ഓണക്കിറ്റ് 17 മുതൽ, അധികമായ് പഞ്ചസാരയും അരിയും

0

സംസ്ഥാനത്ത്‌  ഓണക്കിറ്റ്‌ വിതരണം 17ന്‌ ആരംഭിക്കും.  92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ കിറ്റിന്‌ അർഹതയുണ്ടാകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌  ഉളളത്‌. പായ്‌ക്കിങ്‌ ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്‌.   

കിറ്റിന്‌ പുറമേ മഞ്ഞ കാർഡുകാർക്ക്‌ ഒരുകിലോ പഞ്ചസാര നൽകും. വെള്ള, നീല കാർഡുകാർക്ക്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ പത്ത്‌ കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്‌.

ബിഹാറിൽ പുതു സഖ്യം, നിതീഷ് കുമാർ ബുധനാഴ്ച അധികാരമേൽക്കും

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയിലെ മറ്റംഗങ്ങളെ അതിന് ശേഷം തീരുമാനിക്കുമെന്നാണ് സൂചന.

എട്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ചൊവ്വാഴ്ചയാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് രാഷ്ട്രീയ ജനതാദള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുമായി സഹകരിച്ച് പുതിയ ‘മഹാസഖ്യം’ പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍ജെഡിയും കോണ്‍ഗ്രസും നല്‍കിയ പിന്തുയ്ക്ക് നിതീഷ് കുമാര്‍ നന്ദിയറിയിക്കുകയും ചെയ്തു.

പ്രായോഗിക രാഷ്ട്രീയ തന്ത്രമാണ് നിതീഷ് കുമാർ പ്രയോഗിച്ച് വന്നിരുന്നത്. ജനസമ്മതിയിൽ ആർക്കും പിന്നിലാക്കാനും കഴിഞ്ഞില്ല. പക്ഷെ മഹാരാഷ്ട്രയിൽ ബി ജെ പിയുടെ അട്ടിമറി തന്ത്രം ചെറു കക്ഷികളിൽ എല്ലാം ആശങ്ക തീർത്തു. ഇതാണ് നിതീഷിലും പ്രവർത്തിച്ചത് എന്നാണ് വിലയിരുത്തൽ

നിതീഷിൻ്റേത് വഞ്ചനയെന്ന് ബി ജെ പി

എന്‍ഡിഎ സഖ്യം വിട്ട് രാജിവെക്കുകയും പ്രതിപക്ഷത്തിനൊപ്പം ചേരുകയും ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. കാല്മാറ്റം നടത്തി നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെയാണ് വഞ്ചിച്ചതെന്ന് ബിജെപിയുടെ വിമര്‍ശനം. ഇപ്പോള്‍ കാണിച്ച വഞ്ചനയ്ക്ക് ജനങ്ങള്‍ നിതീഷിന് മാപ്പ് കൊടുക്കില്ലെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്‌വാള്‍ പറഞ്ഞു.

അമിത് ഷായുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര മോഡലില്‍ ജെഡിയുവിനെ ദുര്‍ബലരാക്കാന്‍ നീക്കം നടക്കുന്നു എന്ന ആശങ്കയാണ് പുതിയ സാഹചര്യത്തിലേക്ക് നയിച്ചത്

മൈക്കിൾ ലെൻഗ്ലെ; അമേരിക്കൻ സൈനിക ചരിത്രത്തിൽ കറുത്ത വർഗ്ഗക്കാരിൽ നിന്നും ആദ്യത്തെ 4 സ്റ്റാർ ജനറൽ

അമേരിക്കയുടെ 246 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരനായ ജനറല്‍ മൈക്കിള്‍ ഇ ലെൻഗ്ലേക്ക് 4 സ്റ്റാര്‍ പദവി. വർണ്ണ വിവേചനത്തിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും കളങ്കത്തെ അമേരിക്ക കഴുകിക്കളയുകയാണ്

വാഷിങ്ടണ്‍ ഡിസി മറീന്‍ ബാരക്കില്‍ ഓഗസ്റ്റ് ആറിന് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജനറല്‍ മൈക്കിളിന്റെ ഫോള്‍ഡറില്‍ നാലു നക്ഷത്രചിഹ്നങ്ങള്‍ അണിയിച്ചു. ശനിയാഴ്ച ഈ ചടങ്ങു നടക്കുന്നതുവരെ വെളുത്ത വര്‍ഗക്കാരനല്ലാത്ത ആരെയും ഫോര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടില്ല. അമേരിക്കൻ മറീനിൽ ഏറ്റവും ഉന്നതമായ ഫോർ സ്റ്റാർ പദവിയിൽ ഒരു സമയം മൂന്നു പേർ മാത്രമാണ് ഉണ്ടാവുക.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആഫ്രിക്കന്‍ കമാന്‍ഡിന്റെ ചുമതലയാണ് 60 വയസുകാരനായ ജനറല്‍ മൈക്കിളിന്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ മിലിറ്ററിയുടെ ചുമതല ഓഗസ്റ്റ് എട്ടു മുതല്‍ ജനറല്‍ മൈക്കിള്‍ ഏറ്റെടുത്തു.

1941 വരെ മറീന്‍ കോര്‍പ്‌സില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതേവര്‍ഷം പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ് വെല്‍റ്റ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിര്‍പ്പുകളെ അതിജീവിച്ച് കറുത്ത വര്‍ഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കിയത്.

ഫോര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ലാഗ്‌ളി ലൂസിയാന ഫ്രീവ് പോര്‍ട്ടിലാണ് ജനിച്ചത്. ആര്‍ലിംഗ്ടണ്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദം നേടിയതിനുശേഷം 1985-ലാണ് മറീന്‍ കോര്‍പ്‌സില്‍ അംഗമായി ചേരുന്നത്.

കഴിഞ്ഞ് ജൂണിലാണ് പ്രസിഡൻ്റ് ജോ ബൈഡൻ ഇദ്ദേഹത്തെ പ്രമോഷനായി നിർദ്ദേശിക്കുന്നത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ബിജെപി സഖ്യം വിട്ട് പുറത്ത് വരുന്ന നിതീഷ് കുമാറിന് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു.

നിതീഷ് തന്നെ ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റേക്കും. നിതീഷിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അല്‍പ്പസമയത്തിനുള്ളില്‍ ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് ഗവര്‍ണര്‍ക്ക് കൈമാറും. അടുത്ത 48 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് സൂചന.

മഹാരാഷ്ട്രയിൽ അട്ടിമറിച്ചു, ബിഹാറിൽ അട്ടിമറിഞ്ഞു വീണു

മഹാരാഷ്ട്രയില്‍ നഷ്ടപ്പെട്ട അധികാരം അട്ടിമറിയിലൂടെ പിടിച്ചെടുത്തത് മുന്നണിയിലെ കക്ഷികളിൽ വിശ്വാസം നഷ്ടപ്പെടുത്തി. മഹാരാഷ്ട്രയിൽ മന്ത്രിസഭാവികസനം നടക്കുന്ന അതേദിവസം തന്നെയാണ് മറ്റൊരു സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത്.

ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബിജെപി നേതാക്കള്‍ ഇപ്പോള്‍ പാട്‌നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു.

ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്‌നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല.

ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാർ എംഎല്‍എമാരോട് പറഞ്ഞിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചത്.

ഓൺലൈൻ സ്റ്റാറ്റസ് ആരൊക്കെ കാണണം എന്ന് തീരുമാനിക്കാം, അഡ്മിനെ മാത്രം അറിയിച്ച് പുറത്ത് പോവാം വാട്‌സാപ്പില്‍ പുതിയ ഫീച്ചറുകൾ

വാട്‌സാപ്പില്‍ സ്വകാര്യതി സംരക്ഷിക്കാൻ പുതിയ അപ്‌ഡേറ്റുകൾ. പുതിയ സൌകര്യം ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് അവര്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍നിന്ന് ആരുമറിയാതെ പുറത്തുപോവാന്‍ സാധിക്കും. ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുകയും ചെയ്യാം. ഒപ്പം വ്യൂ വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്യുന്നത് തടയാനും സൌകര്യമുണ്ട്.

സന്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ തുടര്‍ന്നും ഒരുക്കുമെന്നും മുഖാമുഖമുള്ള സംഭാഷണങ്ങളെ പോലെ അവയെ സ്വകാര്യവും സുരക്ഷിതമാക്കുമെന്നും സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഒരു ഗ്രൂപ്പില്‍നിന്ന് പുറത്തുപോവുമ്പോള്‍ ആ വിവരം ഗ്രൂപ്പിലെ മറ്റംഗങ്ങളെ വാട്‌സാപ്പ് അറിയിക്കുമായിരുന്നു. ഇനി പുറത്തുപോവുന്ന കാര്യം ഗ്രൂപ്പിലെ എല്ലാവരെയും അറിയിക്കുന്നതിന് പകരം ഗ്രൂപ്പ് അഡ്മിനെ മാത്രമേ അറിയിക്കുകയുള്ളൂ.

ഫീച്ചര്‍ ഈ മാസം തന്നെ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുതുടങ്ങുമെന്ന് വാട്‌സാപ്പ് അറിയിച്ചു. നിശ്ചിത സമയത്തേക്ക് മാത്രം കാണാനാവുന്ന ‘വ്യൂ വണ്‍സ്’ മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്ന സൗകര്യവും ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യപ്പെടും

ഔദ്യോഗിക പരിപാടികളിൽ ഒഴിഞ്ഞ് കോഴിക്കോട് മേയർ

ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ. ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പരുപാടി ഉദ്ഘാടനം ചെയ്തു. പി.ആർ.ഡിയും മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗവും സംയുക്തമായാണ് ചടങ്ങ് നടത്തിയത്.

മറ്റൊരു അടിയന്തര മീറ്റിംഗ് ഉള്ളതുകൊണ്ടാണ് ബീന ഫിലിപ്പ് പങ്കെടുക്കാത്തതെന്ന് തോട്ടത്തിൽ രവീന്ദ്രൻ വിശദീകരിച്ചു. അസൗകര്യം തന്നെ വിളിച്ചു പറഞ്ഞിരുന്നു.

ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു എന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു, പാർട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കാമായിരുന്നു എന്നും തോട്ടത്തിൽ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

മേയർക്ക് പരിചയക്കുറവുണ്ട്. മറ്റൊരു പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഇപ്പോഴും ശ്രദ്ധിക്കണം- അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്ത മേയറുടെ നടപടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അതൃപ്തിയറിയിച്ചിട്ടുണ്ട്.

ബിഹാറിൽ അധികാര മാറ്റത്തിന് നിതീഷ്

ബിഹാറില്‍ ഭരണ മാറ്റത്തിന് സാധ്യത തെളിയിച്ച് പുതിയ സഖ്യം രൂപം കൊള്ളുന്നു. ബിജെപി-ജെഡിയു സഖ്യം പിരിയുമെന്നുറപ്പായി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവും നിതീഷിനൊപ്പം ഗവര്‍ണറെ കാണാൻ എത്തിയേക്കും.

മഹാഘട്ട്ബന്ധൻ എന്ന പേരിൽ രൂപപ്പെട്ട പഴയ സഖ്യം ഈ സാഹചര്യത്തിൽ വീണ്ടും രൂപപ്പെടുകയാണ്. 2024 ലോക് സഭാ തിരഞ്ഞടുപ്പിനുള്ള നീക്കങ്ങൾ കൂടി സജീവമായതോടെ ബിഹാറിലെ മാറ്റം ദേശീയ തലത്തിൽ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പല നിർണ്ണായ ചലനങ്ങൾക്കും ചിന്താ ധാരകൾക്കും മരുന്നിട്ട ഭൂമിയാണ് ബിഹാറിൻ്റേത്.

ജെഡിയു എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തില്‍ സഖ്യം പിരിയാന്‍ ധാരണയായിട്ടുണ്ട്.

ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം റാബ്‌റി ദേവിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടി എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ആര്‍ജെഡി എംഎല്‍എമാരും അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കള്‍ അറിയിച്ചിരുന്നു.

കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഘട്ട്ബന്ധൻ സഖ്യം വിട്ടു പോയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നു. എൻ സി പിയും സഖ്യം വിട്ടു നിന്നു. 2015 മഹാഘട്ട് ബന്ധൻ കക്ഷികൾ എല്ലാം ഒന്നിച്ച് നിന്നപ്പോൾ ബി ജെ പിക്ക് വെറും 58 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

ബി ജെ പിയും നിശ്ചയിച്ച് ഉറപ്പിച്ച നീക്കങ്ങളിൽ

ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപി സമയം തേടി. സംസ്ഥാന മന്ത്രിസഭയിലെ 16 മന്ത്രിമാരും ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബിഹാര്‍ ബിജെപി നേതാക്കള്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. 

ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകളും അഭ്യൂഹങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് എം.പി.മാരോടും എം.എല്‍.എ.മാരോടും ഉടന്‍ തലസ്ഥാനമായ പട്‌നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.

പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി. ബന്ധമുപേക്ഷിച്ചാല്‍ ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആര്‍.ജെ.ഡി. നേതൃത്വം ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സഖ്യം വിട്ടുവന്നാല്‍ ജെ.ഡി.യു.വിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും പറഞ്ഞു.

243 അംഗ ബിഹാര്‍നിയമസഭയില്‍ 80 സീറ്റുമായി ആര്‍.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആര്‍.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

കടുപ്പിച്ച് നിതീഷ്

കേന്ദ്രവുമായി സര്‍ക്കാര്‍ തലത്തിലും ജെ.ഡി.യു. നിസ്സഹകരണത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ നിതി ആയോഗ് യോഗത്തിനുള്‍പ്പടെ ഒരുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച നാലുപരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തില്ല. ഇതില്‍ രണ്ടെണ്ണം പ്രധാനമന്ത്രി പങ്കെടുത്തവയാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പില്‍നിന്നും പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍നിന്നും നിതീഷ് വിട്ടുനിന്നതും വാര്‍ത്തയായി.

കഴിഞ്ഞമാസം അവസാനം പട്‌നയില്‍ നടന്ന ബി.ജെ.പി.യുടെ ദേശീയ സമ്മേളനത്തില്‍ ദേശീയതയടക്കം പല വിഷയങ്ങളുമുയര്‍ത്തിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചില ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളെ ദേശീയ നേതൃത്വം വിലക്കിയില്ല. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ജാതി സെന്‍സസ്, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങളിലും നിതീഷ് ബി.ജെ.പി.യുമായി അഭിപ്രായവ്യത്യാസത്തിലാണ്.

IFFK ചലച്ചിത്രമേള ഡിസംബറിലേക്ക് തിരിച്ച് വരുന്നു

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി എന്‍  വാസവന്‍. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയവയായിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിച്ചത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരികയാണ്.

അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ത്തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ബിഹാറിൽ ബിജെപിയുമായി തുറന്ന പോരിന് നിതീഷ്; ഭരണ സഖ്യം മാറുമോ

ബിഹാറില്‍ ജെഡിയു എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. ചൊവ്വാഴ്ച  ചേരുന്ന പാര്‍ട്ടി എംപിമാരുടേയും എംഎല്‍എമാരുടേയും യോഗത്തില്‍ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്താണ് പ്രശ്നം

ഭരണകക്ഷികളായ ഭാരതീയ ജനതാ പാർട്ടി ജനതാദൾ യു ബന്ധം സംശയ തുലാസിലാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ സൂക്ഷ്മ തന്ത്രങ്ങൾ പാളുന്നുവോ എന്നാണ് രാഷ്ട്രീയ ചർച്ച. അദ്ദേഹത്തിൻ്റെ പാര്‍ട്ടിയായ ജനതാദള്‍ (യുണൈറ്റഡ്) നെ പിളര്‍ത്താനുള്ള ബിജെപി ശ്രമം ജയം കാണുമോ എന്ന സംശയം ബലപ്പെടുകയാണ്. കോൺഗ്രസുമായി അടുക്കാനുള്ള നിതീഷ് കുമാറിൻ്റെ നീക്കങ്ങളെ കുറിച്ചുള്ള വാർത്തകൾ ഈ ഘട്ടത്തിൽ സജീവമാണ്.

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും തമ്മിലുള്ള ബന്ധം തകർത്ത് നിതീഷിനെ എൻ ഡി എ പക്ഷത്തേക്ക് കൊണ്ടു വന്നു എങ്കിലും ബി ജെ പി ആസൂത്രണം ചെയ്തത് പോലെ എളുപ്പമായിരുന്നില്ല ബന്ധം. ലാലു പ്രസാദിനെ കുരുക്കി ദളിത് രാഷ്ട്രീയത്തെ മുളയിലേ നുള്ളാൻ കഴിഞ്ഞിരുന്നു. പക്ഷെ സോഷ്യലിസ്റ്റ് കണ്ണിയിലെ നിതീഷിൻ്റെ രാഷ്ട്രീയ,അധികാര തന്ത്രങ്ങൾ ബി ജെ പിക്ക് ഇതുവരെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും അടിയന്തര യോഗം വിളിക്കാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചത് തളർച്ചയെ കുറിച്ചുള്ള ആശങ്കയാണെന്ന അഭ്യൂഹങ്ങള്‍ക്ക് പ്രചാരം ഏറിയിരിക്കയാണ്. നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴാഴ്ച നിതീഷ് ഡല്‍ഹിയിലെത്തി സോണിയയെ കാണുമെന്ന് ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ബിഹാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച് വരികയാണെങ്കില്‍ നിതീഷുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ആര്‍ജെഡി നേതാക്കളും അറിയിച്ചിട്ടുണ്ട്. നരേന്ദ്ര മോഡി ആദ്യമായി പ്രധാനമന്ത്രി പദത്തിൽ എത്തിയപ്പോൾ വ്യക്തിപരമായി തന്നെ എതിർപ്പ് ഉന്നയിച്ച നേതാവാണ് നിതീഷ്. അതിന് തുടർച്ചയായി വന്ന തിരഞ്ഞെടുപ്പിൽ ലാലുവിനെ കൂട്ടു പിടിച്ച് ബി ജെ പിയെ ബിഹാർ ഭരണത്തിൽ നിന്നും പുറത്തു നിർത്തി. പക്ഷെ പിന്നീട് വീണ്ടും ബാന്ധവം തുടർന്നു.

നിതീഷിനെ സംബന്ധിച്ച് ബിഹാറിലെ ഭരണം നിലനിർത്തുക എന്നതായിരുന്നു പ്രധാനം. എങ്കിലും ബി ജെ പിക്ക് അത് ദളത് പിന്നോക്ക രാഷ്ട്രീയ ഐക്യത്തെ തകർത്ത് കൊണ്ട് നിതീഷിനെ കീഴടക്കുക എന്നതുമായിരുന്നു.

2017-ല്‍ അധികാരമേറ്റത് മുതല്‍ ബിജെപിയും ജെഡിയുവും തമ്മില്‍ പരസ്യമായും രഹസ്യമായും വടംവലികള്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ നിതീഷ് പങ്കെടുത്തിരുന്നില്ല. പരസ്യമായ അഭിപ്രായ വ്യത്യാസ പ്രകടനങ്ങൾ ഒന്നും നിതീഷ് നടത്തിയിരുന്നില്ല.

ബിഹാറിൽ പയറ്റുന്നത് മഹാരാഷ്ടയിലെ ബി പ്ലാൻ

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിന് സമാനമായ നീക്കമാണ് ബിജെപി ബിഹാറിലും നടത്താന്‍ ശ്രമിച്ചതെന്നാണ് ജെഡിയു നേതാക്കള്‍ ആരോപിക്കുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ അതിജീവിക്കില്ലെന്ന് അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ നടത്തിയ പരാമര്‍ശവും ബിഹാർ രാഷ്ട്രീയത്തിൽ ചർച്ചയായിരുന്നു.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയുടെ പതനത്തിലേക്ക് നയിച്ച രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി കൃത്യമായി ആസൂത്രണം ചെയ്‌തെടുത്തതാണ്. അപ്രതീക്ഷിതമായിരുന്നു ബിജെപി നീക്കം. ഉദ്ധവ് താക്കറെ ഞെട്ടിച്ചുകൊണ്ട് ഷിന്ദേയെ കൂറുമാറ്റിച്ചാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. ഉദ്ധവ് താക്കറെ ഇപ്പോൾ സ്വന്തം പാർട്ടിയിൽ പോലും നിസ്സഹായനായി മാറി. ഇതര നേതാക്കളെ വിവിധ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിയുടെ നിഴലിലാക്കി. അതേ അനുഭവം തനിക്കും ഉണ്ടാകുമെന്ന സൂചനകള്‍ നിതീഷിനും സ്വഭാവികമായും ലഭിക്കേണ്ടതാണ്.

നിതീഷിൻ്റെ മേൽക്കൈ തകർക്കുക ലക്ഷ്യം

ശിവസേനയും നിതീഷും പലപ്പോഴും പ്രതിപക്ഷ സഖ്യത്തിനായി ബിജെപിയെ ഒഴിവാക്കിയിട്ടുണ്ട്. 2017-ല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഉപേക്ഷിച്ച് നിതീഷ് ബിജെപിക്ക് ഒപ്പം കൂടിയപ്പോള്‍ ഉദ്ധവ് താക്കറെ നേരെ തിരിച്ചാണ് മഹാരാഷ്ട്രയില്‍ ചെയ്തത്. ബിജെപി ബന്ധം ഉപേക്ഷിച്ച് എന്‍സിപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേരുകയായിരുന്നു ഉദ്ധവ്. ലാലു പ്രസാദ് ഇനി ഉയർന്നു വരില്ല എന്ന പ്രതീക്ഷയാണുള്ളത്.

2020-ല്‍ ബിജെപിയെക്കാളും കുറഞ്ഞ സീറ്റാണ് ജെഡിയുവിന് ലഭിച്ചതെങ്കിലും നിതീഷ് തന്നെയാണ് മുഖ്യമന്ത്രിയായത്. എന്നാല്‍ നിതീഷ് പ്രതീക്ഷിച്ചവരെ അല്ല ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അമിത് ഷായ്ക്ക് വ്യക്തമായ സ്വാധീനമുള്ള ചില നേതാക്കളാണ് ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ആയി എത്തിയത്. 2021-ല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നോതാവ് ആര്‍സിപി സിങിനെ നിതീഷ് കേന്ദ്ര മന്ത്രിയാക്കി. മന്ത്രി ആയതിന് പിന്നാലെ ആര്‍സിപി സിങ് അമിത് ഷായുമായും ബിജെപിയുമായി ഏറെ അടുപ്പം പുലര്‍ത്തുകയും നിതീഷുമായി അകലുകയും ചെയ്തു.

എന്നാൽ ഉപയോഗം കഴിഞ്ഞപ്പോൾ പുറത്തു നിർത്തി.

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ആര്‍സിപി സിങിന് നിതീഷും അവസരം നിഷേധിച്ചു. അദ്ദേഹത്തിന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമാകുകയും ചെയ്തു.

നിതീഷ് പ്രധാനമന്ത്രിയാകാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നും ഏഴ് ജന്മങ്ങളില്‍ പോലും അദ്ദേഹത്തിന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ദിവസം ആര്‍സിപി സിങ് പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍സിപി സിങിനെ ഉപയോഗിച്ച് ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ശ്രമം നടത്തിയതായുള്ള ആരോപണങ്ങള്‍ക്കിടയിലായിരുന്നു ഈ തുറന്ന് പറച്ചില്‍. നിതീഷ് നരേന്ദ്ര മോഡിയും തമ്മിലുള്ള മത്സരം കടുത്തതാണ്.

ലാലുവിൻ്റെ മകൻ തിളങ്ങുമോ….

ജൂണില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നതിനിടെ ബിഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന സ്ഥാനം ആര്‍ജെഡി തിരിച്ചുപിടിച്ചത് വാർത്തയായിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എഐഎംഐഎം) ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരേയും പാര്‍ട്ടിയിലെത്തിച്ചുകൊണ്ടാണ് തേജസ്വി യാദവ് ഈ നീക്കം നടത്തിയത്.

പിളർത്താനും തളർത്താനും തുടക്കം മുതൽ ശ്രമം

243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.

ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തി. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

കൈവിട്ടുപോയെ ഈ സ്ഥാനമാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എംഎല്‍എമാരെ അടര്‍ത്തികൊണ്ട് ആര്‍ജെഡി മഹാരാഷ്ട്ര പ്രതിസന്ധിക്ക് ഇടയിൽ രാഷ്ട്രീയ ജനതാ ദൾ തിരികെ പിടിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പിടിച്ചെടുത്തത് അടക്കം ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുകളാണ് ഉള്ളത്. ഒരു രാഷ്ട്രീയ അസ്ഥിരത വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ആദ്യം വിളിക്കുക ഏറ്റവും വലിയ ഒറ്റകക്ഷിയെ ആയിരിക്കുമെന്നത് കൊണ്ട് തന്നെ ആര്‍ജെഡിയുടെ കണക്കിലെ കളികളിലും കാര്യമുണ്ട്.

ലാലുവിൻ്റെ കാലം മാറി, പക്ഷെ….

കേവല ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ആർജെഡിക്ക് ഇല്ല. ഭരണപക്ഷത്ത് നിലവില്‍ 127 എംഎല്‍എമാരും പ്രതിപക്ഷത്ത് 116 എംഎല്‍എമാരുമാണ് നിലവില്‍ ഉള്ളത്.അംഗബലം ആര്‍ജെഡിക്ക് മാനസിക ഉത്തേജനം നല്‍കുന്നുണ്ട്.

ആർ ജെ ഡി സ്വന്തം രാഷ്ട്രീയം മറന്നപ്പോൾ നിതീഷ് അധികാരം ഉറപ്പിച്ചു

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ജെഡിയു എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്ന് ആര്‍ജെഡിയുമായി സഖ്യംരൂപീകരിച്ചിരുന്നു. തുടര്‍ന്ന് ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറില്‍ ഭരണം നിലനിര്‍ത്തി. തുടര്‍ന്ന് നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവരെ കൂടെ ചേര്‍ത്ത് മഹാഘട്ട്ബന്ധൻ മഹാസഖ്യം രൂപീകരിച്ച് ഭരണത്തിലേറുകയും ചെയ്തു.

അന്നത്തെ ഉപമുഖ്യമന്ത്രി ആയിരുന്ന തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ജെഡിയു മഹാസഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. പിന്നാലെ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു. അഴമതി മാത്രമായിരുന്നല്ല നിതീഷിൻ്റെ വിഷയം. മറിച്ച് അധികാര രാഷ്ട്രീയം എങ്ങനെ കളിച്ചു ജയിക്കണം എന്ന വെളിവുമായിരുന്നു.

അഗ്‌നിപഥ്, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി-ജെഡിയു നേതാക്കള്‍ തമ്മില്‍ ഏറെനാളായി പോര് തുടങ്ങിയിട്ട്. ഈ സാഹചര്യം വൈകാതെ മുതലെടുക്കാനാകുമെന്ന പ്രതീക്ഷ ആര്‍ജെഡിക്കുണ്ട്.
നിയമസഭയിലും ഭരണകക്ഷിയിലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് വ്യക്തമാണ്. ബിജെപി മുന്നോട്ട് വെച്ച ‘മികച്ച നിയമസഭാ സമാജികന്‍’ എന്ന വിഷയത്തില്‍ ജെഡിയു പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ജെഡിയു ചര്‍ച്ച ബഹിഷ്‌കരിച്ചത് ബിജെപി വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. സമീപകാലത്തായി നിതീഷ് കുമാര്‍ ലാലു കുടുംബവുമായി അടുത്തതായുള്ള വാർത്തയും ഈ സാഹചര്യത്തെ വെളിവാക്കുന്നുണ്ട്.

നിതീഷ് കുമാറിന് ബി ജെ പിയും ആർജെഡിയും അധികാരം പിടിക്കുന്നതിൽ വ്യത്യസ്തമല്ല എന്നും കാണാം. എല്ലാറ്റിനെയും വിഴുങ്ങുന്ന ഒന്നിനെ ശത്രുത മറന്ന് പ്രതിരോധിക്കുക അല്ലെങ്കിൽ കിട്ടുന്നതും ആസ്വദിച്ച് നിശ്ശബ്ദ കാലം കഴിച്ചു കൂട്ടുക എന്നു വേണ്ടി വരും. മാത്രമല്ല നിതീഷിനെ പുറത്തിറങ്ങിയാൽ കാത്തിരിക്കുന്നത് പലതുമാവും. ഉദ്ധവ് താക്കറെയുടെ അവസ്ഥ വ്യത്യസ്തമല്ല.

കോൺഗ്രസും ഇടത് പാർട്ടികളും

എന്നാല്‍ സോണിയയുമായി നിതീഷ് ചര്‍ച്ച നടത്തിയ വിവരം അറിയില്ലെന്നും കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളെയും പട്‌നയില്‍ വിളിച്ചു വരുത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷികളായ ഇടതു പാര്‍ട്ടികളും നിതീഷിനെ സ്വാഗതം ചെയ്തു. പുതിയ സഖ്യത്തിന് തയ്യാറാണെന്ന് സിപിഐയും സിപിഐഎംഎലും സിപിഎമ്മും പ്രതികരിച്ചു. 

ബിഹാര്‍ സീറ്റ് നില

243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.

ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തു. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

ഒവൈസിയുടെ എഐംഐഎമ്മിന്റെ അഞ്ചില്‍ നാല് എംഎല്‍എമാര്‍ നേരത്തെ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുണ്ട്. 43 സീറ്റാണ് ജെഡിയുവിനുള്ളത്.

പിവി സിന്ധുവിന് സ്വർണ്ണം

0

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റനിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണമാണിത്. ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്മിന്റനില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്


മിക്‌സഡ് ടേബിള്‍ ടെന്നീസിലും ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചിരുന്നു. ഇന്ത്യയുടെ അചന്ത ശരത് കമാല്‍ ശ്രീജ അകുല സഖ്യമാണ് മലേഷ്യയുടെ ചൂംഗ് ലിന്‍ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി സുവര്‍ണനേട്ടം സ്വന്തമാക്കിയത്.

2022 ഗെയിംസില്‍ ഇന്ത്യയുടെ 18ആം സ്വര്‍ണനേട്ടമാണ് സിന്ധുവിൻ്റേത്.
ബാഡ്മിന്റന്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡല്‍ നേടിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സഖ്യം വെന്റി ചാന്‍, സോമര്‍വില്‍ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.