കുട്ടികളിലെ തലവേദന അവഗണിക്കരുത്

0

തലവേദന കുട്ടികളില്‍ സാധാരണമായി കണ്ടുവരുന്ന അസുഖമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ശേഷിയുള്ള ഒരു വില്ലനാണിത്. കുട്ടികള്‍ക്കുണ്ടാകുന്ന ആവർത്തിച്ചു വരുന്ന തലവേദനയെ നിസാരമെന്ന് കരുതി തള്ളരുത്. പഠനത്തെ പോലും ഇത് ബാധിക്കും.

കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്. കാഴ്ച വൈകല്യവും മൈഗ്രേനും ഒക്കെ കാരണങ്ങളാകാം. പലവിധ സമ്മർദ്ദങ്ങളും കുട്ടികൾ നേരിടാം. തുടര്‍ച്ചയായി ഇടവിട്ട സമയങ്ങളില്‍ ഉണ്ടാവുന്ന തലവേദനയാണ് മൈഗ്രേന്‍. വയറുവേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.

സാധാരണയായി ഉറക്കം കൊണ്ട് തലവേദനക്ക് ശമനം ഉണ്ടാവുന്നു. കുടുംബ പാരമ്പര്യം ഈ തലവേദനക്ക് പ്രധാന കാരണമാണ്.10 വയസിനു മുകളിലുള്ള ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നത്. ഏഴിനും പതിനഞ്ചു വയസിനുമിടയിലുള്ള നാല് ശതമാനം കുട്ടികളിലും മൈഗ്രേന്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചില ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികളില്‍ മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കുന്നു. ചോക്ലേറ്റ്, ശീതള പാനീയങ്ങള്‍, ധാരാളം മസാലയടങ്ങിയ ഭക്ഷണങ്ങള്‍, മത്സ്യ മാംസാദികള്‍, നട്‌സ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്. ഇന്ന് ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ കുട്ടികളുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇവയും കുട്ടികളിലെ തലവേദന വര്‍ദ്ധിപ്പിക്കുന്നു.

കണ്ണിന്റെ തകരാറുകള്‍ തലവേദനക്ക് മറ്റൊരു കാരണമാണ്. കാഴ്ചക്കുറവ്, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ് ഇവയെല്ലാം തലവേദനയുണ്ടാക്കുന്നു. ചെറിയ തോതിലുള്ള കോങ്കണ്ണ് പലപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ല. ഇത്തരം അവസ്ഥയില്‍ കുട്ടി കാണുന്നതിന് ഒരു കണ്ണുമാത്രം ഉപയോഗിക്കുന്നു.

തലവേദന സംബന്ധിച്ച് ആവർത്തിച്ച് പരാതി പറയുമ്പോൾ എല്ലാ സാധ്യകളും പരിശോധിക്കണം. പലപ്പോഴും ചെറിയ കാഴ്ച പ്രശ്നങ്ങളും ശ്രദ്ധയിൽ പെടാതെ പോവുകയാണ് പതിവ്. ഇത് ഒഴിവാക്കണം. കുട്ടിയുടെ പരാതിയെ ഗൌരവതരമായി എടുക്കണം. കാരണങ്ങൾ അന്വേഷിക്കണം.

കുട്ടികളില്‍ തലവേദനയുടെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഒരു വിദഗ്ദ്ധ ഡോക്ടറെ കാണിച്ച് ചികിത്സ നേടണം. ശീരീരിക പ്രശ്നങ്ങ ഏതെന്ന് കണ്ടെത്തണം. പഠന സമ്മർദ്ദം, അമിതമായ മൊബൈൽ കമ്പ്യൂട്ടർ ഉപയോഗം ഇവയെല്ലാം പരിഗണിച്ച് രോഗ പരിശോധന നടത്തിക്കണം.

മെസേജ് വന്നതിന് മർദ്ദനം, വീട് വിട്ടിറങ്ങിയ യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭർത്താവുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകൾ നിജിഷ (20)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏനാമാക്കല്‍ കനോലി കനാലില്‍ ആണ് നിജിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകളുടെ മരണത്തിൽ ഹരികൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിജിഷയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി.

സംഭവദിവസം രാത്രി നിജിഷയുടെ ഫോണില്‍ ഒരു മെസ്സേജ് വന്നിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിടുകയും ഹരികൃഷ്ണന്‍ നിജിഷയെ മർദ്ദിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് നിജിഷ രാത്രി തന്നെ ഭർതൃവീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. നിജിഷയെ പിന്നീട് കണ്ടത്, കനോലി കനാലില്‍ മരിച്ചനിലയില്‍ ആയിരുന്നു. 2021-ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.

മാനുഷിക പരിഗണന നൽകിയില്ല, വടകരയിലെ കസ്റ്റഡി മരണത്തിൽ 66 പൊലീസുകാർക്ക് സ്ഥലം മാറ്റം

കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൂട്ടനടപടി. മുന്നു പേരെ നേരത്തെ സസ്പെൻ്റ് ചെയ്തതിതിന് പിന്നാലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ 66 പോലീസുകാരെ സ്ഥലംമാറ്റി. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) മരിച്ച സംഭവത്തിലാണ് നടപടി. സസ്പെൻഷന് പിന്നാലെ, മാനുഷിക പരിഗണന പോലും നൽകിയില്ല എന്ന് കണ്ടെത്തിയാണ് കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

കുഴഞ്ഞുവീണ സജീവനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച പറ്റി. മാനുഷിക പരിഗണന പോലീസുകാര്‍ കാണിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം ഇനിയും നടപടികളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

വാഹനാപകടക്കേസില്‍ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ ഇടിച്ച് അപകടം ഉണ്ടായി. തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍, ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചു. തുടർന്ന് സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നാണ് പരാതി. രാത്രി 11.30 ഓടെയാണ് സംഭവം.

സ്റ്റേഷനില്‍വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനയുള്ളതായി പറഞ്ഞിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ്.ഐ. അടിക്കുകയായിരുന്നു എന്നുമാണ് പരാതി.

ഇരുപത് മിനുറ്റോളം സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയ ഉടൻ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഹരിദാസിന്റെ നേതൃത്തില്‍ അന്വേഷണം നടത്തി. പോലീസ് നടപടിയില്‍ പ്രദേശത്ത് വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ സസ്പെന്‍ഷനും നടപടിയും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം 78 തവണ പെട്രോൾ വില കൂട്ടി

2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വര്‍ധിച്ചുവെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയാണ് രാജ്യസഭയില്‍ എഴുതി തയ്യാറാക്കിയ മറുപടി നല്‍കിയത്.

ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അംഗീകരിച്ച് കേന്ദ്രം നടത്തിയ യഥാര്‍ഥ കുറ്റസമ്മതമാണിതെന്ന് രാഘവ് ചദ്ദ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞയാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ വിലക്കയറ്റത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്. വിലക്കയറ്റത്തിൻ്റെ രൂക്ഷത തുറന്നു കാണിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ മുൻകൈ ഇല്ലാത്ത സാഹചര്യവുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം വരുന്നു; ഇനി കല്യാണം

ദേശീയ അവാർഡ്‌ നേടിയ ‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തിന്‌ രണ്ടാം ഭാഗം വരുന്നു. സംവിധായകൻ സെന്ന ഹെഗ്ഡെ ഫെയ്‌സ്‌ബുക്കിലാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.

കാഞ്ഞങ്ങാട് അട്ടേങ്ങാനത്തെ ഒരു വീട്ടിലെ കല്യാണ നിശ്‌ചയവും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതവും നർമവും സംഘർഷവുമാണ്‌ ആദ്യ സിനിമയുടെ പ്രമേയം. മികച്ച തിരക്കഥയ്‌ക്കുള്ള സംസ്ഥാന അവാർഡും മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ അവാർഡും ലഭിച്ചു. കോവിഡ്‌ കാലത്ത്‌ ഒടിടി റിലീസായ സിനിമയ്‌ക്ക്‌  മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.

ഇതിനുള്ള രണ്ടാം ഭാഗമാണ് ഒരുങ്ങുന്നത്.

‘‘നിശ്‌ചയത്തിനുശേഷം കല്യാണമാണല്ലോ. അത്‌ എപ്പോൾ എങ്ങനെയെന്നൊക്കെയാണ്‌ രണ്ടാം ഭാഗം ചർച്ചചെയ്യുന്നത്‌. ആദ്യ സിനിമയിലെ കഥാപാത്രങ്ങളും പുതിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ടാകും’’– സെന്ന ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

പ്ലസ് വൺ ട്രയൽ 28 ന് ; ഫസ്റ്റ് അലോട്മെൻ്റ് ആഗസ്ത് 3 നും

ക്ലാസ് ആഗസ്ത് 22 ന് തുടങ്ങും

ഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി. 28ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്‌ത്‌ മൂന്നിന്‌ ആദ്യ അലോട്ട്‌മെന്റ്. 20ന് മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസ്‌ ആരംഭിക്കും. 23 മുതൽ 30 വരെ സപ്ലിമെന്ററി പ്രവേശനം. സ്‌പോർട്‌സ് ക്വോട്ട ഒന്നാം അലോട്ട്‌മെന്റ് ആഗസ്‌ത്‌ മൂന്നിനും അവസാന അലോട്ട്‌മെന്റ് 17നും.

കമ്യൂണിറ്റി ക്വോട്ടയിൽ ആഗസ്‌ത്‌ ആറോടെ ഡാറ്റ എൻട്രി പൂർത്തിയാക്കി ഒമ്പതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കും. മാനേജ്‌മെന്റ്, അൺ എയ്ഡഡ് പ്രവേശനം ആഗസ്‌ത്‌ ആറുമുതൽ 20 വരെ. അപേക്ഷ സ്വീകരിക്കുന്നത്‌ ചൊവ്വ  വൈകിട്ട്‌ അവസാനിച്ചു. 11ന് ആരംഭിച്ച അപേക്ഷാ സമർപ്പണം സിബിഎസ്ഇ വിദ്യാർഥികൾക്കായി നീട്ടി നൽകിയതോടെയാണ് സമയം പുനക്രമീകരിച്ചത്.

കെ റെയിലിനെ തള്ളി കേന്ദ്ര സർക്കാർ കോടതിയിൽ

 സംസ്ഥാന സര്‍ക്കാരിൻ്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതി സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്.

കേരളം നടത്തുന്ന സാമൂഹ്യാഘാത പഠനത്തിന് പ്രത്യേക അനുമതി നല്‍കിയിട്ടില്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന വാക്കാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവർത്തിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്നാണ് റെയിൽവേ മന്ത്രാലയം നിലപാട് അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യാഘാത പഠനത്തിനും സര്‍വേയ്ക്കും കേന്ദ്രത്തിന്റെയോ റെയില്‍വേയുടേയോ അനുമതി ഇല്ല. നടക്കുന്ന ഒരു പ്രവര്‍ത്തനത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. കെ-റെയില്‍ എന്ന കമ്പനിയുടെ ഉത്തരവാദിത്തത്തിലാണ് ഇതുവരെയുള്ള കാര്യങ്ങള്‍.

സാമൂഹ്യാഘാത പഠനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുളള ഹർജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.  സിൽവർ ലൈനിന് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതിനായി സർവേ നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ സർവേ തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വികസന പദ്ധതി നഷ്ടമാവുമോ

സംസ്ഥാനത്ത് കെ-റെയില്‍ കുറ്റി സ്ഥാപിക്കലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തൃക്കാക്കരിയില്‍ തോല്‍വിക്ക് ശേഷം കേന്ദ്രം അനുവദിച്ചാല്‍ മാത്രമേ പദ്ധതി നടപ്പിലാകൂ എന്ന് നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു.

ഐ ടി ഇൻ്റേൺഷിപ്പ് പദ്ധതി തുടങ്ങി; 5000 ബിരുദധാരികൾക്ക് അവസരം

സർക്കാർ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഇന്റേൺഷിപ് പദ്ധതി തുടങ്ങി. 5000 പേർക്കാണ് ബാച്ചുകളായി അവസരം. രാജ്യത്താദ്യമായാണ്‌ ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്‌.

തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലാണ്‌ ആറു മാസം ഇന്റേൺഷിപ്. മാസം 5000 രൂപ വീതം സംസ്ഥാന സർക്കാരും ഏറ്റവും കുറഞ്ഞത്‌ ഇതേ തുക കമ്പനികളും ഉദ്യോഗാർഥികൾക്ക്‌ നൽകും. ഈവർഷം 1500ഉം അടുത്ത വർഷം 5000 ഉം പേർക്ക് പരിശീലനം നൽകും.  ബജറ്റിൽ 20 കോടി രൂപയാണ്‌ സർക്കാർ  വകയിരുത്തിയത്‌. 250 കമ്പനികൾ   ഇതിനകം താൽപ്പര്യമറിയിച്ചിട്ടുണ്ട്‌.  

പദ്ധതിയിൽ ഏകദേശം 1200 ഉദ്യോഗാർഥികൾ  രജിസ്റ്റർ ചെയ്‌തു. ഐടി, ഇതര സ്ഥാപനങ്ങളിൽ മതിയായ പരിശീലനം ലഭിച്ചവരുടെ അപര്യാപ്തത പരിഹരിക്കാനാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. ഉദ്യോഗാർഥികൾക്ക്‌ തുടർജോലിക്കും സഹായിക്കും.  ഐസിടി അക്കാദമി, കേരള സ്റ്റാർട്ടപ്‌ മിഷൻ, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ചാണ്‌ ഇഗ്‌നൈറ്റ്‌ എന്നപേരിൽ പദ്ധതി ആവിഷ്‌കരിച്ചത്‌.

ഇന്റേൺഷിപ്പിനായി ഈവർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും https://ignite.keralait.org  ലിങ്കിൽ  രജിസ്റ്റർ ചെയ്യാം. ഇന്റേൺഷിപ് ചെയ്യാൻ താൽപ്പര്യമുള്ള മേഖലകൾ അറിയിക്കാം. കമ്പനികൾ അഭിമുഖത്തിനുശേഷം അനുമതി നൽകും.

മങ്കി പോക്സ്, കേരളത്തിൽ ആശങ്കയുടെ സാഹചര്യമില്ല – ആരോഗ്യ മന്ത്രി

മങ്കിപോക്‌സിൽ സംസ്ഥാനത്ത്‌ ആശങ്കയില്ലെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്‌. കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്‌ നിലവിൽ മൂന്ന്‌ പേർക്കാണ്‌ മങ്കി പോക്‌സ്‌ സ്ഥിരീകരിച്ചത്‌. മൂന്നു പേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്‌. 21ദിവസമാണ്‌ ഇവരുടെ നിരീക്ഷണകലാവധി. സമ്പർക്ക പട്ടികയിലുള്ളവരെല്ലാം നിലവിൽ നെഗറ്റീവാണ്‌. രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഇവരും നിരീക്ഷണത്തിലാണ്‌.

യുകെ, യുഎസ്‌എ എന്നിവിടങ്ങളിൽ മങ്കി പോക്‌സ്‌ വ്യാപനം റിപ്പോർട്ട്‌ ചെയ്‌തപ്പോൾ തന്നെ സംസ്ഥാനത്തും കടുത്ത ജാഗ്രത ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ പോസിറ്റീവായ മൂന്നു പേർക്കും മങ്കിപോക്‌സ്‌ ഗുരുതരമല്ല. വ്യാപനവും മരണനിരക്കും കുറഞ്ഞ വൈറസാണ്‌ ഇവർക്ക്‌ ബാധിച്ചത്‌. എന്നാലും നിരീക്ഷണം കർശനമാണ്‌. ഇവരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരെയും സമ്പർക്കത്തിലായ കുടുംബാംഗങ്ങളുടെയും സാംപിളുകൾ നിശ്‌ചിത ദിവസ ഇടവേളകളിൽ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സി ബി എസ് സി 10,12 ക്ലാസുകളിലെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളിൽ പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

സി.ബി.എസ്.ഇ. വെബ്‌സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം.

ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിനു വിധേയമാക്കുക. മാര്‍ക്ക് വ്യത്യാസം വന്നാല്‍ പുതിയ മാര്‍ക്കു ലിസ്റ്റ് നല്‍കും.

മൂന്നുഘട്ടമായിട്ടാണ് സി.ബി.എസ്.ഇ. പുനര്‍മൂല്യനിര്‍ണയം നടത്തുന്നത്. ആദ്യഘട്ടത്തില്‍ മാര്‍ക്കുകൂട്ടിയതില്‍ പിശകുണ്ടോയെന്നാകും പരിശോധിക്കുക. അതിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പിക്ക് അപേക്ഷിക്കാം. ഈ ഉത്തരക്കടലാസ് പരിശോധിച്ചു പുനര്‍മൂല്യനിര്‍ണയം ആവശ്യമുള്ള ചോദ്യങ്ങള്‍ കണ്ടെത്തി അപേക്ഷ നല്‍കുന്നത് മൂന്നാംഘട്ടത്തിലാണ്. ഏതുഘട്ടത്തിലും തുടര്‍ന്നുള്ള പരിശോധനകള്‍ വേണ്ടെന്നുവെക്കാനും അവസരമുണ്ട്.

ആദ്യഘട്ടത്തില്‍ അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ തുടര്‍ന്നുള്ള പരിശോധനകളിലേക്കു നീങ്ങാന്‍ അവസരംലഭിക്കൂ.

പത്ത്, പന്ത്രണ്ട് പരീക്ഷകളിലെ മാര്‍ക്ക് സംബന്ധമായ പുനര്‍മൂല്യനിര്‍ണയ പരിശോധനയ്ക്കും ഇതേ മാതൃകയിൽ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ഓരോ വിഷയത്തിനും 500 രൂപവീതമാണ് ഫീസ്.

ഉത്തരക്കടലാസിന്റെ പകര്‍പ്പിനുള്ള അപേക്ഷ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ സ്വീകരിക്കും.

ഇതിന് ഓരോ വിഷയത്തിനും പത്താം ക്ലാസിന് 500 രൂപയും പന്ത്രണ്ടാം ക്ലാസിന് 700 രൂപയും വീതമാണ് ഫീസ്. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 13, 14 തീയതികളില്‍ സമര്‍പ്പിക്കാം. ഓരോ ചോദ്യത്തിനും 100 രൂപവീതമാണ് ഫീസ്. മൂല്യനിര്‍ണയത്തിന് സി.ബി.എസ്.ഇ. സ്വീകരിച്ച മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതുകൂടി പരിശോധിച്ചുവേണം പുനര്‍മൂല്യനിര്‍ണത്തിന് അപേക്ഷിക്കേണ്ടത്.