കൊച്ചരേത്തിയുടെ കഥാകാരൻ നാരായൻ അന്തരിച്ചു

നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായന്‍(82) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടില്‍വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

കൊച്ചരേത്തി എന്ന നോവലിലൂടെ ശ്രദ്ധേയനായ നാരായന്‍ ഗോത്രവര്‍ഗവിഭാഗത്തില്‍ നിന്നുള്ള മലായളത്തിലെ ആദ്യത്തെ നോവലിസ്റ്റാണ്.

‘കൊച്ചരേത്തി’ എന്ന പ്രഥമ നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ നാരായന്‍ 1940 സെപ്തംബര്‍ 26-ന് ഇടുക്കിയിലെ കടയാറ്റൂരിലാണ് ജനിച്ചത്. മലയരയര്‍ വിഭാഗത്തില്‍ ജനിച്ച നാരായന്‍ തന്റെ ജനതയുടെ കഥകള്‍ പറഞ്ഞുകൊണ്ടാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. കൊച്ചരേത്തി നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്‌സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 2011-ലെ ക്രോസ്‌വേഡ് പുരസ്‌കാരം കൊച്ചരേത്തിക്ക് ലഭിച്ചു. കാത്‌റീന്‍ തങ്കമ്മയാണ് വിവര്‍ത്തനം ചെയ്തത്.

ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ എഴുതിക്കൊണ്ടായിരുന്നു തുടക്കം.കൊച്ചരേത്തിക്കുശേഷം ഊരാളിക്കുടി, വന്ദനം, ആരാണ് തോല്‍ക്കുന്നവര്‍, ഈ വഴിയില്‍ ആളേറെ ഇല്ല തുടങ്ങിയ നോവലുകള്‍ പ്രസിധീകരിച്ചിട്ടുണ്ട്.

ടി പത്മനാഭൻ്റെ ‘അശ്ലീല പരാമർശം’ ആദ്യമല്ല, ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറി – സിസ്റ്റർ ജെസ്മി

സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്ന് പറഞ്ഞ എഴുത്തുകാരന്‍ ടി. പത്മനാഭന്സി സ്റ്റര്‍ ജെസ്മിയുടെ തുറന്ന കത്ത്. ഫെയ്‌സ്ബുക്കിലാണ് സിസ്റ്റര്‍ ജെസ്മിയുടെ പ്രതികരണം.

നേരത്തെയും തനിക്കെതിരെ സമാനമായ പരാമര്‍ശം ടി. പത്മനാഭന്‍ നടത്തിയിട്ടുണ്ടെന്ന് ഒർമ്മിപ്പിച്ചു കൊണ്ടാണ് സിസ്റ്റര്‍ ജെസ്മിയുടെ പ്രതികരണം.

മോശം പരാമർശത്തെ കുറിച്ച് ഒരിക്കൽ നേരിട്ട് ചോദിച്ചപ്പോള്‍ ടി. പത്മനാഭന്‍ ഒന്നും പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

ആത്മകഥ, ‘ആമേന്‍’ ലെ 183 പേജുകളില്‍ ഒന്നര പേജ് ബാംഗ്ലൂര്‍ അനുഭവം എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച എൻ്റെ ഗതി ഒന്നൂഹിച്ചു നോക്കൂ. അവർ പറഞ്ഞു.

അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയുമെന്നും ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലതാണെന്നുമായിരുന്ന ടി. പത്മനാഭന്റെ വിവാദ പരാമര്‍ശം. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിസ്റ്റർ ജസ്മിയുടെ പ്രതികരണം

ശ്രീ ടി . പത്മനാഭന് ഒരു തുറന്ന കത്ത്

പ്രിയമുള്ള പത്മനാഭന്‍ ചേട്ടാ ,

ഇന്ത്യയുടെ 75 ആം സ്വതന്ത്ര്യദിനത്തിലെ പത്രവാര്‍ത്തയിലൂടെ അങ്ങയുടെ പ്രഭാഷണ ശകലം, ഞാനുള്‍പ്പെടെ, സ്ത്രീകളെയും കന്യാസ്ത്രീകളെയും സന്മനസ്സുള്ള പുരുഷന്മാരെയും ദുഖിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാല്‍ പലരില്‍ നിന്നും ശകാരവര്‍ഷം ചൊരിയപ്പെട്ടതില്‍ അങ്ങ് വേദനിച്ചെങ്കില്‍ ക്ഷമ ചോദിക്കുകയും ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ മുതിരുകയും ചെയ്യുകയാണ് .

”അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം.”

‘സ്ത്രീ’ എന്ന് പരാമര്‍ശിച്ചതിനാല്‍ ഇന്നലെ പല മേഖലകളില്‍ നിന്നും പ്രശസ്ത എഴുത്തുകാരനായ അങ്ങയെ ഇകഴ്ത്തി സംസാരിക്കാന്‍ ഇടവന്നത് അങ്ങയെ മുറിവേല്‍പ്പിച്ചെങ്കില്‍ അത് ഖേദകരം തന്നെ. സ്ത്രീകളുടെയും വിശിഷ്യാ കന്യാസ്ത്രീകളുടെയും സിസ്റ്റര്‍ ലൂസി ഉള്‍പ്പെടെ ദുഖവും ഞാന്‍ പങ്കിട്ടനുഭവിക്കുന്നു. ഒപ്പം വീണ്ടും എന്റെ ”ആമേന്‍ ” വിസ്മൃതിയില്‍ ആയവര്‍ക്ക് ഓരോര്‍മ്മപ്പെടുത്തല്‍ നല്കിയതില്‍ ഞാന്‍ സന്തുഷ്ടയാണ്. പുരുഷന്മാര്‍ എഴുതിയ പല പ്രശസ്ത സാഹിത്യ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരമുള്ള ഭാഗങ്ങള്‍ കോളേജില്‍ പഠിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടിയ അദ്ധ്യാപകരില്‍ ഞാനുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

”സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ” എന്നത് , ധജഗതി ശ്രീകുമാര്‍ കഥാപാത്രം പറഞ്ഞതുപോലെ എന്നെ ഉദ്ദേശിച്ചാണ് എന്നത് പകല്‍ പോലെ വ്യക്തമായതുകൊണ്ടാകാം എന്റെ സ്‌നേഹിതര്‍ മൊത്തം വൈരികളും ഇത് എനിക്കു ഫോര്‍വേഡ് ചെയ്തത്. വര്‍ഷങ്ങള്‍ക്കുമുന്പ് കണ്ണൂരില്‍ വെച്ച് എനിക്കെതിരെ മാത്രം ഇതേ പരാതി പ്രസംഗത്തില്‍ അവതരിപ്പിച്ചത് ഡി.സി ബുക്‌സ് കോഴിക്കോട് വെച്ച് നടത്തിയ കേരള ലിറ്ററേചര്‍ ഫെസ്റ്റ്ല്‍ വെച്ച് നേരിട്ട് അങ്ങയോട് ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങ് ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നല്ലോ.

ഇന്ന് സ്ത്രീകളെ അശ്ലീല സാഹിത്യവും വില്‍പ്പനയുമായി കൂട്ടിയിണക്കിയതിനാലാണ് അത് പ്രകോപനപരം ആയതും പ്രതികരണങ്ങളുടെ വേലിയേറ്റം ഉണ്ടായതും എന്ന് അനുമാനിക്കുന്നു. അശ്ലീല സാഹിത്യ വായനാകുതുകികള്‍ ”ഫയര്‍ ” മാസികയോ മറ്റോ വായിച്ച് തൃപ്തിയടഞ്ഞോളും; അതിനേക്കാള്‍ പൈങ്കിളിയെഴുത്ത് സ്ത്രീയോ കന്യാസ്ത്രീയോ ഞാനോ എഴുതുന്ന പുസ്തകത്തില്‍ കാണാനിടയില്ല. എന്റെ ആത്മകഥ, ”ആമേന്‍” ലെ 183 പേജുകളില്‍ ഒന്നര പേജ് ബാംഗ്ലൂര്‍ അനുഭവം എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച എന്റെ ഗതി ഒന്നൂഹിച്ചുനോക്കൂ.

സഭാവസ്ത്രത്തിലും നാലു ചുമരുകള്‍ക്കുള്ളിലും പേരിലും തളച്ചിടാവുന്നതല്ല സന്യാസം. ഡല്‍ഹിയില്‍ സാധാരണ വസ്ത്രം ധരിക്കുന്ന യൂണിഫോം ഇല്ല സന്യാസസഭകള്‍ ഉള്ളത് അങ്ങേക്ക് അറിവില്ലായിരിക്കും. അവര്‍ ”സിസ്റ്റര്‍ ” എന്നാണ് വിളിയക്കപ്പെടുന്നത്. പോപ്പ് ആവശ്യപ്പെടുന്നത് സന്യാസിനികള്‍ തദ്ദേശീയ വസ്ത്രം ധരിച്ച്, വേര്‍ത്തിരിവില്ലാതെ സേവനം ചെയ്യണം എന്നാണ്. ആശുപത്രികളിലെ നേഴ്‌സുമാര്‍ യൂണിഫോം ഇടാത്തപ്പോഴും സിസ്റ്റര്‍ എന്ന് വിളിയക്കപ്പെടുന്നു.

കോണ്‍ഗ്രിഗേഷ്യന്റെ സി.എം.സി എന്ന പദം ഞാന്‍ ഉപയോഗിക്കാറില്ല. പ്രിന്‍സിപ്പല്‍ ആയി മൂന്നാം വര്‍ഷം വരെ ഒഫീഷ്യല്‍ നെയിം സിസ്റ്റര്‍ മേമി റാഫേല്‍ സി. എന്നായിരുന്നു. ഒപ്പ് വെയ്ക്കാനുള്ള സൗകര്യത്തിന് Gazetteല്‍ പ്രസിദ്ധീകരിച്ച് മാറ്റിയതാണ് Sr.Jesme എന്നത്.

മഠം വിട്ടപ്പോള്‍ മേമി എന്ന പേര് ഉപയോഗിക്കാന്‍ കഴിയാതെ പോയി. Gazette പ്രകാരം Sr.Jesme എന്ന പേര് എന്റെ അവകാശം ആയി മാറി. താങ്കളുടെ പരാമര്‍ശം ഇക്കാര്യങ്ങള്‍ വിവരിക്കാന്‍ എനിക്ക് ഉപകാരപ്പെട്ടു. ആരുടെയെങ്കിലും വിമര്‍ശനം മൂലം വേദനിച്ചെങ്കില്‍ ക്ഷമിക്കണേ..

ടി പത്മനാഭൻ പറഞ്ഞത്

‘അശ്ലീല സാഹിത്യം ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം, എല്ലാവര്‍ക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, സിസ്റ്റര്‍, നണ്‍ ആണെങ്കില്‍ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചെലവാണ്. അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്’. സഭാ വസ്ത്രം അഴിച്ചുവച്ചാലും സിസ്റ്റര്‍ എന്ന പേര് കൂടി ഒപ്പം ചേര്‍ത്താല്‍ വില്‍പന ഒന്ന് കൂടി കൂടും. പത്മനാഭന്‍  പറഞ്ഞു .

വയലിൽ ഇറങ്ങിയതിന് ആദിവാസി കുട്ടികളെ തല്ലി ചതച്ചു, അയൽവാസി ഒളിവിൽ

 വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ തല്ലി ചതച്ചു. നടവയൽ നെയ്ക്കുപ്പം കോളനിയിലെ ആറും എഴും വയസ്സുള്ള കുട്ടികൾക്കാണ് മർദ്ദനമേറ്റത്.

നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങി എന്നാരോപിച്ചാണ് കൃഷി ഉടമയും അയൽവാസിയുമായ രാധാകൃഷ്ണൻ കുട്ടികളെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഒരു കുട്ടി ബൈപ്പാസ് സർജറി കഴിഞ്ഞതാണ്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു.

വയലിൽ നിന്ന് മീൻ കോരിയെടുത്ത് വേറൊരു കുട്ടിയുടെ കൈയിലേക്ക് കൊടുക്കുകയായിരുന്നു. അപ്പോഴാണ് വയലിന്റെ ഉടമ വടിയുമായി വന്നത്. കുട്ടികളെ പേടിപ്പിച്ചു വിടാനായിരിക്കുമെന്നാണ് വിചാരിച്ചതെന്നും എന്നാല്‍, ശീമക്കൊന്നയുടെ വടിയെടുത്ത് കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കേണിച്ചിറ പോലീസ് കേസെടുത്തു. ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസ്. പ്രതിയായ രാധാകൃഷ്ണൻ ഒളിവിലാണ്

സോളാർ കേസ്, പീഡന പരാതിയിൽ കെ സി വേണുഗോപാലിനെ ചോദ്യം ചെയ്തു

സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്.

2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ വസതിയില്‍വെച്ച് പരാതിക്കാരിയെ കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഏതാണ്ട് എട്ട് മാസത്തോളമായി കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ട്. തിരുവനന്തപുരത്തുവെച്ചാണ് ആദ്യം ചോദ്യംചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം കഴിഞ്ഞ ദിവസമാണ് കെ.സി വേണുഗോപാലിനെ ചോദ്യംചെയ്തത്.

പരാതിയില്‍ മൂന്ന് തവണ കെ.സി വേണുഗോപാലിനെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യംചെയ്യല്‍.

4,62,611 കുടുംബങ്ങൾക്ക് വീട്, ലൈഫ് പദ്ധതിയുടെ അന്തിമ പട്ടിക പ്രസിധീകരിച്ചു

ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച. വിവിധ പരിശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ചചെയ്ത് പുതുക്കിത് തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. നടപടികൾ പൂര്‍ത്തിയാക്കിയ 863 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്തൃ പട്ടികയാണ് പുറത്തിറങ്ങിയത്.

മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 171 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാമ/വാര്‍ഡ് സഭകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

നടപടി പൂര്‍ത്തായാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 151 പഞ്ചായത്തുകളും 19 മുന്‍സിപ്പാലിറ്റികളും ഒരു കോര്‍പറേഷനും ഉള്‍പ്പെടുന്നു. ഇവ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഗുണഭോക്തൃ പട്ടിക പൂര്‍ണതോതില്‍ ലഭ്യമാകും. ബാക്കിയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടിക സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

4,62,611 കുടുംബങ്ങൾക്ക് വീട്

863 തദ്ദേശ സ്ഥാപനങ്ങളിലായി 4,62,611 കുടുംബങ്ങളാണ് വീടിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 3,11,133 പേര്‍ ഭൂമിയുള്ള ഭവന രഹിതരും 1,51,478പേര്‍ ഭൂമിയില്ലാത്ത ഭവന രഹിതരുമാണ്. ഗുണഭോക്തൃ പട്ടികയില്‍ 94,937 പേര്‍ പട്ടികജാതി വിഭാഗക്കാരും 14,606 പേര്‍ പട്ടിക വര്‍ഗ വിഭാഗക്കാരുമാണ്.

കൊല്ലം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് ഉറപ്പാക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അന്തിമ പട്ടിക പ്രദർശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അല്ലാത്തത് വീഴ്ചയായി കണക്കാക്കും

നടപടി പൂർത്തിയാവാത്ത സ്ഥലങ്ങളില്‍ ഗ്രാമസഭകളും വാര്‍ഡ് സഭകളും ഉടന്‍ വിളിച്ച്, തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടല്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

“അവൻ സാത്താനിക് വേഴ്സസ് വായിച്ചിട്ടുണ്ടാവില്ല” റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിൻ്റെ മാതാവ് പറയുന്നു…

0

സല്‍മാന്‍ റുഷ്ദിയെ പ്രസംഗ വേദിയിൽ വെച്ച് കുത്തിയ ഹാദി മാതര്‍ സാത്താനിക് വേഴ്സസ് വായിച്ചിട്ടുണ്ടാവില്ലെന്ന് മാതാവ്. 2018ല്‍ ലബനന്‍ സന്ദര്‍ശിച്ച ശേഷമാണ് മകൻ ഇത്തരത്തില്‍ മാറിയതെന്നും അവർ പറഞ്ഞു. ചങ്ങാതിമാരുണ്ടായിരുന്നില്ല. തൊഴിൽ പോലും ചെയ്തിരുന്നില്ല.

“ലബനൻ യാത്ര അവനെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും നല്ലൊരു ജോലി നേടാനുമെല്ലാം പ്രചോദിപ്പിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ തിരിച്ചെത്തിയ അവന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. അവനില്‍ ഒരുപാട് മാറ്റങ്ങളുണ്ടായതായി ഞാന്‍ മനസ്സിലാക്കി. മാസങ്ങളോളം അവന്‍ എന്നോടോ അവന്റെ സഹോദരിമാരോടോ ഒരു വാക്ക് പോലും സംസാരിച്ചില്ല”- ഹാദിയുടെ മാതാവ് സില്‍വാന ഫര്‍ദൗസ് ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു.

പിതാവിനെ കാണാനാണ് ഹാദി ലബനനിലേക്ക് പോയതെന്നും മാതാവ് പറഞ്ഞു. പക്ഷെ മാറ്റം കുടുംബത്തിനും മനസിലാവാത്തതായിരുന്നു. മുസ്ലീം കുടുംബമാണ്. എങ്കിലും മത ജീവിതം നയിക്കുന്നവർ ആയിരുന്നില്ല.

വീടിന്റെ ബെയ്‌സ്‌മെന്റിലായിരുന്നു ഹാദി കഴിഞ്ഞിരുന്നത്. വീട്ടുകാര്‍ അങ്ങോട്ട് പോകുന്നത് അവന്‍ വിലക്കിയിരുന്നു. അവന്‍ പകല്‍ മുഴുവന്‍ കിടന്നുറങ്ങുകയും രാത്രി ഉണര്‍ന്നിരിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും അവന്‍ തന്നോട് വഴക്കിട്ടിരുന്നു. മതപരമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് പകരം ഡിഗ്രീ നേടാന്‍ തന്നെ നിര്‍ബന്ധിക്കുന്നത് എന്തിനാണെന്നാണ് അവനൊരിക്കല്‍ ചോദിച്ചത്.

അവനെ ചെറുപ്രായത്തിലേ ഇസ്ലാം മതവുമായി അടുപ്പിച്ചില്ല എന്ന് പറഞ്ഞ് എന്നോടവന്‍ ദേഷ്യപ്പെട്ടിരുന്നു.

സംഭവം നടക്കുന്നത് വരെ സല്‍മാന്‍ റുഷ്ദി എന്നയാളെക്കുറിച്ച് താന്‍ കേട്ടിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. തന്റെ മകനും റുഷ്ദിയുടെ പുസ്തകങ്ങള്‍ വായിച്ചതായി അറിയില്ല. അവന്റെ പ്രവര്‍ത്തികള്‍ക്ക് അവന്‍ തന്നെയാണ് ഉത്തരവാദി.

തനിക്ക് രണ്ട് കുട്ടികളെ കൂടെ വളര്‍ത്തേണ്ടതുണ്ട്. ഒറ്റയ്ക്കാണ്. ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സില്‍വാന പറഞ്ഞു. മകനെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. അവന് ഇങ്ങനെ ഒരു കൃത്യം ചെയ്യാനാവും എന്നു പ്രതീക്ഷിച്ചില്ല. ഇനി അവനോട് സംസാരിക്കേണ്ട. റുഷ്ദി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അവർ പറഞ്ഞു.

ന്യൂജേഴ്‌സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന ആളാണ് ഹാദി മാതര്‍. ഇയാള്‍ തീവ്ര ഷിയാ ആശയങ്ങളോടും ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡിനോടും അനുഭാവം പുലര്‍ത്തുന്നതായി സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് സൂചനലഭിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ 24കാരനായ ഹാദി മാതര്‍ കത്തിയുമായി വേദിയിലേക്ക് കുതിച്ച് റുഷ്ദിയെ തുരുതുരെ കുത്തുകയായിരുന്നു.

മതനിന്ദ ആരോപിക്കപ്പെടുന്ന ‘സാത്താനിക് വേഴ്‌സസ്’ എന്ന നോവല്‍ 1988ല്‍ പ്രസിദ്ധീകരിച്ചതുമുതല്‍ റുഷ്ദിക്കുനേരെ ഒട്ടേറെ വധഭീഷണികളുണ്ടായിട്ടുണ്ട്. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയുടെ ജീവന് വിലയിടുകയും ചെയ്തിരുന്നു.

നെഹ്റു ട്രോഫി വള്ളം കളി ലോഗോ പുറത്തിറക്കി

0

അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നല്‍കി. ആലപ്പുഴ വി.പി. റോഡ് സക്കറിയ വാര്‍ഡ് തോട്ടുങ്കല്‍ പുരയിടം ബാബു ഹസൻ്റെ സൃഷ്ടിയാണ് സ്വീകരിക്കപ്പെട്ടത്.

ബാബു ഹസൻ്റെ ജലച്ചായത്തില്‍ വരച്ച വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.

നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 160 എന്‍ട്രികള്‍ ലഭിച്ചു.ബാബു ഹസന്റെ രചന 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും.

അലമുറിച്ച് ആവേശം അലതല്ലി പരിശീലന തുഴച്ചിൽ

നെഹ്റു ട്രോഫി മത്സര വള്ളംകളിക്കു വേണ്ടി ചെറുവള്ളങ്ങളുടെ പരിശീലനത്തുഴച്ചിൽ തുടങ്ങി. പിന്നാലെ ചുണ്ടൻ വള്ളങ്ങളും വെള്ളത്തിലിറങ്ങി. വേമ്പനാട് ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിലാണ് മത്സരത്തിന് എത്തുന്നതെങ്കിലും പരിശീലനത്തുഴച്ചിൽ എടത്വ ചുണ്ടനിലാണ്. പായിപ്പാടൻ ചുണ്ടനിൽ 21 മുതൽ മുത്തേരിമട തോട്ടിൽ ക്ലബ് പരിശീലനത്തുഴച്ചിൽ ആരംഭിക്കും

എൻസിഡിസി ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ ഇറങ്ങി.  ചമ്പക്കുളം ആറ്റിൽ ചുണ്ടൻ നീരണിഞ്ഞു. മൂലേപ്പാടം തൊള്ളായിരം തോട്ടിലും മുത്തേരിമടയിലുമാണു തുഴച്ചിൽ നടത്തുന്നത്.   കുമരകം ടൗൺ ബോട്ട് ക്ലബ് സെന്റ് പയസ് ചുണ്ടനിൽ മത്സരിക്കും. കുറഞ്ഞത് 16 ദിവസത്തെ പരിശീലനമാണ് ക്ലബുകൾ ലക്ഷ്യമിടുന്നത്.

പരിശീലനത്തുഴച്ചിൽ തുടങ്ങിയാൽ പിന്നെ തുഴച്ചിൽക്കാർ ക്യാംപിലാകും താമസം. ഒരു ക്ലബ്ബിനു ദിവസം ഒന്നര ലക്ഷം രൂപയിലേറെ ചെലവു വരും. സെപ്റ്റംബർ നാലിനാണു നെഹ്റു ട്രോഫി മത്സര വള്ളം കളി.

ചാംപ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടുന്നതിനുള്ള മത്സരം കൂടിയായതിനാൽ ബോട്ട് ക്ലബ്ബുകൾ കഠിന പരിശീലനം നടത്തിയാകും മത്സരത്തിന് എത്തുക. 

തുഴച്ചിൽക്കാർഅങ്ങ് കശ്മീരിൽ നിന്ന്

എൻസിഡിസി ബോട്ട് ക്ലബ്ബിനു വേണ്ടി കശ്മീരിൽ നിന്നുള്ള തുഴച്ചിൽക്കാർ ഇന്ന് എത്തും. 19 തുഴക്കരാണ്  എത്തുന്നത്. ഇവരുടെ വിമാന യാത്രക്കൂലി, വേതനം, ഭക്ഷണം ഉൾപ്പെടെ ഉള്ള ചെലവു ക്ലബ് വഹിക്കും. ഇവർക്കായി പ്രത്യേക ക്യാംപ് തയാറാക്കും. ഭക്ഷണം അവരുടെ നാട്ടിലേതുപോലെ തയാറാക്കി നൽകും. ഭക്ഷണം തയാറാക്കുന്നതിനായി പ്രത്യേകം ആളെത്തും.

കിഫ്ബിക്ക് എതിരായ അന്വേഷണത്തിൽ സ്റ്റേ ഇല്ല, പക്ഷെ ആരോപണങ്ങൾക്ക് ഇ ഡി മറുപടി നൽകണം

കിഫിബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍, കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയെ ബാധ്യസ്ഥമാക്കി. മറുപടി ലഭ്യമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും അടുത്തമാസം രണ്ടിന് പരിഗണിക്കും.

കിഫ്ബിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അറിയിച്ചു.

കിഫ്ബി പറഞ്ഞത്

മസാല ബോണ്ട് ഇറക്കിയിരിക്കുന്നത് റിസര്‍ ബാങ്കിന്റെ അനുമതിയോടെയാണ് എന്നതാണ് കിഫ്ബി ഹൈക്കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. എല്ലാ മാസവും ഇതിന്റെ കൃത്യമായ കണക്കുകള്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ അറിവോടെയാണ് വിദേശപണം കിഫ്ബിക്ക് ലഭിക്കുന്നത്. അതുകൊണ്ട് ഇതില്‍ ഫെമ ലംഘനം ആരോപിക്കാന്‍ കഴിയില്ല. ഫെമ ലംഘനത്തിന് കേസ് എടുക്കണമെങ്കില്‍ കൃത്യമായ പരാതി വേണമെന്നും അതില്‍ ഇടപെടല്‍ നടത്തേണ്ടത് റിസര്‍ബാങ്ക് ആണെന്നും കിഫ്ബി വാദിച്ചു.

ദേശീയപാത അതോറിറ്റിയും എന്‍ടിപിസിയും സമാനമായ രീതിയില്‍ മാസാല ബോണ്ട് ഇറക്കിയിട്ടുണ്ടെന്നും കിഫ്ബി കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

രാഷ്ട്രീയം

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാനും അതിന്മേല്‍ കരിനിഴല്‍ വീഴ്ത്താനുമുള്ള നീക്കമാണ് ഇഡി നടത്തുന്നത്. ഇത് നിയമപരമായി തടയണമെന്ന ആവശ്യമാണ് കിഫ്ബി കോടതിയില്‍ ഉന്നയിച്ചത്.

സി എ ജി റിപ്പോർട്ട് പ്രകാരം എന്ന് ഇ ഡി

റിസര്‍വ് ബാങ്കിന്റെ പരാതിയുടേയോ മറ്റ് പരാധികളുടേയോ അടിസ്ഥാനത്തിലല്ല, സി ആന്‍ഡ് എജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. ചില സംശയങ്ങള്‍ സി ആന്‍ഡ് എജി ഉന്നയിച്ചിട്ടുണ്ട്. അതിലെ വസ്തുത പരിശോധനയാണ് നടക്കുന്നത്. അത് തടയരുതെന്ന ആവശ്യവും ഇഡി കോടതിയില്‍ ഉന്നയിച്ചു.

വി സി നിയമനത്തിൽ ഇനി ഗവർണർക്ക് റോളില്ല, അധികാരം വെട്ടിച്ചുരുക്കിയ ബില്ലിന് അംഗീകാരം

ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നതിനിടെ സര്‍വകലാശാല ചാന്‍സലർ പദവിയിലെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍വകലാശാലകളിൽ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ബില്ലു പ്രകാരം ഇനി സര്‍ക്കാരിന് നിര്‍ദേശിക്കാം.

ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശ മുൻനിർത്തിയാണ് ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള നിയമ നിർമ്മാണ ശ്രമങ്ങളുമായി സർക്കാർ നടപടികൾ.

ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നല്‍കി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് നിയമമാകും.

സെർച്ച് കമ്മിറ്റിയിൽ ഇനി അഞ്ചു പേർ

സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമായിരുന്നു. ഇതാണ് മാറ്റിയത്.

നിലവില്‍ മൂന്ന് അംഗങ്ങളാണ് സെര്‍ച്ച് കമ്മിറ്റിയില്‍. പുതിയ നിയമ പ്രകാരം ഇത് അഞ്ചായി വര്‍ധിപ്പിക്കും. ഇതിനൊപ്പം ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരവം ഏടുത്തു മാറ്റുകയും ചെയ്തു.

100 വർഷം മുൻപ് തൻ്റെ പിതാവ് നേരിട്ടതും ഇതേ ജാതി വെറി – മീരാ കുമാർ

സ്‌കൂളിൽ സവർണർക്കുള്ള കുടിവെള്ളം ഉപയോഗിച്ചതിന് ദളിത് ബാലനെ അധ്യാപകൻ മര്‍ദിച്ചുകൊന്ന സംഭവത്തിൽ ജാതി വെറിയുടെ ഓർമ്മകൾ പങ്കുവെച്ച് മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍.

100 വർഷം മുൻപ് തൻ്റെ പിതാവിന് നേരിടേണ്ടി വന്ന, സമാനമായ അനുഭവത്തെ കുറിച്ചാണ് മീരാ കുമാര്‍ പറയുന്നത്. അത്രയും കാലം മുന്‍പ് തന്റെ പിതാവിന്റെ കുട്ടിക്കാലത്ത് അനുഭവിച്ചതാണ് ഇന്നും രാജസ്ഥാനില്‍ നടന്നതെന്ന് മീരാ കുമാര്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

100 വര്‍ഷം മുമ്പ് തന്റെ പിതാവിന് സ്‌കൂളിലെ സ്‌കൂള്‍ കുടത്തില്‍ നിന്ന് വെള്ളം നിഷേധിച്ചിരുന്നു. ഇപ്പോള്‍ ഒരു ദളിത് ആണ്‍കുട്ടി കൊല്ലപ്പെട്ടപ്പോഴും അതേ സംഭവം ആവര്‍ത്തിച്ചു.
‘100 വര്‍ഷം മുമ്പ് എന്റെ പിതാവ് ബാബു ജഗ്ജീവന്‍ റാമിന് സവര്‍ണ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള കുടത്തിലെ വെള്ളം സ്‌കൂളില്‍ കുടിക്കുന്നത് നിരോധിക്കപ്പെട്ടിരുന്നു. അതിനു തുനിഞ്ഞപ്പോൾ ജീവന്‍ രക്ഷിക്കപ്പെട്ടത് ഒരു അത്ഭുതമായിരുന്നു’. മീര ട്വീറ്റില്‍ കുറിച്ചു.

‘അതേ കാരണത്താല്‍ ഇന്നൊരു 9 വയസുകാരനായ ദളിത് ബാലന്‍ കൊല്ലപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറവും, ജാതിവ്യവസ്ഥയാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയ ശത്രുവായി നില്‍ക്കുന്നത്’. മുന്‍ സ്പീക്കര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഉപപ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്നു മീരാ കുമാറിന്റെ പിതാവ് ബാബു ജഗ്ജീവന്‍ റാം.

രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലാണ് സ്‌കൂളിലെ കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായായ ദളിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഒന്‍പതുവയസുകാരന്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച അധ്യാപകനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ജൂലൈ 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിയുടെ ഭാഗത്തുമടക്കം ഗുരുതരമായി പരൂക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസ് എംഎല്‍എ പനചന്ദ് മേഘ്വാള്‍ രാജിവച്ചിരുന്നു. പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ അദ്ദേഹം, രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൈമാറുകയായിരുന്നു.

സാധാരണം എന്ന് ന്യായീകരിച്ച് രാജസ്ഥാൻ അശോക് ഗഹലോത്ത്

രാജസ്ഥാനിലെ ജലോറില്‍ അധ്യാപകനായി നീക്കിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാര്‍ഥി അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്‌. ഇതൊക്കെ എല്ലാ സംസ്ഥാനത്തും നടക്കുന്ന സംഭവമാണെന്നാണ് അശോക്ഗഹലോത്തിന്റെ പ്രതികരണം.

‘ഇത്തരം സംഭവങ്ങളെല്ലാം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണ്. പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്താല്‍ എല്ലാ സ്ഥലത്തും നടക്കുന്നതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. സംഭവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. സ്വന്തം സംസ്ഥാനത്താകട്ടെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലാകട്ടെ, ഞങ്ങള്‍ എല്ലായിപ്പോഴും പൊതുസമൂഹത്തിനു ന്യായമെന്ന് തോന്നുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതിനി ഉദയ്പുറിലാണെങ്കിലും ജലോറിലാണെങ്കിലും’ , ഗെഹ്‌ലോത്ത് പറഞ്ഞു.