സ്വാതന്ത്ര്യദിനത്തിൽ സ്ത്രീ പദവിയെ ഉയർത്തി കാണിച്ച് പ്രധാനമന്ത്രി

ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്ത്രീകളുടെ ഉന്നമനവും തുല്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഇന്ത്യയെ കുറിച്ചുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് അഞ്ചു പ്രതിജ്ഞകള്‍ മുന്നോട്ടുവച്ചു.

സംസാരത്തിലും പെരുമാറ്റത്തിലും സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതൊന്നും ചെയ്യാതിരിക്കേണ്ടത്‌ പ്രധാനമാണെന്ന് ഓർമ്മപ്പെടുത്തി.

‘നമ്മുടെ പെരുമാറ്റത്തില്‍ ഒരു വൈകൃതം കടന്നുവന്നിട്ടുണ്ട്, ചില സമയങ്ങളില്‍ നമ്മള്‍ സ്ത്രീകളെ അപമാനിക്കുന്നു, നമ്മുടെ പെരുമാറ്റത്തില്‍ നിന്ന് ഇത് ഒഴിവാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമോ’ പ്രധാനമന്ത്രി ചോദിച്ചു.

സ്ത്രീകളോടുള്ള ബഹുമാനമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്കുള്ള പ്രധാന സ്തംഭം. നമുക്ക് പെണ്‍ കരുത്തിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഇന്ത്യയുടെ വൈവിധ്യം നാം ആഘോഷിക്കണം. വീടുകളില്‍ മകനും മകളും തുല്യരാകുമ്പോഴാണ് ഐക്യത്തിന്റെ വേരുകള്‍ പാകുന്നത്. അങ്ങനെ അല്ലെങ്കില്‍ ഐക്യത്തിന്റെ മന്ത്രം പ്രതിഫലിപ്പിക്കാനാകില്ല. ലിംഗസമത്വമാണ് ഐക്യത്തിന്റെ നിര്‍ണായക മാനദണ്ഡം.

വനിതാ പോരാളികളെ ഉയർത്തി കാട്ടിയും പുതു തലമുറയെ ഓർത്തും

ഇന്ത്യയിലെ വനിതാ സ്വാതന്ത്ര്യ സമരസേനാനികളുടെ സംഭാവനകളെ പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിച്ചു. റാണി ലക്ഷ്മിഭായി, ജല്‍കാരി ഭായ്, ചെന്നമ്മ, ബീഗം ഹസ്രത്ത് മഹല്‍, എന്നിങ്ങനെ ഭാരതത്തിലെ സ്ത്രീകളുടെ കരുത്തിനെ ഓര്‍ക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനത്താല്‍ നിറയുന്നു.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, സ്ത്രീകള്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി അവരെ ശാക്തീകരിക്കുകയും ചെയ്താല്‍, കുറഞ്ഞ സമയത്തിനുള്ളില്‍, കുറഞ്ഞ പ്രയത്‌നത്തിലൂടെ നമുക്ക് ലക്ഷ്യങ്ങള്‍ നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“നീ ഒരു ചതിയനാണ്” തേച്ചിട്ടു പോയ കാമുകനെ കുറിച്ച് ഫുൾ പേജ് പരസ്യം നൽകി യുവതി

ഏറ്റവും പ്രിയപ്പെട്ടവർ തേച്ചിട്ടു പോയവരുടെ ഉള്ളം ഉണങ്ങാതെ പൊള്ളി നീറും. തേപ്പിൻ്റെ വേദനയെ ഒറ്റയ്ക്ക് മറികടക്കുക എളുപ്പമല്ല. ആ വേദനയ്ക്ക് മധുര പ്രതികാരത്തിലൂടെ ലോകത്തിൻ്റെ മുഴുവൻ കൂട്ട് തേടിയിരിക്കയാണ് ഓസ്‌ട്രേലിയക്കാരി ജെന്നി.

കാമുകൻ സ്റ്റീവിനോട് പറയാനുള്ളത് അവർ ലോകത്തെ അറിയിച്ചു. അതിനായി തിരഞ്ഞെടുത്തത് പത്ര പരസ്യം. ഒരു ഫുൾ പേജ് ആഡ് തന്നെ ഇതിനായി നൽകി. പത്രങ്ങളിൽ നിന്നും പത്രങ്ങളിലേക്ക് വേദന വൈറലായി.

ഓഗസ്റ്റ് 12-ന് ഇറങ്ങിയ മക്കെ ആന്റ് വിറ്റ്‌സണ്ടേ ലൈഫ് (mackaywhitsundaylife) എന്ന പത്രത്തില്‍ കാമുകനെ കുറിച്ച് ഒരു മുഴുനീള പരസ്യ പേജിൽ അവർ പറയാനുള്ളത് തുറന്നു പറഞ്ഞു.

‘പ്രിയപ്പെട്ട സ്റ്റീവ്, നീ അവളോടൊപ്പം സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. നീ ഒരു വഞ്ചകനാണെന്ന കാര്യം നാടു മുഴുവന്‍ അറിയട്ടെ’.

എന്നായിരുന്നു ആ പേജിലെ പരസ്യം. “filthy cheater”. എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പരസ്യത്തിനുള്ള പണം കാമുകൻ്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് അടച്ചിരിക്കുന്നതെന്നും അതില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

ഈ പത്രം പുറത്തിറങ്ങിയതോടെ ജെന്നിയും സ്റ്റീവും തരംഗമായി. സോഷ്യൽ മീഡിയ അവരുടെ പ്രണയത്തിനൊപ്പം നിന്ന് പൊരുതി. ആരാണെന്ന് അറിയാന്‍ പത്രത്തിന്റെ ഓഫീസിലേക്ക് നിരവധി കോളുകള്‍ വന്നു.

തുടർന്ന് പത്രത്തിൻ്റെ പൊതുജന സമ്പർക്ക വിഭാഗം വിശദീകരണവുമായി എത്തി.

‘ഞങ്ങള്‍ക്കറിയില്ല ആരാണാ സ്റ്റീവെന്ന്. പക്ഷേ അവന്‍ ചെയ്തത് വളരെ മോശമായിപ്പോയി. ജെന്നിയാരാണെന്ന് വെളിപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയില്ല. സ്‌പെഷ്യലായ ഈ പരസ്യത്തിന് ഞങ്ങള്‍ പണവും കൈപ്പറ്റിയിട്ടില്ല.’ പത്രം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പരസ്യത്തിന്റെ ചിത്രവും ഈ കുറിപ്പിന് ഒപ്പമുണ്ടായിരുന്നു.

എന്നാൽ ക്രെഡിറ്റ് കാർഡ് ആക്ടീവ് അല്ലാത്തതാണ് പണം സ്വീകരിക്കപ്പെടാതിരിക്കാൻ കാരണം എന്നും വിശദീകരണമുണ്ടായി. പേരുകളിലെ വ്യത്യാസം കാരണം എറർ ആയി എന്നും വിശദീകരിക്കപ്പെട്ടു. ഇത് വളിപ്പേർ ആയതിനാൽ ആവാം എന്ന് ചിലർ വാദിച്ചു. ഇതിനെതിരെ പണം നൽകാൻ സ്വയം സന്നദ്ധരായും ചിലർ രംഗത്ത് എത്തി.

ജെന്നിയുടെ പ്രതികാരം വളരെ മധുരതരമാണെന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ വാദം. ജെന്നി അദ്ഭുതമാണെന്നും അവള്‍ക്ക് ഒരു ബിയര്‍ വാങ്ങി നല്‍കൂ എന്നും ചിലർ പറഞ്ഞു. എന്നാൽ തേപ്പിൻ്റെ നോവ് അറിയുന്നവർ ശരിക്കും സാന്ത്വനവും സ്നേഹവും നേർന്നു.

സ്റ്റീവിനെ കുറിച്ച് അഭിപ്രായവുമായി എത്തിയവരും ഉണ്ടായി. ഇത്രയും മധുര തരമായ ഒരു പ്രണയത്തെ സ്റ്റീവിന് വിട്ടൊഴിയാൻ കഴിയില്ല. അത് ഒരു സൌന്ദര്യ പിണക്കത്തിൻ്റെ തീവ്രത മാത്രമാണ് എന്ന് ആശ്വസിച്ചവരും ഉണ്ട്.

“അടുത്തത് നിങ്ങൾ” റുഷ്ദിക്ക് സൌഖ്യം നേർന്നതിന് ജെ.കെ റൗളിങ്ങിന് ഭീഷണി

0

സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിങ്ങിന് ഭീഷണി. ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയതതിന് പിന്നാലെയാണ് സന്ദേശം ലഭിച്ചത്. ‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് റൗളിങ് ട്വിറ്ററില്‍ പങ്കുവച്ചു. ലോകപ്രശസ്ത നോവല്‍ സീരീസായ ഹാരിപോട്ടറിന്റെ രചയിതാവാണ് ജെ.കെ റൗളിങ്. റൗളിങ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നാണ് ജെ.കെ റൗളിങ് ട്വീറ്റ് ചെയ്തത്. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശുഭ പ്രതീക്ഷ പങ്കുവെച്ചു. ഇതിനുള്ള മറുപടിയായാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ ഭീഷണി സന്ദേശം അയച്ചയാള്‍ പ്രശംസിക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്.

റുഷ്ദി ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. വെൻ്റിലേറ്ററിൽ നിന്നും മാറ്റി. ഇദ്ദേഹം ഡോക്ടറോട് സംസാരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

അട്ടിമറിക്ക് കൂട്ടുനിന്ന ഷിന്ദേയേയും വെട്ടി, അപ്രധാന വകുപ്പുകൾ മാത്രം

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്ദേ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോൾ പ്രധാന വകുപ്പുകൾ വിമത പക്ഷത്ത് നിന്ന് മാറ്റി. ആഭ്യന്തരവും ധനവകുപ്പുമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ കൈകാര്യം ചെയ്യും. നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേക്ക് നൽകിയത്.

ഒരുമാസം മുന്‍പാണ് മഹാവികാസ് അഘാടി സഖ്യസര്‍ക്കാരിനെ ഷിന്ദേയുടെ നേതൃത്വത്തിൽ വിമതരെ ഉപയോഗിച്ച് അട്ടിമറിച്ച് അവരുമായി ചേർന്ന് ബിജെപി മുൻകൈയിൽ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

പുതിയ സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രിയായത് വലിയ രാഷ്ട്രീയ വിട്ടുവീഴ്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ വകുപ്പ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ ഈ ഞെട്ടല്‍ മാറുകയാണ്. മുഖ്യമന്ത്രിയെന്ന രീതിയില്‍ പൊതുഭരണത്തിന് പുറമേ താരതമേന്യേ പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണ് ഷിന്ദേയ്ക്ക് നൽകിയുള്ളൂ. ഈ മാസം ഒന്‍പതിനാണ് മന്ത്രിസഭയുടെ വികസനം നടന്നത്. അതിന് ശേഷമാണ് ഇപ്പോള്‍ വകുപ്പുകള്‍ വിഭജിച്ചത്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെടെ 20 അംഗങ്ങാണ് മന്ത്രിസഭയിലുള്ളത്.

ആഭ്യന്തരം, ധനം എന്നിവയ്ക്ക് പുറമേ വനം, ഉന്നത വിദ്യാഭ്യാസം, റവന്യു തുടങ്ങിയ പ്രധാന വകുപ്പുകളും ബിജെപിക്കാണ്.

വിദ്യാഭ്യാസം, കൃഷി, എക്‌സൈസ് തുടങ്ങിയ വകുപ്പുകള്‍ ഷിന്ദേ ക്യാമ്പിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്യും.

മന്ത്രിസഭയില്‍ പത്ത് ബിജെപി അംഗങ്ങളും പത്ത് ഷിന്ദേ വിഭാഗം അംഗങ്ങളുമാണുള്ളത്.

ഫട്നവിസിന് ഇത് മധുര പ്രതികാരം

മൂന്നാം തവണയാണ് ദേവേന്ദ്ര ഫട്നവിസ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2014-ഉം 2019-ഉം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, 2019-ൽ വെറും 80 മണിക്കൂർ മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലുണ്ടായിരുന്നത്. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയായിരുന്നു. തുടർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി.

കെ ടി ജലീലിൻ്റെ കശ്മീർ പരാമർശത്തിനെതിരെ ഗവർണർ

0

 കശ്മീരിലെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ജലീലിന്റെ പരാമര്‍ശങ്ങള്‍ തന്നെ ആശ്ചര്യപ്പെടുത്തി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അജ്ഞതയില്‍ നിന്നാണോ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കെ.ടി.ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗം ഒഴിവാക്കി. ഞായറാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്.

ഡല്‍ഹിയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ജലീലിനെതിരെ പ്രതിഷേധം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വീട്ടില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുന്‍ മന്ത്രിയുടെ നിയമസഭാ സമിതി അധ്യക്ഷനുമായ എ.സി.മൊയ്തീന്‍ പറഞ്ഞു.

വിവാദ പോസ്റ്റിന്റെ പേരില്‍ ജലീലിനെതിരേ രണ്ട് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.. സുപ്രീംകോടതി അഭിഭാഷകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ ജി.എസ്. മണി ഡൽഹി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിരുവനന്തപുരത്തും അദ്ദേഹത്തിനെതിരെ പരാതിയുണ്ട്.

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് ജലീൽ പ്രതികരിച്ചിട്ടില്ല. നിയമസഭാ പ്രവാസിക്ഷേമകാര്യ സമതിയംഗമായ ജലീല്‍ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ പോയശേഷം ശനിയാഴ്ച രാത്രി പത്തോടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. വിമാനത്താവളത്തില്‍നിന്ന് രാത്രി തങ്ങാനായി കേരള ഹൗസിലെത്തിയപ്പോഴും ചോദ്യങ്ങളോട് മുഖംതിരിച്ചു. പുലര്‍ച്ചെ തന്നെ അദ്ദേഹം നാട്ടിലേക്ക് വിമാനം കയറി.

സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും നെഹ്റുവിനെ വെട്ടി കർണാടക; പകരം വിപ്ലകാരിയായി സവർക്കർ

സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തിലാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്. 

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, പട്ടേല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ലാലാ ലജ്പത് റായി, ബാല ഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, ഡോ.ബി ആര്‍ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൗലാനാ അബ്ദുള്‍ കലാം ആസാദ് എന്നിവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട്.

ഹിന്ദുത്വ ആശയപ്രചാരകന്‍ വി ഡി സവര്‍ക്കറുടെ പേരും പട്ടികയിലുണ്ട്. വിപ്ലവകാരി സവര്‍ക്കര്‍ എന്നാണ് പേരിനൊപ്പം വിശേഷിപ്പിച്ചിരിക്കുന്നത്. ‘വിനായക് ദാമോദര്‍ സവര്‍ക്കര്‍ വിപ്ലവകരമായ മാര്‍ഗങ്ങളിലൂടെ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്ന് വാദിക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാറില്‍ തടവിലാക്കപ്പെടുകയും ഒട്ടേറെ പീഡനത്തിനിരാകുകയും ചെയ്തു’ എന്നാണ് സവര്‍ക്കറുടെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.

സവർണ്ണ അധ്യാപകൻ്റെ പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിൻ്റെ പേരിൽ മർദ്ദനമേറ്റ ഒമ്പത് വയസുകാരൻ മരിച്ചു

അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് മര്‍ദനമേറ്റ ദളിത് ബാലന്‍ മരിച്ചു. രാജസ്ഥാനില്‍ ഒമ്പത് വയസുള്ള കുട്ടിയാണ് ശനിയാഴ്ച അധ്യാപകൻ്റെ മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലാണ് ഉത്തരേന്ത്യൻ ജാതിവെറിയുടെ ക്രൂര രൂപം.

ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേൽപ്പിച്ചു. അവശ നിലയിലായ കുട്ടിയെ രക്ഷിതാക്കൾ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച മരിക്കുകയായിരുന്നു.

മരണത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു. ഇത് നേരിടാൻ സർക്കാർ ഇവിടുത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. നാട്ടുകാരുടെ ആശയ വിനിമയവും തടസ്സപ്പെടുത്തി.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. പ്രതിഷേധം കനത്തതോടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ഗെഹലോട്ട് പ്രഖ്യാപിച്ചു.

കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി രാജസ്ഥാന്‍ പോലീസ് സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചു.

‘അധ്യാപകനായ ചെയ്‌ലി സിങ് അദ്ദേഹത്തിന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഞങ്ങളുടെ മകനെ ക്രൂരമായി മര്‍ദിക്കുകയും ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കണ്ണില്‍ നിന്നും ചെവിയില്‍നിന്നും രക്തസ്രാവമുണ്ടായി. ആദ്യം ഉദയ്പുരിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും അവന്‍ മരിച്ചു’, കുട്ടിയുടെ പിതാവ് ദേവ്‌റാം മേഘവാള്‍ പറഞ്ഞു.

സൽമാൻ റുഷ്ദിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി

0

പൊതുപരിപാടിക്കിടെ കത്തിക്കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഡോക്ടര്‍മാരോട് സംസാരിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരും.

ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. അറസ്റ്റിലായ യുവാവ് ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

സാറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ സല്‍മാന്‍ റുഷ്ദിക്ക് ‘ ഭീഷണിയുണ്ടായിരുന്നു. 1988ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് ഇറാൻ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി യുഎസിലാണ് താമസിക്കുന്നത്.’സാറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ വിമര്‍ശം നേരിട്ട റുഷ്ദി പൊതുവിടങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു.

17 തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേരു നൽകാം

 വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 17 വയസ്സ്‌ തികഞ്ഞവർക്ക് മുൻകൂർ അപേക്ഷിക്കാം. പതിനെട്ട്‌ വയസ്സാകുന്ന മുറയ്‌ക്ക്‌ പട്ടികയിൽ ഉൾപ്പെടുത്തും. ജനുവരി ഒന്നിന്‌ 18 വയസ്സ്‌ പൂർത്തിയാകണമെന്ന മാനദണ്ഡത്തിലും മാറ്റംവന്നു. അപേക്ഷകരിൽ  ജനുവരി ഒന്ന്‌, ഏപ്രിൽ ഒന്ന്‌‌, ജൂലൈ ഒന്ന്‌, ഒക്ടോബർ ഒന്ന്‌ എന്നിങ്ങനെ നാല് ഘട്ടത്തിൽ 18 ആയവരെ പട്ടികയിൽ ഉൾപ്പെടുത്തും.


കരട് പട്ടിക പ്രസിദ്ധീകരിച്ച്‌ കഴിഞ്ഞ്‌ കൂട്ടിച്ചേർക്കലിനുള്ള സമയത്താണ്‌ മുൻകൂർ അപേക്ഷ നൽകേണ്ടത്‌. വോട്ടർപട്ടികയിൽ -ആധാർ ബന്ധിപ്പിക്കൽ നിർബന്ധമല്ല. ഇതിനായി വെബ്സൈറ്റ് (www.nvsp.in), വോട്ടർ ഹെൽപ്‌ലൈൻ ആപ് (വിഎച്ച്‌എ) എന്നിവ ഉപയോഗിക്കാമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ സഞ്ജയ് കൗൾ  പറഞ്ഞു

മാധ്യമങ്ങൾ കോർപ്പറേറ്റ് നിയന്ത്രണത്തിൽ; കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ മിണ്ടുന്നില്ല- മുഖ്യമന്ത്രി

0

രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങൾ മിണ്ടുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റ്‌ മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌ സ്വീകരിക്കുമ്പോഴും മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത്‌ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുമ്പ് ജനാധിപത്യവിരുദ്ധ നിലപാടുകൾ മാധ്യമങ്ങൾ തുറന്ന് കാണിച്ചിരുന്നു. ഇപ്പോൾ ആ നില മാറി. ഇന്ന് രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്. ബിജെപി സർക്കാരുകൾ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ തങ്ങൾ കാണുന്നതേ ഇല്ല എന്നാണ് മാധ്യമങ്ങളുടെ നിലപാട്. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേന്ദ്ര സർക്കാർ നീങ്ങുമ്പോഴും അത് തുറന്നു കാണിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. കേരളത്തിലെ വികസനം തടയാനാണ്‌ ഇഡി ലക്ഷ്യമിടുന്നത്‌. കിഫ്‌ബിയെ ലക്ഷ്യമിടുന്നത്‌ അതിനുവേണ്ടിയാണ്‌. കേരളത്തിലെ വികസനം തടയാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്‌. കേരളമെന്നൊരു സംസ്ഥാനത്തെ ഒഴിച്ചുനിർത്തിക്കൊണ്ടാണോ രാജ്യത്തിന്റെ വികസനം. ചില കാര്യങ്ങൾ കേന്ദ്രവും ചില കാര്യങ്ങൾ സംസ്ഥാനവും ചെയ്യുകയാണ്‌ രീതി. ആ രീതി അട്ടിമറിക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒന്നും നടക്കാൻ പാടില്ല എന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നുപോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിജെപിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണ്. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.