സപ്താഹത്തിനായി ക്ഷേത്രത്തിൽ സൂക്ഷിച്ച കതിനയ്ക്ക് തീപിടിച്ചു, രണ്ടു പേർ ഗുരുതരാവസ്ഥയിൽ

ചേര്‍ത്തലയിൽ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് സ്ഫോടനം. വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിൻ്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. മൂന്നു പേർക്ക് പൊള്ളലേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.

പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ 3 പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. ഗ്രില്‍ വെല്‍ഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം.
 
പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകന്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്.

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 96 വയസായിരുന്നു.

ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്തതസഹചാരിയായിരുന്ന അദ്ദേഹം പിന്നീട് കേരളത്തിലെ സിപിഎമ്മിനോട് അകന്നു. വി.എസ്. അച്യുതാനന്ദനുമായുള്ള അടുപ്പത്തിലൂടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ കാലത്ത് ശ്രദ്ധേയനായി. പിണറായി പക്ഷത്തിന് വിരുദ്ധനായി നിലകൊണ്ടു.

1943-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തവരില്‍ അവസാനത്തെ പ്രതിനിധിയാണ്. മരിക്കും മുമ്പ് പിണറായി വിജയനെ കാണണമെന്നും ക്ഷമ ചോദിക്കണമെന്നും പറഞ്ഞിരുന്നു. 

കണ്ണൂരിലെ ചെറുകുന്നില്‍ കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം.

പി. കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിര്‍ദ്ദേശിച്ചത് കുഞ്ഞനന്തനേയായിരുന്നു. 1938ൽ കല്യാശേരിയിലാണ്‌ ബാല ഭാരതസംഘം രൂപംകൊണ്ടത്‌. ബാലസംഘത്തിന്റെ ആദ്യരൂപമായ ബാലഭാരതസംഘത്തിന്റെ പ്രഥമ സെക്രട്ടറിയായാണ്‌ രാഷ്‌ട്രീയത്തിലേക്ക്‌ എത്തിയത്‌

1943 മേയ് മാസത്തില്‍ ബോംബെയില്‍ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. 1942 ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയായിരുന്നു.

945– 46ൽ ബോംബെയിൽ രഹസ്യമായി പാർടി പ്രവർത്തനം നടത്തി. 1948ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു.  കമ്യൂണിസ്റ്റ് പാർടി പിളർന്നപ്പോൾ സിപിഐ എമ്മിനൊപ്പം നിന്നു.

1965 മുതൽ ബ്ലിറ്റ്‌സ്‌ വാരികയുടെ യൂറോപ്യൻ ലേഖകനായി ബർലിൻ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു. ഇതോടെയാണ്‌ ‘ബർലിൻ’ പേരിന്റെ ഭാഗമായത്‌. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിലും എഴുതി. അമേരിക്കൻ ചാരസംഘടനായ സിഐഎയുടെ അട്ടിമറി രഹസ്യങ്ങൾ വിവരിക്കുന്ന ‘പിശാചും അവന്റെ ചാട്ടുളിയും’ എന്ന പുസ്‌തകം പ്രസിദ്ധം. കിഴക്കൻ ജർമൻ സർക്കാരിന്റെ സ്‌റ്റാർ ഓഫ്‌ ഇന്റർനാഷണൽ ഫ്രൻഡ്‌ഷിപ്പ്‌ ഉൾപ്പെടെ നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും എകെജിക്കൊപ്പവും ഏറെക്കാലം പ്രവര്‍ത്തിച്ചു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചു. 2005ല്‍ സിപിഎം പുറത്താക്കിയെങ്കിലും 2015ല്‍ തിരിച്ചെടുത്തു.

ഇസ്രയേൽ ഗാസ സംഘർഷത്തിന് താത്കാലിക വിരാമം

ഇസ്രയേന്‍-ഗാസ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. ഇസ്രായേലും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും സംഘര്‍ഷം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ഗാസ അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തോളമായി നടക്കുന്ന ആക്രമണങ്ങള്‍ അവസാനിച്ചുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ഈജിപ്ഷ്യന്‍ മധ്യസ്ഥതയിലാണ് സംഘര്‍ഷം നിര്‍ത്തലാക്കുന്നത്. പ്രഖ്യാപനത്തിന് തൊട്ട് മുന്‍പ് വരെ പലസ്തീനിലെ നഗരങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. മൂന്നു ദിവസത്തോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ 15 കുട്ടികളുള്‍പ്പെടെ 44 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷത്തില്‍ നിന്ന് ഗാസയുടെ ഭരണച്ചുമതലയുള്ള ഹമാസ് സംഘടന ഇടപെടാതെ മാറി നില്‍ക്കുകയാണുണ്ടായത്. ഇസ്രയേല്‍ വ്യോമാക്രമണ ഭീഷണിയുയര്‍ത്തിയപ്പോള്‍ ടെല്‍ അവീവ്, അഷ്‌കെലോണ്‍ നഗര നിവാസികളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം 11 ദിവസമാണ് നീണ്ടു നിന്നത്.

https://www.reporterlive.com/international/israel-gaza-ceasefire-comes-into-effect-under-egyptian-moderation-88919

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ ഇനി വാഹനങ്ങൾക്കും ‘വധ ശിക്ഷ’

കുറ്റകൃത്യങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനം. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡിജിപി അനില്‍ കാന്തിന് കത്ത് നല്‍കി. കൊലക്കേസുകളിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തേയും കുറ്റകൃത്യത്തില്‍ പ്രതി ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇത് പ്രകാരം ആദ്യം പൊളിക്കുന്നത് സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒരു കോടി രൂപ വില വരുന്ന ഹമ്മർ ആയിരിക്കും.

വാഹനം വാടകയ്‌ക്കെടുത്തതാണെങ്കിലും ഇതേ നടപടിയുണ്ടാവും. ഹീനമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥ പ്രകാരം വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് റദ്ദാക്കാം. ഇന്‍ഷൂറന്‍സ് റദ്ദാക്കിയാല്‍ ആര്‍സിയും റദ്ദാക്കാന്‍ കഴിയും.

നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുകയുള്ളൂ. എന്നാല്‍ വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇത്തരത്തില്‍ ആദ്യം പൊളിക്കുന്നത് തൃശൂരില്‍ ഫ്‌ളാറ്റില്‍ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ ആണ്. ഇതിന് പുറമേ കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ ആസൂത്രിത വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ലോറിയും പൊളിക്കും.

https://www.reporterlive.com/kerala/mohammed-nisham-hummar-will-demolish-88937

മേയർ ആർ എസ് എസ് വേദിയിൽ, തള്ളിപ്പറഞ്ഞ് സി പി എം

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരായ വിമർശനങ്ങൾക്കിടെ മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ബീന ഫിലിപ്പിന്‍റെ നിലപാട് തള്ളി പരസ്യ പ്രസ്താവന ഇറക്കി.

‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സി.പി.ഐ.എം-ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നു. – പി. മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വിവാദത്തിന് പിന്നാലെ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞിരുന്നു. ഈ വിശദീകരണം കൂടി വന്നതോടെയാണ് പാർട്ടി നടപടി.

ബാലഗോകുലം സ്വത്വ 2022 മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. കേരളം ശിശുപരിപാലനത്തില്‍ ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് മാതൃസംഗമത്തില്‍ മേയര്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് കെ സുരേന്ദ്രൻ

മേയര്‍ ബീന ഫിലിപ്പ് പരിപാടിയിൽ പങ്കെടുത്തതിൽ എന്ത് തെറ്റാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു. മേയര്‍ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിയ സി.പി.എം നിലപാട് അവരുടെ ഇരട്ട നീതിയുടെ ഉദാഹരണമാണ്.

മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് – കെ സുരേന്ദ്രൻ പറഞ്ഞു.

സി പി എം ചിലവിൽ ആർഎസ്എസ് മേയർ എന്ന് കോൺഗ്രസ്

സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സിപിഐഎമ്മിന്റെ ചെലവില്‍ ആര്‍എസ്എസിന് മേയറെ കിട്ടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണം. ‘സംഘപരിവാര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മേയര്‍ കേരളത്തെ ഇകഴ്ത്തുകയും ഉത്തരേന്ത്യയെ പുകഴ്ത്തുകയും ചെയ്തു. വര്‍ത്തമാന കാലം കണ്ട കേരളത്തിലെ ഏറ്റവും വലിയ മോദി, യോഗി ഭക്തയായി കോഴിക്കോട്ടെ സിപിഐഎം മേയര്‍ മാറി.

ഈ മേയര്‍ ഉള്‍പ്പടെയുള്ള പലരുടെയും മനസില്‍ ആര്‍എസ്എസ് ആണ്, ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നവരാണ് ഇവരൊക്കെ. അത് സിപിഐഎം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ സിപിഐഎം അതിന് കൂട്ടുനില്‍ക്കുന്നു. ആര്‍എസ്എസ് ബാന്ധവത്തെ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടുപ്രാവശ്യവും സിപിഐഎം കോഴിക്കോട് ഭരണം പിടിച്ചത് ബിജെപിയുമായുള്ള രഹസ്യബന്ധത്തിലൂടെയാണ്. പോകാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്ന് മേയര്‍ പറഞ്ഞത് ശുദ്ധവിഢിത്തമാണ്. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല. അഡ്വ. പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

https://www.reporterlive.com/kerala/congress-dcc-president-against-beena-philip-88938

ഹൈവേ നിർമ്മാണത്തിൽ അടിമുടി കള്ളം; സിബിഐ കുറ്റം കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥരെ രക്ഷിച്ച് കേന്ദ്രം

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.ബി.ഐ കുറ്റപത്രം. ബസ്‌ ബേ നിര്‍മാണത്തിലും പാരലല്‍ റോഡ് നിര്‍മാണത്തിലും വലിയ ക്രമക്കേട് നടന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേന്ദ്രം അനുമതി നൽകാത്തതിനാൽ രണ്ടും മൂന്നു പ്രതികളായ ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.

ടാറിങ്ങിന് 22.50 സെന്റിമീറ്റര്‍ കനം വേണ്ടിടത്ത് 16 മുതല്‍ 18 സെന്റിമീറ്റര്‍ വരെ മാത്രമാണ് കനമെന്ന് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു..

റോഡ് നിര്‍മിച്ച ഗുരവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ര്‍ കമ്പനി നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവരെ പ്രതിയാക്കി സി.ബി.ഐ എടുത്ത കേസില്‍ 102 കോടിയുടെ പ്രാഥമിക ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ എട്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കുറ്റപത്രം.

ഒന്നാംപ്രതി ഗുരുവായൂര്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനിയും റോഡ് നിര്‍മാണ സമയത്തെ നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, ചീഫ് എന്‍ജിനിയര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. എന്നാല്‍ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കാത്തതില്‍ ബാക്കിയുള്ള എട്ടുപേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

13 ഇടത്ത് ബസ് ബേ നിര്‍മിക്കണം എന്നാണ് മാനദണ്ഡത്തില്‍ പറയുന്നതെങ്കിലും ആകെ നിര്‍മിച്ചത് മുന്നെണ്ണം മാത്രമാണ്. 13 എണ്ണം നിര്‍മിച്ചുവെന്ന് കള്ളറിപ്പോര്‍ട്ടും നല്‍കി. ഇതിന് പുറമെ അനധികൃതമായി പരസ്യങ്ങള്‍ സ്ഥാപിച്ചതും സര്‍വീസ് റോഡുകളുടെ തിരിമറിയും അടക്കം നിരവധി ക്രമക്കേടുകളാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

2006-ല്‍ നിര്‍മാണം തുടങ്ങി, 2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞ് നാശമായത് വന്‍ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ 2020 ജൂലായ് ഏഴിനായിരുന്നു സി.ബി.ഐ എഫ്.ഐ.ആറിട്ടത്.

ഗുരുവായൂര്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ര്‍ കമ്പനിയും-നാഷണല്‍ ഹൈവേ അതോറിറ്റിയും ചേര്‍ന്ന് രൂപവത്കരിച്ച കണ്‍സള്‍ട്ടന്‍സിയാണ് ഇത്തരത്തില്‍ വ്യാജ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇങ്ങനെ കോടിക്കണണക്കിന് രൂപ തട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മങ്കി പോക്സ്, കണ്ണൂരിൽ 7 വയസുകാരി നിരീക്ഷണത്തിൽ

കുരങ്ങ് വസൂരി ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ 7 വയസ്സുകാരി നിരീക്ഷണത്തിൽ. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് കേസ്. ഞായറാഴ്ച യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.

എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.

ആശ്വാസമായി രോഗവിമുക്തി, പകർച്ചയില്ല

രാജ്യത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ (31) രോഗമുക്തി നേടി. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.

ജൂലൈ 13ന്‌ യുഎഇയില്‍ നിന്ന്‌ വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല.

മക്കയ്ക്കും മദീനയ്ക്കും ഇടയിൽ ഹൈസ്പീഡ് തീവണ്ടി ഓടിക്കാൻ 31 യുവതികൾ

0

 സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ 31 വനിതകൾ റെഡി. പ്രായോഗിക പരിശീലനം ആരംഭിച്ച 31 സൗദി വനിതകള്‍ ഹൈസ്പീഡ് ട്രെയിനുകൾ ഓട്ടി തുടങ്ങി.

ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ അതിവേഗ ട്രെയിനില്‍ അവരുടെ ക്യാബ് അപ്രന്റീസ്ഷിപ്പ് തുടങ്ങി.

ഈ വർഷം തന്നെ ഇവർ ഡ്രൈവര്‍മാര്‍ക്കൊപ്പം ക്യാബില്‍ പങ്കാളികളാകും. പരിശീലന പരിപാടി മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്.

അടിസ്ഥാന റെയില്‍വേ പരിജ്ഞാനം, ട്രാഫിക്, സുരക്ഷാ ചട്ടങ്ങള്‍, ജോലി അപകടങ്ങള്‍, അഗ്നിശമന പ്രവര്‍ത്തനങ്ങള്‍, ട്രെയിന്‍- റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവ ഉള്‍പ്പെടെ 483 മണിക്കൂര്‍ സൈദ്ധാന്തിക പരിശീലനം ഗ്രൂപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹൈ-സ്പീഡ് റെയില്‍ നിയന്ത്രിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സ്പാനിഷ് കമ്പനിയായ റെന്‍ഫെയും സൗദി റെയില്‍വേ പോളിടെക്നിക്കും (എസ്ആര്‍പി) പരിശീലനത്തിൽ പങ്കാളികളാവുന്നു.

അപേക്ഷകരായി എത്തിയത് 28000 വനിതകൾ

സൗദി അറേബ്യയില്‍ 30 വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനായി റെന്‍ഫെ നേരത്തെ നല്‍കിയ തൊഴില്‍ പരസ്യത്തിന് രാജ്യത്തുടനീളം വൻ പ്രതികരണമാണ് ലഭിച്ചത്. ഏകദേശം 28,000 സ്ത്രീകള്‍ ട്രെയിന്‍ ഓടിക്കാനുള്ള അവസരത്തിനായി ശ്രമം നടത്തി. ഇതില്‍നിന്നും 145 പേര്‍ വ്യക്തിഗത അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 34 പേര്‍ മാത്രമാണ് പരിശീലനത്തിന്റെ ആദ്യ ഘട്ടത്തില്‍ എത്തിയത്.

പരിശീലനത്തിന്റെ സൈദ്ധാന്തിക ഭാഗം വിജയിച്ച 31 പേരില്‍ 70 ശതമാനം പേര്‍ക്കും യൂണിവേഴ്സിറ്റി ബിരുദമുണ്ട്. നിലവിലെ നിയമന, പരിശീലന ഘട്ടത്തില്‍ പങ്കെടുക്കുന്ന പുരുഷ ഇന്റേണുകള്‍ക്ക് 30 ശതമാനം മാത്രമാണുള്ളത്.

ശ്രദ്ധിക്കുക, ഹെൽമെറ്റിൽ മാറ്റങ്ങൾ വേണ്ട; നടപടി കർശനമാക്കാൻ നിർദ്ദേശം

ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. 1000 രൂപ പിഴയും ഈടാക്കും. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അപകടങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

ഹെല്‍മെറ്റില്‍ മാറ്റംവരുത്തുന്നത് നിയമവിരുദ്ധമാണ്. ഇത് ഹെല്‍മെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും. ഹെല്‍മെറ്റ് ഡിസൈന്‍ സുരക്ഷിതത്തിനുവേണ്ടിയുള്ളതാണ്.

ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ്പ്, അകത്തെ കുഷന്‍ തുടങ്ങി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദിഷ്ടനിലവാരം പാലിക്കണം. ഇതില്‍ മാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണ്.

ക്യാമറ ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഇരുചക്ര വാഹനങ്ങളുടെ വേഗത കാണിക്കുന്ന സ്പീഡോമീറ്ററിന്റെ ദൃശ്യങ്ങള്‍ ഇത്തരം ക്യമാറകളില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും പതിവാണ്.

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിനു മുന്നിൽ കൊണ്ടിട്ടു

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്. രക്തം പുരണ്ട മനുഷ്യൻ്റെ തല കണ്ട് വീട്ടുകാർ പരിഭ്രാന്തിയിലായി.

പൊലീസ് അന്വേഷണത്തിൽ ബാക്കി ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. നായ തല കടിച്ചെടുത്ത് കൊണ്ടുപോകുന്നത് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്തത്. തുടർന്ന് തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടുവെച്ചു.

മരിച്ചയാളുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ ചിതറിയ നിലയിൽ കണ്ടെത്തി.

ഇലവൻകുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ്ക്കൾ തല കൊണ്ടുവെച്ചത്. കരിയിലക്കുളങ്ങര പോലീസും ഹരിപ്പാട് പോലീസും സംഭവം അന്വേഷിക്കുന്നുണ്ട്.