പത്താം വയസിൽ പീഡനം, ഇരുപതുകാരിയുടെ പരാതിയിൽ അധ്യാപകനും പുരോഹിതനുമെതിരെ പോക്സോ

പത്തുവര്‍ഷംമുമ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പുരോഹിതന്റെയും സ്‌കൂള്‍ അധ്യാപകന്റെയുംപേരില്‍ പോക്സോ കേസ്.

ബെംഗളൂരു വിദ്യാരണ്യപുര ദൊഡ്ഡബെട്ടഹള്ളി കാവേരി ലേഔട്ടിലെ പുരോഹിതന്‍ സൈമണ്‍ പീറ്റര്‍, അധ്യാപകന്‍ സാമുവല്‍ ഡിസൂസ എന്നിവരുടെ പേരിലാണ് കേസ്. സംഭവമറിഞ്ഞിട്ടും മറച്ചുവെക്കാന്‍ ശ്രമിച്ച മറ്റ് ആറുപേരെയും കേസില്‍ ഉള്‍പ്പെടുത്തി

പത്തുവയസ്സുള്ളപ്പോള്‍ സൈമണ്‍ പീറ്റര്‍ പീഡിപ്പിച്ചെന്നാണ് 20 വയസ്സുള്ള യുവതിയുടെ പരാതിയില്‍. ഇയാളുടെ അടുത്താക്കിയാണ് മാതാപിതാക്കള്‍ ജോലിക്കുപോയിരുന്നത്. ഈ സമയം, അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പീഡനം തുടര്‍ന്നപ്പോള്‍ അധ്യാപകനായ സാമുവല്‍ ഡിസൂസയോട് പരാതിപ്പെട്ടു. എന്നാലും ഇയാളും പീഡിപ്പിച്ചെന്ന് പരാതിയിലുണ്ട്. 14 വയസ്സുവരെ പീഡനം തുടര്‍ന്നതായും പറയുന്നു.

കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അടുത്തിടെ സഹോദരിയോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിൽ, നിക്ഷേപർക്ക് ആശങ്ക

സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് സഹകരണ മന്ത്രി വി.എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്.

നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത്. ഇവിടെ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തില്‍. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശ്ശൂര്‍ 11, മലപ്പുറം 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാത്തതിനാല്‍ സ്ത്രീ മരിച്ചത് വിവാദമായതിന് പിന്നാലെയാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി

സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആവശ്യമുള്ള ഘട്ടത്തിൽ പണം ലഭ്യമാക്കാനുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇന്നലെ മരിച്ച ഫിലോമിനയ്ക്കും ആവശ്യമായ തുക നൽകിയെന്നാണ് അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്.

ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്ന് മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കി.

നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.

കോഴിക്കോട് കുട്ടിക്കടത്ത് കരുണ ഡയറക്ടർ ഫാദർ ജേക്കബ് വർഗ്ഗീസ് അറസ്റ്റിൽ

പെരുമ്പാവൂര്‍ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാദര്‍ ജേക്കബ് വര്‍ഗീസ് അറസ്റ്റിലായി. 12 കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരൻ പിടിയിലായതിന് പിന്നാലെയാണ് അറസ്റ്റ്. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് കുട്ടികളെ കേരളത്തിലേക്ക് എത്തിച്ചത്

ജേക്കബ് വര്‍ഗീസ് ഡയറക്ടറായ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് റെയില്‍ വേ പൊലീസാണ് കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന ഇടനിലക്കാരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വൈദികനിലക്കെത്തിയത്.

രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവരാണ് അറസ്റ്റിലായ ഇടനിലക്കാര്‍. റെയില്‍ വേ സ്റ്റേഷനില്‍ കുട്ടികളുമായി എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും വ്യക്തമാക്കി.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാളെ കന്നിയങ്കം

0

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 4.30ന് ബിർമിംഗ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ടി-20 ലോകകപ്പിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.

ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബാറ്റര്‍ എസ് മേഘ്ന, ഓള്‍ റൗണ്ടര്‍ പൂജ വസ്ട്രക്കര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 

“ഈ ടൂർണമെന്റ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഇത്തവണ ഞങ്ങൾ മെഡലിനായി കളിക്കുകയാണ്. എന്നെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത്തരത്തിലുള്ള ടൂർണമെന്റുകൾ കണ്ടാണ് ഞങ്ങൾ വളർന്നത്. ഇങ്ങനെ ഞങ്ങൾക്കും അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒരു വലിയ ഇവന്റിന്റെ ഭാഗമാവുകയാണ്. ഭാവിയിൽ, ഇത്തരം അവസരങ്ങൾ ഞങ്ങൾക്ക് ഇനിയും ലഭിച്ചാൽ, അത് ഞങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു.”- ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.

ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്.

ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് ചാമ്പ്യൻ പട്ടം ചൂടിയത്.

ഇന്ന് തുടക്കം, ആദ്യ ചുവട്

ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ തുടക്കമാവുകയാണ്. ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റ് മത്സരയിനമാകുന്ന ആദ്യ ഗെയിംസാണ് ഇത്തവണത്തേത്. ഇതിന് മുൻപൊരിക്കൽ പുരുഷ ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായിരുന്നു. 1998 ൽ ക്വലാലംപൂരിൽ നടന്ന ഗെയിംസിലായിരുന്നു ഇത്. അന്ന് ഓസ്ട്രേലിയയെ തോല്പിച്ച് ദക്ഷിണാഫ്രിക്കയാണ് സ്വർണ മെഡൽ നേടിയത്. ഈ വർഷം ക്രിക്കറ്റ് തിരിച്ചെത്തുന്നതിനാൽ കോമൺവെൽത്ത് ഗെയിംസിനായി ക്രിക്കറ്റ് പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു, പതിമൂന്നുകാരൻ മരിച്ചു

പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിനാരായണന്‍ ആണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ പരിക്കുകളോടെ ചികിത്സയിലാണ്.

പെരുമ്പാവൂര്‍ കീഴില്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്.

രാവിലെ 6.45-നാണ് സംഭവം. രണ്ടുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞാണ് ദുരന്തം ഉണ്ടായത്. താഴത്തെ നിലയിലുണ്ടായിരുന്നവരാണ് വീടിനടിയില്‍ കുടുങ്ങിയത്.

പെരുമ്പാവൂര്‍ മുവാറ്റുപുഴ നിലയങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ ജെസിബി ഉപയോഗിച്ച് വീടിന്റെ പിന്‍വശം പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ലാബിനും കട്ടിലിനും ഇടയില്‍ ഞെരുങ്ങിയ നിലയിലയില്‍ കിടന്നിരുന്ന രണ്ടു പേരെയും കട്ടിലിന്റെ കാലുകള്‍ മുറിച്ചുമാറ്റി പുറത്തെടുക്കുകയായിരുന്നു.

പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് വെള്ളിയാഴ്ചത്തേക്ക് മാറ്റി

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റിൽ മാറ്റം. ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്ന ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയൽ അലോട്ട്മെന്‍റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്. അതേസമയം അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റിമില്ലെന്നാണ് വ്യക്തമാകുന്നത്. 

ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ഇക്കുറി നീളാൻ കാരണം.

 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടാം തീയതി വരെയാകും ഇക്കുറി ഓണപരീക്ഷ. സെപ്റ്റംബർ 3 മുതൽ 11 വരെയാണ് ഓണം അവധി. ഓണം അവധിക്ക് ശേഷം സെപ്റ്റംബർ 12 ന് സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇറാഖ് പാർലമെൻ്റ് പ്രക്ഷോഭകരുടെ നിയന്ത്രണത്തിൽ

0

ഇറാഖില്‍ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റ് മന്ദിരം കയ്യേറി പ്രക്ഷോഭകാരികള്‍. ഇറാന്‍ അനുകൂല നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി എന്നതിലാണ് പ്രതിഷേധം. ഷിയാ നേതാവ് മുഖ്ത അല്‍ സദ്‌റിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് പ്രക്ഷോഭം എന്നാണ് റിപ്പോർട്ട്.

ഇറാന്‍ അനുകൂലിയായ നേതാവ് മുഖ്തബ അല്‍ സതദറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഷിയാ നേതാക്കള്‍. ഒരു ഘട്ടത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പോകാന്‍ സാധ്യതയില്ല എന്നാണ് വാദം. ഇറാനില്‍ നിന്നും ഇറാഖിലേക്ക് ആക്രമണങ്ങള്‍ തുടർച്ചയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 120ല്‍ അധികം തവണയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.

ലഹരിയിൽ നടി പിടിയിലാവുന്നത് രണ്ടാം തവണ

 അമിതമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച കേസില്‍ ചൊവ്വാഴ്ച തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത സിനിമാ-സീരിയല്‍ നടി അശ്വതി ബാബു ലഹരിക്കേസില്‍ പിടിയിലാകുന്നത് രണ്ടാംതവണ. മൂന്നു വര്‍ഷം മുമ്പ് നിരോധിത ലഹരിമരുന്ന് കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു.

ഡ്രൈവര്‍ നൗഫലിനൊപ്പം ചൊവ്വാഴ്ച വൈകിട്ടാണ് അശ്വതി തൃക്കാക്കര പോലീസിന്റെ പിടിയിലാവുന്നത്. ആലുവ മുട്ടത്ത് വാഹനങ്ങളില്‍ തട്ടി കാര്‍ നിര്‍ത്താതെ പോയ ഇവരുടെ വാഹനത്തെ മറ്റു വാഹനങ്ങള്‍ പിന്തുടരുകയായിരുന്നു. ഒടുവില്‍ തൃക്കാക്കര വെച്ച് നടിയും ഡ്രൈവറും സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു.

കാറിടിച്ച വാഹനങ്ങളുടെ ഉടമകളുടെ പരാതിപ്രകാരം തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി ഇവരുടെ രക്ത സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ റിസല്‍റ്റ് വന്ന ശേഷമേ ജാമ്യത്തില്‍ വിട്ട പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് പോലീസ് അറിയിച്ചു.

ഇതിനുമുമ്പ് 2018 ഡിസംബറിലാണ് അശ്വതിയും ഡ്രൈവര്‍ ബിനോയിയും കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പിടിയിലാകുന്നത്. അന്ന് നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ. അശ്വതിയുടെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ കേസ് തുടരുകയാണ്.

പീഡന കേസിൽ സിവിക് ചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞു

ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണ കുമാറാണ് മുപ്പതിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടത്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.

കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രന്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകള്‍ അറിയിച്ചു. ഐ.ജി.യുടെ ഓഫീസ് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയില്‍ നടപടി വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തെ 100 പേര്‍ ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

അതിനിടെയാണ് കോഴിക്കോട് ജില്ലാകോടതി വഴി സിവിക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചത്. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളില്‍നിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പും പോലീസ് പൂര്‍ത്തിയാക്കി. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.

കെ റെയിൽ ഹൈജാക്ക് ചെയ്യാൻ ബി ജെ പി

കെ-റെയിലിന് ബദല്‍ നീക്കവുമായി രാഷ്ട്രീയ രംഗം സജീവമായി. ബദല്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിക്കും. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

കെ-റെയില്‍ ബദല്‍ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന ആവശ്യമാണ് യോഗത്തില്‍ ബിജെപി നേതാക്കള്‍ പ്രധാനമായും മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എംപിമാരുമായി കൂടിയാലോചിക്കാമെന്നാണ് റെയില്‍വേ മന്ത്രി നല്‍കിയ ഉറപ്പ്. കേരളത്തില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുന്ന തരത്തിലുള്ള പഠനം കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ഇത്തരം ബദല്‍മാര്‍ഗം കേരള എംപിമാരുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ റെയിൽ വിഷയത്തിൽ കോൺഗ്രസിനും ഒരു മുഴം മുന്നിൽ എറിയുക എന്നതാണ് ബി ജെ പി തന്ത്രം. കേരളത്തിൻ്റെ കാലത്തിന് അനുസരിച്ച വികസനം എന്നത് പൊതു ജന താത്പര്യമാണ്. വെറും പരിസ്ഥിതി പ്രശ്രനത്തിൽ മാത്രം ഊന്നി പദ്ധതിക്ക് അനുകൂലമായ പൊതു മനസിനെ അട്ടിമറിക്കാനാവില്ല എന്ന തിരിച്ചറിവിലാണ് പുതു നീക്കം.

മാത്രമല്ല ഇത്തരം പദ്ധതികൾ പൊതുവെ പ്രതിസന്ധിയിൽ തുടരുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തനം സജീവമാക്കാൻ സഹായകമാവും എന്ന പ്രശ്നവും ഉണ്ട്.

കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സില്‍വന്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാണ് ബിജെപിയുടെ രാഷ്ട്രീയ നിലപാട്. പദ്ധതിക്ക് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗിക ഇല്ലെന്നാണ് ബിജെപിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുനിന്നുള്ള ബിജെപി പ്രതിനിധി സംഘം റെയില്‍വേ മന്ത്രിയെ കണ്ടത്. നിലവില്‍ റെയില്‍വേ മന്ത്രാലയം കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ സംബന്ധിച്ചുള്ള തുടര്‍ചര്‍ച്ചകളായിരിക്കും സംസ്ഥാനത്തെ എംപിമാരുമായി ചര്‍ച്ച ചെയ്യുക. ഈ സഭാസമ്മേളന കാലയളവില്‍ തന്നെ ഈ നിര്‍ണായക കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം.