പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ https://keralaresults.nic.in/-ല്‍ ലഭ്യമാണ്. ജൂണിലാണ് പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയത്. www.dhsekerala.gov.inwww.prd.kerala.gov.inwww.results.kite.kerala.gov.inwww.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.

ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം. വൈകീട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്.

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പയ്യോളി സ്വദേശി കസ്റ്റഡിയിൽ

ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പയ്യോളി സ്വദേശി അര്‍ഷാദിനെ പോലീസ് പിടികൂടി. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ(22)-നെ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇൻഫോ പാർക്കിനടുത്ത് ഹോട്ടൽ ജീവനക്കാരനായിരുന്നു.

പയ്യോളി സ്വദേശിയാണ് പിടിയിലായ അര്‍ഷാദ്. അര്‍ഷാദിന്റെ ഫോണ്‍ തേഞ്ഞിപ്പലത്തിന് സമീപത്ത് നിന്നായി ഇന്നലെ മുതല്‍ സ്വിച്ച് ഓഫ് ആയിരുന്നു . സജീവിൻ്റെ ഫോണും ഇയാളുടെ കൈവശമായിരുന്നു എന്നാണ് പൊലീസ് നിഗമനം. പിന്നീട് സ്വിച്ച് ഓഫ് ചെയ്തതായി മനസിലാക്കി.

സജീവ് കൃഷ്ണയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശരീരത്തില്‍ 20-ലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും നെഞ്ചിലും തലയ്ക്കും ആഴത്തിലുള്ള മുറിവാണുള്ളത്.

പതിനാറാം നിലയിൽ നടന്ന കൊലപാതകം, പുറത്തറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്

ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ലാറ്റിലെ 16-ാം നിലയിലായിരുന്നു കൊലപാതകം. ഫ്‌ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്.

മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ഇവര്‍ ബെല്ലടിച്ചിട്ടും വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്തു. തുടർന്ന് സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ.

ഇതേത്തുടര്‍ന്ന് കൂട്ടുകാർ മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. ഇതോടെ എന്തോ പിശകുണ്ടെന്ന് കണ്ടെത്തി.

സംശയം തീർക്കാൻ ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്‌ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്‌ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്.

കൊലപാതകം ഒന്നിൽ അധികം പേർ ചേർന്ന്

കൊല പാതകം നടത്തിയത് ഒന്നിൽ അധികം പേർ ചേർന്നാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാൾക്ക് മാത്രമായ് കൊല്ലപ്പെട്ട സജീഷ് കൃഷ്ണയുടെ മൃതദേഹം ഡെക്റ്റിനുള്ളിൽ ഒളിപ്പിച്ച കൃത്യം നടത്താനാവില്ല എന്നാണ് കരുതുന്നത്. മാത്രമല്ല നല്ല കായിക ശേഷിയുള്ള വ്യക്തിയുമാണ്.

ഇതിനിടെ ഇവരുടെ മറ്റൊരു സുഹൃത്തായ ആഷിഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് ആശിഷ് താമസിക്കുന്നത്. ആശിഷ് വഴിയാണ് ഇവർ ഇവിടെ ഫ്ലാറ്റ് എടുത്തത്. ആശിഷ് ആണ് ആദ്യം സജീവ് കൃഷ്ണ മരിച്ചുകിടക്കുന്നതായി ഫ്ലാറ്റിലെ കെയർടേക്കറെ അറിയിച്ചത്.

അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്തി. സുഹൃത്തിൻ്റെ സ്കൂട്ടറുമായാണ് അർഷാദ് സംഭവ സ്ഥലത്തു നിന്നും പോയത്.

അർഷാദ് നാട്ടിൽ നിന്നും പോയത് രണ്ട് മാസം മുൻപ്

അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടുപോയതാണെന്നു പിതാവ് കെ.കെ.റസാഖ് മൊഴി നൽകിയിട്ടുണ്ട്. പത്തുദിവസം മുന്‍പ് അര്‍ഷാദ് തൻ്റെ ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പിതാവ് റസാഖ് പറഞ്ഞു. 

സിവിക്കിന് ജാമ്യം, ഇരയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് കോടതി

പരാതിക്കാരിയുടെ വസ്‌ത്രധാരണം പ്രകോപനപരമായതിനാൽ ബലാൽസംഗ കേസ്‌ നിലനിൽക്കില്ലെന്ന്‌ കോടതിയുടെ വിചിത്ര ഉത്തരവ്‌. എഴുത്തുകാരൻ സിവിക്‌ ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോഴിക്കോട്‌ പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി എസ്‌ കൃഷ്‌ണകുമാറിന്റെ  ഉത്തരവ്‌.

എഴുത്തുകാരിയായ യുവതിയാണ്‌ സിവികിനെതിരെ കൊയിലാണ്ടി പൊലീസിൽ ലൈംഗിക പീഡന പരാതി നൽകിയത്‌.  2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ഇതിനെതിരെ സിവിക്‌ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ്‌ വിവാദ ഉത്തരവ്‌. പരാതിക്കാരിയുടെ സംഭവ ദിവസത്തെ വേഷവിധാനങ്ങൾ സംബന്ധിച്ച ഫോട്ടോ സിവികിന്റെ അഭിഭാഷകനാണ്‌ കോടതിയിൽ സമർപ്പിച്ചത്‌.സിവികിനെതിരെ മറ്റൊരു സ്‌ത്രീ നൽകിയ പരാതിയിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോപണം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.  അതുകൊണ്ട് 354 എ പ്രാഥമികമായി കേസില്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

ശാരീരിക അവശതകളുള്ള, എഴുപത്തിനാലു വയസുകാരനായ പ്രതി പരാതിക്കാരിയെ ബലം പ്രയോ​ഗിച്ച് മടിയിൽ കിടത്തി, സ്വകാര്യ ഭാ​ഗത്ത് സ്പർശിക്കാൻ ശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സെക്ഷൻ 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭം​ഗം വരുത്തിയതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു.

2020 ഫെബ്രുവരിയിൽ നന്തി ബീച്ചിലെ ഒരു വീട്ടിൽ നടന്ന ക്യാംപിൽ യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി. അന്തസിന് ഭം​ഗം വരുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

ഇത് കള്ളക്കേസാണെന്നും പ്രതിക്കെതിരെ പ്രതികാരം ചെയ്യാൻ ശത്രുക്കളിൽ ചിലർ കെട്ടിച്ചമച്ച കഥയാണിതെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ പി വി ഹരിയും എം സുഷമയും വാദിച്ചു. സംഭവം നടന്ന് ഏകദേശം ആറു മാസങ്ങൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കാലതാമസത്തിന്റെ കാരണം പ്രോസിക്യൂഷൻ വിശദീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പരാതിക്കാരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും പ്രതിഭാ​ഗം ഹാജരാക്കിയിരുന്നു. യുവതി അവളുടെ കാമുകനൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നതെന്ന് അഭിഭാഷകർ വാദിച്ചു.

പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. സമാനമായ ലൈംഗിക പീഡനക്കേസ് പ്രതിക്കെതിരെ മുൻപും ഫയൽ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിന്റെ കാരണം വിശദീകരിക്കണമെന്ന് കോടതി പരാതിക്കാരിയോട് ആവശ്യപ്പെട്ടു.


ഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ, അണ്ടിപരിപ്പും നെയ്യും ചേർത്തു

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ നൽകി തുടങ്ങും. ഓ​ഗസ്റ്റ് 22ന് ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

14 ഇനങ്ങളുമായാണ് ഭക്ഷ്യക്കിറ്റ് എത്തുക. കിറ്റിൻ്റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു.

പഞ്ചസാരയും, ചെറുപയറും, തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.

90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാകുന്നത്. പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം. സപ്ലൈക്കോ സ്റ്റോറുകളോട് ചേർന്ന് കൂടുതൽ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തും പാക്കിംഗ് തുടരുകയാണ്.

ആദ്യം അന്ത്യോദയ

തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാർഡ് ഉടമകൾക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുൻഗണന അനുസരിച്ച് ഓണത്തിന് മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

മുൻ ഭാര്യമാരെ ചേർത്ത് പിടിച്ച് അനുരാഗ് കശ്യപിൻ്റെ ആഘോഷ ചിത്രം

മുൻ ഭാര്യമാരെ ചേർത്ത് പിടിച്ച് വൈറൽ ചിത്രവുമായി സംവിധായകൻ അനുരാഗ് കശ്യപ്. തന്റെ മുൻ ഭാര്യമാരായ ആർതി ബജാജ്, കൽക്കി കോച്ച്ലിൻ എന്നിവരെ തൻ്റെ രണ്ട് തൂങ്ങുകൾ എന്നു വിശേഷിപ്പിച്ചാണ് പോസ്റ്റ്.

കഴിഞ്ഞദിവസം മുംബൈയിൽ മാധ്യമപ്രവർത്തകർക്കായി അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദൊബാര എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആർതിയും കൽക്കിയും. രണ്ടു പേരെയും ചേർത്ത് പിടിച്ച് സന്തോഷം തുളുമ്പുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടൻ ആമിർഖാൻ തന്റെ മുൻ ഭാര്യമാരേക്കുറിച്ചും ആഴ്ചയിലൊരിക്കൽ തങ്ങൾ മൂവരും ഒത്തുകൂടാറുണ്ടെന്നും പറഞ്ഞത്. ആമിർഖാനും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

ഐക്കണിക് എന്നാണ് ഈ ചിത്രത്തിന് അനുരാ​ഗ് കശ്യപിന്റെ മകൾ ആലിയ കമന്റ് ചെയ്തത്. 2003 മുതൽ 2009 വരെയാണ് അനുരാ​ഗിന്റെയും ആർതിയുടേയും ദാമ്പത്യബന്ധം. 2009-ൽ അനുരാ​ഗ് സംവിധാനം ചെയ്ത ദേവ് ഡി എന്ന ചിത്രത്തിലൂടെയാണ് കൽക്കി ബോളിവുഡിൽ അരങ്ങേറുന്നത്. 2011-ലായിരുന്നു ഇവർ വിവാഹിതരായത്. 2013 മുതൽ അകന്നുകഴിഞ്ഞിരുന്ന ഇരുവരും 2015-ലാണ് നിയമപരമായി വിവാഹബന്ധം വേർപെടുത്തിയത്.

ഈ മാസം 19നാണ് ദൊബാര തിയേറ്ററുകളിലെത്തുന്നത്. തപ്സി പന്നു, പവൈൽ ​ഗുലാട്ടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

 “My two pillars ..” Have a look: എന്നാണ് അനുരാഗ് പോസ്റ്റിന് ചുവടെ കുറിച്ചത്. ഇതിന് “Modern family for real.” എന്ന് ഒരു ആരാധകൻ കമൻ്റ് ചെയ്തു.

കൊച്ചിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പയ്യോളി സ്വദേശിയെ പൊലീസ് തിരയുന്നു

0

യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഫ്‌ലാറ്റില്‍ ഒളിപ്പിച്ച സംഭവത്തില്‍ അന്വേഷം ഒപ്പം താമസിച്ചിരുന്ന കൂട്ടുകാരനിലേക്ക്. കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അര്‍ഷാദിൻ്റെ ബന്ധു വീടുകളില്‍ പോലീസ് വ്യാപക പരിശോധന തുടങ്ങി.

ഇയാളുടെ ഫോണ്‍ ഇന്നലെ വൈകിട്ട് മുതല്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംഭവം വാർത്തയായതോടെയാണ് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിന് സമീപം ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് പോലീസ് പറഞ്ഞു.

മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ(22)ന്റെ മൃതദേഹമാണ് പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്ത ഒക്സോണിയ ഫ്‌ലാറ്റിലെ 16-ാം നിലയിലാണ് സംഭവം.

സജീവിന് കൂടെ ഉണ്ടായിരുന്ന അർഷാദ് മുങ്ങിയത് എന്തിന്

ഇൻഫോ പാർക്കിന് സമീപം സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ സജീവിൻ്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുമുണ്ട്.

ഫ്‌ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു.

സംശയം തോന്നി ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്‌ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്‌ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്.

കേസിൽ കൂടുതൽ ദുരൂഹത ആരോപിക്കുന്നുണ്ട്. സജീവിൻ്റെ ശരീര പ്രകൃതിയുള്ള ഒരാളെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തുക എളുപ്പമല്ല. മാത്രമല്ല മൃതദേഹം പൈപ്പ് ഡെക്റ്റിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത് ഒരാൾക്ക് എളുപ്പമല്ല എന്നാണ് പൊലീസ് കരുതുന്നത്. തെളിവ് നശിപ്പിക്കാനും ശ്രമം നടന്നു.

ഫ്ലാറ്റിലെ 16 ാം നിലയിലാണ് സംഭവം. ഇവിടെ വന്നവരുടെയും പോയവരുടെയും സി സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കയാണ്.

ആൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസ അധ്യാപകൻ പിടിയിൽ

0

പോക്സോ കേസില്‍ ഒളിവിൽ പോയ മദ്രസ അധ്യാപകന്‍ പിടിയിലായി. ഇരിങ്ങാലക്കുട കരൂപ്പടന്ന കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.

ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കുറ്റ കൃത്യം പുറത്തറിഞ്ഞയുടന്‍ ഒളിവില്‍പ്പോയ ബഷീൽ സഖാഫി പല തീര്‍ഥാടനകേന്ദ്രങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കേരള സവാരി, സർക്കാർ ഓൺലൈൻ ടാക്സികൾ നാളെ മുതൽ നിരത്തിൽ

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്‌സി സർവീസ് ‘കേരള സവാരി’ നാളെ നിരത്തിലിറങ്ങും. തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്. സർക്കാർ നിരക്കിന് പുറമെ എട്ട് ശതമാനം മാത്രം സർവ്വീസ് ചാർജ് ഈടാക്കിയാവും ടാക്സികൾ

നാളെ ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കും. ഇതര ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ കേരള സവാരിയിൽ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല.

തിരക്കുള്ള സമയങ്ങളിൽ മറ്റു ഓൺലൈൻ ടാക്സി കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ്ജ് വർധിപ്പിക്കുന്ന പതിവ് കേരള സവാരിയിൽ ഉണ്ടാവില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഓൺലൈൻ സർവീസാണ് വാഗ്ദാനം ചെയ്യുന്നത്. ആപ്പ് ഡിസൈനിങ്ങിലും ഡ്രൈവറുടെ രെജിസ്‌ട്രേഷനിലും അടക്കം ഈ കരുതലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. പദ്ധതിയിൽ അംഗമാകുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കൂടാതെ ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തിൽ അപകടസാധ്യത തോന്നിയാലോ ഈ  ബട്ടൺ അമർത്താം. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇനി ഓപ്ഷൻ തിരഞ്ഞെടുക്കാൻ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കിൽ ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ നേരിട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് കണക്ട്ഡ് ആവും.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും.

പാലക്കാട് ഷാജഹാൻ വധം, എട്ട് പേരെ പൊലീസ് പിടികൂടി

പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കൃത്യം നടന്ന് 48 മണിക്കൂർ പിന്നിടും മുൻപാണ് കേസിലെ മുഴുവൻ പ്രതികളും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതിൽ രണ്ട് പേർ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട്‌ കൈക്കും വെട്ടിയ പ്രതികൾ ഷാജഹാൻ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി.

ഇവരുടെ മൊബൈൽ ഫോണുകളും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പും ശേഷവും ഇവർ വിളിച്ച ആളുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. വാട്സ് അപ്പ് ചാറ്റുകൾ, ഷാജഹാന് സംഘത്തിലുള്ളവർ അയച്ച ഭീഷണി സന്ദേശങ്ങൾ എന്നിവയിലും പരിശോധന നടക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ ആളുകളെ പ്രതി ചേർക്കേണ്ട സാഹചര്യവും പൊലീസ് വിശദമായ പരിശോധിക്കും.

ഇവരുടെ മൊബൈൽ ഫോണുകളും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പും ശേഷവും ഇവർ വിളിച്ച ആളുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. വാട്സ് അപ്പ് ചാറ്റുകൾ, ഷാജഹാന് സംഘത്തിലുള്ളവർ അയച്ച ഭീഷണി സന്ദേശങ്ങൾ എന്നിവയിലും പരിശോധന നടക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ ആളുകളെ പ്രതി ചേർക്കേണ്ട സാഹചര്യവും പൊലീസ് വിശദമായ പരിശോധിക്കും.

പ്രതികൾ അയൽക്കാർ


പാലക്കാട് ഡിവൈഎസ്‍പി കെ വി രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചു. രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്‌. കുന്നങ്കാട്‌ സ്വദേശികളായ  ശബരീഷ്‌(30), അനീഷ്‌(29), നവീൻ(28), ശിവരാജൻ(25), സിദ്ധാർഥൻ(24), സുജീഷ്‌(27), സജീഷ്‌(35), വിഷ്ണു(25) എന്നിവരെയാണ്‌ പൊലീസ്‌ പ്രതി ചേർത്തത്‌. ബിജെപി അനുഭാവികളായ പ്രതികൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ട്‌ കൂട്ടം ചേർന്ന്‌ കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാജഹാനെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഷാജഹാന്റെ വീടിന്‌ സമീപത്തു തന്നെയാണ്‌ പ്രതികളെല്ലാവരും താമസിക്കുന്നത്‌.

പ്രതികൾക്ക് ഷാജഹാനുമായി നേരത്തെ വിരോധമുണ്ടായിരുന്നു. ഷാജഹാനുമായി തർക്കമുണ്ടായിരുന്നെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു.ഇവർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ, കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്ത രണ്ട് പേരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തു.

ഈ മാസം 14 ന് പാലക്കാട് ചന്ദ്രനഗറിലുള്ള ചാണക്യ ഹോട്ടലിൽ പ്രതികൾ ഒത്തുചേർന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ക്രൈസ്തവർക്ക് എതിരായ വർഗ്ഗീയ ആക്രമണങ്ങൾ സംബന്ധിച്ച പരാതി വിദേശ ഫണ്ട് നേടാനുള്ള തന്ത്രമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

 രാജ്യത്തെ ചില മേഖലകളില്‍ ക്രൈസ്തവ വേട്ടയാടലും വർഗ്ഗീയ ആക്രമണങ്ങളും നടക്കുന്നുവെന്ന പരാതി വിദേശ ഫണ്ട് നേടാനുള്ള തന്ത്രം മാത്രമെന്ന് കേന്ദ്ര സർക്കാർ. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം മാത്രമാണ് ഇതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു.

വിദേശത്തുനിന്ന് സഹായം ലഭിക്കുന്നതിനാകാം ഇത്തരം ആരോപണവുമായി സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന ആരോപണവും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ഉയർത്തുന്നു.

രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവർ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി വേണു കുട്ടന്‍ നായരാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളില്‍ പലതും വര്‍ഗീയമായ ആക്രമണമല്ലെന്നും അവകാശപ്പെട്ടു. വ്യക്തിപരമായ തര്‍ക്കങ്ങളാണ് വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കുന്നത് എന്നാണ് കോടതിയിൽ ബോധിപ്പിച്ച മറ്റൊരു വിശദീകരണം.

വിദേശ ശക്തികള്‍ക്ക് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ അവസരം ഒരുക്കുന്നതിനാകാം ഹര്‍ജിയെന്നും സർക്കാർ സത്യവാങ് മൂലത്തില്‍ പറയുന്നു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഓഗസ്റ്റ് 26-ലേക്ക് മാറ്റി.