അതിജീവിതയുടെ സ്വകാര്യത പ്രധാനം, ഒറ്റ സിറ്റിങ്ങിൽ വിചാരണ തീർക്കണം – സുപ്രീം കോടതി

ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയുടെ സ്വകാര്യത പ്രധാനമാണെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം. രഹസ്യ വിചാരണയുടെ ചട്ടങ്ങൾ പാലിക്കണം. മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു.

പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിത. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് കോടതി ഉറപ്പ് വരുത്തണം. മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനായി വിചാരണ സ്ഥലത്ത് സ്‌ക്രീന്‍ വയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സാധിക്കുന്നില്ലങ്കില്‍ അതിജീവിത മൊഴി നല്‍കുമ്പോള്‍ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്‍ക്കാന്‍ നിര്‍ദേശിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങള്‍ ഉണ്ടാവരുത് എന്നും കോടതി നിര്‍ദേശിച്ചു.

വിചാരണ നടപടികള്‍ കഠിനമാകരുത്. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

മധ്യപ്രദേശിലെ ഗ്വാളിയോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാന്‍സലര്‍ക്കെതിരെ ലൈംഗീക പീഡന കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതി നിര്‍ദേശങ്ങള്‍.

പൊലീസ് നടപടി എടുക്കാത്ത കേസുകളിൽ കൂടുതൽ ഉത്തരവാദിത്വം

പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എടുക്കാത്ത പോലീസ് നടപടി നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഇടപെടാന്‍ വിസമ്മതിക്കുന്ന സന്ദര്‍ഭങ്ങളില്‍ കോടതികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഗൾഫിൽ നിന്നും മടങ്ങിയ 70 കാരന് ഭാര്യയുടെയും മക്കളുടെയും പീഡനം; വിവാഹ മോചനം അനുവദിച്ച് കോടതി

 ഭാര്യയുടെ ക്രൂരമായ പെരുമാറ്റം നേരിടേണ്ടി വന്ന ഭര്‍ത്താവിന് വിവാഹമോചനത്തിന് നിയമപരമായ അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി.

പയ്യനാട് സ്വദേശിയായ എഴുപതുകാരന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ജഡ്ജി എന്‍.വി. രാജുവിൻ്റേതാണ് ഉത്തരവ്. ഭര്‍ത്താവിൻ്റെ വീട് ഉപയോഗിക്കുന്നതും അവിടെ താമസിക്കുന്നതും കോടതി വിലക്കി. ഭാര്യയ്ക്ക് എതിരായാണ് വിധി

പയ്യനാട് സ്വദേശിയും പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശിനിയും 1977-ലാണ് വിവാഹിതരായത്. വിദേശത്ത് ജോലിചെയ്തിരുന്ന ഭര്‍ത്താവ് സമ്പാദ്യം ഭാര്യക്കും കുട്ടികള്‍ക്കും നല്‍കിയിരുന്നു. പിന്നീട് ജോലി മതിയാക്കി വന്നതോടെ ഭാര്യ നിരന്തരം ഉപദ്രവിച്ചു. ഹൃദ്രോഗിയായ തൻ്റെ ചികിത്സാരേഖകള്‍ കത്തിച്ചു എന്നിങ്ങനെയായിരുന്നു പരാതി.

ഇതു കാരണം 2021 മാര്‍ച്ച് പത്തിന് ഭാര്യയെ മൊഴിചൊല്ലിയിരുന്നു. ഇത് അംഗീകരിക്കാതെ ഭാര്യ തൻ്റെ വീട്ടിലെത്തി പീഡിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഭാര്യയുടെ ഭാഗത്തുനിന്നുള്ള ക്രൂരതകൾ ഹര്‍ജിക്കാരന് തെളിയിക്കാനായി.

ത്വലാഖ് ചൊല്ലിയ കത്ത് കിട്ടിയില്ലെന്ന വാദവും നിലനിന്നില്ല. നേരത്തേ കോടതി പുറപ്പെടുവിച്ച ഉത്തരവുപ്രകാരം പോലീസ് സംരക്ഷണം ലഭിച്ചില്ലെന്ന കാര്യവും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

ഭര്‍ത്താവിനുനേരെ ക്രൂരത തുടര്‍ന്നാല്‍ ഭാര്യയെ വീട്ടില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ത്വലാഖ് ചൊല്ലിയ നടപടി മതപരമായും നിയമപരമായും ശരിവെച്ചു.

ആരോഗ്യ പൊതു മരാമത്ത് മന്ത്രിമാരെ മുൻനിർത്തി സി പി എമ്മിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പോർ മുഖം

സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാർക്കെതിരേ രൂക്ഷവിമർശനം. മന്ത്രിമാർ തീരുമാനം എടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നും കുറ്റപ്പെടുത്തൽ. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിൻ്റെ മുഖം.

എന്നാൽ ഈ വകുപ്പുകളിലാണ് കൂടുതൽ പരാതികൾ ഉയരുന്നതെന്ന് യോഗത്തിൽ ചിലർ വിമർശനം ഉയർത്തി.

സി.പി.എം. സംസ്ഥാന സമിതിയിലെ പ്രധാന ചർച്ച സർക്കാരിന് നകീയമുഖം നൽകുന്നതുമായി ബന്ധപ്പെട്ട കർമരേഖയായിരുന്നു. കർമപദ്ധതി സംബന്ധിച്ച രേഖയിലാണ് മന്ത്രിമാരെ പൊതുവിൽ വിമർശന വിധേയമാക്കുന്നത്.

സർക്കാരിൻ്റെ മൊത്തം പ്രവർത്തനം തൃപ്തികരമാണ്. എങ്കിലും മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ട് എന്നാണ് രേഖ. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ മന്ത്രിമാർ വിമുഖത കാണിക്കുന്നു എന്നാണ് പ്രധാന കുറ്റപ്പെടുത്തൽ.

മന്ത്രിമാർ അവരുടെ വകുപ്പുകളിൽ തീരുമാനം എടുക്കാൻ മടി കാണിക്കുന്നു. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിടുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് ശരിയല്ല എന്നാണ് രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മന്ത്രിമാർക്ക് രാഷ്ട്രീയവിഷയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും രേഖയിലുണ്ട്.

നാൽപതോളം പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. പോലീസിനെതിരേയും മറ്റു പ്രധാന വകുപ്പുകൾക്കെതിരേയും രൂക്ഷവിമർശനമുയർന്നു. പോലീസിനെ സ്വതന്ത്രമായി കയറൂരി വിടുന്നത് ശരിയല്ല. ഇതാണ് പരാതികൾക്ക് ഇട നൽകുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോരായ്മയുണ്ട്. ഇതൊക്കെ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാകുന്നു.

വിമർശകരുടെ മുഖ്യ ലക്ഷ്യം ആരോഗ്യ പൊതു മരാമത്ത് വകുപ്പുകൾ

ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ അടുത്തുപോലും എത്തുന്ന പ്രവർത്തനം മന്ത്രിമാർ പൊതുവിൽ കാണിക്കുന്നില്ല. ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിന്റെ മുഖമായി പ്രവർത്തിക്കേണ്ടത്. എന്നാൽ ഈ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്നത് എന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.

മഹാരാഷ്ട്രയിൽ ഭരണം മറിച്ചിട്ട് അധികാരത്തലേറിയ മന്ത്രിമാരിൽ 75 ശതമാനം പേരും ക്രിമിനൽ കേസ് നേരിടുന്നവർ

 മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന ഏക്നാഥ് ഷിന്ദേ സർക്കാരിലെ മന്ത്രിസഭയിൽ എല്ലാവരും കോടിപതികൾ. മാത്രമല്ല ഇവരിൽ 75 ശതമാനം പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിൽ ശിവസേന വിട്ട് ബി.ജെ.പിയുമായി കൂടിച്ചേർന്ന് സർക്കാരിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിന്ദേ അധികാരത്തിലേറിയത്. 20 പേരടങ്ങുന്ന മന്ത്രിസഭയിൽ 75 ശതമാനം പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. അതായത് 15 മന്ത്രിമാർക്കുമെതിരേ ക്രിമിനൽ കേസുകളുണ്ട്. ഷിന്ദേ പക്ഷത്തുള്ള ഏഴ് മന്ത്രിമാരും ബി.ജെ.പിയിൽ നിന്നുള്ള എട്ട് മന്ത്രിമാർക്കുമെതിരേ കടുത്ത ക്രിമിനൽ കേസുകളുള്ളതെന്ന് എ.ഡി.ആർ. നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഡി.എൻ.എ. റിപ്പോർട്ട് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയും 18 മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭയായിരുന്നു അധികാരത്തിലേറിയത്.

ഒരു മന്ത്രിയുടെ ആസ്തി 441 കോടി

മന്ത്രിസഭയിലെ 20 പേരും കോടിപതികളാണ്. ബി.ജെ.പി. എം.എൽ.എയും മന്ത്രിയുമായ മംഗൾ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ള മന്ത്രി. 441.65 കോടിയാണ് ലോധയുടെ ആസ്തി. ലോധയ്ക്ക് 283.36 കോടിയുടെ ബാധ്യതകളുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സന്ദീപൻറാവു ബുംറെയാണ് മന്ത്രിസഭയിലെ ആസ്തി കുറഞ്ഞ കോടിപതി. 2.92 കോടിയാണ് ബുംറെയുടെ ആസ്തി. ഷിന്ദേ മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി ആസ്തി 47 കോടിയാണ്. ബി.ജെ.പി. ഭാഗത്ത് നിന്നുള്ള മന്ത്രിമാരുടെ ആസ്തിയുടെ ശരാശരി 58 കോടിയും ഷിന്ദേ ഭാഗത്തു നിന്നുള്ള മന്ത്രിമാരുടേത് ശരാശരി 36 കോടിയുമാണെന്ന് എ.ഡി.ആർ. റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രിസഭയിലെ രണ്ടുപേർ വെറും എസ്.എസ്.സി. വിദ്യാഭ്യാസമുള്ളവരാണ്. ആറുപേർ എച്ച്.എസ്.സി. യോഗ്യത മാത്രമുള്ളവരാണ്.

11 പേർ ബിരുദധാരികളുമാണ്. മന്ത്രിസഭയിൽ ഒരാൾക്ക് ഡോക്ടറേറ്റ് ഉണ്ട്. ബി.ജെ.പിയുടെ ഡോ. സുരേഷ് ഖാഡെയ്ക്കാണ് ശ്രീലങ്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റുള്ളത്. ഇതിൻ്റെ ആധികാരികത വ്യക്തമല്ല.

മന്ത്രിസഭയിലെ 80 ശതമാനം പേരും 51 – 70 വയസുള്ളവരും, 20 ശതമാനം പേരും 41 – 50 വയസുള്ളവരുമാണ്. മന്ത്രിസഭയിൽ വനിതകളൊന്നും തന്നെ ഇല്ല.

ഏക്നാഥ് ഷിന്ദെ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയുമായി 18 മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയാണ് മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നത്. സ്വതന്ത്രരും ചെറു പാർട്ടികൾക്കും മന്ത്രിസഭയിൽ സ്ഥാനം ഉണ്ടായിരുന്നില്ല.

കറി പൗഡറുകളില്‍ എല്ലാം വ്യാജം – മന്ത്രി

സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

“കറിപൗഡറുകളെ പറ്റി പരിശോധിച്ച് നോക്കിയപ്പോള്‍ എല്ലാം വിഷമാണ്. ഒറ്റെയൊരെണ്ണം പോലും ബാക്കിയില്ല, വല്യ പ്രചാരണമൊക്കെ ആയിരിക്കും, പക്ഷെ എന്താ ചെയ്ക, എല്ലാം വ്യാജമാണ്. അപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസത്തോടുകൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍” – മന്ത്രി പറഞ്ഞു.

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിലകുറവാണ്. എന്നാല്‍ ആദായകരമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ സാധിക്കും. ലോകത്തെമ്പാടുമുള്ള ഉത്പന്നങ്ങളോട് മത്സരിക്കാനുള്ള സംവിധാനം രൂപപ്പെടുത്തണമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.

തപാല്‍ ഓഫീസുകളിലെത്തുന്ന ആളുകളുടെ തപാല്‍ ഉരുപ്പടികള്‍ പാഴ്സല്‍ അയക്കുന്നതിനാവശ്യമായ പായ്ക്കിങ് ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്ന ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ന്നാ താൻ കേസ് കൊട്; റോഡിലെ കുഴിൽ വീണ് സിനിമ പേരിൽ തന്നെ ഹിറ്റായി

0

കുഞ്ചാക്കോ ബോബൻ നായകനായ “ന്നാ താൻ കേസ് കൊട്” എന്ന സിനിമക്ക് എതിരെ സൈബർ ആക്രമണം. സർക്കാരിൻ്റെ പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമം എന്നാണ് വിമർശനം.

സൈബർ ക്യാമ്പെയിനെതിരെ രൂക്ഷവിമർശനവുമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ രംഗത്ത് എത്തിയതോടെ സിനിമ പേരിൽ തന്നെ ഹിറ്റായി. മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസും മാധ്യമങ്ങളിൽ നിറഞ്ഞു.

ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് വെറും പരസ്യത്തിന് വേണ്ടി മാത്രം, തമാശ രൂപേണ പോസ്റ്ററിൽ ഉപയോഗിച്ചപ്പോൾ ആ സിനിമ ബഹിഷ്കരിക്കാൻ തീരുമാനമെടുത്ത സഖാക്കന്മാരെല്ലാം ഏത് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നാണ് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത് എന്ന് ബിന്ദു കൃഷ്ണ ഫെയ്സ്ബുക്കിൽ ചോദിച്ചു. അതോ സഖാക്കന്മാരുടെയെല്ലാം യാത്ര വിമാനത്തിലാണോ എന്നും അവർ പരിഹസിച്ചു.

കൊല്ലം ഡിസിസി ഓഫീസ് മന്ദിരത്തിൽ നിന്നും ന്നാ താൻ കേസ് കൊട് എന്ന ചിത്രം പ്രദർശിപ്പിക്കുന്ന രണ്ട് തിയേറ്ററുകളിലേക്കും പോകുന്ന വഴികളിൽ കുഴികളുണ്ട്. കൂടാതെ, മഴകൂടിയായിക്കഴിഞ്ഞാൽ ചെളിക്കുളങ്ങളുടെ തൃശ്ശൂർ പൂരമാണ്. എന്നിരുന്നാലും ഈ സിനിമ കാണാൻ തന്നെയാണ് തീരുമാനമെന്ന് അവർ എഴുതി. റോഡുകളിൽ കുഴികളുണ്ട് എന്ന് പറയുമ്പോൾ തിയേറ്ററിലേക്ക് പോകുന്ന റോഡുകളിൽ മാത്രമല്ല, കൊല്ലം ഭരണകൂട ആസ്ഥാന മന്ദിരമായ കളക്ട്രേറ്റിന് ചുറ്റിനും, കൊല്ലം കോർപ്പറേഷന് മുന്നിലും കുഴികളുടെ ഘോഷയാത്രയാണ്. എന്തിനേറെ പറയുന്നു പൊതുമരാമത്ത് വകുപ്പ് ജില്ലാ ആസ്ഥാന മന്ദിരത്തിന് മുന്നിൽ പോലും റോഡുകൾ ചെളിക്കുളമായിട്ട് മാസങ്ങളും, വർഷങ്ങളുമൊക്കെ പിന്നിടുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ചർച്ചയാണ് ഉയർത്തിയത്. തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യത്തിലുള്ളത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം ബോക്സ് ഓഫീസ് ഭേദിച്ചത്.

സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയ്ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്.

സിനിമയിലെ കുഞ്ചാക്കോ ബോബൻ്റെ ഡാൻസും ട്രോളും പ്രതിട്രോളുകളുമായി സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു.

ഒരു മുഴം മുന്നിൽ നടന്ന് പ്രതിരോധിച്ച് മുഹമ്മദ് റിയാസ്

സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ തന്നെ എടുത്താല്‍ മതിയെന്ന് മന്ത്രി വ്യക്തമാക്കി.

സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് തനിക്കറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീര്‍ഘകാലത്തെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റേയും അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളില്‍കൂടി പരാതി അയച്ചാല്‍ പോലും മന്ത്രിയുടെ ടീമിലുള്ളവര്‍ അത് നോക്കി പരിഹാരണം കണ്ടെത്തുന്നുണ്ട്’ മന്ത്രി റിയാസ് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിജീവിതയോ ഉപജീവിതയോ.. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിച്ച് പി സി ജോർജ്

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കെതിരെ ദുഷിച്ച പരാമർശവുമായി മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്. കേസ് കാരണം നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടുകായണ് ചെയ്തതെന്ന് ജോര്‍ജ് പറഞ്ഞു.

“എന്നാ… അതിജീവിതയോ, അങ്ങനയെല്ലേ പറയുന്നത്… എന്നാ ഉപജീവിതയോ…?

അതിജീവിത…

അതിജീവിതയ്ക്ക് ഒത്തിരി സിനിമ കിട്ടുന്നുണ്ട്. പിന്നെന്നാ?.. കിട്ടട്ടേ… അതിജീവിത രക്ഷപ്പെട്ടു.

അതല്ലേ നമുക്ക് ആവശ്യം. പ്രശ്‌നമൊന്നുമില്ലന്നേ.. അതിക്കൂടുതലൊന്നും പറയാന്‍ പാടില്ലല്ലോ-

കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പിസി ജോര്‍ജ് കയര്‍ത്തു.

ആ പ്രശ്‌നം ഉണ്ടായതുകൊണ്ട് അവര്‍ക്ക് ലാഭമല്ലാതെ നഷ്ടം ഉണ്ടായതായി താന്‍ കരുതുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലുണ്ടായ നഷ്ടം വളരെ വലുതാണ്. അതില്‍ ഒരു സംശയവും വേണ്ട, ശരിയാണെങ്കില്‍…. എന്നാല്‍ ആ വിഷയംകൊണ്ട് മറ്റു മേഖലകളില്‍ അവര്‍ക്ക് ലാഭമേ ഉണ്ടായുള്ളൂ എന്നാണ് എന്റെ വിശ്വാസം- ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പാലക്കാട് 10 കോടിയുടെ കഞ്ചാവ് തൈലം പിടിച്ചു

പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍.പി.എഫ്. സംഘം പിടികൂടിയത്.

അഞ്ച് കിലോ ഹാഷിഷ് ഓയിൽ ഇവരില്‍നിന്നും കണ്ടെത്തി. കഞ്ചാവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഓയിലാണ് ഇത്

ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ഹാഷിഷ് ഓയിലാണ് പാലക്കാട്ടുനിന്ന് പിടികൂടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്നും ആര്‍.പി.എഫ്. പറഞ്ഞു. പ്രതികളെ തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറും.

ഹോട്ടലിൽ ഭക്ഷണത്തിനിടെ വഴക്കിട്ട് മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കയറ്റി, ഒരാൾ മരിച്ചു

കൊച്ചി ടൌൺ ഹാളിനടുത്ത് ഹോട്ടലിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തർക്കം ഉണ്ടായി മദ്യ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി കയറ്റുകയായിരുന്നു.

മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത് എന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ തിരിച്ചറിയൽ രേഖ ഹോട്ടൽ നിൽക്കുന്ന സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. പിന്നീട് റെയിൽ വേ സ്റ്റേഷൻ ഭാഗത്തേക്ക് ഓടി രക്ഷപെട്ടു.

എഡിസൺൻ്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പ്രതി സുരേഷിനായി നഗരത്തിൽ പൊലീസ് പരിശോധന തുടരുന്നു.

പത്താം ക്ലാസുകാരനെ മറയാക്കി ലഹരി മാഫിയ, മയക്കുമരുന്നിനും പീഡനത്തിനും ഇരയായത് 11 സ്കൂൾ വിദ്യാർഥിനികൾ

പല പ്രായത്തിലുള്ള 11 പെൺകുട്ടികളെ ലഹരിക്ക് അടിമായാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായി പത്താം ക്ലാസുകാരൻ. പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.

കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ലഹരി ഡീലർമാരിൽ ഒരാളായി പത്താം ക്ലാസുകാരനെ ഉപയോഗപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തനിക്ക് കഞ്ചാവും മയക്കുമരുന്നുകളും നൽകി വശത്താക്കി. ഡിപ്രഷനെ മുതലെടുത്ത് അടിമയാക്കി. പീഡിപ്പിച്ചു. മറ്റ് പെൺകുട്ടികളെയും എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നൽകി പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.

പലപ്പോഴും ലഹരി ഉപയോ​ഗിച്ച ശേഷം പെൺകുട്ടികളുടെ കൂടെ കഴിയും. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോ​ഗിക്കുന്നുണ്ട്. ഇത്തരത്തിൽ തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിക്കുന്ന ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ക്രമേണ മയക്കു മരുന്നിന് അടിമയായ പത്താം ക്ലാസുകാരൻ ഇപ്പോൾ അക്രമ സ്വഭാവം കാണിക്കുന്ന നിലയിലാണ്. പീഡിപ്പിച്ച ശേഷമാണ് ബ്ലാക്ക്മയിൽ ചെയ്യുന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു. കാശിനു വേണ്ടിയും ഉപയോഗപ്പെടുത്തുന്നു.

കേസ് പൊലീസിന് മുന്നിൽ എത്തിച്ചത് പിതാവിൻ്റെ സാമൂഹിക പ്രതിബദ്ധത

സഹപാഠിക്ക് ഒപ്പം മകൾ കഞ്ചാവ് ഉപയോ​ഗിക്കുന്ന വിഡിയോ പയ്യൻ്റെ ബന്ധു ഫോണിൽ അയച്ച് തന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് കൗൺസിലിങ്ങിലൂടെയാണ് പെൺകുട്ടി പീഡന വിവരവും വലവീശിയ ലോകത്തെ കുറിച്ചും പുറത്തുപറയുന്നത്.

ഇതിനു പിന്നാലെ അവനെതിരെ കേസ് കൊടുക്കരുതെന്നും അവൻ കൊച്ചുകുട്ടിയല്ലേ എന്നും പറഞ്ഞ് ബന്ധുക്കൾ എന്നവകാശപ്പെട്ട് ഇടപെടൽ ഉണ്ടായി. എന്നാൽ കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ഡീലർമാരിൽ ഒരാളായി ഈ പയ്യനെ മാറ്റിയെടുത്തതായി മനസിലാക്കാൻ കഴിഞ്ഞതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.

കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചതായാണ് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയത്. സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോ​ഗിക്കുന്നത്. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന സംഘങ്ങൾ സജീവമാണ്.

താൻ പുറത്താണ് പഠിച്ചതെന്നും അവിടെ റാ​ഗിങ്ങിന് ഇരയായതിന്റെ ഡിപ്രഷൻ ഉണ്ടായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഈ ഡിപ്രഷൻ മാറ്റാൻ വേണ്ടിയാണെന്ന് പറഞ്ഞ് സഹപാഠി നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചു. പിന്നീട് ശീലമായി. അതിന് ശേഷമാണ് ക്രൂരമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി.