കൗസർ പിൻമാറി നടിയെ ആക്രമിച്ച കേസ് ജസ്റ്റീസ് സിയാദ് റഹ്മാൻ പരിഗണിക്കും

0

നടിയെ ആക്രമിച്ച കേസിലെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. കോടതി മാറ്റം ആവശ്യപ്പെട്ട അതിജീവിതയുടെ ഹർജിയാണ് നാളെ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസർ ഇടപഗത്ത് പിന്മാറിയതിനെ തുടർന്നാണ് പുതിയ ബെഞ്ചിലേക്ക് ഹർജി വിട്ടത്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി. കഴിഞ്ഞ ദിവസമാണ് ഹർജി പരി​ഗണിക്കവെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജി പരിഗണിച്ചയുടൻ തന്നെ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം.

തുടർന്ന് അതിജീവിതയുടെ ഹർജി പുതിയ ബെഞ്ച് കൈമാറുകയായിരുന്നു. രണ്ടാം തവണയാണ് അതിജീവിതയുടെ ഹർജികളിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ കൗസർ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം സെഷൻസ് ജഡ്ജിയായിരിക്കെ കൗസർ എടപ്പഗത്ത് നടി ആക്രമണ കേസ് പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത തന്നെ ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു അന്ന് പിന്മാറ്റം

കർഷക നേതാവ് രാകേഷ് ടികായത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ജന്തർ മന്തറിലെ കിസാൻ മോർച്ചയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനിടെ രാകേഷ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്തു. ഗാസിപൂർ അതിർത്തിയിൽ വച്ചാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ പിടികൂടിയത്. ഡല്‍ഹിയില്‍ നാളെ കര്‍ഷക സമരം നടക്കാനിരിക്കെയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഡല്‍ഹി പൊലീസിന്റെ ഭാഷ്യം. ഇതിന് പിന്നാലെ കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കി രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ് എത്തിയിട്ടുണ്ട്.

നാളെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൽ പങ്കെടുക്കാനായാണ് രാകേഷ് ടിക്കായത്ത് എത്തിയത്. നാളെ പ്രതിഷേധം തുടങ്ങുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡല്‍ഹി-ഹരിയാനയിലെ തിക്രി അതിര്‍ത്തിയില്‍ പൊലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

മകൾ ഡോക്ടറുടെ മുഖത്തടിച്ചു, ക്ഷമാപണവുമായി മുഖ്യമന്ത്രി

0

മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മിസോറാം മുഖ്യമന്ത്രി സോറംതംഗ ക്ഷമാപണം നടത്തി. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ചർമ്മ രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്‌മെന്റ് എടുക്കാത്തതിനാല്‍ മിലാരിയെ പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതയായാണ് മിലാരി ഡോക്ടറെ തല്ലിയത്.

ബുധനാഴ്ചയായിരുന്നു സംഭവം. പരിശോധനയ്ക്ക് മുന്‍പ് അപ്പോയ്ന്റ്‌മെന്റ് എടുക്കണമെന്ന് ക്ലിനിക്കിലെത്തിയ മിലാരിയോട് ഡോക്ടര്‍ ആവശ്യപ്പെടുകായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ സമീപത്തേക്ക് മിലാരി വേഗത്തില്‍ നടന്നെത്തി മുഖത്തടിച്ചു.

ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ മിലാരി പിടിച്ചു മാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ വന്‍തോതിലാണ് പ്രചരിച്ചത്. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിയും കുടുംബവും സാമൂഹികമാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മിസോറാം യൂണിറ്റിലുള്ള ഡോക്ടര്‍മാര്‍ ശനിയാഴ്ച പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജണിഞ്ഞാണ് ശനിയാഴ്ച ജോലിക്കെത്തിയത്.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്. ഡോക്ടറുടെ നേര്‍ക്കുള്ള മകളുടെ മര്യാദരഹിതമായ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായും മകളുടെ പെരുമാറ്റം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും സ്വന്തം കയ്യക്ഷരത്തിലെഴുതിയ കുറിപ്പ് അദ്ദേഹം ട്വീറ്ററില്‍ പങ്കുവെച്ചു.

5 ജി ഉടൻ , നിങ്ങളുടെ ഫോൺ എങ്ങിനെ സജ്ജമാക്കാം

0

ഈ ഒരു മാസകാലയളവിനകം 5ജി സേവനം തുടങ്ങും. 4ജിയേക്കാള്‍ പത്തിരട്ടി വേഗം 5ജിക്ക് ഉണ്ടാകുമെന്നാണ് പൊതുവായ പ്രതീക്ഷ. 5ജി പിന്തുണയുള്ള ഉപകരണങ്ങളില്‍ മാത്രമേ 5ജി നെറ്റ് വര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.

പുതിയ പല സ്മാര്‍ട്‌ഫോണുകളിലും 5ജി കണക്റ്റിവിറ്റിയുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഫോണില്‍ 5ജിയുണ്ടോ എന്ന് അറിവുണ്ടാവണം എന്നില്ല. മാത്രവുമല്ല,

ഒരേ പേരിലുള്ള ഫോണുകളില്‍ തന്നെ 5ജി ഉള്ളതും ഇല്ലാത്തതുമായ പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. നിങ്ങളുടെ ഫോണില്‍ 5ജി കണക്റ്റിവിറ്റി ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

  • വാങ്ങിയ ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുന്നതാണ് ഏളുപ്പമുള്ള കാര്യം. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ എന്തെല്ലാം ആണെന്ന വിവരങ്ങള്‍ ഉണ്ടാവും.
  • ആന്‍ഡ്രോയിഡ് ഫോണ്‍ സെറ്റിങ്‌സില്‍ SIM & Networks സൈറ്റിങ്‌സ് സന്ദര്‍ശിച്ചാല്‍ Preferred Network Type ഓപ്ഷനില്‍ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. ഫോണില്‍ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ 5ജി കാണിക്കുകയുള്ളൂ.
  • നിലവില്‍ ലഭ്യമായ 4ജി സിമ്മുകള്‍ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. 3ജിയില്‍നിന്ന് 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തത് പോലെ സിംകാര്‍ഡ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരില്ല. അത് ആവശ്യമെങ്കില്‍ അതാത് ടെലികോം സേവന ദാതാക്കള്‍ അറിയിക്കും.

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം. പ്രതി ഒറ്റയ്ക്ക് ചെയ്തതെന്ന് പൊലീസ്

കാക്കനാട് ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്. അര്‍ഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലയില്‍ കലാശിച്ചതെന്നും തൃക്കാക്കര എസിപി പിവി ബേബി പറഞ്ഞു.

ഒറ്റയ്ക്ക് ഒരാൾക്ക് ചെയ്യാവുന്നതല്ല ഈ കുറ്റ കൃത്യം എന്നായിരുന്നു ആദ്യത്തെ വിശദീകരണം. പ്രതിയേക്കാൾ കായിക ശേഷിയുള്ള വ്യക്തിയാണ് കൊല ചെയ്യപ്പെട്ടത്. മൃതദേഹം മാറ്റിയത് ഉൾപ്പെടെ ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല എന്നായിരുന്നു വിശദീകരണം

ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്‌ളാറ്റിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കൊലപ്പെടുത്തിയത് കത്തി ഉപയോഗിച്ചാണെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലും തെളിവെടുപ്പ് നടക്കും.

അര്‍ഷാദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. ലഹരിക്കായി പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സജീവിന്റെ കയ്യില്‍നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. ഇതിനുപിന്നാലെ പ്രതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സജീവ് ഉള്‍പ്പെടെ അഞ്ചുയുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു കൊലപാതകം. പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞ ശേഷം ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിലുള്ള മറ്റു മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

മത്തി തിരിച്ചെത്തുന്നു; പക്ഷെ, നിയമം നിസ്സഹായമായിരിക്കെ മുച്ചൂടും മുടിക്കുന്ന വേട്ട

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരള തീരത്ത് നിന്നും അപ്രത്യക്ഷമായി തുടങ്ങിയ മലയാളിയുടെ പ്രിയപ്പെട്ട മത്തി തിരിച്ചെത്തുന്നു. പക്ഷെ കാലാവസ്ഥയ്ക്ക് സ്വയം തിരുത്തൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും മനുഷ്യൻ തീർക്കുന്ന പ്രതിസന്ധികളെ എങ്ങിനെ മറികടക്കും എന്നതാണ് പുതിയ ആശങ്ക. അധികൃതവും അനധികൃതവുമായ ഊറ്റലുകൾ നെയ്മത്തി എന്ന ഇനത്തെ തന്നെ കേരള തീരത്തിന് അന്യമാക്കുന്ന സാഹചര്യമാണ് പ്രവചിക്കപ്പെടുന്നത്.

മത്തിയുടെ പോക്കും വരവും

ആഗോള താപനത്തെ തുടര്‍ന്ന് കടല്‍ ചൂടുപിടിക്കുന്നത് ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 2014 മുതല്‍ നെയ്മത്തിയുടെ ലഭ്യത കേരള തീരത്ത് വന്‍ തോതില്‍ കുറഞ്ഞു വരികയായിരുന്നു. നെയ് മത്തി പൂര്‍ണമായും അപ്രത്യക്ഷമാവുമോ എന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. 

അതിനിടെയാണ്, കേരള തീരത്തേക്ക് നെയ്മത്തി തിരിച്ചെത്തിയെന്നുള്ള വാര്‍ത്തകള്‍. തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ നെയ്മത്തി വ്യാപകമായി കണ്ടു തുടങ്ങി. ഇക്കഴിഞ്ഞ ജൂലൈ മാസം മുതല്‍ ആണ് നെയ്മത്തിയുടെ കുഞ്ഞുങ്ങള്‍ തീരപ്രദേശങ്ങളില്‍ സാന്നിധ്യമറിയിച്ചത്.

എന്നാല്‍ ഈ കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിക്കുന്ന സാഹചര്യമുണ്ട്. ഇത് ഈ ഇനം മല്‍സ്യങ്ങളുടെ അതിജീവനം തന്നെ പ്രതിസന്ധിയിലാക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിവേചനരഹിതമായ മത്സ്യ ബന്ധനമാണ് വെല്ലുവിളിയായി മാറിയിരിക്കുന്നത്.

ഇവയിലേറെയും കുഞ്ഞുമത്തികളാണ്. കുഞ്ഞു മല്‍സ്യങ്ങളെ പിടിക്കുന്നത് അവയുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കാനും വംശവര്‍ദ്ധന ഇല്ലാതാക്കാനും  ഇടയാക്കും.

2012-ല്‍ 3.9 ലക്ഷം ടണ്‍ നെയ് മത്തിയാണ് സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത്. 2021-ല്‍ ഇത് 3,297 ടണ്ണായി കുറഞ്ഞു. വിവേചന രഹിതമായ വിധത്തില്‍ കുഞ്ഞുമീനുകളെ പിടിക്കുന്നത് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിയമത്തിന്റെ വലക്കണ്ണികൾ ദുർബലം

നിലവിലെ നിയമപ്രകാരം പിടിക്കാന്‍ പറ്റുന്ന  നെയ് മത്തിയുടെ കുറഞ്ഞ വലിപ്പം (MLS) 10 സെന്റീമീറ്ററാണ്. നിയമത്തിലെ ഈ പഴുതാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. നെയ് മത്തിയുടെ കുറഞ്ഞ വലിപ്പം എംഎല്‍എസ് 14 സെന്റിമീറ്ററായി ഉയര്‍ത്തണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പൂര്‍ണ്ണ വളര്‍ച്ച എത്തിയ നെയ് മത്തിക്ക് ഉയര്‍ന്ന പ്രത്യുത്പാദന ശേഷിയുള്ളതിനാല്‍ വളര്‍ച്ച പൂര്‍ത്തിയായതിന് ശേഷം അവയെ ധാരാളമായി പിടിക്കുന്നത് പ്രശ്നമല്ല. എന്നാല്‍, കുഞ്ഞായിരിക്കുമ്പോഴേ ഇവയെ പിടിക്കുന്നത് ഈ ഇനത്തിന്റെ അതിജീവനത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 

പരസ്പരം പഴിചാരി എത്രനാൾ

യന്ത്രവത്കൃത ബോട്ടുകളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് ഒരു പരിധിയുമില്ലാതെ കുഞ്ഞു മല്‍സ്യങ്ങളെ പിടിക്കുന്നതെന്നാണ് യന്ത്രവത്കൃത ബോട്ടുകാര്‍ പറയുന്നത്. 

ഏത് തരത്തിലുള്ള മീന്‍പിടിത്തമായാലും, വല വീശുന്നതിന് മുമ്പ് യന്ത്ര സംവിധാനം ഉപയോഗിച്ച് മീന്‍ കൂട്ടങ്ങളുടെ വലിപ്പം അളക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമിതലാഭം പ്രതീക്ഷിച്ച് നെയ്മത്തി കുഞ്ഞുങ്ങളെ പിടികൂടുന്നത് തടയാൻ നിലവിൽ സംവിധാനങ്ങളില്ല.

വി സി പെരുമാറുന്നത് ഭരണകക്ഷി അംഗത്തെ പോലെ ; മുഴുവൻ നിയമ നങ്ങളും പരിശോധിക്കുമെന്ന് ഗവർണർ

കണ്ണൂര്‍ സര്‍വകലാശാല നിയമനത്തിൽ വൈസ് ചാൻസിലർ പെരുമാറുന്നത് ഭരണ കക്ഷി അംഗത്തെ പോലെയാണെന്ന് തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിസിയെ പോലെയല്ല, ഭരണകക്ഷി അംഗത്തെ പോലെയാണ്. വിസിയുടെ നടപടികള്‍ നാണക്കേട് ഉണ്ടാക്കുന്നതാണ്. ഭരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും ഗവർണർ തുറന്നടിച്ചു

പ്രിയാ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ലെന്നും വേണ്ടത്ര അധ്യാപന പരിചയമില്ലെന്നും അക്കാര്യം പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍വകലാശാലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നടന്ന നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കും. ബന്ധുത്വ നിയമനത്തിനുള്ള കേന്ദ്രങ്ങളായി സര്‍വകലാശാലയെ മാറ്റാന്‍ കഴിയില്ല. രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയായി മാറ്റിയിരിക്കുകയാണ് സര്‍വകലാശാലകളെ.

താന്‍ ചാന്‍സലറായിരിക്കെ ഇതനുവദിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള സര്‍വകലാശാലക്ക് തനിക്കെതിരെ പ്രമേയം കൊണ്ടുവരാമെന്നും താന്‍ തന്റെ ചുമതലയാണ് നിര്‍വഹിക്കുന്നതെന്നും വ്യക്തമാക്കി.

നിരവധി വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം വിവാദമാകുന്നതും നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതും.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് ഒന്നാം റാങ്കില്‍ വന്ന പ്രിയ വര്‍ഗീസ് . കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനര്‍നിയമനം നല്‍കണമെന്നത് സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇതു ഗവര്‍ണറെ പ്രകോപിതാക്കുകയും മന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പരസ്യപോരിന് ഇടയാക്കുകയും ചെയ്തിരുന്നു.

രാഹുൽ സമ്മതിക്കുമോ, തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്

കോൺഗ്രസിൽ സംഘടനാതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളായി. വോട്ടർപ്പട്ടിക തയ്യാറായി കഴിഞ്ഞതായാണ് വിവരം.

അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽഗാന്ധി മത്സരിക്കുമോ എന്നതുതന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുൽ വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും മുറവിളിയെങ്കിലും ഇക്കാര്യത്തിൽ ഇനിയും അദ്ദേഹം മനസ്സുതുറക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്.

നേരത്തേ നിശ്ചയിച്ചതിൽനിന്ന് ഒന്നോ രണ്ടോ ആഴ്ചകളുടെ വ്യത്യാസം വന്നേക്കാമെങ്കിലും സെപ്റ്റംബറിനുള്ളിൽത്തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ പി.സി.സി. അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് വൈകിയതാണ്‌ ഇതിനുകാരണമെന്നും നേതൃത്വം വ്യക്തമാക്കി.

എ.ഐ.സി.സി. അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുനടപടി ഓഗസ്റ്റ് 21-ന് തുടങ്ങി സെപ്റ്റംബർ 20-ന് അവസാനിക്കുന്ന തരത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന പ്രവർത്തകസമിതിയോഗം തീരുമാനിച്ചിരുന്നു. ഓരോ ഘട്ടത്തിലുമുള്ള കൃത്യമായ തീയതികൾ വേഗത്തിൽ തീരുമാനിക്കുമെന്നാണ് ഹൈക്കമാൻഡ്‌വൃത്തങ്ങൾ നൽകുന്ന സൂചന.

താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ജൂലായ് 21 മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിൽ പി.സി.സി. അധ്യക്ഷൻ, ഉപാധ്യക്ഷൻ, ഖജാൻജി, നിർവാഹകസമിതി അംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ, ചില സംസ്ഥാനങ്ങളിൽ ഇത്‌ പൂർത്തിയായിട്ടില്ല. നേരത്തേ തീരുമാനിച്ച തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റമുണ്ടാവുകയാണെങ്കിൽ പ്രവർത്തകസമിതിയോഗം ഇനിയും ചേരേണ്ടിവരുമെന്നും സൂചനയുണ്ട്.

മേയിൽ രാജസ്ഥാനിലെ ഉദയ്‍‍പുരിൽ നടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത പ്രതിനിധികളെല്ലാം അധ്യക്ഷ സ്ഥാനം വീണ്ടും രാഹുൽ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ നിഷേധാത്മക സമീപനമായിരുന്നില്ല രാഹുലിന്റേതെന്നും അതിനാൽ അദ്ദേഹം വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നും മുതിർന്ന നേതാക്കളിൽ പലരും കരുതുന്നു. സോണിയാഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇനിയും ഏറെക്കാലം അധ്യക്ഷസ്ഥാനത്ത് തുടരാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ ദയനീയപരാജയത്തിനുപിന്നാലെയാണ് 2019 മേയ് 25-ന് രാഹുൽ അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവരെ അധ്യക്ഷസ്ഥാനത്ത് അവരോധിക്കാൻ പ്രവർത്തകസമിതിയോഗത്തിൽ രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ സോണിയാഗാന്ധി സ്ഥാനമേറ്റെടുക്കുകയായിരുന്നു.

ജനൽ കമ്പിയിൽ കെട്ടിയിട്ട് കത്തി കരിഞ്ഞ നിലയിൽ ആദിവാസി യുവാവിന്റെ മൃതദേഹം

ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൊടുപുഴ ചിന്നക്കനാലില്‍ 301 കോളനിയിലെ തരുണ്‍(21) ആണ് മരിച്ചത്.

ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ വീടിന്റെ പുറകുവശത്തെ ജനലിന് ചേർന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തായ് ഒരു വടിയും ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി.

ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു. കൊലപാതകമാണോ ആത്മഹത്യയാണോ എന്നു വ്യക്തമല്ല

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ശാന്തന്‍പാറ പോലീസ് അറിയിച്ചു.

ഉത്തരേന്ത്യയിൽ ഭൂചലനം

ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നേരിയ ഭൂചലനം. പുലര്‍ച്ചെ 1.12ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. ലഖ്‌നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. ഭൂ ഉപരിതലത്തില്‍ നിന്ന് 82 കിലോമീറ്റർ ആഴത്തില്‍ നിന്നാണ് രൂപപ്പെട്ടത്.

ലഖിംപുര്‍ ഖേരിയിലും ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും ചിലയിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ സനോശ്രീ തരാതലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു.

ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.