പാരസിറ്റമോൾ തീറ്റിക്കാൻ ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകിയത് ആയിരം കോടി

പാരസിറ്റമോൾ ഗുളികയായ ഡോളോ 650 രോഗികള്‍ക്ക് കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയ കേസിൽ ഇടപെട്ട് സുപ്രിംകോടതി. വിഷയം അതീവ ഗൗരവകരമെന്ന് സുപ്രിംകോടതി പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്കണമെന്നും ആവശ്യപ്പെട്ടു.

1000 കോടി രൂപ ഡോളോയുടെ ഉത്പ്പാദകര്‍ ഗുളിക കുറിച്ചു നൽകാൻ ഡോക്ടർമാർക്ക് കൈക്കൂലി നല്‍കിയെന്ന് ഇന്‍കം ടാക്‌സ് കണ്ടെത്തലും സ്ഥിരീകരിച്ചു. ഇതാണ് കോടതി ഇടപെടലിലേക്ക് നയിച്ചത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ പരാതിയെ തുടർന്നന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇത്രയും ഭീമമായ തുക ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകി എന്ന് കണ്ടെത്തിയത്.

അന്വേഷിച്ചത് നികുതി വെട്ടിപ്പ്, കണ്ടെത്തിയത് ജനങ്ങളെ ഗുളിക തീറ്റിക്കുന്ന കൈക്കൂലി കണക്ക്

ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയില്‍ ഐടി സ്‌ക്വാഡ് പരിശോധന നടത്തിയത്. റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തി. ആയിരം കോടിയോളം രൂപ ഡോക്ടര്‍മാര്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. മാത്രമല്ല ഡോക്ടര്‍മാര്‍ക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നു.

ആരോപണവിധേയരായ ഡോക്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇത് ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കല്‍ കമ്മിഷന് അടുത്ത ദിവസം കൈമാറും.

കൈക്കൂലിക്കായി ജനങ്ങളെ മരുന്നു തീറ്റിക്കുന്നു, നിയമം നോക്കു കുത്തി

Federation of Medical and Sales Representatives Association of India നൽകിയ പൊതു താത്പര്യ ഹരജിക്ക് തുടർച്ചയായാണ് കോവിഡ് കാലത്ത് 1000 കോടിയുടെ കൈക്കൂലി മറിഞ്ഞതായി കണ്ടെത്തിയത്. ഇത് ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.

യാതൊരു മാനദണ്ഡവും ഇല്ലാതെ മരുന്നും ഡോസേജും നിശ്ചയിച്ച് നൽകുകയാണ് എന്നാണ് അസോസിയേഷൻ പരാതിയിൽ ഉന്നയിച്ചത്. മാത്രമല്ല ഇതിനായി രാജ്യത്ത് നിയന്ത്രണം ഒന്നുമില്ലെന്നിരിക്കെ ഗുരുതര സാഹചര്യമാണ്.

Uniform Code of Pharmaceutical Marketing Practices (UCPMP) സംവിധാനം പേരിന് മാത്രമാണ്. ഇതിന് നിയമപരമായ പരിരക്ഷ ഈ സാഹചര്യത്തിൽ നൽകണം എന്നാണ് പൊതു താത്പര്യ ഹരജിയിൽ ആവശ്യപ്പെട്ടത്. മാറി വന്ന സർക്കാരുകൾ ഒന്നും തന്നെ ഇത് നിയന്ത്രിക്കാൻ താത്പര്യം എടുത്തില്ല.

500mg ക്ക് പകരം 650 കഴിപ്പിച്ചത് കൊള്ളയടി എളുപ്പമാക്കാൻ

500 മില്ലിഗ്രാം പാരസിറ്റമോൾ ഗുളികകളാണ് സാധാരണയായി രോഗികൾക്ക് നൽകിയിരുന്നത്. 500 മില്ലി ഗ്രാമിന് സർക്കാർ നിയന്ത്രണ പ്രാകാരം മാത്രമാണ് വില ഈടാക്കാൻ കഴിയുക. എന്നാൽ ഇതിന് മുകളിൽ വന്നാൽ വില നിയന്ത്രണ നിയമത്തെ മറികടക്കാം എന്നതാണ് മരുന്ന് കമ്പനികൾ മറയാക്കിയത്. ഇങ്ങനെ 650 എം ജി കുറിച്ചു നൽകാൻ ഡോക്ടർമാർക്ക് കൈക്കൂലി നൽകി എന്നതാണ് കോസ്.

ഇന്ത്യയിൽ പാരസിറ്റമോൾ അടങ്ങുന്ന 37 ബ്രാൻ്റുകൾ മാർക്കറ്റിലുണ്ട്. ഡോളോ പരിഷ്കൃത മെഡിസിൻ എന്ന നിലയിലുമാണ് അവതരിപ്പിക്കപ്പെട്ടത്. അതുവരെ കൽപോളിനുണ്ടായിരുന്ന ആധിപത്യത്തിലേക്കാണ് ബാംഗ്ലൂർ കേന്ദ്രമായുള്ള മൈക്രോ ലാബ്സിൻ്റെ ഈ ഉല്പന്നം കുതിച്ച് കയറിയത്.

കോവിഡ് തരംഗത്തിൻ്റെ രണ്ടാം ഘട്ടത്തിൽ 2020 – 2021 കാലത്ത് ആദ്യത്തെ മൂന്നു മാസങ്ങളിൽ മാത്രം 138.42 ശതമാനം വില്പനയാണ് ഡോളോ മാർക്കറ്റിൽ അധികമായി നേടിയത്. ഭൂരിപക്ഷവും ഡോക്ടർമാരുടെ ലിസ്റ്റ് ഇല്ലാതെ തന്നെ വാങ്ങി കഴിക്കുന്ന നിലയിലേക്ക് എത്തി. ക്രോസിൻ 500 ഗ്രാം മാത്രമാണ് എന്നതും കൽപോൾ വില കൂടിയതാണ് എന്നതും കമ്പനി അനുകൂലമാക്കി. ഇത് ഡോക്ടർമാരിലൂടെ കണ്ടെത്തിയ മാർക്കറ്റിങ് ആയിരുന്നു.

What is Dolo-650?

Dolo-650 is nothing but a medicine with 650 mg of paracetamol, an antipyretic (fever reducing) and analgesic (pain reducing) drug.

കേരളത്തിലേക്ക് രാസവസ്തുക്കൾ ചേർന്ന പാൽ ഒഴുകുന്നു; 12000 ലിറ്റർ പിടികൂടി തിരിച്ചയച്ചു

രാസവസ്‌തു കലര്‍ന്ന പാലുമായി തമിഴ്‌നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി പിടികൂടി.പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിലാണ് സംഭവം. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പാലുമായി വന്ന ടാങ്കര്‍ലോറിയിലാണ് രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.പ്രാഥമിക പരിശോധനയില്‍  യൂറിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാലാണ് പരിശോധനയില്‍ പിടികൂടിയത്. ടാങ്കര്‍ ലോറി തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയച്ചു.ഓണം ഉള്‍പ്പെടെ ഉത്സവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഇത്രയുമധികം മായം ചേര്‍ന്ന പാല്‍ പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിളെടുത്ത് വിശദമായ പരിശോധനയ്ക്‌ക് അയച്ചു.

ക്ഷീരവികസന വകുപ്പാണ് ടാങ്കര്‍ ലോറി തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയച്ചത്.

ഗവർണറുടെ നടപടികൾക്ക് പിന്നിൽ ഡൽഹിയും ആർ എസ് എസ് ഓഫീസുമെന്ന് കോടിയേരി

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന്‍ ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനം രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സര്‍ക്കാരിനെ അട്ടിമാറിക്കാനുള്ള ആസൂത്രിതമായ ചില നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ വെല്ലുവിളികള്‍ സിപിഎം നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യം എല്ലാവരും മനസിലാക്കണം. ഈ വെല്ലുവിളി ഒരുവര്‍ഷംകൊണ്ട് നടപ്പാക്കാനുള്ളതായിരിക്കില്ല. അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ടവെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ കേന്ദ്രം ഡല്‍ഹിയും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുമാണ്. ഇത്തരം കേന്ദ്രങ്ങള്‍ സിപിഎമ്മിനെതിരേ നടത്തുന്ന ഇടപെടല്‍ കേരളത്തില്‍ രാജ്ഭവന്‍ ആസ്ഥാനമായി തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കരുത്. രാഷ്ട്രീയ എതിരാളികള്‍ പല രൂപത്തില്‍ ആക്രമിക്കാന്‍ ശ്രമിക്കും. ഈ നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ച് നേരിടണം’, കോടിയേരി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സ്റ്റേ ചെയ്തിരുന്നു. ഗവർണറുടെ പക്ഷത്ത് നിന്നുള്ള നടപടികൾ തുടർച്ചയായി സർക്കാരുമായി ഏറ്റുമുട്ടുന്ന തലത്തിൽ വളർന്നതിന് പിന്നാലെയാണ് രാജ്ഭവനെതിരേയുള്ള കോടിയേരിയുടെ വിമര്‍ശനം.

നെഞ്ചുവേദന, വയറിളക്കം; കോവിഡിനൊപ്പം ലക്ഷണങ്ങളിലും മാറ്റം

കോവിഡ് രോഗ പകർച്ച മാറാതെ തുടരുമ്പോൾ രോഗ ലക്ഷണങ്ങളിലും ശാരീരിക അസ്വസ്ഥതകളിലും മാറ്റം. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായാണ് പുതിയ കോവിഡ് രോ​ഗികളിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

നേരത്തെ വ്യാപകമായി കണ്ടിരുന്ന് ലക്ഷണങ്ങൾ തലവേദന, പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിങ്ങനെയാണ്. ഇപ്പോൾ നെഞ്ചുവേദന, മൂത്രത്തിൻ്റെ അളവിൽ കുറവ്, വയറിളക്കം എന്നിങ്ങനെ ലക്ഷണങ്ങൾ കാണിച്ചാണ് കോവിഡ് പോസിറ്റീവ്ആകുന്നത്.

ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോ.രാജേഷ് ചൗളയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇത്. മിക്കവരിലും ഒരാഴ്ചയോളം എടുത്താണ് രോ​ഗം ഭേദമാകുന്നതെന്നും അദ്ദേഹം പറയുന്നു.

ഡൽഹിയിൽ ഒമിക്രോൺ വകഭേദമായ BA2.75 ആണ് കൂടുതൽ വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യാപനം കൂടുതലാണെങ്കിലും അപകടകാരിയല്ല ഈ വകഭേദം.

എന്നാൽ കോവിഡ് ബാധിച്ചവരിൽ ഹൃദ്രോ​ഗ സംബന്ധമായ പ്രശ്നങ്ങൾ കൂടുന്നതായും കണ്ടുവരുന്നുണ്ട്. കഫ പ്രശ്നങ്ങളും വർധിച്ചതായാണ് റിപ്പോർട്ട്

ബർഗറുകൾ ദിവസവും ചെറുതാവുന്നു, മക്ഡൊണാൾഡിനെതിരെ പരാതി

0

പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഘലയായ മക്‌ഡൊണാൾഡ്സിൻ്റെ ബർഗറുകൾ ചെറുതാവുന്നു എന്ന് ആരോപണം. മക്‌ഡൊണാൾഡ്സിൻ്റെ ഓസ്ട്രേലിയൻ ഔട്ട്‌ലറ്റുകൾക്കെതിരെയാണ് ആരോപണം ഉയരുന്നത്. നിരവധി ഉപഭോക്താക്കളാണ് ഈ ആരോപണവുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. എന്നാൽ, മക്ഡൊണാൾഡ്സ് വക്താവ് ഈ ആരോപണങ്ങൾ തള്ളി. ബർഗറിൻ്റെ വലിപ്പം വ്യത്യാസപ്പെടുത്തിയിട്ടില്ലെന്നാണ് വാർത്താകുറിപ്പിലൂടെ മക്ഡൊണാൾഡ്സ് അറിയിച്ചത്.

ഇത് ആദ്യമായല്ല മക്‌ഡൊണാൾഡ് ഈ ആരോപണം നേരിടുന്നത്. ഈ വർഷാദ്യവും മക്‌ഡൊണാൾഡ്സിൻ്റെ ബർഗർ ചെറുതാവുന്നു എന്ന് ആരോപണങ്ങളുയർന്നിരുന്നു. ടിക്‌ടോകിൽ നിരവധി ആളുകൾ ഈ ആരോപണവുമായി വിഡിയോ പങ്കുവച്ചു. സിനിമാ താരങ്ങളടക്കമുള്ളവർ മക്‌ഡൊണാൾഡ്സിനെതിരെ രംഗത്തുവന്നു.

സർക്കാർ ഓൺലൈൻ ടാക്സിയിൽ കന്നിയാത്ര മുടങ്ങി, ആപ് ഇനിയും പ്ലേ സ്റ്റോറിലായില്ല

0

കേരള സർക്കാരിന്‍റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ കന്നി യാത്ര മുടങ്ങി .

സവാരി ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ആപ്പില്ലാത്തതിനാൽ ഓൺലൈൻ ടാക്സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല.

പ്രഖ്യാപിച്ച പോലെ ഇന്നലെ മുഖ്യമന്ത്രിയാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്.  ഉദ്ഘാടനത്തിന് പിന്നാലെ പ്ലേ സ്റ്റോറിൽ ആപ്പ് എത്തുമെന്നായിരുന്നു പ്രഖ്യാപനം.

രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയിൽ ഓൺലൈൻ ടാക്സി സർവീസ് നിലവിൽ വരുന്നത്. കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പൊലീസ് പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണ കടത്തു കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കടത്ത് സ്വർണവും നിരവധി പാസ്പോർട്ട്കളും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു

320 ഗ്രാമം സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കൽ നിന്ന് കണ്ടെടുത്തത്. മലപ്പുറം എസ് പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം, അർഷാദ് പൊലീസ് തിരയുന്ന പ്രതി

0

 കാക്കനാട്ടെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ അര്‍ഷാദില്‍നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. കാസര്‍കോട്ടുനിന്ന് പിടിയിലായ അര്‍ഷാദിൻ്റെ ബൈക്കില്‍നിന്നാണ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചത്. ഒരുകിലോ കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്.

കാസര്‍കോട്ട് അര്‍ഷാദിനെതിരേ ലഹരിമരുന്ന് കേസും രജിസ്റ്റര്‍ ചെയ്യും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പ്രതിയെ കൊച്ചി പോലീസിന് കൈമാറുക.

കൊച്ചിയിലെ കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാവാം എന്നാണ് പ്രാഥമി നിഗമനം. കൊലപാതകം നടന്ന ഫ്‌ളാറ്റില്‍ പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിൻ്റെ ലക്ഷണം പോലീസ് കണ്ടെത്തിയിരുന്നു. പതിവായി ഇവിടെ പലരും വന്നുപോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

സ്റ്റഡിയിലായ അര്‍ഷാദ് നേരത്തെ കൊണ്ടോട്ടിയിലെ ഒരു ജൂവലറി കവര്‍ച്ചാക്കേസിലും പ്രതിയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കവര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം അര്‍ഷാദ് ഗോവയിലേക്ക് കടന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് കൊച്ചിയില്‍ എത്തിയതാണെന്നും പോലീസ് കണ്ടെത്തി.

കഴിഞ്ഞദിവസം കൊലപാതകവിവരം പുറത്തറിഞ്ഞതോടെയാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന അര്‍ഷാദ് ഒളിവില്‍പോയിരിക്കുകയാണെന്ന് വ്യക്തമായത്. കഴിഞ്ഞദിവസം വരെ ഇയാളുടെ ഫോണും കൊല്ലപ്പെട്ട സജീവിന്റെ ഫോണും പ്രവര്‍ത്തിച്ചിരുന്നു. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായി സജീവിന്റെ ഫോണ്‍ കൈക്കലാക്കിയ അര്‍ഷാദ്, ഇതില്‍നിന്ന് മെസേജുകള്‍ അയക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഈ ഫോണുകള്‍ സ്വിച്ച് ഓഫ് ആയി.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിന് സമീപത്തുവെച്ചാണ് അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് മഞ്ചേശ്വരത്തുനിന്ന് അര്‍ഷാദിനെ പോലീസ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ചാണ് അര്‍ഷാദിനെ പോലീസ് പിടികൂടിയത്.

ബി ജെ പി പാർലമെൻ്ററി ബോർഡിൽ ഗഡ്കരിയും ശിവരാജ് സിംഗ് ചൌധരിയും പുറത്ത്

ബിജെപിയുടെ പാർലമെന്ററി ബോർഡ് പുനസംഘടിപ്പിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും സമിതിയിൽ നിന്ന് ഒഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ പുതിയതായി ബോർഡിൽ ഉൾപ്പെടുത്തി. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാളും ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണയും ബോര്‍ഡിലുണ്ട്.

2024ലെ നിർണായക പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പാർലമെന്ററി ബോർഡിൽ വലിയ മാറ്റങ്ങൾ.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഷഹവാനസ് ഹുസൈനെ ഒഴിവാക്കി. ആകെ 15 പേർക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഇടം ലഭിച്ചത്. ഇതിൽ പ്രധാനമന്ത്രി മോദി, അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ഉൾപ്പെടുന്നു. യെദ്യൂരപ്പയെയും സര്‍ബാനന്ദ സോനേവാളിനേയും രണ്ട് സമിതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷന്‍ വനിതി ശ്രീനിവാസനെ തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരേയും തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമിതികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ബി.എസ്. യെദ്യൂരപ്പയെ ഇരു സമിതികളിലും ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇത് നിനച്ചിരിക്കാത്ത പദവിയാണ്. അതോടൊപ്പം ഗഡ്കരിയെ ഒഴിവാക്കിയതും അപ്രതീക്ഷിതമായിരുന്നു.

പാർലമെന്ററി ബോർഡിലെ അംഗങ്ങൾ:
ജെ പി നദ്ദ (ചെയർമാൻ), നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബി എസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണ ജാതി, ബി എൽ സന്തോഷ് (സെക്രട്ടറി).

തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ:
ജെപി നദ്ദ, നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബിഎസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണൻ ജാതി, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ്, ഓം മാത്തൂർ, ബിഎൽ സന്തോഷ്, വാനതി ശ്രീനിവാസ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കോടതി നിലപാട് ആശങ്ക ഉയർത്തുന്നു – വനിതാ കമ്മീഷൻ

സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നതായി വനിതാ കമ്മീഷൻ. വസ്ത്രധാരണം പോലെ വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അതിക്രമങ്ങൾ സാധൂകരിക്കുന്നത്. പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതി ഉത്തരവ് നിർഭാഗ്യകരമാണെന്നും അധ്യക്ഷ പി സതീദേവി പറഞ്ഞു.

ഇത്തരം വിധികൾ ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യാ ഭാഗമായി നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടിരിക്കയാണ്. ഗുജറാത്ത് സർക്കാരിൻ്റെ ഈ നടപടി ചർച്ചയാവുന്നതിന് ഇടലിയാണ് കേരളത്തിലും ഇത്തരമൊരു വിധി.

“പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല” എന്നാണ് ഉത്തരവിൽ പറയുന്നത്. ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല.

തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു തന്നെ ഇത്തരം പരാമ‍ർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്.

ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കയാണ്. ഇതിനിടെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യമാണെന്നും സതീദേവി കൂട്ടിച്ചേർത്തു.

കോടതി പരാമർശം സ്ത്രീ വിരുദ്ധം; പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസിൽ ജാമ്യ ഉത്തരവിൽ കോഴിക്കോട് സേഷൻസ് കോടതി നടത്തിയ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ.

എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ വളരെ മോശമായ പരാമർശങ്ങളാണ് കോടതി നടത്തിയിട്ടുള്ളത്. ലൈംഗികമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, ഇന്ത്യൻ ശിക്ഷാ നിയമം 354 ആം വകുപ്പ് പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്ന കോടതി പരാമർശം അപഹാസ്യവും അപലനീയവുമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 75 ആം വാർഷികം ആഘോഷിക്കുന്ന ഒരു രാജ്യത്ത് ഇന്നും സ്ത്രീകൾ ഇത്തരത്തിലുള്ള അവഹേളനങ്ങൾ നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തു നിന്നുപോലും നേരിടേണ്ടി വരുന്നു എന്നുള്ളത് അപഹാസ്യമാണ്. ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിനു തൊട്ടു പിന്നാലെയാണ് കേരളത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്.

പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന മാനസിക വേദനയും പരിഹാസങ്ങളെയും ചൂഷണങ്ങളെയും ഭയന്ന് പരാതിപ്പെടാതെ ജീവിക്കുന്ന ഒരുപാട് ഇരകൾ നമുക്കിടയിലുണ്ട്. പൗരാവകാശങ്ങൾ സംരക്ഷിക്കേണ്ട കോടതിയിൽ നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നത് സ്ത്രീകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. നീതി ലഭിക്കില്ല എന്നൊരു പൊതുബോധത്തിലേക്ക് സ്ത്രീ സമൂഹത്തെ തള്ളി വിടാൻ മാത്രമേ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉപകരിക്കുകയുള്ളൂ. വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിൽ പരാതി നിലനിൽക്കില്ല എന്ന തരത്തിൽ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ നടത്തിയിട്ടുള്ള പരാമർശം ഒട്ടും ഭൂഷണമല്ല. ഒരു പുരോഗമന സമൂഹത്തിന് ചേരാത്ത തരത്തിലുള്ള ഇത്തരം കോടതി പരാമർശത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.