വാട്‌സാപ്പ് ചാറ്റ് ചോർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി

യൂത്ത് കോണ്‍ഗ്രസില്‍ വാട്‌സാപ്പ് സന്ദേശം ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെ രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇതില്‍ നുസൂറിനെതിരെ വാട്‌സ് ആപ്പ് ചാറ്റ് പുറത്തായതിനും ബാലുവിനെതിരെ ചിന്തന്‍ ശിബിരത്തിലെ പീഡനപരാതിയുമായി ബന്ധപ്പെട്ടാണ് നടപടി.

സംഘടനാ അച്ചടക്കം ലംഘിച്ചുതുമായി ബന്ധപ്പെട്ട് അന്വേഷണം ചൂണ്ടിക്കാട്ടിയാണ്‌ ഇരുവരേയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി അറിയിച്ചത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാന്‍ കെ.എസ്.ശബരിനാഥന്‍ ആവശ്യപ്പെട്ടതിന്റെ ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്‌

ചിന്തന്‍ ശിബരത്തില്‍ ഉയര്‍ന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ നേതൃത്വത്തിനെതിരെ ബാലു രംഗത്തെത്തിയിരുന്നു.

ബിൽഗേറ്റ്സിനെ പിന്നിലാക്കി ഗൌതം അദാനി ലോക സമ്പന്ന പട്ടികയിൽ

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി.

നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് അദാനി ഗ്രൂപ്പിൻ്റെ അസാധാരണമായ വളർച്ച. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് ഇതോടെ അദാനി നേട്ടം സ്വന്തമാക്കിയത്.

ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം.

9,23,214 കോടി(115.5 ബില്യണ്‍ ഡോളര്‍)രൂപയാണ് അദാനിയുടെ ആസ്തി.

ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ 8,36,088 കോടി രൂപ(104. ബില്യണ്‍ ഡോളര്‍).

മുകേഷ് അംബാനിയുടേത് 7,19,388 കോടി (90 ബില്യണ്‍ ഡോളര്‍)രൂപയുമാണ്.

പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി.

ഹരിത ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പങ്കാളിയായത് അദാനി ഗ്രൂപ്പാണ്. അദാനി ഗ്രൂപ്പിന്റെ പല ഓഹരികളും രണ്ടുവര്‍ഷത്തിനിടെ 600ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ഈയിടെയാണ് അംബാനിയെ മറികടന്ന് അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്.

സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നു, പ്രതിഷേധം പാർലമെൻ്റിലേക്കും

നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.

നേരത്തെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം ചോദ്യം ചെയ്യില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പാർലമെൻ്റ് സമ്മേളനം നടക്കുന്ന സമയമാണ്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം കനക്കുന്നതിനിടെയാണ് ചോദ്യം ചെയ്യൽ.

സോണിയ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി. സോണിയയെ പിന്തുണയ്ക്കുന്ന പ്ലക്കാഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. ഓന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയേക്കും. പ്രായവും അനാരോഗ്യവും പരിഗണിക്കാതെ ഇ ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ശക്തമാണ്.

വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരും നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇഡി വേട്ടയാടുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റില്‍ പ്രതിഷേധിക്കും.

റഷ്യയെ ഞെട്ടിച്ച് സ്വവർഗ പ്രണയം വെളിപ്പെടുത്തി ഡാരിയ കസക്റ്റിന

ഷ്യയുടെ സൂപ്പര്‍ ടെന്നീസ് താരം ഡാരിയ കസക്റ്റിന സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി റഷ്യയെ ഞെട്ടിച്ചു. സ്വവർഗാനുരാഗികള്‍ക്കെതിരായ റഷ്യന്‍ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ് മറികടന്നാണ് വെളിപ്പെടുത്തൽ. വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനക്കാരിയാണ്. 25 വയസ്സുള്ള താരം രാജ്യത്തിൻ്റെ നയങ്ങളെ തന്നെ വിമര്‍ശിച്ചാണ് രംഗത്ത് വന്നത്.

1993 മുതല്‍ സ്വവര്‍ഗ ലൈംഗികത റഷ്യയില്‍ ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ വിലക്കുണ്ട്. സ്വന്തം കാര്യം മാത്രമാവണം. 2013 മുതലാണ് ഈ വിലക്ക് നിലവില്‍ വന്നത്.

‘രാജ്യത്ത് നിരോധിക്കേണ്ടതായിട്ടുള്ള ഇതിലും വലിയ എത്രയോ പ്രശ്‌നങ്ങളുണ്ട്. അതിനുനേരെ കണ്ണടയ്ക്കുന്നതില്‍ അദ്ഭുതമില്ല. അവര്‍ പറയുന്നതുപോലെ ജെന്റര്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒളിച്ചു താമസിക്കണം എന്നതൊക്കെ കഴമ്പില്ലാത്ത കാര്യമാണ്. എങ്ങനെ വേണം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതെന്നും എത്ര പേരോട് അത് പറയണം എന്നതുമൊക്കെ ഓരോരുത്തരുടേയും താത്പര്യമാണ്. ആത്മാഭിമാനത്തില്‍ വിശ്വസിച്ച്, സമാധാനത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.’ യുട്യൂബ് വീഡിയോയില്‍ ടെന്നീസ് താരം പറയുന്നു.

ഇതിന് പിന്നാലെ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം ഡാരിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. റഷ്യയുടെ വനിതാ സ്‌കേറ്റിങ് താരമായ നതാലിയ സബിയാകോയുമൊത്തുള്ള ചിത്രമാണ് ഡാരിയ പോസ്റ്റ് ചെയ്ത്.

ബ്രിട്ടണിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ ഋഷി സുനാക് അന്തിമ ഘട്ടത്തില്‍ കടന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രോസ്സുമായാണ് സുനാക് അവസാനവട്ട മത്സരത്തില്‍ ഏറ്റുമുട്ടുക. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടി.

നാലാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വ്യാപാരമന്ത്രി പെന്നി മൊര്‍ഡൗണ്‍ട് അഞ്ചാം റൗണ്ടില്‍ 105 വോട്ടുകളുമായി പുറത്തായി. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തീരുമാനിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളിലേക്കാണ് ഇനി മത്സരം നീങ്ങുന്നത്. പോസ്റ്റല്‍ ബാലറ്റ് മുഖേനയാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഏഷ്യൻ വംശജനായ ഋഷി സുനാക് മുന്‍ ധനകാര്യമന്ത്രി കൂടിയാണ്.

സെപ്തംബര്‍ അഞ്ചിന് ആണ് പ്രധാനമന്ത്രി പ്രഖ്യാപനം ഉണ്ടാകുക.

മൂസേവാല കൊലക്കേസ് പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, നാല് മണിക്കൂർ നീണ്ട പോരാട്ടം

ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ്‌ സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മണിക്കൂറോളം ഇരുഭാഗവും വെടിയുതിർത്തു. മൂസേവാലയ്ക്കു നേരെ വെടിയുതിര്‍ത്തവരില്‍ ഒരാളാണ് കൊല്ലപ്പെട്ട മന്‍പ്രീത് സിങ് എന്നാണ് പോലീസ് പറയുന്നത്.

അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഭക്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പഞ്ചാബ് പോലീസിന്റെ പ്രത്യേക കര്‍മസേനയാണ് പ്രതികളെ പിടികൂടുന്നതിന് ഗ്രാമത്തിലെത്തിയത്. ജഗ്‌രൂപ് സിങ് ആണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഒരു മണിക്കൂറോളം മന്‍പ്രീത് സിങ് പോലീസിന് നേരെ വെടിയുതിർത്ത് എതിർത്ത് നിന്നു. നാല് മണിയോടെയാണ് ഇയാളും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ചാനല്‍ ക്യാമറാമാനും കാലില്‍ വെടിയേറ്റു.

ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാല 2022 മേയ് 29ന് ആണ് കൊല്ലപ്പെട്ടത്. അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് മൂസേവാലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തിനു പിന്നിലെന്നും ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ്, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നായി അറസ്റ്റുകള്‍ നടന്നിരുന്നു.

CUET പരീക്ഷ എഴുതാൻ കഴിയാതെ വന്നവർക്ക് വീണ്ടും അവസരം

പരീക്ഷാകേന്ദ്രങ്ങൾ അവസാനനിമിഷം മാറ്റിയതിനാൽ സി.യു.ഇ.ടി. പരീക്ഷയെഴുതാൻ കഴിയാഞ്ഞവർക്ക് വീണ്ടും അവസരം നൽകുന്നകാര്യം പരിഗണനയിലാണെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ഡയറക്ടർ ജനറൽ വിനീത് ജോഷി പറഞ്ഞു. ഈമാസം 15-നും 16-നും 510 നഗരങ്ങളിലെ 247 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയെഴുതാൻ കഴിയാഞ്ഞവർ കാരണംകാണിച്ച് എൻ.ടി.എ.യ്ക്ക് അപേക്ഷ നൽകണം. അവ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനുമായി (യു.ജി.സി.) ചേർന്ന് പരിശോധിച്ച് വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർഥികളെത്തുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. വൈകിയെത്തിയെന്ന് തെളിയുന്നവരെ വീണ്ടും പരീക്ഷയെഴുതാൻ അനുവദിക്കില്ല.

എട്ടുവയസ്സുകാരി ശിഷ്യയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 21 വർഷം തടവ്

എട്ടുവയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ്സാ അധ്യാപകന് 21 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്രസാ അധ്യാപകനായ കൊഴിഞ്ഞില്‍ തേറമ്പില്‍ വീട്ടില്‍ മുഹമ്മദ് 2016 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

സ്വന്തം വിദ്യാര്‍ഥിനിയെ ഇയാള്‍ മദ്രസയില്‍ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പോക്‌സോ നിയമത്തിലെ ഗുരുതരമായ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നു വകുപ്പുകളിലും ഏഴ് വര്‍ഷംവീതം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

തടവുശിക്ഷയ്ക്ക് പുറമേ ഒന്നര ലക്ഷം രൂപ പിഴയും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വകുപ്പുകളിലായി ആറ് മാസം വീതം തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പിഴ തുകയില്‍ ഒന്നേകാല്‍ ലക്ഷം രൂപ ഇരയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 12 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

പ്ലസ് വൺ പ്രവേശനം- എന്താണ് ട്രയൽ അലോട്മെൻ്റ് ; ഈ ഘട്ടത്തിൽ എന്തു ചെയ്യണം



അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ​ ആദ്യ അലോട്ട്​മെൻ്റ്​ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്​മെൻ്റ്​ നടത്തുന്നത്. ഈ ഘട്ടത്തിൽ ആശങ്ക ആവശ്യമില്ല.

അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്​മെൻ്റ് പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകർക്ക്​ നിർദിഷ്​ട ദിവസങ്ങളിൽ തിരുത്താനാകും. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ തന്നെ കാൻഡിഡേറ്റ്സ് ലോഗിൻ ഓപ്ഷൻ കാണാം.

അലോട്ട്​മെൻറ്​ നടക്കുന്നതെങ്ങനെ ??

ട്രയലിന് ശേഷം ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്.

  • മെയിൻ അലോട്ട്മെന്റ്
  • സപ്ലിമെൻററി അലോട്ട്മെന്റ്

രണ്ട്​ അലോട്ട്​മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടത്തും.

ഒന്നാം അലോട്ട്​മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്​ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. അതായത് അടുത്ത അലോട്മെൻ്റോട് കൂടി നിങ്ങൾ ആദ്യം നൽകിയ വിഷയത്തിൽ പ്രവേശനം ലഭിക്കാം.

മുഖ്യഅലോട്ട്​മെൻറ്​ ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്​മെൻറ്​) പ്രവേശനം സ്ഥിരപ്പെടുത്തിയാൽ മതി.

മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കാൻ അപേക്ഷയും ഓപ്​ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം. 

അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല. 

അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല.

അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്​മെൻറുകൾക്ക്​ ശേഷം ജില്ലാന്തര സ്​കൂൾ/ ​കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.

സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും

സ്ഥിരപ്രവേശനം

  • അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്​മെൻറ്​ ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.
  • ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും
  • ഈ വിദ്യാർഥികൾക്ക്​ പിന്നീട്​ അവസരം നൽകില്ല.

താൽക്കാലിക പ്രവേശനം

  • അപേക്ഷയിലെ താഴ്​ന്ന ഓപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
  • പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന്​ നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തിൽ ഫീസടക്കേണ്ട.
  • മെച്ചപ്പെട്ട ഓപ്​ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്​കൂളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളിൽ പ്രവേശനം നേടിയാൽ മതി.

സംശയം മറുപടി

ക്യാൻഡിഡേറ്റ് ലോഗിൻ പാസ് വേർഡ് റിസെറ്റ് ചെയ്യാൻ എന്ത് വേണം? പാസ് വേർഡ് മറന്നു പോയാൽ എന്തു ചെയ്യും?

: CANDIDATE LOGIN – sws എന്ന ലിങ്കിലെ Forgot Password എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പർ,ജനന തീയതി,മൊബൈൽ നമ്പർ,അപേക്ഷിച്ച ജില്ല, ക്യാപ് കോഡ് എന്നിവ നൽകി പാസ് വേർഡ് റീസെറ്റ് ചെയ്യാവുന്നതാണ്

മൊബൈൽ നമ്പർ ജനന തീയതി എന്നിവ തിരുത്തുവാൻ സാധിക്കുമോ?

: ക്യാൻഡിഡേറ്റ് രജിസ്ട്രേഷൻ സമയത്ത് നൽകുന്ന സ്കീം, രജിസ്റ്റർ നമ്പർ, പാസ്സായ മാസം, പാസ്സായ നമ്പർ വർഷം, ജനന തീയതി, മൊബൈൽ എന്നിവ ഒരു കാരണവശാലും തിരുത്തുവാൻ സാധിക്കുകയില്ല.

മൂന്ന് മുഖ്യ അലോട്ട്മെൻറുകൾ കഴിഞ്ഞാൽ സ്ക്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ ഉണ്ടാകുമോ?

:. നിലവിൽ മുഖ്യ സപ്ലിമെൻ്ററി അലോട്ട്മെൻറുകളും കഴിഞ്ഞ ശേഷം മാത്രമേ സ്ക്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ ഉണ്ടാകൂ.

പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പർ
04712323197

രക്തത്തിൽ ഉത്തേജക മരുന്ന്; കോമൺവെൽത്ത് ഗെയിംസ് ടീമിൽ നിന്നും ഇന്ത്യൻ താരങ്ങൾ പുറത്ത്

0

കോമണ്‍വെല്‍ത്ത് ഗെയിംസിൽ തുടങ്ങും മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി. പ്രതീക്ഷയായ രണ്ടു താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.

ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റര്‍ ധനലക്ഷ്മി എന്നിവരാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇരുവരും നിരോധിത ഉത്തേജക ഔഷധം ഉപയോഗിച്ചതായി കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരെയും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 215 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 322 പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇതില്‍ 36 അംഗ അത്‌ലറ്റിക്‌സ്

കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ നാഡ ശേഖരിച്ച ഐശ്വര്യ ബാബുവിന്റെ സാമ്പിളാണ് പോസിറ്റീവായിരിക്കുന്നത്. ഈ ചാമ്പ്യന്‍ഷിപ്പിനിടെയാണ് 25-കാരിയായ ഐശ്വര്യ 14.14 മീറ്റര്‍ ചാടി മലയാളി താരം മയൂഖ ജോണി 2011-ല്‍ സ്ഥാപിച്ച ദേശീയ റെക്കോഡ് (14.11) തിരുത്തിയത്.

അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്പ്രിന്റര്‍ ധനലക്ഷ്മിയുടെ സാമ്പിള്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. നിരോധിത സ്റ്റിറോയ്ഡിന്റെ സാന്നിധ്യമാണ് താരത്തിന്റെ സാമ്പിളില്‍ കണ്ടെത്തിയത്.

ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 215 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 322 പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇതില്‍ 36 അംഗ അത്‌ലറ്റിക്‌സ് ടീമിൽ ഉൾപ്പെട്ടവരാണ് പുറത്തായ രണ്ടു പേരും.