴ് ശതമാനമാണ്. മറ്റൊരു 14 ശതമാനം ഡി.എ. ഇപ്പോള്‍ കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളം, ഡി.എ., മറ്റാനുകൂല്യങ്ങള്‍ എന്നിവ ചേര്‍ത്ത് നിലവില്‍ 31,000 രൂപയ്ക്ക് ഈ തസ്തികയില്‍ തുടക്കത്തില്‍ ലഭിക്കുക. കുടിശ്ശികയുള്ള ഡി.എ. തുക കൂടി ലഭിക്കുമ്പോള്‍ പ്രതിമാസം 35,000 ത്തോളം രൂപ ശമ്പളം ലഭിക്കും.

KAS ആകാനും അവസരം

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന തസ്തികകളിലേക്കുള്ള എളുപ്പവഴി കൂടിയാണ് ക്ലാര്‍ക്ക് തസ്തിക. സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്ന തസ്തികകളിലേക്കെല്ലാം തന്നെ യോഗ്യതയനുസരിച്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക് നിയമനത്തിനായി നിശ്ചിത എണ്ണം തസ്തികകള്‍ മാറ്റിവെക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍പ്രവേശിച്ച് കുറഞ്ഞകാലത്തെ സേവനം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ഉയര്‍ന്ന തസ്തികകളില്‍ നീക്കിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ജീവനക്കാരന് കഴിയുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലും നോണ്‍ ഗസറ്റഡ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് മറ്റ് വിഭാഗങ്ങളെപ്പോലെ തുല്യഎണ്ണം ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നിവയെല്ലാം ചെറിയ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് ഒഴിവുകള്‍ നീക്കിവെച്ചിരിക്കുന്ന പ്രധാന തസ്തികകളാണ്.

ജില്ലാതലത്തില്‍ നിയമനം നടക്കുന്ന ഒരു പ്രധാന തസ്തികയാണ് എല്‍.ഡി. ക്ലാര്‍ക്കിന്റേത്. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് ഒരാള്‍ക്ക് ഏത് ജില്ല വേണമെങ്കിലും തിരഞ്ഞെടുക്കാം.