റിക്രൂട്ട്മെൻ്റ്, വിസ തട്ടിപ്പുകൾ പരാതിപ്പെടാൻ സർക്കാർ ഹെൽപ്പ് ലൈൻ തുറന്നു

സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ- മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസും സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യവകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസിമലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ടറിയിക്കാം. പൊലീസിനു കീഴിലാണ് ഇത് പ്രവർത്തിക്കുക

വെബ് വിലാസം https://keralapolice.gov.in/page/nri-cell

 എന്നീ ഇ- മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം.

വിസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ് എന്നിവരുടെ സംയുക്ത യോഗം നേരത്തെ ചേർന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ‘ഓപ്പറേഷന്‍ ശുഭയാത്ര’ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

സോഷ്യൽ മീഡിയ റിക്രൂട്ട്മെൻ്റ് തട്ടിപ്പുകളും നിരീക്ഷണത്തിൽ

സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പോലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

ഒന്നിലധികം പങ്കാളികൾ പുരുഷൻമാരെക്കാൾ സ്ത്രീകൾക്കിടയിൽ – കുടുബാരോഗ്യ സർവ്വെ

0

ഇന്ത്യയില്‍ ഒന്നിലധികം പങ്കാളികളുള്ളത് പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കെന്ന് സര്‍വേ. ദേശീയ കുടുംബാരോഗ്യ സർവേയി (NFHS) ലാണ് ഈ കണക്കുകൾ വ്യക്തമാവുന്നത്. 2019 – 21 കാലത്ത് രാജ്യത്തെ 28 സംസ്ഥാനങ്ങളിലേയും എട്ട് കേന്ദ്രഭരണപ്രദേശങ്ങളിലേയും 707 ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.

ഇന്ത്യയിൽ 11 സംസ്ഥാനങ്ങിളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പങ്കാളികളുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കണക്കാണിത്.

1.1 ലക്ഷം സ്ത്രീകളേയും 1 ലക്ഷം പുരുഷന്മാരേയും കേന്ദ്രീകരിച്ചായിരുന്നു ദേശീയ കുടുംബാരോഗ്യ സര്‍വേ. പല സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്.

പങ്കാളിയോ ഭാര്യയോ ഉണ്ടായിരിക്കെ ഇതര ബന്ധം കൂടുതൽ പുരുഷനിൽ

എന്നാൽ ഭാര്യയോ പങ്കാളിയോ ഉണ്ടായിരിക്കെ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതലാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. സര്‍വെയുടെ ഭാഗമായവരില്‍ നാല് ശതമാനമാണ് ഇത്തരത്തിൽ ഭാര്യ ഉണ്ടായിരിക്കെ മറ്റുള്ള സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടുന്നത്. എന്നാൽ 0.5 ശതമാനം സ്ത്രീകൾ മാത്രമാണ് ഭർത്താവ് ഉണ്ടായിരിക്കെ മറ്റു ബന്ധത്തിൽ ഏർപ്പെടുന്നത് എന്ന് എൻ.എഫ്.എച്ച്.എസ്. സര്‍വേ ചൂണ്ടിക്കാട്ടുന്നു.

സർവ്വെ ലിങ്ക് ഇതോടൊപ്പം

കേരളം, രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ള സ്ത്രീകള്‍ പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് സർവേയിൽ വ്യക്തമാക്കുന്നത്.രാജസ്ഥാനിലാണ് ഇക്കാര്യത്തിൽ സ്ത്രീകൾ മുൻപന്തിയിൽ

സർവകലാശാലകളിലെ എല്ലാ ബന്ധു നിയമങ്ങളിലും നടപടിക്ക് ഗവർണർ തയാറാവണം – പ്രതിപക്ഷ നേതാവ്

സര്‍വകലാശാലകളില്‍ നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ സി.പി.എമ്മുകാരുടെ ബന്ധുക്കള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. വിഷായധിഷ്ഠിതമായാണ് പ്രതിപക്ഷം സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

അനധികൃത നിയമനം മരവിപ്പിച്ച ചാന്‍സിലറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വിചിത്രവും നിയമവിരുദ്ധവുമാണ്. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ചാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്. നിയമനം മരവിപ്പിക്കുക മാത്രമാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അല്ലാതെ നടപടി എടുത്തിട്ടില്ല. നോട്ടീസ് കൊടുത്ത് ഹിയറിങ് നടത്തി നടപടി എടുക്കാനിരിക്കെയാണ് ചാന്‍സിലര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത്.

19 കേസുള്ള ഫർസീനെതിരെ കാപ്പ എങ്കിൽ …

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു.

കാപ്പ എന്ന ഗുണ്ടാ നിയമം

കേരള ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് ഇതാണ് കാപ്പയുടെ മുഴുവന്‍ പേര്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമാണ്. പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, അനധികൃത മദ്യക്കച്ചവടക്കാര്‍, മദ്യക്കടത്തുകാര്‍, മദ്യവില്‍പനക്കാര്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍ – വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍ – വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍ – കടത്തുകാര്‍ – വില്‍പനക്കാര്‍ എന്നിവരെല്ലാമാണ് പ്രധാനമായും നിയമത്തിന്റെ പരിധിയില്‍ വരുന്നത്.

40 കേസുള്ള എസ് എഫ് ഐ നേതാവ്

അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

ഇയാള്‍ക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നത്. സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവരാണ്.

കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കുമെന്നും സതീശന്‍ അറിയിച്ചു. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശന്‍ പറഞ്ഞു.

സ്വപ്ന സുരേഷിന് തിരിച്ചടി; മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യ മൊഴി വെളിപ്പെടുത്തിയ ഗൂഡാലോചന കേസ് നിലനിൽക്കും

സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട സംഭവത്തിൽ ഗൂഡാലോചനാ കേസ് എടുത്തതിന് എതിരായി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിയോജിപ്പുണ്ടെങ്കില്‍ ചോദ്യം ചെയ്യാമെന്നും സ്വപ്നയെ ഹൈക്കോടതി അറിയിച്ചു.

തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍, പാലക്കാട് കസബ സ്റ്റേഷന്‍ എന്നിവിടങ്ങളിലായിരുന്നു കേസ്. കെ.ടി ജലീലിന്റെ പരാതിപ്രകാരമായിരുന്നു കേസെടുത്തത്. പരാതി പ്രകാരം ഗൂഢാലോചന, കലാപാഹ്വാന വകുപ്പുകളാണ് ചുമത്തിയത്.

ഇത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു സ്വപ്‌ന ഹര്‍ജി ഫയല്‍ ചെയ്തത്.

കേസ് നിലനില്‍ക്കില്ലെന്ന് സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തെളിവുകള്‍ നിരത്തി. തുടര്‍ന്നാണ് കേസില്‍ ചില വസ്തുതകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ നല്‍കിയ രഹസ്യ മൊഴി പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു കേരളത്തില്‍ നടന്നത്. മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലടക്കം പ്രതിഷേധം നടന്നു. കേസുകളില്‍ പി.സി ജോര്‍ജും പ്രതിയാണ്.

ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ, നിറമനുസരിച്ച് ഊഴം അറിയാം

 ഈവര്‍ഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ വിതരണത്തിനെത്തും. 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല വിതരണം ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും അന്നതു തന്നെ ഉണ്ടാവും. ജില്ലാ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വഹിക്കും.

  1. ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ എ.എ.ഐ (മഞ്ഞ) കാര്‍ഡുടമകള്‍ക്ക്

2. ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുടമകള്‍ക്ക്

3. ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്ക്

4. സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക്

5. പൊതുവായ വിതരണം സെപ്റ്റംബര്‍ 4, 5, 6, 7 എന്നീ തീയതികളില്‍ നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും

സെപ്റ്റംബര്‍ 4 ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും. സെപ്റ്റംബര്‍ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല.

എല്ലാ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റാന്‍ ശ്രദ്ധിക്കണം.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ്

1-കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
2-മില്‍മ നെയ്യ് 50 മി.ലി.
3-ശബരി മുളക്‌പൊടി 100 ഗ്രാം
4-ശബരി മഞ്ഞള്‍പ്പൊടി100 ഗ്രാം
5 ഏലയ്ക്ക 20 ഗ്രാം
6-ശബരി വെളിച്ചെണ്ണ 500 മി.ലി.
7-ശബരി തേയില 100 ഗ്രാം
8-ശര്‍ക്കരവരട്ടി / ചിപ്‌സ് 100 ഗ്രാം
9-ഉണക്കലരി 500 ഗ്രാം
10-പഞ്ചസാര 1 കി. ഗ്രാം
11-ചെറുപയര്‍ 500 ഗ്രാം
12-തുവരപ്പരിപ്പ് 250 ഗ്രാം
13- പൊടി ഉപ്പ് 1 കി. ഗ്രാം
14-തുണി സഞ്ചി ഒരെണ്ണം

ഓണം അവധി സപ്തംബർ 2 മുതൽ 11 വരെ

0

സംസ്ഥാനത്ത് സ്‌കൂളുകൾക്കുള്ള ഓണം അവധി തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണം അവധി. ഓഗസ്റ്റ് 24 മുതൽ ഓണം പരീക്ഷകൾ ആരംഭിക്കും.

നാളെ ശനിയാഴ്ച സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മഴയുടെ സാഹചര്യത്തിൽ അവധികളുണ്ടായിരുന്നു. പാഠഭാഗങ്ങൾ തീർക്കാൻ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.

കേന്ദ്ര സർവ്വീസിൽ എഞ്ചിനീയർ; ബിരുദധാരികൾക്ക് അവസരം

കേന്ദ്ര സര്‍വീസിലെ ജൂനിയര്‍ എന്‍ജീനിയര്‍ തസ്തികകളിലേക്കുള്ള 2022-ലെ പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ SSC വിജ്ഞാപനം പുറപ്പെടുവിച്ചു.

യോഗ്യത: സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ഡിഗ്രി/ഡിപ്ലോമ. അല്ലെങ്കില്‍ സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. ബോര്‍ഡര്‍ റോഡ്‌സിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. സേനാ വിഭാഗമായതിനാൽ ഇതിന് ശാരീരിക യോഗ്യതകളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

അവസരങ്ങൾ: മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍: ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് (നേവല്‍), ഫറാക്കാ ബാരേജ് പ്രോജക്ട്, മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസ്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, മിനിസ്ട്രി ഓഫ് പോര്‍ട്‌സ്- ഷിപ്പിങ് ആന്‍ഡ് വാട്ടര്‍ വേയ്‌സ് (ആന്‍ഡമാന്‍ ആന്‍ഡ് ലക്ഷദ്വീപ് ഹാര്‍ബര്‍ വര്‍ക്‌സ്).

വിവിധ മന്ത്രാലയങ്ങളിലെ/ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലാണ് അവസരം. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബറിലാണ് നടത്തുക.

പ്രായപരിധി: സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നതിന് 32 വയസ്സും മറ്റുസ്ഥാപനങ്ങളിലേക്ക്/ വകുപ്പുകളിലേക്ക് അപേക്ഷിക്കുന്നതിന് 30 വയസ്സുമാണ് പ്രായപരിധി.

2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
ശമ്പള സ്‌കെയില്‍: 35,400-1,12,400 രൂപ.

പരീക്ഷ: പേപ്പര്‍-I (കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ), പേപ്പര്‍-II (വിവരണാത്മകം) എന്നിങ്ങനെ രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. രണ്ട് മണിക്കൂറാണ് രണ്ട് പരീക്ഷയുടേയും ദൈര്‍ഘ്യം. സിലബസ് വെബ്സൈററിൽ ലഭിക്കും.

പരീക്ഷാകേന്ദ്രങ്ങള്‍: കര്‍ണാടക, കേരള റീജണിലാണ് (കെ.കെ.ആര്‍) കര്‍ണാടകയും കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്നത്. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.

അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും അപേക്ഷാഫീസില്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐയുടെ ചലാന്‍ വഴിയോ സെപ്റ്റംബര്‍ മൂന്നിനകം അടയ്ക്കണം. ചലാന്‍ വഴി ഫീസടയ്ക്കുന്നവര്‍ അതിനുള്ള ചലാന്‍ സെപ്റ്റംബര്‍ രണ്ടിനകം ജനറേറ്റ് ചെയ്യണം.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം ഒപ്പ്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ തുടങ്ങിയവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 2.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താൻ പൊലീസ്

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് തീരുമാനം. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ഫര്‍സീന് നല്‍കി. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളെ മറയാക്കിയാണ് മാരക നിയമം പ്രയോഗിക്കുന്നത്.

ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നാടുകടത്തൽ നടപടിയാവും ഉണ്ടാവുക.

കാപ്പ ചുമത്താന്‍ പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടിയിരിക്കയാണ്. ഡിഐജി തലത്തില്‍ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്. ഫര്‍സീന്‍ മജീദിനെതിരായ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും ഒന്നിച്ച് പരിഗണിച്ചു. ഇവ നേരത്തെ തയാറാക്കിയ ശേഷം കേസിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തണമെന്നാണ്‌ പോലീസ് നിർദ്ദേശം ഉണ്ടായിരിക്കുന്നത്.

ശുപാര്‍ശ കളക്ടര്‍ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണം. ഇതിനിടയില്‍ ഫര്‍സീന് തന്റെ വാദങ്ങള്‍ പറയാനുള്ള അവസരമുണ്ടാകും. ഫര്‍സീന്‍ നേരിട്ടോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഈ സമിതിക്ക് മുന്നില്‍ എത്തണം. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ഫര്‍സീന് നല്‍കി

മട്ടന്നൂര്‍ പോലീസാണ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2018 മുതല്‍ ഫര്‍സീന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.

സിവിക് ചന്ദ്രൻ പ്രതിയായ പീഡന കേസിൽ സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലേക്ക്

ലൈംഗികപീഡന കേസില്‍ സിവിക് ചന്ദ്രൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വസ്ത്രധാരണം പ്രകോപനം സൃഷ്ടിച്ചു എന്ന മട്ടിൽ വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

ജാമ്യം സംബന്ധിച്ച വിഷയത്തിൽ അല്ല മറിച്ച് കോടതിയുടെ പരാമര്‍ശങ്ങളാണ് അപ്പീലിൽ മുഖ്യ പരിഗണനയാവുക. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ പരാമര്‍ശമാണ് ഉണ്ടായത്. ഇത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഇന്ന് 19/8 ന് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. സോഷ്യൽ മീഡിയയിൽ നിന്നും പൊലീസ് ശേഖരിച്ച ചിത്രങ്ങൾ ഉയർത്തിയായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. പ്രകോപന പരമായ വസ്ത്രം എന്ന് കണ്ടെത്തി ഈ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്.

ഇത് നിയമപരമായി ഒരുതരത്തിലും സാധൂകരിക്കാനാകുന്നതല്ലെന്ന നിലപാടാണ് സര്‍ക്കാരിന്. തിങ്കളാഴ്ച ഈ കേസ് കോടതിക്ക് മുൻപാകെ എത്തിക്കും

വിധിയിൽ അടിമുടി വൈരുധ്യങ്ങൾ

സെഷൻസ് കോടതിയിൽ മുൻകൂ‍ര്‍ ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍  പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. ആഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമലംഘനവുമാണ് ഉത്തരവിലെ പരാമ‍ർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ പറഞ്ഞു.

ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി  സമൂഹത്തിൽ ഉന്നതപദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും  പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്. സെഷൻസ് ജഡ്ജിയുടെ പരാമ‍ർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ്  ഇരയായ യുവതിയുടെ തീരിമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. 

സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനപരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി  പട്ടികജാതി പട്ടികവർഗ്ഗ പീഡന നിയമത്തെ വ്യാഖ്യാനിച്ചതിനെച്ചൊല്ലിയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരി പട്ടികജാതിക്കാരിയായതിനാൽ എസ്‌സി എസ്ടി നിയമ പരിരക്ഷ ഉണ്ട്. എന്നാൽ  സിവികിന് ജാതിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌സി എസ്ടി നിയമം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജാതിയില്ലാ എന്ന് സിവികിന്റെ എസ്എസ്എൽസി ബുക്കിലുണ്ട്. അദ്ദേഹം സാമൂഹ്യ പരിഷ്കർത്താവാണ് എന്നും കോടതി പറയുന്നു. അത്തരമൊരാൾക്കെതിരെ എങ്ങിനെ എസ്‌സി എസ്ടി അതിക്രമ നിരോധന നിയമം ചുമത്തും എന്നാണ് കോടതിയുടെ ചോദ്യം. ഇത് നിയമലംഘനമാണെന്ന് ദളിത് അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 2 നാണ് ഈ ഇത്തരവ് പുറത്തിറങ്ങിയതെങ്ഖിലും രണ്ടാമത്തെ ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ  വിവാദമയതോടെയാണ് ഇതും ചർർച്ചാവിഷയമായത്. ദളിതർക്ക് വേണ്ടിയുണ്ടാക്കിയ നിയമത്തിലെ അന്തസത്തയാണ് കോടതി ചോദ്യം ചെയ്തതെന്നാണ് നിയമവിദഗ്ധരുടെ  വിലയിരുത്തൽ.

ബിൽക്കീസ് ബാനു ബലാത്സംഗക്കേസിൽ സർക്കാർ മോചിപ്പിച്ച പ്രതികൾ ബ്രാഹ്മണർ ആകയാൽ നല്ലവരെന്ന് ഗുജറാത്ത് എം എൽ എ

ഗുജറാത്ത് കലാപത്തിലെ ഏറ്റവും ക്രൂര മുഖമായ ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ സര്‍ക്കാര്‍ മാപ്പ് നൽകി മോചിപ്പിച്ച പ്രതികൾക്ക് വംശീയ സ്തുതിയുമായി എം.എൽ.എ.

ഗുജറാത്ത് സർക്കാർ മോചനം നൽകിയ 11 പേരും ‘ബ്രാഹ്‌മണരാണെ’ന്നും ‘നല്ല സംസ്‌കാരത്തിനുടമകളാണെ’ന്നും ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജി പറഞ്ഞു.

മനസാക്ഷി തകർക്കുന്ന ക്രൂരകൃത്യത്തിലെ പ്രതികളുടെ മോചനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് എംഎല്‍എയുടെ പ്രസ്താവന. ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ബ്രാഹ്മണ സ്തുതി നടത്തിയ സി.കെ. റൗല്‍ജി.

“അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്‌തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ കുറ്റകൃത്യം നടപ്പാക്കാൻ ചില ഉദ്ദേശം ഉണ്ടാവണം. അവര്‍ ബ്രാഹ്‌മണരാണ്, ബ്രാഹ്‌മണര്‍ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്” എന്നാണ് അന്വേഷണ സമിതിയിലെ എം.എൽ. എയുടെ പ്രതികരണം. പ്രതികള്‍ ജയിലിൽ സൽസ്വഭാവികളായിരുന്നു എന്നും അദ്ദേഹം പുകഴ്ത്തി.

തെലുങ്കാന രാഷ്ട്ര സമിതി സോഷ്യല്‍ മീഡിയ കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡി അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററില്‍ പങ്കുവെച്ചു. ബലാത്സംഗികളെ സംസ്‌കാരസമ്പന്നരെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നതെന്നും ഒരു രാഷ്ട്രീയകക്ഷിയ്ക്ക് എത്രത്തോളം തരംതാഴാമെന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കുറിച്ചു.

സ്വാതന്ത്ര്യദിനത്തിലാണ് ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികള്‍ ജയില്‍മോചിതരായത്. മോചനം തേടി പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനത്തിനായി കോടതി സംസ്ഥാനസര്‍ക്കാരിന് വിടുകയായിരുന്നു. രാഹുല്‍ ഗാന്ധി, മഹുവ മൊയ്ത്ര, പി. ചിദംബരം തുടങ്ങി നിരവധി നേതാക്കള്‍ മോചനത്തിനെതിരേ രംഗത്തെത്തിയിരുന്നു.