ലോകായുക്ത ഭേദഗതിയിൽ നേരിട്ട് എതിർപ്പറിയിച്ച് സി പി ഐ

0

ലോകായുക്ത നിയമ ഭേദഗതിയില്‍ മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ. നിലവിലെ ഭേദഗതിയോട് യോജിപ്പില്ലെന്ന് സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കി. മന്ത്രിമാരായ കെ.രാജനും പി.പ്രസാദുമാണ് വിയോജിപ്പറിയിച്ചത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വേണ്ടിവന്നാല്‍ നിയമസഭയില്‍ ഭേദഗതി കൊണ്ടുവരാനും സിപിഐ നീക്കം നടത്തുന്നുണ്ട്.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്. നേരത്തെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കി സഭയില്‍ അവതരിപ്പിക്കാനുള്ള പ്രാഥമിക ചര്‍ച്ചയാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. ഇതിലാണ് ലോകായുക്തയില്‍ സിപിഐ നിലപാട് വ്യക്തമാക്കിയത്. നിലവിലെ ഭേദഗതിയോട് യോജിക്കാനാകില്ലെന്ന് കെ രാജനും പി.പ്രസാദും വ്യക്തമാക്കി.

ഒരു ജുഡീഷ്യല്‍ സംവിധാനം സര്‍ക്കാര്‍ സംവിധാനത്തിന് കീഴ്‌പ്പെടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് സിപിഐ മന്ത്രിമാര്‍ മുന്നോട്ടുവച്ചത്. ലോകായുക്തയുടെ വിധി അതേപടി നടപ്പാക്കണം എന്നതിന് പകരം ലോകായുക്തയുടെ വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് പുന:പരിശോധനാ അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്ലിന്റെ കരടിലുള്ളത്. ലോകായുക്ത വിധി തള്ളാനുള്ള അധികാരം സര്‍ക്കാരിന് നല്‍കരുത്, ഈ ഭേദഗതി നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കും. ഓര്‍ഡിനന്‍സ് അതുപോലെ ബില്ലാക്കരുത് എന്നും സിപിഐ നിര്‍ദേശിച്ചു.

വിഎൽസി മീഡിയ പ്ലെയറിന് വിലക്ക്

ജനപ്രിയ മീഡിയാ പ്ലെയര്‍ വിഎല്‍സി പ്ലെയറിന് അപ്രഖ്യാപിത വിലക്ക്. രണ്ട് മാസക്കാലമായി സ്ട്രീമിങ് മീഡിയാ സെര്‍വർ കൂടിയായ വിഎൽസി നിരോധനത്തിലാണ്. എന്തിനാണ് വിലക്ക് എന്നതിൽ വ്യക്തയില്ല. ഭാഗികമായി ഇത് നിലനിൽക്കയും ചെയ്യുന്നുണ്ട്.

ഫെബ്രുവരി 13 മുതല്‍ വിലക്കുണ്ടെന്ന് ട്വിറ്ററില്‍ വിഎല്‍സി ഇന്ത്യ ടുഡേയുടെ വാര്‍ത്താ ലിങ്കിന് കീഴില്‍ വ്യക്തമാക്കുന്നു. നിശബ്ദമായ നിരോധനമാണ്. കമ്പനിയോ സര്‍ക്കാരോ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വെബ്‌സൈറ്റുകളും പുതിയ ഡൗണ്‍ലോഡുകൾ മരവിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന മീഡിയ പ്ലെയറാണ് വി എൽ സി

ചൈനീസ് ഹാക്കര്‍മാരായ സിസാഡയുടെ സൈബറാക്രമണത്തില്‍ ഇന്ത്യ, യുഎസ്, കാനഡ, ഇസ്രയേല്‍, ഹോങ് കോങ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആളുകള്‍ ഇരയായിരുന്നു. ഉന്നത വ്യക്തിത്വങ്ങളെ ലക്ഷ്യമിട്ട് ഏപ്രിലില്‍ വലിയ സൈബറാക്രമണമാണ് സിസാഡ നടത്തിയത്. ഈ സൈബര്‍ കുറ്റവാളികള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചത് വിഎല്‍സി പ്ലെയര്‍ ആണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാൻ്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.

വീഡിയോ ലാന്‍ വികസിപ്പിച്ച ഈ സോഫ്റ്റ് വെയറിന് ചൈനീസ് ഹാക്കര്‍മാരുമായി ബന്ധമുണ്ടെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.

ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളാണ് വിഎല്‍എസി വെബ്‌സൈറ്റ് ലിങ്ക് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വിഎല്‍സി പ്ലെയര്‍ ഇപ്പോഴും ഉണ്ട്. ജിയോ നെറ്റ് വര്‍ക്കില്‍ ഫോണില്‍ നിന്ന് videolan.org എന്ന വെബ്‌സൈറ്റ് തുറക്കാനും പ്രയാസമില്ല.

ഐടി ആക്റ്റ് 2000 അനുസരിച്ചുള്ള ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഈ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു എന്ന സന്ദേശമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ കാണുന്നത്.

സര്‍ക്കാര്‍ ആണ് വിഎല്‍സിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഉപഭോക്താക്കളുടെ ചോദ്യങ്ങളോട് വീഡിയോ ലാന്‍ പ്രതികരിച്ചു. എന്തിനാണ് നിരോധനം എന്ന ചോദ്യത്തിന് ‘അത് വലിയൊരു ചോദ്യമാണ്, വീഡിയോ ലാന്‍ പൂര്‍ണമായും രാഷ്ട്രീയമില്ലാത്ത ഒരു സ്ഥാപനമാണ്. ഞങ്ങള്‍ ഒരുതരത്തിലുള്ള ഉള്ളടക്കവും ലഭ്യമാക്കുകയോ സെന്‍സര്‍ ചെയ്യുകയോ എത്തിച്ചുകൊടുക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. മാത്രമല്ല, ഒരുതരത്തിലുമുള്ള യൂസര്‍ ഡാറ്റയും ഞങ്ങളുടെ കയ്യിലില്ല. പിന്നെന്തിനാണ് ഐടി മന്ത്രാലയം ഞങ്ങളെ ബ്ലോക്ക് ചെയ്തത്?, വീഡിയോ ലാന്‍ ട്വീറ്റ് ചെയ്തു.

വിഎല്‍സി മീഡിയാപ്ലെയറിന് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം ഡിജിറ്റല്‍ അവകാശ സംഘടനയായ എസ്എഫ്എല്‍സി.ഇന്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ videolan.org യുമായി ബന്ധപ്പെട്ട് യാതൊരു വിവരവും തങ്ങളുടെ പക്കലില്ല എന്നാണ് ഐ ടി മന്ത്രാലയം മറുപടി നല്‍കിയത്.

അതേ സമയം നിരോധനം അപ്രഖ്യാപിതമായി തുടരുകയുമാണ്.

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെയും വിട്ടയച്ചു

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്.

2002 ലെ ഗുജറാത്ത്‌ കലാപത്തിനിടെ 5 മാസം ഗർഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്.

മുംബൈ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന 11 കുറ്റവാളികളും ഗോദ്രാ ജയിലിൽ നിന്നും പുറത്തിറങ്ങി. 2008 ജനുവരിയിലാണ് ബിജെപി നേതാവ് ഷൈലേഷ് ഭട്ടടക്കമുള്ള പ്രതികൾക്ക് മുംബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.

15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചതായി കാണിച്ച്പ്രതികളിൽ ഒരാൾ
മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശിക്ഷാ ഇളവ് പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

പഞ്ച്മഹൽസ് കളക്ടർ സുജൽ മയാത്ര യുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച സമിതിയുടെ ഏകകണ്ഠമായ ശുപാർശ അംഗീകരിച്ചാണ് പ്രതികളെ വിട്ടയാക്കാനുള്ള തീരുമാനം.

വൈസ്രോയിയെ കണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവർ സവർക്കറെ അനുസ്മരിക്കുന്നു – മുഖ്യമന്ത്രി

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സവര്‍ക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

”സ്വാതന്ത്ര്യ സമരകാലത്ത് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവരാണ് സംഘപരിവാറുകാര്‍. ഇന്നവര്‍ സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണ്” -മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റ് ജില്ലാ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏതൊരു വിഷയത്തേയും വര്‍ഗീയമായി സമീപിക്കുന്ന പ്രവണത രാജ്യത്ത് ശക്തിപ്പെട്ട് വരുകയാണ്. ജനങ്ങളുടെ ശ്രദ്ധയാകെ വര്‍ഗീയ പ്രശ്‌നങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ തിരിയാതിരിക്കാനാണ് വര്‍ഗീയതയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവിടുന്നത്. വര്‍ഗീയമായി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം രാജ്യത്തെ നാശിപ്പിക്കും. ഇതില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സവർണ്ണർക്കായി നീക്കിവെച്ച പാത്രത്തിൽ നിന്നും വെള്ളം കുടിച്ച വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ച് കൊന്ന സംഭവത്തിൽ മനം നൊന്ത് എം എൽ എ രാജിവെച്ചു

ഉയര്‍ന്ന ജാതിക്കാര്‍ക്കായി റിസർവ്വ് ചെയ്ത പാത്രത്തില്‍ നിന്ന് ദാഹം തീർക്കാൻ വെള്ളം കുടിച്ചതിന്‍റെ പേരില്‍ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ജലോറിൽ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മനംനൊന്ത് കോൺഗ്രസ് എം.എല്‍.എ രാജിവെച്ചു. ബെറാന്‍ ആത്രു എം.എല്‍.എ പനംചന്ദ് മെഹ്‌വാല്‍ ആണ് അധികാരം വിട്ട് ഒഴിഞ്ഞത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിന് രാജിക്കത്ത് സമര്‍പ്പിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരിപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. ആ അടിച്ചമര്‍ത്തലിനെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവന്ന് പനംചന്ദ് മെഹ്‌വാള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ കുടുംബത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും നീതി ലഭ്യമാക്കണമെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രാകൃതമായ ആക്രമണത്തിനെതിരെ ജനരോഷം കനത്തതോടെ സ്‌കൂള്‍ അധ്യാപകനെ രാജസ്ഥാന്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 20-ന് ആണ് ജലോര്‍ ജില്ലയിലെ സുരാനയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഇന്ദ്രകുമാര്‍ മെഘ്‌വാള്‍(9)-നെ ഉയർന്ന ജാതിക്കാർക്കായി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ പിതാവ് ആശുപത്രിയിൽ എത്തിച്ചു. ഇതോടെയാണ് വിവരം പൊതു ശ്രദ്ധയിൽ എത്തുന്നത്. ഒരാഴ്ച ആശുപത്രിയില്‍ വേദന തിന്നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

നെയ്മറും എംബാപ്പെയും തമ്മിലടി

0

ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. സീസണിൽ ഇരുവരുടെയും കരാർ നീട്ടി. പുതിയ കരാർ നിലവിലായതോടെ എംബപ്പെയ്ക്ക് ക്ലബിൽ കൂടുതൽ സ്വാധീനം വന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ കസിൻസ് ജലസ് ഉണർന്നത്.

കഴിഞ്ഞ ദിവസം മോണ്ട്‌പെലിയെറുമായുള്ള മത്സരത്തിനിടെ ആദ്യം ലഭിച്ച പെനൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തി. രണ്ടാം പെനൽറ്റി വന്നപ്പോൾ നെയ്മറാണ് അതെടുക്കാൻ മുന്നോട്ടുവന്നത്. എന്നാൽ, താൻ തന്നെ പെനൽറ്റിയെടുക്കാമെന്ന് പറഞ്ഞ നെയ്മർ അത് ഏറ്റെടുത്ത് ഗോൾ നേടി.

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഡ്രസിംഗ് റൂമിൽ വച്ച് തർക്കമുണ്ടായെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ മത്സരത്തിനു ശേഷം എംബാപ്പെയെ വിമർശിച്ചുള്ള ട്വീറ്റുകൾ നെയ്മർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. എംബാപ്പെ ഒരു പെനാൾട്ടി മിസ് ചെതതിന് ആരാധകർ വിമർശിച്ചപ്പോഴാണ് സഹതാരത്തിൻ്റെ ലൈക്ക് വീണത്.

നെയ്മറെ വിൽക്കണമെന്ന് നേരത്തെ എംബാപ്പെ ക്ലബിനോട് ആവശ്യപ്പെട്ടു എന്നതും വിടവ് വർധിപ്പിച്ചു.

തോറ്റാൽ കൊലവിളി… നാട് വിട്ട് പോവുകയാണെന്ന് ബ്രസീൽ താരം വില്ല്യൻ

0

കളി ഭ്രാന്ത് മൂത്ത് കളിക്കാർക്ക് നേരെ വധ ഭീഷണി ഉയർത്തുന്നത് വരെ എത്തിയാൽ എന്ത് ചെയ്യും. രക്ഷയില്ല നാടുവിടാൻ തന്നെ തീരുമാനിച്ചിരിക്കുകയാണെന്ന് ബ്രസീൽ ഫുട്ബോൾ താരം വില്ല്യൻ.

മോശമായി കളിച്ചാൽ വധഭീഷണി ഉയരും. പോരാഞ്ഞ് സൈബർ അറ്റാക്കും. മാത്രമല്ല കുടുംബത്തിന് പോലും നിൽക്കക്കള്ളിയില്ല. ഇതിനായല്ല ബ്രസീലിലേക്ക് വന്നതെന്നും വില്ല്യൻ വിലപിക്കുന്നു.

ആഴ്സണൽ, ചെൽസി തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകളിലടക്കം കളിച്ചിട്ടുള്ള താരമാണ് വില്ല്യൻ. നിലവിൽ ബ്രസീൽ ക്ലബ് കൊറിന്ത്യൻസിലാണ്.

ഞാനും കുടുംബവും ശാപവാക്കുകൾ കേട്ടുമടുത്തു. ഇതിനു വേണ്ടിയല്ല ഞാൻ ബ്രസീലിലേക്കു തിരികെവന്നത്.”- വില്ല്യൻ പറയുന്നു.

“ടീമോ ഞാനോ മോശമായി കളിച്ചാൽ എനിക്ക് മാത്രമല്ല, കുടുംബത്തിനു പോലും സമാധാനം കിട്ടാത്ത അവസ്ഥയാണ്. ഭാര്യയും മക്കളും പിതാവും സഹോദരിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിടുന്നു.

പ്രണയ നിരാസത്തിൽ യുവതിയെ കൊലപ്പെടുത്തിയതിന് ജയിലിലായ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിച്ച കൊലക്കേസ് പ്രതിയായ യുവാവ് രക്ഷപ്പെട്ടു .നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് മരിക്കാൻ ശ്രമിച്ചത്. അവശനിലയിലായ വിനീഷിനെ അന്നും ചികിത്സയ്ക്ക് അയച്ചു.

2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രൻ്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്ന് രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്.

കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്.

വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക – മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

0

രാജ്യ നിലനിൽപ്പിൻ്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിൻ്റെ കരുത്ത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം. എല്ലാ മത ജാതി വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി.സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാജ്ഭവനിലും നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി രാജേഷും പതാക ഉയർത്തി

അങ്കണവാടിയിൽ സ്വാതന്ത്ര്യാഘോഷത്തിനെത്തിയ രക്ഷിതാക്കൾ കണ്ടത് വാട്ടർ ടാങ്കിൽ ചത്ത എലിയും പുഴുവും

അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനത്തിൽ കൊടി ഉയർത്താൻ എത്തിയ രക്ഷിതാക്കൾ മക്കളുടെ കുടിവെള്ളത്തില്‍ കണ്ടത് പുഴുവും ചത്ത എലിയും. തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്. വെള്ളത്തിൻ്റെ നിറമാറ്റം കണ്ടാണ് വാട്ടർ ടാങ്ക് പരിശോധിച്ചത്. വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ല. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്.

വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായിരുന്നു. വെള്ളം കുടിച്ച് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്. ചത്ത പല്ലിയുടേയും എലിയുടേയും അവശിഷ്ടമുള്ള വെള്ളത്തില്‍ പുഴു നുരയ്ക്കുന്നത് കണ്ടെത്തി.

കുട്ടികള്‍ക്ക് നിരന്തരം അസുഖങ്ങളുണ്ടാകുന്നതിന് കാരണം ഈ വെള്ളമാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ച കണ്ടെത്തി. ശക്തമായ നടപടിയുണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ് തോമസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പഴയന്നൂര്‍ പൊലീസും സ്ഥലത്തെത്തി