കെ ഫോൺ പ്രതീക്ഷ വീണ്ടും; എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ്

കെ ഫോൺ പദ്ധതിക്ക് പ്രവർത്തനാനുമതി ആയതോടെ ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസും ഏറെ വൈകാതെ ലഭ്യമാവുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
” കെ ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ലഭിച്ചതോടെ രാജ്യത്തിനാകെ മാതൃകയാകുന്ന മറ്റൊരു പദ്ധതി കൂടി കേരളം ഇന്ത്യക്ക് മുന്നിൽ സമർപ്പിക്കാൻ പോവുകയാണ്. പ്രവർത്തനാനുമതി ആയതോടെ പദ്ധതിക്കുള്ള ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസും ഏറെ വൈകാതെ ലഭ്യമാവും. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണ്.

എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ലഭ്യമാക്കുന്ന പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. കേരളമാണ് ബദൽ എന്ന പ്രഖ്യാപനം ഒരിക്കൽ കൂടി ഇന്ത്യയിലാകെ മുഴങ്ങുമ്പോൾ ഇൻ്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഈ നാട് രണ്ടാം പിണറായി സർക്കാരിന് കീഴിൽ ഇനിയുമേറെ ദൂരം പോകുമെന്ന ഉറപ്പ് കൂടി നൽകുകയാണ്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രെജിസ്ട്രേഷൻ ലഭിച്ചതോടെ കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും”. – മന്ത്രി പി. രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കണ്ണൂരും കാസറഗോഡും വെള്ളിയാഴ്ചയും വിദ്യാലയങ്ങൾക്ക് അവധി, മഴ മുന്നറിയിപ്പ് തുടരുന്നു

0

 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടി കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണം.

കാസറഗോഡും കണ്ണൂരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസറഗോഡ്, കണ്ണൂര്‍ ജില്ലയിലെ അംഗണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

വരുന്ന നാലു ദിവസം കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് കാസറഗോഡ് ജില്ലയ്ക്ക് ശക്തമായ മഴയ്ക്കുള്ള യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കാസര്‍ഗോഡ് കളക്ടര്‍ അറിയിച്ചു.

വടക്കന്‍ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസര്‍ഗോഡ്), കരവന്നൂര്‍ (തൃശൂര്‍), ഗായത്രി (തൃശൂര്‍), തെക്കന്‍ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാര്‍ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചില്‍ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പുണ്ട്.

സംസ്ഥാന വൈദ്യതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ പരിസരങ്ങളില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് പരിസരത്ത് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

കോഴിക്കോട് കുറ്റ്യാടി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്.

കക്കയം ഡാം ഷട്ടറുകള്‍ തുറന്നു

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമും തുറന്നിട്ടുണ്ട്. ഡാമിലെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്ലസ് വൺ അപേക്ഷ 11 മുതൽ; അറിയേണ്ട കാര്യങ്ങൾ, മാറ്റങ്ങൾ

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതു സംബന്ധിച്ച 2022 ലെ ഔദ്യോഗിക പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി

അപേക്ഷ സമർപ്പണം

2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷഓൺലൈനായി സമർപ്പിക്കണം

അപേക്ഷാ സമർപ്പണം എളുപ്പമാണ്. ഓൺലൈനായി സ്വന്തമായി തന്നെ സമർപ്പിക്കാം. സ്വന്തമായി സമർപ്പിക്കുന്നവർ ആദ്യം ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കണം. ഓരോ സ്റ്റെപ്പും അറിഞ്ഞു വെച്ച ശേഷം അപേക്ഷാ സമർപ്പണത്തിലേക്ക് കടക്കുക

ഏതെല്ലാം തരത്തിൽ സമർപ്പിക്കാം

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ


ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത് 11

· മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

സപ്ലിമെൻ്ററി അലോട്മെൻ്റ്

മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും എന്നാണ് സർക്കാർ അറിയിപ്പ്.

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും.
ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം.
ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

ഈ വർഷത്തെ മാറ്റങ്ങൾ അറിഞ്ഞിരിക്കുക


അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നതായി ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

  1. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.
  2. ഓരോ വിദ്യാർത്ഥിയുടേയും W G P A
    (Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്.
    W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്.
    W G P A ഏഴ് ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.
  3. ടൈ ബ്രേക്കിങിന് – എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി
    എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ),
    യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
  4. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
  5. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.
  6. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.
  7. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
    ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
  8. കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
  9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
  10. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്.

വൊക്കേഷണൽ ഹയർ സെക്കന്ററി

പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.
ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്.
ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് )
പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ്
വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക.
ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ മൂന്ന്എ ൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി
വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.
അവ ഇനി പറയുന്നവയാണ്

  1. ലാബ് ടെക്‌നീഷ്യൻ – റിസർച്ച് & ക്വാളിറ്റി
    കണ്ട്രോൾ
  2. ഹാന്റ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ
  3. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ്
    എന്നിവയാണവ.

    ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി
    ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
    https://hscap.kerala.gov.in/

    ഈ സൈറ്റിൽ കയറി സ്കൂൾ ലിസ്റ്റ് പരിശോധിക്കുക
    ഓരോ സ്കൂളിലും ലഭ്യമായ കോഴ്സുകൾ മനസിലാക്കി വെക്കുക
    സാധ്യയ്ക്ക് അനുസരിച്ച് ഓപ്ഷൻ ക്രമീകരിക്കുക

പ്ലസ് വൺ പ്രവേശനത്തിന് മുൻപ് വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുകളിലെ വാർത്തയുടെ ലിങ്കിൽ സാധ്യകൾ വിലയിരുത്തുന്നത് മനസിലാക്കാം

ലോകത്ത് എണ്ണവില കുത്തനെ ഇടിയുന്നു

തുടർച്ചയായി മൂന്നാം ദിവസവും വില കൂപ്പുകുത്തിയതോടെ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് താഴെയെത്തി. ആഗോളതലത്തില്‍ മാന്ദ്യ ഭീഷണി തുടരുകയാണ്. ഇതുമൂലം ഉപഭോഗം കുറഞ്ഞേക്കാമെന്ന ആശങ്കയാണ് ക്രൂഡ് വിലയെ ബാധിച്ചത്.

ബ്രന്റ് ക്രൂഡ് വില ബാരലിന് 99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വിലയാകട്ടെ 97 ഡോളര്‍ നിലവാരത്തിലുമെത്തി. ഏപ്രിലിനുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളറിന് താഴെയെത്തുന്നത്.

വരുംദിവസങ്ങളില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കയെ മാന്ദ്യം പിടികൂടിയാല്‍ ക്രൂഡ് ഓയില്‍ വില 75 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്‌ന്നേക്കാമെന്നാണ് സിറ്റി ഗ്രൂപ്പ് പറയുന്നത്.

ക്രൂഡ് ഓയില്‍ ശേഖരത്തില്‍ 38 ലക്ഷം ബാരലിന്റെ വര്‍ധനവുണ്ടായതായി അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടി(എപിഐ)ന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്ദ്യഭീതി ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കകൂടിയായപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലയിടിവ് നേരിട്ടു.

റഷ്യ-യുക്രൈന്‍ യുദ്ധത്തെതുടര്‍ന്ന് ഈ വര്‍ഷം ആദ്യം എണ്ണവില ബാരലിന് 139 ഡോളറിലെത്തിയിരുന്നു. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നതോടെ വിലയില്‍ ചാഞ്ചാട്ടം പ്രകടമായി. 100 ഡോളര്‍ നിലവാരത്തിലെത്തിയെങ്കിലും പിന്നീട് 125 ഡോളറിലേയ്ക്ക് തിരിച്ചുകയറുകയുംചെയ്തിരുന്നു.

എന്നാൽ ഇന്ത്യയിൽ എണ്ണ വിലയിൽ ഈ കുറവ് ഒന്നും പ്രതിഫലിച്ചില്ല.

ഒമിക്രോണിന് രാജ്യത്ത് പുതിയ വക ഭേദം

ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.

ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയിലാണ് തിരിച്ചറിഞ്ഞത്. ഇതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് ആദാനോം ഗെബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്നു ഡയറക്ടര്‍ പറഞ്ഞു.

ഇതിനെ കുറിച്ച് പഠിക്കാന്‍ വളരെ കുറച്ച സ്വീകന്‍സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. മനുഷ്യനില്‍ എന്ത് മാറ്റമാണ് ഇതുണ്ടാക്കുകയെന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ഇത് പ്രതിരോധ മരുന്നുകളാല്‍ തടയാവുന്നതാണോ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണോയെന്ന കാര്യം വ്യക്തമായിട്ടില്ല.

ഡബ്ലു.എച്ച്.ഒ വിദഗ്ദ്ധര്‍ പുതിയ വകഭേദത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.

നഗ്നതാ പ്രദർശനം, നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിൽ

നടന്‍ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിലാണ് പോലീസ് നടപടി. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്.

കേസിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേസില്‍ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമാണ് നടന്‍ പറഞ്ഞിരുന്നത്.

സമാനമായ കേസില്‍ പക്ഷേ കൃത്യമായി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നതിലേക്ക് കടന്നതും.

പാര്‍ക്കിന് സമീപത്ത് വച്ച് 14 ഉം ഒൻപതും വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പത്രി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി.

കാറിനെ കുറിച്ച് ലഭിച്ച വിവരങ്ങളാണ് നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് കാറ് കണ്ടെത്താനായത്. പിന്നീട് കുട്ടികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

ആക്രി കച്ചവടത്തിനിടെ വാങ്ങിയ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു; പിതാവും മകനും മരിച്ചു

മട്ടന്നൂരിൽ ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം കഴിച്ചിരുന്ന കുടുംബത്തിലെ പിതാവും മകനും സ്ഫോടനത്തിൽ മരിച്ചു. അസം സ്വദേശികളായ ഫസൽ ഹഖ് മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം വീട്ടിൽ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി. ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.

ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി അയൽക്കാരാണ് ആദ്യം കണ്ടത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (50) ആണ് സ്ഫോടന സ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ സെയ്ദുൽ ഹഖ് 22 ആശുപത്രിയിൽ വച്ചും മരിച്ചു. പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.

പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമൊക്കെ വീടുകളിൽ പോയി ശേഖരിച്ച് കൊണ്ടുവന്ന് കച്ചവടം നടത്തിയാണ് ഇവരുടെ ഉപജീവനം. വ്യത്യസ്ഥ സ്ഥലങ്ങളിൽ പോയാണ് ആക്രി ശേഖരിക്കുന്നത്. ഇന്ന്
സെയ്ദുൽ ഹഖിന് കിട്ടിയ മൂടിയുള്ള സ്റ്റീൽ പാത്രം ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നു. മുറിയിൽ പിതാവ് ഫസൽ ഹഖിനടുത്തിരുന്ന് ഇയാൾ പാത്രത്തിന്റെ മൂടി തുറന്നപ്പോൾ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

ഹജ്ജ് കർമ്മത്തിന് തുടക്കം

ഈ വര്‍ഷത്തെ ഹജ്ജ് കർമ്മത്തിന് ത്വവാഫോടെ തുടക്കം. ലോകത്തിന്റെ വിവി കോണുകളില്‍നിന്നുള്ള വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും ത്വവാഫുല്‍ ഖുദൂം (ആഗമന ത്വവാഫ്) ചെയ്യാനെത്തി.

ബുധൻ വ്യാഴം ദിവസങ്ങളിലായാണ് ഇത്തവണ വിശ്വാസികള്‍ ത്വവാഫുല്‍ ഖുദൂം നിര്‍വഹിക്കുക. ത്വവാഫുല്‍ ഖുദൂം പൂര്‍ത്തിയാകുന്നതോടെ ഹജ്ജാജികൾ മിനയിലേക്കു നീങ്ങും. അഞ്ചു കിലോമീറ്റര്‍ അകലെയാണ് ടെന്റുകളുടെ നഗരമെന്ന് അറിയപ്പെടുന്ന മിന സ്ഥിതി ചെയ്യുന്നത്.

ദുല്‍ഹജ് എട്ട് ആയ ‘യൗമുത്തര്‍വിയ’ ദിനത്തിലാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുക. വ്യാഴാഴ്ചയാണ് ദുല്‍ഹിജ്ജ് എട്ട്. രാവിലെ മുതല്‍ വെള്ളിയാഴ്ചത്തെ സുബഹി നിസ്‌കാരം വരെ പ്രാർഥനയുമായി വിശ്വാസികള്‍ മിനായില്‍ കഴിച്ചുകൂട്ടും. തുടർന്ന് ഹാജിമാര്‍ അറഫ ലക്ഷ്യമാക്കി നീങ്ങും. വെള്ളിയാഴ്ചയാണ് ഹജ്ജിലെ പ്രധാന കര്‍മമായ അറഫാ സംഗമം.

കോവിഡിന്റെ പിടിയിലായ രണ്ടു വര്‍ഷത്തിനുശേഷമുള്ള ആദ്യ വലിയ ഹജ്ജ് സീസണാണിത്. ഇത്തവണ പത്ത് ലക്ഷം പേരാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. ഇവരില്‍ എട്ടരലക്ഷം പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും ശേഷിക്കുന്നവര്‍ സ്വദേശികളുമാണ്.

രണ്ടു വർഷത്തിന് ശേഷം എല്ലാ രാജ്യങ്ങലിൽ നിന്നും ഹാജ്ജാജിമാർ

കോവിഡിനു മുന്‍പ് 2019ലാണ് ഇതിനു മുന്‍പ് കൂടുതല്‍ പേര്‍ ഹജ്ജ് നിര്‍വഹിച്ചത്. ആ വര്‍ഷം 25 ലക്ഷം പേരാണ് ഹജ്ജിനെത്തിയത്. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം സൗദിയില്‍നിന്നുള്ളവര്‍ക്കു മാത്രമായിരുന്നു ഹജ്ജിനുള്ള അനുമതി. 2020ല്‍ ആയിരത്തോളം പേര്‍ക്കു മാത്രമായിരുന്നു അവസരം. 2021ല്‍ 60,000 പേര്‍ക്ക് അവസരം ലഭിച്ചു.

കോവിഡ് പ്രതിരോധ വാക്സിന്‍ പൂര്‍ണമായി എടുത്ത 65 വയസിനു താഴെയുള്ളവര്‍ക്കാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. കോവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ ഹാജിമാര്‍ സൗദിയിലെത്തിയത്.

ഇന്ത്യയില്‍ നിന്ന് 79,468 തീർത്ഥാടകരാണ് എത്തിയിരിക്കുന്നത്. ഇവരില്‍ 5,765 പേര്‍ കേരളത്തില്‍ നിന്നാണ്. ഇന്ത്യൻ ഹാജിമാർക്കുള്ള വിശദമായ ക്യാമ്പ് റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്റിലായിരുന്ന 29 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കല്‍പ്പറ്റ സിജിഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഐഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത്. എസ്എഫ്‌ഐ ആക്രമണത്തെ തള്ളി സിപിഐഎം നേരത്തെ രംഗത്തുവന്നിരുന്നു. എം പി ഓഫിസ് ആക്രമണത്തിന് പിന്നാലെ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

കല്‍പറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐ കുട്ടികളോട് ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചതെന്നും രാഹുല്‍ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു. തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ല അദ്ദേഹം വ്യക്തമാക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ജയിൽ മോചിതർക്ക് സ്വീകരണവും

റിമാന്ഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിന് പുറത്ത് പ്രതികൾക്ക് ഗംഭീര വരവേൽപ്പ്. എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരാണ് ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികൾക്ക് സ്വീകരണം നൽകിയത് . മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകൾ കൊണ്ടുള്ള മാല കഴുത്തിൽ അണിയിച്ചുമാണ് ഇവരെ വരവേറ്റത്.

കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്.

പി ടി ഉഷയും ധർമ്മസ്ഥലക്ഷേത്ര കാര്യക്കാരനും രാജ്യസഭയിലേക്ക്

അത്ലറ്റ് പി.ടി.ഉഷയും സംഗീതസംവിധായകന്‍ ഇളയരാജയും ധർമ്മ സ്ഥല ക്ഷേത്രത്തിൻ്റെ കാര്യക്കാരനും രാജ്യസഭാ എം പിമാരാവും. ഇവരുടെ പേരുകൾ നാമനിർദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവര്‍ക്ക് അഭിനന്ദനം അറിയിച്ചു.

പി.ഉഷയ്ക്കും സംഗീതസംവിധായകനായ ഇളയരാജയ്ക്കും പുറമേ തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്ര കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവര്‍ക്കും നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. രാജ്യസഭയില്‍ നിലവിലുള്ള ഒഴിവുകളിലേക്കാണ് ഇവര്‍ക്ക് നാമനിര്‍ദേശം ലഭിച്ചിട്ടുള്ളത്.

ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരിയായിരുന്ന രത്നവർമ്മ ഹെഗ്ഡെയുടെയും രത്നമ്മ ഹെഗ്ഡെയുടെയും മകനാണ് മത നേതാവായി അറിയപ്പെടുന്ന വീരേന്ദ്ര ഹെഗ്‌ഡെ 

ബണ്ട് സമുദായത്തിലെ ജൈന വിഭാഗത്തിൽപ്പെട്ടയാളാണ് ഇദ്ദേഹം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ സജീവമാണ്.  മഞ്ജുവാണി കലാ സാംസ്കാരിക മാസിക പുറത്തിറക്കുന്നു. പ്രകൃതി ചികിത്സ, യോഗം പ്രചാരകനായും അറിയപ്പെടുന്നു.