മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

പോലീസ് തലപ്പത്ത് അഴിച്ചുപണി. സംസ്ഥാനത്തെ 19 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തസ്തിക മാറ്റം. എഡിജിപി മനോജ് എബ്രാഹം വിജിലന്‍സ് ഡയറക്ടറാവും.

പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി.ആയി പത്മകുമാറിന് ചുമതല നല്‍കി. എ.ആര്‍ അജിത് കുമാര്‍ എ.പി ബറ്റാലിയന്‍ എഡിജിപി ആവും. ഉത്തരമേഖല ഐ.ജിയായി തുമ്മല വിക്രമിനെ നിയമിച്ചു.

യോഗേഷ് ഗുപ്തയ്ക്ക് ബെവ്‌കോ എം.ഡിയായി വീണ്ടും നിയമനം നല്‍കി. പൊലീസ്‌ ആസ്ഥാന എഡിജിപിക്ക്‌ തുല്യമായ റാങ്കിലാണ്‌ നിയമനം.
നിലവിലെ ബെവ്‌കോ എം.ഡി ശ്യാം സുന്ദറിന് ക്രൈം ഡി.ഐ.ജിയായും നിയമനം നല്‍കി.

സംസ്ഥാന പൊലീസ്‌ ആസ്ഥാനത്ത്‌ എഡിജിപിയായിരുന്നു മനോജ്‌ എബ്രഹാം. ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിരുന്നു കെ പത്മകുമാർ.

എം ആർ അജിത്‌കുമാറിനെ ആംഡ്‌ ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു.  സിവിൽ റൈറ്റ്‌സ്‌ പ്രൊട്ടക്ഷൻ എഡിജിപിയുടെ അധികചുമതലയും അജിത്‌കുമാറിനുണ്ട്‌.

തിരുമല വിക്രത്തിന്‌ ഉത്തരമേഖല ഐജിയായി നിയമനം നൽകി. സുരക്ഷാ വിഭാഗം ഐജിയായി  അശോക്‌ യാദവിനെ നിയമിച്ചു. എസ്‌ ശ്യാംസുന്ദറിനെ ക്രൈം വിഭാഗം ഡിഐജിയായി നിയമിച്ചു. സ്റ്റേറ്റ്‌ സ്പെഷ്യൽ ബ്രാഞ്ച്‌ സൂപ്രണ്ടായി എ ശ്രീനിവാസിനെ നിയമിച്ചു. കെ കാർത്തിക്കാണ്‌ പുതിയ കോട്ടയം പൊലീസ്‌ മേധാവി. പൊലീസ്‌ ആസ്ഥാനത്തെ അഡീഷണൽ എഐജിയായി ടി നാരായണനെ നിയമിച്ചു. മെറിൻ ജോസഫാണ്‌ പുതിയ കൊല്ലം സിറ്റി പൊലീസ്‌ മേധാവി. ആർ കറുപ്പസ്വാമിയാണ്‌ കോഴിക്കോട്‌ റൂറൽ പൊലീസ്‌ മേധാവി. അരവിന്ദ്‌ സുകുമാറിനെ കെഎപി നാല്‌ ബറ്റാലിയൻ  കമാൻഡന്റായി നിയമിച്ചു. ഡി ശിൽപയെ വനിതാസെൽ എസ്‌പിയായി  നിയമിച്ചു.

വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതലയും ശിൽപയ്‌ക്കാണ്‌. ആർ ആനന്ദിനെ വയനാട്‌ പൊലീസ്‌ മേധാവിയായി നിയമിച്ചു.  വിവേക്‌ കുമാറാണ്‌ എറണാകുളം റൂറൽ പൊലീസ്‌ മേധാവി. വി യു കുര്യാക്കോസിനെ  ഇടുക്കി ജില്ലാ പൊലീസ്‌ മേധാവിയായി നിയമിച്ചു. ടി കെ വിഷ്‌ണു പ്രദീപിനെ പേരാമ്പ്ര എഎസ്‌പിയായി നിയമിച്ചു. പി നിധിൻരാജാണ്‌ തലശേരി എഎസ്‌പി.

ആൺകുട്ടികളെയും പെൺകുട്ടികളെയും മറകെട്ടി തിരിച്ച് ലിംഗസമത്വ ക്ലാസ്; തൃശൂർ മെഡി.കോളിജിൽ വിവാദം

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് മറകെട്ടി തിരിച്ച് ലിംഗസമത്വ ക്ലാസ് എടുത്തത് വിവാദത്തിൽ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വെള്ളത്തുണി കൊണ്ട് മറകെട്ടി വേർതിരിച്ച് ക്ലാസ്സെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഉയർത്തി കാട്ടി.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ജൂലൈ ആറിന് മുജാഹിദ് വിസ്ഡം എന്ന സംഘടനയാണ് പരിപാടി നടത്തിയത്. ലൈംഗിക ന്യൂനപക്ഷവും പ്രശ്‌നങ്ങളും- ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു ക്ലാസ്. മറകെട്ടി തിരിച്ച് ആണ കുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചായിരുന്നു ജെൻഡർ ഇക്വാലിറ്റി ക്ലാസ്.

തേസമയം, പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയനും പരിപാടിയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ്. എന്നാൽ സാമൂഹ്യ വിരുദ്ധമായ നിലയിൽ പ്രാകൃതമായി മറ കെട്ടിയ ക്ലാസ് എങ്ങിനെ നടന്നു എന്നതിന് വിശദീകരണമില്ല.

പ്രശ്നം വിവാദത്തിലായതോടെ പരിപാടി കോളേജ് യൂണിയന്‍ സംഘടിപ്പിച്ചതോ കോളേജിനുള്ളില്‍ നടന്നതോ അല്ലെന്ന് പരിപാടിയുടെ സംഘാടകരും വിശദീകരിച്ചു. കോളേജിന് പുറത്ത് സ്വകാര്യ സ്ഥലത്താണ് പരിപാടി നടന്നത്, അവിടെ സ്ഥിരമായി മതപഠന – ഖുര്‍ആന്‍ ക്ലാസുകള്‍ സംഘടിപ്പിക്കപ്പെടാറുണ്ട് എന്നാണ് അവകാശ വാദം.

പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായുളള കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ആറന്‍മുള നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റും പത്തനംതിട്ട സ്വകാര്യ ലോ കോളേജിലെ വിദ്യാര്‍ഥിയുമായ അഭിജിത്താണ് അറസ്റ്റിലായത്.

പരാതിക്കാരി ലോ കോളിജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. അഭിജിത്ത് ഇതേ കോളിജിൽ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.

യുവതി ഹോസ്റ്റല്‍ മുറിയില്‍വച്ച് കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന് ശേഷമാണ് കേസ്. അഭിജിത്തുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. പ്രണയത്തിലായിരുന്നു. പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഒന്നിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് പതിവായിരുന്നു. വീടിന് സമീപം ഇറക്കിവിട്ട് അഭിജിത്ത് മടങ്ങുകയാണ് പതിവ്. യാത്രയ്ക്കിടെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ തങ്ങിയിരുന്നു. ഇതിനിടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

മാത്രമല്ല സാമ്പത്തിക ചൂഷണവും നടത്തി. ബുദ്ധിമുട്ട് പറഞ്ഞ് ആദ്യം 50000 രൂപയും പിന്നീട് കാറിൻ്റെ അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് ഒരുലക്ഷം രൂപയും വാങ്ങി. വിദ്യാര്‍ഥിനി കോളേജില്‍ ഫീസ് അടയ്ക്കാന്‍ മാറ്റിവച്ച പണം വക മാറ്റി സഹായിച്ചു.

പെണ്‍കുട്ടി ഫീസ് അടയ്ക്കാതിരുന്നതോടെ കോളേജ് അധികൃതര്‍ വീടുമായി ബന്ധപ്പെട്ടതോടെയാണ് വീട്ടുകാര്‍ വിഷയം അറിഞ്ഞത്. തുടർന്ന് ബന്ധം വെളിപ്പെട്ടു.

പലതവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഭിജിത്ത് പണം തിരികെ നല്‍കിയില്ല. തന്റെ ഫോണ്‍ നമ്പര്‍ അടക്കം അഭിജിത്ത് ബ്ലോക്ക് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബുധനാഴ്ച രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

സജി ചെറിയാൻ്റെ വകുപ്പുകൾ – റിയാസിനും വാസവനും വി അബ്ദുറഹ്മാനും ചുമതല

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹത്തിന് ചുമതലയുണ്ടായിരുന്ന വകുപ്പുകൾ മാറ്റി.ചുമതല മൂന്നു മന്ത്രിമാർക്കായി വീതിച്ചുനല്‍കും.

ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്

ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് – യുവജനക്ഷേമകാര്യ വകുപ്പ്

സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍ – സാംസ്‌കാരികം-സിനിമ വകുപ്പ്

കായിക മന്ത്രി വി അബ്ദുറഹ്മാന്‍- ഫിഷറീസ് വകുപ്പ്

എന്നിങ്ങനെയാണ് ചുമതലാ മാറ്റം. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

ഭരണഘടനയെ സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ ബുധനാഴ്ചയാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്.

SSLC, എല്ലാ ഭിന്ന ശേഷി വിദ്യാർഥികൾക്കും 25 ശതമാനം ഗ്രേസ് മാർക്ക്

ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25% ഗ്രേസ് മാർക്ക് ഇതര ഭിന്നശേഷി വിഭാഗക്കാർക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന എല്ലാ കുട്ടികൾക്കും ഒരു വിവേചനവും കൂടാതെ ആർ.പി.ഡബ്ല്യു.ഡി ആക്ട് 2016 ന്റെ അന്തസത്ത ഉൾക്കൊണ്ട് ഗ്രേസ് മാർക്ക് അനുവദിക്കാനാണ് തീരുമാനം. 21 തരം വൈകല്യങ്ങൾ ഉള്ളവർക്കാണ് ഗ്രേസ് മാർക്ക് അനുവദിക്കുക.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ നിരവധികാലമായി നിലനിന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സ് ഒത്തുതീർപ്പിനില്ല; അപ്പൊസ്തോലോസ് ജിയാനോ വരുന്നു

കേരള ബ്ലാസ്റ്റഴ്സിന്റെ പുതിയ വിദേശ സൈനിങ് പ്രഖ്യാപിച്ചു. ഗ്രീക്ക് ഓസ്ട്രേലിയൻ ഇന്റർനാഷണൽ മുന്നേറ്റനിരക്കാരൻ അപ്പൊസ്തോലോസ് ജിയാനുവിനെയാണ് ക്ലബ്‌ ടീമിലെത്തിച്ചത്.

കഴിഞ്ഞ സീസണിൽ ഫൈനലിൽ കടന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ആവരുതെന്ന് തീരുമാനത്തിലാണ്. ജിയാനുവിന്റെ വരവ് ടീമിന് ഊർജമാകുമെന്നാണ് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ. ജിയോനുവിന്റെ ജനനം ഗ്രീസിലാണെങ്കിലും ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് ചേക്കേറിയ താരമാണ്.

ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിൽ പ്രധാനമായും പന്ത് തട്ടിയ ജിയോനു 150 ലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നാൽപതോളം ഗോളുകളും നേടിയിട്ടുണ്ട്. കവാല, പാനിയോനിയൊസ്, ആസ്റ്ററിസ് ട്രിപ്പൊളി തുടങ്ങിയവയാണ് പ്രധാന ടീമുകൾ. ഓസ്ട്രേലിയൻ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ് സി നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2023 വരെ കേരള ടീമിനോപ്പം താരം തുടരും.

ദീര്‍ഘകാല ബന്ധം വഷളായി ഉന്നയിക്കുന്ന പരാതിയില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

0

ദീര്‍ഘകാല ബന്ധം വഷളായശേഷം ഉന്നയിക്കുന്ന പരാതിയില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായിരുന്ന നവനീത് നാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

ഏറെക്കാലം അടുപ്പമുള്ളവര്‍ക്കിടയില്‍ പിന്നീട് ബന്ധം മുറിഞ്ഞ ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നതിന്റെ പേരില്‍ ബലാത്സംഗക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം. ഇത്തരത്തിലുള്ള വിവാഹ വാഗ്ദാന ലംഘനം ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ പരിഗണിക്കാനാവില്ല. വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മാത്രമുള്ള ലൈംഗീക ബന്ധത്തിലാണ് ബലാത്സംഗക്കുറ്റം നിലനില്‍ക്കുക. അല്ലാത്ത പക്ഷം ഇതൊരു വാഗ്ദാന ലംഘനം മാത്രമായേ കാണാന്‍ കഴിയുവെന്നാണ് കോടതി വിലയിരുത്തി.

നവനീത് നാഥും സഹപ്രവര്‍ത്തകയും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരിന്നു. ഇടയ്ക്കുവച്ച് ബന്ധം തകര്‍ന്നതിന് ശേഷമാണ് ബലാത്സംഗ പരാതി ഉയര്‍ന്നത്. താന്‍ ആരേയും വിവാഹം കഴിക്കില്ലെന്നാണ് നവനീത് പരാതിക്കാരിയോട് പറഞ്ഞിരുന്നത്. പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരാതിക്കാരി ഇവരുടെ മുന്നില്‍പോയി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. ഇത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന നിരീക്ഷണത്തോടെയാണ് നവനീതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

വെടിയേറ്റത് ഹൃദയത്തിൽ, അബേയ്ക്ക് വിട

ഹൃദയത്തിലും കഴുത്തിലുമായി തുളച്ചു കയറിയ വെടിയുണ്ടകളാണ് ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസൊ അബേയുടെ മരണത്തിനിടയാക്കിയത്.

പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിൽ പിന്നിൽ നിന്നാണ് വെടിയേറ്റത്. കനത്ത സുരക്ഷയുണ്ടായിട്ടും അക്രമിക്ക് അത്രയും അടുത്ത് എത്താൻ കഴിഞ്ഞു. നാരാ സിറ്റിയിലെ ട്രാഫിക് അയലൻ്റിലായിരുന്നു ആബേ പ്രസംഗിച്ചു കൊണ്ടിരുന്നത്. ജപ്പാനിൽ ഉപരി സഭയിലേക്ക് ഇലക്ഷൻ നടക്കാനിരിക്കയാണ്.

വെടിയേൽക്കുന്നതിന് തൊട്ട് മുൻപത്തെ ഫോട്ടോ ബി ബി സി പുറുത്തു വിട്ടു. ഇതിൽ പിന്നിൽ ഗ്രേ ഷർട്ട് ധരിച്ച് തോൾ ഭാഗുമായി നിൽക്കുന്ന അക്രമിയുടെ ചിത്രവും വ്യക്തമാണ്.

നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. അക്രമിയുടെ വീട്ടിൽ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. നേരത്തേ നിശ്ചയിച്ചുറപ്പിച്ച കൊലപാതകമാണ് എന്നു കരുതുന്നു. പൊതുവേ ഇത്തരത്തിലുള്ള ആക്രമങ്ങൾ കുറഞ്ഞ രാജ്യമാണ് ജപ്പാൻ

ജപ്പാനിൽ ദീർഘകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി

2006 ലാണ് ആദ്യം അധികാരത്തിലെത്തുന്നത്. തുടർന്ന് 2012 മുതൽ 2020 വരെയും പദവിയിൽ തുടർന്നു. 67 വയസ്സായിരുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജപ്പാനെ കരകയറ്റാന്‍ ഷിന്‍സോ ആബെ ആവിഷ്‌കരിച്ച സാമ്പത്തിക-സാമൂഹിക നയങ്ങള്‍ ‘അബെനോമിക്‌സ്’ എന്ന പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമ്പത്തിക ഉത്തേജനം, പണ ലഘൂകരണം, രാജ്യത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍, സൈനിക ശക്തി വര്‍ധിപ്പിക്കല്‍ തുടങ്ങി ഷിന്‍സോ ആബെയുടെ ഭരണമികവ് അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായി. ആബെയുടെ രണ്ടാമൂഴത്തിലേക്ക് വഴിതെളിച്ചതും ഇതേ സാമ്പത്തികനയമാണ്.

2012-ലും 13-ലും തൊഴിലില്ലായ്മ കുറയ്ക്കുന്നതിലേക്കടക്കം നയിച്ച അബെനോമിക്‌സ് നയം ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ജപ്പാനെ തിരിഞ്ഞുകുത്തിയെന്ന് സാമ്പത്തിക വിദഗ്ധരടക്കം നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഇത് 2015-ന് ശേഷം ആബെയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു. അഴിമതികളും സ്വജനപക്ഷപാതവും സാമ്പത്തിക കുറ്റകൃത്യങ്ങളും ആബേയുടെ മന്ത്രിസഭയേയും വെറുതെ വിട്ടില്ല. ഇതിനിടെ ജപ്പാന്‍ പൗരരുടെ പെന്‍ഷന്‍ രേഖകളിലെ തിരിമറിയും ആരോപിക്കപ്പെട്ടു. 2020 ഒളിമ്പിക്‌സ് വേദിയെച്ചൊല്ലിയും വിവാദങ്ങളുണ്ടായി.

ഉത്തരകൊറിയയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനമൊഴിച്ചാല്‍ മറ്റൊന്നും അവസാന നാളുകളില്‍ ആ നേതാവിനെ അടയാളപ്പെടുത്തിയില്ല. ഒരു കാലത്ത് ജനപ്രീതികൊണ്ടായിരുന്നു ആബേ തലയുയര്‍ത്തി നിന്നിരുന്നതെങ്കില്‍ ഇറങ്ങിപ്പോക്ക് രാജകീയമായിരുന്നില്ലെന്നതാണ് സത്യം. അനുഭവസമ്പത്തും കെട്ടുറപ്പുമില്ലാത്ത പ്രതിപക്ഷവുമാണ് ജനകീയതയേക്കാളധികം ആബേയെ അവസാനവട്ടം അധികാരത്തിലേറാന്‍ സഹായിച്ചത്.

2019-ല്‍ നവംബറില്‍ ജപ്പാനെ ഏറ്റവും കൂടുതല്‍ കാലം സേവിച്ച പ്രധാനമന്ത്രിയെന്ന നേട്ടം ആബെയെ തേടിയെത്തി. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ അബെ രാജി പ്രഖ്യാപിച്ചു. 

ആബെയുടെ കുടുംബത്തിലെ ആദ്യ പ്രധാനമന്ത്രിയായിരുന്നില്ല ഷിന്‍സോ ആബെ. മുത്തച്ഛന്‍ കിഷി നൊബുസുകെയും അമ്മാവന്‍ സാറ്റോ ഐസാകുവും ഇതേ പദമലങ്കരിച്ചവരാണ്. അച്ഛന്‍ ഷിന്‍ഡാരോ ആബെ വിദേശകാര്യ മന്ത്രിയുമായിരുന്നു. പക്ഷേ ഇവര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്തത്ര ജനകീയതയായിരുന്നു ആബെയെ ആ കുടുംബത്തില്‍ വേറിട്ട് നിര്‍ത്തിയത്.

രാഷ്ട്രീയ നിലപാടുകളിലെ അഭിപ്രായ വ്യത്യാസമാണ് കൊലപാതകി കുറ്റ സമ്മതത്തിൽ ക്രൂര കൃത്യത്തിന് കാരണമായി പറഞ്ഞത്.

ഡ്രൈവറില്ലാതെ കെഎസ്ആർടിസി ബസ് താനേ മുന്നോട്ട് നീങ്ങി, ബ്രേക്ക് ചവിട്ടി നിർത്തി യാത്രക്കാരി

എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാൻ്റിൽ തനിയേ മുന്നോട്ടു നീങ്ങിയ ബസ് യാത്രക്കാരിയായ യുവതി ബ്രേക്ക് ചവിട്ടി നിര്‍ത്തി. തുറവൂര്‍ സ്വദേശിയായ രേഷ്‌നയുടെ ഇടപെടൽ അപകടം ഒഴിവാക്കി. വ്യാഴാഴ്ച രാവിലെയാണ് ജോലി സ്ഥലത്തേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു രേഷ്മ

തുറവൂരുള്ള തൻ്റെ കടയിലേക്ക് പോകുന്നതിനായാണ് സ്റ്റാൻ്റിൽ എത്തിയത്.

രേഷ്മ പറയുന്നു….

‘സ്റ്റാന്റില്‍ നിര്‍ത്തിയിരുന്ന ആലപ്പുഴ ബസിലാണ് ഞാന്‍ കയറിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപത്തുപേര്‍ അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നു. ഏറ്റവും മുന്നിലെ സീറ്റിലായിരുന്നു ഞാനിരുന്നത്.

ഡ്രൈവറും കണ്ടക്ടറും എത്തിയിരുന്നില്ല. പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. ബസിലിരുന്ന സ്ത്രീകളൊക്കെ നിസ്സഹായമായി നിലവിളിക്കാന്‍ തുടങ്ങി. വേഗം തന്നെ ഞാന്‍ കമ്പിയുടെ അടിയിലൂടെ ഡ്രൈവര്‍ സീറ്റില്‍ കയറി ബ്രേക്ക് ചവിട്ടി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തോ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുമായിരുന്നു. വണ്ടി നിന്നപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും ഓടിയെത്തി’, രേഷ്‌ന വിശദീകരിച്ചു.

ബസ് ബ്രേക്കോ ഗിയറോ ഉപയോഗിക്കാതെ നിർത്തിയിടാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇറങ്ങിപ്പോയ ഡ്രൈവറുടെ അശ്രദ്ധയാവാം എന്നാണ് കരുതുന്നത്.

ഡ്രൈവിങ് വിദഗ്ധയൊന്നുമല്ലെങ്കിലും മുമ്പ് കാറോടിക്കാന്‍ പഠിക്കുന്ന സമയത്ത് ഭര്‍ത്താവ് പറഞ്ഞുതന്ന ‘എ-ബി-സി’ അഥവാ ആക്‌സിലറേറ്റര്‍-ബ്രേക്ക്-ക്ലച്ച് എന്ന ഓര്‍ഡറാണ് ധൈര്യമായി ബ്രേക്ക് ചവിട്ടാനുള്ള ആത്മവിശ്വാസം തന്നതെന്ന് രേഷ്‌ന പറയുന്നു.

ബ്രേക്ക് മാറി ആക്‌സിലറേറ്ററിലെങ്ങാന്‍ ചവിട്ടിയാല്‍ ഉടനേ മാറ്റിച്ചവിട്ടാമെന്ന് ഉറപ്പിച്ചാണ് ധൈര്യമായി കയറിയതും,’ രേഷ്‌ന പറഞ്ഞു.

പ്ലസ് വൺ സീറ്റുകൾ വർധിക്കും; ഇത്തവണ പ്രഖ്യാപനം നേരത്തെ

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർസ്കൂളുകളിലും 30 ശതമാനവും സീറ്റുകൾ അധികമായി അനുവദിക്കും.

എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം മാർജിനൽ സീറ്റുവർധനയും അനുവദിച്ചു. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനംകൂടി വർധന അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിഭാഗം വിദ്യാർഥികൾക്കും ഇത് പ്രയോജനമാവും.

ശ്രദ്ധ മലബാറിലെ കുറവുള്ള സീറ്റുകൾ പരിഹരിക്കാൻ

കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റുവർധന അനുവദിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റുവർധനയില്ല.

കഴിഞ്ഞ അധ്യയനവർഷം താത്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാലുബാച്ചുകളും ഉൾപ്പെടെ 81 താത്‌കാലിക ബാച്ചുകൾ ഈ വർഷമുണ്ടാകും.

അപേക്ഷ തിങ്കളാഴ്ച മുതൽ

അപേക്ഷകർക്ക് സ്വന്തമായോ പത്താംക്ലാസിൽ പഠിച്ചിരുന്ന ഹൈസ്കൂളിലെ കംപ്യൂട്ടർലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ ഓൺലൈനായി അപേക്ഷ നൽകാം. തിരക്കുള്ള സമയം ഒഴിവാക്കുക. ഇൻ്റർനെറ്റ് വേഗതയുള്ള കണക്ഷൻ ഉള്ളയിടം തിരഞ്ഞെടുക്കാം.

സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും അപേക്ഷാസൗകര്യമുണ്ട്. 21-ന് പരീക്ഷണ അലോട്ട്‌മെന്റ് നടത്തും.

ആദ്യ അലോട്ട്‌മെന്റ് 27-നും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 11-നും നടത്തും. ഓഗസ്റ്റ് 17-ന് ക്ലാസ് ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റുകൾക്കുശേഷം സെപ്റ്റംബർ 20-ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

അക്കാദമിക മികവും ബോണസ് പോയന്റും പരിഗണിച്ച് വിദ്യാർഥിയുടെ വെയിറ്റഡ് ഗ്രേഡ് പോയന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ.) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്.

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകൾ www.admission.dge.kerala.gov.in എന്ന ഏകജാലക പോർട്ടൽ വഴി സമർപ്പിക്കാം. അവസാനതീയതി ജൂലായ് 18.