പീഡനം സഹിക്കാതെ ഹോട്ടൽ മുറിൽനിന്നും മഹിളാ മോർച്ച നേതാവിൻ്റെ ലൈവ്, ജില്ലാ അധ്യക്ഷനെ പുറത്താക്കി

മഹിളാമോർച്ച നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി സോലാപൂർ റൂറൽ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്‌മുഖിനെ പാർട്ടി പുറത്താക്കി. ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പതോടെയാണ്‌ നേതാവിനെതിരെ പാർട്ടിക്ക്‌ നടപടി എടുക്കേണ്ടിവന്നത്‌. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.

താൻ ഹണിട്രാപ്പിന് വിധേയനായതാണെന്നാണ് ശ്രീകാന്ത് ദേശ്‌മു‌ഖിന്റെ വാദം. ശ്രീകാന്ത് ദേശ്‌മുഖുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട സ്‌ത്രീ വീഡിയോയിൽ പറയുന്നതായി കാണാം. ഇപ്പോൾ ഇയാൾ തന്നെ ചതിച്ചുവെന്നും മറ്റൊരു സ്‌ത്രീയുമായി ബന്ധത്തിലാണെന്നും ആരോപിക്കുന്നുണ്ട്.

സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ശ്രീകാന്ത് ദേശ്മുഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പണം തട്ടിയെന്ന കുറ്റത്തിന് മുംബൈ പോലീസ് കേസെടുത്തു.

സെറ്റ് പരീക്ഷ ജൂലൈ 22 ന്

സെറ്റ് 2022 പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം.  ഇത് തപാൽ മാർഗ്ഗം ലഭിക്കില്ല. പരീക്ഷാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.  അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.

SSC പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്ക് അവസരം

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇൻകം ടാക്സ്, കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി, സിബിഐ, തുടങ്ങിയ ഇരുപതോളം ഡിപ്പാർട്ടുമെൻ്റുകളിലെ ഓഫീസർ/അസിസ്റ്റൻ്റ് പോസ്റ്റുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബിരുദ തലത്തിലും ഹയർ സെക്കൻ്ററി തലത്തിലും നടത്തുന്ന പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്ക് സൗജന്യ സെമിനാർ.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബിരുദതലത്തിലും ഹയർ സെക്കൻ്ററി തലത്തിലും നടത്തുന്ന തെരഞ്ഞെടുപ്പ് പരീക്ഷകളെ കുറിച്ച് അറിയാനും തയാറെടുപ്പുകൾക്കും ഈ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും മാർഗ്ഗ നിർദ്ദേശവും ലഭിക്കും.

നേരിട്ടോ ഓൺലൈനായോ അറ്റൻ്റ് ചെയ്യാം. സംശയ നിവാരണത്തിനും അവസരം ഉണ്ടാവും.

കോഴിക്കോട് കേന്ദ്രമായുള്ള പരീക്ഷാ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ടീംമേറ്റ്സ് അക്കാദമിയാണ് സൌജന്യ അവസരം ഒരുക്കുന്നത്. കേന്ദ്ര സർവ്വീസസ് പരീക്ഷകളിൽ ഉന്നത നിലയിൽ വിജയം നേടിയവരുടെ നേതൃത്വത്തിലാണ് ഇത്.

SSC CGL Tier 1 ഡിസംബറിലും CHSL Tier 1 Exam 2023 ഫെബ്രുവരി മാർച്ച് കാലയളവിലുമാവും നടക്കുക. പുതിയതായി ഈ പരീക്ഷ ലക്ഷ്യം വെക്കുന്നവർക്കും അവസരം പ്രയോജനപ്പെടുത്താം

ജൂലായ് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് വെബിനാർ ആരംഭിക്കും. 9120779966 എന്ന നമ്പറിൽ പേരു നൽകി റജിസ്ട്രേഷൻ നേടാം. റജിസ്ട്രേഷൻ പ്രകാരം മാത്രമാവും പ്രവേശനം

മദ്യ വില്പനയിൽ 18 കോടി ലിറ്റിറിൻ്റെ റെക്കോഡ്; കച്ചവടം ചെയ്യുന്നത് ഏറ്റവും ശോചനീയ നിലവാരത്തിൽ

കഴിഞ്ഞ ഒരു വർഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സർക്കാർ വിറ്റത് 18 കോടി ലിറ്റർ മദ്യം. പ്രതിദിനം മലയാളി കുടിക്കുന്നതാകട്ടെ അഞ്ചു ലക്ഷം ലിറ്റർ. വിപണിയിൽ ഇത്രയും വലിയ ഇടപാട് സ്വന്തമായുള്ള ഏജൻസി ആണെങ്കിലും ഏറ്റവും മോശമായി നിലവാരത്തിൽ കച്ചവടം തുടരുന്ന സംഘമാണ് സർക്കാരിനു കീഴിലെ രണ്ട് മദ്യവില്പന കോർപ്പറേഷനുകളും. നിയമപരമായി യാതൊരു വിധത്തിലും അംഗീകരം ലഭിക്കാത്ത അത്രയും മോശമായ ഔട്ട്ലെറ്റുകളിൽ പോലും വില്പന നടത്തുന്നുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമാണ്. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്.

ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വർഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം. ഇത് കുത്തനെ കൂടി

ഇത്തവണ സർക്കാരിന് ലഭിച്ച വരുമാനം 16 619 കോടി രൂപ. 2021 മെയ് മുതൽ ഈ വർഷം മേയ് വരെയുള്ള കണക്കാണിത്. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വർഷം 7 കോടി 82 ലക്ഷം ലിറ്റർ ബിയറും 12 ലക്ഷം ലിറ്റർ വൈനും വിൽപ്പന നടത്തി.

വിഷുവും ഈസ്റ്ററും ഒന്നിച്ചുവന്നതോടെ ഏപ്രിൽ 13, 14 ദിവസങ്ങളിൽ 133 കോടിയുടെ മദ്യവിൽപ്പനയാണ് നടന്നു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് 2021 ഡിസംബർ മാസമാണ്. 1643 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഈ മാസം നടന്നത്.

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ, പ്രസിഡൻ്റ് ഒളിച്ചോടി

0

 ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ബുധനാഴ്ച രാവിലെ രാജ്യം വിട്ടു. മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും രക്ഷപെട്ടിരിക്കുന്നത്.

രാജ്യംവിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രസിഡന്റ് ഉടന്‍ രാജിവെക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. വന്‍ജനക്കൂട്ടമാണ് വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.

മാലദ്വീപിലെത്തിയ ഗോതാബയയെയും ഒപ്പമുള്ളവരെയും പോലീസ് സുരക്ഷയോടെ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഗോതാബയ രാജപക്‌സയുടെ അനിയനും മുന്‍ ധനമന്ത്രിയുമായിരുന്ന ബേസില്‍ രാജപക്‌സെയും രാജ്യംവിട്ടെന്നാണ് സൂചന.

രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയി

വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തില്‍ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് പുറപ്പെട്ട രാഹുല്‍ ഞായറാഴ്ചയോടെയാവും മടങ്ങിയെത്തുക.

ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്. ഇതിനിടയിലാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.

ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസിലെ ആഭ്യന്തര തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും വിലയിരുത്താന്‍ വ്യഴാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തിലും രാഹുല്‍ ഉണ്ടാവില്ല. എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്‍മാരും പങ്കെടുക്കുന്ന നിര്‍ണായക പാര്‍ട്ടി യോഗമാണിത്.

രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല.

ഓണം ബമ്പർ 25 കോടി, ആകെ 3,97,911 പേർക്ക് സമ്മാനം

കണ്ണ് തള്ളിക്കുന്ന തുകയുമായി ഇക്കൊല്ലത്തെ ഓണം ബമ്പർ. ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി.

രണ്ടാം സമ്മാനം 5 കോടി രൂപയായും ഉയർത്തി. മാത്രമല്ല 3,97,911 പേർക്കാണ് ഈ വർഷം ഓണം ബമ്പർ ലോട്ടറിയിൽ സമ്മാനം ലഭിക്കുക. പത്താം സമ്മാനം വരെയുണ്ടാവും കഴിഞ്ഞ വർഷം ആറാം സമ്മാനം വരെയായിരുന്നു. ആകെ സമ്മാന തുക 72 കോടി രൂപയാവും

മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപയാവും. 25 കോടി സമ്മാനം ലഭിക്കുന്നവർക്ക് 15.75 കോടി രൂപ ലഭിക്കും. രണ്ടു കോടി രൂപ ഏജൻ്റിനും ലഭിക്കും. ഒരു ടിക്കറ്റ് വിറ്റാൽ 96 രൂപ ലഭിക്കും. കഴിഞ്ഞ വർഷം 58 രൂപയായിരുന്നു

ടിക്കറ്റ് വില 500 രൂപയായിരിക്കും. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നു. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് തുക 300 രൂപയും സമ്മാനം 12 കോടിയുമായിരുന്നു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ആവശ്യ പ്രകാരമാണ് തുക ഉയർത്തിയത്.

ജൂലയ് 18 ന് വില്പന തുടങ്ങും സപ്തംബർ 18 ന് നറുക്കെടുപ്പ്.

യുവാവ് റോഡിൽ കഴുത്തറുത്ത് മരിച്ചത് സുഹൃത്ത് ചങ്ങാത്തം വിട്ടതിലുള്ള പ്രതിഷേധം

കലൂരില്‍ യുവാവ് റോഡരികിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്തതിനു പിന്നില്‍ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമെന്ന് പോലീസ്. സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേല്‍പിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫര്‍ ക്രൂസ് തിങ്കളാഴ്ച കലൂര്‍ മാര്‍ക്കറ്റിന് സമീപം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തത്.

പരിക്കേറ്റ സച്ചിന്റെ മൊഴിയില്‍ നിന്നാണ് ആത്മഹത്യയുടെ കാരണം സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചത്.

സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍, ക്രിസ്റ്റഫറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സച്ചിന്‍ തീരുമാനിച്ചത് ക്രിസ്റ്റഫറിനെ പ്രകോപിതനാക്കുകയായിരുന്നു. തിങ്കളാഴ്ച സച്ചിനെ കലൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയും ആവശ്യം നിരസിക്കപ്പെട്ടതോടെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും സച്ചിന്‍ ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്റ്റഫര്‍ ഇവിടെ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

മഹിളാമോർച്ച നേതാവിൻ്റെ മരണം യുവമോർച്ച നേതാവ് ഒളിവിൽ

മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ പ്രതിയായ യുവമോർച്ച നേതാവിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ. ആവശ്യപ്പെട്ടു. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള യുവമോർച്ച പ്രവർത്തകൻ പ്രജീവിനെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

റെയിൽവേ ജീവനക്കാരനായ ഇയാൾക്കെതിരെ നടപടിയെടുക്കാൻ റെയിൽവേ അധികൃതർക്ക്‌ നിവേദനം നൽകുമെന്നും ഡി വെ എഫ്‌ ഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റ്‌ പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാൾക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാണ്‌. ഇത്‌ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്നാണ് പൊലീസ് പറയുന്നത്.

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്. ഇയാളുടെ പാർട്ടി ബന്ധം ബി ജെ പി നിഷേധിച്ചിരുന്നു.

പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണം. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമെന്നും വിവരങ്ങൾ തൻ്റെ ഫോണിലുണ്ടെന്നും ശരണ്യ ആത്മഹത്യ കുറുപ്പിൽ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷററാണ് ശരണ്യ. പ്രജീവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അഞ്ചു പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്.

എസ്എഫ്ഐ സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് കോടതിയുടെ വിമർശനം

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണം പൂർത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്നും കോടതി പറഞ്ഞു.

2016ൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം പൂർത്തിയാക്കിയില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജാമ്യം ദുരുപയോഗം ചെയ്‌തു. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്‌തു. അന്വേഷണം പൂർത്തിയാക്കാത്ത ഘട്ടത്തിൽ പ്രതിക്ക് യാതൊരു ആനുകൂല്യവും നൽകാനാകില്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് വിജു അബ്രഹാമിന്റെ ബെഞ്ചാണ് ആർഷോയ്ക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് കേസിലെ പുരോഗതിയെ വിമർശിച്ചത്. 2018 ൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലാണ് ആർഷോ കസ്റ്റഡിയിലുള്ളത്. നേരത്തെ ആർഷോക്ക് ജാമ്യം നൽകിയിരുന്നുവെങ്കിലും നിബന്ധനകൾ ലംഘിച്ചതിനാൽ റദ്ദാക്കുകയായിരുന്നു.

വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ജില്ല കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പിന്നീട് പരാതി.

വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ എറണാകുളം ജില്ലാ ജയിലിൽ ഇപ്പോഴും റിമാൻഡിലാണ്. കൊച്ചി സെൻട്രൽ പൊലീസായിരുന്നു എസ്എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തത്.

ജില്ലാ കോടതിയിൽ ജാമ്യ ഹർജി നൽകിയെങ്കിലും അത് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. ഈ സാഹചര്യത്തിലായിരുന്നു വിമർശനം

ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. വിവിധ കേസുകളിൽ പ്രതിയായ ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിനും പൊതുപരിപാടികളിലും പങ്കെടുത്തിട്ടും പൊലീസ് പിടികൂടാത്തതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.