ചിക്കൻ കറിയിൽ കർഷക സമരവുംയുദ്ധവും

ചിക്കൻ വില അടുത്ത കാലത്തെ ഏറ്റവും ഉയരത്തിൽ എത്തി തിരിച്ച് താഴ്ന്നു. കോഴി ഫാമുകളിൽ ആശങ്ക പരത്തിയാണ് ഇപ്പോഴത്തെ വിലയിടിവ്. ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപ വരെ ഉയർന്ന് ആവശ്യക്കാരെ പൊള്ളിച്ച ശേഷം 120 വരെയായി താഴ്ന്ന് ഫാം നടത്തിപ്പുകാരുടെ നെഞ്ചിലെ തീയായി.

ഇപ്പോഴത്തെ വിലിയിടിവ് ഒരു താത്ക്കാലിക പ്രതിഭാസമാണ്. ഇതേ പോലെ തിരിച്ചും മാർക്കറ്റിൽ ഒരു തരംഗം കൂടി ഉണ്ടാവാം എന്നാണ് വിപണി നിരീക്ഷകർ കണക്കു കൂട്ടുന്നത്. കോഴി ലോക സമാധാനവുമായും ബന്ധപ്പെട്ടിരിക്കുന്നു.

കോവിഡ് കഴിഞ്ഞുള്ള ജനങ്ങളുടെ ഞെരുക്കവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിലയിടിവ്. ബലി പെരുന്നാളും വിഷുവും ലക്ഷ്യം വെച്ച് വിരിയിച്ച കോഴി കുഞ്ഞുങ്ങൾ വലുതായ സീസണിൽ വിപണിയിൽ ആവശ്യക്കാർ നന്നായി പ്രതികരിച്ചില്ല. വില ഉയർത്തിപ്പിടിച്ചു എങ്കിലും അതിനനുസരിച്ച് ആവശ്യക്കാർ മാർക്കറ്റിൽ എത്തിയില്ല. കോവിഡ് ഞെരുക്കത്തിനിടയിൽ മാറ്റി വെക്കാവുന്ന ഒന്നായി ചിക്കൻ കറിയും ഫ്രൈയും മാറി.

മാത്രമല്ല ഉത്തരേന്ത്യയിൽ ശ്രാവണമാസം പച്ചക്കറികളുടേതാണ്. മഹാരാഷ്ട്ര മുതൽ തന്നെ വടക്കോട്ട് അങ്ങിനെയും ആവശ്യക്കാർ കുറഞ്ഞു. റഷ്യ ഉക്രൈൻ യുദ്ധവും കർഷക സമരവും കോഴി ഫാമുകളിൽ തീ പടർത്തിയ കാലത്തു തന്നെയാണ് ഈ ചിക്കൻ ഉപേക്ഷിക്കൽ ഉണ്ടായത്.

യുദ്ധവും സമരവും കോഴിത്തീറ്റയും

പിടക്കോഴി

കർഷക സമരം സ്വഭാവികമായും പാടങ്ങളിലെ ഉൽപാദനത്തെ ബാധിച്ചു. ചോളവും സോയയും ഒക്കെ മാർക്കറ്റിൽ എത്തിയത് കുറഞ്ഞു. ഇവ ഏറ്റവും അധികം വിളയിച്ചിരുന്ന കർഷകരാണ് അഭിമാന സമരവുമായി രാജ്യ തലസ്ഥാനത്തേക്ക് നെഞ്ചു വിരിച്ച് എത്തിയത്. അധികാരത്തിൻ്റെ ഏകപക്ഷീയതയിൽ നിന്നും പിന്തിരിയേണ്ടി വന്നു എങ്കിലും പാടങ്ങൾ തരിശായിരുന്നു.

മാത്രമല്ല റഷ്യ ഉക്രൈൻ യുദ്ധം കോഴിത്തീറ്റകൾക്ക് അടിസ്ഥാനമായ വസ്തുക്കളുടെ വില കൂട്ടി. ചോളവും സോയയും മുപ്പത് രൂപയിൽ താഴെ ലഭിച്ചിരുന്നത് 80 മറി കടന്ന സാഹചര്യമുണ്ടായി.

രാജ്യത്ത് വിപണിയിൽ എത്തിയിരുന്ന ചോളവും സോയയും കയറ്റുമതിക്കാരുടെ പ്രിയ വിഭവമാക്കി യുദ്ധം മാറ്റി തീർത്തു. ഉക്രൈൻ ഇവയുടെ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന രാജ്യങ്ങളിൽ ഒന്നാണ്. അവിടെ നിന്നും കിട്ടാതായതോടെ ഇന്ത്യ പോലുള്ള ഉൽപാദകരിലേക്ക് ലോകം ശ്രദ്ധ തിരിച്ചു. വിളവ് കുറഞ്ഞിരിക്കെ തന്നെ പുറത്ത് നിന്നുള്ള ഡിമാൻ്റും കൂടി

ഇതോടെ ചിക്കൻ തീറ്റക്കാർ മാത്രമല്ല കോഴികൾക്ക് തിന്നാനുള്ള വസ്തുക്കളുടെ വിലയും പൊള്ളി. ഇരട്ടിയിൽ അധികം നൽകിയാണ് ഇപ്പോൾ കോഴിത്തീറ്റ വാങ്ങുന്നത് എന്ന് ഫാം കർഷകർ പറയുന്നു.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് ക്ഷീര കർഷകരെയും കുടഞ്ഞു. ചോള ചെടികൾ പാകമാവുന്നതിന് മുൻപ് വാങ്ങിച്ച് നേരിട്ട് മെഷീനിൽ അരിഞ്ഞാണ് പല ഫാമുകളും തീറ്റ പുല്ല് നൽകിയിരുന്നത്. പാൽ ഉൽപാദനം കൂടും പശുക്കൾക്കും ആരോഗ്യകരമാണ് എന്ന മെച്ചമുണ്ടായിരുന്നു. കർണ്ണാട അടുത്ത കാലത്ത് ഇത്തരത്തിൽ പാകമാകാത്ത ചോളം കടത്തുന്നത് തന്നെ തടഞ്ഞു. ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.

യുദ്ധവും സമരവും എല്ലാം ഇങ്ങനെ തീൻമേശയിൽ എത്തുന്നു. കോവിഡ് തീർത്ത പ്രതിസന്ധി യഥേഷ്ടം വിലകയറ്റിയാണ് ഉൽപാദകർ നേരിട്ടത്. സാധാരണ കുളി സോപ്പിന് 10 രൂപവരെ കൂട്ടി. കോവിഡ് കാലത്തെ നഷ്ടം വ്യാപാരികൾ മാർജിൻ കൂട്ടി ഇട്ട് മറികടന്നു. പക്ഷെ ഉപഭോക്താവ് ആരുടെയും കരുതൽ ഇല്ലാതെ തുടർന്നു.

ഇങ്ങനെ എല്ലാമായിരിക്ക,

വില കൂടിയപ്പോൾ ചിക്കൻ ഉപേക്ഷിച്ചവർ ഈ ബാലൻസിങ്ങ് എന്തുകൊണ്ട് മറ്റ് ഉൽപന്നങ്ങളുടെ കാര്യത്തിൽ പിന്തുടരുന്നില്ല എന്നത് മാർക്കറ്റിലെ കൌതുകമായി തുടരുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് ബാഗ് 50 മൈക്രോണിന് മുകളിലാണെങ്കിൽ ഉപയോഗിക്കാം- തർക്കം തീരുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കാൻ അനുമതിയുണ്ട്. ഈ രണ്ടു പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് നാളുകളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

ജൂലൈ 1 നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തിൽ വന്നത്. നിരോധനം നിലവിൽ വന്നപ്പോൾ മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു പല മാനദണ്ഡ പ്രകാരം പിഴ ചുമത്തിയിരുന്നു. ഇതേ തുടർന്ന് ഓൾ കേരള ഡിസ്പോസബിൾ ഡീലേഴ്സ് അസോസിയേഷനാണു ബോർഡിനെ സമീപിച്ചത്.

നിരോധിച്ചവ

പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ്, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പർ ഇല, പ്ലാസ്റ്റിക് സ്പൂൺ
തെർമോക്കോൾ, സ്റ്റിറോഫോം എന്നിവ ഉപയോഗിച്ചു നിർമിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കൾ എന്നിവയും പ്ലാസ്റ്റിക് ഗാർബേജ് ബാഗ്

കുപ്പികൾക്കും വിലക്കുണ്ട്

കാൻഡി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയർ ബഡ്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂൺ, പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്, സ്വീറ്റ് ബോക്സ്, 500 മില്ലിലീറ്ററിൽ താഴെ കുടിവെള്ളം പാക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം എന്നിവയാണ് നിരോധിച്ച പ്ലാസ്റ്റിക്കുകൾ.

പകരം പട്ടികയിൽ നിർദ്ദേശിക്കുന്ന പ്ലാസ്റ്റിക്കുകൾ വളമാക്കി മാറ്റാവുന്ന ക്യാരി ബാഗ്, തുണി ബാഗ്, പേപ്പർ ബാഗ് പോളി ലാക്റ്റിക് ആസിഡ് (പിഎൽഎ) ആവരണമുള്ള പേപ്പർ കപ്പ് പേപ്പർ പ്ലേറ്റ് പേപ്പർ സ്ട്രോ പ്ലാസ്റ്റിക് കണ്ടെയ്നർ തടി സ്പൂൺ, സ്റ്റീൽ സ്പൂ‍ൺ വളമാക്കാവുന്ന ഗാർബേജ് ബാഗ് പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന 50 മൈക്രോണിനു മുകളിലുള്ള കവർ.

ഡോളോ 650 കുറിച്ചു നൽകാൻ ഡോക്ടർമാക്ക് നൽകിയത് 1000 കോടി – ആദായ നികുതി വകുപ്പ് കണ്ടെത്തൽ

പാരസെറ്റമോള്‍ അടങ്ങുന്ന ഡോളോ 650 എന്ന ബ്രാൻ്ര് ഗുളിക വന്‍തോതില്‍ കുറിച്ച് നല്‍കാനായി മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപ നല്‍കിയതായി കണ്ടെത്തല്‍. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്.

ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയില്‍ ഐടി സ്‌ക്വാഡ് പരിശോധന നടത്തിയത്. റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തി. ആയിരം കോടിയോളം രൂപ ഡോക്ടര്‍മാര്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നു.

ആരോപണവിധേയരായ ഡോക്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന രേഖകളും ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കല്‍ കമ്മിഷന് അടുത്ത ദിവസം തുടര്‍നടപടിയെന്ന നിലയില്‍ കൈമാറും. ശേഷമാകും ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കുക.

കോൺഗ്രസ് പ്രതിഷേധത്തെ രാമക്ഷേത്രം മുൻനിർത്തി പ്രതിരോധിച്ച് അമിത് ഷാ

അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജി.എസ്.ടി. എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധസമരം ശ്രദ്ധ നേടിയതോടെ രാമ ഭക്തിയിൽ പ്രതിരോധം തീർത്ത് അമിത് ഷാ.

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു അമിത് ഷായുടെ രാഷ്ട്രീയ പ്രതിരോധം. രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടതിന്‍റെ വാർഷിക ദിനത്തില്‍ സമരം നടത്താന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് രാം മന്ദിരത്തെ എതിർക്കുന്നതുകൊണ്ടാണെന്ന് അമിത് ഷാ ആരോപിച്ചു.

ഈ ദിവസം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തതിലൂടെയും കറുത്ത വസ്ത്രം അണിഞ്ഞതിലൂടെയും വ്യക്തമായ സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ പ്രതിഷേധം. കാരണം, ഇന്നത്തെ ദിവസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തിന് അടിത്തറയിട്ടത്, അമിത് ഷാ പറഞ്ഞു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗാന്ധി കുടുംബത്തിന് നാഷണൽ ഹെറാൾഡ് കേസിൽ പുതിയ നോട്ടീസൊന്നും നൽകാത്ത സാഹചര്യത്തിലാണ് ഇന്നത്തെ പ്രതിഷേധമെന്നും അമിത് ഷാ പരിഹസിച്ചു. രാജ്യത്തെ എല്ലാവർക്കും നിയമം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ വിവാദമായ രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടത്.

അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജി.എസ്.ടി. എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ അടക്കമുള്ള നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.

വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തിൻ്റെ മാതൃക തെളിയിച്ച മാളിയേക്കൽ മറിയുമ്മ അന്തരിച്ചു,

തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ. ആധുനിക വിദ്യാഭ്യാസവും ഇംഗ്ലീഷും നിഷിദ്ധ ഭാഷയായി കണ്ട നാളിലായിരുന്നു ഇവരുടെ പഠനം.

വടക്കെ മലബാറിൽ തലശ്ശേരി പഴയ റെയിൽവേ സ്റ്റേഷൻ റോഡിലെ മറിയ മഹലിൽ മാളിയേക്കൽ തറവാട്ടിലെ തലമുതിർന്ന അംഗമാണ്.

മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകീട്ട്‌ ആറിനായിരുന്നു അന്ത്യം. 1938-43 കാലത്ത്‌ തലശ്ശേരി സേക്രഡ്‌ ഹാർട്ട്‌ കോൺവെന്റ്‌ സ്‌കൂളിലെ ഏക മുസ്‍ലിം പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനിടയിൽ നിരന്തര അധിക്ഷേപത്തിനിരയായി.

സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്.

1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളില്‍ പോയിരുന്നു. പത്താം തരത്തിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പോയി. പിന്നീട് ഗര്‍ഭിണിയായപ്പോള്‍ വീട്ടിലിരുന്ന് പഠിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സമയം കണ്ടെത്തി. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിള സമാജത്തിന്റെ പ്രവർത്തനത്തിൽ മുഴുകി. സ്‌ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരത ക്ലാസുകളും നടത്തി.

മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും പ്രശസ്തമായി.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസുകള്‍ സാക്ഷരതാ ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ സജീവമായിരുന്നു.

കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയിലെ മുസ്‍ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്‌) യോഗത്തിൽ ഷെയ്‌ഖ് അബ്ദുല്ലയുടെ സാന്നിധ്യത്തിൽ മറിയുമ്മ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ഏ​റെ ശ്രദ്ധേയമായിരുന്നു.

തലശ്ശേരി കലാപകാലത്ത്‌ നിരവധി കുടുംബങ്ങൾക്ക്‌ മാളിയേക്കലിൽ അഭയം നൽകാൻ മുൻകൈയെടുത്തു. അസുഖബാധിതയാകുംവരെ ‘ഹിന്ദു’ പത്രവായന ജീവിതത്തിന്റെ ഭാഗമായിരുന്നു. 1957ലെ തെരഞ്ഞെടുപ്പിൽ വി.ആർ കൃഷ്‌ണയ്യർക്കുവേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ആഭിമുഖ്യം പുലർത്തിയിരുന്ന ഇവർ ഇടതുപക്ഷ – പുരോഗമന ആശയങ്ങളുമായും സഹകരിച്ചിരുന്നു.

മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗമന മനസ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഖിലാഫത്ത്‌ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ.വി. അബ്ദുല്ല സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്‌. ഭർത്താവ്‌: പരേതനായ വി.ആർ. മാഹിനലി (റിട്ട.മിലിറ്ററി റിക്രൂട്ട്‌മെന്റ്‌ ഓഫിസർ). മക്കൾ: മാളിയേക്കൽ ആയിഷ, അബ്ദുല്ല (അബ്ബാസ്‌-ബിസിനസ്‌), പരേതരായ മഷൂദ്‌, സാറ. മരുമക്കൾ: മമ്മൂട്ടി (പെരുമ്പാവൂർ), മാണിക്കോത്ത്‌ സാഹിദ, മഹിജ, പരേതനായ ഇ.കെ. ഖാദർ (പാനൂർ). സഹോദരങ്ങൾ: പരേതരായ കുട്ട്യാമു, നഫീസ, മഹമൂദ്‌, മാഹിനലി.

മയ്യിത്ത് മറിയ മഹലിലും മാളിയേക്കൽ തറവാട്ടിലും പൊതു ദർശനത്തിന് വെച്ചു. 

ഹയർ സെക്കൻ്ററി ഓഫീസുകളിൽ റെയിഡ്, അമ്പരന്ന് നാട്ടുകാർ

സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിശദീകരണം. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണല്‍ ഓഫീസുകളിലും പരിശോധന നടത്തി.

ഇത്തരം സ്ഥാപനങ്ങളിൽ അധ്യാപക അനധ്യാപക നിയമനം കോഴയുടെ അടിസ്ഥാനത്തിലാണ് എന്നത് കാലങ്ങളായി എല്ലാ ഏജൻസികൾക്കും അറിയാവുന്നതാണ്. മാത്രമല്ല ഈ ഒഴിവുകൾ വിൽക്കുന്നതിന് ഇടനിലക്കാരായി നിൽക്കുന്നതും ബന്ധപ്പെട്ട സർക്കാർ ശമ്പളം വാങ്ങിക്കുന്നവർ തന്നെയാണ്. എല്ലാ കാലത്തും ഇത് പരസ്യമാണ്. നിയമനം പി എസ് സിക്ക് വിടമെന്ന ആവശ്യത്തിന് മുന്നിൽ സർക്കാരുകൾ നിസ്സഹായമായി സമ്മർദ്ദത്തിന് വഴങ്ങി മാറി നിൽക്കുകയുമാണ്.

ഇതിനിടിയിൽ പരിശോധന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നു വിശദീകരിക്കുന്നു. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം, ചെങ്ങനൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസിലും പരിശോധന നടന്നു.

‘ഓപ്പറേഷന്‍ റെഡ് ടേപ്പ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി രാവിലെ 11 മണി മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലുമാണ് റെയ്ഡ് നടന്നത്.

ഇടിച്ച് നിരത്തി സാക്ഷി മാലിക്; ഇന്ത്യയ്ക്ക് രണ്ട് സ്വർണ്ണം

0

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് സ്വര്‍ണം. 62 കിലോ ഫ്രീസൈറ്റല്‍ ഗുസ്തിയിലാണ് മെഡല്‍ നേട്ടം. ഇതോടെ ഇന്ന് തുടര്‍ച്ചയായി രണ്ട് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയത്. ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയുമാണ് സ്വര്‍ണം നേടിയത്. മറ്റൊരു ഗുസ്തി താരമായ അന്‍ഷു മാലിക്കിന് വെള്ളിയും ലഭിച്ചു. ഗുസ്തിയില്‍ ഇന്ത്യക്ക് ഇനിയും മെഡല്‍ പ്രതീക്ഷകളുണ്ട്. ഗുസ്തിയിലെ ഇന്നത്തെ രണ്ട് സ്വര്‍ണത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം എട്ടായി. ആകെ മെഡിലുകളുടെ എണ്ണം 23 ആയി. 

പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ബജ്റംഗ് പൂനിയക്ക് സ്വര്‍ണം ലഭിച്ചത്. പൂനിയയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. ഫൈനലില്‍ കനേഡിയന്‍ താരം ലാക്ലന്‍ മാക്‌നെലിനനെ തകര്‍ത്താണ് ബജ്റംഗ് സ്വര്‍ണം നേടിയത്. ബജ്ംറംഗിലൂടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി ഉയര്‍ത്തി.

ഇന്ത്യയുടെ അന്‍ഷു മാലികിന് വെള്ളി നേടി. വനിതകളുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് അന്‍ഷുവിന്റെ നേട്ടം. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇരുപത്തിയൊന്നായി. നൈജീരിയയുടെ ഫൊലസാഡേ അഡെകുറോറോയോട് 7-3നാണ് അന്‍ഷുവിന്റെ തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയുടെ ഐറിന്‍ സിമിയോനിഡിനെ പരാജയപ്പെടുത്തിയ അന്‍ഷു, സെമിയില്‍ ശ്രീലങ്കയുടെ നേത്മി പൊറുതോട്ടഗയെ പരാജയപ്പെടുത്തി. 2021 ലെ ഓസ്ലോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് അന്‍ഷു മാലിക്.

ഹിറ്റ്ലറും തിരഞ്ഞടുപ്പുകൾ ജയിച്ചിട്ടുണ്ട് – മറുപടിയുമായ് രാഹുൽ

ജനാധിപത്യത്തിൻ്റെ മരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസാരിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ്. സ്വേച്ഛാധിപതിയായ ഹിറ്റ്ലറും തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നു- രാഹുല്‍ ഗാന്ധി പറഞ്ഞു.

വിലക്കയറ്റത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘നാസി നേതാവ് ഹിറ്റ്ലറും തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ വിജയിക്കണമെന്ന് ഹിറ്റ്ലര്‍ക്ക് അറിയാം. എങ്ങനെയാണ് ഹിറ്റ്ലര്‍ അതു ചെയ്തത്? ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നു. മുഴുവന്‍ സംവിധാനങ്ങളും എനിക്കു തരൂ… എങ്ങനെയാണ് തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതെന്നു കാണിച്ചു തരാം’,

നാലോ അഞ്ചോ പേരുടെ ഭരണം

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, സമൂഹത്തിലെ അക്രമങ്ങള്‍ എന്നിവ ചര്‍ച്ചയാകരുത് എന്നതാണ് സര്‍ക്കാരിന്റെ അജണ്ട. രാജ്യത്ത് ജനാധിപത്യം ഇല്ലാതായിരിക്കുന്നു. നാലോ അഞ്ചോ പേരുടെ സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. ജനാധിപത്യത്തിന് വേണ്ടി പോരാടുന്നതിനാലും സമുദായ സൗഹാര്‍ദത്തിനു വേണ്ടിയും നിലകൊള്ളുന്നതുകൊണ്ടാണ് ഗാന്ധി കുടുംബം ആക്രമിക്കപ്പെടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആർ എസ് എസ് ആശയങ്ങളെ എതിർക്കുന്നത് കടമ

ആര്‍എസ്എസ് ആശയങ്ങളെ എതിര്‍ക്കുക എന്നതാണ് തന്റെ കടമ. അതു കൂടുതല്‍ ചെയ്യുന്തോറും കൂടുതല്‍ ആക്രമിക്കപ്പെടുകയാണെന്നും നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ഇ.ഡി കേസിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. ആക്രമിച്ചോളൂ, ഞാന്‍ അതില്‍ സന്തുഷ്ടനാണ്. സര്‍ക്കാര്‍ എത്ര വേണമെങ്കിലും ഭയപ്പെടുത്തിക്കൊട്ടെ, തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു.

മകന് പകരം സംസ്കരിച്ചത് സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ യുവാവിനെ; എങ്കിൽ എൻ്റെ മകൻ എവിടെ എന്ന ചോദ്യവുമായി അമ്മ

ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ, എന്റെ മോനെ എവിടെ പോയി തിരയണം “, മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിൻ്റെ അമ്മ ശ്രീലത മകനെ നഷ്ടമായ വേദന സഹിച്ചതിന് പിന്നാലെ വീണ്ടും ആരും നേരിടാത്തൊരു സങ്കടത്തിലാണ്.

ജൂൺ ഏഴിനാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിനെ (36) കാണാതായത്. കാത്തിരിപ്പിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കൾ മൃതദേഹം ദീപകിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ജൂലൈ 19-ന് ചിതയൊരുക്കി സംസ്കരിച്ചു.

മകനെ നഷ്ടപ്പെട്ട ദുഖത്തിനിടയിലാണ് സംസ്കരിച്ച യുവാവിൻ്റെ ഡി.എൻ.എ. പരിശോധനാ ഫലം വന്നത്. മൃതദേഹം ആളുമാറി സംസ്കരിച്ചതാണെന്ന് ഇതോടെ പൊലീസ് സ്ഥിരീകരിച്ചു.

എങ്കിൽ എൻ്റെ മകൻ എവിടെ – കാണാതായ മകനെ ഓർത്ത് വീണ്ടും വിങ്ങിപ്പൊട്ടുകയാണ് ശ്രീലത. അവന് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എവിടെ പോയിരിക്കും… ദുഖവും ആശങ്കയും നീളുകയാണ് ഈ അമ്മയുടെ.

അബു​ദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് 2021 മാർച്ചിലാണ് നാട്ടിൽ തിരിച്ചെത്തുന്നത്. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്.

മുമ്പൊരിക്കലും ഇതു പോലെ കാണാതെ പോയിരുന്നു. സുഹൃത്തിന്റെ കയ്യിൽനിന്ന് പണം വാങ്ങാൻ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂർ പോലീസിൽ പരാതി നൽകി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ജൂൺ ഏഴിന് ദീപക് പോയപ്പോളും ആദ്യ ദിവസങ്ങളിൽ വീട്ടുകാർ കരുതിയത് മുമ്പത്തെപോലെ അവൻ തിരിച്ചുവരുമെന്നു തന്നെയാണ്.

കാണാതായ ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോൾ ഫോണിൽ ചാ‍ർജില്ലെന്നും ഓഫായിപ്പോകും എന്നും പറഞ്ഞിരുന്നു. ഇതാണ് ദീപകിന്റെ ഫോണിൽ നിന്നും വന്ന അവസാനത്തെ കോൾ. ബിസിനസ് തുടങ്ങാനായി പത്തുലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്ന് കിട്ടാനുണ്ടെന്നും ഇത് വാങ്ങാനാണ് പലപ്പോളായി പോയതെന്നും ദീപക് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇത് ആരിൽ നിന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു.

സണ്ണി ലിയോൺ കേരളത്തിലേക്ക്; കൊച്ചിയിലും തിരുവനന്തപുരത്തും ഇലക്ട്രോണിക് ഷോ

0

ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലിൻ്റെ ഭാഗമായി സണ്ണിലിയോൺ കേരളത്തിൽ ആദ്യമായി പരിപാടി അവതരിപ്പിക്കാൻ എത്തുന്നു. ആഗസ്ത് 13 ന് കൊച്ചിയിലും 15 ന് തിരുവനന്തപുരത്തും സ്റ്റേജ് ഷോയിൽ പങ്കെടുക്കും.

മൂന്ന് സെഗ്മെന്റുകളായാണ് ക്ലൗഡ് ബര്‍സ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം കലാകാരന്മാര്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ പ്രോഗ്രാമുകളുമായി എത്തും.

ഈ മണ്‍സൂണ്‍ ഉത്സവത്തിന്റെ അവസാനഘട്ടത്തില്‍ നടക്കുന്ന ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിയുടെ പെര്‍ഫോമന്‍സ് അരങ്ങേറുക. കേരളത്തില്‍ ആദ്യമായാണ് അവര്‍ ഇത്തരത്തിലുള്ള ഒരുപരിപാടി എന്ന് സംഘാടകർ പറഞ്ഞു.

ബ്ലെസ്‌ലി, ഫെജോ, ഇമ്പാച്ചി, എം.സി. കൂപ്പര്‍ (ജനപ്രിയ ഹിപ്‌ഹോപ് ഇന്‍ഡി ആര്‍ടിസ്റ്റുകള്‍, അജയ് സത്യന്‍ (സ്റ്റാര്‍ സിംഗര്‍ ഫെയിം), ഫൈസല്‍ റാസി (പൂമരം) ഫെയിം തുടങ്ങിയ കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്ക് ഒപ്പമാവും ഷോ.

ഇമാജിനേഷന്‍ ക്യൂറേറ്റീവ്‌സ് ആണ് പരിപാടി ഒരുക്കുന്നത്. വൈകിട്ട് നാലിന് ആരംഭിക്കും. ഈ ടീമിന്റെ അതേ പരിപാടി 14ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും.