75-ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്.
പാരമ്പര്യ വൈദ്യനെ ചികിത്സാ രഹസ്യം ചോർത്താൻ തടവിലാക്കി വെട്ടി നുറുക്കിയ കേസിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും
ഒറ്റമൂലിയുടെ രഹസ്യം ചോർത്താൻ മൈസൂരു സ്വദേശി പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തവിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന കണ്ണിയായി റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ.
കേസില്‍ നിര്‍ണായക പ്രതിയെന്ന് പോലീസ് കരുതുന്ന റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ സുന്ദരന്‍ സുകുമാരന്‍ മുൻകൂർ ജാമ്യം ലഭിക്കാതായതോടെ കീഴടങ്ങുകയായിരുന്നു. പ്രധാന പ്രതി ഷൈബിന്‍ അഷ്‌റഫിൻ്റെ ജാമ്യാപേക്ഷയും സുന്ദരന്‍ സുകുമാരൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളി.
മുട്ടം കോടതിയിലെത്തി കീഴടങ്ങിയ സുന്ദരന്‍ സുകുമാരനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. നാട്ടുവൈദ്യന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് എങ്ങനെ തെളിവ് നശിപ്പിക്കാമെന്ന് പശിശീലനം നല്‍കിയത് സുന്ദരന്‍ സുകുമാരനായിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഒളവിലായിരുന്നു. സുന്ദരന്‍ മംഗലാപുരത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണത്തിലായിരുന്നു. കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് കീഴടങ്ങലുണ്ടായത്.
3,177 പേജുകളുള്ള കുറ്റപത്രമാണ് കേസന്വേഷിച്ച പൊലീസ് സംഘം നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സഹചര്യവും ഇല്ലാതായി.
നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്‌റഫാണ് പ്രധാന പ്രതി. പ്രതിപ്പട്ടികയിലുള്ള പന്ത്രണ്ടുപേരില്‍ ഇനി രണ്ടു പേരെ പിടികൂടാനുണ്ട്. കൊലപാതകം തെളിയിക്കുന്ന ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളുമാണ് കുറ്റപത്രത്തില്‍ പോലീസ് നിരത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ഫൊറന്‍സിക് ലാബില്‍നിന്ന് കിട്ടിയ പരിശോധനാ റിപ്പോര്‍ട്ടും കുറ്റപത്രത്തിലുണ്ട്. കേസില്‍ 107 സാക്ഷികളാണുള്ളത്.

മൂന്നു വർഷം മുമ്പ് നടന്ന ക്രൂര കൃത്യം
ഷാബാ ഷെരീഫിനെ ഷൈബിന്‍ അഷ്‌റഫ് മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് ഒന്നേകാല്‍ വര്‍ഷത്തോളം വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളിയെന്നാണ് കേസ്. കൊലപാതകവുമായി നേരിട്ടുബന്ധമുള്ള ഒന്‍പതുപേരെ ഇതിനകം അറസ്റ്റുചെയ്തു. ഒരാള്‍ കീഴടങ്ങുകയും ചെയ്തു. ഇതില്‍ രണ്ടുപേര്‍ പ്രതികളെ സഹായിച്ചവരാണ്.
ഷാബാ ഷെരീഫിന്റെ മൃതദേഹത്തിനായി ചാലിയാര്‍പ്പുഴയില്‍ നാവികസേനയുള്‍പ്പെടെ തിരച്ചില്‍ നടത്തിരുന്നെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ സാഹചര്യത്തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസ് നിലപാട്
കേസ് വെളിച്ചത്ത് എത്തിച്ചതും പ്രതികൾ
കഴിഞ്ഞ ഏപ്രില്‍ 23-ന് വീട്ടില്‍ക്കയറി ഒരുസംഘം തന്നെ മര്‍ദിച്ചൂവെന്ന ഷൈബിൻ അഷ്റഫിൻ്റെ പരാതിയാണ് കേസ് നിയമത്തിന് മുന്നിലെത്തിച്ചത്. ഷൈബിനെ അക്രമിച്ച കേസിലുള്‍പ്പെട്ടർക്ക് എതിരെ നടപടി തുടങ്ങി. എന്നാൽ അഞ്ച് പ്രതികളും തിരുവനന്തപുരം സെക്രട്ടേറിയേറ്റിനുമുന്നില്‍ ഷൈബിനെതിരേ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി.
ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെൻ്റ് പോലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂര്‍ പോലീസിന് കൈമാറി. ഇവരെ ചോദ്യംചെയ്തതോടെയാണ് ഷാബാ ഷെരീഫ് കൊലപാതകത്തിൻ്റെ വിവരം പുറത്തെത്തുന്നത്.
പ്രതികള്‍
നിലമ്പൂരിലെ ഷൈബിന്‍ അഷ്‌റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ്(32), വയനാട് കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്(41),
വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ അജ്മല്‍, (30), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുള്‍വാഹിദ് (26), ഷൈബിന്‍ അഷറഫിന്റെ ഭാര്യ ഫസ്‌ന (28).
ഇവര്‍ റിമാന്‍ഡിലാണ്.
പ്രതികളെ സഹായിച്ച മൂന്നുപേര്‍ക്ക് ജാമ്യംലഭിച്ചു. മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം (പൊരി ഷമീം-32), ഷൈബിന്റെ സഹായി റിട്ട. എസ്.ഐ. സുന്ദരന്‍ സുകുമാരന്‍. തട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ച വാനും ഷാബാ ഷരീഫിൻ്റെ ഓഡി കാറും തൊണ്ടിയായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹാരിസിൻ്റെ മൃതദേഹം റീ പോസ്റ്റ് മോർട്ടം ചെയ്യും
നാട്ടുവൈദ്യൻ ഷാബാഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ ഒൻപതു മണിയോടെ റീ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുക്കും. നിലമ്പൂർ ഡിവൈഎസ് പി സാജുകെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മേൽനോട്ടം വഹിക്കും. ഹാരിസിനെ ഷൈബിൻ അഷ്റഫ് കൊലപ്പെടുത്തിയതാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ബന്ധുക്കളുടെ ഹർജിയിൽ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്താൻ നിലമ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് അനുമതി നൽകിയിരുന്നു.
.
ആഭ്യന്തര വിമാന നിരക്ക് നിയന്ത്രണാധികാരം കമ്പനികൾക്ക് കൈമാറി സർക്കാർ
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനി വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാം. നിരക്ക് നിശ്ചയിക്കുന്നതിൽ സർക്കാർ ഏര്‍പ്പെടുത്തിയിരുന്ന പരിധി എടുത്തു മാറ്റി. കോവിഡ് കാലത്തെ നഷ്ടം നികത്താൻ വിമാന കമ്പനികളെ സഹായിക്കാൻ എന്നാണ് വിശദീകരണം.
വർധന ഓഗസ്റ്റ് 31 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ആഭ്യന്തര സര്‍വീസുകളിലെ വിമാനനിരക്ക് പരിധി ആഗസ്റ്റ് 31 മുതല്‍ എടുത്തുകളയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിജ്ഞാപനം പുറപ്പെടുവിച്ചു.
വിമാനക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിന് തൊട്ട് പിന്നാലെയാണ് സർക്കാർ നിയന്ത്രണം ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനികള്‍ക്ക് നിരക്ക് പരിധി വെല്ലുവിളിയാണെന്ന് വിമാനക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇന്ധനത്തിൻ്റെ പ്രതിദിന ആവശ്യകതയും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്ക് പരിധി ഒഴിവാക്കാനുള്ള തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ പറഞ്ഞു.
ഭീമ കൊറേഗാവ് കേസിൽ കവി വരവര റാവുവിന് ജാമ്യം
ഭീമ കൊറേഗാവ് കേസില്‍ തടവിലിട്ട കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് സുപ്രീംകോടതി ജാമ്യം. ആരോഗ്യ കാരണങ്ങളാല്‍ സ്ഥിരം ജാമ്യം അനുവദിക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് വരവര റാവു സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷനിലാണ് വിധി. ജസ്റ്റിസുമാരായ യു.യു ലളിത്, അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
വരവര റാവുവിന്റെ പ്രായം, ആരോഗ്യ സ്ഥിതി, രണ്ടര വര്‍ഷക്കാലത്തെ കസ്റ്റഡി കാലയളവ് എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം കീഴടങ്ങണമെന്ന മുംബൈ ഹൈക്കോടതി നിബന്ധന നീക്കി.
പ്രത്യേക എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിടരുതെന്നും സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. ഇഷ്ടമുള്ള വൈദ്യസഹായം സ്വീകരിക്കാം. എന്‍ഐഎയുമായി സമ്പര്‍ക്കംപുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ മെറിറ്റിനെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ചെസ് ഒളിമ്പ്യാഡിൽ ഏഴ് മെഡലുകളുമായി ഇന്ത്യ
ചെന്നൈ മഹാബലിപുരത്തു നടന്ന 44ആമത് ചെസ് ഒളിമ്പ്യാഡ് സമാപിച്ചു. വ്യക്തിഗത ഇനത്തിൽ ഇന്ത്യ ഏഴ് മെഡലുകൾ സ്വന്തമാക്കി.
മലയാളി താരം നിഹാൽ സരിനും ഡി. ഗൂകേഷും സ്വർണം നേടി.
ഇ. അർജുന് വെള്ളി ലഭിച്ചു. ആർ. പ്രഗ്നാനന്ദ, ആർ. വൈശാലി, താനിയ സച്ച്ദേവ്, ദിവ്യ ദേശ് മുഖ് എന്നിവർക്ക് വെങ്കലം.
ടീമിനത്തിൽ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം ലഭിച്ചു.
ഓപ്പൺ വിഭാഗത്തിലെ ബി ടീമും വനിതാ വിഭാഗത്തിൽ എ ടീമുമാണ് വെങ്കലമെഡൽ നേടിയത്.
വനിതാവിഭാഗത്തിൽ ഉക്രെയിൻ സ്വർണവും ജോർജിയ വെള്ളിയും നേടി. ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാനാണ് സ്വർണം സ്വന്തമാക്കിയത്. അർമേനിയ്ക്കാണ് വെള്ളി മെഡൽ.
ജൂലൈ 28നാണ് ഒളിമ്പ്യാഡ് ആരംഭിച്ചത്
ലോകകപ്പ് സ്റ്റേഡിയത്തിൽ ബിയർ വിലക്കി ഖത്തർ
ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിനു മുൻപും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയർ വില്പന അനുവദിക്കും. എങ്കിലും അകത്ത് സ്റ്റേഡിയത്തിനുള്ളിൽ പൂർണ നിരോധനമാണ്.
റൂയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റോഡിലെ ലഹരി പ്രകടനങ്ങളും നടപടി നേരിടും. ഒപ്പം പരസ്യമായ പ്രണയ പ്രകടനങ്ങൾക്കും വിലക്കുണ്ട്. രാജ്യത്ത് കറങ്ങാൻ ഡ്രസ് കോഡും ഉണ്ട്. റോഡുകളിലെയും പൊതു സ്ഥലങ്ങളിലെയും ആഘോഷ പ്രകടനങ്ങൾ ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കൽ ഇവയ്ക്കും വിലക്കുണ്ട്.
നമുക്ക് ആഘോഷിക്കാം ഖത്തർ
ലോകകപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കി. റിയോയുടേയും ബ്യുണസ് അയേഴ്‌സിന്റെയും തെരുവുകൾ കണക്കെ ദോഹയും ഫുട്‌ബോൾ നഗരമായി കളിക്കമ്പം കത്തി പടരും.
ഇതിഹാസങ്ങളുടെയും അത്യപൂർവ കാൽപന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിധമാവും.
‘നമുക്ക് ആഘോഷിക്കാം’ എന്ന തലക്കെട്ടോടെയാണ് സൗന്ദര്യ വത്കരണ പദ്ധതികൾ നടപ്പിലാക്കുക. ‘സീന’ എന്ന പേരിലുള്ള പരിപാടിയിൽ പൊതുജനങ്ങൾക്ക് മത്സരത്തിനുള്ള അവസരവുമുണ്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർക്ക് സ്വന്തം വീടും മതിലുകളും ലോകകപ്പിന്റെ ഭാഗമായി അണിയിച്ചൊരുക്കാം.
സ്‌കൂളുകൾ, കിൻഡർ ഗാർട്ടനുകൾ, സർവകലാശാലകൾ, മുനിസിപ്പാലിറ്റികൾ, പൊതുസ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.
ഖത്തർ വേൾഡ് കപ്പ്, ബ്രസീൽ ജഴ്സി പുറത്തിറക്കി
ഖത്തർ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ മാർക്കറ്റിലെത്തും
കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ ബ്രസീൽ ജി ഗ്രൂപ്പിലും അർജൻ്റീന സി ഗ്രൂപ്പിലുമാണ്. ജി ഗ്രൂപ്പിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾ ബ്രസീലിനൊപ്പം കളിക്കും. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് സി ഗ്രൂപ്പിൽ അർജൻ്റീനയുടെ എതിരാളികൾ.
വാളയാർ കേസിൽ സി ബി ഐ റിപ്പോർട്ട് തള്ളി, പുനരന്വേഷണം നടത്താൻ പാലക്കാട് പോക്സോ കോടതി
വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്സോ കോടതി. സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ടാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
സിബിഐ തന്നെയായിരിക്കും പുനരന്വേഷണം നടത്തുക. എന്നാൽ സിബിഐയുടെ പുതിയ സംഘമാകും ഇന് അന്വേഷിക്കുന്നത്. 2021 ഡിസംബറിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റേയും സിബിഐയുടേയും കണ്ടെത്തൽ. എന്നാൽ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്ന വാദത്തിൽ അമ്മ ഉറച്ച് നിന്നു.
ആറാം ക്ലാസുകാരൻ ബൈക്കിൽ കറങ്ങി,പിതാവിന് 13,500 രൂപ പിഴ
പന്ത്രണ്ടുകാരന്‍ ബൈക്കോടിച്ചതിന് പിതാവായ ബൈക്കുടമയില്‍നിന്ന് 13,500 രൂപ പിഴയീടാക്കി. ആറളം പോലീസാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിചെയ്ത കുറ്റത്തിന് പിതാവിന് പിഴയിട്ടത്. ഇരിട്ടി ആറളം ചെടിക്കുളത്താണ് നടപടി
ആറാം ക്ലാസ് വിദ്യാര്‍ഥി പിതാവിന്റെ ബൈക്കില്‍ ആറളം-ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. വിവരം ആറളം എസ്.ഐ. വി.വി. ശ്രീജേഷിന് കൈമാറി.
തുടര്‍ന്ന് പോലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തു.
13,500 രൂപ രൂപ പിഴയീടാക്കി ബൈക്ക് വിട്ടുനല്‍കി.
സഹകരണ ബാങ്കിൽ ജീവനക്കാരിയെ പീഡിപ്പിപ്പച്ച കേസിൽ കോർപ്പറേഷൻ കൗണ്‍സിലർ അറസ്റ്റിൽ
സഹകരണ ബാങ്ക് ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാര്‍ അറസ്റ്റില്‍. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ബുധനാഴ്ച പോലീസ് പിടികൂടുകയായിരുന്നു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണ്.
ഉച്ചയ്ക്ക് ഒരുമണിയോടെ ആളൊഴിഞ്ഞപ്പോൾ ബാങ്കിലെത്തിയ കൃഷ്ണകുമാര്‍ കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. ഏതാനും ദിവസം മുമ്പാണ് കൃഷ്ണകുമാറിനെതിരേ ജീവനക്കാരി പരാതി നല്‍കിയത്.
സെക്രട്ടറിയും മറ്റുജീവനക്കാരും പുറത്തുപോയ സമയത്താണ് പ്രതി ബാങ്കിലെത്തിയത്. തുടര്‍ന്നാണ് ബാങ്കില്‍ ഒറ്റയ്ക്കായിരുന്ന ജീവനക്കാരിയെ പീഡിപ്പിച്ചതെന്നും പരാതിയിലുണ്ടായിരുന്നു. സംഭവത്തില്‍ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷമാണ് എടക്കാട് പോലീസ് കേസെടുത്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍പോവുകയായിരുന്നു.

