കുസാററിൽ സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും നാല് പേർ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

0

കൊച്ചി കുസാറ്റിൽ തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേർ മരിക്കാനിടയായ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച് വിശദീകരണം നൽകാൻ ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കേസ് എടുത്തത്.

കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, , കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 

കളമശ്ശേരി മെഡിക്കൽ കോളേജിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങൾ ദുരന്തം ഉണ്ടായ ഓഡിറ്റോറിയത്തിൽ പരിശോധന നടത്തി. തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുസാറ്റ് സിൻഡിക്കറ്റ് യോഗം വിളിച്ചിരുന്നു.

ചോദിച്ചത് 5 ലക്ഷം, ആറുവയസുകാരിയ തട്ടിക്കൊണ്ടു പോയ സംഘത്തിൽ മൂന്നു പുരുഷൻമാരും യുവതിയും

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടുന്ന സംഘം. ഇവർ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടത് ഒരു കടയിലെ ജീവനക്കാരിയുടെ ഫോൺ വായ്പവാങ്ങിയാണ്. അവർ പറയുന്നത്……

‘രാത്രി 7.30ന് ഓട്ടോ കടയുടെ മുന്നില്‍ നിര്‍ത്തി. ഒരു ആണും പെണ്ണും ഡ്രൈവറും ഓട്ടോയിലുണ്ടായിരുന്നു. ഭര്‍ത്താവെന്ന് പറയുന്നയാള്‍ ബിസ്‌ക്കറ്റ് ഉണ്ടോയെന്നാണ് ചോദിച്ചാണ് കടയിലേക്ക് വന്നത്. റസ്‌ക്കും നാളികേരവും വാങ്ങി. ഇതിനിടെ ഫോണ്‍ എടുക്കാന്‍ മറന്നുവെന്ന് പറഞ്ഞ സ്ത്രീ, എന്റെ മൊബൈല്‍ഫോണ്‍ വാങ്ങി സംസാരിക്കുകയായിരുന്നു. സ്ത്രീ മൊബൈല്‍ തിരികെ നല്‍കിയതോടെ 500 രൂപയുടെ നോട്ട് നല്‍കി.

ബാക്കിതുക തിരികെ കൊടുത്തു. പാരിപ്പള്ളി ഭാഗത്തുനിന്നു വന്ന ഇവര്‍ പള്ളിക്കല്‍ ഭാഗത്തേക്കാണ് പോയത്. കണ്ടുപരിചയമുള്ളവരല്ല. 35 വയസ് സ്ത്രീക്കും 45 വയസ് പുരുഷനും പ്രായം തോന്നിക്കും. പുരുഷന്‍ കാക്കി പാന്‍റ്സാണ് ധരിച്ചത്. സ്ത്രീ തലയിലൂടെ ഷാള്‍ ഇട്ടിരുന്നു. എന്നാല്‍ ഇരുവരേയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും”- പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി പറഞ്ഞു. ഇവരുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ അമ്മയ്ക്ക് ഫോണ്‍ വന്നത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാനവ്യാപകമായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജൊനാഥന്‍ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്.

കാറ്റാടിമുക്കില്‍വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന്‍ പറയുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്.

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ആസൂത്രിതം, മോചന ദ്രവ്യം ആവശ്യപ്പെട്ടത് വ്യാപാര സ്ഥാപനത്തിലെ യുവതിയുടെ ഫോണിൽ നിന്ന്

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോണ്‍ കോളിന്റെ ഉറവിടം പോലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നത്.

വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നത്. പക്ഷേ ഫോണ്‍ വിളിച്ചത് അവരല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഓട്ടോയില്‍ വന്ന ഒരു പുരുഷനും സ്ത്രീയും കടയിലേക്ക് കയറി സ്ത്രീയുടെ മൊബൈല്‍ ഒരു ഫോണ്‍ വിളിക്കാനുണ്ടെന്ന കാരണം പറഞ്ഞുവാങ്ങി. അതിനുശേഷമാണ് കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടത്. 5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കടയിലുണ്ടായിരുന്ന സ്ത്രീയ്ക്ക് ഇവര്‍ എന്താണ് സംസാരിച്ചത് എന്നത് വ്യക്തമായില്ല.ഓട്ടോയില്‍ വന്ന ഇരുവരെയും കുറിച്ചാണ് അന്വേഷണം.

ഇതോടെ ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് ഉറപ്പായി. സംസ്ഥാനവ്യാപകമായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അഭിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്.

കാറ്റാടിമുക്കില്‍വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന്‍ പറയുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം. കാറിനടുത്തെത്തിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ഒരാള്‍ ഒരു പേപ്പര്‍ നല്‍കി അമ്മയ്ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. താന്‍ ഇത് നിരസിച്ചെങ്കിലും അഭികേല്‍ പേപ്പര്‍ വാങ്ങി. ഈ സമയം കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റുകയറ്റി. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ സംഘം കമ്പുകൊണ്ട് അടിച്ചു. പിന്നാലെ കുട്ടിയുമായി കടന്നുകളഞ്ഞു. – സഹോദരന്‍ ജൊനാഥന്‍ പറഞ്ഞു.

വിവരമറിഞ്ഞ് നാട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വെളുത്ത നിറമുള്ള കാറിലാണ് സഹോദരിയെ തട്ടിക്കൊണ്ടുപോയതെന്നും ആ കാര്‍ കുറച്ചുദിവസമായി വീടിനടുത്ത് ഉണ്ടായിരുന്നുവെന്നും സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.

അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി. തട്ടിക്കൊണ്ടുപോയവര്‍ മുഖംമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരന്‍ ജൊനാഥന്‍ അറിയിച്ചു. ജൊനാഥനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. കുറച്ചുനേരം ജൊനാഥനെ വലിച്ചിഴച്ച സംഘം പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന്റെ ഭാഗമായി ജൊനാഥന് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതില്‍ ഒരു സ്ത്രീയുമുണ്ട്.

മൊബൈൽ റീചാർജിന് സർവീസ് ചാർജ് ഏർപ്പെടുത്തി ഗൂഗിൽ പേ

0

ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്താൽ ഇനി അധിക പണം നൽകേണ്ടി വരും. പേയ്ടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ നേരത്തെ തന്നെ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഇതിനെതിരെ യാതൊരു പ്രതിഷേധവും നിയന്ത്രണവും ഉണ്ടായില്ല. ​ഗൂ​ഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കളാണ് അധിക രൂപ നൽകേണ്ടി വരിക.

ബാങ്ക്ങ് രംഗത്തെ സർവ്വീസ് ചാർജുകൾ രാജ്യത്തെ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളുടെ വൻ സമാഹരണ മാർഗ്ഗമാണ് ഇപ്പോൾ. നിശ്ശബ്ദമായി ഇതിനെല്ലാം അനുകൂലമായ നിലപാട് നിലവിൽ വന്നു. ഉപഭക്തൃ സംഘടനകൾ എല്ലാം നിസ്സഹായവും നിർവ്വീര്യവുമാക്കപ്പെട്ടു. ഇപ്പോൾ ഗൂഗിൾ പേയും മറ്റ് ഇതേ സേവനദാതാക്കളുടെ പിറകെ എത്തുകയാണ്.

അറിയിപ്പു പോലും ഇല്ലാത്ത ചൂഷണം

​ഗൂ​ഗിൾ പേ സർവീസ് ചാർജിന്റെ കാര്യം ഔദ്യോ​ഗികമായി ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ​ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് മൂന്ന് രൂപ അധികമായി നൽകേണ്ടി വന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ​ജി-പേയും റീചാർജിനായി സർവീസ് ചാർജ് ഏർപ്പെടുത്തിയത് അറിയുന്നത്.

നൂറ് രൂപയ്ക്ക് താഴെ വരുന്ന ഫോൺ റീചാർജുകൾക്ക് കൺവേയൻസ് ഫീ വരില്ല. എന്നാൽ നൂറ് രൂപയ്ക്കും 200 രൂപയ്ക്കും മധ്യേ വരുന്ന റീചാർജുകൾക്ക് രണ്ട് രൂപയും 200-300 രൂപയ്ക്ക് മധ്യേ വരുന്ന റീചാർജുകൾക്ക് മൂന്ന് രൂപയുമാണ് അധിക ചാർജ് വരിക. 300 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കും മൂന്ന് രൂപ തന്നെയാണ് കൺവേയൻസ് ഫീ ആയി ഈടാക്കുക.

ഇനി മുതൽ അതത് ടെലിക്കോം ഓപറേറ്ററുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ റീചാർജ് ചെയ്താൽ മാത്രമേ കൺവേയൻസ് ഫീ കൂടാതെ റീചാർജ് സാധ്യമാകൂ എന്ന് ചുരുക്കം.

സിറിയൻ അഭയാർഥികളുടെ കഥ പറഞ്ഞ പോൾ ലിഞ്ചിന് ബുക്കർ പ്രൈസ്

0

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന്. സിറിയൻ യുദ്ധവും അഭയാർഥി പ്രശ്നവുമാണ് ആഖ്യാനം ചെയ്യുന്നത്. രാജ്യം സമ​ഗ്രാധിപത്യത്തിലേക്കും കലാപങ്ങളിലേക്കും കൂപ്പുകുത്തുമ്പോൾ ഒരു കുടംബം നേരിടുന്ന പ്രശ്നങ്ങളാണ് നോവലിന്റെ ഇതിവൃത്തം. വികാരനിർഭരമായ കഥപറച്ചിലും ശക്തമായ ഭാഷയുമാണ് ലിഞ്ചിനെ പുരസ്കാരത്തിനർഹനാക്കിയത്.

46കാരനായ പോൾ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് ‘പ്രോഫറ്റ് സോങ്’. ബുക്കർ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്. അയർലണ്ടിൽ പ്രചാരത്തിലുള്ള ‘സൺഡേ ട്രിബ്യൂൺ’ എന്ന ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്നു.

തന്റെ രാജ്യത്തേക്ക് പുരസ്കാരം തിരികെ കൊണ്ടുവരാൻ‍ കഴിഞ്ഞത് അഭിമാനം. ഡബ്ലിനിൽ ഉണ്ടായ കലാപങ്ങൾ ആശങ്കയും അമ്പരപ്പും ഉണ്ടാക്കി. എന്നാൽ ഈ അടുത്ത കാലത്തുണ്ടായ ആഭ്യന്തര കലാപവുമായി നോവലിന് ബന്ധമില്ല. 18 മാസം മുൻപ് പുസ്തകം എഴുതിതീർത്തതാണെന്നും പോൾ ലിഞ്ച് പറഞ്ഞു.

ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്.

റെഡ് സ്കൈ ഇൻ മോർണിംഗ്, ദ ബ്ലാക്ക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ, എന്നിവയാണ് മറ്റ് നോവലുകൾ.

കേരളത്തിൻ്റെ പ്രതിസന്ധി പരിഹരിക്കാൻ അർഹതപ്പെട്ടത് തന്നാൽ മതി – മുഖ്യമന്ത്രി

0

കേന്ദ്ര ഫണ്ടുകള്‍ കൃത്യമായി ലഭ്യമാകാത്തതാണ് കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. ഇതിനു മറിയിടാൻ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അർഹതപ്പെട്ടത് കിട്ടണം

“നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യം. ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെവിഹിതവും ഗ്രാന്‍റും അർഹതപ്പെട്ടത് കിട്ടേണ്ടതുണ്ട്.”

സംസ്ഥാനത്തിൻ്റെ ബാധ്യത കൂട്ടുന്ന കേന്ദ്ര പദ്ധതികൾ

കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്. പിഎംഎവൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല.

കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ. ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതു സമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണ്.

കേരളത്തിൻ്റെ മുന്നേറ്റത്തിന് ശിക്ഷിക്കുന്നു

കേരളം സാമൂഹിക ഉന്നമനത്തിന്‍റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല. എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവെച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്‍റെ വിഹിതം തടഞ്ഞു വെച്ചത് ഇപ്പോൾ റിലീസ് ചെയ്യേണ്ടി വന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സെപ്തംബറില്‍ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല. കേരളത്തില്‍ ആകെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതിന്‍റെ 16.62% പേര്‍ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍. 8,46,456 പേര്‍.

മികച്ച നടത്തിപ്പ്, കടുത്ത അവഗണന

80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്‍ഷന്‍ 300 രൂപ. കേരളം കേന്ദ്രത്തിന്‍റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും 1600 രൂപ നല്‍കുന്നു. കേന്ദ്രസര്‍കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു. കേന്ദ്രതൊഴിലുറപ്പു പദ്ധതിയോടുള്ള കേന്ദ്ര സമീപനവും വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ തൊഴിലുറപ്പു പദ്ധതി നടക്കുന്നത് കേരളത്തിലായിട്ടും ഏകദേശം 2 കോടിയുടെ തൊഴില്‍ ദിനങ്ങളാണ് രണ്ട് വര്‍ഷം കൊണ്ട് നമുക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.

ജി എസ് ടിയുടെ കാര്യം സൂചിപ്പിക്കാം. ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്‍റെ നികുതി അവകാശങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിലവിലുള്ള സ്ഥിതി അനുസരിച്ച് 2022 ജൂണ്‍ 30ന് അവസാനിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് പഴയ വാറ്റ് നികുതിക്കാലത്തെ വാര്‍ഷിക വളര്‍ച്ചയിലേക്ക് എത്തുമെന്ന ധാരണ അനുസരിച്ചാണ് നഷ്ടപരിഹാരം അഞ്ചുവര്‍ഷം എന്ന് നിശ്ചയിച്ചത്. എന്നാല്‍ കോവിഡും പ്രളയവും മറ്റ് പകര്‍ച്ചവ്യാധികളും പൊതു സാമ്പത്തിക തളര്‍ച്ചയും കാരണം രാജ്യത്ത് പൊതുവെ സാമ്പത്തിക വളര്‍ച്ച വേണ്ടത്ര ഉണ്ടായില്ല. ഇതുകാരണം ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാലാവധി വര്‍ദ്ധിപ്പിക്കണമെന്ന് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. പ്രതിവര്‍ഷം 12,000 കോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നത് 2022 ജൂണ്‍ 30ന് നിര്‍ത്തലാക്കി. വലിയ നഷ്ടം സംസ്ഥാനത്തിന് വന്നു. ഇത് ചൂണ്ടിക്കാണിച്ച് പകരം നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്.

കുടിശ്ശികയിൽ അവ്യക്തത

ജിഎസ്ടി സംബന്ധിച്ചുള്ള കണക്ക് എ ജി നല്‍കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിഷയം മാറ്റാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിക്കുന്നത്. എല്ലാ കണക്കും സംസ്ഥാനം അക്കൗണ്ടന്‍റ് ജനറലിന് സമര്‍പ്പിച്ചു കഴിഞ്ഞതാണ്. അത് ജിഎസ്ടി കൗണ്‍സിലിന് നല്‍കേണ്ടത് എ.ജി ആണ്. നഷ്ടപരിഹാര തുകയുടെ കുടിശികയല്ല നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് കേരളത്തിന്‍റെത്. 2017-18 മുതല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള വിവിധ തുകകള്‍ കുടിശ്ശികയാണ്. ഇതിന്‍റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. 2021 മാര്‍ച്ച് 31 ന് മുന്‍പ്തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഉദ്യോഗസ്ഥര്‍ കേന്ദ്രതലത്തില്‍ ചര്‍ച്ചയും നടത്തിയിട്ടുണ്ട്. എന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ല.

നെല്ല് സംഭരണ ഇനത്തില്‍ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നല്‍കേണ്ടി വരുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ബാങ്ക് വായ്പയായാണ് കാലതാമസം വരുത്താതെ കൃഷിക്കാരന് നല്‍കുന്നത്. ഇതിന്‍റെ പലിശ ബാദ്ധ്യതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്രം എപ്പോള്‍ പണം നല്കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്നമാണത്.

ഇത്തരത്തില്‍ യഥാസമയം ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടുകൂടിയാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നത്. എന്നാല്‍, ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരില്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം കുറക്കുകയാണ്. 2017 മുതല്‍ കിഫ്ബിയും, പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്‍റെ വരുമാന മാര്‍ഗങ്ങളെല്ലാം തടയുന്നു. ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നു. സ്വന്തമായി വഴികണ്ടെത്തി വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അതിനും തടസ്സം നില്‍ക്കുന്നു. സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയാറാകാതെ, ഏന്തെല്ലാമോ ഞങ്ങൾ ഇവിടെ ചെയ്തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായി പ്രചരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്.

നവകേരള സദസിൽ കോൺഗ്രസ് നേതാക്കൾ ആരും പോയിട്ടില്ല, വി ഡി സതീശൻ

0

നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ് അത് ലംഘിച്ചാൽ നടപടിയെടുക്കും. നവകേരള സദസ് നടക്കുന്ന ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി കരുതൽ തടങ്കലിലെടുക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നുവെന്നും സി പി എം പ്രവർത്തകരും പോലീസും നിയമം കൈയ്യിലെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ജോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കഴുത്ത് ഞ്ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയിൽ കറുത്തവർഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ച് കൊന്നിരുന്നു. അമേരിക്കയിൽ നിന്നും കോഴിക്കോടേക്ക് വലിയ ദൂരമില്ലന്ന് കാണിക്കുന്നതാണത്. മുഖ്യമന്ത്രിയുടെ വാഹനത്തിനാപ്പം പോകുന്നവർ മാരകായുധങ്ങളുമായാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രി രാജാവല്ല. രാജാവിനെക്കാൾ വലിയ രാജഭക്തി ചിലർ കാണിക്കുന്നു. കറുപ്പ് കണ്ടാൽ കരുതൽ തടങ്കലിലാക്കുകയാണ്. ശബരിമലക്ക് പോകുന്ന അയ്യപ്പൻമാർ സൂക്ഷിക്കണമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

കുസാറ്റ് ദുരന്തം പോലീസ് ഗൗരവകരമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച പരിശോധിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. കേരളത്തിൽ സർക്കാർ മികച്ചതാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞിട്ടില്ല. ആ വ്യാഖ്യാനം തെറ്റാണ്. കേരളത്തിലെ പോലെ രാജസ്ഥാനിലും തുടർഭരണം കിട്ടുമെന്നാണ് പറഞ്ഞത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത് ഒരു ഏജൻസിയാണ്. തെളിവുകൾ പാർട്ടിയുടെ പക്കലില്ല. മൂന്നംഗ പാർട്ടി കമ്മീഷൻ സംഭവം അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കണിച്ചാറിൽ ക്ഷീരകർഷകൻ ജീവനൊടുക്കി, സഹരണ ബാങ്കിൻ്റെ ജപ്തി നൊട്ടീസ് കിട്ടിയതിന് പിന്നാലെ മരണം

0

കണ്ണൂർ കണിച്ചാറിൽ കടബാധ്യതയിൽ ക്ഷീര കർഷകൻ ജീവനൊടുക്കി. സഹകാരിയും പൊതു പ്രവർത്തകനുമായ കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ഈ മാസം 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌ ആയിരുന്നു ആൽബർട്ട്.  20വര്‍ഷത്തോളം കൊളക്കാട് ക്ഷീര സംഘത്തിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച ആല്‍ബര്‍ട്ട് പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകനായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഇന്ന് രാവിലെ ഭാര്യ വത്സ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്‍റെ പേരാവൂര്‍ ശാഖയില്‍നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി വായ്പ എടുക്കുന്നത്. ഇതിന്‍റെ കുടിശ്ശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരില്‍ ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നത്. പലയിടത്തുനിന്നും പണം ലഭിക്കാന്‍ ആല്‍ബര്‍ട്ട് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

തിരുവനന്തപുരം ചലച്ചിത്ര മേളയിൽ എൻട്രി പാസിന് ജി എസ് ടി ഏർപ്പെടുത്തി

0

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള (IFFK)യിൽ റിജിസ്ട്രേഷൻ ഫീസിന് ജി.എസ്.ടി. ഏർപ്പെടുത്തി. വിദ്യാർഥികൾ ഉൾപ്പെടെ ഇനി പാസിന് നികുതി നൽകണം. വിദ്യാർഥികൾക്ക് അഞ്ഞൂറിൽനിന്ന് 590 രൂപയായും മറ്റുള്ളവർക്ക് ആയിരത്തിൽനിന്ന് 1180 രൂപയുമായി വർധിച്ചു.

ഓൺലൈൻ റിജസ്ട്രേഷനും കുറച്ചു

ഓൺലൈൻ രജിസ്‌ട്രേഷൻ തിയേറ്ററുകളിലെ ആകെ സീറ്റിന്റെ 70 ശതമാനമാക്കി പരിമിതപ്പെടുത്തി. 30 ശതമാനം സീറ്റ് തിയേറ്ററുകളിൽ നേരിട്ടെത്തുന്നവർക്ക് നീക്കിവെച്ചു.

ഉത്തരകാശിയിൽ എന്താണ് സംഭവിച്ചത്, ഇന്ത്യ അന്വേഷണത്തിന് തയാറാകണമെന്ന് ടണലിഗ് വിദഗ്ധൻ അർണോൾഡ് ഡിക്സ്

ഉത്തരകാശി തുരങ്ക അപകടത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധൻ അർണോൾഡ് ഡിക്സ് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ അന്വേഷണം അത്യാവശ്യമാണ്. ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷന്റെ തലവനാണ് അർണോൾഡ് ഡിക്സ്.

നേരത്തെ ഹൈവെ അതോറിറ്റിക്ക് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കരാറുകാരെ സഹായിക്കും വിധം പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിലവ് കുറച്ച് ടണൽ നിർമ്മിക്കുന്നതിന് സാഹചര്യം ഒരുക്കി എന്നായിരുന്നു ഇത്.

ഇതിനിടെ ഉത്തരകാശിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡിക്സ് ഇന്ത്യയിൽ എത്തിയത്. സഹായത്തിനായി അദ്ദേഹത്തെ ബന്ധപ്പെടുകയും രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ തിങ്കളാഴ്ച അദ്ദേഹം ദുരന്തസ്ഥലത്തെത്തുകയും ആയിരുന്നു.

രക്ഷിക്കാനാവും, പ്ലാനിംഗും സുരക്ഷയും വേണം

ലോകത്ത് തന്നെ അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ നിരവധി സ്ഥലങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്. സങ്കീർണമായ രക്ഷാപ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകാറുള്ളത്. ഉത്തരകാശിയിലെ തുരങ്കം ഇടിഞ്ഞ് വീണതിനാൽ കൃത്യമായ പ്ലാനിംഗും സുരക്ഷയും ആവശ്യമാണെന്ന് നിക്‌സ് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാവുമെന്നും, സാഹചര്യം അനുകൂലമാണെന്നും അദ്ദേഹം വിലയിരുത്തുകയും ചെയ്തു.

രക്ഷാദൗത്യത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ നിന്ന് എത്തിച്ച പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിച്ചു നീക്കുന്ന നടപടി തുടരുകയാണ്. മെഷീൻ ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കിയാൽ പൈപ്പിനകത്ത് ആളുകൾ കയറി ഇരുമ്പ് കമ്പികളും അവശിഷ്ടങ്ങളും നീക്കം ചെയ്യണം. രാത്രിയോടെ പൈപ്പുകൾ തൊഴിലാളികളുടെ അടുത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം മെഷീന്റെ 29 മീറ്റർ ഭാഗം മുറിച്ചു നീക്കിയത്. ഇനിയും ബാക്കി മുറിച്ച് നീക്കാനുള്ളത് 14 മീറ്ററാണ്.

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാവുകയാണ്. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയത്. ആ യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനുള്ള ശ്രമമാണ് തുടരുന്നത്. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.

യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകൂ. ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ് നടത്തുന്നത്.