വിദ്യാലയങ്ങളിലെ ലിംഗസമത്വ നയങ്ങൾക്കെതിരെ എം കെ മുനീർ

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്ന് എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും മുനീര്‍ ചോദിച്ചു.

എം.എസ്.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘വേര്’ എന്ന കാമ്പയിൻ്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ ‘മതം, മാര്‍ക്‌സിസം, നാസ്തികത’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുനീറിൻ്റെ അഭിപ്രായ പ്രകടനങ്ങൾ

‘പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ചചെയ്യാന്‍ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.

ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?’, മുനീര്‍ ചോദിച്ചു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പോലെയുള്ളവ അടിച്ചേല്‍പിക്കുകയല്ല, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. മുസ്ലിം ലീഗും എം.എസ്.എഫും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രസ്ഥാനങ്ങളാണെന്നും തുടർന്ന് മുനീര്‍ പ്രസംഗത്തില്‍ അവകാശപ്പെട്ടു

ദുരിതം വിതച്ച് കാലവർഷം; മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു, അഞ്ചു പേർക്കായി തിരച്ചിൽ

സംസ്ഥാനത്ത് ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലുമായി കാലവർഷ ദുരിതം രൂക്ഷമായി. കൊല്ലം കുംഭവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. അഞ്ച് പേരെ കാണാതായി. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. സംസ്ഥാനത്ത് മിന്നൽ പ്രളയം സാധ്യത ഉൾപ്പെടെ കനത്ത മഴ പ്രവചിച്ച കേന്ദ്ര കാലവസ്ഥ വകുപ്പ് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ പെയ്യുകയാണ്. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.

കല്ലാറിൽ നിന്ന് മീൻ മുട്ടി വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലുള്ള കൈത്തോട് നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാല്‍ അക്കരെയുള്ള വിനോദ സഞ്ചാരികൾക്ക് ഇപ്പുറത്ത് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളൊക്കെ അക്കരെ കുടുങ്ങിക്കിടക്കുകയാണ്. കുറച്ചു പേരെ നാട്ടുകാർ ചേർന്ന് ഇക്കരയ്ക്ക് എത്തിച്ചു. പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തുള്ളവർ സുരക്ഷിതരാണെന്നാണ് വിവരം.

അച്ചൻകോവിലാറിൽ വിനോദസഞ്ചാരങ്ങൾക്ക് വിലക്കേർപ്പെടുത്തി. പത്തനംതിട്ടയിൽ റാന്നി, സീതത്തോട്, ഗവി, ചിറ്റാർ, മേഖലകളിൽ രണ്ട് മണിക്കൂറിലേറെയായി മഴ തുടരുകയാണ്. വെച്ചൂച്ചിറ പഞ്ചായത്തിലെ കുരുമ്പമൂഴി, നാറാണംതോട് ക്രോസ്വേകൾ മുങ്ങി.  കൊല്ലമുളയിൽ രണ്ട് യുവാക്കൾ ഒഴിക്കിൽപ്പെടുകയും ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇടക്കി മൂലമറ്റത്ത് ഉരുൾപൊട്ടൽ എന്ന് സംശയം. 

വിതരുയിൽ കനത്ത മഴ തുടരുകയണ്. മക്കിയാർ ഡാം കരകവിഞ്ഞൊഴുകുന്നു. തലസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, മങ്കയം, കല്ലാർ അടച്ചു. കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. നെയ്യാർ ഡാമും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനക്കുകയാണ്. നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്ളെ സ്പിൽവെകളും ഉയർത്തും. നാളെ രാവിലെ 11 മണിയോടെ ഉയർത്തും.

നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതന്നും കടലിന് സമീപം പോവുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതന്നും രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും തെക്കൻ ജില്ലകളിൽ മുന്നറിയിപ്പ് നൽകി.

ക്യാമറ ആർട്ടിസ്റ്റ് ഓർഗനൈസേഷൻ വിക്ടർ ജോർജ് ഫോട്ടോഗ്രാഫി പുരസ്കാരം എൻട്രികൾ ക്ഷണിച്ചു

0

ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് മഴയെ അത്ര മേൽ പ്രണയിച്ച് മഴയോടൊപ്പം പ്രകൃതിയിലേക്കലിഞ്ഞ് ചേർന്ന ഫോട്ടോഗ്രാഫറും, മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിന്റെ ഓർമ്മയ്ക്കായി മഴ പറഞ്ഞ കഥ എന്ന പേരിൽ മൺസൂൺ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു…..

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് (COCA) എന്ന സംഘടനയാണ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്.

ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 25000 രൂപയും വിക്ടർ ജോർജ് മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും, രണ്ടാം സമ്മാനം 10000 രൂപയും പ്രശസ്തി പത്രവും, മൂന്നാം സമ്മാനം 5000 രൂപയും പ്രശസ്തി പത്രവും, കൂടാതെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്…

200 രൂപയാണ് മത്സരത്തിലേക്കുള്ള Entry fee.

മത്സരത്തിൽ ചിത്രങ്ങളയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 5 ആണ്

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക….

Call : 9895 989198 , 9995606435 , 9846777402

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ശേഷം

0

സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പത്തിന് ശേഷമായിരിക്കും തുടങ്ങുക എന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
ഓണക്കിറ്റിനുള്ള ടെണ്ടർ നടപടികൾ
പൂർത്തിയായിട്ടുണ്ട്. പാക്കിങ് ആരംഭിച്ചു. സൗജന്യ ഓണക്കിറ്റിന് 465
കോടി രൂപയാണ് ചിലവ് വരികയെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.

ഓണം ഫെയർ എല്ലാ മണ്ഡലത്തിലും

സെപ്‌തംബർ ആറുവരെ നീളുന്ന  വിൽപ്പനകേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കും. ജില്ലാ ആസ്ഥാനങ്ങളിലും മേള 27ന്‌ തുടങ്ങും.

എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ മേളകളും സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലത്തിലും സംസ്ഥാനത്തെ 500 സൂപ്പർ മാർക്കറ്റിലും  സെപ്‌തംബർ ഒന്നുമുതൽ ചന്തകൾ തുടങ്ങും. പച്ചക്കറി ഉൾപ്പെടെ  ഇവിടെനിന്ന്‌ ലഭിക്കും.സപ്ലൈകോ 1000 -മുതൽ 1200 രൂപവരെ വിലയുള്ള പ്രത്യേക ഓണക്കിറ്റുകൾ വിൽക്കും.  ഓരോ സൂപ്പർ മാർക്കറ്റിലും കുറഞ്ഞത് 250  കിറ്റ്‌ വിൽക്കും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നൽകും. സംസ്ഥാനതലത്തിൽ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനം നൽകും.

സപ്ലൈകോയിൽ
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി
ഒഴിവാക്കിയെന്നും മന്ത്രി അറിയിച്ചു.

കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, ശർക്കരവരട്ടി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ, ഉണക്കലരി തുടങ്ങി പതിനാല് ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പബ്ജിക്ക് പിന്നാലെ ബിജിഎംഐയും നിരോധിച്ചു

നിരോധിക്കപ്പെട്ട പബ്ജി മൊബൈലിൻ്റെ ഇന്ത്യന്‍ പതിപ്പായ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BGMI) ഗെയിമിന് വ്യാഴാഴ്ച മുതല്‍ വിലക്ക്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇപ്പോള്‍ ഈ ബാറ്റില്‍ റൊയേല്‍ ഗെയിം ലഭ്യമല്ല.

അതേസമയം സമാനമായ മറ്റൊരു ഗെയിമായ പബ്ജി ന്യൂസ്റ്റേറ്റ് ഇപ്പോഴും ലഭ്യമാണ്. നേരത്തെ ഡൌൺലോഡ് ചെയ്തവർക്ക് ലഭിക്കുന്നുമുണ്ട്.

സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഗൂഗിളിന്റെ പ്രതികരണം. ഉത്തരവ് കിട്ടിയതിന് ശേഷം നിലവിലുള്ള നടപടികളനുസരിച്ച് ഡവലപ്പറെ അറിയിക്കുകയും പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്ന ആപ്പിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യുകയായിരുന്നു

ആപ്പ് നീക്കം ചെയ്യപ്പെടാനുള്ള യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇതുവരെയും BGMI ഗെയിമിനെതിരെ സര്‍ക്കാരോ മറ്റുള്ളവരോ ഗുരുതരമായ ആരോപണങ്ങളൊന്നും ഉന്നയിച്ച് കണ്ടിട്ടില്ല. സര്‍ക്കാരിന്റെ എന്തെങ്കിലും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണോ നടപടിയെന്നും വ്യക്തമല്ല.

പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും BGMI അപ്രത്യക്ഷമായെങ്കിലും ഗെയിം നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് തുടര്‍ന്നും കളിക്കാവുന്നതാണ്. എന്നാല്‍ ആ ഗെയിമുകളില്‍ പുതിയ അപ്‌ഡേറ്റ് വന്നിരുന്നുവെന്നും വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു.

2020 സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി മൊബൈല്‍ എന്ന ജനപ്രിയ ഗെയിം നിരോധിക്കുന്നത്. രാജ്യ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു നടപടി. ദക്ഷിണ കൊറിയന്‍ നിര്‍മിതമായ ഗെയിം അന്ന് ഇന്ത്യയില്‍ വിതരണത്തിന് എത്തിച്ചിരുന്നത് ചൈനീസ് കമ്പനിയാ ടെന്‍സെന്റ് ഗെയിംസ് ആയിരുന്നു. നിരോധനത്തിന് ശേഷം പബ്ജിയുടെ യഥാര്‍ത്ഥ നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ തന്നെ ഗെയിം നേരിട്ട് ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. BGMI അവതരിപ്പിച്ചതിന് ശേഷമാണ് പബ്ജി ന്യൂസ്റ്റേറ്റ് മൊബൈല്‍ എന്ന പേരില്‍ സമാനമായ മറ്റൊരു ഗെയിം കൂടി ക്രാഫ്റ്റണ്‍ അവതരിപ്പിച്ചത്.

ഏറ്റവും അധികം പോക്സോ കേസുകൾ യു പിയിൽ

രാജ്യത്ത് 2020ൽ മാത്രം 47,221 പോക്സോ (Protection of Children from Sexual Offences Act) കേസുകൾ രജിസ്റ്റർ ചെയ്തു. സി.പി.ഐ. എം.പി. എസ്. വെങ്കടേഷന്റെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവയിൽ ശിക്ഷിക്കപ്പെട്ട കേസുകളുടെ ശതമാനം നേരിയതാണ്.

2020ൽ മാത്രം രാജ്യത്ത് 47,221 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 36.6 ശതമാനം കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത് എന്ന് ലോക്സഭയിൽ സ്മൃതി ഇറാനി മറുപടി നൽകി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനങ്ങളുടെ വിവരങ്ങളടക്കമായിരുന്നു വ്യക്തമാക്കിയത്.

ഏറ്റവും കൂടുതൽ പോക്സോ കേസ് റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്. 6,898 കേസുകളാണ് യു.പിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ മഹാരാഷ്ട്ര (5,687 കേസുകൾ), മധ്യപ്രദേശ് (5,648 കേസുകൾ) റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിൽ ശിക്ഷിക്കപ്പെട്ടത് 70.7 ശതമാനം കേസുകളിലാണ്. മഹാരാഷ്ട്രയിൽ 30.9 ശതമാനവും മധ്യപ്രദേശിൽ 37.2 ശതമാനവുമാണ് ശിക്ഷിക്കപ്പെട്ട കേസുകൾ. രാജ്യത്ത് മണിപ്പൂരിൽ മാത്രമാണ് പോക്സോ കേസുകളിൽ 100 ശതമാനവും ശിക്ഷിക്കപ്പെട്ടത്. 2020 അവസാനത്തിൽ രാജ്യത്ത് 1,70,000 കേസുകൾ വിചാരണ ഘട്ടത്തിലായിരുന്നു. ഇത് 2018നേക്കാൾ 57.4 ശതമാനം (108,129 കേസുകൾ) കൂടുതലായിരുന്നു.

കേന്ദ്രഭരണപ്രദേശങ്ങളായ ലഡാക്ക്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ 2020ൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. ഗോവയും ഹിമാചൽപ്രദേശുമാണ് ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. അഞ്ച് കേസുകൾ വീതമാണ് ഈ രണ്ടു സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സ്മൃതി ഇറാനി ലോക്സഭയിൽ മറുപടി നൽകി.

വിലക്കയറ്റത്തിനും തൊഴിലില്ലായമയ്ക്കും എതിരെ പ്രധാനമന്ത്രിയുടെ വീട് ഉപരോധിക്കാൻ കോൺഗ്രസ്

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ ഓഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. രാഷ്ട്രപതി ഭവനിലേക്ക് രാവിലെ ലോക്സഭയിലേയും രാജ്യസഭയിലേയും എം.പി.മാര്‍ മാര്‍ച്ച് നടത്തും. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയും ഉപരോധിക്കും.

മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. ഈ സമയം സംസ്ഥാന തലസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ വസതികളും ഘെരാവോ ചെയ്യും. രാജ്ഭവന്‍ ഉപരോധത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എം.എല്‍.എ.മാരും എം.എല്‍.സി.മാരും മുന്‍ എം.പി.മാരും പങ്കെടുക്കും. ഒപ്പം മണ്ഡലം, ബ്ലോക്ക്, ജില്ലാതലങ്ങളിലും പ്രക്ഷോഭം സംഘടിപ്പിച്ച് നേതാക്കളും ജനപ്രതിനിധികളും അറസ്റ്റു വരിക്കാന്‍ ഹൈക്കമാന്‍ഡ് പി.സി.സി. അധ്യക്ഷന്മാര്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പോഷക സംഘടനാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെട്രോളിനും ഡീസലിനും അവശ്യസാധനങ്ങള്‍ക്കും വന്‍വിലക്കയറ്റം ഉണ്ടായിട്ടും അതു പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഇതുവരെ തയ്യാറാകാതെ ജനശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം ഭയാനകമാണെന്നും അതിനാലാണ് ഇത്രയും ശക്തമായി സമരരംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു.

കടുവ ദിനത്തിൽ മമ്മൂട്ടിയുടെ ഗ്ലാമർ ട്രോൾ

ഇൻ്റർനാഷണൽ ടൈഗേഴ്സ് ഡേയിൽ താരത്തെ ട്രോളി ആരാധകരുടെ സ്നേഹ പ്രകടനം. ഹാപ്പി ടൈഗേഴ്സ് ഡേ എന്ന ആശംസയോടെ മമ്മൂട്ടി തൻ്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോ ഷെയർ ചെയ്തു. അതിനു ചുവട്ടിലാണ് ആരാധകരുടെ സ്നേഹ കലശം.

നിങ്ങൾ കടുവയല്ല പുലിയാണ് എന്നാണ് ചിലരുടെ കമൻ്റ്. മറ്റു ചിലരാവട്ടെ നിങ്ങളല്ലെ യഥാർത്ഥ കടുവ എന്നും ചോദിച്ചു.

International Tiger Day JULY 29

ഇന്ത്യയാണ് കടുവകളുടെ എണ്ണത്തിൽ മുന്നിൽ. 3000 കാട്ടു കടുവകൾ ഇന്ത്യൻ വനങ്ങളിലുണ്ട്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കടുവകളുടെ വംശം തന്നെ ഇല്ലാതാവുന്ന സാഹചര്യമായിരുന്നു. ഇപ്പോൾ 3900 കടുവകൾ ലോകത്തുണ്ട്.

സംരക്ഷണ പ്രവർത്തനങ്ങളുടെയും കരുതലിൻ്റെയും ഭാഗമായാണ് ഇവയുടെ വംശത്തെ നിലനിർത്താൻ കഴിഞ്ഞത്. അതിൻ്റെ ഭാഗമായാണ് ജുലൈ 29 കടുവ ദിനമായി ആചരിക്കുന്നത്

കോമൺവെൽത്ത് ഗെയിംസിന് ഗംഭീര തുടക്കം, ഇന്ത്യയിൽ നിന്ന് 215 താരങ്ങൾ

0

22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങാമില്‍ ഗംഭീര തുടക്കം. ഇന്ത്യന്‍ സംഘത്തെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു ദേശീയപതാകയേന്തി മാര്‍ച്ച് പാസ്റ്റ് നയിച്ചു.

ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരഡ് ചോപ്രയാണ് ഇന്ത്യന്‍ പതാകയേന്തേണ്ടിയിരുന്നതെങ്കിലും പരിക്ക് കാരണം താരം ഗെയിംസില്‍ നിന്ന് പിന്‍മാറിയിരുന്നു. ഗെയിംസില്‍ നിന്നുള്ള നീരജിന്റെ പിന്‍മാറ്റം അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു ഉറച്ച മെഡല്‍ പ്രതീക്ഷകൂടിയാണ് നഷ്ടമാക്കിയത്.

5054 കായിക താരങ്ങൾ, ഇന്ത്യയിൽ നിന്ന് 215

ഓഗസ്റ്റ് എട്ടു വരെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഗെയിംസില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 5054 കായിക താരങ്ങള്‍ 280 കായിക ഇനങ്ങളില്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നത്. ഇവര്‍ക്കൊപ്പം ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേര്‍ കൂടി അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ഷൂട്ടിംഗ് ഇത്തവണയില്ലെങ്കിലും ഗുസ്തി, ബോകസിംഗ്, ബാഡ്മിന്‍റണ്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്‍റെ സമാപനം.

വനിതാ ക്രിക്കറ്റിൽ ആദ്യം

ഈ ഗെയിംസില്‍ ക്രിക്കറ്റില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതകള്‍ എന്ന അപൂര്‍വബഹുമതിയുമായി ഹര്‍മന്‍പ്രീത് കൗറിന്റ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആദ്യദിനം ഇറങ്ങും. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്.

ആദ്യദിനം ഗെയിംസ് മത്സരങ്ങളാണ് ഏറെയും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലോണ്‍ ബോളോടെ മത്സരവേദി ഉണർന്നു.

ബ്ലേഡ് പലിശ, കെണിയിൽ കുരുങ്ങിയ വ്ളോഗർ മരിച്ച നിലയിൽ

യൂ ട്യൂബ് വ്‌ലോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (49) ആണ് മരിച്ചത്. ഞാന്‍ ഒരു കാക്കനാടന്‍ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍ ഷുക്കൂര്‍ വ്‌ലോഗിങ് നടത്തിയിരുന്നത്.

കടബാധ്യതയും പണം കടമായി നല്‍കിയ വട്ടിപ്പലിശക്കാരൻ്റെ വേട്ടയാടലുമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു.

അഞ്ചുലക്ഷം രൂപ 2015-ല്‍ കടം വാങ്ങിയതായി കത്തില്‍ പറയുന്നു. മാസം 25000 രൂപവീതം പലിശനിരക്കില്‍ 15 ലക്ഷത്തോളം രൂപ 2021വരെ അടച്ചിട്ടും നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

മൂന്നുദിവസം മുന്‍പാണ് ആലുവ റെയില്‍വേ സ്റ്റേഷനുസമീപത്തെ ടൂറിസ്റ്റ് ഹോമില്‍ അബ്ദുള്‍ ഷുക്കൂര്‍ മുറിയെടുത്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പലിശക്കാരനെ ചോദ്യം ചെയ്യും. ഭാര്യ: റഷീദ. മകന്‍: ഫഹദ് (ഭാരത് മാതാ കോളേജ് ഡിഗ്രി വിദ്യാര്‍ഥി).