കരിപ്പൂർ വിമാനാപകടത്തിൽ നിന്നും രക്ഷപെടുത്തപ്പെട്ട യാത്രക്കാരുടെ കൂട്ടായ്മയിൽ പ്രദേശത്ത് 50 ലക്ഷത്തിൻ്റെ ആശുപത്രി കെട്ടിടം

കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടുവര്‍ഷം തികയുമ്പോൾ നാട്ടുകാർ രക്ഷപ്പെടുത്തിയവരുടെ കൂട്ടായ്മ പ്രദേശവാസികൾക്ക് ഒരു ആശുപത്രി സമ്മാനമായി നിർമ്മിച്ചു നൽകുന്നു. കോവിഡ് ഭീതിയും കോരിച്ചൊരിയുന്ന മഴയും മറന്നാണ് നാട്ടുകാർ ഓരോ ജീവനും പുറത്തെടുത്തത്. അവരെ എങ്ങനെ മറക്കാനാവും എന്നാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ മനസ്സ്.

അവർ തീർത്ത വാട്സ്ആപ്പ് കൂട്ടായ്മയാണ് ആശുപത്രി കെട്ടിടം പണിയുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് 50 ലക്ഷത്തോളം രൂപ മുടക്കി കെട്ടിടം നിര്‍മിച്ചുനല്‍കുക.

ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണപത്രം കൈമാറുമെന്ന് കരിപ്പൂര്‍ ഫ്‌ളൈറ്റ് ക്രാഷ് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ കണ്‍വീനര്‍ സജ്ജാദ് ഹുസൈന്‍ പ്രഖ്യാപിച്ചു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍. വിമാനത്തിലെ അവസാന ആളെ വരെ പുറത്തെടുത്ത് എല്ലാ ചികിത്സാസഹായവും ഉറപ്പുവരുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് നാട്ടുകാർ വീടുകളിലേക്ക് മടങ്ങിയത്.

അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികള്‍ക്ക് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കൂട്ടായ്മയുടെ ലീഗല്‍ കണ്‍വീനറായ സജ്ജാദ് ഹുസൈന്‍ പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന ആലോചന വന്നതോടെ അംഗണവാടി കെട്ടിടം, ല്രൈബറി തുടങ്ങിയ പല നിര്‍ദേശങ്ങളും വന്നിരുന്നു. ഇതിനിടെയാണ് അപകടസ്ഥലത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെക്കുറിച്ചും ചര്‍ച്ച വന്നത്. പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്. ഇതോടെയാണ് ആശുപത്രിക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒ.പി. കൗണ്ടര്‍, ഫാര്‍മസി, ഒബ്‌സര്‍വേഷന്‍ ഏരിയ, തുടങ്ങിയ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളടങ്ങിയ കെട്ടിടം നിര്‍മിച്ചുനല്‍കാനാണ് പദ്ധതി. അപകടത്തില്‍നിന്ന് ലഭിച്ച നഷ്ടപരിഹാര തുകയില്‍നിന്ന് ഒരു വിഹിതമാണ് എല്ലാവരും ഇതിലേക്ക് സംഭാവന ചെയ്യുക. അമ്പതുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍, ടി.വി. ഇബ്രാഹിം എം.എല്‍.എ. തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പദ്ധതിയുടെ ധാരണാപത്രം കൈമാറും.

2020 ഓഗസ്റ്റ് ഏഴാം തീയതിയാണ് ദുബായില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരും ആറ് ജീവനക്കാരും അടക്കം ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 19 യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. കുതിച്ചെത്തിയ നാട്ടുകാരുടെ ഇടപെടലായിരുന്നു മരണ സംഖ്യ കുറച്ചത്.

വീടുകളിൽ നിർത്തിയിട്ടതും വഴിയിൽ പോകുന്നതുമായ എല്ലാ വാഹനങ്ങളും വരുത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്. നാട്ടുകാരെ ഓരോരുത്തരെയായി വിളിച്ചു വരുത്തി രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാക്കി.

മുഹറം അവധി 9 ചൊവ്വാഴ്ച

0

മുഹറം അവധി ഓഗസ്റ്റ്‌ ഒമ്പതായി പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. ചന്ദ്രമാസ പ്രകാരം മുഹറം തീയതി മാറിയതായി മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് പുനര്‍നിശ്ചയം.

നേരത്തെ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ എട്ടിനായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. അവധി പുനര്‍നിശ്ചയിച്ചതിലൂടെ എട്ടാം തീയതി തിങ്കളാഴ്ച പ്രവൃത്തിദിനമാകും.

കഞ്ചാവ് വില്പന ഓയിൽ രൂപത്തിലേക്ക്, ഒരു കോടിയുടെ ഹാഷിഷുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ

ഒരു കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി നാലുപേരെ ടൗണ്‍ ഈസ്റ്റ് പോലീസും സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡും അറസ്റ്റുചെയ്തു. അകലാട് കൊട്ടിലില്‍ അഷ്‌റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടില്‍ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത്.

100 കിലോഗ്രാം കഞ്ചാവ് വാറ്റിയതില്‍നിന്ന് ലഭിച്ച ഒരു കിലോഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. മില്ലി കണക്കിനാണ് വിറ്റഴിക്കുന്നത്.

ഇവര്‍ നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവും ആന്ധ്രയില്‍ നിന്നെത്തിച്ച് ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളത്തും വിറ്റതായി അന്വേഷകർ കണ്ടെത്തി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരാണ് ഉപഭോക്താക്കള്‍.

തെക്കേഗോപുരനടയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ഒരു കിലോഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ കടത്തിയത്.

കേരളത്തിലേക്കുള്ള യാത്രയില്‍ പോലീസ് പരിശോധനയില്‍ സംശയം വരാതിരിക്കാനാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നത്.

പ്രധാനപ്രതി അഷ്‌റഫില്‍നിന്ന് എട്ടുകിലോ കഞ്ചാവ് പിടിച്ചതിനും രണ്ടുകിലോ ഹാഷിഷ് ഓയില്‍ പിടിച്ചതിനും കേസുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിനിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് ആരംഭിച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി ആറുപേരെ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വിദ്യാലങ്ങൾക്ക് അവധി

സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. . എട്ട് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

ഇടുക്കി കോട്ടയം ആലപ്പുഴ വയനാട് എറണാകുളം തൃശ്ശൂർ പാലക്കാട് കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്.

കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

തിരുവനന്തപുരത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രിവരെ തൃശ്ശൂർ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോരമേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

അഞ്ചു ദിവസം മഴ

കേരളത്തില്‍ ഇന്ന് മുതല്‍ ആഗസ്റ്റ് 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായാണിതെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുകയാണ്

5ജി ഈ മാസം തന്നെ റെഡി എന്ന് എയർടെൽ

0

ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയില്‍ 5ജി നെറ്റ്‌ വര്‍ക്ക് സൌകര്യം ആരംഭിക്കുമെന്ന് എയര്‍ടെല്‍. ഇതിന്റെ ഭാഗമായി എറിക്‌സണ്‍, നോക്കിയ, സാംസങ് തുടങ്ങിയ കമ്പനികളുമായി 5ജി നെറ്റ് വര്‍ക്ക് കരാറുകള്‍ ഒപ്പിട്ടതായി കമ്പനി പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ നടന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയ രണ്ടാമത്തെ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. 900 മെഗാഹെര്‍ട്‌സ്, 180 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 3300 മെഗാഹെര്‍ട്‌സ്, 26 ഗിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സികളിലായി 19867.8 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് എയര്‍ടെല്‍ വാങ്ങിയത്.

എന്നാൽ ലേലത്തിൽ ഒന്നാമത് നിന്നിരുന്ന റിലയൻസ് ജിയോ ഇതുവരെയും ഫൈവ് ജി ലോഞ്ച് ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

‘ഓഗസ്റ്റില്‍ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് സന്തോഷത്തോടുകൂടി അറിയിക്കുന്നു. ഞങ്ങളുടെ നെറ്റ്വര്‍ക്ക് കരാറുകള്‍ അന്തിമമായിക്കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 5G കണക്റ്റിവിറ്റിയുടെ പൂര്‍ണ്ണമായ നേട്ടങ്ങള്‍ എത്തിക്കുന്നതിന് ലോകമെമ്പാടുമുള്ള മികച്ച സാങ്കേതിക പങ്കാളികളുമായി എയര്‍ടെല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംങിക്കുന്നതിനെ കുറിച്ച് സംസാരിക്കവെ എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യം 5ജി നെറ്റ് വര്‍ക്ക് പരീക്ഷിച്ച ടെലികോം കമ്പനിയാണ് എയര്‍ടെല്‍. ഹൈദരാബാദിലെ 4ജി നെറ്റ് വര്‍ക്കില്‍ 5ജി അനുഭവം പരീക്ഷിക്കുകയും ചെയ്തിരുന്നു.

ഏറ്റവും അധികം 5ജി സ്‌പെക്ട്രം കൈക്കലാക്കിയ കമ്പനിയാണ് റിലയന്‍സ് ജിയോ. ജിയോയും വോഡഫോണ്‍ ഐഡിയയും 5ജി സേവന രംഗത്ത് ഉടൻ ഇറങ്ങും എന്നാണ് ഈ സാഹചര്യത്തിൽ വിലയിരുത്തപ്പെടുന്നത്.

52 വർഷം ദേശീയ പതാകയെ അപമാനിച്ചവരാണ് ഇപ്പോൾ ത്രിരംഗയുമായി ഇറങ്ങിയിരിക്കുന്നത് – രാഹുൽ

പതിറ്റാണ്ടുകളോളം ഇന്ത്യയുടെ ത്രിവര്‍ണ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ ‘ത്രിരംഗ’ പ്രചാരണം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി. ചരിത്രം ഈ വൈരുധ്യത്തിന് സാക്ഷിയാവുകയാണെന്നും രാഹുല്‍ പറഞ്ഞു.

കര്‍ണാടകയിലെ ഹുബ്ലിയില്‍ ത്രിവര്‍ണ പതാക നിര്‍മിക്കുന്ന ഖാദി വില്ലേജ് കേന്ദ്രം സന്ദര്‍ശിച്ച ശേഷം ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രതികരണം.

‘ഈ ത്രിവര്‍ണ പതാക എക്കാലവും ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷക്കണക്കിന് പൗരന്മാരാണ് സ്വന്തം ജീവിതം പോലും ത്യജിച്ചത്. എന്നാല്‍ ഒരു സംഘടന മാത്രം എല്ലാക്കാലത്തും ഈ പതാകയെ അംഗീകരിക്കാന്‍ മടിച്ചു. അവര്‍ നാഗ്പുരിലെ ആസ്ഥാനത്ത് 52 കൊല്ലം ദേശീയ പതാക ഉയര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല പതിവായി പതാകയെ അപമാനിക്കുകയും ചെയ്തുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ദേശവിരുദ്ധ സംഘടന എന്നും രാഹുല്‍ ആര്‍എസ്എസിനെ വിശേഷിപ്പിച്ചു .

ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ ത്രിവര്‍ണ്ണം സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചിരുന്നു. മന്‍കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

രാഹുൽ ഗാന്ധി തന്റെ കുടുംബത്തിന് പുറത്തേക്ക് നോക്കണമെന്നും, പാർട്ടി പ്രവർത്തകർക്ക് ത്രിവർണപതാകയ്‌ക്കൊപ്പം അവരവരുടെ ചിത്രം ഉപയോഗിക്കാൻ അനുവദിക്കണമെന്നും ബിജെപി വക്താവ് സംപിത് പത്ര ഇതിനെതിരെ പ്രതികരിച്ചു.

രക്ഷിതാക്കളെ വലച്ച് കളക്ടറുടെ അവധി പ്രഖ്യാപനം, സർവ്വത്ര ആശയ കുഴപ്പം

കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ട് മണിക്ക് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകള്‍ പ്രതിഷേധത്തിൽ മൂടി. വൈകിയെത്തിയ അവധി പ്രഖ്യാപനവും പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയുമാണ് മുളമുനയിലാക്കി.

രാവിലെ എട്ടരയോടെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കളക്ടറുടെ ആദ്യ അറിയിപ്പ് എത്തിയത്. ഫേസ്ബുക്കിലായിരുന്നു ഇത്. എന്നാല്‍, നേരത്തേ ക്ലാസ്സ് തുടങ്ങുന്ന സ്‌കൂളുകളിലെ കുട്ടികള്‍ ഈ സമയത്ത് ക്ലാസ്സില്‍ എത്തിയിരുന്നു. മിക്കവാറും സ്‌കൂളുകളിലെ ബസ്സുകളും കുട്ടികളെ കൊണ്ടുവരാനായി പുറപ്പെടുകയും ചെയ്തു.

തൊഴൽ ചെയ്യുന്ന ദമ്പതിമാരെല്ലാം കുട്ടികളെ പറഞ്ഞയച്ച് ജോലിക്ക് പോവുകയും ചെയ്തു. ഇതൊന്നും മനസിലാക്കാതെ കളക്ടറുടെ പോസ്റ്റ് മഴയെക്കാൾ ദുരിതം വിതച്ചു.

കുട്ടികളെ എങ്ങനെ തിരികെ കൊണ്ടുവരുമെന്ന കാര്യത്തില്‍ രക്ഷിതാക്കളും സ്വകാര്യവാഹനങ്ങളില്‍ ഉള്‍പ്പെടെ വരുന്ന കുട്ടികളെ തിരിച്ചെത്തിക്കാന്‍ എന്തുചെയ്യുമെന്നറിയാതെ അധ്യാപകരും അങ്കലാപ്പിലായി. നഗരത്തിലും പരിസരത്തും മാതാപിതാക്കള്‍ രണ്ടുപേരും ജോലിയ്ക്ക് പോയിക്കഴിഞ്ഞ വീടുകളും ഫ്‌ളാറ്റുകളും നിരവധിയാണ്.

അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിനടിയിലും പ്രതിഷേധ കമന്റുകള്‍ നിറഞ്ഞു. തലേന്നു തന്നെ അവധി പ്രഖ്യാപിക്കാനായില്ലെങ്കിലും രാവിലെ അല്‍പം നേരത്തേ പ്രഖ്യാപിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന രീതിയിലും പരാതിയുണ്ടായി. ചുമതലയെടുത്ത ഉടനെയാണ് കളക്ടർ ഉത്തരവിലൂടെ വിവാദത്തിലായത്

പ്രതിഷേധം മുറുകിയതോടെ അര മണിക്കൂറിനു ശേഷം പ്രഖ്യാപനം തിരുത്തിക്കൊണ്ട് കളക്ടറുടെ അടുത്ത പോസ്റ്റ് എത്തി -രാത്രി ആരംഭിച്ച മഴ നിലയ്ക്കാത്തതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നും വിശദമാക്കി. എന്നാല്‍ ഇത് ആശയക്കുഴപ്പം വർധിപ്പിച്ചു. സ്‌കൂളില്‍നിന്ന് ഇതിനകം തന്നെ കുട്ടികളെ വിളിച്ചുകൊണ്ടുവന്നവരും വിളിക്കാന്‍ പുറപ്പെട്ടവരുമെല്ലാം കമന്റുകളുമായെത്തി.

കളക്ടർ ശ്രീറാം വെങ്കിട്ടിനെ മാറ്റിയത് പൌരസമൂഹത്തിൻ്റെ അഭിപ്രായം മാനിച്ച് – കോടിയേരി

ആലപ്പുഴ കളക്ടറായി നിയമനം നൽകിയ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പൗരസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് കണക്കിലെടുത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സര്‍ക്കാരിൻ്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ലെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി.

ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിശദീകരണം. പത്രപ്രവര്‍ത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇദ്ദേഹത്തിൻ്റെ സുഹൃത്ത് റിഫ എന്ന യുവതി രണ്ടാം പ്രതിയുമാണ്.

നിയമം നിര്‍ബന്ധിച്ചതിനാലാണ് ശ്രീരാമിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കളക്ടറാക്കി. അതില്‍ പൗരസമൂഹത്തില്‍ എതിര്‍പ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കിയത്.

ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ലെന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത് എന്നും കോടിയേരി ചൂണ്ടികാട്ടി.

എന്നാല്‍, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയുമില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ ഒരു ന്യായവുമില്ല.

മോദിക്ക് എതിരെയല്ലേ കോണ്‍ഗ്രസ് നേതാക്കൾ ആദ്യം പ്രതിഷേധിക്കേണ്ടത്. മോദിക്കുനേരെ ഉയര്‍ത്താത്ത കരിങ്കൊടിയാണ് പിണറായിക്കുനേരെ പിടിക്കുന്നത്. അതില്‍ തെളിയുന്നത് കോണ്‍ഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയും ജനാധിപത്യനിഷേധവുമാണ്. അതിനൊപ്പം എല്‍ഡിഎഫ് വിരുദ്ധതയില്‍ കേരളത്തിലെ കോണ്‍ഗ്രസും മോദിഭരണക്കാരും തമ്മിലുള്ള ഒക്കച്ചങ്ങാതി നയവുമാണെന്നും കോടിയേരി ലേഖനത്തില്‍ ചൂണ്ടികാട്ടി.

ഡൽഹിയിൽ വീണ്ടും മങ്കി പോക്സ്; രാജ്യത്ത് 9 പേർക്ക് സ്ഥിരീകിച്ചു

രാജ്യതലസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. 31കാരിയായ നൈജീരിയൻ യുവതിയാണ് രോഗി. ഡൽഹിയിൽ റിപ്പോർട്ട് ചെയുന്ന നാലാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒമ്പതായി.

ചൊവ്വാഴ്ചയാണ് കുരങ്ങ് വസൂരി ലക്ഷണങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇന്ന് ലഭിച്ച ഫലം പോസിറ്റീവ്. ജൂലൈ 24 നാണ് ഡൽഹിയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ മൂന്ന് രോഗികൾ ലോക്നായക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ദുബൈയിൽ വാഹനാപകടം, കൊയിലാണ്ടി തലശ്ശേരി സ്വദേശികൾക്ക് ദാരുണാന്ത്യം

ദുബൈയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.  കോഴിക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയിൽ ലത്തീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദ് (54) എന്നിവരാണ് മരിച്ചത്.

ദുബൈ എമിറേറ്റ്‌സ് റോഡിൽ മലയാളികൾ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിച്ചാണ് അപകടമുണ്ടായത്.

ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം ഷാർജ അൽകാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ സംഘടനകൾ.