കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗഹ്ലോത്ത്

0

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തിനെ പരിഗണിക്കുന്നു. ചികിത്സാര്‍ഥം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും മുമ്പ് ഗഹ്‌ലോതുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. താത്കാലിക ചുമതല എന്ന നിലയ്ക്കാവും തുടക്കം

വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മില്‍ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തിയതികള്‍ അന്തിമമാക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തക സമിതി ഞായറാഴ്ച വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ പരിശോധനകള്‍ക്കായി വിദേശത്തേക്ക് പോകുന്ന സോണിയയെ മക്കളായ രാഹുലും പ്രിയങ്കയും അനുഗമിക്കുന്നുണ്ട്. ഇതോടെ അധ്യക്ഷ സ്ഥാനം മാറും.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുള്ള രാഹുല്‍ കുടുംബത്തില്‍ നിന്ന് മറ്റുള്ളവരും ഈ സ്ഥാനത്തേക്ക് വരുന്നതില്‍ താത്പര്യം കാണിച്ചിട്ടില്ലെന്നാണ് വിവരം.

ഭരണപരവും സംഘടനാപരവുമായി ചുമതലകള്‍ വഹിച്ച് ശ്രദ്ധനേടിയുള്ള ഗഹ്‌ലോത് രാജീവ് ഗാന്ധിയുടെ വിശ്വസ്തനും കൂടിയായിരുന്നു.

‘ മാധ്യമങ്ങളിലൂടെയാണ് ഞാനിക്കാര്യങ്ങള്‍ അറിയുന്നത്. എനിക്കത് സംബന്ധിച്ച് ഒന്നും അറിയില്ല. എന്നെ ഏല്‍പ്പിച്ച ചുമതല ഞാന്‍ നിറവേറ്റുന്നു’ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഗഹ്‌ലോത് പ്രതികരിച്ചു.

നടപടിക്രമങ്ങള്‍ക്ക് ശേഷം അടുത്ത മാസം 21-ന് കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്.

നടിയും ബി ജെ പി നേതാവുമായ സൊണാലി ഫോഗട് ഗോവയിൽ മരിച്ച നിലയിൽ

0

നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊണാലി ഫോഗട് (42) ഗോവയില്‍ മരിച്ചനിലയില്‍. ഗോവസന്ദര്‍ശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സൊണാലിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു.

തിങ്കളാഴ്ചയാണ് ചില ജീവനക്കാര്‍ക്കൊപ്പം ഗോവയിലെത്തിയത്. രാത്രി ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു. അവിടെനിന്നാണ് താമസസ്ഥലത്തെത്തിയത്. വടക്കന്‍ ഗോവയിലെ അന്‍ജുണയിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാത്രി കഴിച്ച ഭക്ഷണത്തില്‍ വിഷാംശംകലര്‍ന്നിരുന്നുവോയെന്ന് സംശയമുണ്ടെന്ന് മൂത്തസഹോദരി രമണ്‍ ഫോഗട് പറഞ്ഞു. സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഹരിയാണയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

മുന്‍ ടിക് ടോക് താരവുമായ സൊണാലി ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 14-ാം പതിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. പ്രാഥമികപരിശോധയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗോവ ഡി.ജി.പി. ജസ്പാല്‍ സിങ് പറഞ്ഞു. മൃതദേഹം ഗോവ മെഡിക്കല്‍ കോേളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. രണ്ടു വിദഗ്ധരടങ്ങുന്ന സമിതിയെ ബുധനാഴ്ച നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഹരിയാണയിലെ ആദംപുര്‍ മണ്ഡലത്തില്‍ സൊണാലി ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്ന് കോണ്‍ഗ്രസിലായിരുന്ന കുല്‍ദീപ് ബിഷ്‌ണോയി ആയിരുന്നു എതിരാളി.

തിങ്കളാഴ്ച രാത്രി ഏഴോടെ താരം ഗോവയില്‍നിന്ന് രണ്ട് വീഡിയോകളും പിങ്ക് തലപ്പാവ് ധരിച്ചുള്ള നാല് ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തിരുന്നു. ഭക്ഷണംകഴിച്ചശേഷം അമ്മയെ വിളിച്ചിരുന്നുവെന്ന് സഹോദരി രമണ്‍ ഫോഗട്ട് പറഞ്ഞു. വയ്യായ്മ തോന്നുന്നുവെന്നും ഭക്ഷണത്തില്‍ എന്തോ കലര്‍ന്നിരുന്നതായി സംശയമുണ്ടെന്നും പരാതിപ്പെടുകയും ചെയ്തു. സൊണാലിക്ക് മുമ്പ് കാര്യമായ അസുഖങ്ങളോ അതിന്റെ സൂചനകളോ ഉണ്ടായിരുന്നില്ലെന്നും വിശദാന്വേഷണം നടത്തണമെന്നും അവര്‍ പറഞ്ഞു.

പേപ്പട്ടികൾ പെരുകുന്നു, കുത്തിവെപ്പ് എടുത്തിട്ടും പേ ബാധ; നാട്ടിൽ മുഴുക്കെ ഭീതി

പേ വിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങള്‍ തുടരുന്ന സാഹചര്യം ഭീതി വർധിപ്പിക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്ത് ഇത്തരം സംഭവങ്ങൾ തുടർച്ചയായി. തെരുവ് നായ ശല്യം ഏറ്റവും ഉയർന്നിരിക്കുന്ന കാലഘട്ടത്തിലാണ് പ്രതിരോധ മരുന്നും ഫലിക്കാതെ പോകുന്ന കാഴ്ച.

പഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍

കുത്തിവെപ്പെടുത്തശേഷമുള്ള മരണങ്ങള്‍ കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാക്സിന്റെ ഗുണമേന്മയില്ലായ്മ നേരത്തെ തന്നെ ആരോപണ വിധേയമാണ്. ഓരോ വിഭാഗവും പരസ്പരം പഴിചാരലാണ്. സൂക്ഷിച്ചതിലെ പ്രശ്‌നമാണോ, കുത്തിവെച്ചതിലെ പിഴവാണോ കാരണമെന്ന് ഇതുവരെ വിശദമായി പരിശോധിക്കപ്പെട്ടിട്ടില്ല.

അതുകൊണ്ട് പൊതുജനാരോഗ്യ വിദഗ്ധന്‍, മൈക്രോബയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സമിതിയുണ്ടാക്കി ഗൗരവമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

മൂന്ന് ജീവനുകൾ

സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നുപേരാണ് രണ്ടുമാസത്തിനിടെ മരിച്ചത്. തൃശ്ശൂരില്‍ തപാൽ വകുപ്പ് ജീവനക്കാരിയും പാലക്കാട് കോളേജ് വിദ്യാര്‍ഥിയും കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുമാണ് മരിച്ചത്. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്നുമരണങ്ങളുമുണ്ടായത്.

മരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥകാരണം കണ്ടെത്താതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എന്നാൽ ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. തെരുവു നായ നിയന്ത്രണവും വന്ധീകരണവും ഒക്കെ തദ്ദേശ സ്ഥാപനങ്ങളുടെ തലയിലിട്ട് പരസ്പരം സഹകരിക്കുന്നു.

2020-ലും 21-ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ വാങ്ങിയ 16,000 കുപ്പി മരുന്ന് കേന്ദ്ര ഡ്രഗ് ലാബില്‍ ഗുണമേന്മ പരിശോധന നടത്താത്തതാണ്. ആ ബാച്ചില്‍പ്പെട്ട മരുന്നുകള്‍ നല്‍കിയതുകൊണ്ടാണ് ഫലമില്ലാതെപോയതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

കുത്തിവെപ്പും ശ്രദ്ധിക്കണം

ശരിയായ താപനിലയിലല്ല മരുന്ന് സൂക്ഷിച്ചതെങ്കില്‍ പ്രയോജനം ലഭിക്കാതെപോവും. തൊലിയിലാണ് കുത്തിവെക്കേണ്ടത്. മറ്റ് ഇന്‍ജക്ഷനുകള്‍പോലെ ഇത് കുത്തിവെക്കരുത്.

വാക്സിനെ പ്രതിരോധിക്കുന്ന രീതിയില്‍ വൈറസിന് എന്തെങ്കിലുംതരത്തിലുള്ള ജനിതകമാറ്റം സംഭവിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. പക്ഷേ, ജനിതകമാറ്റത്തിന് വളരെ കുറഞ്ഞ സാധ്യതയേയുള്ളൂ. അതുകൊണ്ടാണ് വിദഗ്ധപഠനം നിര്‍ദേശിക്കപ്പെടുന്നത്.

ടോൾ പ്ലാസകളും ഫാസ്റ്റ് ടാഗും നിർത്തലാക്കാൻ സർക്കാർ, പകരം നമ്പർ മതി

ടോൾ പ്ലാസകളും ഫാസ്റ്റ് ടാഗും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.

നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും.

പുതിയ ടോൾ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

രണ്ട് ഉപാധികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ടോൾ പ്ലാസയ്‌ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വർഷത്തിൽ തന്നെ ഇതിനായുള്ള നടപടികൾ പൂർത്തീകരിക്കാനാണ് തീരുമാനം.

സിവിക് ചന്ദ്രൻ കേസിൽ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ പരാമർശിച്ച ജഡ്ജിയെ സ്ഥലം മാറ്റി

ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ച് വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റി.

കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറായി മാറ്റിയാണ് ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവ്. പകരം മഞ്ചേരി ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണനെ നിയമിച്ചു. എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി. പ്രദീപ്‌കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറായിരുന്ന ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറായും നിയമിച്ചു.

സിവിക് ചന്ദ്രൻ കേസിൽ പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമെന്ന ജഡ്ജിയുടെ പരാമർശമാണ് വിവാദമായിരുന്നത്.

ബി ജെ പി തങ്ങളുടെ സർക്കാരിനെ മറിച്ചിടാൻ എംഎൽഎമാർക്ക് അഞ്ച് കോടി വാഗ്ദാനം ചെയ്തു- എ എ പി

കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി അഞ്ചു കോടിക്ക് എംഎല്‍എമാരെ വിലക്കെടുക്കാന്‍ നോക്കിയെന്ന് ആം ആദ്മി.

ബിജെപിയെ സഹായിച്ചാല്‍ ഇഡി-സിബിഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. എം.എല്‍.എമാരെ ചാക്കിലാക്കാനായി അഞ്ചുകോടി രൂപ വാഗ്ദാനംചെയ്ത് ശ്രമം നടത്തിയെന്നാണ് ആം ആദ്മി വെളിപ്പെടുത്തൽ

ബി.ജി.പിയുടെ ശ്രമത്തെ തങ്ങള്‍ പരാജയപ്പെടുത്തിയെന്നും ഡല്‍ഹിയിലും ഓപ്പറേഷന്‍ താമരയ്ക്ക് ബി.ജെ.പി ശ്രമം നടത്തുകയാണെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇതിന് നേരത്തെ തന്നെയുള്ള തെളിവായി 2014-ലെ ഒരു വീഡിയോയും സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.

വോട്ടര്‍മാര്‍ ബി.ജെ.പിയെ അല്ലാതെ മറ്റ് സര്‍ക്കാരിനെ തിരഞ്ഞെടുക്കുമ്പോള്‍ ആ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി തുടക്കമിടുന്നു. ഇതിനെയാണ് ഓപ്പറേഷന്‍ താമരയെന്ന് പറയുന്നത്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് സമീപിച്ച നേതാക്കള്‍ ആരൊക്കെയാണെന്ന് ശരിയായ സമയത്ത് വെളിപ്പെടുത്തും. അത് എപ്പോള്‍ വേണമെന്ന് ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്നും ഭരദ്വാജ് വ്യക്തമാക്കി.

ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമെന്ന് മുഖ്യമന്ത്രി സഭയിൽ

0

ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമെന്ന് മുഖ്യമന്ത്രി. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.

കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളും ഷാർജ ഭരണാധികാരിയുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു മറുപടി.

ഡി.ലിറ്റ് ബിരുദം സ്വീകരിക്കാൻ സംസ്ഥാനത്ത് എത്തിയ ഷാർജ ഭരണാധികാരിയുടെ തലസ്ഥാനത്തെ യാത്രാ പരിപാടികളുടെ സുരക്ഷ ചുമതല സിറ്റി പൊലീസ് കമീഷണർക്കായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലൂടെയാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി സണ്ണി ജോസഫ്, കെ.കെ.രമ, ടി.ജെ.വിനോദ് എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നിയമസഭയെ അറിയിച്ചു.

2017 സെപ്റ്റംബർ 24 മുൽ 27 വരെയാണ് ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിം കേരളം സന്ദർശിച്ചത്. ഗവർണർ, മുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച, മന്ത്രിമാരുമായി ആശയവിനിമയവും കൂടിക്കാഴ്ചയും, ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച, ഡി-ലിറ്റ് ബിരുദദാന ചടങ്ങ് എന്നിവയായിരുന്നു പ്രധാന പരിപാടികളെന്നും എൻ.ഷംസുദീന് രേഖാമൂലം മറുപടി നൽകി.

യു.എ.ഇ കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയുമായി 2016-20 കാലയളവിൽ ക്ലിഫ് ഹൗസിൽ വെച്ച് എത്ര കൂടിക്കാഴ്ച നടത്തിയെന്ന ചോദ്യത്തിന് ഔദ്യോഗിക കൂടിക്കാഴ്ചയാണ് നടത്തിതെന്നായിരുന്നു മറുപടി. കൂടിക്കാഴ്ചക്ക് വിദേശ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് സി.ആർ.മഹേഷിന് രേഖാമൂലം മറുപടി നൽകി. നയതന്ത്ര ബാഗേജ് സംബന്ധിച്ച സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയുടെ ആരോപണവും ശ്രദ്ധയിൽപ്പെട്ടില്ലെന്ന് റോജി എം.ജോണിന് രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകി.

കേന്ദ്ര സർക്കാർ പ്രതിനിധികളും ഷാർജ ഭരണാധികാരിയുടെ യാത്രാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രവാസി കേരളീയരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി.അനിൽ കുമാർ, എം.വിൻസെന്റ്, എൽദോസ് പി.കുന്നപ്പിള്ളിയിൽ എന്നിവർക്ക് രേഖാമൂലം മറുപടി നൽകി.

ചലച്ചിത്ര മേളയിൽ സ്വീറ്റ് ബിരിയാണിയും മെമ്മറി ലോസും തുടങ്ങി 69 മത്സര ചിത്രങ്ങൾ

0

പുതിയ കാലത്തിൻ്റെ ആത്മശൈഥില്യങ്ങളുടെയും അധികാരത്തിൻ്റെ ഗൂഡ വഴികളുടെയും അനുഭവ കാഴ്ചയുമായി രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ ഈ വർഷം 69 മത്സര ചിത്രങ്ങൾ എത്തും.

ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായാണ് മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

ജയചന്ദ്ര ഹാഷ്മിയുടെ സ്വീറ്റ് ബിരിയാണി, സംഘർഷം നിറഞ്ഞ കാശ്മീരിലെ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ദി ഗുഡ് ന്യൂസ്, വിനോദ് ലീലയുടെ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. സിനിമയിലെ ചുംബന രംഗത്തിന്റെ പേരിൽ പോലും സിനിമകൾ സെൻസർ ചെയ്യുന്നതിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കിസ്സ് എന്ന ചിത്രം ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ഉണ്ടാവും.

നാല് നിശബ്ദ ചിത്രങ്ങൾ ഉൾപ്പടെ 13 ചിത്രങ്ങളാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ 18 ചിത്രങ്ങളും 10 ക്യാമ്പസ് ചിത്രങ്ങളും ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 28 ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയിൽ ജീവിക്കുന്ന ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളുടെ കഥ പറയുന്ന എന്നിട്ടും ഇടമില്ലാത്തവർ, ഒരു വിപ്ലവാത്മക ഗായകസംഘത്തിന്റെ കഥ പറയുന്ന ദി കാസ്റ്റലെസ്സ് കളക്ടീവ്, കാൻ ചലച്ചിത്ര മേളയിൽ ഗോൾഡൻ ഐ പുരസ്കാരം നേടിയ എ നൈറ്റ് ഓഫ് നോയിങ്ങ് നത്തിങ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

നിശാന്ത ഗുരുമൂർത്തി സംവിധാനം ചെയ്ത ഗോപി, ജോഷി ജോസഫിന്റെ മിസോസൗണ്ട് സ്കേപ്സ് എന്നീ ചിത്രങ്ങൾ മേളയിലെ ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ്‌ പ്രദർശിപ്പിക്കുക. ചെക്കോവ്സ് ഗൺ, ഹനാൻ, മെമ്മറി ലോസ്, മ്യൂട്ടഡ് ക്രോസ് എന്നീ ചിത്രങ്ങൾ ക്യാമ്പസ് മത്സര വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

എൻഡി ടിവി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്; മാധ്യമ രംഗത്ത് കോർപ്പറേറ്റ് രാഷ്ട്രീയം പിടിമുറുക്കുന്നു

0

രാഷ്ട്രീയ നിറമുള്ള കൊടുക്കൽ വാങ്ങൽ വിവാദങ്ങൾക്ക് പിന്നാലെ മാധ്യമരംഗത്തും പിടിമുറുക്കാന്‍ ബിസിനസ് ഭീമനായ അദാനി ഗ്രൂപ്പ്. മുന്‍നിര മാധ്യമമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചു.

ഓഹരി ഉടമകളില്‍ നിന്ന് 294 രൂപ നിരക്കില്‍ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്നാണ് കമ്പനി തന്നെ അറിയിച്ചിട്ടുള്ളത്. അദാനി എന്റര്‍പ്രൈസസ് അനുബന്ധ കമ്പനിയായ Vishvapradhan Commercial Private Limited (VCPL) ൻ്റെ പേരിലാണ് ഓഹരികള്‍ സ്വന്തമാക്കയത്.

എന്‍ഡിടിവി പ്രമോട്ടര്‍മാരില്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിന്റെ 99.5 ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ വാങ്ങുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ എന്‍ഡിടിവിയില്‍ അദാനിക്ക് 29.18 ശതമാനം ഓഹരി പങ്കാളിത്തമാകും.

ഭരണ സംവിധാനങ്ങളോട് വിമർശനാത്മക നിലപാട് കൃത്യമായി സൂക്ഷിക്കുന്ന മാധ്യമ പ്രവർത്തനമാണ് എൻഡിടിവി മുന്നോട്ട് വെച്ചിട്ടുള്ളത്. പല വിധത്തിൽ ജനാധിപത്യ സംവിധാനങ്ങൾ വെല്ലുവിളിക്കപ്പെടുമ്പോൾ സ്വതന്ത്ര മാധ്യമങ്ങളും വിലക്കെടുക്കപ്പെടുന്നു എന്ന നിലയിലും ഈ സംഭവത്തെ വിലയിരുത്തുന്നവരുണ്ട്.

1988 ലാണ് എൻഡിടിവി പ്രവർത്തനം തുടങ്ങുന്നത്. പ്രണവ് റോയിയും ഭാര്യ രാധികയും ആയിരുന്നു തലപ്പത്ത്. 61.45 ഓഹരി വിഹിതവും അവർക്കായിരുന്നു.

ചില്ലറ ഒഹരികൾ വാങ്ങിക്കൂട്ടി, സ്വന്തമാക്കാൻ ഒരു നീക്കം കൂടി

ഇതിന് പുറമെ എന്‍ഡിടിവി (New Delhi Television Limited) യുടെ 26 ശതമാനം ഓഹരി വിഹിതം കൂടി വാങ്ങാനുള്ള താത്പര്യവും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേരിട്ട് അദാനിക്ക് ഓഹരി വില്‍ക്കുകയോ അതിനുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും പ്രധാന ഓഹരി ഉടമകളായ രാധികയോ പ്രണോയ് റോയിയോ ഇത്തരത്തില്‍ ഉടമസ്ഥാവകാശ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നുമാണ് എന്‍ഡിടിവി അറിയിച്ചിരിക്കുന്നത്.

മൂന്നു ദേശീയ ചാനൽ സ്വന്തമായുള്ളതാണ് എൻ ഡി ടി വിയുടെ സാന്നിധ്യം. വിവിധ ഓൺലൈൻ മീഡിയങ്ങളിലായി 35 മില്യൺ ഫോളോവേഴ്സ് ഉണ്ട്.

പാക് സഞ്ചാര വിമാനങ്ങളുടെ പാതയിലേക്ക് തെറ്റായി മിസൈൽ തൊടുത്തു, ഒഴിവായത് വൻ ദുരന്തം

0

 അബദ്ധത്തില്‍ പാകിസ്ഥാൻ വ്യോമപാതയിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ തൊടുത്ത സംഭവത്തില്‍ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. വൻ ദുരന്തത്തിനും അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശ്നങ്ങൾക്കും തുടക്കമിടുമായിരുന്ന പിഴവാണ്.

കഴിഞ്ഞ മാര്‍ച്ച് 9 ന് ആയിരുന്നു സംഭവം. ബ്രഹ്‌മോസ് മിസൈലുകള്‍ ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ പാകിസ്താന്‍ ഭാഗത്തേക്ക് തൊടുത്തുവിട്ടു എന്നാണ് വാർത്ത. സംഭവം വിവാദമായതോടെ അന്വേഷണത്തിനൊടുവിലാണ് മൂന്ന് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്.

ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച ഇവര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

40,000 അടി ഉയരത്തില്‍ പാക്‌ വ്യോമപാതയുടെ 100 കി.മി ഉള്ളിലേക്കാണ് മിസൈല്‍ എത്തിയത്‌. മിസൈലില്‍ മറ്റ് ആയുധ ശേഖരമൊന്നുമില്ലാത്തതിനാല്‍ പൊട്ടിത്തെറിച്ചില്ല.

സംഭവത്തില്‍ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിയെ പാക് സർക്കാർ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. യാത്രാവിമാനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അപകടമുണ്ടാക്കിയേക്കാവുമായിരുന്ന സംഭവത്തില്‍ പാകിസ്ഥാൻ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.

വൻ തോതിൽ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന സംഭവമാണ്.