ഓ ടി ടി റിലീസ്; സിനിമാ താരങ്ങൾക്ക് വിലക്കുമായി തിയറ്റർ ഉടസ്ഥ സംഘം

ഓ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളെ വിലക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ പ്രശ്നങ്ങൾ നേരിടുന്നു. പ്രശ്‌നങ്ങൾക്ക് കാരണം ഓ.ടി.ടി റിലീസുകൾ. ഓ.ടി.ടി റിലീസ് 56 ദിവസമാക്കി ഉയർത്തും. നിലവിൽ 42 ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ സിനിമകൾ ഓ.ടി.ടി റിലീസിന് അനുമതിയുള്ളൂ . എന്നാൽ അത് മറികടന്നു കൊണ്ട് 30 ദിവസവും 15 ദിവസവുമാക്കി കുറച്ചുകൊണ്ട് ഓ.ടി.ടിയിൽ സിനിമകൾ എത്തുന്നുണ്ട്. ഇതിനെതിരെയും നടപടി സ്വീകരിക്കാൻ ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി

തീയറ്ററിൽ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ 60 ശതമാനം ഷെയർ നിർമ്മാതാക്കൾക്ക് നൽകും. ഇതിന്റെ ബാക്കിയാണ് തീയറ്റർ ഉടമകൾക്ക് ലഭിക്കുക. തമിഴ് സിനിമയ്ക്ക് 55 ശതമാനം ഷെയർ ആണ് ആദ്യ ആഴ്ച നൽകുക.ഓണം മുതൽ 42 ദിവസത്തിന് മുന്നേ സിനിമകൾ നൽകിയാൽ താരങ്ങളെ വിലക്കും.

ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകൾ ഒടിടിയിൽ നൽകുന്ന പക്ഷം ആ താരങ്ങളുടെ ഒരു സിനിമയും തീയറ്ററിൽ എടുക്കില്ല എന്നും ഫിയോക്ക് തീരുമാനമെടുത്തു. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയിൽ നൽകാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഫാം ഹൌസിൻ്റെ മറവിൽ കുട്ടികളെ ഉൾപ്പെടെ തടവിലാക്കി വേശ്യാവൃത്തി; സംസ്ഥാന നേതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ ചൂഷണം ചെയ്ത് വേശ്യാലയം നടത്തിയ കേസിൽ ബിജെപി മേഘാലയ വൈസ് പ്രസിഡൻ്റ് ബെർണാഡ് എൻ മരക് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിൽ ഒളിവിൽ കഴിയവേയാണ് ബെർണാഡ് അറസ്റ്റിലായത്. ടൂറയിലെ തൻ്റെ ഫാം ഹൗസിൽ ഇയാൾ വേശ്യാലയം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

ശനിയാഴ്ചയാണ് ബെർണാഡിൻ്റെ ഫാം ഹൗസായ ‘റിംപു ബഗാനി’ൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 6 പ്രായപൂർത്തിയാവത്ത പെൺകുട്ടികളെ മോചിപ്പിക്കുകയും 73 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ടൂറ കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

വേശ്യാലയമല്ല വെറും വിനോദ കേന്ദ്രം എന്നാണ് നേതാവിൻ്റെ വിശദീകരണം. രാഷ്ട്രീയ പകപോക്കലാണ് എന്നും ആരോപിച്ചു.

ടൂറയിൽ ബെർണാടിൻ്റെ ഉടമസ്ഥതയിലുള്ള ഒരു റിസോർട്ടിൽ നിന്ന് അഞ്ച് കുട്ടികളെ പൊലീസ് മോചിപ്പിച്ചിരുന്നു. ഫാം ഹൗസിലെ റെയ്ഡിൽ 47 പുരുഷന്മാരും 26 സ്ത്രീകളുമാണ് പിടിയിലായത്. ഇവരിൽ പലരും നഗ്നരായിരുന്നു. ഇവിടെ നിന്ന് പൊലീസ് മദ്യക്കുപ്പികളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

തലമുടിയിൽ കുത്തിപ്പിടിച്ച് അറസ്റ്റ് നടപ്പാക്കൽ, കോൺഗ്രസ് സമരത്തിനെതിരായ ഡൽഹി പൊലീസ് അതിക്രമങ്ങൾ വൈറൽ

രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി.വിയെ ആണ് ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് ക്രൂരമായി പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങൾ എ.എൻ.ഐ. പുറത്തുവിട്ടു. ട്വീറ്റ് വാർത്തയ്ക്കൊപ്പം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിലും വിലക്കയറ്റത്തിലും പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയ എം.പി.മാരെ പോലീസ് റോഡില്‍ വലിച്ചിഴക്കുകയും ചെയ്തു. രാഷ്ട്രപതിഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ നടപടി.

രാഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു തുടങ്ങിയതോടെ രാഹുലിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് രാവിലെയാണ്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായത്‌. സോണിയയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതല്‍ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളില്‍ സത്യാഗ്രഹം നടത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം നടപടികൾ കടുപ്പിച്ചു എന്നാണ് ആരോപണം

ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ, ഓണാവധി സെപ്തംബർ 3 ന് തുടങ്ങും

സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾ തമ്മിലുണ്ടായ പ്രശ്നം മാത്രം

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു.  ഈ വിദ്യാർഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല. 

മ്യൂസിയം പൊലീസ് സകൂളിൽ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ  കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതി‍ർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ  പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. 

സി സി ടി വി സ്ഥാപിക്കും

വഴുതക്കാട്‌ കോട്ടൺഹിൽ സ്കൂളിൽ എംഎൽഎ ഫണ്ട്‌ വിനിയോഗിച്ച്‌ സിസിടിവി കാമറ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ആന്റണി രാജു. സ്‌കൂളിൽ റാഗിങ്‌ നടന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട്‌ രക്ഷിതാക്കളോടാണ്‌ മന്ത്രി ഇക്കാര്യം പറഞ്ഞത്‌.

ആവശ്യമെങ്കിൽ സ്കൂൾ അധികൃതരുമായും പിടിഎയുമായും ചർച്ച ചെയ്യും. എന്നാൽ തന്റെ എംഎൽഎ ഫണ്ടിൽനിന്ന്‌ തുക വകയിരുത്തി ഉടൻ സിസിടിവി സ്ഥാപിക്കുന്നതിനാണ്‌  പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സ്കൂളിൽ പ്രത്യേക യോഗം ചേർന്നിരുന്നു. സംഭവം അന്വേഷിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിഷയം ആഴത്തിൽ പരിശോധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

കുട്ടികൾ തമ്മിലുണ്ടായ ചെറിയ പ്രശ്നത്തെ വലുതാക്കി സമൂഹമാധ്യമങ്ങളിലടക്കം അപവാദ പ്രചാരണം നടത്തുന്നതും പരിശോധിക്കും.

കെ റെയിൽ നല്ലൊരു പദ്ധതി, എങ്ങനെ ഈ അവസ്ഥ വന്നെന്ന് പരിശോധിക്കണമെന്ന് കോടതി

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്ന രീതിയ്‌ക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. സില്‍വര്‍ലൈന്‍ ഒരു നല്ല പദ്ധതിയാണ്. എന്നാൽ അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണെന്നും ഹൈക്കോടതി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ജനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോടതി ആരുടേയും ശത്രുവല്ല. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈൻ കെ റെയിൽ പദ്ധതി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും വീണ്ടും വിമര്‍ശനങ്ങളുയരുന്നത്. സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയിട്ടില്ല.

തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തണുത്ത മട്ടിലായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതിയുടെ പോക്ക്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന പക്ഷം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നിട്ടും സര്‍ക്കാര്‍ നിശബ്ദത തുടരുന്നത്. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല.

എന്നാല്‍ അനുമതി തരാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നും അനുമതി തന്നാലേ മുന്നോട്ട് പോകൂവെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. പദ്ധതിയെ തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്നും വിമർശനം ഉയർന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി

0

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി. ടീം വിടുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കവെയാണ് ക്രിസ്റ്റ്യാനോ തിരികെ എത്തിയത്. താരം ടീമിൽ തുടരുമോ ഇല്ലയോ എന്നതിൽ ഇനിയും വ്യക്തതയില്ല.

യുണൈറ്റഡിൻ്റെ പ്രീസീസൺ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. കുടുംബവുമായി ചെലവഴിക്കാൻ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് താരം പ്രീസീസൺ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നത്.

ക്രിസ്റ്റാനോ റൊണാൾഡോ ക്ലബിൽ തുടരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ആവർത്തിച്ചിരുന്നു. ഈ സീസണു ശേഷവും താരം ക്ലബിൽ തുടരുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. യുണൈറ്റഡിലെ കരിയർ മതിയാക്കി ക്രിസ്റ്റ്യാനോ മറ്റ് ക്ലബുകളിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുനാളായി വരുന്നുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ഇനി യുണൈറ്റഡിൽ കളിക്കാൻ താത്പര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിനാണ് ടെൻ ഹാഗിൻ്റെ പ്രതികരണം.

“ക്രിസ്റ്റ്യാനോ റൊണാൾഡോ വില്പനയ്ക്കില്ല. ഞാൻ അദ്ദേഹത്തിനൊപ്പമാണ് കാര്യങ്ങൾ തീരുമാനിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. സാഹചര്യങ്ങൾക്ക് മാറ്റമൊന്നുമില്ല. എനിക്ക് കൃത്യമായ അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഒരു സീസണിലേക്ക് കൂടി തുടരാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഈ സീസണു ശേഷവും അദ്ദേഹം ക്ലബിൽ തുടർന്നേക്കും.”- ടെൻ ഹാഗ് പറഞ്ഞു.

യുണൈറ്റഡ് പ്രീസീസൺ ആരംഭിച്ചെങ്കിലും ഇതുവരെ ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേർന്നിട്ടില്ല. കുടുംബപരമായ കാര്യങ്ങളെ തുടർന്നാണ് താരം വിട്ടുനിൽക്കുന്നതെന്ന് യുണൈറ്റഡ് പറയുന്നു. എന്നാൽ, ടീം വിടാൻ ഒരുങ്ങിയിരിക്കുന്നതിനാലാണ് താരം ഇതുവരെ യുണൈറ്റഡിനൊപ്പം ചേരാത്തതെന്ന് റിപ്പോർട്ടുകളുണ്ട്. തനിക്ക് വരുന്ന ഓഫറുകൾ പരിഗണിക്കാൻ ക്രിസ്റ്റ്യാനോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടു എന്ന് സൂചനയുണ്ട്.

വിവസ്ത്രനായി ഫോട്ടോഷൂട്ട്, രൺവീർ സിങ്ങിനെതിരെ കേസ്

നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയ നടൻ രൺവീർ സിങിനെതിരെ കേസെടുത്തു. സ്‌ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ്‌ കേസ്‌. മുംബൈയിലെ ഒരു എൻജിഒയും വനിതാ അഭിഭാഷകയുമാണ്‌ രൺവീറിനെതിരെ പരാതി നൽകിയത്‌.

പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ സ്‌ത്രീകളെ അപമാനിച്ചുവെന്നാണ്‌ പരാതി. പരാതിയിൽ ചെമ്പുർ പൊലീസാണ്‌ കേസെടുത്തത്.

രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്ത് നീക്കി; നരേന്ദ്ര മോഡിയുടേത് രാജ ഭരണമെന്ന് രാഹുൽ

നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ വിജയ് ചൗകിൽ കടുത്ത പ്രതിഷേധം. കോൺ​ഗ്രസ് എം.പിമാരെ പൊലീസ് ബാലപ്രയോഗത്തിലൂടെയാണ് നീക്കിയത്. രാഹുൽ ഗാന്ധി ഒറ്റക്ക് റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി, ചർച്ചകൾ നടത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു നീക്കിയത്. രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തിൽ കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് രാഹുൽ ​ഗാന്ധി പ്രതികരിച്ചു. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

രാജ്യത്ത് സ്വേച്ഛാധിപത്യമാണെന്നും സത്യത്തിന് മാത്രമെ ഇതിന് അന്ത്യം കുറിക്കാന്‍ കഴിയുകയുള്ളൂവെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ ഭരണമാണ് നടത്തുന്നതെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.

ഇത് സേച്ഛാധിപത്യം – രാഹുൽ

‘ഇത് സ്വേച്ഛാധിപത്യമാണ്. ഇവിടെ സമാധാനമായി പ്രതിഷേധിക്കാന്‍ കഴിയില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ചര്‍ച്ചചെയ്യാന്‍ കഴിയില്ല. പൊലീസിനേയും അന്വേഷണ ഏജന്‍സികളേയും ദുരുപയോഗം ചെയ്ത് ഞങ്ങളെ അറസ്റ്റ് ചെയ്യുകയാണ്. എന്നാല്‍ ഞങ്ങളുടെ വായടപ്പിക്കാന്‍ ഒരിക്കലും സാധിക്കില്ല. സത്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കും.’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, രാഷ്ട്രപതിലേക്കുള്ള പ്രതിഷേധ മാർച്ച് അവസാന നിമിഷമാണ് കോൺഗ്രസ് തീരുമാനിച്ചത്. പാർലമെന്റിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങിയ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കുന്നതിനിടെ വലിയ സംഘർഷരംഗങ്ങളാണ് അരങ്ങേറിയത്.

സോണിയയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

വനിതാ അംഗങ്ങളെ ഉൾപ്പെടെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. പലരെയും കയ്യേറ്റം ചെയ്തു. ഒടുവിൽ ഒറ്റയ്ക്കായ രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമ്പോഴാണ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ 11ന്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഭിഭാഷകർ എന്നിവർക്ക് ഒപ്പമാണ് സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഹാജരായത്. പ്രിയങ്കയും അഭിഭാഷകരും ഇഡി ഓഫീസിൽ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്തും, വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുകയാണ്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frahulgandhi%2Fposts%2Fpfbid02uJWoT9nD9mMcD6s4a4gzxr1uUZmouegmZwbkhRiUXcx9H184sMNJb8VMm6zyuvnHl&show_text=true&width=500

വത്തിക്കാൻ പ്രതിനിധി എത്തി; ബിഷപ്പ് ആൻ്റണി കരിയിൽ രാജിവെച്ചു

വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു

സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്‌. നേരത്തേ നല്‍കിയ നിര്‍ദേശമനുസരിച്ച് രാജിവെക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടതായും അതുപ്രകാരമാണ് മാര്‍ ആന്റണി കരിയില്‍ രാജി വെച്ചതെന്നുമാണ് വിവരം.

ഏകീകൃത കുര്‍ബാന വിഷയത്തില്‍ വത്തിക്കാന്റെയും സിനഡിന്റെയും നിര്‍ദേശം പാലിക്കാതിരുന്നതിനാണ് നടപടിയെന്നാണ് സൂചന. ഭൂമിയിടപാട്, കുര്‍ബാന ഏകീകരണം തുടങ്ങി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിച്ച വൈദികര്‍ക്കൊപ്പമായിരുന്നു ബിഷപ്പ് ആന്റണി കരിയില്‍. സഭയിലെ 35 രൂപതകളില്‍ എറണാകുളം അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കാത്തത്.

കഴിഞ്ഞ 19-ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് മാര്‍ ആന്റണി കരിയിലിന് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ലിയോപോള്‍ദോ ജിറേല്ലി കത്ത് കൈമാറിയിരുന്നു. ന്യൂണ്‍ഷ്യോയുടെ പേരില്‍ നല്‍കിയ കത്തില്‍ മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജിവെച്ചശേഷം അതിരൂപത പരിധിയില്‍ താമസിക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്ന നിബന്ധനയുമുണ്ട്.

ഇന്നത്തെ കൂടിക്കാഴ്ചയില്‍ അദ്ദേഹം വത്തിക്കാന്റെ അന്തിമ നിലപാട് ഇതാണെന്ന് വ്യക്തമാക്കുകയായിരുന്നു. സഭാപ്രതിനിധികളെയും ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം അറിയിച്ചു. എല്ലാ കാര്യങ്ങളും വത്തിക്കാന്‍ പ്രതിനിധിയെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം വരട്ടെ എന്നുമാണ് മാര്‍ കരിയിലിന്റെ നിലപാട്.

അതേസമയം, വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും കരിയിലിനെയാണ് പിന്തുണയ്ക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് രാജിവെക്കേണ്ടതെന്നാണ് ഇവരുടെ നിലാപാട്. ഇന്നലെ സഭാ ആസ്ഥാനത്ത് വൈദികരും അല്‍മായരും യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുകയും ഇരുനൂറോളം വൈദികര്‍ ഒപ്പിട്ട കത്ത് മെത്രാന്മാര്‍ക്ക് അയക്കുകയും ചെയ്തിരുന്നു.

ഭയപ്പെടുത്തി രാജി വാങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു കര്‍ദ്ദിനാള്‍ വിരുദ്ധ വിഭാഗം വൈദികരുടെ നിലപാട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വോട്ട് ചോദിച്ചതിന് ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവയുടെ സിം ബ്ലോക്ക് ചെയ്തു

ബിജെപി എംപിമാരോട് ഫോണ്‍ വഴി വോട്ട് അഭ്യര്‍ഥിച്ചതിനു ശേഷം തന്റെ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യാനോ കോള്‍ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ. ഇനി ഒരു ബിജെപി, ടിഎംസി, ബിജെഡി എംപിമാരെയും വിളിക്കില്ലെന്നും ഫോണ്‍ ബന്ധം പുനഃസ്ഥാപിച്ചുതരണമെന്നും അഭ്യര്‍ഥിച്ച് അവര്‍ ട്വീറ്റ് ചെയ്തു.

ബിജെപിയിലെ ചില സുഹൃത്തുക്കളെ വിളിച്ചതിന് ശേഷമാണ് ഫോണിൽ നിന്ന് ഇൻകമിംഗ് ഔട്ട് ഗോയിംഗ് സേവനം ലോക്ക് ചെയ്തത് എന്ന് സ്ഥാനാര്‍ത്ഥി മാര്‍ഗ്രറ്റ് ആൽവ പറഞ്ഞു.

‘പ്രിയ ബിഎസ്എന്‍എല്‍/എംടിഎന്‍എല്‍,
ഇന്ന് ബിജെപിയിലെ ഏതാനും സുഹൃത്തുക്കളുമായി സംസാരിച്ചതിനു ശേഷം എന്റെ ഫോണിലേക്കുള്ള എല്ലാ കോളുകളും ഡൈവര്‍ട്ട് ചെയ്യപ്പെടുകയോ കോള്‍ ചെയ്യാനോ സ്വീകരിക്കാനോ സാധിക്കാതിരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അത് പുനഃസ്ഥാപിച്ചു തന്നാല്‍ ബിജെപി, ടിഎംസി, ബിജെഡി എന്നിവയുടെ എംപിമാരുമാരെ ഫോണില്‍ വിളിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു, മാർഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു.

തനിക്കു ലഭിച്ച മൊബൈല്‍ കമ്പനിയുടെ അറിയിപ്പ് പങ്കുവെച്ചുകൊണ്ടാണ് മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ വിച്ഛേദിച്ചതായും 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്നും കാണിച്ചാണ് പൊതുമേഖല സ്ഥാപനമായ മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) നോട്ടീസ് നല്‍കിയിരിക്കുന്നത്.