സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ കേസ്

യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു.

ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിൽ ആണ് യുവതി പരാതി നൽകിയത്.

യുവതിയുടെ പുസ്‌തക പ്രസാദനത്തിന് നന്തി കടലൂരിലെ കടൽപ്പാലം എന്ന വീട്ടിൽ ഏപ്രിൽ 16ന്ഒത്തുകൂടലുണ്ടായിരുന്നു. 17ന്  രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി പിടിച്ച് ചുംബിച്ചുവെന്നാണ് പരാതി.

പുസ്‌തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജുകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്‌തതായും പറയുന്നു.

സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം യുവതി വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍ എന്നിവര്‍ക്ക് എതിരെയായായിരുന്നു ആരോപണം.

താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തനിക്ക് കനത്ത ആഘാതമായി. താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്‌തെന്നുമായിരുന്നു യുവതിയുടെ പരാതി. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി റൂറൽ എസ്‌പിക്ക് കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്.

മാഹിയിൽ നിന്ന് എറണാകുളത്തേക്ക് എണ്ണ കടത്ത്, 40 ലക്ഷത്തിൻ്റെ ഡീസൽ പിടിച്ചു

മാഹിയിലെ പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍നിന്ന് ടാങ്കര്‍ ലോറികളില്‍ കടത്തുകയായിരുന്ന 18,000 ലിറ്റര്‍ ഡീസല്‍ പിടികൂടി. തലശ്ശേരി കോടിയേരിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് 12,000 ലിറ്റര്‍ ഡീസല്‍ പോലീസ് പിടിച്ചത്. ടാങ്കര്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

വില വ്യത്യാസം വലുതായതോടെ വൻ തോതിൽ എണ്ണ കള്ളക്കടത്ത് ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന അധികൃതർ ജാഗ്രത വർധിപ്പിച്ചു.

കഴിഞ്ഞ ദിവസം ചൊക്ലിയില്‍നിന്നും പിടികൂടിയ ഡീസല്‍ ഉള്‍പ്പെടെ 40 ലക്ഷത്തോളം രൂപയുടെ ഡീസലാണ് മൂന്ന് തവണയായി പിടികൂടിയത്. അനധികൃതമായി കടത്തുകയായിരുന്ന 12,000 ലിറ്റര്‍ ഡീസല്‍ ജൂലായ് 12-ന് ചൊക്ലി പോലീസും പിടികൂടിയിരുന്നു. 18 രൂപവരെ ലിറ്ററിന് വ്യത്യാസമുണ്ട്.

ശനിയാഴ്ച രാത്രി പത്തോടെ കൂടിയാണ് ആറായിരത്തിലേറെ ലിറ്റര്‍ ഡീസല്‍കൂടി പിടികൂടിയത്. കെ.എല്‍.39 ക്യു 3104 എന്ന നമ്പറിലുള്ള ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസലാണ് പിടിച്ചത്. ലോറിഡ്രൈവര്‍ ആറ്റിങ്ങല്‍ കുളങ്ങര തൊടിയില്‍ ആര്‍.എല്‍. വിഷ്ണു ലാല്‍ (29), സഹായികളായ പയ്യാവൂര്‍ പുളിയന്‍മാക്കല്‍ വീട്ടില്‍ സി.എ. ആല്‍വിന്‍ (25), എറണാകുളം മുനമ്പം പള്ളിപ്പറമ്പില്‍ ഫ്രോലി ജോസഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മാഹിയിലെ മൂലക്കടവ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ പമ്പില്‍നിന്ന് എറണാകുളത്ത് മറിച്ച് വില്പന നടത്തുന്നതിനായി കൊണ്ടുപോവുകയായിരുന്നു ഡീസല്‍.

ലോറി ഡ്രൈവറും പിടിയിലായി. പന്തക്കലിലെ ഒരു പെട്രോള്‍ പമ്പില്‍നിന്നാണ് ഡീസല്‍ നിറച്ചത്. തലശ്ശേരി എ.എസ്.പി. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്തന്നെയാണ് ടാങ്കര്‍ ലോറി പിന്തുടര്‍ന്ന് പാറാലില്‍നിന്ന് ഇതും പിടികൂടിയത്.

വരുന്ന ആഴ്ചയിലും മഴ തുടരും, 73 വീടുകൾ തകർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മഴക്കെടുതിയില്‍ 73 വീടുകളാണ് പൂര്‍ണമായി നശിച്ചത്. 1186 വീടുകള്‍ ഭാഗികമായും നശിച്ചതായി റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്

കനത്ത മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജവനിരപ്പ് 135.40 അടി ഉയരത്തിലെത്തി. തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 136 അടി അടുത്തതോടെയാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മലമ്പുഴ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മേധാവിത്വ മനോഭാവം: – കാനത്തെ തള്ളി മഹിളാ സംഘം

എം എം മണി വിവാദം അനാവശ്യമല്ലെന്ന് കേരള മഹിളാ സംഘം നേതാവ് എം എസ് താര. അനാവശ്യ വിവാദമെങ്കില്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലല്ലോയെന്ന് താര ചോദിച്ചു.

എം എം മണിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ഇതിനെ തള്ളിക്കൊണ്ടായിരുന്നു ഇടതുപക്ഷ വനിതാ സംഘടനയായ കേരള മഹിളാ സംഘം നേതാവിന്റെ പ്രതികരണം.

എം എം മണിയുടെ പരാമര്‍ശങ്ങള്‍ ജാഗ്രതക്കുറവാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ പ്രസ്താവന തിരുത്തപ്പെടണമെന്ന് തോന്നിയെന്നും താര പറഞ്ഞു. നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വ്യക്തിനിഷ്ഠമായി മാറുന്നത് ഖേദകരമാണ്. രാഷ്ട്രീയപരമായ വിഷയങ്ങളെ സഭയ്ക്കുള്ളില്‍ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും താര കൂട്ടിച്ചേര്‍ത്തു.

‘കേരളസമൂഹം ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിലേക്ക് നടന്നടുക്കുമ്പോള്‍ എം എം മണിയെപ്പോലെ പരിണിതപ്രജ്ഞനായ ഒരു നേതാവില്‍ നിന്ന് വന്ന ഇത്തരമൊരു പരാമര്‍ശം ഒഴിവാക്കപ്പടേണ്ടതാണ്. ഈ അഭിപ്രായ പ്രകടനങ്ങള്‍ വരുന്നത് മേധാവിത്വ മനോഭാവത്തില്‍ നിന്നാണെന്ന് ഞാന്‍ കരുതുന്നു. ഇതിനെച്ചൊല്ലി ചര്‍ച്ചകള്‍ ഉണ്ടായിവരുന്ന ഘട്ടത്തിലെങ്കിലും ബന്ധപ്പെട്ട വ്യക്തികള്‍ തിരുത്തേണ്ടതാണ്’. എം എസ് താര പറഞ്ഞു.

രാഷ്ട്രീയം മാറുന്നുവോ

രാജ്യത്തെ ജനാധിപത്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

രാജ്യത്തെ പ്രതിപക്ഷത്തിൻ്റെ സ്ഥാനം ചുരുങ്ങുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. നിയമ നിര്‍മ്മാണത്തിൻ്റെ ഗുണനിലവാരം ഇടിയുന്നുവെന്ന പരാമർശത്തിന് തുടർച്ചയായാണ് ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്.

രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ 75-ാംം വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

നിയമ നിര്‍മ്മാണ സഭകള്‍ എത്ര ദിവസം ചേരണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമാണ് നിയമ നിര്‍മ്മാണ സഭകള്‍ സമ്മേളിക്കുിന്നത്. സാധ്യതകള്‍ പൂര്‍ണമായി സഭകള്‍ ഉപയോഗപ്പെടുത്തത്തുന്നില്ല. ഇത് നിയമനിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാതെയാണ് നിയമങ്ങള്‍ പലപ്പോഴും പാസാക്കുന്നത്. ജഡ്ജിയെന്ന നിലയില്‍ പലപ്പോഴും ഇത്തരം നിയമങ്ങളുടെ ലക്ഷ്യം എന്താണെന്ന് സംശയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷം ശോഷിക്കുന്നു, ആരോഗ്യകരമായ ജനാധിപത്യവും

പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുതാന്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. ശക്തവും ചടുലവുമായ പ്രതിപക്ഷം ഭരണത്തിലും, സര്‍ക്കാരിലും ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്താന്‍ സഹായകരമാകും. ഒരു കാലത്ത് സര്‍ക്കാരും, പ്രതിപക്ഷവും തമ്മില്‍ പരസ്പര ബഹുമാനം ഉണ്ടായിരുന്നു.

എന്നാല്‍ ഇന്ന് പ്രതിപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കരുത്. ദൗര്‍ഭാഗ്യകരമായ കാര്യം അതിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ്. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.

ജഗ്ദീപ് ധൻകർ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ ധാരണയായി.

2019 ജുലായ് 30 മുതൽ പശ്ചിമ ബംഗാൾ ഗവര്‍ണറാണ് ജഗ്ദീപ് ധൻകർ. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ക്യാപ്റ്റൻ അമരീന്ദർ സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകൾ ഉയർന്നിരുന്നു.

കോൺഗ്രസ് ആലോചനയിൽ

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഞായറാഴ്ച കോൺഗ്രസ് പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച സർക്കാരും സ്പീക്കറും ഉപരാഷ്ട്രപതിയും വിളിച്ചിട്ടുള്ള കക്ഷിനേതാക്കളുടെ യോഗങ്ങൾക്കുശേഷമായിരിക്കും ഇതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തിനുപിന്നാലെ പ്രതിപക്ഷപാർട്ടികളിൽ ഭിന്നിപ്പുണ്ടായിരിക്കുന്ന വേളയിൽ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ കരുതലോടെ തിരഞ്ഞെടുക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി പ്രതിപക്ഷനേതാക്കളെ കാണാൻ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി.

അടുത്തമാസം ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. വെങ്കയ്യാ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10-നാണ് അവസാനിക്കുന്നത്.

ഗുജറാത്ത് കലാപ കേസിൽ അടുത്ത ലക്ഷ്യമായി സോണിയ; ഗൂഡാലോചനയിൽ പങ്കെന്ന് ബി ജെ പി

2002ലെ ഗുജറാത്ത് കലാപ കേസിൽ നരേന്ദ്ര മോഡിയുടെ പങ്ക് ഉയർത്തി കാട്ടിയ കേസിനു പിന്നിൽ സോണിയാ ഗാന്ധിയുടെ ഗൂഢാലോചനയാണെന്ന് ബിജെപി. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് (എസ്.ഐ.ടി.) മുൻ നിർത്തിയാണ് നീക്കം. റിപ്പോർട്ടിന് തൊട്ട് പിന്നാലെ സോണിയാഗാന്ധിയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചു കൊണ്ട് ബി.ജെ.പി. വക്താവ് സംപിത് പാത്ര രംഗത്തെത്തി.

എസ്.ഐ.ടി. അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുന്‍ രാജ്യസഭാംഗവും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രമുഖ ജനാധിപത്യ പ്രവർത്തകരായ തീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് സോണിയയ്ക്ക് എതിരായ നീക്കം.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് രേഖകൾ നല്‍കിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം തീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവർ നേരത്തെ കുറ്റാരോപിതരായി. ഇതുനു തുടർച്ചയായി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ മൂന്നു പേരും ചേർന്ന് ഗൂഢാലോചന നടത്തി എന്നാണ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്.

കലാപം നടന്ന് നാല് മാസങ്ങള്‍ക്കുശേഷം തീസ്ത സെതല്‍വാദും, സഞ്ജീവ് ഭട്ടും ഡല്‍ഹിയില്‍ എത്തി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്ത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയുടെ മറ്റ് ചില ദേശീയ നേതാക്കളുമായും തീസ്ത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ പല പ്രമുഖ ബി.ജെ.പി. നേതാക്കളെയും കലാപക്കേസില്‍ പ്രതിയാക്കാനായിരുന്നു ഈ കൂടിക്കാഴ്ചകൾ എന്നാണ് പ്രത്യേക അന്വേഷണ സംഘം സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടത്.

വളപട്ടണം ഐഎസ് കേസിൽ പ്രതികൾക്ക് ഏഴ് വർഷം തടവ്

 വളപട്ടണം ഐ.എസ്. കേസില്‍ കുറ്റക്കാരായി എന്‍.ഐ.എ. കോടതി കണ്ടെത്തിയ രണ്ടുപ്രതികള്‍ക്ക് ഏഴുവര്‍ഷവും ഒരുപ്രതിക്ക് ആറുവര്‍ഷവും കഠിനതടവ് വിധിച്ചു.

ഒന്നാംപ്രതി കണ്ണൂര്‍ ചക്കരക്കല്ല് മണ്ടേരി മിഥിലജ് (31), അഞ്ചാംപ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61) എന്നിവര്‍ക്കാണ് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ചുമത്തിയത്. രണ്ടാംപ്രതി വളപട്ടണം ചെക്കികുളം അബ്ദുല്‍റസാഖിനു (28) ആറുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയുമാണ് വിധിച്ചത്. വിചാരണത്തടവുകാരായി അഞ്ചുവര്‍ഷം ശിക്ഷയില്‍നിന്ന് ഇളവുചെയ്യും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. ജഡ്ജി അനില്‍ കെ. ഭാസ്‌കറാണ് ശിക്ഷവിധിച്ചത്.

ഭീകരസംഘടനയില്‍ അംഗമായി ഇന്ത്യയുടെ സൗഹൃദരാജ്യമായ സിറിയയ്‌ക്കെതിരേ പോരാടുക, ഭീകരസംഘടനയെ സഹായിക്കുക, ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. മിഥിലജിനും ഹംസയ്ക്കും 21 വര്‍ഷം കഠിനതടവാണു വിധിച്ചതെങ്കിലും ഒരുമിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍മതി.

ഇവരെ സഹായിച്ച കുറ്റത്തിനും ഗൂഢാലോചനയ്ക്കും റസാഖിനു 12 വര്‍ഷം കഠിനതടവു വിധിച്ചെങ്കിലും ഒരുമിച്ച് ആറുവര്‍ഷം ശിക്ഷ അനുഭവിച്ചാല്‍മതി. പ്രതികൾ കഴിഞ്ഞ അഞ്ചു വർഷമായി തടവിലാണ്.

യുദ്ധം ചെയ്യാൻ സിറിയയിലേക്ക്

15 പേരെ തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്‌ച(12.07.2022) കോടതി കണ്ടെത്തിയിരുന്നു. ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു, ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു, മറ്റുള്ളവരെ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചെയ്‌തത്.

കൂടാതെ പ്രതികള്‍ക്ക് എതിരെ ചുമത്തിയ യു.എ.പി.എയും രാജ്യത്തിന് എതിരെ യുദ്ധത്തിന് പദ്ധതിയിടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ പ്രതികൾക്കുള്ള പങ്കാണ് കോടതിക്ക് വ്യക്തമായത്. കണ്ണൂർ വളപട്ടണം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. 2017ല്‍ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

2017 ഒക്‌ടോബർ 25 നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ 234 രേഖകള്‍ സമര്‍പ്പിക്കപ്പെട്ടു. 143 സാക്ഷികളെയും കോടതി വിസ്‌തരിച്ചു. 

ജെ സി ഡാനിയൽ പുരസ്കാരം കെ പി കുമാരന്

ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ അവാർഡ്.

2020ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും പിന്നണി ഗായകനുമായ പി ജയചന്ദ്രൻ ചെയർമാനും സംവിധായകൻ സിബി മലയിൽ , ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് , സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

അരനൂറ്റാണ്ടുനീണ്ട ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകർന്ന സംവിധായകനാണ് കെ.പി കുമാരൻ എന്ന് പുരസ്കാര നിർണയ സ്ഥിതി അഭിപ്രായപ്പെട്ടു.

1972 ൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ ‘റോക്ക് ‘, 1975 ലെ ‘അതിഥി’ എന്നീ ആദ്യകാല ചിത്രങ്ങൾ മുതൽ 2020ൽ 83 -ാം വയസ്സിൽ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്ചകളില്ലാത്ത തികച്ചും ആത്മാർത്ഥവും അർത്ഥ പൂർണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹമെന്ന് ജൂറി റിപ്പോർട്ടിൽ പറയുന്നു. യാഥാർഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാനശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളിൽ നിർണായക സ്ഥാനമുള്ള ‘അതിഥി’ , മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന രചനയെ ആസ്പദമാക്കി നിർമ്മിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988ലെ ദേശീയ അവാർഡ് നേടിയ ‘ രുഗ്മിണി ‘ തുടങ്ങിയ ചിത്രങ്ങൾ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂർവ ദൃശ്യശിൽപ്പങ്ങളാണെന്നും ജൂറി അഭിപ്രായപ്പെട്ടു.

മലയാളം ന്യൂവേവ് സിനിമകൾക്ക് തുടക്കം കുറിച്ച് സ്വയംവരത്തിന്റെ സഹരചയിതാവായി ചലച്ചിത്രജീവിതം ആരംഭിച്ച കെ.പി കുമാരന്റെ ‘ റോക്ക് എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം 1972ലെ ഏഷ്യാ 72 ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട്. അതിഥി (1975), ലക്ഷ്മി വിജയം (1976) , തേൻ തുള്ളി (1978) , ആദിപാപം (1979) , കാട്ടിലെ പാട്ട് (1979 ), നേരം പുലരുമ്പോൾ ( 1986 ) , രുഗ്മിണി ( 1988 ) , തോറ്റം ( 2000 ) . ആകാശഗോപുരം ( 2008 ) , ഗ്രാമവൃക്ഷത്തിലെ കുയിൽ ( 2020 ) എന്നിവയാണ് കെപി കുമാരൻ സംവിധാനം ചെയ്ത ചിത്രങ്ങൾ.

കേരള സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ,ടാക്സി സർവ്വീസ് വരുന്നു

ര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ ‘കേരള സവാരി’ യാഥാർത്ഥ്യമാവുന്നു . ആദ്യം ഘട്ടം നടപ്പാക്കുന്ന തിരുവനന്തപുരം നഗരപരിധിയിലെ 500-ലേറെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി.

തൊഴില്‍ വകുപ്പാണ് കേരള സവാരി നടപ്പാക്കുന്നത്. സവാരി ബുക്കിങ് ആപ്പും തയാറായിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും.

‘സുരക്ഷിതവും തര്‍ക്കങ്ങളില്ലാത്തതുമായ യാത്ര’ എന്ന ലക്ഷ്യത്തോടെയുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തില്‍ സര്‍ക്കാരാണ് തുക നിശ്ചയിക്കുന്നത്. ഒപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജും ചേര്‍ത്തുള്ള കൂലിയായിരിക്കും ഈടാക്കുക. പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാര്‍ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമാവുക.

സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെപ്പോലെ തിരക്കനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി തുടര്‍ന്ന് വേഗം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി., പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തൊഴിലാളികളുടെ പെരുമാറ്റം ഒരു പ്രധാന കാര്യമാണെന്നും എന്നാൽ അവരനുഭവിക്കുന്ന പ്രയാസങ്ങൾ ആരും കാണാതെ പോകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.