”ത്രിവർണ്ണ പതാക ഉയർത്തിയാൽ മാത്രം രാജ്യസ്നേഹികളാവില്ല, ഹൃദയത്തിലും വേണം” – ബിജെപിക്ക് എതിരെ ഉദ്ധവ് താക്കറെ

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവ്സേന നേതാവുമായ ഉദ്ദവ് താക്കറെ. കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുന്നതെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷം എത്രത്തോളം ജനാധിപത്യം ഇവിടെ അവശേഷിക്കുന്നുവെന്ന് നാം ചിന്തിക്കണമെണമെന്ന് ആവശ്യപ്പെട്ടു. മർമിക് മാഗസിന്റെ 62ാം സ്ഥാപക ദിനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേന്ദ്ര സർക്കാർ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു വൈറൽ കാർട്ടൂൺ ചിലർ എന്നെ കാണിച്ചു. അതിൽ ഒരു ദരിദ്രനായ മനുഷ്യൻ പറയുന്നു, എന്റെ കൈയിൽ ത്രിവർണപതാകയുണ്ട്, എന്നാൽ അത് സ്ഥാപിക്കാൻ വീട് ഇല്ല എന്ന്.

അരുണാചലിൽ ചൈന കടന്നു കയറ്റം നടത്തുകയാണ്. നമ്മുടെ വീടുകളിൽ ത്രിവർണപതാക സ്ഥാപിച്ചാൽ അവർ പിന്നോട്ടു പോകില്ല. ത്രിവർണപതാക ഹൃദയത്തിലും വേണം’, ഉദ്ദവ് താക്കറെ പറഞ്ഞു.

കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാറിനെ പിളർത്തി വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുൻ നിർത്തി ബി ജെ പി ഭരണം അട്ടിമറിച്ചത്. ഇത് ശിവസേനക്കും ഉദ്ധവ് താക്കറെക്കും വൻ തിരിച്ചടിയായിരുന്നു. 40 എംഎൽഎമാർ എതിർചേരിയിലേക്ക് കൂറുമാറിയതോടെ സർക്കാർ വീണു. ലോക്സഭയിലും 12 എംപിമാർ ഷിൻഡെക്കൊപ്പം നിന്നു. പുറമെ, താക്കറെയുടെ വിശ്വസ്തനായ സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ചെെനയ്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല – രാജ് നാഥ് സിങ്

രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ചൈനയ്ക്ക് ഒരുകാരണവശാലും പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസുരക്ഷാസംബന്ധിയായ വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും അത്തരം വിഷയങ്ങളില്‍ അസത്യപ്രസ്താവനകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു. വിമര്‍ശനങ്ങളും വിശ്വാസപ്രമാണങ്ങളും ഏതു വിധത്തിലായാലും രാജ്യത്തേക്കുള്ള ഒരു നുഴഞ്ഞുകയറ്റവും ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം ശനിയാഴ്ച പ്രസ്താവിച്ചു.

സ്വർണ്ണക്കടത്ത് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു; ഉദ്യോഗസ്ഥ ബന്ധം ക്രിമിനലുകൾ മുതലെടുക്കുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങി സ്വർണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം പുറത്തെത്തിക്കാൻ സഹായിച്ചതിനാണ് നടപടി. യാത്രക്കാരനിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയ ശേഷമാണ് 250 ഗ്രാമിൽ അധികം സ്വര്‍ണ്ണവുമായി പുറത്ത് കടക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചത്. 

എന്നാൽ ഇയാളെ വിമാനത്താവളത്തിന് പുറത്ത് വച്ച് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കസ്റ്റംസ് കമ്മീഷണർ നിർ‍ദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തിൽ സ്വർണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട ക്രിമിനൽ സംഘങ്ങളും വലിയ ഭീഷണിയായി മാറുകയാണ്. ഉദ്യോഗസ്ഥ സഹായം ഇല്ലാതെ ഇത്തരം സംഘങ്ങൾക്ക് നിലനിൽക്കാനാവില്ല. എന്നാൽ ബന്ധപ്പെട്ടവരുടെ പങ്ക് തെളിയുന്ന സംഭവങ്ങളിൽ പോലും കേസ് അന്വേഷണവും നടപടിയും പേരിന് മാത്രമാവുന്നതാണ് വെല്ലുവിളിയാവുന്നത്.

ബാലൻഡിയോർ; മെസി പുറത്ത് റൊണാൾഡോ പട്ടികയിൽ

0

വർഷങ്ങൾക്ക് ശേഷം ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് ഇതിഹാസ ഫുട്ബോൾ താരമായ മെസി പട്ടികയില്‍ നിന്ന് തന്നെ പുറത്താകുന്നത്.

കഴിഞ്ഞ വര്‍ഷം ഏഴാം തവണ ബാലന്‍ഡിയോ സ്വന്തമാക്കിയ മെസി ചരിത്രം രചിക്കുകയായിരുന്നു. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളിൽ ബാലന്‍ഡിയോര്‍ മെസിയുടെ പേരിൽ തിളങ്ങി.

ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള 30 പേരുടെ ചുരുക്കപ്പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ വെള്ളിയാഴ്ച പുറത്തുവിട്ടു.

37കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2005 മുതല്‍ ബാലന്‍ഡിയോര്‍ പുരസ്‌കാരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌കാരം നേടാനായത്.

ചൈനയുടെ സ്പേസ് ട്രാക്കിങ് കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്; ഇന്ത്യ എതിർപ്പിൻ്റെ കാരണം അറിയിച്ചില്ലെന്ന് ന്യായം

0

ചൈനീസ് രഹസ്യ സേങ്കേത കപ്പലിന് ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങൾ അനുമതി നല്‍കി.

കപ്പൽ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ലങ്കന്‍ നടപടി. നേരത്തെ കപ്പലിന് അനുമതി നൽകിയിട്ടില്ല എന്നാണ് അറിയിച്ചിരുന്നത്. ലങ്കയിലെ യു എസ് അംബാസിഡര്‍ ജൂലി ചംഗും പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ എതിര്‍പ്പറിയിച്ചിരുന്നു

എതിർപ്പിൻ്റെ കാരണം അറിയിച്ചില്ലെന്ന് ശ്രീലങ്ക

ചൈനീസ് കപ്പലിനോടുള്ള എതിര്‍പ്പ് വിശദീകരിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം ഇന്ത്യയോടും അമേരിക്കയോടും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇരുരാജ്യങ്ങളും വ്യക്തമായ വിശദീകരണം നല്‍കിയില്ലെന്നുമാണ് ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ചൈനയും വിമര്‍ശിച്ചിരുന്നു.

മുന്നറിയിപ്പ് നൽകിയത് പെൻ്റഗൺ

ചൈനയുടെ സ്‌പേസ് ട്രാക്കിംഗ് കപ്പലാണ് യുവാന്‍ വാങ്-5. ഇന്ധനം നിറയ്ക്കാനെന്ന ആവശ്യം ഉന്നയിച്ചാണ് ഹംബന്‍തോട്ട തുറമുഖ യാര്‍ഡില്‍ കപ്പല്‍ എത്തുന്നത്. കപ്പല്‍ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും.

കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാന്‍ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. ചാരക്കപ്പല്‍ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്ന സൂചന പുറത്തെത്തിയത് മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും അതീവജാഗ്രതയ്ക്ക് നാവികസേന തീരുമാനിച്ചിരുന്നു.

കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് അഭിമുഖത്തിലെ മാർക്കിൻ്റെ ഉദാരതയിൽ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് അഭിമുഖത്തിലെ മാർക്കിൻ്റെ ഉദാരതയിൽ.

വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ ‘ഉദാരത’ വ്യക്തമാവുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ആറുപേരില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനാണ്.

ഏറ്റവും കൂടുതല്‍ പോയന്റുള്ളത് ജോസഫ് സ്‌കറിയ എന്നയാള്‍ക്കാണ്, 651 പോയന്റ്. പ്രിയ വര്‍ഗീസിനുള്ളത് 156 പോയൻ്റാണെന്ന് രേഖകളില്‍ പറയുന്നു. ഏറ്റവും കുറവ് അധ്യാപന പരിചയവും ഇവർക്കാണ്.

അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പ്രിയയ്ക്കാണ് ലഭിച്ചത്. 32 മാര്‍ക്ക്. റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും മുന്നിലുള്ള ജോസഫ് സ്‌കറിയയ്ക്ക് നല്‍കിയത് 30 മാര്‍ക്കാണ്. പ്രിയയെക്കാള്‍ ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറുള്ള മറ്റുള്ളവര്‍ക്കും അഭിമുഖത്തില്‍ കുറവ് മാര്‍ക്കാണ് നല്‍കിയത്.

കണ്ണൂര്‍ വിസിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മാനദണ്ഡം മറികടന്ന് നിയമനം നല്‍കിയത്.

ഇതുസംബന്ധിച്ച വിവരാവകാശ രേഖകള്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന പരാതി സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കുക എന്ന മുന്‍വിധിയോടെയാണ് അഭിമുഖം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്.

ഇ ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് സ്ഥലം മാറ്റം

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിൽ ആദ്യം മുതല്‍ തന്നെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം. ചെന്നൈയിൽ 10 ദിവസത്തിനകം ജോയിൻ ചെയ്യാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരിക്കുന്നത്. പകരം ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല.

സ്പ്രിംഗ്ലര്‍ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരിക്കെയാണ് സ്ഥലംമാറ്റമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പോയത് രാധാകൃഷ്ണനെതിരെയാണ്.

ബിഹാറിൽ വീണ്ടും നാടകീയ നീക്കങ്ങൾ; കമ്യൂണിസ്റ്റുകൾ മന്ത്രിസഭയിൽ എത്തുമോ

ബിഹാറില്‍ മന്ത്രിസഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി-ജെഡിയു ചർച്ചകൾ പുരോഗമിക്കുന്നു. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, ഓഗസ്റ്റ് പതിനെഞ്ചിന് ശേഷമാകും ബിഹാറില്‍ മന്ത്രിസഭ രൂപീകരണം ഉണ്ടാകുക.

കമ്യൂണിസ്റ്റ് കക്ഷികളും നിതീഷും തമ്മിൽ

ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക എന്നാണ് പൊതുവായ ചർച്ച. ഇതിനായുള്ള കരുനീക്കങ്ങൾ തേജസ്വിയാദവിൻ്റെ നേതൃത്വത്തിൽ തുടരുകയാണ്. പതിനെട്ട് മന്ത്രിമാര്‍ ആര്‍ജെഡിയില്‍ നിന്നും പതിമൂന്നോ പതിനാലോ മന്ത്രിമാര്‍ ജെഡിയുവില്‍ നിന്നും എന്നാണ് തീർപ്പ്. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരൂ മന്ത്രി സ്ഥാനവും എന്ന വീതവും.

എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഭരണത്തിൽ സ്വാധീനമുണ്ട്. മന്ത്രി സഭയിൽ ചേരുന്നില്ല എന്ന് പ്രഖ്യാപിച്ചിട്ടും അവരെ നിതീഷ് കുമാർ ക്ഷണിച്ചു. മാറി നില്‍ക്കുന്ന സിപിഐ എംഎല്‍  മന്ത്രിസഭയില്‍ ചേരാൻ തീരുമാനിച്ചാല്‍ പാർട്ടികള്‍ ഇപ്പോൾ ഡിമാൻ്റ് ചെയ്യുന്ന സീറ്റ് ക്രമം മാറും. സിപിഐഎംഎല്‍ പ്രതിനിധികളോട് മന്ത്രി സഭയിൽ ചേരാൻ നിതീഷ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ  18 എന്ന കടംപിടിത്തത്തിൽ നിന്നും ആ‍ര്‍ജെഡി പിന്നോട്ട് പോകേണ്ടി വന്നേക്കും. ഇത് ആർ ജെ ഡിയുടെ ബലം കുറയ്ക്കും. നീതീഷിൻ്റെ രാഷ്ട്രീയ തന്ത്രങ്ങൾ പലപ്പോഴും അപ്രവചനീയമാണ്.

നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആകും മന്ത്രിസഭയില്‍ ചേരണമോയെന്നതില്‍ സിപിഐഎംഎല്‍ തീരുമാനമെടുക്കുക. 

ജാതി -പ്രാദേശിക പ്രാതിനിഥ്യം ഉറപ്പ് വരുത്തിയാകും മന്ത്രിസഭാ രൂപികരണമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. 2024 ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിഹാറില്‍ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് വിശദീകരിക്കുന്നു. ഇന്ന് ദില്ലിയിലുള്ള തേജസ്വി യാദവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ സന്ദർശിക്കും. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയേയും കാണും.

സ്പീക്കറെ മുൻ നിർത്തി എൻ ഡി എ അവസാന കളിക്ക്

അതേസമയം ബിജെപിക്കാരനായ സ്പീക്കർ വിജയ് കുമാർ സിൻഹ സ്ഥാനം രാജിവെക്കാത്ത സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആണ് മഹാസഖ്യത്തന്‍റെ തീരുമാനം. 24 ന് പ്രത്യേക സമ്മേളനം ചേർന്ന് സർക്കാര്‍ വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കും. അതിന് പിന്നാലെ തന്നെ സ്പീക്കറെ നീക്കാനുള്ള അവിശ്വാസ പ്രമേയവും അവതരിപ്പിക്കും.

സൽമാൻ റുഷ്ദിക്ക് കുത്തേറ്റു, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. കഴുത്തിൽ കുത്തേറ്റ അദ്ദഹത്തെ ഉടൻ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഷെതാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണം.

ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി നിലത്ത് വീണു. കഴുത്തിലും മുഖത്തും കുത്തേറ്റതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങിൻ്റെ മോഡറേറ്റർക്കും ശിരസിൽ കുത്തേറ്റു. ഇന്ത്യൻ സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. 2500 ഒളം പേർ തിങ്ങിയ ഹാളിലാണ്.

സമ്മര്‍ടൈം ലക്ചര്‍ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇന്‍സ്റ്റിട്യൂഷന്‍. ന്യൂയോര്‍ക്കില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സല്‍മാന്‍ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. ഇറാനിൽ നിന്നുള്ള ഗ്രൂപ്പുകൾ സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.

ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി 20 കൊല്ലമായി യുഎസിലാണ് താമസിക്കുന്നത്. 1975 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ .1981 ല്‍ പുറത്തിറങ്ങിയ ‘മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍’ എന്ന പുസ്തകത്തിന് ബുക്കര്‍ സമ്മാനം ലഭിച്ചു. ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ വിമര്‍ശം നേരിട്ട റുഷ്ദി പൊതുവിടങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു.

അടിയന്തിര രക്ഷയ്ക്ക് സി ഐ ടി യു ബ്രിഗേഡ് ഒരുങ്ങുന്നു

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.

സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250 പേരെയുമാണ് റെഡ് ബ്രിഗേഡില്‍ അംഗങ്ങളാക്കുക.റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കും തീപൊള്ളലേല്‍ക്കുന്നവര്‍ക്കും മറ്റ് അപകടങ്ങളിൽ പെടുന്നവർക്കും അടിയന്തര പരിചരണം നല്‍കാൻ ഐഎംഎയുടെ നേതൃത്വത്തിലാണ് പരിശീലനം.

തിരുവന്തപുരം ജില്ലയില്‍ മാത്രമായി 3,000 പേരടങ്ങുന്ന സേന രൂപീകരിക്കും. ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ 45 വയസില്‍ താഴെ മാത്രം പ്രായമുള്ള തൊഴിലാളികളെയാണ് തെരഞ്ഞടുക്കുക. തലസ്ഥാനത്ത് ഇപ്പോൾ സേനക്ക് ‘ബ്ലൂ ബ്രിഗേഡ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

മന്ത്രിമാരുടെ പ്രവർത്തനം ഓഫീസുകളിലും ഓൺലൈനിലും ഒതുങ്ങുന്നു – വിമർശനം തള്ളാതെ കോടിയേരി

സിപിഎംമ സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉയർന്ന കാര്യം തുറന്ന് പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെ ഉൾപ്പെടെ വിമർശനങ്ങളെ കുറിച്ചുള്ള വാർത്ത കോടിയേരി ശരിവെച്ചു.

‘മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാവേണ്ടതുണ്ട്. സംസ്ഥാനത്ത് ഉടനീളം സജീവമാകണം. അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’ – കോടയേരി പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം ആയതിനാല്‍ ഓഫീസുകള്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വന്നതോട് കൂടി ചില പരിപാടികള്‍ അതിലൂടെ ക്രമീരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. വിമര്‍ശനം വന്നാല്‍ മന്ത്രിമാര്‍ ഉഷാറാകും. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പോലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നില്‍ക്കുന്നത് കേരളത്തിലാണെന്നും കോടിയേരി അവകാശപ്പെട്ടു.

‘ലോകായുക്ത നിലപാടില്‍ സിപിഐക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് തങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. ഇനിയും ചർച്ച ചെയ്തിട്ടേ മുന്നോട്ട്‌പോകൂ.

ഓര്‍ഡിനന്‍സ് ഒപ്പിടാത്ത ഗവണര്‍റുടെ നടപടി ദുരൂഹമാണ്. ആരോടും പോരിനൊന്നുമില്ല. ഇത്രയും കാലം അദ്ദേഹം എന്തെല്ലാം പറഞ്ഞു. ഞങ്ങള്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ വന്നത് ഇപ്പോഴാണ് – അദ്ദേഹം പറഞ്ഞു