മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലെ പ്രതിഷേധം; ഗൂഡാലോചന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥ് അറസ്റ്റിൽ

വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിൽ പ്രവര്‍ത്തകരെ സമരത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ച് പ്രചരിച്ചതായുള്ള കണ്ടെത്തലിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്. ശബരീനാഥന്‍ അറസ്റ്റില്‍. ശബരീനാഥൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഗണ്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. ഇതിന് തുടർച്ചയായി കോൺഗ്രസ് തുടർ പ്രക്ഷോഭത്തിന് ഒരുക്കം തുടങ്ങി

വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നൊട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥൻ്റെ ഫോണിൽ നിന്നും സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതിനു തുടച്ചയായിരുന്നു.

ശംഖുമുഖം എ.സി ശബരിനാഥന് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ശബരീനാഥ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഇ പി ജയരാജൻ്റെ വിമാന യാത്രാ വിലക്ക് മൂന്നാഴ്ച

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിട്ട എൽ ഡി എഫ് കൺവീനർ ഇ ബി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തു. ഡിജിസിഎയും വിമാന കമ്പനിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇ പിക്ക് എതിരായാണ് കടുത്ത കുറ്റം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്ക് മാത്രമാണ്.

നീറ്റ് പരീക്ഷയ്ക്ക് എത്തിയ കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചു, പ്രതിഷേധകരമെന്ന് മന്ത്രി ആർ ബിന്ദു

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സംഭവത്തില്‍ രേഖാമൂലം പരാതി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യാവകാശത്തെ കുറിച്ച് ചിന്തിക്കാതെ പെണ്‍കുട്ടികളോട് പെരുമാറിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നീറ്റ് പരീക്ഷ നടത്തുന്നത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്ന സംവിധാനമാണ്. അവര്‍ നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്.

ഇത് കുട്ടികള്‍ക്ക് വളരെയധികം മാനസിക പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. വിഷയത്തിലെ അതൃപ്തി കേന്ദ്രസര്‍ക്കാരിനയും അറിയിച്ചിട്ടുണ്ട്. വിഷയം പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആയൂരിലെ സെന്ററില്‍ പരീക്ഷ എഴുതിയ ശൂരനാട് സ്വദേശിനിയായ 18-കാരിക്കാണ് മോശം അനുഭവമുണ്ടായത്. ഇതേ സെന്ററില്‍ പരീക്ഷയെഴുതിയ നിരവധി പെണ്‍കുട്ടികള്‍ക്കും സമാനമായ അനുഭവമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശൂരനാട് സ്വദേശിയായ പെണ്‍കുട്ടി റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടി പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായിസംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.

പരീക്ഷയാണോ വസ്ത്രം അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുതെന്നായിരുന്നു വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. മാറിനിന്ന് കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥന്‍ എത്തിയ ശേഷം കാര്യം തിരക്കി. കുട്ടിയുട അമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റില്‍ എത്താന്‍ പറയുകയും ഷോള്‍ വേണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് അമ്മയുടെ ഷാള്‍ നല്‍കുകയുമായിരുന്നു.

പിന്നീടാണ് ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും ഇതേ അനുഭവമുണ്ടായി എന്ന് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് രക്ഷിതാവ് പറയുന്നു. നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ലോഹം കൊണ്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതിനാലാണ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് കുട്ടിക്ക് പരീക്ഷ ശരിയായ രീതിയില്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നും അറിയാവുന്ന ഉത്തരങ്ങള്‍ പോലും എഴുതുന്നതിന് കഴിയാതെ വന്നുവെന്നും രക്ഷിതാവ് പറയുന്നു.

തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍വെച്ച് പരീക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴാണ് കുട്ടി പൊട്ടിക്കരയുകയും പരീക്ഷയെഴുതുന്നതിനിടെ തനിക്കുണ്ടായ മാനസിക സംഘര്‍ഷം വീട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തത്. തനിക്ക് നേരിട്ട മാനസികാഘാതത്തില്‍നിന്ന് കുട്ടി ഇനിയും മുക്തയായിട്ടില്ല. ശൂരനാട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിക്കും സമാനമായ അനുഭവമുണ്ടായി എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

പ്രധാനമന്ത്രിക്ക് എതിരായ അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യമല്ല – അലഹബാദ് ഹൈക്കോടതി

പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ ആക്ഷേപകരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റിസുമാരായ അശ്വിനി കുമാര്‍ മിശ്ര, രാജേന്ദ്ര കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുംതാസ് മന്‍സൂരിക്കെതിരേ ഉത്തര്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചത്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ അത് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരേ നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 504, ഐ.ടി. ആക്ടിലെ 64 എന്നി വകുപ്പുകള്‍ പ്രകാരമാണ് മുംതാസ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എം എം മണിയെ അധിക്ഷേപിച്ചതിൽ ഖേദവുമായി കെ സുധാകരൻ

മുന്‍മന്ത്രി എം.എം. മണിക്കെതിരേ നടത്തിയ വംശീയ അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. മണിയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ നടത്തിയ പ്രതികരണമാണെന്നുമാണ് സുധാകരന്‍ ഖേദം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ എം.എം. മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചിരുന്നു. മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച നടപടിയില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പുപറഞ്ഞുവെങ്കിലും മണിയെ വംശീയമായി അധിക്ഷേപിച്ച് സുധാകരന്‍ രംഗത്ത് വന്നിരുന്നു. മണിയുടെ രൂപം അതുതന്നെയല്ലെ എന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിനെ പിന്തുണച്ച് സുധാകരന്‍ ചോദിച്ചത്.

എഫ് ബി പോസ്റ്റ്

ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

മരട് ഫ്ലാറ്റ് നിർമ്മാണം, ഉത്തരവാദിത്തം സർക്കാരിന്- സുപ്രീം കോടതി

0

മരടില്‍ തീരദേശ ചട്ടം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥര്‍ക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. ഫ്‌ളാറ്റ് നിര്‍മാതാക്കളല്ല അനധികൃത നിര്‍മാണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

അനധികൃത നിര്‍മാണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കാണോ അതോ മറ്റേതെങ്കിലും വ്യക്തികള്‍ക്കാണോയെന്ന് കണ്ടെത്താന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ജസ്റ്റിസ് രാധാകൃഷ്ണന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിര്‍മാണത്തിന് ഉത്തരവാദികള്‍ ആയവരോട് സ്വീകരിക്കേണ്ട നടപടികള്‍ കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിനെ സംബന്ധിച്ച അഭിപ്രായം സെപ്റ്റംബര്‍ ആറിനകം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി അന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരാണ് നല്‍കിയതെങ്കിലും ഈ തുക പിന്നീട് ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചാല്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ തുകയുടെ ഒരു ഭാഗമെങ്കിലും തിരികെ ലഭിക്കുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ.

മങ്കി പോക്സ്, കണ്ണൂരിൽ എത്തിയ യാത്രക്കാരൻ നിരീക്ഷണത്തിൽ

മങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ എത്തിയ വിദേശ യാത്രക്കാരനെ നിരീക്ഷണത്തി‌ലാക്കി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഈ വ്യക്തിയുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ച ശേഷമാവും രോഗ സ്ഥിരീകരണം.

കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തൽ.

പ്രത്യേക സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘം കൊച്ചിയിൽ ഇറങ്ങിയ രോഗബാധിതൻ്റെ സ്വദേശമായ കൊല്ലത്ത് സന്ദർശനം നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് പുനരാരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്‌ക്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ എയർപോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗൺസ്‌മെന്റും നടത്തും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടിപ്പുകൾ, അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡെസ്‌കിനെ സമീപിക്കണമെന്നും നിർദേശമുണ്ട്.

രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ 21 ദിവസം വായുസഞ്ചാരമുള്ള മുറിയിൽ കഴിയണം. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികളുമായോ കുട്ടികളുമായോ പ്രതിരോധശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുതെന്നും നിർദേശമുണ്ട്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻതന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണം.

ICSE പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

0

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. തുല്യ വെയ്‌റ്റേജ് നല്‍കിയാണ് രണ്ട് സെമസ്റ്ററുകളായി നടത്തിയ പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

നാല് പേര്‍ ഒന്നാം റാങ്ക് പങ്കിട്ടു. ഫലം വെബ്‌സൈറ്റിലും എസ്എംഎസ് ആയും അറിയാം. ജൂലായ് 17 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. ഫലമറിയാന്‍ www.cisce.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എസ്എംഎസ് ആയി ഫലമറിയാന്‍ വിദ്യാര്‍ഥിയുടെ ഏഴക്ക രജിസ്റ്റര്‍ നമ്പര്‍, ‘icse<> രജിസ്റ്റര്‍ നമ്പര്‍’ എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കാം.

തോമസ് ഐസക്കിന് ഇ ഡി നൊട്ടീസ്; ചൊവ്വാഴ്ച ചോദ്യം ചെയ്യും

മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നൊട്ടീസ് നൽകിയിരിക്കുന്നത്

കേരള വിദേശ സാമ്പത്തിക വിനിമയ നിയമം- ഫെമ ലംഘനം നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമൻ ആരോപണം ഉന്നയിച്ചിരുന്നു.

അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ആരോപണം ഏറ്റെടുത്തു. തുടര്‍ന്ന് അന്ന് കിഫ്ബി സി.ഇ.ഒ. ആയിരുന്ന കെ.എം. എബ്രഹാമിനെയും ഡെപ്യൂട്ടി സി.ഇ.ഒയെയും ഇ.ഡി. നോട്ടീസ് അയച്ച് വിളിപ്പിച്ചിരുന്നു. ആദായ നികുതി വകുപ്പ് ഈ കേസിനെ കുറിച്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ അവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ആരോപണത്തിന് പിന്നാലെ നിര്‍മല സീതാരാമനെതിരെ നിശിത വിമർശനവുമായി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക്കും ആയിരുന്നു.

ഈ പദവി പരിഗണിച്ചാണ് ഇപ്പോള്‍ തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം. ഇ.ഡി. ജോയിന്റ് ഡയറക്ടറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നതിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

കിഫ്ബി വന്നപ്പോള്‍ തന്നെ മസാല ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. കേരളത്തിൻ്റെ വികസന പ്രവർത്തങ്ങൾക്ക് വ്യത്യസ്തമായ മാർഗ്ഗം തുറക്കുകയായിരുന്നു. വിദേശ മലയാളി ഫണ്ട് ഉൾപ്പെടെ വികസനത്തിനായി സംസ്ഥാനത്ത് ഉപയോഗിക്കുക എന്നതായിരുന്നു സമീപനം.

ലഹരി കടത്ത് കേസിലെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആൻ്റണി രാജു; സർക്കാരിന് മുന്നിൽ പുതിയ കുരുക്ക്

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുക്കി. ഈ കേസാണ് മന്ത്രി സഭയ്ക്ക് നേരെ പുതിയ ചോദ്യമായി ഉയരുന്നത്.

2014 ഏപ്രില്‍ 30ന് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങിയ കേസാണ്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലിൽ ഉൾപ്പെടുന്ന വസ്തു മാറ്റി കോടതിയെ കബളിപ്പിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലാണ് ഇതിൽ ഉണ്ടായിരുന്നത്.

വിനയായി തുടരുന്നത് ഹാഷിഷുമായി എത്തിയ വിദേശിയുടെ വക്കാലത്ത്

1994 ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് അന്ന് എടുത്ത കേസില്‍ ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല എന്നതാണ് വിവാദത്തിന് മരുന്ന്.

2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍പോലുമാകാത്ത രീതിയില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതല്‍ മാറ്റിയ സംഭവമുണ്ടാകുന്നത്.

എന്തായുന്നു ആ കേസ്

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി.

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കേസ് വിചാരണക്ക് എത്തിയത്. വക്കാലത്തെടുത്ത സീനിയര്‍ അഡ്വ സെലിന്‍ വില്‍ഫ്രഡിൻ്റെ കൂടെയായിരുന്നു ആൻ്റണി രാജു. പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ശിക്ഷ വിധിച്ചു.

കേസ് ജയിച്ചത്

എന്നാൽ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു. ക്രിമിനൽ കേസുകളിൽ ഏറ്റവും പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്. ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു.

തെളിവ് അട്ടിമറിച്ചു

പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. ജട്ടി പ്രതിക്ക് ഇടാന്‍ കഴിയില്ലെന്നായിരുന്ന വാദം. അത് ശരിയായിരുന്നു. കോടതി നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ വിമോചിതനായി രാജ്യം വിട്ടു.

കേസിലെ അട്ടിമറി പൊലീസ് കണ്ടെത്തി

കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോസ്ഥന്‍ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്ന് വര്‍ഷം നീണ്ട പരിശോധനയ്ക്കൊടുവില്‍ വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ ആന്റണി രാജു വക്കീലിൻ്റെ പ്രൊഫൈൽ ഉയർന്നു. ആദ്യമായി നിയമസഭാംഗമായി.

തുടർന്ന് 2002ല്‍ കേസില്‍ തെളിവില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിച്ചു. ഇതിനായി കോടതിയില്‍ ഇതുചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. ഈ സമയത്ത് എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി. എങ്കിലും പിന്നെയും ഇഴഞ്ഞു.

2005ല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായി. കേസ് പുനരന്വേഷിക്കാന്‍ അന്നത്തെ ഉത്തരമേഖലാ ഐ.ജി. ടി.പി. സെന്‍കുമാര്‍ നല്‍കിയ ഉത്തരവ് നൽകി. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ വക്കം പ്രഭ നടപടി തുടങ്ങിയതോടെ വിഷയം വീണ്ടും സജീവമായി.

കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നിങ്ങനെ ആറ് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 2006 ഫെബ്രുവരി 13ന് ഇതുസംബന്ധിച്ച് പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

അതേ വർഷം തന്നെ മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചം കണ്ടില്ല.

22 തവണ വിളിച്ചിട്ടും കോടതി ഉത്തരവ് മൈൻ്റു ചെയ്തില്ല

2014ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. അവിടം മുതലിങ്ങോട്ട് 22 തവണയാണ് കോടതി കേസ് പരിഗണിച്ചതെങ്കിലും ഇത്രയും നാള്‍ കേസ് പരിഗണിച്ചപ്പോഴും ആന്റണി രാജുവോ കൂട്ടുപ്രതികളോ കോടതിയില്‍ ഹാജരായിട്ടില്ല. വിചാരണയില്ലാതെ കേസ് അനന്തമായി നീട്ടുക്കൊണ്ടു പോയി.

സജി ചെറിയാൻ ഓർക്കുമോ കേസ് ആഗസ്റ്റിൽ വീണ്ടും വരുന്നു………

ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കാനിരിക്കുകയാണ്. പക്ഷെ ഇപ്പോള്‍ ആന്റണി രാജു നിയമസഭാംഗവും സംസ്ഥാന മന്ത്രിയുമാണ്. ഭരണഘടനയെ അവഹേളിച്ചതിന് സജിചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യമാണ്. മന്ത്രിസഭാംഗത്തിന്റെ നിയമലംഘന കേസിന് തീപിടിക്കുമോ എന്നാണ് ചർച്ചകൾ.

തൊണ്ടി മുതൽ കൊണ്ടു പോയത് ആരാണ്

കോടതിയിലെത്തുന്ന കേസുകളില്‍ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റര്‍. ഇതില്‍ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷന്‍ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാന്‍ കഴിയില്ല. ഈ കര്‍ശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസിൻ്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത് എന്ന അന്വേഷണ റിപ്പോർട്ടാണ് കാര്യങ്ങൾ കുഴമറിക്കുന്നത്.


ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖയും
ലഹരിക്കടത്ത് കേസില്‍ തൊണ്ടിമുതലായി പിടിച്ച അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന വിധിന്യയത്തിലെ ഭാഗവും വർത്താമാന പത്രങ്ങൾ പുറത്ത് വിട്ടു. ഇത് എത്ര കാലം തുറന്നു നിൽക്കും എന്നതും കാത്തിരുന്നു കാണേണ്ടി വരും.

കേസിലെ നാടകങ്ങൾ

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷമാണ് ഒരാൾ അന്വേഷിച്ച് എത്തുന്നത്.

പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോള്‍ എന്നൊരാളാണ് ഇത് ആരംഭിക്കുന്നത്. വളരെ ശുദ്ധ ഗതിക്ക് എന്ന് തോന്നും വിധം പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാല്‍ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാന്‍ കോടതിയോട് അപേക്ഷിച്ചു. അനുകൂല ഉത്തരവ് നേടുകയും ചെയ്തു.

എന്നാൽ ജൂനിയർ വക്കീലായ ആന്റണി രാജുവാണ് ബന്ധുവിന് ഒപ്പം തൊണ്ടി സെക്ഷനിലെത്തുന്നത്. അവിടെ നിന്ന് പ്രതിയുടെതായ സാധനങ്ങള്‍, തൊണ്ടി രജിസ്റ്ററില്‍ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോര്‍ഡര്‍ എല്ലാം എടുത്തു. ഇതിനൊപ്പം കോടതി ചെസ്റ്റില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന അടിവസ്ത്രവും ഉണ്ടയിരുന്നു. ഈ അടിവസ്ത്രമാണ് പിന്നീട് കേസില്‍ അഡ്വക്കറ്റ് കുഞ്ഞിരാമ മേനോൻ്റെ വാദത്തിൻ്റെ മൂച്ചയായത്. അങ്ങിനെ അടിവസത്രം പ്രതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കി.

പ്രതിയുടെ അടിവസ്ത്രം നാലുമാസത്തോളം ഇവരുടെ കൈവശം തന്നെയിരുന്നു. കേസ് ഹൈക്കോടതിയില്‍ പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് തിരികെ ഏല്‍പിച്ചു.

അടിവസ്ത്രം കൈപ്പറ്റി അനുകൂല തെളിവ് സൃഷ്ടിച്ചു

ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാന്‍ കഴിയാത്ത പരുവത്തിലാക്കിയത് എന്നാണ് വക്കീലിന് എതിരായ കുറ്റപത്രത്തില്‍ പറയുന്നത്. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത് എന്നും വരുന്നു. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returned എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട രേഖയാണ് കുറ്റപത്രത്തിലെ ഏറ്റവും പ്രധാന തെളിവ്.

ഭരണഘടനാ ദത്തമായ പദവിയിൽ ജനങ്ങളുടെ പക്ഷത്ത് നിൽക്കുന്ന വ്യക്തിയാണ്. അഭിഭാഷക മേഖലയിൽ തന്നെ ഇത് നീതീകരിക്കാൻ കഴിയുന്നതാണോ. അങ്ങിനെ എങ്കിൽ ഈ സ്ഥാനങ്ങളുടെ എല്ലാം അർത്ഥം എന്താണ്. ഇനി ജനങ്ങൾക്ക് മുന്നിലേക്ക് എത്താനിടയുള്ള തെളിവുകൾ ധാർമ്മികതയുമായി ബന്ധപ്പെട്ടതാണ്.

ആദ്യകേസില്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കോടതി ജീവനക്കാരൻ്റെ സഹായം കിട്ടിയെന്നത് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ കേസ് അനന്തമായി നീണ്ടുപോകുന്നതിൻ്റെ കാരണം ദുരൂഹമായി തുടരുന്നു. സമന്‍സ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയില്‍ ഹാജരാകാത്ത പ്രതിക്ക് വാറൻ്റ് അയക്കുന്നതാണ് സാധാരണ ഗതിയില്‍ കോടതി ചെയ്യാറുള്ളത്. എന്നാല്‍ 22 തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരായിട്ടില്ല. മാത്രമല്ല ജനപ്രതിനിധിയായി മത്സരിക്കാൻ ഇടയായ സാഹചര്യവും ആ സമയത്ത് നൽകിയ സത്യവാങ്മൂലവും പരിഗണിക്കേണ്ടതുണ്ട്.

22 തവണ മാറ്റിവയ്ക്കേണ്ടി വന്നിട്ടും ഒറ്റത്തവണയും ഒരു വാറൻ്റ് അയച്ചിട്ടില്ല എന്നത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘത്തിനും തിരിച്ചടിയാവും.

ജി എസ് ടി ഭാരം വീണ്ടും, അരിക്കും പച്ചക്കറിക്കും മോരിനും വരെ വില കൂടും

അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്‍പനയ്ക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പായ്ക്ക് ചെയ്ത തൈരിനും മോരിനും നാളെ മുതല്‍ ജിഎസ്ടി ബാധകമായിരിക്കും.

ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു. ഇക്കാര്യത്തില്‍ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാൽ വിലക്കയറ്റത്തെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയ്ക് മറ മാത്രമാണ് സംശയം എന്ന ആരോപണവും ഉണ്ട്. കൊറോണ പ്രതിസന്ധിക്ക് ഇടയിൽ വൻ തോതിലുള്ള വിലക്കയറ്റമാണ് സർവ്വത്ര ഉണ്ടായത്. സോപ്പിന് വരെ 10 ശതമാനത്തോളം വില കൂട്ടി. കൊറോണ കാലത്തെ പ്രതിസന്ധി വില കൂട്ടലിലൂടെ ഉൽപാദകർ പരിഹരിക്കുമ്പോൾ ജനങ്ങൾ പരിഹാരമില്ലാത്ത പ്രതിസന്ധിയിൽ ആഴുന്ന അവസ്ഥയാണ്.

ബ്ലെയിഡും സ്പൂണും വരെ പൊള്ളും

പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച് പാക്ക് ചെയ്ത ഭക്ഷണം മുതൽ ബ്ലൈഡുകൾക്കും സ്പൂണുകൾക്കും വരെ വില കൂടും. ജൂലൈ 18 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതെന്ന് ധനമന്ത്രാലയം അറിയിപ്പ് നൽകിയിരുന്നു.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അദ്ധ്യക്ഷതയിൽ അടുത്തിടെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇതനുസരിച്ചാണ് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റംവരുന്നത്. രണ്ട് ദിവസം നീണ്ടു നിന്ന 47-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

ബ്രാൻഡ് ചെയ്യാത്ത, പായ്ക്ക് ചെയ്ത പാലുൽപ്പന്നങ്ങളെയും കാർഷിക ഉൽപന്നങ്ങളെയും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേർക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

പരസ്പരം പഴിച്ച് പെട്രോൾ പോലെ വിലക്കയറ്റം

മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), പാക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ, മത്സ്യം, പാല്‍, തൈര്, ലസ്സി, പനീർ, ഉണക്കിയ പയർവർഗ്ഗ പച്ചക്കറികൾ, തേൻ, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, ശർക്കര, ജൈവ വളം, കമ്പോസ്റ്റ്, ബ്ലൈഡുകൾ, സ്പൂണുകൾ, കട്ടിംഗ് ബ്ലൈഡുകൾ, പെൻസിൽ കട്ടർ, കേക്ക്-സെർവറുകൾ എന്നിവയ്ക്ക് ജൂലൈ 18 മുതൽ വില കൂടും.

ഈ തീരുമാനങ്ങൾ കൊക്കൊണ്ടത് കൗൺസിലിന്‍റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും സുപ്രധാന തീരുമാനമെടുക്കുന്ന സമിതിയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ ഈ സമിതിയിൽ അംഗങ്ങളാണ്.

വിലക്കയറ്റം എക്കാലത്തെയും ഉയരത്തി

മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. മേയിൽ 15.88 ശതമാനമെന്ന നിരക്കിലെത്തി. ഏപ്രിലിൽ 15.08 ശതമാനമായിരുന്നു . കഴിഞ്ഞ 14 മാസമായി വിലക്കയറ്റം 10 ശതമാനത്തിനു മുകളിൽ.

കഴിഞ്ഞ വർഷം മേയിൽ 13.11 ശതമാനമായിരുന്നു. മൊത്തവിൽപ്പന വിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജിഎസ് ടി പരിഷ്കാരം കൂടി വരുന്നതോടെ വരുംമാസങ്ങളിലും ജനജീവിതം കൂടുതൽ ദുസ്സഹമാകും.

ഇന്ധന–- ഊർജ മേഖലയിലെ വിലക്കയറ്റം 40.62 ശതമാനമാണ്‌. ഭക്ഷ്യവസ്‌തുക്കളുടേത്  8.9 ശതമാനത്തിൽനിന്ന്‌ 10.9 ശതമാനമായി ഉയർന്നു. പാചകവാതകത്തിന്റെ വിലവർധന 38.5 ശതമാനത്തിൽനിന്ന്‌ 47.7 ശതമാനമായി ഉയർന്നു. പ്രാഥമിക ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 19.71 ശതമാനമാണ്‌.

ജി എസ് ടി പുതുക്കി, അവശ്യ സാധനങ്ങൾക്ക് ഇനിയും വില കൂടും