കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ ആദ്യ മെഡലുമായി മലയാളി താരം

0

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ മുരളി ശ്രീശങ്കറിന് വെള്ളി. 8.08 മീറ്റര്‍ മറികടന്നാണ് മലയാളി താരം ശ്രീശങ്കര്‍ മെഡൽ സ്വന്തമാക്കിയത്. അഞ്ചാം ശ്രമത്തിലാണ് ആത്മവിശ്വാസം കൈവിടാതെ വെള്ളിത്തിളക്കം സ്വന്തമാക്കിയത്.

മലയാളി താരം അനീസ് യഹിയ അഞ്ചാം സ്ഥാനത്തെത്തി. ബഹ്മാസ് താരം ലാക്വന്‍ നയേണിനാണ് സ്വര്‍ണം.

കോമണ്‍വെല്‍ത്ത് ലോംഗ് ജംപില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷ താരമാണ് ശ്രീശങ്കര്‍.

ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയി

ആദ്യ മൂന്ന് ശ്രമത്തിലും എട്ട് മീറ്ററിനപ്പുറം കടക്കാന്‍ സാധിച്ചിരുന്നില്ല. നാലാമത്തെ ശ്രമം ഫൗളാകുകയും ചെയ്തു. രണ്ടവസരങ്ങള്‍ മാത്രം ശേഷിക്കെ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കര്‍. ഈ സമ്മര്‍ദങ്ങള്‍ മറികടന്നാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം.

ജനാധിപത്യാവകാശങ്ങൾ ലംഘിച്ചത് നിൻ്റെ മുത്തശ്ശിയെന്ന് രാഹുലിനോട് രവിശങ്കർ പ്രസാദ്

ജനാധിപത്യ നിരാസങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി എത്തിയ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുൻ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണെന്ന് പറഞ്ഞു കൊണ്ടാണ് രവിശങ്കർ പ്രസാദ് രാഹുലിനെതിരെ കടുത്ത വാക്കുകൾ ഉന്നയിച്ചത്.

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനാണ് ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

“നിങ്ങളുടെ അഴിമതിയും തെറ്റുകളും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂ… പൊതുജനങ്ങൾ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല, പിന്നെ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്?”- രാഹുലിനെ പരിഹസിച്ച് രവിശങ്കർ പ്രസാദ് പറഞ്ഞു. ബിജെപിക്ക് ജനാധിപത്യത്തിന്റെ ഉപദേശം നൽകുന്നതിന് മുമ്പ് തന്റെ പാർട്ടിയിൽ ജനാധിപത്യമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും, സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുന്ന ഏതൊരാളും ക്രൂരമായി ആക്രമിക്കപ്പെടുന്നു എന്നും രാഹുൽ ഗാിന്ധി തുറന്നടിച്ചിരുന്നു.

മുനിയപ്പൻ ക്ഷേത്രം ബുദ്ധ വിഹാരം; പൂജ നിർത്താൻ ഹൈക്കോടതി

തമിഴ്‌നാട്ടിലെ സേലത്തുള്ള തലൈവെട്ടി മുനിയപ്പൻ ക്ഷേത്രത്തിന്‍റെ നിയന്ത്രണമേറ്റെടുക്കാന്‍ തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ബുദ്ധന്‍റെ രൂപം തലൈവെട്ടി മുനിയപ്പനായി ആരാധിക്കുന്ന ക്ഷേത്രമാണിത്. ഇതിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് തമിഴ്‌നാട് പുരാവസ്‌തു വകുപ്പിന് മദ്രാസ് ഹൈക്കോടതി ഉത്തരവ് നൽകിയത്. പ്രതിഷ്ഠയായ മുനിയപ്പൻ വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് വിദഗ്ധപരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിനെത്തുടർന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹിന്ദു ആചാരപ്രകാരമാണ് ഇവിടെ ഏറെക്കാലമായി പൂജകൾ. ഇതിനെതിരെ ആരാധിക്കുന്ന വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് കാണിച്ച് ബുദ്ധമത ട്രസ്റ്റ് ഭാരവാഹിയായ രംഗനാഥൻ കോടതിയെ സമീപിച്ചിരുന്നു. 2011 ലാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. തുടർന്ന് വിശദ പരിശോധന നടത്താൻ പുരാവസ്തുവകുപ്പിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

വിഗ്രഹത്തിന്റെ വിശദമായ പരിശോധനയിൽ ബുദ്ധപ്രതിമയുടെ ലക്ഷണങ്ങൾ തെളിഞ്ഞതായും മുനിയപ്പനായി ആരാധിച്ചത് ബുദ്ധപ്രതിമയെയായിരുന്നെന്നും പുരാവസ്തു വിദഗ്ദ്ധർ റിപ്പോർട്ട് നൽകി.

ക്ഷേത്രത്തിൽ ഇതുവരെ ആരാധിച്ച വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അവിടെ ഹിന്ദു ആചാരപ്രകാരം പൂജകൾ നടത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. അത് ബുദ്ധമതാചാരത്തിന് വിരുദ്ധമാണ് എന്നും ക്ഷേത്രത്തിന്റെ നിയന്ത്രണം ദേവസ്വം വകുപ്പിൽ നിന്ന് പുരാവസ്തുവകുപ്പ് ഏറ്റെടുക്കണം എന്നും കോടതി പറഞ്ഞു. സന്ദർശകരെ പ്രവേശിപ്പിക്കാമെങ്കിലും പൂജകൾ നടത്താൻ അനുവാദം ഇല്ലെന്നും ബുദ്ധപ്രതിമയാണെന്ന് വ്യക്തമാക്കി ബോർഡ് വെക്കാനും കോടതി നിർദേശം നൽകി.

ബിരുദ കോഴ്സുകളിൽ ചേർന്ന ശേഷം മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെ നൽകണം -യു ജി സി

ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി.  2022-’23 അധ്യയനവർഷം പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ സർവകലാശാലയിലേക്ക് മാറുന്നവർക്കും മുഴുവൻ തുകയും തിരികെലഭിക്കും.

കോവിഡിനെത്തുടർന്ന് സി.യു.ഇ.ടി., ജെ.ഇ. ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷകളിൽ കാലതാമസം നേരിട്ടിരുന്നു. അതിനാൽ പ്രവേശന നടപടികൾ ഒക്ടോബർവരെ നീളാൻ സാധ്യതയുള്ളതിനാലാണ് യു.ജി.സി.യുടെ നടപടി.

ഡിസംബർ 31-നുശേഷം പിൻമാറിയാൽ ഈടാക്കിയ ഫീസിൽ 1000 രൂപയിൽ താഴെ പ്രൊസസിങ് ഫീസിനത്തിൽ കുറച്ച് ബാക്കിതുക തിരികെനൽകും.

നന്തിയിൽ കണ്ടെത്തിയത് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിൻ്റെ മൃതദേഹം; ഡിഎൻഎ ഫലം വന്നു

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിൻ്റെ തന്നെയെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു.

കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്കരിച്ചിരുന്നു. എന്നാൽ ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കി. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. സ്വർണ്ണക്കടത്ത് സംഘങ്ങൾ ആസൂത്രിത ആക്രമണങ്ങളും കൊലപാതങ്ങളുമായി സാമൂഹത്തിന് മൊത്തം ഭീഷണിയായി മാറുകയാണ്.

ജൂലൈ 16-ന് രാത്രി കോഴിക്കോട്-അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍നിന്ന് ചുവന്ന കാറില്‍നിന്ന് ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

യുവാവ് പുഴയില്‍ ചാടിയതോടെ കൂടെ ഉണ്ടായിരുന്നവർ കാറുമായി രക്ഷപ്പെട്ടതും സംശയങ്ങള്‍ക്കിടയാക്കി. പിറ്റേ ദിവസമാണ് നന്തി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 28-നാണ് മകന്‍ ഇര്‍ഷാദിനെ കാണാനില്ലെന്ന് ഉമ്മ നബീസ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കുന്നത്.

ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ നാല് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കല്‍പ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീല്‍ (26), പൊഴുതന സ്വദേശി സജീര്‍ (27) പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇയാള്‍ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തില്‍ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പോലീസ് കണ്ടെത്തല്‍.

മേയ് 13-നാണ് ഇര്‍ഷാദ് ദുബായില്‍നിന്ന് നാട്ടിലേക്കെത്തിയത്. 23-ന് വീട്ടില്‍നിന്ന് ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്കുപോയി. ജൂലായ് മാസം എട്ടിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്.

വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വര്‍ണം തിരികെനല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി.

സൂപ്പിക്കട സ്വദേശി ഷെമീറുള്‍പ്പടെ മൂന്നുപേര്‍ക്കാണ് സ്വര്‍ണം കൈമാറിയതെന്നായിരുന്നു മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചികിത്സാര്‍ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സുഹൃത്തുക്കളെയും മുഹമ്മദ് സാലിഹുമായി ബന്ധമുള്ളവരെയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്.

എൽ ഡി സി റാങ്ക് ലിസ്റ്റ് പ്രസിധീകരിച്ചു

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ലോവർ ഡിവിഷൻ ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ പ്രസിധീകരിച്ചു. കമ്മീഷൻ വെബ്സൈറ്റിൽ ലിസ്റ്റുകൾ പരിശോധിക്കാം

ലിങ്ക്

https://www.keralapsc.gov.in/latest?page=0

ഉരുൾ പേടിച്ച് ഓടിയത് കൊടും വനത്തിലേക്ക്; രക്ഷപെട്ട് എത്തിയ നാലാം ക്ലാസുകാരനെ കാണാൻ മന്ത്രി എത്തി

ദുരന്തം വിതച്ച ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിക്കാൻ മന്ത്രി എംവി ഗോവിന്ദന്‍ എത്തി. ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍ എന്ന് ആർഷലിലനെ മന്ത്രി വിശേഷിപ്പിച്ചു.

ഉരുള്‍പൊട്ടി വരുന്ന ഉഗ്രശബ്ദം കേട്ടാണ് ഈ എട്ട് വയസുകാരന്‍ വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയത്. തുടക്കത്തില്‍ ഒപ്പം വീട്ടുകാരുണ്ടായിരുന്നെങ്കിലും, മഴയും ഇരുട്ടും അര്‍ഷലിനെ ഒറ്റയ്ക്കാക്കി.

രണ്ടുമണിക്കൂറോളമാണ് അര്‍ഷല്‍ കണ്ണവത്തെ കൊടുംവനത്തില്‍ അലഞ്ഞത്. മഴ കുറഞ്ഞപ്പോള്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അര്‍ഷലിനെ കണ്ടെത്തിയത്. ദുരന്തമുഖത്തുപോലും പതറാതെ, നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ഈ എട്ട് വയസുകാരന്‍. മഴക്കെടുതി ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാന്‍ അര്‍ഷല്‍ മാതൃകയാണെന്നും മന്ത്രി കുറിച്ചു.

നിലവില്‍ പെരിന്തോട് വേക്കളം എയുപി സ്‌കൂളിലെ ദുരുതാശ്വാസ ക്യാമ്പിലാണ് അര്‍ഷലും കുടുംബവും. കൊമ്മേരി ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അര്‍ഷല്‍. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഗോവിന്ദന്‍ അര്‍ഷലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.

മന്ത്രി എം വി ഗോവിന്ദൻ്റെ പോസ്റ്റ്:

”ഇതാണ് അര്‍ഷല്‍, ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍. ഉരുള്‍പൊട്ടലിന്റെ ഉഗ്രശബ്ദം കേട്ടാണ് ഈ എട്ട് വയസുകാരന്‍ വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയത്. തുടക്കത്തില്‍ ഒപ്പം വീട്ടുകാരുണ്ടായിരുന്നെങ്കിലും, മഴയും ഇരുട്ടും അര്‍ഷലിനെ ഒറ്റയ്ക്കാക്കി. കണ്ണവത്തെ കൊടുംവനത്തിലെ കൂരാക്കൂരിരുട്ടില്‍ ആ പെരുമഴയത്ത് അവന്‍ കാത്തിരുന്നു, തനിച്ച്. രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അര്‍ഷലിനെ ബന്ധുക്കള്‍ക്ക് കാട്ടില്‍ കണ്ടെത്താനായത്. കണ്ണൂര്‍ കൊമ്മേരി ഗവണ്‍മന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ഷല്‍. ദുരന്തമുഖത്തുപോലും പതറാതെ, നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ഈ എട്ട് വയസുകാരന്‍. അര്‍ഷല്‍ നമുക്കൊരു മാതൃകയാണ്, മഴക്കെടുതി ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാന്‍.”

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെൻ്റ് വന്നു; ഇന്നു മുതൽ അഡ്മിഷൻ നേടാം

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ പ്രസിദ്ധീകരിച്ചു. അലോട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ് എന്നാണ് അറിയിപ്പ്. അതത് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് സൌകര്യം തിരക്കാം

ഈ ലിങ്കിൽ അലോട്മെൻ്റ് അറിയാം

https://hscap.kerala.gov.in/

ഈ മാസം 25 മുതലാണ് ക്ലാസുകൾ തുടങ്ങുന്നത്.

രണ്ടാം അലോട്മെന്റ് 15നു പ്രസിദ്ധീകരിക്കും.

16,17 തീയതികളിൽ പ്രവേശനം നടത്തും.

മുഖ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ് 22നു പ്രസിദ്ധീകരിച്ച് 24നു പൂർത്തിയാക്കും.

10% കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ പൊതുമെറിറ്റിൽ ലയിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുന്നതിനാൽ അന്തിമ വിധി അനുസരിച്ചു മാത്രമേ ആ സീറ്റുകളിൽ പ്രവേശനം നടത്തൂവെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇനി എന്തു ചെയ്യണം

അലോട്ട്​മെൻറ്​ നടക്കുന്നതെങ്ങനെ ??

ട്രയലിന് ശേഷം ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്.

  • മെയിൻ അലോട്ട്മെന്റ്
  • സപ്ലിമെൻററി അലോട്ട്മെന്റ്

രണ്ട്​ അലോട്ട്​മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടത്തും.

ഒന്നാം അലോട്ട്​മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്​ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. അതായത് അടുത്ത അലോട്മെൻ്റോട് കൂടി നിങ്ങൾ ആദ്യം നൽകിയ വിഷയത്തിൽ പ്രവേശനം ലഭിക്കാം.

മുഖ്യഅലോട്ട്​മെൻറ്​ ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്​മെൻറ്​) പ്രവേശനം സ്ഥിരപ്പെടുത്തിയാൽ മതി.

മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കാൻ അപേക്ഷയും ഓപ്​ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം. 

അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല. 

അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല.

അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്​മെൻറുകൾക്ക്​ ശേഷം ജില്ലാന്തര സ്​കൂൾ/ ​കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.

സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും

സ്ഥിരപ്രവേശനം

  • അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്​മെൻറ്​ ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.
  • ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും
  • ഈ വിദ്യാർഥികൾക്ക്​ പിന്നീട്​ അവസരം നൽകില്ല.

താൽക്കാലിക പ്രവേശനം

  • അപേക്ഷയിലെ താഴ്​ന്ന ഓപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
  • പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന്​ നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തിൽ ഫീസടക്കേണ്ട.
  • മെച്ചപ്പെട്ട ഓപ്​ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്​കൂളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളിൽ പ്രവേശനം നേടിയാൽ മതി.

സംശയം മറുപടി

ക്യാൻഡിഡേറ്റ് ലോഗിൻ പാസ് വേർഡ് റിസെറ്റ് ചെയ്യാൻ എന്ത് വേണം? പാസ് വേർഡ് മറന്നു പോയാൽ എന്തു ചെയ്യും?

: CANDIDATE LOGIN – sws എന്ന ലിങ്കിലെ Forgot Password എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പർ,ജനന തീയതി,മൊബൈൽ നമ്പർ,അപേക്ഷിച്ച ജില്ല, ക്യാപ് കോഡ് എന്നിവ നൽകി പാസ് വേർഡ് റീസെറ്റ് ചെയ്യാവുന്നതാണ്

മൊബൈൽ നമ്പർ ജനന തീയതി എന്നിവ തിരുത്തുവാൻ സാധിക്കുമോ?

: ക്യാൻഡിഡേറ്റ് രജിസ്ട്രേഷൻ സമയത്ത് നൽകുന്ന സ്കീം, രജിസ്റ്റർ നമ്പർ, പാസ്സായ മാസം, പാസ്സായ നമ്പർ വർഷം, ജനന തീയതി, മൊബൈൽ എന്നിവ ഒരു കാരണവശാലും തിരുത്തുവാൻ സാധിക്കുകയില്ല.

മൂന്ന് മുഖ്യ അലോട്ട്മെൻറുകൾ കഴിഞ്ഞാൽ സ്ക്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ ഉണ്ടാകുമോ?

:. നിലവിൽ മുഖ്യ സപ്ലിമെൻ്ററി അലോട്ട്മെൻറുകളും കഴിഞ്ഞ ശേഷം മാത്രമേ സ്ക്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ ഉണ്ടാകൂ.

പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പർ
04712323197

സംസ്ഥാനത്ത് ഇതുവരെ 21 മരണം, ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 21 പേർക്ക് ജീവൻ നഷ്ടമായി. അതീതീവ്ര മഴ പ്രവചിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലിരിക്കണമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയരുന്നതിനാല്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ക്ക് പ്രളയ സമാനമായ മുന്നറയിപ്പാണ്.

39000 ക്യൂസെക്‌സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നത്. 7.1 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുഴയിലുള്ളത്. ഇത് മുന്നറിയിപ്പ് നിലയാണ്. 8.1 മീറ്റര്‍ ആയാല്‍ അപകട നിലയാണ് എന്നത് കൊണ്ട് തന്നെ ജില്ലാ ഭരണകൂടവും സര്‍ക്കാരും അതീവ ജാഗ്രതയിലാണ്.

തൃശ്ശൂര്‍ ജില്ലയിലെ മറ്റ് പുഴകളുടെ നിലവിലെ വെള്ളത്തിന്റെ അവസ്ഥ ഇങ്ങനെയാണ്. ഭാരതപ്പുഴ:നിലവില്‍ – 23.27 മീറ്റര്‍, മുന്നറിയിപ്പ് നില – 23.5 മീറ്റര്‍അപകട നില- 23.94 മീറ്റര്‍.

 കുറുമാലിപ്പുഴ: നിലവില്‍ – 5.67 മീറ്റര്‍, മുന്നറിയിപ്പ് നില – 4.7 മീറ്റര്‍, അപകട നില – 5.6 മീറ്റര്‍
മണലിപ്പുഴ:നിലവില്‍ – 5.49 മീറ്റര്‍, മുന്നറിയിപ്പ് നില – 5 മീറ്റര്‍, അപകട നില – 6.1 മീറ്റര്‍

ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്,പറമ്പിക്കുളം എന്നീ ഡാമുകളിലെ വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ തന്നെ ഷോളയാറിലെ അധിക ജലം അര്‍ധ രാത്രിയോട് കൂടി പുഴയിലേക്ക് എത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ റവന്യൂമന്ത്രിയടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കാര്യങ്ങള്‍ നിരീക്ഷിച്ച് വരുന്നത്.

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇനി പെട്ടെന്ന് ഇറങ്ങാം, ത്രീ പോയിൻ്റ് റാമ്പുമായി ഇൻഡിഗോ എയർലൈൻസ്

0

ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ വിമാനത്തില്‍ നിന്നിറങ്ങാനും കയറാനും ത്രീ പോയിന്റ് സൗകര്യം ഏർപ്പെടുത്തുന്നു. സാധാരണ​ഗതിയിൽ യാത്രക്കാര്‍ക്ക് ഇറങ്ങാനായി രണ്ട് റാമ്പുകളാണ് വിമാനങ്ങളില്‍ ഉള്ളത്. ഇനി മുതല്‍ മൂന്ന് റാമ്പുകൾ ഉണ്ടാകും.അധികം സമയം പാഴാക്കാതെ ഇനിമുതൽ എളുപ്പത്തിൽ പുറത്തെത്താൻ സാധിക്കും

യാത്രക്കാർക്കായി മൂന്നാമത്തെ റാമ്പ് ഉടൻ തന്നെ സജ്ജീകരിക്കുമെന്ന് ഇൻഡിഗോ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് രാംദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമാനത്തില്‍ നിന്ന് പുറത്തെത്താന്‍ വേണ്ടിവരുന്നത് 13-14 മിനിട്ടാണ്. ഇനി മുതൽ 7-8 മിനിട്ടിനുള്ളിൽ പുറത്തെത്താമെന്നതാണ് മൂന്നു വഴികളുടെ പ്രത്യേകത