ISRO യുടെ കുഞ്ഞൻ റോക്കറ്റ് SSLV റെഡി, ഇനി PSLV ക്ക് വിശ്രമം

ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) വിക്ഷേപിക്കുന്നു. എര്‍ത്ത് ഒബ്‌സര്‍വേഷണല്‍ സാറ്റലൈറ്റ് (EOS- 02) മായി ഓഗസ്റ്റ് ഏഴിനാണ് എസ് എസ് എൽ വി റോക്കറ്റ് കന്നി കുതിപ്പ് നടത്തുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹികാകാശ നിലയത്തില്‍ നിന്ന് രാവിലെ 9.18 ന് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണ് ഇത് ഉപഗ്രഹത്തെ എത്തിക്കുക.

കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള EOS – 2 വിനെയാണ് വഹിച്ച് കൊണ്ടു പോകുന്നത്.

സാധാരണ റോക്കറ്റുകൾ ലോഞ്ച് പാഡിൽ എത്തിക്കാൻ മൂന്നു മാസം വരെ എടുക്കുമ്പോൾ എസ് എസ് എൽ വി 72 മണിക്കൂർ കൊണ്ട് പാഡിൽ വിക്ഷേപണത്തിന് സന്നദ്ധമാക്കാം.

ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനമാണ് എസ്എസ്എല്‍വി. ചെറിയ ഉപഗ്രഹങ്ങളുടെ വിപണി ഇപ്പോൾ മത്സരാധിഷ്ഠിതമാണ്. സ്വന്തം സംവിധാന മില്ലാത്ത രാജ്യങ്ങൾക്കായി ഈ റോക്കറ്റില്‍ വിദേശ ഉപഭോക്താക്കളുടേയും ഇന്ത്യന്‍ ഉപഭോക്താക്കളുടെയും ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തും.

ഇതോടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (Polar Satellite Launch Vehicle റോക്കറ്റുകള്‍) വലിയ വിക്ഷേപണ ദൗത്യങ്ങള്‍ക്ക് മാത്രമാവും.

ഐഎസ്ആര്‍ഒയുടെ സാങ്കേതിക നേട്ടങ്ങളുടെ പ്രദര്‍ശനമാവും എസ്എസ്എല്‍വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. 169 കോടി ചിലവഴിച്ചാണ് വികസിപ്പിച്ചത്. ഇതോടെ ചെറിയ കൃത്രിമ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ ശേഷിയുണ്ടെന്ന് കാണിക്കാന്‍ ഐഎസ്ആര്‍ഓയ്ക്കാവും.

ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥിന്റെ ആശയമാണ് എസ്എസ്എല്‍വി റോക്കറ്റ്. 500 കിലോഗ്രാം ഭാരമുള്ള വസ്തുക്കള്‍ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തിക്കാനാകും.

സാധാരണ പിഎസ്എല്‍വി റോക്കറ്റുകള്‍ക്ക് 1750 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ 600 കിലോമീറ്റര്‍ ഉയരത്തിലുള്ള സണ്‍ സിങ്ക്രണസ് ഓര്‍ബിറ്റുകളിലേയ്ക്ക് വിക്ഷേപിക്കാന്‍ ശേഷിയുണ്ട്.

500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനുള്ള ശേഷിയ്‌ക്കൊപ്പം ഒന്നിലധികം നാനോ മൈക്രോ സ്‌മോള്‍ ഉപഗ്രഹങ്ങള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും എസ്എസ്എല്‍വിയില്‍ ഉണ്ട്.

പുഷ്പ രണ്ടാം ഭാഗം ചിത്രീകരണം മുടങ്ങി

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിര്‍ത്തി വച്ചു. തെലുങ്ക് സിനിമാ നിര്‍മാതാക്കളുടെ സമരത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് കാരണം. പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ എന്ന സംഘടനയാണ് സമരത്തിൽ.

നടന്‍മാരുടെ ഉയര്‍ന്ന പ്രതിഫലം, നിര്‍മാണ് ചെലവ്, ഒടിടി റിലീസ് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ്പ നിര്‍മിക്കുന്ന മൈത്രി മൂവീസും സമരത്തോട് ഐക്യദാര്‍ഢ്യം പുലർത്തുന്ന സ്ഥാപനമാണ്.

. സിനിമ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് സംവിധായകന്‍ സുകുമാര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ ചിത്രീകരണം സെപ്തംബറിലേക്ക് മാറ്റി. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പുഷ്പയുടെ ചിത്രീകരണം പുനരാരംഭിക്കും

2021 ലാണ് പുഷ്പ ആദ്യഭാഗം റിലീസ് ചെയ്തത്. രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 200 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയ ചിത്രം 365 കോടി വരുമാനം നേടി.

മഴ- കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

കണ്ണൂരിൽ ഉരുൾ പൊട്ടലിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പേരാവൂര്‍ നിടുംപുറംചാലിൽ ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. 

നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്.

 വെള്ളത്തിന്റെ ഇരമ്പൽ കേട്ട് വീടിന് പുറത്തേക്ക് വന്ന നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകി പോവുകയുമായിരുന്നു.

കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടി; മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ ഒലിച്ചുപോയി, സൈന്യത്തിന്റെ സഹായം തേടി കളക്ടർ സന്ദേശമയച്ചു.

കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്യേരി, പൂളക്കുണ്ട് എന്നിവടങ്ങളിലാണ് ഉരുൾപൊട്ടിയത്. മൂന്ന് പേരെ കാണാതായി. വെള്ളറയിലെ ചന്ദ്രൻ, പേരാവൂർ മേലെ വെള്ളറ കോളനിയിൽ ഒരാളെയുമാണ് കാണാതായത്.

കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിനായി ജില്ലാ കളക്ടർ സൈന്യത്തിന്റെ സഹായം തേടി. പ്രദേശത്ത് നിന്ന് അഞ്ച് വാഹനങ്ങൾ ഒഴുകിപ്പോയി. തലശ്ശേരി- മാനന്തവാടി റോഡിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

കണ്ണൂരിൽ ഉരുൾപൊട്ടൽ, രണ്ടു പേരെ തിരയുന്നു

കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍. കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്‍പൊട്ടിയത്. പേരാവൂര്‍ മേലെ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് ഒരു കുട്ടിയെ കാണാതായി. നെടുംപുറം ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ നാട്ടുകാർ രക്ഷപെടുത്തി.

നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറിയിരിക്കയാണ്. പക്രംതളം ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലയോര മേഖലയില്‍ അതിശക്തമായ മഴയാണ്. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കര കവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

കണ്ണൂർ ചെറുപുഴ കാനംവയലിൽ മഴ തുടക്കത്തിലും ഉരുൾപൊട്ടലുണ്ടായിരുന്നു.

മഴ തുടരുന്നതിനിടെ ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി. സന്തോഷ്, മണിയന്‍, ഗില്‍ബര്‍ട്ട് എന്നിവരെയാണ് കാണാതായത്. മൂന്നുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാര്‍ഡ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാത്രിയും തെരച്ചില്‍ തുടരും.

തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് അവധി

0

കണ്ണൂർ ജില്ലയിലെ കോളയാട്, കണിച്ചാർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ കല ക്ടർ (02/08 / 2022 ) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി/ കോളേജ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന എൻ ടി ആറിൻ്റെ മകൾ ആത്മഹത്യ ചെയ്ത നിലയിൽ

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകള്‍ കെ. ഉമ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യാ സഹോദരിയുമാണിവർ.

ഹൈദരാബാദ് ജൂബിലി ഹില്‍സിലെ വസതിയിലാണ് ഉമ മഹേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളും മരുമകനും കിടപ്പുമുറിയുടെ വാതിൽ തകർത്തുനോക്കിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഉമയെ കണ്ടെത്തുന്നത്. പോലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

57 കാരിയായ ഇവർ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഉമ മഹേശ്വരി വിഷാദത്തിലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന്‌ പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് വിശദമാക്കി.

ശ്രീറാം വെങ്കിട്ടരാമനെ മാറ്റി, വി ആർ കൃഷ്ണതേജ് ആലപ്പുഴ കളക്ടർ

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്‍. കൃഷ്ണ തേജ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ് ശ്രീറാമിൻ്റെ പുതിയ നിയമനം. പ്രളയ സമയത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തന മികവിൽ അഭിനന്ദനം നേടിയ വ്യക്തിയാണ് കൃഷ്ണ തേജ്.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പൊതുവായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകര്‍ക്ക് സംരക്ഷണം നൽകുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷവും മാധ്യമ സംഘടനകളും രംഗത്ത് എത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കൊലക്കേസില്‍ പ്രതിയായ ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ കഴിഞ്ഞതോടെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമനം നൽകിയത്.

ശ്രീറാമിന്റെ ഭാര്യ രേണു രാജിന് തൊട്ടടുത്ത ജില്ലയായ എറണാകുളത്തും കലക്ടറായി നിയമനം നല്‍കിയിട്ടുണ്ട്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം മദ്യപിച്ച അമതിവേഗയിൽ ഓടിച്ച കാറിച്ച് കെ.എം.ബഷീർ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു. ഇവർ കേസിൽ രണ്ടാം പ്രതിയാണ്. കുറ്റം ചെയ്തതിന് പിറകെ തൻ്റെ സ്വാധീനം ഉപയോഗിച്ച് അതിൽ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങളും നടത്തിയാതായി ആരോപണം ഉയർന്നിരുന്നു.

സിനിമയുടെ പ്രതീക്ഷ കേരളത്തിലെ പുതുതലമുറയിൽ – അടൂർ

ഇന്ത്യൻ സിനിമയുടെ പ്രതീക്ഷ പുതുതലമുറയിലെ സിനിമാ പ്രവർത്തകരിലാണെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാള സിനിമയിലെ യുവാക്കളാണ് ഇതിൽ മുന്നിൽ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ അബ്രഹാം പുരസ്കാര സമർപ്പണവും ചെലവൂർ വേണു ജീവിതം കാലം ഡോക്യുമെൻ്ററി പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.

ബോളിവുഡിൽ സിനിമ എന്നാൽ താരങ്ങളാണ്. താരങ്ങളിലൂടെയാണ് സിനിമ ഉണ്ടാവുന്നത്. ബന്ധപ്പെട്ട മന്ത്രി പോലും ആ താരം എൻ്റെ ഫോൺ കാൾ നേരിട്ട് അറ്റൻ്റ് ചെയ്തു എന്ന് ആരാധന അറിയിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ എന്താണ് സിനിമ എന്നറിയാത്തവരാണ് അവാർഡ് നിർണയത്തിന് എത്തുന്നത്. സിനിമയെ അറിയാത്ത, രണ്ടു സിനിമകൾ ഒന്നിച്ച് കണ്ടാൽ ക്ഷീണിച്ച് പോകുന്നവരാണ്. ആരാണ് പുരസ്കാരം നിശ്ചയിക്കുന്നത് ആരാണ് നിർണ്ണയ സമിതി അധ്യക്ഷ സ്ഥാനത്ത് എന്താണ് അവരുടെ അർഹത എന്നൊന്നനും ഏവിടെയും പരിഗണിക്കപ്പെടുന്നില്ല.

ഈ സാഹചര്യത്തിൽ മലയാളത്തിൽ ഉണ്ടാവുന്ന സിനിമകൾ തന്നെയാണ് ഇന്ത്യൻ സിനിമയുടെ പ്രതീക്ഷ എന്നും അടൂർ തുടർന്നു. സൂക്ഷ്മമായി ഈ രംഗത്തെ മനസിലാക്കിയവരാണ് പുതുതലമുറ മലയാള സംവിധായകർ എന്നും അഭിപ്രായപ്പെട്ടു.

മനോജ് കാന – കെഞ്ചിര, ഡോൺ പാലത്തറ – 1956 മധ്യ തിരുവിതാംകൂർ, ഷെറി ഗോവിന്ദൻ, ടി ദീപേഷ്- അവനോവിലോന, എന്നീ സിനിമകൾക്ക് സംവിധാന പുരസ്കാരം അടൂർ വിതരണം ചെയ്തു.

ഫിപ്രെസ്കി സമഗ്ര സംഭാവനാ സത്യജിത് റേ പുരസ്കാരം നേടിയ ചലച്ചിത്ര നിരൂപകൻ ഐ ഷൺമുഖദാസിനും സംസ്ഥാനസർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരം നേടിയ കെ സി ജിതിനും ആദരവ് നൽകി

ചെലവൂർ വേണു ജീവിതം കാലം സംവിധായകൻ ജയൻ മങ്ങാടിനെ അനുമോദിച്ചു. തുടർന്ന് ഡോക്യുമെൻ്ററിയുടെ പ്രഥമ പ്രദർശനവും ഉണ്ടായി. ഫെഡറേഷൻ സെക്രട്ടറി വി കെ ജോസഫ് അധ്യക്ഷം വഹിച്ചു.

മഴ കനത്തു, ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് രണ്ട് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കിയിൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല എന്നും അറിയിപ്പിൽ പറയുന്നു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല, ബോർഡ് പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ആതിരപ്പള്ളി വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ റോഡിൽ നിരോധനം ഏർപ്പെടുത്തി.

 വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത  മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.