സംഗീതജ്ഞന്‍ പീറ്റര്‍ ലെസ്ലി (81) അന്തരിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വയലിനും ഗിത്താറും ഓര്‍ഗനും തുടങ്ങി സംഗീതം അഭ്യസിപ്പിച്ച ഗുരുവാണ്. കീബോര്‍ഡിസ്റ്റ് സീഫന്‍ ദേവസ്സി, ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോര്‍ജ്ജ് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രശസ്തരായ ശിഷ്യരാണ്. കേരള സംഗീതനാടക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ബാലന്‍ കെ നായരും കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും വേഷമിട്ട ദേശപോഷിണി നാടകങ്ങളുടെ അണിയറയില്‍ സംഗീതകാരനായ പീറ്റര്‍ ലെസ്ലി ഉണ്ടായിരുന്നു. ഗായകന്‍ ഉണ്ണി മേനോനൊപ്പം വിദേശരാജ്യങ്ങളില്‍ ഗാനമേളകളില്‍ പങ്കെടുത്തിരുന്നു.
ഡോളിയാണ് ഭാര്യ, ലാനി, ലീന ലിന്‍സി എന്നിവരാണ് മക്കള്‍.
പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിലെ ഹിംസാ ഭാവത്തെ കുറിച്ച് വിവാദം. വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭത്തെ രൌദ്ര ഭാവത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ബുദ്ധത്വത്തിലേക്ക് ഉയർന്ന അശോക ചക്രവർത്തിയുടെ കാലത്താണ് ദേശീയ ചിഹ്നമായി മാറിയ ഈ സ്തംഭം സ്ഥാപിച്ചത്. ബുദ്ധത്വത്തെ വിളംബരം ചെയ്യുന്ന സ്തംഭമാണ് ഹിംസാഭാവത്തിൽ പണിതീർത്തിരിക്കുന്നത്.
ഇതോടൊപ്പം ഭരണഘടനാ വിരുദ്ധമായിട്ടാണ് പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതെന്ന വിമർശനവും ഉയർന്നു. ഇത് നിയമ ലംഘനമാണെന്നും ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതാണ് രൂക്ഷമായ വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്.
നരഭോജികളുടെ ഭാവം – ആർ ജെ ഡി
യഥാര്‍ത്ഥ ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവമാണെന്നും ആര്‍ജെഡി വിമര്‍ശിച്ചു. ഓരോ ചിഹ്നവും ഒരോ മനുഷ്യന്റെ ചിന്തയെ കാണിക്കുന്നു, ചിഹ്നങ്ങള്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവം അറിയിക്കുന്നുവെന്നും ആര്‍ജെഡി ട്വിറ്റീല്‍ പരിഹസിക്കുന്നു.
ഗാന്ധിജിയും ഗോഡ്സെയും തമ്മിലെ വ്യത്യാസം – പ്രശാന്ത് ഭൂഷൺ
പ്രധാനമന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തെ ഗോഡ്‌സെയോടും യഥാര്‍ത്ഥ അശോക സ്തംഭത്തെ മഹാത്മാ ഗാന്ധിയോടുമാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടവിസ്റ്റുമായ പ്രഷാന്ത് ഭൂഷണ്‍ താരതമ്യം ചെയ്തത്.
‘ഗാന്ധി മുതല്‍ ഗോഡ്‌സെ വരെ; ഗാംഭീര്യത്തോടെയും സമാധാനത്തോടെയും ഇരിക്കുന്ന സിംഹങ്ങളുള്ള നമ്മുടെ ദേശീയ ചിഹ്നത്തില്‍ നിന്ന്, സെന്‍ട്രല്‍ വിസ്തയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ അനാച്ഛാദനം ചെയ്ത പുതിയ ദേശീയ ചിഹ്നം തുറന്നുകാട്ടപ്പെട്ട ദംഷ്ട്രകളുള്ള കോപാകുലരായ സിംഹങ്ങളോടെയാണ്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ’ – പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
ദേശീയ ചിഹ്നം മാറ്റുന്നവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കണോ വേണ്ടയോ എന്ന് 130 കോടി ഇന്ത്യക്കാരോട് തനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.
ഭരണഘടനാ വിരുദ്ധ നടപടി – സിപിഎം
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേര്‍തിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്.
എക്സിക്യൂട്ടീവിന്റെ തലവനാണ് പ്രധാനമന്ത്രി. നിയമങ്ങള്‍ നിര്‍മ്മിക്കുക, എക്സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവര്‍ത്തിക്കാന്‍ അതിന്റേതായ സ്വതന്ത്ര രീതിയുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്ക് ഭരണഘടന വേര്‍തിരിച്ചു നല്‍കിയ അധികാരങ്ങളെ ഇകഴ്ത്തുകയാണ് എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തത്.
മാത്രമല്ല ചടങ്ങില്‍ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്തു. എല്ലാ ഇന്ത്യാക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാവാത്ത അവകാശമാണ്.
ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസനിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയര്‍ത്തിപിടിക്കുമെന്നും അധികാരമേല്‍ക്കുമ്പോള്‍ എടുത്ത സത്യപ്രതിജ്ഞ കര്‍ക്കശമായി പാലിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും സിപിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.
നിർമ്മാണത്തിലെ ഭാവം മോഡിയുടേതെന്ന് ജാവർ സിർക്കാർ
പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ അനാച്ഛാദനം ചെയ്ത അശോക ചിഹ്നം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നു. യഥാര്‍ഥ ദേശീയ ചിഹ്നത്തില്‍ സിംഹങ്ങള്‍ക്കുള്ള ഭാവമല്ല പാര്‍ലിമെന്റ് മന്ദിരത്തില്‍ നിര്‍മിച്ചിരിക്കുന്നതിന് എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശില്‍പം ഉടന്‍ തന്നെ മാറ്റണമെന്നാണ് ആവശ്യം. ശരിക്കുള്ള ദേശീയ ചിഹ്നത്തില്‍ സിംഹങ്ങളുടെ ഭാവം ഭംഗിയുള്ളതും ആത്മവിശ്വാസമുള്ളതുമാണെന്നും പാര്‍ലിമെന്റില്‍ സ്ഥാപിച്ചിരിക്കുന്നവയില്‍ ആക്രോശത്തിന്റെ ഭാവമാണെന്നുമാണ് തൃണമൂല്‍ നേതാവ് ജാവര്‍ സിര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്റില്‍ നിര്‍മിച്ചിരിക്കുന്നത് മോദിയുടെ വശമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
തൃണമൂല്‍ എം.പിയായ മഹുവ മൊയ്ത്രയും ഇതേ അഭിപ്രായം ട്വിറ്ററില്‍ കുറിച്ചു.
രൂപം നൽകിയത് ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച്
ആറര മീറ്റര്‍ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ അശോക സ്തംഭമാണ് പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത്. ഇതിന് താഴെ 6,500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിര്‍മിച്ചിട്ടുണ്ട്.
ക്ലേ മോഡലിങ്, കംപ്യൂട്ടര്‍ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉള്‍പ്പെടെ എട്ടു ഘട്ടങ്ങളിലൂടെയാണ് ദേശീയചിഹ്നം രൂപപ്പെടുത്തിയത്. 6.5 മീറ്റർ ഉയത്തിലാണ് ഇതിൻ്റെ നിർമ്മാണം. അനാച്ഛാദന ചടങ്ങിനിടെയാണ് പൂജാ കര്‍മങ്ങളിലും പ്രധാന മന്ത്രി പങ്കെടുത്തത്.
അത്രയും കലാത്മകവും തത്വചിന്താപരവുമായ നിർമ്മിതിയെ രാജ്യത്തെ പാർലമെൻ്റിന് മുന്നിൽ തന്നെ തെറ്റായ ഭാവത്തിൽ അവതരിപ്പിച്ചത് സോഷ്യൽ മീഡിയും ഏറ്റെടുത്തിരിക്കയാണ്.
1,250 കോടി രൂപ മുതല്‍മുടക്കിലാണ് പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ പ്രധാന ആകര്‍ഷണമായ പാര്‍ലിമെന്റ് മന്ദിരം, ടാറ്റ പ്രോജക്ട്സാണ് നിര്‍മിക്കുന്നത്. ശൃംഗേരി മഠത്തിലെ പൂജാരിമാരായിരുന്നു തറക്കല്ലിടലിനു മുമ്പ് ഭൂമിപൂജ നടത്തിയത്.
പദ്ധതിക്ക് എതിരെ വിമർശനങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. നിശ്ചയ ദാർഡ്യത്തോടെ മോഡി സർക്കാർ മുന്നോട്ട് പോയി. സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതി പ്രവൃത്തി തുടങ്ങിയത്. 20,000 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി ഉപേക്ഷിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.
Delhi | PM Narendra Modi unveiled the 6.5m long bronze National Emblem cast on the roof of the New Parliament Building today morning. He also interacted with the workers involved in the work of the new Parliament. pic.twitter.com/sQS9s8aC8o
പ്ലസ്ടു പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് കൂടി നേടാൻ സഹായിക്കുന്നതാണ് വി.എച്ച്.എസ്.സി കോഴ്സുകൾ. തൊഴിൽ പഠിക്കുക മാത്രമല്ല അതിൻ്റെ അടിസ്ഥാനത്തിൽ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള പാഠങ്ങളും കിട്ടും. സ്വദേശത്തായാലും വിദേശത്തായാലും ഒരു തൊഴിൽ കയ്യിലുണ്ടാവും.
വി എച്ച് എസ് സി എന്തൊക്കെ പഠിക്കണം, വിഷയങ്ങൾ ഏതൊക്കെ
വിഷയങ്ങൾ
ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് (entrepreneurship) ഡെവലപ്മെൻൻ്റ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനപ്രദമായ ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് സഹായകരമാകും. സ്വയംസംരംഭകരാകാൻ വേണ്ട നൈപുണികൾ രൂപപ്പെടുത്താനാണ് ഓൺട്രപ്രണർഷിപ്പ്.
കൂടാതെ മൂന്നു പരമ്പരാഗത വിഷയങ്ങളും ഒരു തൊഴിലധിഷ്ഠിത വിഷയവും ഉൾപ്പെടെ നാല് ഓപ്ഷണൽ വിഷയങ്ങളും പഠിക്കണം. ഓപ്ഷണൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏതൊക്കെ വിദ്യാലയങ്ങളിൽ തൊട്ടടുത്തായി അവ ലഭ്യമാണ് എന്ന് അറിയണം. ഇത് https://vhscap.kerala.gov.in/vhse_cms/index.php സൈറ്റിൽ തന്നെ അറിയാം
വിഷയം കോമ്പിനേഷനുകൾ
നാലു വിഷയ കോമ്പിനേഷനുകളെ വിഷയങ്ങളനുസരിച്ച് നാലു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്.
ഗ്രൂപ്പ് എ- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം:
-പവർ ടില്ലർ ഓപ്പറേറ്റർ *അസിസ്റ്റൻറ് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, *ഫോർവീലർ സർവീസ് ടെക്നീഷ്യൻ, *ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഹെൽപ്പർ, *ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ *ഡ്രാഫ്റ്റ്‌സ് പേഴ്സൺ സിവിൽ വർക്സ് *ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് *ഫാബ്രിക് ചെക്കർ *ഫീൽഡ് ടെക്നീഷൻ എയർ കണ്ടീഷണർ *ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ് *ഗ്രാഫിക് ഡിസൈനർ *ചെക്കർ ഇൻലൈൻ ആൻഡ് മെഷർമെൻറ് *ജൂനിയർ സോഫ്റ്റ്‌വേർ െഡവലപ്പർ *മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ്-പ്ലാസ്റ്റിക്സ് പ്രോസസിങ് *ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ *പ്ലംബർ ജനറൽ *സോളാർ എൽ.ഇ.ഡി. ടെക്നീഷ്യൻ *ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.)
ഗ്രൂപ്പ് ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം:
*അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ-ഫാഷൻ ഹോം ആൻഡ് മെയ്ഡപ്‌സ് * വെജിറ്റബിൾ ഗ്രോവർ * ബേബി കെയർഗിവർ *ബ്യൂട്ടി തെറാപ്പിസ്റ്റ് *െഡയറി പ്രോസസിങ് എക്വിപ്മെൻറ് ഓപ്പറേറ്റർ *അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ *െഡയറി ഫാം ഓൺട്രപ്രണർ *ഡയറ്ററ്റിക് എയ്ഡ് *ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നീഷ്യൻ *ഫിഷിങ് ബോട്ട് മെക്കാനിക് *ഫിറ്റ്നസ് ട്രെയിനർ *ഫ്ലോറികൾച്ചറിസ്റ്റ് *ലാബ് ടെക്നീഷ്യൻ-റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ *ഗാർഡനർ *ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി) *ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലെറ്റ്) ടെക്നീഷ്യൻ *മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ *ഓർഗാനിക് ഗ്രോവർ *ഓർണമെൻറൽ ഫിഷ് ടെക്നീഷ്യൻ *ഷ്റിംപ് ഫാർമർ *സ്മോൾ പൗൾട്രി ഫാർമർ *ഇൻറീരിയർ ലാൻഡ്സ്കാപ്പർ *സെൽഫ് എംപ്ലോയ്ഡ് ടെയ്‌ലർ (പി.ഡബ്ല്യു.ഡി.).
ഗ്രൂപ് സി.യിൽ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.
ഗ്രൂപ് ഡി.യിൽ അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ്: ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യുട്ടീവ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്സ് എന്നീ വൊക്കേഷണൽ വിഷയങ്ങൾ ഉണ്ട്.
യോഗ്യത
എസ്.എസ്.എൽ.സി. ഓരോ പേപ്പറിനും കുറഞ്ഞത് ഡി-പ്ലസ്/തുല്യ യോഗ്യത. പ്രായവ്യവസ്ഥയുണ്ട്. അപേക്ഷ ഓൺലൈനായി തന്നെ നൽകാം. വഴി ജൂലായ് 18 വരെ നൽകാം [ഹയർ സെക്കൻഡറി (വൊക്കേഷണൽ) ലിങ്ക് വഴി]. പ്രോെസ്പക്ടസും ഇതേ ലിങ്കിൽ ലഭിക്കും.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ 2024 ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങളുമായി ഉന്നതർ നേർക്കു നേർ രംഗത്ത് ഇറങ്ങി തുടങ്ങി.
“തിരക്കുള്ള ലോകകാര്യങ്ങള്‍ നോക്കുന്ന കേന്ദ്രമന്ത്രി, കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ കാണാന്‍ വന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകും. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏല്‍പിച്ചുവെന്നാണ് കേള്‍ക്കുന്നത്. ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ട്” – മുഖ്യമന്ത്രി പറഞ്ഞു.
വിദേശകാര്യമന്ത്രി ഫ്ളൈ ഓവറിന് മുകളിൽ നിൽക്കുന്ന ചിത്രം പത്രങ്ങളിൽകണ്ട് വല്ലാത്ത ആശ്‌ചര്യം തോന്നി. നമ്മുടെ രാജ്യം ലോകത്തെ പ്രധാന രാജ്യങ്ങളിലൊന്നാണ്. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇത്ര തിരക്കുള്ള ഘട്ടത്തിൽ ഒരു പാലം കാണാൻ വന്നത് ചിലതിന്റെയെല്ലാം തുടക്കമാണ്. കേവലമൊരു ഫ്‌ളൈഓവർ കാണലല്ല അത്. 18 മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണത്. കഴക്കൂട്ടം ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലം ജയ്‌ശങ്കറിനെ ഏൽപ്പിച്ചതിനെ തുടർന്നുള്ള സന്ദർശനമാണ്.
കഴിഞ്ഞദിവസം എത്തിയ ജയശങ്കര്‍ മൂന്നുദിവസമാണ് തിരുവനന്തപുരത്ത് പര്യടനം നടത്തുക. ആദ്യദിവസം യുവാക്കളും വിദ്യാര്‍ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ് അത് തുറന്നുകാട്ടുന്ന സമീപനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ദേശീയപാതാ വികസനത്തില്‍ അവകാശവാദവുമായി ചിലര്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴക്കൂട്ടം ഫ്‌ളൈ ഓവറില്‍ ജയശങ്കര്‍ സന്ദര്‍ശനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ വിമര്‍ശനം.
മറുപടിയുമായ് വി മുരളീധരൻ
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിദേശകാര്യമന്ത്രി എന്നാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ലെന്നും അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണമെന്നും മുരളീധരന്‍ പറഞ്ഞു.
എല്ലാ അടവുകളുമായി കേരളത്തിലേക്ക്
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങള്‍ എന്ന ലക്ഷ്യത്തോടെ തന്നെയാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പി. വൃത്തങ്ങള്‍ ഇത് പരസ്യമായി സമ്മതിച്ചിട്ടില്ല എങ്കിലും.
കോഴിക്കോട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് താക്കൂർ വിളിച്ചുചേർത്ത മാധ്യമ സ്ഥാപന ഉടമകളുടെയും എഡിറ്റോറിയൽ മേധാവികളുടെയും യോഗത്തിൽ ഇടതുപക്ഷ മാധ്യമങ്ങൾക്കും മുസ്ലിം മാനേജ്മെന്റുകളുടെ മാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയതായി വിവാദം ഉണ്ടായിരുന്നു. ഇതര മാധ്യമങ്ങളെ കൂടെ നിർത്താനും വാർത്തകൾ ആസൂത്രണം ചെയ്യാനും പരോക്ഷ സ്വാധീന ശ്രമമെന്ന് ഈ യോഗത്തെ കുറിച്ച് വാർത്തകൾ തന്നെ വന്നു.
കോഴിക്കോടും വിവാദമായി
കോഴിക്കോട് ട്രൈപെൻഡ ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് ദേശാഭിമാനിയേയും കൈരളി ന്യൂസിനേയും ജനയുഗത്തെയും മറ്റും ഒഴിവാക്കിയത്. മുസ്ലിം മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള മീഡിയവൺ, മാധ്യമം, ചന്ദ്രിക, സിറാജ്, സുപ്രഭാതം തുടങ്ങിയ മാധ്യമങ്ങൾക്കും ക്ഷണമുണ്ടായില്ല. കോൺഗ്രസിന്റെ ചാനലായ ജയ്‌ഹിന്ദിനെയും ഒഴിവാക്കി. കേരളത്തിൽ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാൻ മാധ്യമ പിന്തുണ ഉറപ്പാക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കൊച്ചി ഓഫീസ് 40 മാധ്യമങ്ങളുടെ പട്ടിക നിർദേശിച്ചിരുന്നുവെങ്കിലും 20 മാധ്യമങ്ങളെ മാത്രം പങ്കെടുപ്പിക്കാനായിരുന്നു അനുമതി. വിദേശകാര്യമന്ത്രി ജയശങ്കർ തിരുവനന്തപുരത്ത് എത്തിയത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി തന്നെ പ്രതികരണവുമായി എത്തി.
തിങ്കളാഴ്ച കഴക്കൂട്ടം ഫ്‌ളൈ ഓവറിൻ്റെ നിര്‍മാണപ്പുരോഗതി ജയ്ശങ്കര്‍ വിലയിരുത്തി. ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജണല്‍ ഓഫീസര്‍ ബി.എല്‍.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായാണ് 2.7 കിലോമീറ്റര്‍ ദൂരമുള്ള ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നത്. ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയില്‍ കഴക്കൂട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും. 90 ശതമാനവും പണി പൂര്‍ത്തിയായ ഫ്‌ളൈ ഓവര്‍ ഉടന്‍തന്നെ ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
മദ്യകമ്പനികളുടെ കമ്മീഷൻ ഇടപാട് പൊളിക്കാൻ ശ്രമിച്ച ബിവറേജസ് കോർപറേഷൻ എം.ഡി. എസ്. ശ്യാംസുന്ദറിനെ സ്ഥാനത്തുനിന്ന് നീക്കി. മദ്യക്കുപ്പികളിൽ ബാർകോഡ് കൊണ്ടുവരാൻ ശ്രമിച്ചത് ഈ രംഗത്തെ കുത്തക കമ്പനികളുടെയം എക്സൈസ് തലവരുടെയും വിദ്വേഷത്തിന് കാരണമായിരുന്നു.
കൂടാതെ കമ്പനികളുടെ വിലകൂട്ടാതിരുന്നതും സ്ഥിരം ബ്രാൻഡുകൾ വിതരണം ചെയ്യുന്നവരുടെ കുത്തക അവസാനിപ്പിക്കാൻ നോക്കിയതും ശ്യാംസുന്ദറിനെ വൻകിട മദ്യക്കമ്പനികൾക്ക് അപ്രിയനാക്കിയിരുന്നു.
മദ്യക്കമ്പനി പ്രതിനിധികളും വിതരണക്കാരും സർക്കാരുമായി നടത്തിയ ചർച്ചകൾക്കുപിന്നാലെയാണ് ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഡി.ഐ.ജി.യായി മാറ്റിയുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങിയത്.
സർക്കാർ നിയന്ത്രണത്തിലുള്ള മദ്യ കോർപ്പറേഷനുകളിൽ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ബ്രാൻ്റ് എന്നതിന് പകരം ഇടനിലക്കാർക്ക് നേട്ടമുള്ളത് എന്ന മാനദണ്ഡമാണ് പുലരുന്നത് എന്ന് ആരോപണമുണ്ടായിരുന്നു. മാത്രമല്ല കോടികളുടെ ബിസിനസിൽ ഇടനില ലോബ വളരെ ശക്തവുമാണ്. എക്സൈസ് വകുപ്പിനും ഓവർ ടൈം പോലുള്ള നേട്ടങ്ങൾ പരോക്ഷമായും ഉണ്ട്.
പോലീസ് ആസ്ഥാനത്തെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. യോഗേഷ് ഗുപ്തയാണ് ബെവ്കോയുടെ പുതിയ എം.ഡി. യോഗേഷ് ഗുപ്ത നേരത്തേ ബെവ്കോ എം.ഡി.യായിരുന്നു. തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനെത്തുടർന്നാണ് ഏഴുമാസമായപ്പോൾ അദ്ദേഹത്തെ മാറ്റിയത്.
ബാർകോഡ് നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് എക്സൈസിലെ ഉന്നതരും ശ്യാംസുന്ദറിനെതിരേ തിരിഞ്ഞു. ബാർകോഡുവന്നാൽ എക്സൈസുകാരുടെ ഇടപെടൽ കുറയുമെന്നും ഓവർടൈം ഇല്ലാതാകുമെന്നും മദ്യക്കമ്പനികളിന്മേലുള്ള പിടി അയയുമെന്നും തിരിച്ചറിഞ്ഞായിരുന്നു ഇത്.
ശ്യാംസുന്ദറിന്റെ കാലത്ത് സമ്പൂർണ കംപ്യൂട്ടർവത്കരണം, വിൽപ്പനശാലകളിലുൾപ്പെടെ സി.സി.ടി.വി. സ്ഥാപിക്കൽ, പഞ്ചിങ് നടപ്പാക്കൽ, മദ്യക്കുപ്പികളിൽ ബാർകോഡ് നടപ്പാക്കാനുള്ള ശ്രമം, പ്രത്യേക ബ്രാൻഡുകളുടെ കുത്തക അവസാനിപ്പിച്ച് കൂടുതൽ മദ്യക്കമ്പനികളെ ഉൾപ്പെടുത്തൽ തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നു. ടേൺഓവർ ടാക്സ് മദ്യക്കമ്പനികൾ നേരിട്ട് സർക്കാരിലേക്ക് അടയ്ക്കണമെന്നും ഉത്തരവിറക്കി.
എസ് ശ്യാം സുന്ദർ
ഈ പരിഷ്കരണങ്ങളെല്ലാം മദ്യവിതരണക്കാർക്കും ഇടനിലക്കാർക്കും അസ്വസ്ഥതയുണ്ടാക്കി. വിലകുറഞ്ഞ മദ്യം നൽകുന്നതിൽനിന്ന് പ്രമുഖകമ്പനികൾ വിട്ടുനിന്നു. വിൽപ്പനശാലകളിൽ ബഹളമുണ്ടായതും എം.ഡി.ക്ക് എതിരാവുകയും ചെയ്തു.
പഞ്ചിങ് നടപ്പാക്കിയത് സംഘടനാപ്രവർത്തനം നടത്തുന്ന നേതാക്കളെയുൾപ്പെടെ വെട്ടിലാക്കിയിരുന്നു. ഭൂരിഭാഗം ജീവനക്കാരെയും നേതാക്കൾ പഞ്ചിങ്ങിനെതിരേ രംഗത്തുകൊണ്ടുവന്നു.
ബാർകോഡ് നടപ്പാക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന ലേബലിങ് തൊഴിലാളികളെ ചില്ലറ വിൽപ്പനശാലകളിലേക്കു മാറ്റാൻ നീക്കം നടത്തിയതും പ്രശ്നമായി.
പയ്യന്നൂർ ടൌണിലുള്ള ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളില്‍ ആളില്ലായിരുന്നു.
പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവന്‍ എന്ന പേരിലുള്ള ഓഫീസ് സ്ഥിതിചെയ്യുന്നത്. ജനൽ ചില്ല് തകരുക മാത്രമാണ് ഉണ്ടായിട്ടുള്ളത്
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പോലീസ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.
ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പയ്യന്നൂര്‍ രാമന്തളിയിലെ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ധനരാജിന്റെ രക്തസാക്ഷി ദിനം ഇന്നെലെയായിരുന്നു. ഇതിനെ തുടർന്ന് പ്രതേഷേധ സാഹര്യം നിലനിന്നിരുന്നു. ധന്‍രാജിന്റെ കൊലപാതകം നടന്ന സമയത്തും ആര്‍എസ്എസ് ഓഫീസ് തീയിട്ട് നശിപ്പിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്.
റിപ്പോര്‍ട്ടര്‍ ടി.വിയാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വിട്ടത്. പുതിയ യൂട്യുബ് ചാനല്‍ തുടങ്ങുന്ന വിവരം ശ്രീലേഖ ദിലീപിനെ അറിയിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.
‘എന്റെ യൂട്യുബ് ചാനലാണ് സമയം കിട്ടുമ്പോള്‍ കണ്ടു നോക്കു, ഞാന്‍ ഒറ്റക്ക് ആരുടെയും സഹായമില്ലാതെയാണ് ചെയ്യുന്നത്’ എന്നും ശ്രീലേഖ ചാറ്റില്‍ പറയുന്നു. ‘ഓകെ ഷുവര്‍’ എന്നാണ് ദിലീപ് മറുപടി നല്‍കിയിരിക്കുന്നത്.
2021 ജൂലൈ ഒന്നിന് നടത്തിയ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റുകള്‍.
കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വിവാദ വീഡിയോ പുറത്തുവിട്ടത്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്‍. ശ്രീലേഖ നടത്തിയത്.
താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവുമില്ലാതിരിക്കെയാണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നുവന്നതെന്നും അവര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
മുൻ ഡിജിപിയെ ചോദ്യം ചെയ്തേക്കും
വിഷയത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴിയെടുക്കുമെന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ നീക്കം നടത്തുന്നുണ്ടെന്നും അറിയുന്നു.
ശ്രീലേഖയുടെ അഭിപ്രായ പ്രകടനങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക.
ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശം.
സ്വപ്ന സുരേഷിൻ്റെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ എച്ച്.ആര്‍.ഡി.എസ് എന്ന എൻജിഓ സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു.
ഷോളയൂര്‍ പോലീസാണ് രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്നുമെത്തിയത്. ആദിവാസി ഭൂമി കയ്യേറിയതുൾപ്പെടെ കേസുകളിൽ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഷോളയാര്‍ വട്ടലക്കി എന്ന സ്ഥലത്ത് പട്ടിക്കവര്‍ഗ വിഭാഗത്തില്‍പ്പെട്ട രാമന്‍ എന്ന ആളുടെ ഭൂമി കയ്യെറിയതിനാണ് കേസ്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനുതീവെച്ചു അവരെ ഒഴിപ്പിച്ചുസ്ഥലം കയ്യറിയെന്നും ആരോപണമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്നുമെത്തിയത്.
സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആര്‍.ഡി.എസ്. സർക്കാർ ഇതര ക്ഷേമ സംഘടനയായ ഇവർക്ക് ആർ എസ് എസ് ബന്ധമുള്ളതായി സ്വപ്നസുരേഷ് വെളിപ്പെടുത്തലോടെ വാർത്തയായി.
സ്വപ്ന സുരേഷിനെ 40000 രൂപ മാസ ശമ്പളം നൽകിയാണ് നിയമിച്ചിരുന്നത്. പിന്നീട് വെളിപ്പെടുത്തൽ തന്നെ വിവാദത്തിലായതോടെ തൽസ്ഥാനത്ത് നിന്നും നീക്കി.
തൊഴിൽ പദവിയിൽ നിന്നും മാറ്റി ഡയറക്ടറാക്കി
നാല് മാസം മുമ്പാണ് സ്വപ്‌ന സുരേഷിന് എച്ച്.ആര്‍.ഡി.എസില്‍ ജോലി ലഭിച്ചത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചത്.
മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി. ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് എന്‍.ജി.ഒയുടെ പ്രധാന പദവികളിലിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് ആര്‍.എസ്.എസ് അനുകൂല സംഘടനയില്‍ ജോലി ലഭിച്ചതെന്ന് സി.പി.എം ആരോപിച്ചിരുന്നു.
സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നായിരുന്നു എച്ച്.ആർ.ഡി.എസ് നേരത്തെ പറഞ്ഞിരുന്നത്. കാർ അടക്കം വിട്ടു നൽകി സഹായിക്കുന്നത് സ്വപ്ന എച്ച്.ആർ.ഡി.എസ് ജീവനക്കാരി ആയതിനാലാണ്. സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതാണെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലായ് 21 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി.
നേരത്തെ ജൂണ്‍ എട്ടിന് ഹാജരാകേണ്ടിയിരുന്ന സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂണ്‍ 12 ന് സോണിയയെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 20 നാണ് ആശുപത്രി വിട്ടത്. വിശ്രമത്തിനുള്ള കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ജൂണ്‍ 23 ന് ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് രാഹുല്‍ ചോദ്യം ചെയ്യലിന് വിധേയനായത്. 2016 മുതല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം നടന്നു വരികയാണ്. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ സോണിയയും രാഹുലുമാണ് ഭൂരിഭാഗം ഓഹരികളുടേയും ഉടമകള്‍. ഇരുവര്‍ക്കും 38 ശതമാനം വീതം ഓഹരികള്‍ സ്വന്തമാണ്. 2013 ല്‍ സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് യങ് ഇന്ത്യനെതിരെ അന്വേഷണം ആരംഭിച്ചത്.
ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് യങ് ഇന്ത്യനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള അസ്സോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡാണ് നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകര്‍. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച അസ്സോസിയേറ്റഡ് പ്രസിനെ യങ് ഇന്ത്യന്‍ ഏറ്റെടുക്കുമ്പോള്‍ വന്‍തോതിലുള്ള അഴിമതി നടന്നതായാണ് ആരോപണം.
കലൂരില്‍ പൊതു നിരത്തിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവമുണ്ടായത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് മരണപ്പെട്ടത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.
ദേശാഭിമാനി ജംഗ്ഷന് സമീപമുള്ള പെറ്റ് ഷോപ്പിന് മുന്നില്‍ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാതയേരത്തെ പോസ്റ്റില്‍ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രയിലെത്തിക്കും മുമ്പുതന്നെ മരിച്ചു.
യുവാവിന്റെ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തികൊണ്ട് കൈയിലും കഴുത്തിലും ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.