യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവതിക്ക് ശിക്ഷാ ഇളവ് തേടിയുള്ള കുടുബാംഗങ്ങളുടെ യാത്ര വിലക്കി

യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ കുടുംബത്തിൻ്റെ യാത്ര വിലക്കി കേന്ദ്ര സർക്കാർ. കുടുംബം ഇപ്പോള്‍ യെമെന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കി.സനയിലെ ജയിലിലാണ് നിമിഷ പ്രിയ ഇപ്പോൾ. മോചന ശ്രമങ്ങളുടെ ഭാഗമായായിരുന്നു കുടുംബവും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും യാത്ര ആസൂത്രണം ചെയ്തത്.

ശരിയത്ത് നിയമ പ്രകാരമുളള ‘ബ്ലഡ് മണി’ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യത ഉണ്ടെന്നറിഞ്ഞാണ് യാത്ര ആസൂത്രണം ചെയ്തത്.

എന്നാല്‍ നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ നൽകിയ കത്തിൽ പറയുന്നു. യെമെനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സനയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ ഇല്ല എന്നതാണ് പ്രശ്നം.

വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. യെമെന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമെന്‍ കോടതിയും തള്ളിയിരുന്നു.

ഈ സാഹചര്യത്തില്‍ മോചന ചര്‍ച്ചകള്‍ക്കായി യെമെന്‍ സന്ദര്‍ശിക്കാന്‍ പ്രേമകുമാരിക്ക് പുറമെ, മകള്‍ മിഷേല്‍ ടോമി തോമസ്, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞ് അഹമ്മദ് നടുവിലക്കണ്ടി, കോര്‍ കമ്മിറ്റി അംഗം സജീവ് കുമാര്‍ എന്നിവരാണ് യമനിലേക്ക് യാത്ര അനുമതി തേടിയത്.

നിമിഷപ്രിയ കേസ് ഇങ്ങനെയാണ്

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. പാസ്‌പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. അറബിയില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേൽക്കും

വ്യാജ തിരിച്ചറിയൽ കാർഡ് കേസ് വിവാദത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേൽക്കും. കൊച്ചിയിൽ വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ കെപിസിസി മൂന്നംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പുതിയ അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമതലയേൽപ്പിക്കുന്നത് തടയണം എന്നാവശ്യപെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ മുൻസിഫ് കോടതി തള്ളിയിട്ടുമുണ്ട്.

കേസിലെ പ്രധാന പ്രതി എം ജെ രഞ്ചു പിടിയിലായാൽ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് കൂടിയായ രെഞ്ചു ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ ഉപയോഗിച്ച ആപ് ആയ സി ആർ കാർഡ് പ്രചരിപ്പിച്ച കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജെയ്സൺ മുകളേലിനേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജയ്സൺ കർണാടകയിലേക്ക് കടന്നു എന്നാണ് പൊലീസിന്റെ സംശയം.

ഫോൺ മാറ്റിവെച്ചത് കുട്ടികൾ കളിക്കുന്നതിനാൽ, ചോദ്യം ചെയ്യലിന് ഹാജരാവാൻ തയാറെന്നും കുട്ടിയുടെ പിതാവ്

പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രതികരണവുമായി കൊല്ലത്തെ ആറു വയസുകാരിയുടെ പിതാവ്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനാലാണ് ഫോണ്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു. തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്നും തന്നെയും നഴ്‌സ് സംഘടനയെയും ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും ഹജാരാകുമെന്നും കുട്ടിയുടെ പിതാവ് അറിയിച്ചു. ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത് പഴയ ഫോണാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെയും അച്ഛന്റെയും നമ്പര്‍ കുട്ടിക്ക് അറിയാം വിദേശത്തുള്ള സഹോദരന്‍ നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാധരണ നടപടിക്രമമെന്ന നിലയിലാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിതാവിൻ്റെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം, നഴ്സിങ് തട്ടിപ്പ് സംഘങ്ങൾക്കിടയിലെ കുടിപ്പക ചികഞ്ഞ് പൊലീസ്

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശി പൊതു മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ മൊബൈൽ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ പിതാവായ റെജി. ഇയാളുടെ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുകയാണ്. റെജി താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രവർത്തനങ്ങളും പൊലീസ് പരിശോധിക്കുകയാണ്. നഴ്സിങ് പരീക്ഷയുടെ മറവിൽ നടക്കുന്ന കോടികളുടെ ഇടപാടും ഇതിനിടയിലെ കുടിപ്പകകളും ഇതോടെ വ്യക്തമായിട്ടുണ്ട്.

നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നേതൃത്വത്തിനെതിരേ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. റെജിക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഇതാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അന്വേഷണം. ഇതുസംബന്ധിച്ച് വ്യക്തതവരുത്താന്‍ റെജിയെ സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷണത്തിനായി വിളിപ്പിച്ചെങ്കിലും ചോദ്യംചെയ്യലിന് ഹാജരായില്ല.

കുട്ടിയെ കണ്ടെത്തിയശേഷം തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം കണ്ടെത്തുന്നതില്‍ താത്പര്യക്കുറവ് കാട്ടുന്നതും ഇടപാടുകൾ സംബന്ധിച്ച വലിയ കേസ് ഉയർത്തുന്നുണ്ട്. കുട്ടിയുടെ രക്ഷിതാക്കളോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്ന വിവരമാണ് കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പ്രധാനമായും തേടിയത്. ഇതിനായി അവരുടെ സഹപ്രവര്‍ത്തകരെ പോലീസ് കണ്ടു.

അന്വേഷണം കുട്ടിയുടെ പിതാവ് റെജിയില്‍മാത്രം ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാനേതൃത്വം രംഗത്തെത്തിയതും ശ്രദ്ധേയമായി. കുട്ടിയെ കാണാതായദിവസം പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ നടന്ന മൊഴിയെടുപ്പ് റെജിക്ക് കടുത്ത മാനസികസമ്മര്‍ദമുണ്ടാക്കി എന്ന് സംഘടന ആരോപിച്ചിരുന്നു. കുഞ്ഞിന്റെ സമീപത്തുനിന്ന് മാറ്റിനിര്‍ത്തി ചോദ്യംചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പോലീസിനോട് സംഘടന ആവശ്യപ്പെട്ടതും വിചിത്രമായി തീർന്നു.

കോടികൾ മറിയുന്ന പരീക്ഷ, ജയിപ്പിക്കാൻ ചോദ്യ പേപ്പർ ചോർത്തൽ

ലോകമെമ്പാടും നടക്കുന്ന പരീക്ഷയാണ് ഒ.ഇ.ടി. ഇത് നഴ്സിങ് റിക്രൂട്ട്മെൻ്റിന് നിർബന്ധമാണ്.  സ്പീക്കിംഗ്, റൈറ്റിംഗ്, ലിസണിംഗ്, റീഡിംഗ് എന്നീ നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. ഒ.ഇ.ടി മെഡിക്കൽ പ്രൊഫണലുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. യു.കെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫണലുകൾക്ക് ഒ.ഇ.ടി നിർബന്ധമാണ്.

ഒ.ഇ.ടി എന്ന വെല്ലുവിളിയെ നേരിടുന്ന വ്യക്തിക്ക് ഇംഗ്ലീഷ് മാത്രം അറിഞ്ഞാൽ പോരാ. ഇവിടെ പ്രവർത്തിപരിചയവും പ്രധാനമായി വരും. രോഗിയോടും രോഗിയുടെ സഹായിയോടും അവരുടെ ആവശ്യങ്ങൾ അനുസരിച്ചും രോഗാവസ്ഥ തിരിച്ചറിഞ്ഞും ഒരു നഴ്‌സോ ഡോക്ടറോ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടതെന്നും ഉദ്യോഗാർത്ഥിയിലൂടെ എക്‌സാമിനർ വിലയിരുത്തുകയാണ് ചെയ്യുന്നത്. സന്ദർഭത്തിനനുസരിച്ചുള്ള ഉദ്യോഗാർത്ഥിയുടെ ഇംഗ്ലീഷ് ഭാഷാ ശൈലിയും ഒ.ഇ.ടി പരീക്ഷയിൽ നിർണായകമാണ്

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള, വിദേശ രാജ്യങ്ങളിൽ ജോലി നേടാനോ പഠിക്കാനോ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കുമായി  ഒ.ഇ.ടികോഴ്സ് നടത്തുന്നുണ്ട്. കോഴ്സ് കാലാവധി 80 മണിക്കൂറാണ്,ഫീസ്  7740 രൂപ. ഓൺലൈൻ മോഡിലാണ് ക്ലാസുകൾ നടത്തുന്നത്. പക്ഷെ തട്ടിപ്പു സംഘങ്ങളുടെ പരിശീലനത്തിനാണ് പ്രിയം ഏറെ.

നാട്ടിലും വിദേശത്തും പലദിവസങ്ങളിൽ പരീക്ഷ, ഒരേ ചോദ്യ പേപ്പർ

പല രാജ്യത്തും പല സമയത്താണ് ഒ ഇ ടി പരീക്ഷ നടക്കുന്നത്. ഗൾഫിൽ നടക്കുന്ന പരീക്ഷകഴിഞ്ഞ് മൂന്നുമണിക്കൂറിനുശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തിലും പരീക്ഷ നടക്കുന്നത്. ഗൾഫിലെ പരീക്ഷയുടെ ചോദ്യപേപ്പർ സംഘടിപ്പിച്ച് കേരളത്തിൽ പരീക്ഷയെഴുതുന്നവർക്കു കൈമാറുന്ന സംഘങ്ങൾ വൻ റാക്കററായാണ് പ്രവർത്തിക്കുന്നത്. ഉത്തരസൂചികയ്ക്കുവേണ്ടി മൂന്നും നാലും ലക്ഷം രൂപയാണ് ഓരോ ഉദ്യോഗാർഥികളിൽനിന്നും തട്ടിപ്പുസംഘം ഈടാക്കുന്നത്.

ഇത്തരം രണ്ടു തട്ടിപ്പുസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്ത് സമീപകാലത്ത് മൂന്നോ നാലോ തട്ടിക്കൊണ്ടുപോകൽ നഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ഇത്തരത്തിൽ പ്രൊഫഷണൽ പരിചയം ഉള്ള ടീം ആണെന്ന് പൊലീസ് നേരത്തെ നിഗമനത്തിൽ എത്തിയിരുന്നു.

വ്യാജ നമ്പർ പ്ലേറ്റ് നിർമ്മാണവും കണ്ടെത്തി മുന്നോട്ട്

അതിനിടെ വ്യാജ നമ്പർ പ്ലേറ്റുകളും വ്യാജ സ്റ്റിക്കറുകളുമായി വാഹനങ്ങൾ വാടകയ്ക്കു നൽകുന്നയാളെ പോലീസ് പിടികൂടി. പരവൂർ സ്വദേശി വിനോദിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളെപ്പറ്റി നിർണായക വിവരങ്ങൾ ഇയാളിൽനിന്നു കിട്ടുമെന്നാണ് പോലീസും കരുതുന്നത്.

കാർ ഡ്രൈവറും

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും.

ഓടിട്ട ആളൊഴിഞ്ഞ വീട്

കേസുമായി ബന്ധപ്പെട്ട് മൂന്ന് രേഖാചിത്രങ്ങൾ കൂടെ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഒരാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രെെവറെന്ന് സംശയിക്കുന്നയാളാണ്. രണ്ടാമത്തെ ആള്‍ കുട്ടിയെ പരിചരിച്ച സ്ത്രീയാണ്. മൂന്നാമത്തെ ആള്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട യുവതിയാണ്. ഇവരുടെ ചിത്രം തലയില്‍ വെള്ള ഷാളിട്ട നിലയിലാണ്. നേരത്തെ ഇതേ വിഷയത്തില്‍ രണ്ട് രേഖാചിത്രങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.

കുട്ടിയുടെ കൂടുതല്‍ മൊഴികളും നിലവില്‍ പുറത്തുവന്നിട്ടുണ്ട്. ഓടിട്ട ആളൊഴിഞ്ഞ വീട്ടിലായിരുന്നു തട്ടിക്കൊണ്ട് പോയ ദിവസം താമസിച്ചിരുന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ആളുകള്‍ കൂടുന്ന സ്ഥലത്ത് തല താഴ്ത്തിപ്പിടിച്ചിരുന്നു. ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. കാര്‍ട്ടൂണ്‍ കാണിച്ച് തന്നു. പിറ്റേന്ന് രാവിലെ കാരിലും ഓട്ടോയിലുമായിട്ടാണ് സഞ്ചരിച്ചത്. ശേഷം, പപ്പയിപ്പോള്‍ വിളിക്കാന്‍ വരുമെന്ന് പറഞ്ഞ് യുവതി സ്ഥലംവിടുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.

എൽ.ഡി.ക്ലാർക്ക്,വനിതാ എക്സൈസ് ഓഫീസർ തസ്തികകളിലേക്ക് PSC വിജ്ഞാപനമായി

വിവിധ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനം തയാറായി. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല. നേരിട്ട് അപേക്ഷ നൽകി. പരീക്ഷ എഴുതാം. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെയാണ് റാങ്ക് പട്ടിക തയ്യാറാക്കുക.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പരീക്ഷാത്തീയതി ജനുവരിയിൽ തന്നെ പ്രഖ്യാപിക്കാനും പി എസ് സി ഒരുങ്ങുന്നുണ്ട്.

തസ്തിക: എൽ ഡി ക്ലാർക്ക്

യോഗ്യത; എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമായ psc അംഗീകൃത യോഗ്യത നേടിയിരിക്കണം.

പ്രായം 18-വയസ്സിനും- 36 വയസ്സിനും ഇടയിൽ. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിജ്ഞാപന തീയതി അടിസ്ഥാനമാക്കിയാവും പ്രായപരിധി നിശ്ചയിക്കുക. കൂടുതൽ വിവരങ്ങൾക്ക് പി എസ് സി വിജ്ഞാപനത്തോടൊപ്പം പി എസ് സി വെബ് സൈറ്റിൽ ലഭിക്കും.

നിയമനം: ജില്ലാ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഓരോ ജില്ലയിലും പ്രത്യേകം ഷോർട് ലിസ്റ്റുകളും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. പ്രതീക്ഷിത ഒഴിവിലേക്കാണ് വിജ്ഞാപനം.

ശമ്പളം: 26,500-രൂപ 60,700 രൂപ. ആനുകൂല്യങ്ങൾ പുറമെ.

തസ്തിക; വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി

യോഗ്യത; പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം

പ്രായപരിധി 19 വയസ്സിനും 31 വയസ്സിനും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

വിജ്ഞാപനം PSC സൈറ്റിൽ ലഭ്യമാവും

കൊല്ലത്ത് ഇസ്രയേൽ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, ഒപ്പം താമസിച്ച യോഗ ആചാര്യൻ സ്വയം കുത്തി മരിക്കാൻ ശ്രമിച്ച നിലയിൽ

0

കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഡീസന്റുമുക്കിൽ ഇസ്രയേൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരോടൊപ്പം താമസിച്ചിരുന്ന യോഗാചാര്യനെ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിലും കണ്ടെത്തി.

ഇസ്രയേൽ യുവതി രാധ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സത്വ(36)യാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെ(75)യാണ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടത്. സത്വയെ കഴുത്തറത്തു കൊലപ്പെടുത്തിയശേഷം കൃഷ്ണചന്ദ്രൻ സ്വയം കുത്തി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

ഉത്തരാഖണ്ഡിൽ ദീർഘകാലമായി യോഗാചാര്യനായിരുന്ന കൃഷ്ണചന്ദ്രൻ. ഒരുവർഷം മുമ്പാണ് ഇസ്രയേലി യുവതിയോടൊപ്പം നാട്ടിൽ എത്തി താമസം തുടങ്ങിയത്. ആയുർവേദ ചികിത്സയ്ക്ക് എന്ന പേരിലാണ് ഇസ്രയേലി യുവിതെ എത്തിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ദമ്പതിമാരായ രവികുമാർ ബിന്ദു ദമ്പതിമാരാണ് കൊലപാതകം നടന്ന സംഭവം കണ്ടെത്തിയത്. പുറത്തു പോയി തിരിച്ചെത്തിയ ബിന്ദു ഇവരുടെ വീട്ടിൽ എത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതോടെ സംശയമായി പിൻഭാഗത്തെത്തി കതകുതുറന്ന് വീട്ടിനുള്ളിൽ കയറി. അപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ സത്വ രക്തത്തിൽക്കുളിച്ച് ചലനമറ്റനിലയിൽ കിടക്കുന്നതു കണ്ടത് എന്നാണ് പൊലീസിൽ മൊഴി നൽകിയത്.

കൃഷ്ണചന്ദ്രൻ കത്തികൊണ്ട് വയറ്റിൽ സ്വയം കുത്തുന്നതുകണ്ടതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നാട്ടുകാർ എത്തി കൊട്ടിയം പോലീസിൽ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തി ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. സത്വ മരിച്ചനിലയിലായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ചരക് ശപഥിന് പിന്നാലെ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ ധന്വന്തരി, ഇന്ത്യയ്ക്ക് പകരം ഭാരത്

ലോഗോയിൽ നിന്നും അശോക സ്തംഭം മാറ്റി ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നും ചേർത്തു.

ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം ഇടം പിടിച്ചത്. ലോഗോയുടെ നടുവിലായി കളർ ചിത്രത്തിലാണ്  ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തിയത്. നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ എന്നതിനു പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫ്  ഭാരത് എന്നും മാറ്റി.

മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം  മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങില്‍ ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക്  പ്രതിജ്ഞ ഒഴിവാക്കി ‘മഹര്‍ഷി ചരക് ശപഥ്’ നടപ്പിലാക്കാനുള്ള  കമ്മീഷന്റെ ശുപാര്‍ശയും വിവാദമായിരുന്നു.

ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേർത്തത്. കേന്ദ്രമന്ത്രിമാർ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്. റെയിൽവേ മന്ത്രാലയം കേന്ദ്രസർക്കാരിന് സമർപ്പിച്ച ശുപാർശകളിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയിരുന്നു. ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോ​ഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരത് എന്ന് ഉപയോ​ഗിക്കുന്നതിൽ തെറ്റില്ല എന്നുമാണ് വിഷയത്തിൽ കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.

അനധികൃത സ്വത്ത് സമ്പാദന പരാതി, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ നീക്കി

0

സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എ പി ജയനെ നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം പാർട്ടി ചുമതല നല്‍കിയിരിക്കുന്നത്.

അടുത്ത ടേമില്‍ സി.പി.ഐയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ഇടതുമുന്നണി തീരുമാനമായിരുന്നു. ഈ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ള വ്യക്തി കൂടിയാണ് പരാതിക്കാരിയായ ശ്രീനാ ദേവി കുഞ്ഞമ്മ. എ പി ജയൻ്റെ അടൂരിലെ ഫാമിനെക്കുറിച്ചാണ് ഇവർ പരാതി നൽകിയിരുന്നത്.

പഞ്ചായത്തിനെ ദുരുപയോഗം ചെയ്ത് കൊണ്ട് അനധികൃതമായി സര്‍ക്കാര്‍ പണം കൈപ്പറ്റിയാണ് ഫാം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇക്കാര്യം അന്വേഷിക്കാന്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. ആരോപണങ്ങള്‍ കൃത്യമാണെന്ന് അന്വേഷണ കമ്മിഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.

എ പി ജയനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ വിവരം ഉണ്ടായിരുന്നു. എ പി ജയന്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ഫാമുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി കാണിക്കാന്‍ സാധിച്ചില്ല എന്നാണ് വിവരം. ജയന്‍ താന്‍ വിദേശത്താണെന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്. കൃത്യമായി മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ച ശേഷമാണ് എ പി ജയനെ നീക്കിയിരിക്കുന്നത്.

പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് എ.പി.ജയൻ പ്രതികരിച്ചു. താൻ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്ത് നടപടി എടുക്കേണ്ടത്  ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നും ജയൻ പറഞ്ഞു. 

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുട്ടിയുടെ പിതാവിൻ്റെ ഫ്ലാറ്റിലും പരിശോധന

0

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ അച്ഛൻ റെജി താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെ സ്വകാര്യ ആശുപത്രി  ജീവനക്കാരനാണ് റെജി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം പരിശോധനക്കായി എടുത്തു.

പ്രതികളുടെ ഉദ്ദേശം മറ്റെന്തെങ്കിലുമായിരുന്നോയെന്നാണ് പരിശോധിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പശ്ചാത്തലം കൂടി പരിശോധിക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ എങ്ങനെ കിട്ടി, പ്രതികൾ ആദ്യം അഞ്ച് ലക്ഷവും പിന്നീട് പത്ത് ലക്ഷം രൂപയും മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് എന്തിനാണ് തുടങ്ങി സംശയം പൊലീസിനുണ്ട്.

പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്.

റെജി പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് പോവുകയും തിങ്കളാഴ്ച രാവിലെ തിരികെ വരുന്നതുമായിരുന്നു പതിവ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ് റെജി.

അതിനിടെ തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പ് ഇതേ കാർ, ഇതേ റൂട്ടിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കിട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31ന് പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം  ഭാഗത്തേക്ക് കാർ പോകുന്നതാണ് ദൃശ്യങ്ങളിൽ. സംഭവം നടന്ന പരിസരത്തെ ടവർ ലൊക്കേഷനുകൾക്ക് കീഴിലെ ഫോൺ വിളികൾ പൊലീസ് പരിശോധിച്ച് വരികയാണ്.

കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ സമ്മർദ്ദമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് ഗവർണർ

0

കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സമ്മര്‍ദ്ദം ഉണ്ടായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമാണ് വിദ്യാഭ്യാസമന്ത്രിയുടെ കത്ത് തനിക്ക് നല്‍കിയത്. ആദ്യ അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പുവെക്കാത്ത നിയമോപദേശം കൈമാറി. പിന്നീട് വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശകത്തിനൊപ്പം ഒപ്പുവെച്ച നിയമോപദേശവും കൊണ്ടുതന്നു.

ഇരുവരോടും അപ്പോൾ തന്നെ മറുപടി നൽകിയിരുന്നു. നിയമവിരുദ്ധമായത് ചെയ്യാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്ന് അറിയിച്ചു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയുരുന്നു.

നിയമോപദേശകനും ഒ.എസ്.ഡിയും വരുന്നതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടുവന്നു. കണ്ണൂര്‍ തന്റെ മാതൃ ജില്ലയാണെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ അവസാനിക്കട്ടേയെന്നും പാനല്‍ വന്നാല്‍ താങ്കളുമായി ഉറപ്പായും കൂടിയാലോചിക്കുമെന്നും മറുപടി നല്‍കി. വി.സി. സ്ഥാനത്തേക്ക് 12 പേരുടെ അപേക്ഷ ലഭിച്ചതിന് ശേഷമാണ് നിയമോപദേശകനും ഒ.എസ്.ഡിയും തന്നെവന്നുകാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറാണ് വി.സി നിയമന അതോറിറ്റി. അത് അവര്‍ക്ക് എടുത്തുകളയണം. ഞാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ബില്ലുകളില്‍ ഇതാണ് ആവശ്യമുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്നത് അവര്‍ക്ക് സ്ഥാപനവത്കരിക്കണം. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ വി.സി. നിയമനത്തില്‍ മാത്രമല്ല, മറ്റുകാര്യങ്ങളിലും തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. അതിനാല്‍ ചാന്‍സലറായി തുടരാന്‍ ആഗ്രഹമില്ലെന്നും മറ്റൊരുമാര്‍ഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥാനത്ത് തുടര്‍ന്നാല്‍ ഇനിയും നിയമവിരുദ്ധമായത് ചെയ്യാന്‍ താങ്കള്‍ നിര്‍ബന്ധിക്കുമെന്ന് പറഞ്ഞു – ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ച് നടത്തിയ ഗൂഢാലോചന- വി ഡി സതീശൻ

പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ് കണ്ണൂര്‍ വൈസ് ചാന്‍സിലറുടെ പുനര്‍നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി. യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വി.സിയെ നിയമിച്ചത്. വി.സിക്ക് വേണ്ടി ചാന്‍സലറായ ഗവര്‍ണര്‍ക്ക് പ്രോ ചാന്‍സിലറായ മന്ത്രി കത്തെഴുതിയത് നിയമവിരുദ്ധമാണ്. വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെടാന്‍ പാടില്ല. കത്തെഴുതുക മാത്രമല്ല, പ്രായപരിധി കഴിഞ്ഞയാള്‍ക്ക് നിയമവിരുദ്ധമായി നിയമനം നല്‍കുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയത്.

നിയമവിരുദ്ധ വി.സി നിയമനത്തില്‍ അനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്. ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നു തന്നെ രാജിവച്ച് പുറത്ത് പോകണം. യു.ജി.സി മാനദണ്ഡങ്ങളും യൂണിവേഴ്സിറ്റി ആക്ടും ലംഘിച്ച് പ്രോ വി.സി കൂടിയായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശത്തില്‍ അനാവശ്യ ഇടപെടലാണ് നടത്തിയത്.

ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ച് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളാക്കി സര്‍ക്കാര്‍ അധപതിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള മുന്നറിയിപ്പും താക്കീതുമാണ് സുപ്രീം കോടതിയില്‍ നിന്നും കിട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു