വയനാട്, കാസറഗോഡ് ജില്ലകളിൽ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി

0

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച (11.7.2022) അവധി പ്രഖ്യാപിച്ചു.

ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

കാസറഗോഡ് ജില്ലയിലും കനത്ത മഴ തുടരുകയാണ്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യമാണ്. ഇതു കാരണം നാളെ (ജൂലൈ 11 തിങ്കൾ ) ജില്ലയിലെ അങ്കണവാടികൾക്കും സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.

മഴ തുടരും,ഇടിയും മിന്നലും ശ്രദ്ധിക്കുക

0

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴപെയ്യും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചയിടങ്ങളിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം വടക്കന്‍ കേരളത്തിലെ ഇരുവഞ്ഞിപ്പുഴ (കോഴിക്കോട്), ചന്ദ്രഗിരി (കാസര്‍ഗോഡ്), ചാലിയാര്‍ (മലപ്പുറം), പുല്ലന്‍തോട് (പാലക്കാട്), പയസ്വിനി (കാസര്‍ഗോഡ്), ചാലക്കുടി (തൃശൂര്‍), ഷിറിയ (കാസര്‍ഗോഡ്), പെരിയാര്‍ (എറണാകുളം), കണ്ണാടിപ്പുഴ (പാലക്കാട്), കുറ്റ്യാടി (കോഴിക്കോട്), കോതമംഗലം (എറണാകുളം), തെക്കന്‍ കേരളത്തിലെ നെയ്യാര്‍ (തിരുവനന്തപുരം) എന്നീ നദികളിലെ ജലനിരപ്പ്‌ ഉയരുന്നതായും മുന്നറിയിപ്പുണ്ട്.

ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെയും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അണക്കെട്ടിന്റെയും പരിസരങ്ങളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ പരിസരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ജലസേചനത്തിനായുള്ള മീങ്കര, മംഗലം അണക്കെട്ടുകളുടെ പരിസരങ്ങളില്‍ ബ്ലൂ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര (ഇടുക്കി), നെയ്യാര്‍ (തിരുവനന്തപുരം), ശിരുവാണി (പാലക്കാട്), കുറ്റ്യാടി (കോഴിക്കോട്), കല്ലട (കൊല്ലം), കാരാപ്പുഴ (വയനാട്), കാഞ്ഞിരപ്പുഴ (പാലക്കാട്), മീങ്കര (പാലക്കാട്), പീച്ചി (തൃശൂര്‍), മണിയാര്‍(പത്തനംതിട്ട), ഭൂതത്താന്‍കെട്ട് (എറണാകുളം), മംഗലം, മൂലത്തറ (പാലക്കാട്), പഴശ്ശി (കണ്ണൂര്‍) അണക്കെട്ടുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം.

ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഓരോ സംഘങ്ങളെ വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്.

മെസ്സി മുത്തമിടുമോ ? ഖത്തർ ലോകകപ്പിനുള്ള അർജൻ്റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു

0

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത് അഡിഡാസാണ്. പുതിയ ജഴ്‌സി ധരിച്ച മെസ്സിയുടേയും എയ്ഞ്ചല്‍ ഡി മരിയയുടേയും ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ജിയോ ലോ സെല്‍സോ, ജൂലിയന്‍ അല്‍വാരസ്, മാറ്റിയാസ് സോലെ എന്നിവരും ജഴ്‌സിയുടെ ഫോട്ടോ പങ്കുവച്ചു

നവംബറിൽ ആരംഭിക്കുന്ന ടൂർണമെന്റിലെ അർജന്റീനയുടെ പ്രകടനത്തെ പതിവ് നിറത്തിലുള്ള ഈ കിറ്റ് നിശ്ചയിക്കുമോ .ഖത്തർ ലയണൽ മെസ്സിയുടെ അഞ്ചാമത്തെയും അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വലിയ മത്സരത്തിൽ വിജയിക്കുന്നതിനുള്ള അവസാനത്തെയും അവസരമായിരിക്കും.

മെസിയുടെ കരിയറിൽ ഉടനീളം കിട്ടാതെ പോയ ഒരു പ്രധാന ട്രോഫിയാണ്.

ഖത്തറിൽ അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിൽ ആണ് അർജന്റീനയുടെ സ്ഥാനം.

കൊളംമ്പോ നഗരം പ്രതിഷേധകരുടെ കയ്യിൽ; ശ്രീലങ്കൻ പ്രസിഡൻ്റ് സൈനിക കപ്പലിൽ ഒളിച്ചു കടന്നു

സാമ്പത്തിക പ്രതിസന്ധിയുടെ കെടുതികളിൽ ഉഴറുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചു. പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്രതിഷേധകർ കയ്യേറി. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിസന്നദ്ധത അറിയിച്ചതായും വാർത്തയുണ്ട്. ഒരു സൈനിക കപ്പലില്‍ കഴിയുകയാണ് പ്രസിഡൻ്റ്. അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കൈയടക്കുന്നതിന് മുമ്പേ അദ്ദേഹം രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പതിനായിരക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലുമാണ് പ്രക്ഷോഭകര്‍ കൊളംബോയിലേക്ക് എത്തിയത്. വിവിധ ഇടങ്ങളില്‍ റോഡ്, ട്രെയിന്‍ ഗതാഗതം പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. കൊളംമ്പോ നഗരം പൂര്‍ണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. രാജ്യതലസ്ഥാനത്തെ റോഡുകളിലും പ്രധാനപ്പെട്ട ഇടങ്ങളിലുമെല്ലാം പ്രക്ഷോഭകരാല്‍ നിറഞ്ഞു. കൂടുതല്‍ പ്രക്ഷോഭകര്‍ കൊളേമ്പോയിലേക്ക് ഒഴുകിയെത്തുകയാണ്.

പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചെത്തിയ പ്രക്ഷോഭകരെ തടയാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഭേദിച്ച് പ്രക്ഷോഭകര്‍ വസതി കയ്യേറുകയായിരുന്നു. രണ്ട് പോലീസുകാര്‍ അടക്കം 33 പേര്‍ക്ക് പ്രക്ഷോഭത്തില്‍ പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭത്തില്‍ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോര്‍ട്ട്. മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ, കുമാര്‍ സംഗക്കാര, മഹേള ജയര്‍ധനെ എന്നിവരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നിട്ടുണ്ട്. 15 ഓളം എംപിമാര്‍ പ്രസിഡന്റിനെതിരേ രംഗത്തെത്തി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തല്‍സ്ഥാനത്തുനിന്ന് മാറി പുതിയ ഭരണസംവിധാനം വരണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

പ്ലസ് വൺ പ്രവേശനം എങ്ങനെ ? ഓരോ ഘട്ടത്തിലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്ലസ് വൺ അപേക്ഷാ സമർപ്പണത്തിന് മുൻപ് ഓർത്തു വെക്കേണ്ട കാര്യങ്ങൾ പരിചയപ്പെടാം. പലതവണ അറിഞ്ഞാലും ശ്രദ്ധ കുറഞ്ഞാൽ ആവർത്തിക്കുന്ന പിഴവുകളുണ്ട്. പിഴവുകൾ തിരുത്താനും അവസരം ഉണ്ട്. എങ്കിൽ പോലും അവ സ്വയം പിന്നെയും ചെക്ക് ചെയ്ത് ഉറപ്പ് വരുത്തണം.

2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷ ഏകജാലക സംവിധാനത്തിലൂടെ

സിങ്കിൾ വിൻഡോ സംവിധാനത്തിലൂടെയാണ് ഹയര്‍ സെക്കണ്ടറി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഒരു ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി എന്നതാണ് ഈ ഒറ്റ വിൻഡോ സംവിധാനത്തിൻ്റെ മേന്മ.

അതു കൊണ്ട് തന്നെ അപേക്ഷ നല്‍കുന്നതിന് മുന്‍പേ ചേരാന്‍ ആഗ്രഹിക്കുന്ന കോഴ്‌സ്, സ്‌കൂളുകള്‍ ഇവയെപ്പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്

അപേക്ഷാ സമർപ്പണം എളുപ്പമാണ്. ഓൺലൈനായി സ്വന്തമായി തന്നെ സമർപ്പിക്കാം. സ്വന്തമായി സമർപ്പിക്കുന്നവർ ആദ്യം ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കണം. ഓരോ സ്റ്റെപ്പും അറിഞ്ഞു വെച്ച ശേഷം അപേക്ഷാ സമർപ്പണത്തിലേക്ക് കടക്കുക

നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സ് ഏതാണ്

  1. സയന്‍സ് 2.ഹ്യൂമാനിറ്റീസ് 3.കൊമേഴ്‌സ്
    എന്നിങ്ങനെ മൂന്നു മുഖ്യ കോഴ്‌സ് സ്ട്രീമുകളാണ് ഹയര്‍ സെക്കണ്ടറിയില്‍ ഉള്ളത്. ഇതില്‍ സയന്‍സില്‍ ഒന്‍പത് സബ്ജക്ട് കോമ്പിനേഷനുകളുണ്ട്.

(ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിൽ 40 എന്ന കോഡില്‍ ഒരു കോമ്പിനേഷന്‍ വേറെയും ഉണ്ട്)

ഹ്യുമാനിറ്റീസില്‍ 32 സബ്ജക്ട് കോമ്പിനേഷനുകളാണുള്ളത്

കൊമേഴ്‌സില്‍ നാല് സബ്ജക്ട് കോമ്പിനേഷനുകളുമാണ് ഉള്ളത്.

കോഡുകൾ

സയന്‍സില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകളില്‍ ഉള്ള സബ്ജക്ട് കോമ്പിനേഷന്‍ ’01’ എന്ന കോഡിലാണ്. ഇങ്ങനെ ഓരോ സബ്ജക്ട് കോമ്പിനേഷനും ഓരോ കോഡ് നമ്പർ ഉണ്ടായിരിക്കും.

ഇത് അപേക്ഷ നല്‍കുമ്പോള്‍ ആവശ്യമാണ്. ഇഷ്ടമുള്ള കോമ്പിനേഷനുകളുടെ കോഡുകള്‍ നേരത്തേ നോക്കി വെയ്ക്കുന്നത് അപേക്ഷ തെറ്റാതിരിക്കാന്‍ സഹായിക്കും. വെബ്സൈറ്റിൽ നിന്നും ഇത് മനസിലാക്കാൻ എളുപ്പമാണ്.

സ്‌കൂളുകളും കോഡുകളും

ഓരോ സ്‌കൂളുകള്‍ക്കും ഓരോ പ്രത്യേക കോഡ് നമ്പര്‍ നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ആ സ്‌കൂളിന്റെ കോഡ് നമ്പര്‍ ശ്രദ്ധിച്ച് നോട്ട് ചെയ്യുക.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകള്‍ക്ക് നാല് അക്കമുള്ള സ്‌കൂള്‍ കോഡുകളാണുള്ളത്.

മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് ജില്ലകള്‍ക്ക് അഞ്ച് അക്ക സ്‌കൂള്‍ കോഡുകളും ആണ് ഉള്ളത്.

സ്‌കൂള്‍ കോഡുകളും കോഴ്‌സ് കോഡുകളും കണ്ടെത്തി മുന്‍ഗണനാക്രമത്തില്‍ പട്ടിക തയ്യാറാക്കുക എന്നതാണ് ഏകജാലക അപേക്ഷ സമര്‍പ്പിക്കാനായി ആദ്യം ചെയ്യേണ്ടത്.

ഏതെല്ലാം തരത്തിൽ സമർപ്പിക്കാം

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കോഡ് മുതലായ സാങ്കേതിക കാര്യങ്ങൾ കേട്ട് സങ്കീർണ്ണത തോന്നേണ്ടതില്ല. ഇത്തിരി ശ്രദ്ധയോടെ ചെയ്താൽ ആർക്കും അപേക്ഷ സ്വയം സമർപ്പിക്കാം.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18.

സർട്ടിഫിക്കറ്റുകൾ

ബോണസ് പോയന്റ് ലഭിക്കാന്‍ അര്‍ഹതയുള്ള യോഗ്യതകള്‍ നേടിയവര്‍ അവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് വെക്കുക. അതേപോലെ SC/ST/OEC വിഭാഗക്കാരും OEC ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള OBC വിഭാഗക്കാരും കമ്യൂണിറ്റി, നേറ്റിവിറ്റി, ഇന്‍കം സര്‍ട്ടിഫിക്കറ്റുകളും വാങ്ങി വെക്കേണ്ടതാണ്.

ഓർക്കുക ഇവയൊന്നും അപേക്ഷ നല്‍കുന്ന സമയത്ത് ആവശ്യമില്ല. അപേക്ഷാ സമയത്ത് ഇത്തരം കാര്യങ്ങളിൽ ധൃതിയും ടെൻഷനും വേണ്ട. പക്ഷേ പ്രവേശന സമയത്ത് ഇവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടിവരും.

അപേക്ഷ സർപ്പിക്കുന്നതിനുള്ള സൈറ്റ് https://hscap.kerala.gov.in/ തുറന്നാൽ ഓരോ ജില്ലകളിലേയും വിദ്യാലയങ്ങൾ, അവിടെ ലഭ്യമായ കോഴ്സുകൾ ഇവ ലഭിക്കും. കോഴ്സുകളുടെ കോഡും പ്രത്യേകം ലഭിക്കും. അപേക്ഷാ സമർപ്പണ വേളയിലും ഇവ ലഭിക്കും എങ്കിലും കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കി വെക്കുക. പ്രത്യേകിച്ചും കോഡുകൾ

അപേക്ഷാ സമർപ്പണം

ഒന്നാം ഘട്ടം

 വിദ്യാഭ്യാസ വകുപ്പിൻ്റെ പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

https://hscap.kerala.gov.in/ ഈ ലിങ്കിൽ തുറക്കാം.

ഹയര്‍സെക്കണ്ടറിയിലേക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലേക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള രണ്ട് ബട്ടണുകള്‍ കാണാം. ഹയര്‍ സെക്കണ്ടറി തിരഞ്ഞെടുത്താല്‍ തുടര്‍ന്നു വരുന്ന പേജില്‍ കുട്ടിയുടെ പ്രധാന വിവരങ്ങള്‍ രേഖപ്പെടുത്തണം. വൊക്കേഷണൽ കോഴ്സുകളിലാണ് ചേരാൻ ആഗ്രഹിക്കുന്നത് എങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക

SSLC/CBSE/ICSE തുടങ്ങിയ യോഗ്യതാ പരീക്ഷകളുടെ രജിസ്റ്റര്‍ നമ്പര്‍, പരീക്ഷ പാസായ വര്‍ഷം, മാസം (പൊതുവേ മാര്‍ച്ച് സെലക്ട് ചെയ്യുന്നതാണ് ഉചിതം) തുടങ്ങിയവയും ഒരു മൊബൈല്‍ നമ്പറും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്.

മൊബൈൽ നമ്പർ ശ്രദ്ധിക്കുക

മൊബൈല്‍ നമ്പര്‍ ഏറ്റവും കുറഞ്ഞത് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ എങ്കിലും ഉപയോഗത്തിലിരിക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക ഇത് കുട്ടിയുടേതോ രക്ഷിതാവിന്റെയോ തന്നെ ആയിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടാം ഭാഗം കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ കുട്ടിയുടെ ജാതി, മതം, വിഭാഗം തുടങ്ങിയവ രേഖപ്പെടുത്തേണ്ടതുണ്ട്. ഇവ തെറ്റു കൂടാതെ രേഖപ്പെടുത്തുക. അല്ലാത്തപക്ഷം പ്രവേശനത്തെ ബാധിക്കാനിടയുണ്ട്. കാരണം വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ റിസര്‍വ് ചെയ്താണ് പ്രവേശനം നടത്തുന്നത്. കുട്ടികള്‍ വിഭാഗം തെറ്റായി രേഖപ്പെടുത്തിയാല്‍ അഡ്മിഷന്‍ നിരസിക്കപ്പെടും. ബോണസ് പോയന്റുകള്‍ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തുന്നത് ഇതേ ഭാഗത്താണ്. ഇവ പൂര്‍ത്തിയാക്കിയാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

അപേക്ഷാ സമർപ്പണം

രണ്ടാം ഘട്ടം

യോഗ്യതാ പരീക്ഷയുടെ ഗ്രേഡുകള്‍ രേഖപ്പെടുത്തേണ്ടത് ഈ ഭാഗത്താണ്. 2022 ല്‍ SSLC കഴിഞ്ഞ വിദ്യാര്‍ഥികളുടെ ഗ്രേഡുകള്‍ ഇവിടെ ഓട്ടോ ജനറേറ്റഡായി വന്നതായി കാണാം.

(പുനര്‍മൂല്യ നിര്‍ണയത്തില്‍ ഗ്രേഡില്‍ മാറ്റം വന്ന കുട്ടികളുടെ മാറിയ ഗ്രേഡ് ആണ് ഇവിടെ കാണിക്കുന്നത് എന്ന് ഈ ഘട്ടത്തില്‍ ഉറപ്പാക്കേണ്ടതാണ്)

SSLC ഒഴികെയുള്ള മറ്റ് യോഗ്യതാ പരീക്ഷകള്‍ (CBSE, ICSE etc) പാസായ കുട്ടികള്‍ ഇവിടെ സ്വന്തം ഗ്രേഡുകള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുകയാണ് വേണ്ടത്.

മൂന്നാം ഘട്ടം

അടുത്ത ഘട്ടത്തിലാണ് സ്‌കൂള്‍, കോഴ്‌സ് ഇവ രേഖപ്പെടുത്തേണ്ടത്. ഇവിടെ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സ്‌കൂളും കോഴ്‌സും ആദ്യം, തുടര്‍ന്ന് രണ്ടാമത് ആഗ്രഹിക്കുന്നത് എന്നിങ്ങനെ ക്രമത്തില്‍ രേഖപ്പെടുത്തുക.

  • സ്‌കൂള്‍ കോഡുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്‌കൂള്‍ തന്നെയാണ് വന്നിട്ടുള്ളത് എന്ന് ഉറപ്പാക്കേണ്ടതാണ്.
  • യാതൊരു കാരണവശാലും പ്രവേശനം നേടാന്‍ താല്പര്യമില്ലാത്ത സ്‌കൂള്‍, കോഴ്‌സ് ഇവ അപേക്ഷയില്‍ ഉള്‍പ്പെടുത്താതിരിക്കുക.
  • ട്രാന്‍സ്ഫറിനുള്ള സാധ്യത ഉണ്ടെങ്കിലും അനാവശ്യമായി ദൈർഘ്യം നൽകാതിരിക്കുക.
  • എത്ര കോഴ്സും വിദ്യാലയവും നൽകുന്നതിൽ തടസ്സമില്ല

കോഴ്‌സുകളും സ്‌കൂളുകളും മുന്‍ഗണനാ ക്രമത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി രേഖപ്പെടുത്തി (ബോണസ് പോയന്റിനായി സമര്‍പ്പിച്ച രേഖയുടെ നമ്പര്‍, തീയതി തുടങ്ങിയവ) അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കാം.

അവസാന സമര്‍പ്പണം പൂര്‍ത്തിയാക്കിയ അപേക്ഷയുടെ ഒരു പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക. മാത്രമല്ല ഇതിൻ്റെ പിഡിഎഫ് വാട്സ് ആപ്പ്, ഇ മെയിൽ സംവിധാനങ്ങളിൽ എവിടെ എങ്കിലും അയച്ചിടുക. പിന്നീട് പരിശോധിക്കാൻ പ്രയോജനപ്പെടും.

അൺ എയിഡഡ് പ്രവേശനം

അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്കും, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കും, മാനേജ്‌മെന്റ് സീറ്റുകളിലേക്കും, സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കും പ്രവേശനത്തിനായി വെവ്വേറെ നടപടി ക്രമങ്ങള്‍ ഉണ്ട്.

അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്രവേശനം ഏകജാലകത്തില്‍ ഉള്‍പ്പെടുന്നില്ല. വിദ്യാര്‍ഥി പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ നേരിട്ട് അപേക്ഷ നല്‍കി പ്രവേശനം നേടാവുന്നതാണ്.

കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അവ നടത്തുന്ന സമുദായത്തില്‍പെട്ട കുട്ടികള്‍ക്ക് നിശ്ചിത സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സീറ്റുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഈ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷകള്‍ കേന്ദ്രീകൃത അഡ്മിഷന്‍ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്ത് പോര്‍ട്ടലില്‍ നിന്നും ലഭിക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത്.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ


ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത് 11

· മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

സപ്ലിമെൻ്ററി അലോട്മെൻ്റ്

മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും എന്നാണ് സർക്കാർ അറിയിപ്പ്.

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും.
ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം.
ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

ഈ വർഷത്തെ മാറ്റങ്ങൾ അറിഞ്ഞിരിക്കുക


അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നതായി ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

  1. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.
  2. ഓരോ വിദ്യാർത്ഥിയുടേയും W G P A
    (Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്.
    W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്.
    W G P A ഏഴ് ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.
  3. ടൈ ബ്രേക്കിങിന് – എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി
    എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ),
    യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
  4. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
  5. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.
  6. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.
  7. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
    ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
  8. കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
  9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
  10. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്.

വൊക്കേഷണൽ ഹയർ സെക്കന്ററി

പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.
ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്.
ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് )
പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ്
വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക.
ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ മൂന്ന്എ ൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി
വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.
അവ ഇനി പറയുന്നവയാണ്

ലാബ് ടെക്‌നീഷ്യൻ – റിസർച്ച് & ക്വാളിറ്റി
കണ്ട്രോൾ

ഹാന്റ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ

കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ്
എന്നിവയാണവ.


ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി സമർപ്പിക്കുക
https://hscap.kerala.gov.in/

പ്രവേശന പട്ടിക തയാറാക്കുന്നതും മുൻഗണനയും മനസിലാക്കാൻ ചുവടെ നൽകിയ ലിങ്കിലെ വാർത്ത കാണുക



കേരള പോസ്റ്റ് പ്രധാന വാർത്താ ഗ്രൂപ്പിൽ ചേരാൻ

👇🏻 ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FiawgSE6VMr3LP9qakx

ആരാധനാ മൂർത്തിയിൽ വിശ്വാസമുള്ള ആരെയും ക്ഷേത്രപ്രവേശനത്തിൽ നിന്നും തടയാനാവില്ല- ഹൈക്കോടതി

ക്ഷേത്രത്തിൽ പ്രതിഷ്ഠാപിതമായിട്ടുള്ള ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന ഏതു മത വിഭാഗങ്ങളിൽപെട്ടവരെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

നീക്കം മന്ത്രിക്ക് എതിരെ

കുംഭാഭിഷേക ഉത്സവത്തിൽ ക്രിസ്തു മത വിശ്വാസിയായ മന്ത്രി പങ്കെടുക്കുന്നതിനെതിരെ സി. സോമൻ എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി.എൻ പ്രകാശ്, ആർ ഹേമലത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കുംഭാഭിഷേകം പോലുള്ള പൊതു ഉത്സവങ്ങളിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇതിൽ ഓരോരുത്തരുടെയും മതം തിരിച്ചറിയാൻ അധികൃതർക്ക് പ്രായോഗികമായി കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

പരാമർശത്തിൽ പാട്ടും

ക്രിസ്ത്യനായിയായ ഡോ. കെ.ജെ യേശുദാസ് പാടിയ ഭക്തി ഗാനങ്ങൾ വിവിധ ഹിന്ദു ആരാധനാലയങ്ങളിൽ കേൾപ്പിക്കുന്നുണ്ട്. മുസ്ലിം ആരാധനാലയമായ നഗോർ ദർഗ്ഗയിലും, ക്രൈസ്തവ ആരാധനലയമായ വേളാങ്കണ്ണി പള്ളിയിലും നിരവധി ഹിന്ദുക്കൾ ആരാധന നടത്താൻ എത്താറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇലോൺ മസ്ക് മുട്ടുമടക്കുമോ; ട്വിറ്റർ നിയമ നടപടിക്ക്

അധികാര രാഷ്ട്രീയത്തിന് എന്താണ് പങ്ക്

സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായുള്ള ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിൻ്റെ തീരുമാനത്തിനെതിരെ ട്വിറ്റര്‍ നിയമനടപടിക്ക്.

മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണ് എന്നാണ് ട്വിറ്റര്‍ നിലപാട്. കമ്പനിയുടെ ബോര്‍ഡ് ലയന കരാര്‍ നടപ്പിലാക്കാന്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നാണ് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെട്ട് ടെയ്‌ലോ പറയുന്നത്. എന്നാൽ ഇലോൺ മസ്കാവട്ടെ ലയനത്തിനില്ലെന്ന നിലപാടിലുമാണ്.

ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കരാര്‍ പ്രകാരം 100 കോടി ഡോളര്‍ ബ്രേക്ക് അപ്പ് ഫീസായി ഇലോണ്‍ മസ്‌ക് നല്‍കേണ്ടി വരും.

തർക്കം തുടങ്ങിയത് വ്യാജ അക്കൌണ്ടുകളുടെ പേരിൽ

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിണക്കത്തിലെത്തിച്ചത്. ട്വിറ്ററിലെ ആകെ അക്കൗണ്ടുകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകള്‍ ഉള്ളതെന്ന കമ്പനിയുടെ വാദം. ഇത് വിശ്വസിക്കാന്‍ ഇലോണ്‍ മസ്‌ക് തയാറായില്ല. വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ വ്യക്തമാക്കണമെന്ന് മസ്‌ക് ട്വിറ്ററിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.

ഇതിൽ കമ്പനി കാലതാമസം വരുത്തിയതോടെ മേയ് മാസത്തിൽ തന്നെ തുടർ നടപടികൾ മസ്ക് മരവിപ്പിച്ചു. ഇടപാട് താല്‍കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇനിയും വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിക്കയും ചെയ്തു.

വ്യജ അക്കൌണ്ടുകൾ അധികാരവുമായി ബന്ധപ്പെട്ട പ്രശ്നം

സാമൂഹ്യ മാധ്യമങ്ങൾ പ്രത്യക്ഷത്തിൽ പൊതു ജനമാണ് ഉപയോഗിക്കുന്നത്. എന്നാൽ അധികാരവുമായി ബന്ധപ്പെട്ട ലോകത്ത് ഇവയുടെ സംഘടിതവും ആസൂത്രിതവുമായ ഉപയോഗം ബൃഹത്താണ്. ഭരണ കൂടങ്ങൾക്കും അവർ ഉപയോഗപ്പെടുത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്കും പ്രചാരവും പ്രചാരണവും നൽകാൻ ഉപയോഗപ്പെടുത്തുന്നു.

ജനാധിപത്യത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ചുള്ള വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ആസൂത്രിതമായ എതിർ പ്രചാരണങ്ങളിലൂടെ മറച്ച് വെക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലെ അധികാര ക്രമവും അതിനായുള്ള ഇടപെടലുകളും വെളിപ്പെടുത്തുന്നത് ദോഷകരമായി ബിസിനസിനെ ബാധിക്കും എന്ന ആശങ്ക ട്വിറ്ററിന് ഉണ്ടെന്ന് സോഷ്യൽ മീഡിയ ചിന്തകർ കരുതുന്നു.

4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തുവന്ന ഇലോണ്‍ മസ്‌ക്, ട്വിറ്ററില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നതായിരുന്നു അതില്‍ പ്രധാനം. ഇതിന്റെ ഭാഗമായി ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളും, ബോട്ട് അക്കൗണ്ടുകളുമെല്ലാം നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല പരസ്യ ദാതാക്കളോട് നീതി പുലര്‍ത്തണമെങ്കില്‍ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും മസ്‌ക് പറഞ്ഞു.

ദിവസേന പത്ത് ലക്ഷത്തോളം സ്പാം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ട്വിറ്റര്‍ അറിയിച്ചിരുന്നു.

https://www.theguardian.com/technology/2021/apr/12/facebook-fake-engagement-whistleblower-sophie-zhang

പ്രതിപക്ഷ നേതാവിന് ആർഎസ്എസ് നൊട്ടീസ്; അവജ്ഞയോടെ തള്ളുന്നു എന്ന് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസ് നോട്ടീസ്‌. സജി ചെറിയാൻ്റെ ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതാണെന്ന സതീശൻ്റെ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് നൊട്ടീസ്.

സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തിലേതാണെന്ന വാദം സതീശന്‍ വ്യക്തമാക്കണം, ഇല്ലെങ്കിൽ പ്രസ്താവന പിന്‍വലിച്ച് മറ്റൊരു പ്രസ്താവന നടത്തണം നോട്ടീസില്‍ ആര്‍.എസ്.എസ്. ആവശ്യപ്പെട്ടത്.

ഈ രണ്ടുകാര്യങ്ങളും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നടപ്പാകാത്തപക്ഷം നിയമനടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതിപക്ഷ നേതാവിനുള്ള മുന്നറിയിപ്പ്. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതുമുണ്ട്. ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ആര്‍.എസ്.എസിന്റെ നോട്ടീസിനെ നിയമപരമായി തെന്നെ നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ആര്‍.എസ്.എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഞ്ച് ഓഫ് തോട്ട്സില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.

ചരിത്ര നേട്ടം; നൊവാക് ജോക്കോവിച്ച് എട്ടാം തവണയും വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍

സെര്‍ബിയയുടെ അനിതര താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കി. ചരിത്രം തിരുത്തി എട്ടാം തവണയും ഫൈനലിലെത്തി.

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച ജോക്കോവിച്ച് പിന്നീടുള്ള മൂന്ന് സെറ്റുകളും നേടി ഫൈനല്‍ ടിക്കറ്റെടുത്തു. സ്‌കോര്‍: 2-6, 6-3, 6-2,6-4 ജോക്കോവിച്ചിന്റെ എട്ടാം വിംബിള്‍ഡണ്‍ ഫൈനല്‍ പ്രവേശനമാണിത്. ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ ഫൈനല്‍ കൂടിയാണിത്.

ഈ വിജയത്തോടെ പുതിയൊരു റെക്കോഡ് ജോക്കോവിച്ച് സ്വന്തമാക്കി. ഏറ്റവുമധികം തവണ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പുരുഷതാരം എന്ന റെക്കോഡാണ് സ്വന്തം പേരില്‍ കുറിച്ചത്.

ഈ ഫൈനല്‍ പ്രവേശനമുള്‍പ്പെടെ 32 തവണ താരം ഗ്രാന്‍ഡ്സ്ലാമുകളില്‍ ഫൈനലിലെത്തി.

31 ഫൈനല്‍ പ്രവേശനം നേടിയ റോജര്‍ ഫെഡററുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

ഫൈനലില്‍ നിക് കിര്‍ഗിയോസാണ് ജോക്കോവിച്ചിന്റെ എതിരാളി

ഫൈനലില്‍ വിജയിച്ച് 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടാനൊരുങ്ങുകയാണ് ജോക്കോവിച്ച്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിക് കിര്‍ഗിയോസാണ് ജോക്കോവിച്ചിന്റെ എതിരാളി. ഫൈനലില്‍ വിജയിച്ചാല്‍ ഏറ്റവുമധികം വിംബിള്‍ഡണ്‍ കിരീടം നേടിയ പുരുഷ താരങ്ങളുടെ പട്ടികയില്‍ ജോക്കോവിച്ചിന് രണ്ടാമതെത്താം. നിലവില്‍ ജോക്കോവിച്ചിന്റെ അക്കൗണ്ടില്‍ ആറ് വിംബിള്‍ഡണ്‍ കിരീടങ്ങളാണുള്ളത്.

മത്സരത്തിന്റെ തുടക്കത്തില്‍ നോറിയാണ് മികച്ചുനിന്നത്. ഒന്‍പതാം സീഡായ നോറി ജോക്കോവിച്ചിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ സെറ്റില്‍ നിരവധി പിഴവുകളാണ് ജോക്കോവിച്ച് വരുത്തിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ജോക്കോവിച്ച് നോറിയെ നിസ്സഹായനാക്കി. പിന്നീട് മത്സരം ഏകപക്ഷീയമായി

സുരേഷ് ഗോപിയെ പോലെ ആവാനില്ല, ഓരോരുത്തർക്കും ഓരോ ശൈലി – പി ടി ഉഷ

തനിക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രധാനം സ്‌പോര്‍ട്‌സ് ആണെന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഒളിമ്പ്യന്‍ പിടി ഉഷ. തനിക്ക് ലഭിച്ച രാജ്യസഭാ നാമനിര്‍ദേശം രാജ്യത്തെ സ്‌പോര്‍ട്‌സിനുള്ള അംഗീകാരമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ല.

താന്‍ സുരേഷ് ഗോപിയെ പോലെ ആവണമെന്നില്ലെന്നും ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാംഗമായി നിര്‍ദേശിക്കപ്പെട്ട ശേഷം പയ്യോളിയിലെ വീട്ടില്‍ ആദ്യമായി എത്തിയ ഉഷ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് ഉഷ വാര്‍ത്താ സമ്മേളനം നടത്തിയത്.

കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ പി.ടി. ഉഷയ്ക്ക് അവരുടെ വീട്ടിലെത്തി അനുമോദനം അറിയിച്ച ശേഷമാണ് വാർത്താ സമ്മേളനം നടത്തിയത്. തന്നെ സ്വീകരിക്കാൻ ഇവിടെ എത്തിയത് ബി.ജെ.പിക്കാർ മാത്രമല്ല,​ നാട്ടുകാരുമുണ്ട്. ബി.ജെ.പിക്കാർ മുന്നിൽ നിന്നു എന്നേയുള്ളൂ. എം.പി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്‌തതറിഞ്ഞ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ,​ സി.പി.എം നേതാവ് എ.കെ.ബാലൻ എന്നിവർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചെന്നും ഉഷ പറഞ്ഞു. .

എളമരം കരീമിന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നായിരുന്നു ഉഷയുടെ മറുപടി. കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹത്തെ അടുത്തറിയാം. ഉഷ പറഞ്ഞു.

ഉഷ സ്‌കൂള്‍ ജീവവായുവാണ്. അതുമായി മുന്നോട്ട് പോകും. ഒളിമ്പിക്‌സ് മെഡല്‍ നഷ്ടത്തിന് പകരം വെയ്ക്കാന്‍ ഒരു നേട്ടത്തിനും സാധ്യമല്ലെന്നും ഉഷ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പി.ടി ഉഷയ്ക്ക് വീട്ടില്‍ സ്വീകരണം നല്‍കിയിരുന്നു. നാടിന്റെ അഭിമാനമായ കായിക താരത്തെ എംപിയാക്കിയത് വലിയ അംഗീകാരമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.