കെഎസ്ഇബി ചെയർമാൻ പുറത്ത്; പാർട്ടിയേയും മറികടന്ന് യൂണിയൻ താത്പര്യം

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്‌. രാജന്‍ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍.

വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ബി അശോക് നിലപാടുകളിൽ ഉറച്ചു നിന്നു. ഓഫീസേഴ്സ് നേതൃത്വത്തിൽ ചെയർമാനെതിരെ തുടർ സമരങ്ങളും സമ്മർദ്ദവും വ്യാപിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

ബി. അശോകുമായി സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വമാണ് ഇടഞ്ഞത്. നേതാക്കളുടെ ഇഷ്ടത്തിന് വഴങ്ങാതെ സ്ഥലം മാറ്റുകയും സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു.

അശോക് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ടിണ്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. യൂണിയൻ താത്പര്യം കണക്കിലെടുത്ത് സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമായി നടത്തിക്കൊണ്ട് പോകാൻ രാഷ്ട്രീയ ഇടപെടൽ ഇതര നയം വേണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു.

പാർലമെൻ്റിലെ വിലക്കു വാക്കുകളുടെ പട്ടിക പുറത്തിറക്കി; ഇന്ത്യയെ തർത്തതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ എന്ന് മഹുവ മൊയിത്ര

0

ലോക്‌സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള വാക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയില്‍ ഉൾപ്പെടുത്തിയ വാക്കുകൾ സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.അടിസ്ഥാനപരമായി, ബി.ജെ.പി. എങ്ങനെയാണ് ഇന്ത്യയെ തകര്‍ക്കുന്നത് എന്ന് വിവരിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്ന് മഹുവ ട്വീറ്റില്‍ വിമര്‍ശിച്ചു. ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടിയുള്ള അണ്‍പാര്‍ലമെൻ്ററി വാക്കുകളുടെ പുതിയ പട്ടികയില്‍ സംഘി എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പരിഹസിക്കയും ചെയ്തു

അണ്‍പാര്‍ലമെന്ററിയായി പട്ടികയിൽ ഉൾപ്പെടുത്തയി ഇംഗ്ലീഷ് പദങ്ങളില്‍ മുഖ്യമായവ ഇവയൊക്കെയാണ്-

bloodshed (രക്തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears ( മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), lie (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത).

ഹിന്ദിയിൽ നിന്നുള്ള വാക്കുകൾ

ഗദ്ദാര്‍ (ചതിയന്‍), കാലാദിന്‍ (കറുത്തദിനം), ദാദാഗിരി (വിരട്ടല്‍), നികമ്മ (പ്രയോജനമില്ലാത്തത്), ശകുനി, ഖലിസ്ഥാനി

ജൂലൈ 18-നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് പുതിയ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കിയിരിക്കുന്നത്. എല്ലാ കൊല്ലവും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കുകയും സഭാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കൊല്ലം പുതുക്കിയ പട്ടികയാണ് ഇപ്പോള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.

കേന്ദ്ര ധനമന്ത്രി ഒരു സാമ്പത്തിക ജ്യോതിഷിയെ കൂടി നിയമിക്കണം- പി ചിദംബരം

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സ്വന്തം കഴിവിലും ഉപദേശികളുടെ കഴിവിലും വിശ്വാസമില്ലാത്ത മന്ത്രി, ഗ്രഹങ്ങളെ ആശ്രയിക്കുകയാണെന്നും അവര്‍ ഒരു സാമ്പത്തിക ജ്യോതിഷിയെ നിയമിക്കുന്നത് നന്നാകുമെന്നുമാണ് ചിദംബരം പറഞ്ഞു.

സ്‌പേസ് ടെലിസ്‌കോപ്പ് പകർത്തിയ ചിത്രവുമായി ബന്ധപ്പെട്ട് നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം അതിൻ്റെ മനോഹാരിതയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു നേരെയാണ് ചിദംബരം മറുപടിയുമായി രംഗത്തുവന്നത്.

പണപ്പെരുപ്പം 7.01ശതമാനവും തൊഴിലില്ലായ്മ 7.8 ശതമാനവും രേഖപ്പെടുത്തിയ സന്ദര്‍ഭത്തില്‍ ധനകാര്യ മന്ത്രി ഗ്രഹങ്ങളുടെ ചിത്രം ട്വീറ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് അത്ഭുതമില്ലെന്നാണ് ചിദംബരത്തിന്റെ ട്വീറ്റ്.

മന്ത്രി ഒരു ‘മുഖ്യ സാമ്പത്തിക ജ്യോതിഷി’യെ നിയമിക്കുന്നതാണ് നല്ലതെന്നും ചിദംബരം പറഞ്ഞു.

കോൺഗ്രസും

മന്ത്രിക്കെതിരെ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. തകര്‍ന്ന് കിടക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനേക്കാള്‍ മന്ത്രിക്ക് താത്പര്യം യുറാനസ്, പ്ലൂട്ടോ എന്നീ ഗ്രങ്ങളിലൊക്കെയാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

പാർട്ടിയെ വീണ്ടും ഐസിയുവിലാക്കാൻ നീക്കം നടക്കുന്നു- പുനസംഘടനാ പട്ടികയ്ക് എതിരെ കെ മുരളീധരൻ

 കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരേ കമൻ്റും അഭിമുഖവുമായി കെ. മുരളീധരന്‍. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

കെപിസിസി-എഐസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവന്ന പശ്ചാത്തലത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. 280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിതാ പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് 28 പുതുമുഖങ്ങളെ ഉള്‍പെടുത്തി പുതിയ പട്ടിക കെപിസിസി കേന്ദ്രനേതൃത്വത്തിന് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം.

‘കഴിഞ്ഞ നിയമസഭാ, ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്’, എന്ന് കെ. മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരാ ജനവികാരം വോട്ടാക്കി മാറ്റണമെങ്കില്‍ ശക്തമായ സംവിധാനം ആവശ്യമാണ്. അതുണ്ടാവാന്‍ ഒരു സ്ഥാനത്ത് നിന്ന് ഒരാളെ ഇറക്കി മറ്റൊരാളെ കയറ്റിയത് കൊണ്ട് കാര്യമില്ല. ഇത് മനസ്സിലാക്കി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കണം. കെ. മുരളീധരന്‍ ഒരു അഭിമുഖത്തിലും പ്രതികരിച്ചു.

കോളിജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബി.സി.എം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോള്‍ സ്വദേശി ദേവിക(18)യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തില്‍നിന്ന് ചാടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്പെയിനിൽ നിന്ന് വിക്ടർ മോങ്ഗിൽ

കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം വിദേശ സൈനിങ് സ്പെയിനിൽ നിന്ന്. സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്‌ഗിൽ ആണ് ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായി എത്തിയ വിദേശതാരം. 29കാരനായ താരം നേരത്തെ എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്സി എന്നീ ഐ എസ് എൽ ക്ലബുകളിലും കളിച്ചിട്ടുണ്ട്.

ബൾഗേറിയൻ ക്ലബായ എഫ്സി ഹെബാറിൽ നിന്നാണ് താരം മൂന്നാമത് അവസരം തേടി ഇന്ത്യയിലെത്തിയത്. ഒരു വർഷത്തേക്കാണ് കരാർ. 2020ൽ എടികെയിലുണ്ടായിരുന്ന താരം 2021-22 സീസണിൽ ഒഡീഷയിൽ കളിച്ചു.

സീസണിൽ കേരള ബ്ലാസ്റ്റഴ്സിന്റെ ആദ്യ വിദേശ സൈനിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഗ്രീക്ക് ഓസ്ട്രേലിയൻ ഇന്റർനാഷണൽ മുന്നേറ്റനിരക്കാരൻ അപ്പൊസ്തോലോസ് ജിയാനുവിനെയാണ് ക്ലബ്‌ ടീമിലെത്തിച്ചത്.

ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിൽ പ്രധാനമായും പന്ത് തട്ടിയ ജിയോനു 150 ലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നാൽപതോളം ഗോളുകളും നേടിയിട്ടുണ്ട്. കവാല, പാനിയോനിയൊസ്, ആസ്റ്ററിസ് ട്രിപ്പൊളി തുടങ്ങിയവയാണ് പ്രധാന ടീമുകൾ. ഓസ്ട്രേലിയൻ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ് സി നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2023 വരെ കേരള ടീമിനോപ്പം താരം തുടരും.

പെരേര ഡിയാസ് വിട്ടു

അർജൻ്റൈൻ താരം പെരേര ഡിയാസ് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടതായി ക്ലബ് അറിയിച്ചു. വിവരം ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി തകർപ്പൻ പ്രകടനങ്ങൾ നടത്തിയ ഡിയാസ് ഇക്കുറി ടീമിൽ തുടരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരത്തെ നിലനിർത്താനുള്ള ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമങ്ങൾ വിജയിച്ചില്ലെന്നാണ് വാർത്തകൾ


ജി എസ് ടി പുതുക്കി, അവശ്യ സാധനങ്ങൾക്ക് ഇനിയും വില കൂടും

പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച് പാക്ക് ചെയ്ത ഭക്ഷണം മുതൽ ബ്ലൈഡുകൾക്കും സ്പൂണുകൾക്കും വരെ വില കൂടും. ജൂലൈ 18 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനൊപ്പമാണ് ഇപ്പോൾ ജിഎസ്ടി നിരക്കിനനുസരിച്ച് വീണ്ടും ഭക്ഷ്യവസ്തുക്കളുടെ ഉൾപ്പടെ വില വർധിക്കുന്നത്.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അദ്ധ്യക്ഷതയിൽ അടുത്തിടെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇതനുസരിച്ചാണ് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റംവരുന്നത്. ചുരുക്കത്തിൽ അവശ്യ ഭക്ഷ്യവസ്തുക്കൾക്കായി ജനങ്ങൾ കൂടുതൽ പണം മുടക്കേണ്ടിവരും. രണ്ട് ദിവസം നീണ്ടു നിന്ന 47-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

ബ്രാൻഡ് ചെയ്യാത്ത, പായ്ക്ക് ചെയ്ത പാലുൽപ്പന്നങ്ങളെയും കാർഷിക ഉൽപന്നങ്ങളെയും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേർക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

പരസ്പരം പഴിച്ച് പെട്രോൾ പോലെ വിലക്കയറ്റം

മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), പാക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ, മത്സ്യം, പാല്‍, തൈര്, ലസ്സി, പനീർ, ഉണക്കിയ പയർവർഗ്ഗ പച്ചക്കറികൾ, തേൻ, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, ശർക്കര, ജൈവ വളം, കമ്പോസ്റ്റ്, ബ്ലൈഡുകൾ, സ്പൂണുകൾ, കട്ടിംഗ് ബ്ലൈഡുകൾ, പെൻസിൽ കട്ടർ, കേക്ക്-സെർവറുകൾ എന്നിവയ്ക്ക് ജൂലൈ 18 മുതൽ വില കൂടും.

ഈ തീരുമാനങ്ങൾ കൊക്കൊണ്ടത് കൗൺസിലിന്‍റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും സുപ്രധാന തീരുമാനമെടുക്കുന്ന സമിതിയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ ഈ സമിതിയിൽ അംഗങ്ങളാണ്.

വിലക്കയറ്റം എക്കാലത്തെയും ഉയരത്തി

മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. മേയിൽ 15.88 ശതമാനമെന്ന നിരക്കിലെത്തി. ഏപ്രിലിൽ 15.08 ശതമാനമായിരുന്നു . കഴിഞ്ഞ 14 മാസമായി വിലക്കയറ്റം 10 ശതമാനത്തിനു മുകളിൽ.

കഴിഞ്ഞ വർഷം മേയിൽ 13.11 ശതമാനമായിരുന്നു. മൊത്തവിൽപ്പന വിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജിഎസ് ടി പരിഷ്കാരം കൂടി വരുന്നതോടെ വരുംമാസങ്ങളിലും ജനജീവിതം കൂടുതൽ ദുസ്സഹമാകും.

ഇന്ധന–- ഊർജ മേഖലയിലെ വിലക്കയറ്റം 40.62 ശതമാനമാണ്‌. ഭക്ഷ്യവസ്‌തുക്കളുടേത്  8.9 ശതമാനത്തിൽനിന്ന്‌ 10.9 ശതമാനമായി ഉയർന്നു. പാചകവാതകത്തിന്റെ വിലവർധന 38.5 ശതമാനത്തിൽനിന്ന്‌ 47.7 ശതമാനമായി ഉയർന്നു. പ്രാഥമിക ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 19.71 ശതമാനമാണ്‌.

സർക്കാർ രണ്ട് നഴ്സിങ് കോളിജുകൾ കൂടി തുടങ്ങുന്നു, സീറ്റുകൾ വർധിക്കും

കേരളത്തിൽ രണ്ട് മെഡിക്കല്‍ കോളജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളജ് ആരംഭിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ചാണ് നഴ്‌സിംഗ് കോളജ് ആരംഭിക്കുന്നത്. നഴ്‌സിംഗ് കോളജ് ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി നല്‍കി. ഓരോ നഴ്‌സിംഗ് കോളജിനും 18 വീതം ആകെ 36 തസ്തികകള്‍ സൃഷ്ടിക്കാനാണ് അനുമതി നല്‍കിയത്. 2022-23 അധ്യയന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിരുന്നു. ഈ സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയത്. രണ്ട് മെഡിക്കല്‍ കോളജുകളിലും നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലവും താത്ക്കാലിക കെട്ടിടവും ലഭ്യമാണ്.

ഒന്നാം അധ്യയന വര്‍ഷത്തേയ്ക്കുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, അസി പ്രൊഫസര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, ലൈബ്രേറിയന്‍ ഗ്രേഡ് വണ്‍, ഹൗസ് കീപ്പര്‍, ഫുള്‍ടൈം സ്വീപ്പര്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, വാച്ച്മാന്‍ എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.



ആകാശ വിസ്മയമായി ബക്ക് മൂൺ, കാണാൻ മൂന്നു ദിവസം

0

അകാശത്ത് അമ്പിളി തീർക്കുന്ന വിസ്മയത്തിന് കാത്ത് ലോകം. ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് ബുധനാഴ്ച രാത്രിയോടെ ആകാശത്ത് ദൃശ്യമാകും.

നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഏറ്റവും വലുതാണ് ഇന്ന് കാണാനാകുക. വെള്ളിയാഴ്ച രാത്ര വരെ ഇതേ വലിപ്പത്തിൽ ദൃശ്യമാവും. ഓഗസ്റ്റ് 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു.

ബക്ക് മൂണും തണ്ടർ മൂണും

ജൂലൈയില്‍ കാണുന്ന സൂപ്പര്‍മൂണ്‍ ബക്ക് മൂണ്‍ എന്നും തണ്ടര്‍ മൂണ്‍ എന്നും അറിയപ്പെടും. ആണ്‍ മാനുകളില്‍ (ബക്ക്) പുതിയ കൊമ്പുകള്‍ വളരുന്ന സമയമായതിനാലാണ് ഇവയെ ബക്ക് മൂണ്‍ എന്ന് വിളിക്കുന്നത്.

ഈ വർഷം ജൂൺ 14 ന് സാക്ഷ്യം വഹിച്ച സ്ട്രോബെറി മൂണ്‍ ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. ഇതിന്‍റെ ആകർഷകമായ ചിത്രങ്ങള്‍ ഇപ്പോഴും വൈറലാണ്. സ്ട്രോബെറി വിളവെടുപ്പ് സമയത്ത് പൂർണ്ണ സൂപ്പർമൂൺ ഉണ്ടായാല്‍ അതിനെയാണ് സ്ട്രോബെറി മൂണ്‍ എന്ന് വിളിക്കുന്നത്.

ചന്ദ്രന്‍ അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സാധാരണയെക്കാള്‍ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. ഇന്ന് അര്‍ധരാത്രി 12.08ഓടെ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ വെള്ളിയാഴ്ച രാത്രി വരെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ണമായും കാണാനാകും.

ഞാൻ മോ ഫറായല്ല, ഹുസൈൻ കാഹിൻ; കായിക ലോകത്തെ ഞെട്ടിച്ച് ഫറായുടെ ജീവിത സത്യം

‘എന്നെക്കുറിച്ച് നിങ്ങളറിഞ്ഞതൊന്നും സത്യങ്ങളല്ല. ഞാൻ മോ ഫറായല്ല, ഹുസെെൻ അബ്ദി കാഹിൻ ആണ്’– ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട്, മോ ഫറാ പറഞ്ഞു. ബ്രിട്ടന്റെ എക്കാലത്തെയും മികച്ച ദീർഘദൂര ഓട്ടക്കാരനാണ് മനുഷ്യക്കടത്തിൻ്റെ ഇരയായ ഫറാ.

ബിബിസിയുടെ ഡോക്യുമെന്ററിയിലായിരുന്നു കഴിഞ്ഞകാലത്തെക്കുറിച്ചുള്ള കണ്ണീരോർമകൾ ഫറാ പങ്കുവച്ചത്. ‘ദി റിയൽ മോ ഫറാ’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

ബ്രിട്ടന്റെ ട്രാക്ക് ആൻഡ് ഫീൽഡ് അഭിമാനമായ ഫറാ നാല് ഒളിമ്പിക്സ് മെഡലുകൾ നേടിയാണ് ചരിത്രമെഴുതിയത്. ഈ നേട്ടംകെെവരിക്കുന്ന ആദ്യ ബ്രിട്ടീഷ് താരവുമായി ഈ മുപ്പത്തൊമ്പതുകാരൻ.

മനുഷ്യക്കടത്തിൻ്റെ ഇര, പീഡനങ്ങളുടെ കുട്ടിക്കാലം

എന്നാൽ, എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ഫറായുടെ അതിജീവനത്തിന്റെ ചരിത്രമുണ്ട്. പ്രതിബന്ധങ്ങൾ മറികടന്ന് ലോകത്തെ മികച്ച താരമായി മാറിയതിന്റെ അനുഭവങ്ങൾ വിവരിക്കുകയാണ് ഫറാ ഈ ഡോക്യുമെന്ററിയിൽ.
മനുഷ്യക്കടത്തിന്റെ ഇരയായാണ് ഫറാ ബ്രിട്ടനിൽ എത്തിയത്. തുടർന്ന് വർഷങ്ങൾക്കുശേഷമാണ് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നത്.

‘ആഫ്രിക്കയിലെ സൊമാലിലാൻഡിൽ ഹുസെെൻ അബ്ദി കാഹിൻ എന്ന പേരിലായിരുന്നു എന്റെ ജനനം. എന്റെ മാതാപിതാക്കൾ ഒരുകാലത്തും ബ്രിട്ടനിൽ ജീവിച്ചിട്ടില്ല. എന്റെ നാലാംവയസ്സിലാണ് ആഭ്യന്തരകലാപത്തിനിടെ അച്ഛൻ കൊല്ലപ്പെടുന്നത്.’– -ഫറാ പറയുന്നു.
 കുടുംബത്തിനൊപ്പം ജീവിക്കുമ്പോഴാണ് ഒമ്പതാംവയസ്സിൽ ഫറാ ബ്രിട്ടനിലേക്ക് പറക്കുന്നത്. യൂറോപ്പിൽ ബന്ധുക്കളുണ്ടെന്നുപറഞ്ഞ് ഒരു സ്ത്രീയാണ് ഫറായെ കൊണ്ടുപോയത്. അന്ന് ആദ്യമായി ഫറാ വിമാനം കണ്ടു. അവർ മുഹമ്മദ് ഫറായെന്ന് മറ്റൊരു പേരിട്ടു. വ്യാജ യാത്രാരേഖകളുണ്ടാക്കി.

‘ബന്ധുക്കളുടെ വിലാസങ്ങൾ എന്റെ കെെയിലുണ്ടായിരുന്നു. എന്നാൽ, ആ സ്ത്രീ ആ കടലാസ് എന്റെ കെെയിൽനിന്ന് തട്ടിപ്പറിച്ചശേഷം കീറിക്കളഞ്ഞു. ആ നിമിഷം ഞാൻ മനസ്സിലാക്കി, എല്ലാം തകർന്നെന്ന്’.  കുളിമുറിയിൽ ഇരുന്ന് ഞാൻ ഏറെനേരം പൊട്ടിക്കരഞ്ഞു– ഫറാ ഓർമിക്കുന്നു.

വിദ്യാഭ്യാസം പോലും നിഷേധിച്ചു

ആ വീട്ടിലെ ജീവിതം ഫറാ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. കുടുംബത്തിലെ അംഗമായിപ്പോലും അവർ പരിഗണിച്ചില്ല. ആദ്യ ദിവസങ്ങളിൽ സ്കൂളിലേക്ക് വിട്ടില്ല. വീട്ടുജോലികൾ ചെയ്യിപ്പിച്ചു.

ലോകത്തിന് സമ്മാനിച്ചത് അധ്യാപകൻ്റെ കാരുണ്യം

അധ്യാപകനായ അലൻ വാറ്റ്കിൻസാണ് ഏഴു വർഷത്തിനുശേഷം ഫറായെ മറ്റൊരു വീട്ടിലേക്ക് മാറ്റുന്നത്. വാറ്റ്കിൻസൺതന്നെയാണ് ട്രാക്കിലേക്കും കൊണ്ടുവരുന്നത്. ബ്രിട്ടീഷ് പൗരത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ഒപ്പംനിന്നു. 2000ലാണ് പൗരത്വം ലഭിച്ചത്. ഏറെക്കാലത്തിനുശേഷം അമ്മയെയും സഹോദരങ്ങളെയും വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ചും ഫറാ വിവരിക്കുന്നുണ്ട്. മനുഷ്യക്കടത്തിന്റെയും അടിമത്വത്തിന്റെയും വേദനകളിൽനിന്ന് ഓട്ടമാണ് തന്നെ രക്ഷിച്ചതെന്ന് ഫറാ പറയുന്നു.

പതിനായിരം മീറ്ററിലും 5000 മീറ്ററിലും രണ്ട് ഒളിമ്പിക്സുകളിൽ ഫറാ ബ്രിട്ടനുവേണ്ടി സ്വർണം നേടിയിട്ടുണ്ട്. 2012, 2016 ഒളിമ്പിക്സുകളിലായിരുന്നു നേട്ടം.