ഫെഡറലിസം തകർക്കരുത് – മുന്നറിയിപ്പുമായ് മുഖ്യമന്ത്രി

കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളി തീർക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്‍കറൻ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും ആവശ്യപ്പെട്ടു.

രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത നിതി ആയോഗിന്റെ ഏഴാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതില്‍നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമപരിഹാരം ഉണ്ടാകണം. പാര്‍ശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണ്.

ഭരണഘടനയുടെ 11- ഉം 12- ഉം പട്ടികകളില്‍ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്പിച്ചുകഴിഞ്ഞ കേരളം വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ്. സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോള്‍ ഇതും പരിഗണിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിഎംഎവൈ നഗര-ഗ്രാമ പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിര്‍മാണസാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നതും പരിഗണിക്കേണ്ട വിഷയമാണ്.

കേരളത്തിന്റെ ഗതാഗതരംഗം ആധുനികവത്കരിക്കുന്നതിനായി ദേശീയപാത വികസനമടക്കമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്റെ വ്യോമ-റെയില്‍ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കണം.

590 കിലോമീറ്ററോളം നീണ്ട തീരമുള്ള കേരളത്തില്‍ കനത്ത മഴ മണ്ണൊലിപ്പ് വര്‍ധിപ്പിക്കുന്നു. തീരസംരക്ഷണ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ വേണം. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ടിഷ്യൂകള്‍ച്ചര്‍ തെങ്ങിന്‍ തൈകളുടെ ഉല്പാദനത്തിനും വാണിജ്യവത്കരണത്തിനും അവശ്യമായ ഗവേഷണ, വികസന, സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ഉണ്ടാവണം. പാം ഓയില്‍ ഉല്പാദനത്തില്‍ മുന്‍നിരയിലുള്ള കേരളത്തില്‍ ഒരു സംസ്‌കരണ യൂണിറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പാം ഓയില്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് പുതിയ സംസ്‌കരണശാലകള്‍ തുടങ്ങുന്നതിന് പിന്തുണ നല്‍കണമെന്നും നിലക്കടലയുടെ ഉല്പാദനത്തിനും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽദോസ് പോളിന് സ്വർണ്ണം, അബ്ധുള്ള അബൂബക്കറിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ്‌ എല്‍ദോസ് സ്വര്‍ണം നേടിയത്.

17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി.

മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി. ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം.

ആദ്യ ശ്രമത്തില്‍ 16.92 മീറ്റര്‍ ചാടിയ പെരിഞ്ചീഫായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍ മുന്നില്‍. ആദ്യ ശ്രമത്തില്‍ 14.62 മീറ്റര്‍ മാത്രമാണ് എല്‍ദോസിന് കണ്ടെത്താനായത്. മൂന്നാം ശ്രമത്തിലാണ് എല്‍ദോസ് സുവര്‍ണദൂരമായ 17.03 മീറ്റര്‍ കണ്ടെത്തിയത്.

അബ്ദുള്ള അബൂബക്കറിന് തന്റെ അഞ്ചാം ശ്രമത്തിലാണ് 17.02 മീറ്റര്‍ കണ്ടെത്താനായത്. മത്സരത്തില്‍ പതിനേഴ് മീറ്റര്‍ മറികടക്കാനായത് ഇരുവര്‍ക്കും മാത്രമാണ്.

ഇന്ത്യയുടെ 16 ാം സ്വർണ്ണം

ഗെയിംസില്‍ ഇന്ത്യയുടെ 16 ാം സ്വര്‍ണമാണ് എല്‍ദോസ് കുറിച്ചത്. ഇതുവരെ ഇന്ത്യ 16 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവും അടക്കം 46 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ

നല്ലതമ്പി കലൈശെല്‍വി: CSIR ന് ആദ്യത്തെ വനിതാ ഡയറക്ടർ

0

 ‘കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്'(സിഎസ്‌ഐആര്‍) മേധാവിയായി സീനിയര്‍ സയന്റിസ്റ്റ് ഡോ. നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്.

നിലവില്‍ കാരക്കുടിയിലെ സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് കലൈശെല്‍വി. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും കലൈശെല്‍വിയായിരുന്നു.

ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ച ശേഖര്‍ മണ്ടേയുടെ പിന്‍ഗാമിയായാണ് കലൈശെല്‍വി അധികാരമേറ്റത്.

രാജ്യത്തെ ശാസ്ത്രഗവേഷണത്തേയും വ്യാവസായത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉന്നതാധികാര സമിതിയാണ് സിഎസ്‌ഐആര്‍. 38 ദേശീയ ലബോറട്ടറികള്‍ സിഎസ്‌ഐആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 3500ഓളം ശാസ്ത്രജ്ഞരും 4350 അനുബന്ധ ഉദ്യോഗസ്ഥരും സാങ്കേതിക പ്രവര്‍ത്തകരും ഈ ദേശീയ ലാബോറട്ടറികളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.

സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും ചുമതല വഹിക്കണം. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് അംബാസമുദ്രം സ്വദേശിനിയാണ്

ഐഎസ്ആർഒ ഉപഗ്രഹങ്ങളുമായി പോയ കൊച്ചു റോക്കറ്റ് ലക്ഷ്യം കണ്ടില്ല

0

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്‍.ഒ. രൂപകല്പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ ഉദ്യമം SSLV-D1/EOS-02 ലക്ഷ്യം കണ്ടില്ല.

ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ഉപഗ്രഹ വിക്ഷേപമണം.

എസ്എസ്എല്‍വി റോക്കറ്റിൻ്റെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല ഇക്കാര്യം പരിശോധിച്ച് വരുകയാണെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളും കൃത്യമായിരുന്നു. വെലോസിറ്റി ട്രിമ്മിങ് മെഡ്യൂള്‍ പ്രവര്‍ത്തിച്ചോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എല്‍വി പുറപ്പെട്ടത്.

നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. പരീക്ഷണ ഘട്ടം പിന്നിട്ട ഉടനെയാണ്.

രണ്ടു മീറ്റര്‍ വ്യാസവും 34 മീറ്റര്‍ ഉയരവുമുള്ള എസ്.എസ്.എല്‍.വി. നിര്‍മിക്കാന്‍ 30 കോടി രൂപയേ ചെലവുവരൂ. ആറുപേര്‍ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂര്‍കൊണ്ട് ഇതിനെ വിക്ഷേപണസജ്ജമാക്കാന്‍ പറ്റും. എട്ടു കിലോഗ്രാം മാത്രമുള്ള ആസാദിസാറ്റിനെയും പ്രധാന ഉപഗ്രഹമായ ഇ.ഒ.എസ്.-02 നെയും ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്.എസ്.എല്‍.വി.ക്ക് 12 മിനിറ്റു സമയം മതി. എന്നാൽ ഈ സമയത്തിനകം ബന്ധം നഷ്ടപ്പെട്ടു.

ചേരിയം ഗവ സ്കൂളിലെ കുട്ടികളും

ആസാദി സാറ്റ് ഉപഗ്രഹനിര്‍മാണത്തില്‍ പങ്കാളികളായവരില്‍ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉണ്ടായിരുന്നു.

ചെറിയ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യം എസ്.എസ്.എല്‍.വി.യെ ഏല്‍പ്പിച്ച് പ്രധാന വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.യെ വലിയ ദൗത്യങ്ങള്‍ക്കുവേണ്ടി മാത്രമായി മാറ്റിവെക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ പദ്ധതി.

പ്ലാസ്റ്റിക് ഉത്പന്നങ്ങങ്ങൾ വലിച്ചെറിഞ്ഞാലും ശിക്ഷ

0

പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അലക്ഷ്യമായി കെെകാര്യം ചെയ്യുന്നതിന് പിഴ ഈടാക്കും. പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കും.

കേന്ദ്ര മലിനീകരണ ബോർ‍ഡിൻെറ മാർ​ഗ നിർദേശ പ്രകാരമാണിത്. നിയമ​ലംഘനം പിടിക്കപ്പെടുന്ന വ്യക്തികളിൽ നിന്നും 500 രൂപ പിഴയാണ് ഈടാക്കുക. ലംഘനം വീണ്ടും ശ്രദ്ധയിൽപെട്ടാൽ വ്യക്തികളിൽ നിന്ന് അപ്പോൾ തന്നെ 500 രൂപ പിഴ ഈടാക്കാനാണ് ശുപാർശ. വീണ്ടും ​ലംഘിച്ചാൽ ആയിരവും മൂന്നാമതും പിടിക്കപ്പെട്ടാൽ രണ്ടായിരം രൂപയാണ് പിഴ. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള മറ്റു നടപടികൾക്കും വകുപ്പുണ്ട്.

ഇതുസംബന്ധിച്ച് നിർദേശം കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി. വലിച്ചെറിയൽ, കത്തിക്കൽ തുടങ്ങി പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഏതുവിധ നിയമലംഘനത്തിനും പിഴ ഈടാക്കും. പ്ലാസ്റ്റിക് മാലിന്യമുണ്ടാകുക, അലക്ഷ്യമായി കെെകാര്യം ചെയ്യുക തുടങ്ങിയ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക ആദ്യം 5000 രൂപയും രണ്ടാമത് 10,000-വും മൂന്നാമത് 20,000-വുമായിരിക്കും. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 (1) പ്രകാരമുള്ള തുടർനടപടികളുണ്ടാകും.

തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 മുതൽ 25,000 രൂപവരെ പിഴയുണ്ടാകും. 50 മെെക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഷീറ്റ് കെെവശം വെച്ചാൽ ടണ്ണിന് 5000 പിഴയീടാക്കും.

തദ്ദേശസ്ഥാപനങ്ങൾക്കാണ് എല്ലാത്തരം പരിശോധനകളുടെയും ചുമതല. നിയമ പാലനം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

നിരോധിച്ച പ്ലാസ്റ്റിക് കെെവശം വെയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ‍ ഉപദേശവും ബോധവത്കരണവും മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ നിന്നും പിഴ ഈടാക്കുന്നത് സംസ്ഥാന സർക്കാരും പരി​ഗണിക്കുന്നു. കച്ചവടക്കാർക്ക് മാത്രമല്ല ഉപയോഗിക്കുന്നവർക്കും ഇനി പിഴ ഇടും

നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിൽപ്പന എന്നിവ കണ്ടെത്തിയാൽ സ്ഥാപനങ്ങളുടെ ലെെസൻസ് റദ്ദു ചെയ്യാം

ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാര കപ്പൽ പിൻമാറി, നടപടി ഇന്ത്യയുടെ സമ്മർദ്ദത്താൽ

ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാരക്കപ്പൽ യുവാന്‍ വാങ് 5-ന്റെ യാത്ര മാറ്റി. അനിശ്ചിതമായി വൈകിപ്പിക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ ഇന്ത്യ ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല.

ചൈനയിലെ ജ്യാങ്കിന്‍ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ടയിലെ ശ്രീലങ്കന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖത്തേക്കാണ് യുവാന്‍ വാങ്- 5 എന്ന കപ്പലിന്റെ സഞ്ചാരം. വ്യാഴാഴ്ച കപ്പല്‍ തുറമുഖത്ത് എത്തുമെന്നാണ് മറൈന്‍ ട്രാഫികിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ യാത്ര നിര്‍ത്തിവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്യണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവാന്‍ വാങ് 5 എന്ന ചാരക്കണ്ണ്

യുവാന്‍ വാങ്ങ് പരമ്പരയിലെ മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ് 5. 2007 സെപ്തംബര്‍ മുതലാണ് സര്‍വീസ് ആരംഭിച്ചത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സ്റ്റാട്രറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ് യൂണിറ്റ് ആണ് കപ്പലിനെ നിയന്ത്രിക്കുന്നത്. ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നീ ശേഷി വഹിക്കുന്നതാണ്.

മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനേയും സഹായിക്കുന്നതിനുള്ള മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളമുള്ള അത്യാധുനിക മിസൈല്‍ റേഞ്ച് ഇന്‍സ്ട്രുമെന്റേഷന്‍ കപ്പലാണിത്. ചൈനയെ കൂടാതെ ഫ്രാന്‍സ്, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകളും സമാന സംവിധാനങ്ങളുള്ള കപ്പലുകള്‍ സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.

ചാരക്കണ്ണുള്ള പടക്കപ്പൽ

ബാലിസ്റ്റിക് മിസൈലുകള്‍ നിരീക്ഷിക്കുന്നതുള്‍പ്പെടെ സാറ്റലൈറ്റ് ട്രാക്കിങ്ങിനു പോലും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഈ കപ്പലിലുള്ളത്. ചാരക്കപ്പല്‍ എന്ന നിലയിലാണ് യുവാന്‍ വാങ് 5നെ ഇന്ത്യ വിലയിരുത്തുന്നത്.

ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ് വിശദീകരണം. ഓഗസ്ത് 11ന് എത്തുന്ന കപ്പല്‍ ഓഗസ്ത് 17 വരെ ശ്രീലങ്കന്‍ തീരത്തുണ്ടാവും. ഇന്ധനങ്ങളും സാധനങ്ങളും നിറയ്ക്കാനുള്ള സഹായം നല്‍കണമെന്ന് ശ്രീലങ്കയോട് ചൈന അഭ്യര്‍ഥിച്ചിരുന്നു.

ശ്രീലങ്കയില്‍ ചൈന അവരുടെ സ്വാധീനം വര്‍ധിപ്പിക്കുന്നത് സംശയകണ്ണോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. സ്‌പേസ് ട്രാക്കിങ്ങിനും ഉപഗ്രഹനിരീക്ഷണത്തിനുമായി യുവാന്‍ വാങ്ങ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കപ്പലില്‍ 400 ജീവനക്കാരുണ്ട്. ഇന്ത്യന്‍ സമുദ്രത്തില്‍ നിലയുറപ്പിച്ചാല്‍ ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നുള്ള ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും കഴിയും. 750 കിലോമീറ്റര്‍ വരെയുള്ള ആകാശപരിധിയിലെ സിഗ്‌നലുകള്‍ കപ്പലിന് നിരീക്ഷിക്കാനാവും. ശ്രീഹരിക്കോട്ട ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമേഖലകളിലെ വിവരങ്ങള്‍ ചോരുമെന്നതാണ് പ്രധാന ആശങ്ക.

ശ്രീലങ്കയിൽ മുൻപും ചൈനീസ് കപ്പലെത്തി

മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ കപ്പല്‍ തീരത്തടുക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ ഇന്ത്യയുടെ ആശങ്കകളെ തള്ളിക്കളയുന്ന നിലപാടാണ് ശ്രീലങ്ക സ്വീകരിച്ചിരുന്നത്. കപ്പല്‍ വരുന്നത് ഇന്ധനവും സാധനങ്ങളും നിറയ്ക്കാനാണെന്നായിരുന്നു ശ്രീലങ്ക സ്വീകരിച്ചിരുന്നത്.

2014ലും സമാനമായ സാഹചര്യം ഇന്ത്യ നേരിട്ടിരുന്നു. രണ്ട് ചൈനീസ് അന്തര്‍ വാഹിനികള്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്നു വീണു, ഒരാൾ മരിച്ചു രണ്ടു പേർക്ക് പരിക്ക്

ചേമഞ്ചേരി കണ്ണങ്കടവില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. വെങ്ങളം ചീറങ്ങോട്ട് രമേശനാണ് മരിച്ചത്. പരിക്ക് പറ്റിയ കാട്ടിലപീടിക സ്വദേശികൾ കീഴാരി വേലായുധൻ, ജയാനന്ദൻ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.

പള്ളിപ്പറമ്പില്‍ മനാഫിന്റ ഉടമസ്ഥതയിലുള്ള പഴയ കോണ്‍ക്രീറ്റ് വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നു വീണു തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തി കോണ്‍ക്രീറ്റ് ബീം മാറ്റിയശേഷം തൊഴിലാളികളെ പുറത്തമെടുത്തു.

പരേതനായ പാറമ്മേല്‍ ബാപ്പൂട്ടിയുടെയും മാധവിയുടെയും മകനാണ് രമേശന്‍. ഭാര്യ: ബിന്ദു. അർജുൻ (ബംഗളൂര്) അശ്വിൻ എന്നിവർ മക്കളാണ്

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി

ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎ സ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു.

ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന എന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു.

പുതിയ ന്യൂന മർദ്ദം, വടക്കൻ കേരളത്തിൽ മഴ കനക്കും

0

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-ബംഗാള്‍ തീരത്തിന് സമീപം പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

മാവോയിസ്റ്റ് ബന്ധക്കേസ്, ഇബ്രാഹിമിൻ്റെ ജാമ്യം തള്ളാനുള്ള എൻ ഐ എ ആവശ്യം സുപ്രീം കോടതി തള്ളി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറ് വര്‍ഷമായി തവിലിട്ട മേപ്പാടി സ്വദേശി എന്‍.കെ.ഇബ്രാഹിന് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍.ഐ.എ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്.

ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകള്‍ക്ക് ബാധകം ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 67 വയസ്സുകാരനായ ഇബ്രാഹിമിന്റെ മോശം ആരോഗ്യ അവസ്ഥ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

യുഎപിഎ നിയമത്തിലെ 43 D(5) പ്രകാരം ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍ വാദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് എന്‍.ഐ.എയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

2014 ഏപ്രില്‍ 24ന് മാവോയിസ്റ്റ് രൂപേഷ്, കന്യ, അനൂപ് മാത്യു എന്നിവര്‍ വെള്ളമുണ്ടയിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തോക്കുചൂണ്ടിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇബ്രാഹിമിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആയുധം എത്തിച്ച് നല്‍കുകയും പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് ഇബ്രാഹിമിനെതിരായ കേസ്

വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 2015 ജൂലായ് 13ന് ആയിരുന്നു ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആറ് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു.