ദ്രൗപതി മുർമ്മു, രാഷ്ട്രപതി സത്യപ്രതിജ്ഞ തിങ്കളാഴ്ച

ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഇന്ന് അവസാനിക്കും.

ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ്. പരമ്പരാഗത രീതിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലി കൊടുക്കും. രാവിലെ 10 15നാണ് സത്യപ്രതിജ്ഞ ചടങ്ങ്.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് , ഉപരാഷ്ടപതി വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാന മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ,എംപിമാർ, വിവിധ പാർട്ടി നേതാക്കൾ, വിശിഷ്ട വ്യക്തികൾ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും .

സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം പുതിയ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കും.

പന്നിപ്പനി; കരിമാനിയിലും മാനന്തവാടിയിലും 685 പന്നികളെ കൊല്ലും

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി  തുടങ്ങി. 685 പന്നികളെ കൊല്ലാനാണ്‌ മൃഗസംരക്ഷണ വകുപ്പ്‌ തീരുമാനിച്ചിട്ടുള്ളത്‌. തവിഞ്ഞാൽ  കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ വിവിധ ഫാമുകളിലുള്ള 325 പന്നികളെയുമാണ്‌ കൊല്ലുക.

മൃഗസംരക്ഷണ ഡയറക്ടറേറ്റ്‌  പുറപ്പെടുവിച്ച നിർദേശങ്ങൾ ചുവടെ:- ഫാമുകളിൽ കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കുക. പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്‌ തൽക്കാലം ഒഴിവാക്കുക, അറവുശാല, ഹോട്ടൽ മാലിന്യം (പ്രത്യേകിച്ചും മാംസംഅടങ്ങിയത്‌) ആഹാരമായി നൽകുന്നത്‌ ഒഴിവാക്കുക, ഹോട്ടലിലെ സസ്യാഹാരം 20മിനിറ്റ്‌ വേവിച്ചശേഷം നൽകുക, പന്നിയിറച്ചിയും പന്നി ഉൽപ്പന്നങ്ങളും ഫാമിൽ കൊണ്ടുവരുന്നതും പുറത്തേക്ക്‌ കൊണ്ടുപോകുന്നതും ഒഴിവാക്കുക, രോഗലക്ഷണം കണ്ടാൽ മൃഗഡോക്ടറെ ബന്ധപ്പെടുക, ഫാമിൽ മറ്റുമൃഗങ്ങൾ, എലികൾ, പക്ഷികൾ എന്നിവ കടക്കുന്നത്‌ തടയുക, വാഹനങ്ങളിൽ അണുനശീകരണം നടത്തുക, ഫാമിൽ പ്രവേശിക്കുംമുമ്പ്‌ ശുചിത്വം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക, തൊഴിലാളികൾ മറ്റുഫാമുകളിലേക്ക്‌ പോകരുത്‌.

കെഎസ്ഇബി ബില്ല് എത്രയായാലും കൌണ്ടറിൽ അടയ്ക്കാമെന്ന് വിശദീകരണം

കെഎസ്‌ഇബി ക്യാഷ്‌ കൗണ്ടറുകളിൽ 500 രൂപക്ക്‌ മുകളിലുള്ള വൈദ്യുതി ബിൽ തുകയും സ്വീകരിക്കും. 500ൽ കൂടുതലുള്ള ബില്ലുകൾ സ്വീകരിക്കില്ലെന്ന വാർത്ത തെറ്റിദ്ധാരണ എന്ന് കെഎസ്‌ഇബി. ഓൺലൈൻ പേ മെൻ്റ് പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശിക്കയാണ് ചെയ്തത് എന്നാണ് വിശദീകരണം.

കെഎസ്‌ഇബിയുടെ ഓൺലൈൻ പേയ്‌മെന്റ്‌ 50 ശതമാനത്തിൽ താഴെയാണെന്ന്‌ ഊർജപ്രിൻസിപ്പൽ സെക്രട്ടറി നിരീക്ഷിച്ചിരുന്നു. ഓൺലൈൻ പേയ്‌മെന്റ്‌ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും നിർദേശിച്ചു. ഈ സാഹചര്യത്തിലാണ്‌ 500 രൂപയിൽ അധികമുള്ള ബിൽ അടക്കേണ്ട ഉപഭോക്താക്കൾ കൗണ്ടറിലെത്തുമ്പോൾ പണം സ്വീകരിക്കുകയും ഓൺലൈനായി അടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിർദേശമുണ്ടായത്‌.


                

FACT ൽ അവസരം, മാനേജ്മെൻ്റ് ട്രെയിനി ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്.എ.സി.ടി.) ഓഫീസര്‍, സീനിയര്‍ മാനേജര്‍, മാനേജ്‌മെന്റ് ട്രെയിനി, ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 137 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍9 , ഓഫീസര്‍ 8, മാനേജ്‌മെന്റ് ട്രെയിനി 58, ടെക്‌നീഷ്യന്‍ 62 എന്നിങ്ങനെയാണ് ഒഴിവുകള്‍. നിയമനം രാജ്യത്തെ ഏത് കേന്ദ്രത്തിലും ലഭിക്കാം.

ഓഫീസര്‍ – സെയില്‍സ് 8– യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി. (അഗ്രിക്കള്‍ച്ചര്‍), ഇംഗ്ലീഷിന് പുറമേ മലയാളം, കന്നഡ, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ ഒന്ന് എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. പ്രായപരിധി: 26 വയസ്സ്.

മാനേജ്‌മെന്റ് ട്രെയിനി – ഒഴിവുകള്‍: കെമിക്കല്‍18, മെക്കാനിക്കല്‍13, ഇലക്ട്രിക്കല്‍10, ഇന്‍സ്ട്രുമെന്റേഷന്‍2, സിവില്‍2, ഐ.ടി.2, ഫയര്‍ ആന്‍ഡ് സേഫ്റ്റി6, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്1, ഹ്യൂമന്‍ റിസോഴ്‌സ്2, മെറ്റീരിയല്‍സ്2.
യോഗ്യത: ഹ്യൂമന്‍ റിസോഴ്‌സ്: എച്ച്.ആര്‍./പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ വെല്‍ഫെയറില്‍ ദ്വിവത്സര പി.ജി. ഡിഗ്രി./ 60 ശതമാനം മാര്‍ക്കോടെയുള്ള ദ്വിവത്സര പി.ജി. ഡിപ്ലോമ. അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ്/എച്ച്.ആര്‍. മാനേജ്‌മെന്റില്‍ സ്‌പെഷലൈസേഷനോടെ സോഷ്യല്‍ വര്‍ക്ക്/ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ദ്വിവത്സര പി.ജി. ഡിഗ്രി/ 60 ശതമാനം മാര്‍ക്കോടെയുള്ള ദ്വിവത്സര പി.ജി. ഡിപ്ലോമ.

മെറ്റീരിയില്‍സ്: എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്റ് ഉള്‍പ്പെടെ ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ദ്വിവത്സര പി.ജി./ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ. മറ്റ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ അനുബന്ധവിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ നേടിയ എന്‍ജിനീയറിങ് ബാച്ചിലര്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി: 26 വയസ്സ്.

ടെക്‌നീഷ്യന്‍- ഒഴിവുകള്‍: പ്രോസസ്45, മെക്കാനിക്കല്‍8, ഇലക്ട്രിക്കല്‍3, ഇന്‍സ്ട്രുമെന്റേഷന്‍3, സിവില്‍3.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളില്‍ പ്രവൃത്തിപരിചയമുള്ളവരുടെ ഒഴിവില്‍ പ്രവൃത്തിപരിചയമില്ലാത്തവരെ പരിഗണിക്കും. പ്രായപരിധി 35 വയസ്സ്.

സീനിയര്‍ മാനേജര്‍ ഒഴിവുകള്‍: മെറ്റീരിയല്‍സ്3, ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍2, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍1, എസ്റ്റേറ്റ്1, ക്വാളിറ്റി അഷ്വറന്‍സ്1, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്1. (യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക). പ്രായപരിധി: 45 വയസ്സ്.
യോഗ്യതാ മാര്‍ക്ക് 60 ശതമാനം വേണമെന്ന നിബന്ധനയുള്ള തസ്തികകളിലെ സംവരണ ഒഴിവുകളില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് 10 ശതമാനംവരെ മാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി.. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവും ലഭിക്കും. അതേ സമയം സീനിയര്‍ മാനേജര്‍ തസ്തികയിലേക്ക് എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

അപേക്ഷാഫീസ്: ടെക്‌നീഷ്യന് 590 രൂപയും മറ്റ് ഒഴിവുകളിലേക്ക് 1,180 രൂപയുമാണ് (ജി.എസ്.ടി. ഉള്‍പ്പെടെ) അപേക്ഷാഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസ് ഇല്ല. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: www.fact.co.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 29.

മങ്കി പോക്സ്, ആഗോള അടിയന്തരാവസ്ഥ

0

ലോകാരോഗ്യസംഘടന മങ്കിപോക്‌സിനെതിരായ കരുതലിനായ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളിയാണെന്ന് WHO തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം പറഞ്ഞു.

യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കനുസരിച്ച് 71 രാജ്യങ്ങളിലായി 15,400 മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സമിതി നിലപാട് എടുത്തിരുന്നത്.

കറൻ്റ് ബില്ല് ഇനി ഓൺ ലൈനിൽ മാത്രം, നേരിട്ട് അടയ്ക്കാവുന്നത് 500 രൂപയിൽ താഴെ മാത്രം

500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ബില്ല് അടയ്ക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഡിജിറ്റല്‍ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് നടപ്പിലാക്കുമ്പോള്‍ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാവുന്നത് പരിഹരിക്കും.

ഓണ്‍ലൈന്‍ മാത്രമായി ബില്ലടയ്ക്കാനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കാനും സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് മൂന്ന് ബില്ലുകളില്‍ കൂടി പണം നേരിട്ട് കൗണ്ടറില്‍ അടയ്ക്കാനെത്തുന്നവരില്‍ നിന്ന് അത് സ്വീകരിച്ച ശേഷം ഓണ്‍ലൈന്‍ വഴി തുക ഒടുക്കാന്‍ ബോധവത്കരണം നടത്തണമെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. ഇതുകൂടാതെ ക്യാഷ് കൗണ്ടറിലൂടെയുള്ള എല്ലാ പണമിടപാടുകളും ഓണ്‍ലൈന്‍ ആക്കി മാറ്റാനായി ബോധവത്കരണം നടത്താനുള്ള കര്‍ശന നിര്‍ദേശവും സെക്ഷന്‍ ഓഫീസര്‍മാര്‍ നല്‍കണം.

സിഡാക്കിൽ 650 ഒഴിവ്, അപേക്ഷ ഇപ്പോൾ

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സിഡാക്) വിവിധ കേന്ദ്രങ്ങളിലെ പ്രോജക്ട് സ്റ്റാഫിന്റെ 650 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നോയ്ഡ, പുണെ, ജമ്മു, പട്‌ന, സില്‍ച്ചാര്‍ എന്നിവിടങ്ങളിലാണ് അവസരം. വിവിധ വിഷയങ്ങളില്‍ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും കരാര്‍.

ഒഴിവുകള്‍: പ്രോജക്ട് അസോസിയേറ്റ്50, പ്രോജക്ട് എന്‍ജിനീയര്‍400, പ്രോജക്ട് മാനേജര്‍/ പ്രോഗ്രാം മാനേജര്‍/ പ്രോഗ്രാം ഡെലിവറി മാനേജര്‍/ നോളജ് പാര്‍ട്ണര്‍50, സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍/ മൊഡ്യൂള്‍ ലീഡ്/ പ്രോജക്ട് ലീഡ് 150.
യോഗ്യത: ബി.ഇ./ ബി.ടെക്/ തത്തുല്യം. അല്ലെങ്കില്‍ എം.ഇ./ എം.ടെക്./ തത്തുല്യം. അല്ലെങ്കില്‍ സയന്‍സ്/ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം/ തത്തുല്യം. അല്ലെങ്കില്‍. പിഎച്ച്.ഡി. (വിഷയങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക).
പ്രവൃത്തിപരിചയം: പ്രോജക്ട് അസോസിയേറ്റിന് പ്രവൃത്തിപരിചയം ആവശ്യമില്ല. പ്രോജക്ട് എന്‍ജിനീയര്‍ക്ക് 04 വര്‍ഷത്തെയും പ്രോജക്ട് മാനേജര്‍/ പ്രോഗ്രാം മാനേജര്‍/ പ്രോഗ്രാം ഡെലിവറി മാനേജര്‍/ നോളജ് പാര്‍ട്ണര്‍ക്ക് 915 വര്‍ഷത്തെയും സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍/ മൊഡ്യൂള്‍ ലീഡ്/ പ്രോജക്ട് ലീഡിന് 37 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: പ്രോജക്ട് അസോസിയേറ്റിന് 30 വയസ്സും പ്രോജക്ട് എന്‍ജിനീയര്‍ക്ക് 35 വയസ്സും മറ്റ് തസ്തികകളില്‍ 56 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി.

ഓഫീസർ തസ്തികയിലും അവസരം

സിഡാക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഓഫീസറുടെ 12 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, പട്‌ന, സില്‍ച്ചാര്‍, നോയ്ഡ, ചെന്നൈ എന്നീ കേന്ദ്രങ്ങളിലാണ് അവസരം. ഒഴിവുകള്‍: അഡ്മിന്‍ ഓഫീസര്‍2, ഫിനാന്‍സ് ഓഫീസര്‍3, എച്ച്.ആര്‍./ ലീഗല്‍ ഓഫീസര്‍1, ജോയിന്റ് ഡയറക്ടര്‍ (ഫിനാന്‍സ്)1, പര്‍ച്ചേസ് ഓഫീസര്‍1, സീനിയര്‍ അഡ്മിന്‍ ഓഫീസര്‍1, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍2, ടെക്‌നിക്കല്‍ ഓഫീസര്‍1.


അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 20.

വിശദവിവരങ്ങള്‍ www.cdac.in എന്ന വെബ്‌സൈറ്റില്‍. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 26.

ലൈഫ് ഭവന പദ്ധതിയിൽ 5,64,091 പേരുടെ കരട് പട്ടിക

5,64,091 പേരെ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയിൽ അർഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂ–- ഭവനരഹിതരുമാണ്. പട്ടികജാതി വിഭാഗത്തിലുള്ള 1,14,557 പേരും പട്ടികവർഗ വിഭാഗത്തിലുള്ള 16,661 പേരും ഉൾപ്പെട്ടു. കലക്ടർ‍ അധ്യക്ഷനായ രണ്ടാംഘട്ട അപ്പീൽ സമിതികൾ 14,009 അപ്പീലും 89 ആക്ഷേപവും തീർപ്പാക്കി. അപ്പീൽ/ആക്ഷേപങ്ങൾ സമയബന്ധിതമായി പരിശോധിച്ച് തീർപ്പാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അഭിനന്ദിച്ചു. 

കരട് പട്ടിക ഇനി ഗ്രാമ, വാർഡ്‌ സഭകൾ പരിശോധിക്കും. അനർഹരെ ഒഴിവാക്കാനും അർഹതയുള്ളവരെ ഉൾപ്പെടുത്താനും ഇവർക്ക് അവകാശമുണ്ടാകും. അർഹത തെളിയിക്കുന്ന രേഖ ഗ്രാമ/ വാർഡ‍് സഭാ കൺവീനർ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ലഭ്യമാക്കണം. ആഗസ്‌ത്‌ അഞ്ചിനകം പരിശോധന പൂർത്തിയാക്കും. പുതുക്കിയ വിവരങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറി ലൈഫ് സോഫ്റ്റ്‍വെയറിൽ അപ്ഡേറ്റ് ചെയ്യണം. 10നകം ഇത്‌ പൂർത്തീകരിക്കും. തുടർന്ന്‌ പഞ്ചായത്ത്, നഗരസഭാ ഭരണസമിതി അംഗീകരിക്കും. 16ന്‌ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.

ആനി രാജയ്ക്കെതിരായ പരാമർശം വന്നപ്പോൾ മൌനിയായി; കാനത്തിനെതിരെ ജില്ലാ സമ്മേളന പ്രതിനിധികൾ

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി പ്രതിനിധികൾ. ആനി രാജയ്‌ക്കെതിരെ എംഎം മണിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കാനം പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയായെന്നും വിമര്‍ശനമുയര്‍ന്നു.

രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് കാനത്തിന്റെ മൗനത്തിനെതിരെ വിശദീകരണം ചോദിച്ചത്.

ദേശീയ എക്‌സിക്യൂട്ടീവ് അംഗത്തെിനെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ പോലും നേതൃത്വം പ്രതികരിച്ചില്ല. അതോടൊപ്പം തന്നെ കൃഷി മന്ത്രി പി.പ്രസാദിനും അദ്ദേഹത്തിന്റെ വകുപ്പിനും വിമര്‍ശനമുണ്ട്. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുമ്പോള്‍ നോക്കുകുത്തിയായി വകുപ്പ് മാറുന്നു. പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

മന്ത്രിമാരുടെ പ്രവര്‍ത്തനകളില്‍ പോരായ്മകളുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് നേരെ കൂടുതല്‍ വിമര്‍ശനം ഉയരാനാണ് സാധ്യത. ചര്‍ച്ച പുരോഗമിക്കുകയാണ്. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ കൂടുതല്‍ വിമര്‍ശിക്കപ്പെടാനാണ് സാധ്യത.

പൊതു സമൂഹത്തിൽ സി പി ഐയുടെ സാന്നിധ്യം വർധിച്ചു – കാനം രാജേന്ദ്രൻ

തിരുത്തൽ ശക്തിയായി സിപി ഐ തുടരുമെന്ന് കാനം രാജേന്ദ്രൻ. എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനം ഉണ്ടായപ്പോൾ സിപിഐ തിരുത്തി. മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും വീതിച്ചെടുക്കണം. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്തെ സിപിഐ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ

കേരളത്തിൽ സിപിഐ വളരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കാനം പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷി വർദ്ധിച്ചെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വർധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണം. രാഷ്ട്രീയ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാകണം. കോൺഗ്രസ് ബിജെപി അതിർവരമ്പ് നേർത്ത് വരികയാണ്. മതനിരപേക്ഷ ആശയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.