ജർമനിയിൽ 300 നഴ്‌സ്‌ , നോർക്ക റിക്രൂട്ട്മെൻ്റ്

നഴ്‌സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക്‌ റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേർക്ക് അവസരം

നഴ്സിങിൽ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുക.

16 മുതൽ വരെ അപേക്ഷ നൽകാം. ഓഗസ്റ്റ് 25 അവസാന തീയതി

അഭിമുഖം തിരുവനന്തപുരത്ത്

നവംബർ ഒന്നുമുതൽ 11 വരെ തിരുവനന്തപുരത്ത് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

വിജയികൾക്ക് ജർമൻ ഭാഷാ എ1/എ2/ബി1 ലെവൽ പരിശീലനം കേരളത്തിൽ നൽകും.

എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയിക്കുന്നവർക്ക് 250 യൂറോ വീതമാണ് ആനുകൂല്യം. തുടർന്ന് അസിസ്റ്റന്റ് നഴ്സുമാരായി നിയമനം. ബി2 ലെവൽ പാസാകുമ്പോൾ രജിസ്‌ട്രേർഡ് നഴ്സായാണ് ജോലി. ജർമനിയിലെ ബി2 ലെവൽ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്.

രജിസ്ട്രേർഡ് നഴ്സായി അംഗീകാരം ലഭിക്കുന്നതുവരെ ആദ്യം 2300-ഉം പിന്നീട് 2800 യൂറോയും ലഭിക്കും. മണിക്കൂറിന് 20 മുതൽ 35 ശതമാനംവരെ ഓവർടൈം അലവൻസുമുണ്ട്.

ജർമൻഭാഷാ പഠനകേന്ദ്രമായ ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ട് ക്ലാസിന് ഹാജരാവണം. പ്രായപരിധിയില്ല

മുൻഗണന

മൂന്നുവർഷമോ അതിനുമുകളിലോ പ്രവൃത്തിപരിചയമുള്ളവർ, ജർമൻഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ/നഴ്സിങ്ഹോം പ്രവൃത്തിപരിചയമുള്ളവർ, തീവ്രപരിചരണം/ ജറിയാട്രിക്സ്/കാർഡിയോളജി/ജനറൽ വാർഡ്/സർജിക്കൽ-മെഡിക്കൽ വാർഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓർത്തോപീഡിക്സും അനുബന്ധമേഖലകളും/ഓപ്പറേഷൻ തിയേറ്റർ/സൈക്യാട്രി പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.

നോർക്ക-റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org സന്ദർശിച്ച് അപേക്ഷിക്കാം. വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ-1800-425-3939.

സുരക്ഷ കടുപ്പിച്ച് വാട്‌സാപ്പ്

സാമ്പത്തിക ഇടപാടുകൾക്ക് വരെ ആശ്രയിച്ചു നിൽക്കുന്ന അവസ്ഥയിൽ വാട്‌സാപ്പ് സുരക്ഷ കടുപ്പിക്കുന്നു. നമ്പർ മാറ്റാനും ഫോൺ മാറ്റാനും ഇനി ഓ ടി പി ഉറപ്പാക്കും.

വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മറ്റാരെങ്കിലും നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് സംബന്ധിച്ച അറിയിപ്പ് നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കും. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം സമാനമായ ഫീച്ചറുണ്ട്. ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചത് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇതില്‍ ലഭിക്കുക.

ടെലഗ്രാമിലും സമാനമായൊരു ഫീച്ചര്‍ ഉണ്ട്. ഒരു ടെലഗ്രാം അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആ നമ്പറില്‍ ഒടിപി എസ്എംഎസ് ആയി ലഭിക്കുന്നതിനൊപ്പം തന്നെ ടെലഗ്രാം സന്ദേശമായും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വിവരവും ഒടിപിയും അടങ്ങുന്ന സന്ദേശം ലഭിക്കും.

വാട്‌സാപ്പില്‍ പക്ഷെ ഒടിപി അല്ല Allow, Do Not Allow ഓപ്ഷനുകളാണ് ലോഗിന്‍ അപ്രൂവല്‍ സന്ദേശത്തിലുണ്ടാവുക. Allow ചെയ്താല്‍ മറ്റ് ഉപകരണത്തില്‍ ലോഗിന്‍ പൂര്‍ത്തിയാവും.

ലോഗിന്‍ അപ്രൂവല്‍, ടൂ ഫാക്ടര്‍ വിലയിരുത്തൽ സംവിധാനങ്ങള്‍ വാട്‌സാപ്പില്‍ ഉപയോഗിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടില്‍ കയറുക വലിയൊരു വെല്ലുവിളിയാവും. ഈ ഫീച്ചര്‍ എന്ന് മുതല്‍ ലഭ്യമാവുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടില്ല. ബീറ്റാ ടെസ്റ്റിന് ശേഷമേ ഈ ഫീച്ചര്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

മാറ്റങ്ങൾ ലഭ്യമായവ

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വിവിധ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ക്ക് ഏത് ഇമോജി ഉപയോഗിച്ചും റിയാക്ഷന്‍ പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യം അതിലുണ്ട് ഒപ്പം. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആക്കി വര്‍ധിപ്പിച്ചു. വാട്‌സാപ്പിലൂടെ കൈമാറാന്‍ സാധിക്കുന്ന പരമാവധി ഫയല്‍ വലിപ്പം 2 ജിബി ആയി വര്‍ധിപ്പിച്ചു.

ഗ്രൂപ്പ് കോളുകളില്‍ മറ്റുള്ളവരെ ഓരോരുത്തരെയായി മ്യൂട്ട് ചെയ്യാനും പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും.

കെ എസ് ആർ ടി സിക്ക് കൈത്താങ്ങ്, 20 കോടി അനുവദിച്ചു

കെ.എസ്.ആര്‍.ടി.സി. ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര സഹായം. ഡീസല്‍ വാങ്ങാന്‍ 20 കോടി രൂപ അനുവദിച്ചു. എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനും പണമില്ലാതെ പ്രതിസന്ധി രൂക്ഷമായതിനേത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അടിയന്തിര സഹായം അനുവദിച്ചത്.

ഇന്ധനച്ചെലവിനുള്ള പണമെടുത്ത് ജൂണിലെ ശമ്പളക്കുടിശ്ശിക തീര്‍ത്തതോടെ കെ.എസ്.ആര്‍.ടി.സി. കടുത്ത ഡീസല്‍ ക്ഷാമത്തിലായിരുന്നു. 13 കോടി രൂപ കുടിശ്ശിക തീര്‍ക്കാതെ ഡീസല്‍ നല്‍കില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി കടുത്തത്. ഇതേത്തുടര്‍ന്ന് ഓര്‍ഡിനറി ബസുകള്‍ വെട്ടിക്കുറച്ചിരുന്നു.

തുടര്‍ന്നാണ് അടിയന്തിര സഹായം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനെ സമീപിച്ചത്. 20 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടത്. ആവശ്യം പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് ധനകാര്യവകുപ്പ് ഇന്നലെ തന്നെ ഉത്തരവിറക്കി.

കെ.കെ. രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിൻ്റെ നിയമനം; കണ്ണൂര്‍ വി സിയോട് ഗവര്‍ണര്‍ വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നൽകിയ നടപടിയിൽ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടു.

അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നും ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചുരുന്നു.

യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് പരാതി.

വിവാദങ്ങളെ അവഗണിച്ച് നൽകി പദവി

തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വൈസ് ചാന്‍സ്‌ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.

പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്ന വിമർശനം ഉയർന്നിരുന്നു. യുജിസി ചട്ടങ്ങള്‍ പൂര്‍ണമായും അവഗണിച്ചാണ് നിയമനം എന്നാണ് ഇതിന് അടിസ്ഥാനമായി ഉന്നയിക്കപ്പെട്ടത്.

എ എസ് ഐയ്ക്ക് എതിരായ അന്വേഷണ റിപ്പോർട്ട് തിരുത്തി, എസ് ഐ അറസ്റ്റിൽ

തിരൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മോഹന്‍ദാസിനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. അന്വേഷണറിപ്പോര്‍ട്ട് തിരുത്തിയ കേസിലാണ് നടപടി.

എ.എസ്.ഐ. ആയിരുന്ന സുധീഷ് പ്രസാദിനെതിരായ അന്വേഷണറിപ്പോര്‍ട്ടിലാണ് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പി.യുടെ റൈറ്ററായിരുന്ന മോഹന്‍ദാസ് തിരുത്തല്‍ വരുത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.സി. ബാബുവാണ് അറസ്റ്റ് ചെയ്തത്.

2016-ലാണ് കേസിൻ് ആസ്പദമായ സംഭവം. സര്‍വീസില്‍ ആരോപണങ്ങള്‍ നേരിട്ട എ.എസ്.ഐ. സുധീഷ് പ്രസാദിനെതിരേ വനിതാ സി.ഐ. പ്രത്യേക റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പി. അബ്ദുല്‍ഖാദറിന്റെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ സി.ഐ. അന്വേഷണം നടത്തി. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാൽ ഇയാളെ രക്ഷിക്കാനായി ഈ റിപ്പോര്‍ട്ട് ഡിവൈ.എസ്.പി. അറിയാതെ തിരുത്തിയതാണ് കേസ്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സുധീഷിനെ പിന്നീട് സര്‍വീസില്‍നിന്ന് ഒഴിവാക്കി.

കേസില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കൈയക്ഷരം ആരുടേതാണെന്ന് കണ്ടെത്താന്‍ തിരുത്തിയ റിപ്പോര്‍ട്ട് തൃശ്ശൂര്‍ പോലീസ് ഫൊറന്‍സിക് ലാബിലേക്കയച്ചു. കൈയക്ഷരം റൈറ്റര്‍ മോഹന്‍ദാസിന്റേതാണെന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് ലഭിച്ചതിനുപിന്നാലെയാണ് തിരൂര്‍ ഗ്രേഡ് എസ്.ഐ.യായ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ മോഹന്‍ദാസിന് ജാമ്യം ലഭിച്ചു.

തയ്‌വാനിലെ മിസൈൽ മേധാവി മരിച്ച നിലയിൽ

0

തയ്‌വാൻ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിരോധ മന്ത്രാലയം ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്‌സിങ്ങ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മരണകാരണം വ്യക്തമല്ല. ചൈനയും അമേരിക്കയുമായുള്ള ബന്ധം തായ് വാൻ്റെ പേരിൽ വഷളായ സാഹചര്യത്തിലാണ് ദുരൂഹ മരണം.

സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉപമേധാവിയാണ് ഹ്‌സിങ്. തെക്കന്‍ പ്രവിശ്യയായ പിങ്ടങ്ങില്‍ ബിസിനസ് ട്രിപ്പിന് എത്തിയതായിരുന്നു. മിസൈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇക്കൊല്ലം ആദ്യമാണ് ഹ്‌സിങ് ചുമതലയേറ്റെടുത്തത്.

കഴിഞ്ഞ ദിവസം യു.എസ്. ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിൻ്റെ പേരിൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

വട്ടവടയിൽ ഉരുൾ പൊട്ടി പാതിവഴി തങ്ങി, 141 കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപെട്ടു

മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 141 കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലേക്ക് പൊട്ടി കുതിച്ചെത്തിയ ഉരുൾ അരുവിയിലെ കരിങ്കൽ കെട്ടിൽ തങ്ങി നിന്നതാണ് രക്ഷയായത്.

ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്യുകായിരുന്നു. നിരവധി എസ്റ്റേറ്റുകളാണ് താഴെയുണ്ടായിരുന്നത്. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായിട്ടുണ്ട്.

രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകൾ ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ട് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റി. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എം.എല്‍.എ എ രാജ പറഞ്ഞു.

വട്ടവട-മൂന്നാര്‍ റോഡില്‍ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാല്‍ റോഡ് പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നും എം.എല്‍.എ അറിയിച്ചു.

പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഒരു വലിയ ദുരന്തം ഒഴിവായത്. എല്ലാവരും നല്ല ഉറക്കസമയത്തായതിനാല്‍ ഉരുള്‍പൊട്ടിയ കാര്യം ആരും അറിഞ്ഞിരുന്നില്ല. 2020 ഓഗസ്റ്റ് 6-ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്.

ജോലിയിൽ പ്രവേശിച്ച് കാശും തേടി മുങ്ങുന്നവർക്ക് നിയന്ത്രണം

സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം അധിക ധന സമ്പാദന മാർഗ്ഗങ്ങളുമായി ലീവെടുത്ത് മുങ്ങുന്ന വിദഗ്ധർക്ക് പൂട്ടിടാൻ അവസാനം സർക്കാർ തീരുമാനം. ഒരേ സമയം തൊഴിൽ തടസ്സവും ജനങ്ങൾക്ക് ലഭിക്കേണ്ട സേവനത്തിന് വിലങ്ങുമാവുന്ന ഇവരുടെ അവധി അനുമതി വെട്ടിക്കുറച്ചു.

അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേതന അവധി എന്നാണ് തീരുമാനം. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.

സർക്കാർ ജീവനക്കാരും അർധ സർക്കാർ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്. സർക്കാർ നടത്തിയ പരിശോധനയിൽ സർവിസിൽ കയറിയ ശേഷം ജീവനക്കാർ പത്തും ഇരുപതും വർഷത്തിൽ കൂടുതൽ അവധി എടുക്കുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.

പുതിയ സർവീസ് ഭേദഗതി അനുസരിച്ച ഒരു സർവീസ് കാലയളവിൽ 5 വർഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേതന അവധി സർക്കാർ അനുവദിക്കുക.

നേരത്തെ തന്നെ സർക്കാരുകളുടെ ശ്രദ്ധയിൽ ഉള്ള കാര്യമാണെങ്കിലും സമ്മർദ്ദങ്ങളാൽ നടപടി എടുക്കാതെ തുടരുകയായിരുന്നു. ഇത്തരത്തിൽ ധനമാർഗ്ഗം തേടിപ്പോകുന്നവർ സർവ്വീസിൽ തിരികെ എത്തിയാലും ബാധ്യതയായി മാറും എന്ന വിലയിരുത്തലാണുള്ളത്.

ഉപരാഷ്ട്രപതിയെ ഇന്നറിയാം

ഉപരാഷ്ട്രപതിയെ ഇന്നറിയാം. തിരഞ്ഞെടുപ്പ് വോട്ടങ് തുടങ്ങി. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം.

515 വോട്ടുകൾ കിട്ടാൻ സാധ്യതയുള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകർ വോട്ടെടുപ്പിന് മുൻപ് തന്നെ മുന്നിട്ട് നിൽക്കയാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. വൈകിട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് പൂർത്തിയായ ഉടൻ തന്നെ വോട്ടെണ്ണലും നടക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാർക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്.

വെങ്കയ്യനായിഡുവിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച ചുമതലയേൽക്കും.

അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ഗവർണർ ജഗ്ദീപ് ധൻകർക്ക് രാജ്യസഭയിൽ പരസ്പരം പോരടിക്കുന്ന കക്ഷികൾക്കിടയിൽ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളി നേരിടേണ്ടി വരും.

രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 

മുൻ കേന്ദ്ര മന്ത്രി കൂടിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 

ഓടുന്ന കാർ തോട്ടിൽ വീണു, നാലംഗ കുടുംബത്തെ സാഹസികമായി രക്ഷപെടുത്തി നാട്ടുകാർ

പാറേച്ചാല്‍ പാലത്തിനടുത്ത് പുത്തനാര്‍തോട്ടില്‍ വീണ കാറില്‍നിന്ന് പിഞ്ചുകുഞ്ഞടക്കം നാലുപേരെ നാട്ടുകാർ രക്ഷിച്ചു. ഉച്ചത്തിലുള്ള കരച്ചിലും കാറിൻ്റെ ഹെഡ് ലൈറ്റും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതാണ് ദുരന്തത്തിൽ നിന്നും രക്ഷയായത്.

ചെറുതോണി മരിയാപുരത്തിന് സമീപത്തും സമാനമായ അപകടം ഉണ്ടായി. ചെറുതോണി സ്വദേശിയായ യുവതി ഓടിച്ച കാർ രാത്രിയില്‍ അപകടത്തില്‍പ്പെട്ടു. പുഴയിലേക്ക് വീണ ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

നാലംഗ കുടുംബത്തിന് നാട്ടുകാർ തുണയായി

വ്യാഴാഴ്ച രാത്രി പത്തേകാലോടെയാണ് എറണാകുളത്തുനിന്നു പത്തനംതിട്ട കുമ്പനാട്ടേക്ക് പോകുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കുമ്പനാട് ഞാലിപ്പറമ്പില്‍ ഡോ. സോണിയ ജെറി(34), അമ്മ ശോശാമ്മ(71), ബന്ധു അനീഷ്(21), സോണിയയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബോട്ട് പോകുന്ന ആഴമുള്ള തോടാണ്.

വീടിനോട് ചേര്‍ന്ന് കട നടത്തുന്ന പതിനാറില്‍ചിറ സനലും ഭാര്യ സിന്ധുവും അയൽക്കാരി പുത്തന്‍കരി വീട്ടില്‍ രജനിയും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

കാറില്‍നിന്ന് ‘രക്ഷിക്കണേ’ എന്ന് ഉറക്കെപ്പറയുന്നതും കേട്ടു. ഇതിനിടെ കാര്‍ ഇടത്തോട്ടിലേക്ക് ഒഴുകി. ഇവര്‍ ഇക്കരെയുള്ള കരയിലൂടെ ഓടി നാട്ടുകാരെ വിളിച്ചുകൂട്ടി. ഇതിനിടെ, ചെറിയ തോടിന് കുറുകെയുള്ള പാലം കടന്ന് കാര്‍ മുന്നോട്ടൊഴുകി.

ആള്‍ക്കാരെല്ലാം തോട്ടിന്‍കരയിലൂടെ മുന്നോട്ട് ഓടി. സനല്‍, സനലിന്റെ മരുമകന്‍ വിഷ്ണു, മണപ്പുറത്ത് വീട്ടില്‍ സത്യന്‍ എന്നിവര്‍ വെള്ളത്തിലേക്ക് ചാടിയിറങ്ങി കാര്‍ കരയ്ക്ക് അടുപ്പിച്ചു. സനല്‍ തുഴകൊണ്ട് കാറിന്റെ ഡോര്‍ തല്ലിത്തുറന്നു.

കാറിന്റെ മുന്‍ഭാഗം വെള്ളത്തിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. നാട്ടുകാര്‍ കാറില്‍ കയര്‍ കെട്ടി യാത്രക്കാരെ പുറത്തെത്തിച്ചു.

തിരുവാതുക്കലില്‍നിന്ന് എം.സി. റോഡിലേക്ക് കയറാന്‍ നാട്ടകം ലക്ഷ്യമാക്കി പോകുമ്പോൾ വഴി തെറ്റിയാണ് കാർ തോട്ടിൽ വീണത്. പാറേച്ചാല്‍ പ്രധാന ജങ്ഷനില്‍നിന്ന് പാറേച്ചാല്‍ ജെട്ടി ഭാഗത്തേക്ക് മാറിയോടിയ കാര്‍ നേരെ പുത്തനാര്‍തോട്ടില്‍ പതിച്ചു. ബോട്ട് പോകുന്ന ജലപാതയാണിത്. ഈ തോട് മുറിച്ച് ഒഴുകിയ കാര്‍ അക്കരെയുള്ള ഒരു ചെറിയ തോട്ടിലേക്ക് കയറിയപ്പോഴാണ് നാട്ടുകാര്‍ കണ്ടത്. ഹെഡ് ലൈറ്റ് കത്തിനിന്നതിനാല്‍ പെട്ടെന്ന് കാര്‍ കാണാനുമായി.

യുവതി നീന്തി കയറി

ചെറുതോണി മരിയാപുരത്തിന് സമീപം വാഴവിളയില്‍ അനു മഹേശ്വരന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.

കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ പുഴയിലേക്ക് വീണ യുവതി വെള്ളത്തില്‍ ഒഴുകിപ്പോയി. ഏറെ ദൂരം ഒഴുകിയതിനു ശേഷം ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ മരിയാപുരം പി.എച്ച്.എസി.യിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്‍കി.